A Unique Multilingual Media Platform

The AIDEM

Articles Culture Society

എം ടി സാമൂഹിക മാറ്റത്തെ മതേതരമായി വ്യാഖ്യാനിച്ച കലാകാരൻ: പിണറായി

  • May 17, 2023
  • 1 min read
എം ടി സാമൂഹിക മാറ്റത്തെ മതേതരമായി വ്യാഖ്യാനിച്ച കലാകാരൻ: പിണറായി

എം ടി വാസുദേവൻ നായരുടെ നവതി ആഘോഷങ്ങൾ കഴിഞ്ഞദിവസം തിരൂർ തുഞ്ചൻ പറമ്പിൽ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. എം ടിയുടെ സാഹിത്യത്തിന്റെ ആന്തരികാർത്ഥങ്ങളെയും സാമൂഹികവും ചരിത്രപരവുമായ പ്രസക്തിയേയും ഒരു സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിലയിരുത്തുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഈ പ്രസംഗത്തിൽ അദ്ദേഹം അവതരിപ്പിച്ച ആശയങ്ങൾ വർത്തമാനകാലത്ത് ഏറെ പ്രസക്തമായതിനാൽ ദി ഐഡം ആ പ്രസംഗത്തിന്റെ പൂർണ്ണരൂപം പ്രസിദ്ധീകരിക്കുന്നു.


രണ്ടു മഹത്തായ സന്ദർഭങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ് ഇവിടെ ഈ സാംസ്കാരികോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഒന്ന്- എം ടിക്ക് തൊണ്ണൂറുവയസ്സാവുന്ന സന്ദർഭം. രണ്ട്- തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ സാരഥ്യം എം ടി ഏറ്റെടുത്തിട്ട് മൂന്നു പതിറ്റാണ്ടാവുന്ന സന്ദർഭം. ഇതു രണ്ടും ലോകത്തെവിടെയുള്ള മലയാളിക്കും ആനന്ദത്തിന്റെ, അഭിമാനത്തിന്റെ സന്ദർഭങ്ങളാണ്. അതുകൊണ്ടുതന്നെ ‘സാദരം എം ടി ഉത്സവം’ എന്ന പേരിൽ ഈ വേള ആഘോഷിക്കാൻ എം ടിയുടെ സുഹൃത്തുകളും ശിഷ്യരും ആരാധകരും ചേർന്നു നിശ്ചയിച്ചത് ഔചിത്യപൂർണമായ കാര്യമായി.

ഏറ്റവും അർത്ഥപൂർണ്ണമായി ജീവിതം മുന്നോട്ടു കൊണ്ടുപോവുന്ന വ്യക്തിയാണ് എം ടി. ആ ജീവിതത്തിലെ ഓരോ നിമിഷവും ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനാകെത്തന്നെയും പ്രയോജനപ്പെടുന്ന വിധത്തിലായി. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന സാഹിത്യം സ്വന്തം രചനകളിലൂടെ വായനാസമൂഹത്തെ അനുഭവിപ്പിക്കുന്ന തരത്തിലായി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും. ആ ജീവിത പ്രക്രിയയുടെ ഒരു സവിശേഷ ഘട്ടത്തിലാണ് എം ടി തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അദ്ധ്യക്ഷ സ്ഥാനമേറ്റെടുക്കുന്നത്. ഭാഷാപിതാവിനു വേണ്ടി, ഭാഷയ്ക്കുവേണ്ടി സമർപ്പിതമായ സേവനമായിരുന്നു ആ സ്ഥാനത്തിരുന്നുകൊണ്ട് ആത്മാർത്ഥമായും അദ്ദേഹം നടത്തിയത്.

