A Unique Multilingual Media Platform

The AIDEM

Articles Politics Society

കസബ് എന്ന വിളിയെ എതിർക്കാതിരുന്നവരുടെ നിശ്ശബ്ദത

  • December 1, 2022
  • 1 min read
കസബ് എന്ന വിളിയെ എതിർക്കാതിരുന്നവരുടെ നിശ്ശബ്ദത
കഴിഞ്ഞയാഴ്‌ച്ച പ്രശസ്ത സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ ഒരു മുസ്ലിം വിദ്യാർത്ഥി, തന്നെ ക്ലാസ്സിലെ  എല്ലാവരുടെയും മുന്നിൽ വച്ച് ‘കസബ്’ എന്ന് വിളിച്ച അധ്യാപകനോട് പ്രതികരിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നിരുന്നു. ഒരു തീവ്രവാദിയുടെ പേര് തന്നെ വിളിക്കുന്നത് തെറ്റാണെന്നും, നിങ്ങൾ ഒരു അധ്യാപകനല്ലേ എന്നും ആ ധീരനായ യുവാവ് ചോദിക്കുന്നുണ്ട്. താങ്കളുടെ മകനെ ഇങ്ങനെ വിളിക്കുമോ എന്നും അവൻ കുട്ടികൾക്ക് വഴി കാട്ടേണ്ട ആ മനുഷ്യനോട് ചോദിക്കുന്നുണ്ട്.

അവന്റെ ആ ചോദ്യം ലോകം ഏറ്റെടുത്തത്, ആ ക്ലാസ്സിലെ ആരോ അത് വീഡിയോയിൽ പകർത്തിയത് കൊണ്ടാണ്. അത് കൊണ്ട് മാത്രമാണ് യൂണിവേഴ്‌സിറ്റി അധികൃതർ ആ അധ്യാപകന് എതിരെ നടപടിയെടുത്തതും. ഈ തെളിവ് ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നു ആലോചിച്ചു നോക്കൂ. ആ വിദ്യാർത്ഥി പരാതി കൊടുത്താൽ തന്നെ, അവനെ പിന്തുണക്കാൻ ആരെങ്കിലും മുന്നോട്ടു വരുമായിരുന്നോ എന്ന് സംശയമുണ്ട്. ആ പരാതി ഒന്നു കൊണ്ട് മാത്രം തീവ്രവാദി എന്ന ഇരട്ടപേരാൽ മുദ്ര കുത്തപ്പെട്ട്, അവന്റെ ആ കോളേജിലെ ജീവിതം നരക തുല്യമായി മാറിയേനെ. വേണമെങ്കിൽ നിങ്ങൾ ആ വീഡിയോ ഒന്ന് കൂടി കണ്ടു നോക്കൂ, അവന്റെ ചുറ്റും ആ ക്ലാസ്സിൽ ഇരിക്കുന്ന ഒരാൾ പോലും അവനെ പിന്തുണച്ച്, അധ്യാപകനെതിരെ സംസാരിക്കാൻ മുന്നോട