എഴുത്തച്ഛൻ പുരസ്കാരത്തിന്റെ ഭാഗമായി കിട്ടിയ വലിയ തുക അപ്പാടെ ഇവിടെ, ഈ തുഞ്ചൻ പറമ്പിനു വേണ്ടി അദ്ദേഹം ചെലവഴിച്ചു. കിട്ടിയ നിരവധിയായ മറ്റു പുരസ്കാരങ്ങളുടെ തുക ഇതിന്റെ വികസനത്തിനായി ഉപയോഗിച്ചതിനു പുറമെ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദേശത്തും പോകുമ്പോൾ തനിക്കു പ്രതിഫലമൊന്നും വേണ്ട, തുഞ്ചന് എന്തെങ്കിലും ദക്ഷിണയായി ട്രസ്റ്റ് അക്കൗണ്ടിലേക്കിട്ടാൽ മതി എന്നു പറയുന്ന സമീപനം കൈക്കൊണ്ടു. പരിചയത്തിൽ വന്ന മിക്കവാറും എല്ലാ പ്രമുഖരെക്കൊണ്ടും ട്രസ്റ്റിനു സംഭാവന ചെയ്യിച്ചു. അതിനെല്ലാമപ്പുറം, സർക്കാരുമായി നിരന്തരം ബന്ധപ്പെട്ട് തുഞ്ചൻ പറമ്പിന്റെ വികസനത്തിനുള്ള പദ്ധതികൾ സമർപ്പിച്ചുകൊണ്ടിരുന്നു. കേരള സർക്കാരാകട്ടെ, ഉദാരമായി അതിനോട് പ്രതികരിക്കുകയും ചെയ്തു. ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു.

ഒരു കാലത്ത് ഒരു മണ്ഡപവും ചെറിയ ഒരു ഓഡിറ്റോറിയവുമായി പരിമിതപ്പെട്ടു നിന്നിരുന്ന ഇവിടം ഇന്ന് ഇക്കാണുന്ന തരത്തിൽ ഗവേഷണ കേന്ദ്രവും, എഴുത്തോല ശേഖരവും, ബാലസമാജവും ഫിലിം ക്ലബ്ബും ഒക്കെ ഉൾക്കൊള്ളുന്ന വലിയ സാംസ്കാരിക സമുച്ചയമായി മാറിയത് എം ടി യുടെ നിരന്തരവും വിശ്രമരഹിതവുമായ പ്രവർത്തനങ്ങളുടെ ഫലമായാണ്. വലിയ ജനകീയ സ്വീകാര്യതയുള്ള സാംസ്കാരിക കേന്ദ്രമായി ഇവിടം മാറി. നൂറു കണക്കിന് കുട്ടികൾ എഴുത്തിനിരിക്കാൻ വന്നിരുന്ന ഇവിടേക്ക് ആയിരക്കണക്കിനു കുട്ടികൾ എത്തുന്ന അവസ്ഥയായി. 

ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂർ തുഞ്ചൻ പറമ്പ് ഇന്ത്യൻ സാഹിത്യഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമാകുന്ന അവസ്ഥയിലേക്കുയർന്നു. നാനാഭാഗങ്ങളിൽ നിന്നുള്ള പ്രതിഭാശാലികളായ എഴുത്തുകാരും കലാകാരന്മാരും ഇവിടേക്ക് എത്തുന്ന സ്ഥിതി വന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള എഴുത്തുകാർക്കു തറവാടാകും വിധം തുഞ്ചൻ പറമ്പിനെ എം ടി ഉയർത്തി. അതിലൂടെ ഉയർന്നത് കേരളത്തിന്റെ സാംസ്കാരികമായ അന്തസ്സുകൂടിയാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹിത്യ – സാംസ്കാരിക വിനിമയ കേന്ദ്രമായി നമ്മുടെ തുഞ്ചൻ പറമ്പ് മാറി. ഒരു കാര്യം എടുത്തു പറയണം. മതനിരപേക്ഷ സ്വഭാവം ശക്തിപ്പെടുത്തി നിലനിർത്തുന്ന ജനകീയ കേന്ദ്രമായാണ് എം ടിയുടെ നേതൃത്വത്തിൽ തുഞ്ചൻ പറമ്പു മാറിയത് എന്നതാണത്. പല എതിർപ്പുകളെയും നേരിട്ടുകൊണ്ടാണ് തുഞ്ചൻ പറമ്പിന്റെ മതനിരപേക്ഷ സ്വഭാവം എം ടി നിലനിർത്തിയത് എന്നുകൂടി പറയണം. ഒറ്റ വാചകത്തിൽ പറഞ്ഞാൽ സാംസ്കാരിക പ്രവർത്തനം എങ്ങനെയാവണമെന്നുള്ള ചോദ്യത്തിനുള്ള മാതൃകാപരമായ ഉത്തരമാണ് തന്റെ പ്രവർത്തനങ്ങളിലൂടെ എം ടി നൽകിയത്.

എം.ടി. വാസുദേവൻ നായർ ദീപം തെളിച്ച് ‘സദാരം എം ടി’ ഉദ്ഘാടനം ചെയ്യുന്നു

മറ്റുള്ളവർക്ക് ഉതകുന്ന വിധത്തിലുള്ള ആ ധന്യജീവിതം ഈ ഘട്ടത്തിൽ നവതിയിലേക്കെത്തുകയാണ്. അതു മലയാളികളുടെയാകെ സന്തോഷവേളയാണ്. തുഞ്ചൻ പറമ്പിന്റെ വികസനത്തിനു കലവറയില്ലാതെ എല്ലാ പിന്തുണയും നൽകാൻ സർക്കാർ സദാ ഒരുക്കമായിരിക്കും എന്നുകൂടി ഈ സന്ദർഭത്തിൽ അറിയിക്കട്ടെ. അനുവദിക്കുന്ന തുകയിൽ ഒരു നയാപൈസപോലും പാഴായിപ്പോവില്ല എന്നും സർക്കാരിൽ നിന്നു കിട്ടുന്നതും മറ്റു സ്രോതസുകളിൽ നിന്നുള്ളതുംകൂടി ഉപയോഗിച്ച് എം ടി പൊലിപ്പിക്കുകയേയുള്ളു എന്നും സർക്കാരിനുറപ്പുണ്ട്.

വർത്തമാനകാല ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും സമുന്നതമായ വ്യക്തിത്വങ്ങളുടെ നിരയിലാണ് എം ടിയുടെ സ്ഥാനം. ലോകസാഹിത്യ മണ്ഡലത്തിന് ഇന്ത്യ നൽകിയ സംഭാവന. ഇങ്ങനെയുള്ള സർഗാത്മകമായ വ്യക്തിപ്രഭാവത്തിനുടമയായ എം ടി കേരളീയനാണെന്നത് മുഴുവൻ കേരളീയർക്കും അഭിമാനകരമായ കാര്യമാണ്. എം ടിയുടെ സാഹിത്യവ്യക്തിത്വത്തിന്റെ ബഹുമുഖങ്ങളായ തലങ്ങളെയാകെ സൂക്ഷ്മവും സമഗ്രവുമായി അടയാളപ്പെടുത്തുകയും ഭാവിതലമുറകൾക്കു കൈമാറുകയും ചെയ്യുന്നു എന്നിടത്താണ് ഈ സമ്മേളനത്തിന്റെ ചരിത്രപരമായ പ്രാധാന്യം.

കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയും തന്റെ എഴുത്തിൽ എം ടി പകർന്നുവെച്ചു. വള്ളുവനാടൻ നാട്ടുജീവിത സംസ്കാരത്തിൽ വേരുറപ്പിച്ചുനിന്ന് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നു. വ്യക്തിമനസ്സു മുതൽ സമൂഹമനസ്സുവരെ എഴുത്തിലൂടെ അടയാളപ്പെടുത്തി.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാസാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന അക്ഷരമഹത്വമാണ് മലയാളിക്ക് എം ടി വാസുദേവൻനായർ. ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, നിന്റെ ഓർമയ്ക്ക്, ബന്ധനം, വാനപ്രസ്ഥം, ഷെർലക്ക് തുടങ്ങി ഇരുപതോളം കഥാസമാഹാരങ്ങളിലൂടെ മലയാള ചെറുകഥയെ ഭാവുകത്വപരമായി ഉയർത്തിയെടുക്കുന്നതിൽ ഈ കഥാകാരൻ വഹിച്ച പങ്ക് മലയാള ചെറുകഥാ സാഹിത്യചരിത്രത്തിൽ നിത്യസ്മരണീയമാണ്. പാതിരാവും പകൽവെളിച്ചവും, നാലുകെട്ട്, മഞ്ഞ്, കാലം, അസുരവിത്ത്, വിലാപയാത്ര, രണ്ടാമൂഴം, വാരാണസി എന്നീ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്കൃതമാവുകയും ചെയ്ത നിരവധി തിരക്കഥകളും ചലച്ചിത്രാവിഷ്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയ്ക്കു ദൃഷ്ടാന്തമാണ്.

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനം എക്കാലത്തും ഓർമിക്കപ്പെടുന്നതാണ്. സർഗ്ഗാന്വേഷണത്തിന്റെ എല്ലാ മേഖലകളിലും നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ എഴുത്തുകാരനെ തേടിയെത്തി. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തി.

സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ പാകത്തിലുള്ള സാഹിത്യലോകമാണ് എം ടിയുടേത്. ഏഴ് പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന സർഗ്ഗസപര്യയിലൂടെ എം ടി മലയാളത്തിന്റെ മനസ്സിനെ അതുവരെ അറിയാത്ത അനുഭൂതിമേഖലകളിലേക്കും അനുഭവമണ്ഡലങ്ങളിലേക്കും ഉയർത്തി എന്നതാണു സത്യം.

നാനാതലങ്ങളിലായുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ നമ്മുടെ സാംസ്കാരിക ഈടുവെയ്പ്പിന്റെ ഭാഗമാണ്. അതിനെ ആഴത്തിൽ അപഗ്രഥിക്കാൻ ആളല്ല ഞാൻ. ഞാൻ ചെയ്യുന്നത്, അദ്ദേഹത്തിന്റെ സാഹിത്യം നമ്മുടെ സാമൂഹ്യചരിത്രത്തിൽ വഹിച്ച് പങ്ക് എന്ത് എന്നത് ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ, രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ, ഒന്നു ചൂണ്ടിക്കാട്ടാൻ ശ്രമിക്കുക മാത്രമാണ്.

ആ നിലയ്ക്കുള്ള പരിശോധനയിൽ രണ്ടു കാര്യങ്ങളാണ് എന്റെ മനസ്സിൽ ഉയർന്നുവരുന്നത്. കേരളീയ സമൂഹത്തിൽ, തന്റെ കാലത്തുണ്ടായ പരിണാമങ്ങളെ കാവ്യാത്മകമായ ഭാഷയിൽ കഥകളിലും നോവലുകളിലും പകർന്നുവെച്ചു അദ്ദേഹം എന്നതാണ് ഒന്ന്. മറ്റൊരു രൂപത്തിൽ പറഞ്ഞാൽ, കാലത്തിൽ നിന്നു മുഖം തിരിച്ചു നിൽക്കുകയായിരുന്നില്ല, മറിച്ച് കാലത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും സാഹിത്യസൃഷ്ടികളിൽ വൈകാരിക തീക്ഷ്ണതയോടെ, അനുഭൂതിജനകമാം വിധം പകർന്നു വെയ്ക്കുകയുമായിരുന്നു എം ടി.

ശ്രദ്ധേയമായി എനിക്കു തോന്നുന്ന മറ്റൊരു കാര്യം, മലയാള സാഹിത്യചരിത്രത്തിലെ മതനിരപേക്ഷ പാരമ്പര്യത്തിന്റെ മഹത്തായ സമകാലിക തേജസ്സുകളിലൊന്നാണ് എം ടി എന്നതാണ്. കേരളീയ സമൂഹത്തിലെ ഗംഭീരമായ പരിവർത്തനങ്ങളുടെ ഘട്ടമായിരുന്നിട്ടുണ്ട് എം ടിയുടെ യൗവ്വനകാലം. അതിൽ ഏറ്റവും പ്രധാനം ഫ്യൂഡലിസത്തിന്റെ തകർച്ച തന്നെ. നാട്ടിലുണ്ടായ അത്തരം മഹാപരിവർത്തനങ്ങളെ നാടിന്റെയും കുടുംബത്തിന്റെയും പശ്ചാത്തലത്തിൽ പ്രതീകങ്ങളെ മുൻനിർത്തി അവതരിപ്പിച്ചു എം ടി. ‘നാലുകെട്ട്’ തന്നെ അതിന്റെ ഒന്നാംതരം ഉദാഹരണം. കാലത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി എം ടിക്കു സാഹിത്യം എന്നു ചുരുക്കം.

അദ്ദേഹത്തിന് എന്നും മതനിരപേക്ഷമായ ഒരു മനസ്സുണ്ടായിരുന്നിട്ടുണ്ട്. അത് ‘അസുരവിത്തി’ലും ‘നിർമാല്യ’ത്തിലുമൊക്കെ നമ്മൾ കണ്ടു. ‘അസുരവിത്ത്’ സ്ഫോടനാത്മകമായ ഒരു പ്രമേയത്തെയാണു കൈകാര്യം ചെയ്യുന്നത് എന്നു നിങ്ങൾക്കറിയാം. മതംമാറ്റം അടക്കമുള്ള കാര്യങ്ങൾ വിഷയമായി വരുന്നുണ്ട് അതിൽ. പ്രമാണിമാർ വർഗീയ താൽപര്യങ്ങൾ മുൻനിർത്തി നിരപരാധികളെ തങ്ങളുടെ ചതുരംഗപ്പലകയിലെ കരുക്കളാക്കി മാറ്റുന്നതിനെക്കുറിച്ചു വിവരിക്കുന്നതും അതിനെതിരായ സന്ദേശം പടർത്തുന്നതുമാണ് ‘അസുരവിത്ത്’.

ജനമനസ്സുകളെ യോജിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയാണ് സാഹിത്യം. ആ സാഹിത്യത്തെ ജനമനസ്സുകളെ ഛിദ്രമാക്കാനുള്ള ഉപകരണമാക്കി മാറ്റുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ പുതിയ കാലത്ത് ‘അസുരവിത്ത്’ പോലുള്ള കൃതികൾ ആവർത്തിച്ചു വായിക്കപ്പെടേണ്ടതുണ്ട്. മനസ്സിലാക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സാഹിത്യത്തിലെ സെക്കുലർ പാരമ്പര്യത്തിന്റെ മഹത്തായ ഉപലബ്ധിയാണ് ആ കൃതി എന്നതു തിരിച്ചറിയപ്പെടേണ്ടതുമുണ്ട്.

നാടുവാഴിത്ത വ്യവസ്ഥ അവസാനിപ്പിച്ച് ആധുനിക ജനാധിപത്യ സമ്പ്രദായത്തിലേക്കു സമൂഹം മാറിയപ്പോൾ സമൂഹജീവിതത്തിലും വ്യക്തിമനസ്സിലും അതുണ്ടാക്കിയ മാറ്റങ്ങൾ സൗന്ദര്യാത്മകമായി തന്റെ രചനകളിലൂടെ എം ടി ആവിഷ്കരിച്ചു. ‘ഈ നാലുകെട്ട് പൊളിച്ച് കാറ്റും വെളിച്ചവും കയറുന്ന ഒരു ചെറിയ വീട് പണിയണം’ എന്ന് നാലുകെട്ടിലെ അപ്പുണ്ണി പറയുന്നതിനർത്ഥം നാടുവാഴിത്തവും അതിന്റെ കുടുംബഘടനയായ മരുമക്കത്തായവും മാറണം എന്നതുതന്നെയാണ്. ഇങ്ങനെയൊരു ചിന്ത എം ടിയെ പോലുള്ളവരുടെ മനസ്സിൽ ഉണ്ടാക്കിയതിനു പിന്നിൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് ആശയങ്ങളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനമുണ്ടാവാം.

കേരളത്തിന്റെ ഇന്നലെകളെക്കുറിച്ച് വർഗീയവാദികളും ഫാസിസ്റ്റുകളും നിരന്തരമായി നുണ പ്രചരിപ്പിക്കുന്ന കാലമാണിത്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ പണ്ടുമുതലേ ശത്രുതയിലായിരുന്നുവെന്നും ഇനിയും അങ്ങനെ തുടരണമെന്നുമാണ് അവർ പ്രചരിപ്പിക്കുന്നത്. അപരമതക്കാരും ജാതിക്കാരുമൊക്കെ ശത്രുക്കളാണെന്നും അവരെ ഇല്ലായ്മ ചെയ്തോ നാടുകടത്തിയോ സ്വർഗം പണിയാമെന്നും അവർ സ്വപ്നം കാണുന്നു. സത്യത്തിൽ ഇതല്ല കേരളത്തിന്റെ യാഥാർത്ഥ്യമെന്നതിന്റെ മികച്ച തെളിവാണ് എം ടി സൃഷ്ടിച്ച കഥാപാത്രങ്ങൾ. ഇതര മതക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതിയിരുന്നവരാണ് മലയാളികൾ. പരസ്പരം സ്നേഹിച്ചും സഹകരിച്ചുമാണ് അവർ ജീവിച്ചത്. എം ടി 1953 ൽ എഴുതിയ “പാതിരാവും പകൽവെളിച്ചവും’ എന്ന നോവലിൽ ഫാത്തിമയും ഗോപിയും തമ്മിലുള്ള ബന്ധം ഓർമ്മിക്കുക. വ്യത്യസ്ത മതക്കാർ വരെ കൂടിച്ചേർന്ന ഒരു കുടുംബസങ്കൽപമാണ് എം ടിയുടേത്.

‘നാലുകെട്ടി’ലും ‘അസുരവിത്തി’ലും ഹിന്ദു-മുസ്ലീം മൈത്രി പ്രധാന വിഷയമാണെന്ന് നമുക്കറിയാം. തന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരനാണെന്ന് വിശ്വസിക്കുന്ന സെയ്ദാലിക്കുട്ടിയെ ഒടുവിൽ അച്ഛന്റെ സ്ഥാനത്തുതന്നെ കാണാൻ അപ്പുണ്ണിക്ക് സാധിക്കുന്നു. അപ്പുണ്ണിക്ക് ജോലി കൊടുത്ത് സ്വന്തം പിതാവിനെപ്പോലെ സംരക്ഷിക്കുന്നത് സെയ്ദാലിയാണല്ലോ. ‘അസുരവിത്തി’ലെ ഗോവിന്ദൻകുട്ടിക്ക് കുഞ്ഞരയ്ക്കാർ പിതൃസ്ഥാനീയനാണ്. പട്ടിണി തിന്ന് വളർന്ന ഗോവിന്ദൻകുട്ടിക്ക് തണലായി മാറുന്നത് കുഞ്ഞരയ്ക്കാരുടെ കുടുംബമാണല്ലോ. ഗോവിന്ദൻ കുട്ടി മതംമാറി വരുമ്പോൾ പിതൃതുല്യനായ കുഞ്ഞരയ്ക്കാർ മുഖം തിരിക്കുന്ന ആ സന്ദർഭം വായനക്കാരന്റെ മനസ്സിൽ നിന്നു മായുന്നതല്ല.

ജീവിതത്തിൽ ഒരു തവണ മാത്രമേ ഗോവിന്ദൻകുട്ടി ചിരിച്ചിട്ടുള്ളു. അത് കുഞ്ഞരയ്ക്കാരുടെ വീട്ടിൽനിന്നാണ് എന്ന് നോവലിൽ പറയുന്നു. ഗോവിന്ദൻകുട്ടിയുടെ അമ്മയാണെങ്കിൽ സ്വന്തം ജാതിയിലെ വിലക്കുകളെല്ലാം മറികടന്നാണ് മരയ്ക്കാർ കുടുംബത്തിന് സഹായങ്ങൾ നൽകുന്നത്. മതങ്ങളുടെ അതിർവരമ്പുകൾ മറികടന്നുകൊണ്ടുള്ള മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും പ്രകടനങ്ങളാണ് ഇവയൊക്കെ.

അസുരവിത്തിലെ കിഴക്കുമ്മുറി കേരളത്തിന്റെ തന്നെ പ്രതീകമാണെന്നു പറയാം. ആളുകൾ സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ജീവിച്ചുവന്ന അവിടെ വർഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് ശേഖരൻനായരെയും കുഞ്ഞഹമ്മദ് മുതലാളിയെയും പോലുള്ള പ്രമാണികളാണ്. മതത്തിന്റെയോ ജാതിയുടെയോ പേരിൽ കലഹിച്ചിട്ട് സാധാരണക്കാരന് ഒരു ഗുണവുമില്ല. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ കാത്തുനിൽക്കുന്ന ചില പണക്കാരും പ്രമാണികളുമാണ് ആളുകളെ തമ്മിലടിപ്പിക്കുന്നത്. കുഞ്ഞരയ്ക്കാരെപ്പോലുള്ള യഥാർത്ഥ മതവിശ്വാസികളുടെ നിലപാടുകളാണ് നാടിനെ വർഗീയകലാപത്തിൽനിന്ന് രക്ഷിക്കുന്നത്. നാട്ടിലെമ്പാടും കലാപങ്ങൾ സൃഷ്ടിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന വർഗീയവാദികളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ കുഞ്ഞരയ്ക്കാന്മാർ ധാരാളം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് അന്നേ എം ടി പറഞ്ഞുവെച്ചിരിക്കുന്നു.

എം ടി ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആശയങ്ങൾക്കുനേരെ കടുത്ത വെല്ലുവിളികൾ ഉയരുന്ന കാലമാണിത്. എഴുത്തുകാർക്ക് നിർഭയം തങ്ങളുടെ ചിന്തകൾ ആവിഷ്കരിക്കാൻ കഴിയാത്ത സാഹചര്യം. സമൂഹത്തിലെ ഒരു ജീർണതയെയും തുറന്നുകാട്ടാനോ വിമർശിക്കാനോ പറ്റാത്തവിധം ഭരണഘടനാവിരുദ്ധ ശക്തികൾ നമ്മുടെ ജനാധിപത്യത്തെ തകർത്തുകൊണ്ടിരിക്കുന്നു. ‘നിർമാല്യ’ത്തിൽ സവിശേഷമായ രീതിയിൽ വെളിച്ചപ്പാടിനെ എം ടി ചിത്രീകരിച്ചപ്പോൾ അന്നത്തെ സമൂഹം സഹിഷ്ണുതയോടെ അത് ആസ്വദിച്ചു. അതിലൂടെ ഉദ്ദേശിക്കുന്ന മാനുഷിക ദൈന്യം തിരിച്ചറിഞ്ഞു.

ഇന്നാണ് അങ്ങനെയൊന്ന് ചിത്രീകരിച്ചതെങ്കിൽ എന്താവും സ്ഥിതി എന്ന് ഞാൻ പറയേണ്ടതില്ല. രാഷ്ട്രീയത്തിലെ മാറ്റം സമൂഹത്തിലെ മാറ്റമായി മാറുന്നതിന്റെ ദൃഷ്ടാന്തമുണ്ട് ഇതിൽ. അധികാരഘടന എത്രമാത്രം ഫാസിസ്റ്റുവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഇതുപോലുള്ള മാറ്റങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇൗ മാറ്റത്തിന്റെ തിക്താനുഭവം ഒരിക്കൽ എം ടിക്കും ഉണ്ടായിട്ടുണ്ട്. അതിലേക്ക് ഇപ്പോൾ ഞാൻ കടക്കുന്നില്ല.

ജ്ഞാനപീഠ ജേതാവായ മഹാപ്രതിഭയ്ക്കുപോലും സ്വതന്ത്രമായി അഭിപ്രായം പറയാനാവില്ലെന്നു വന്നാൽ എന്തു ജനാധിപത്യമാണുണ്ടാവുക? ഇനിയുള്ള കാലത്ത് എഴുതാനും പാടാനും പറയാനുമൊക്കെ വർഗീയവാദികളുടെയും ഫാസിസ്റ്റുകളുടെയും സമ്മതപത്രം വേണമെന്നു വന്നാൽ എന്തു സാംസ്കാരികതയാണ് ഇവിടെ പുലരുക? സാംസ്കാരികതയ്ക്കെതിരെ ഉയരുന്ന ഇത്തരം ഭീഷണികൾക്കെതിരെ ജാഗ്രത പാലിക്കാൻ സാംസ്കാരിക പ്രവർത്തകർക്ക് കഴിയേണ്ടതുണ്ടെന്നു മാത്രം പറയട്ടെ. ജനങ്ങളുടെ മനസ്സിനെ രൂപപ്പെടുത്തുന്നത് വിവിധങ്ങളായ സാംസ്കാരിക രൂപങ്ങളാണ്. അവ ജനങ്ങളുടെ ഒരുമയ്ക്കു വിരുദ്ധമായി ഉപയോഗിക്കപ്പെടാതെ നോക്കാൻ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധവെക്കണം. ആ ശ്രദ്ധ ഉയർന്ന തോതിൽ എന്നും പ്രകടിപ്പിച്ച വ്യക്തിയാണ് എം ടി.

ആ നിലയ്ക്ക് വലിയ ഒരു സാംസ്കാരിക മാതൃകയാണ് സ്വന്തം ജീവിതംകൊണ്ട് എം ടി നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ളത്. അതിൽനിന്നു പ്രചോദനമുൾക്കൊണ്ട് മുമ്പോട്ടുപോകാൻ കഴിയണം. അതിനുവേണ്ട ഊർജ്ജം പകരാൻ സഹായകമാകണം എം ടിയുടെ സംഭാവനകളെ വിലയിരുത്തുന്നതിനുള്ള ചർച്ചകൾ. ആ നിലയ്ക്ക് എം ടി ഉത്സവം ശ്രദ്ധേയവും അർത്ഥപൂർണ്ണവുമാകട്ടെ എന്ന് ആശംസിക്കുന്നു.

About Author

ദി ഐഡം ബ്യൂറോ

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
11 months ago

മുഖ്യമന്ത്രിയുടെ ഈ പ്രസംഗം നേരിട്ട് കേട്ട ഒരാളാണ് ഞാൻ. സന്തോഷം, അഭിവാദ്യങ്ങൾ…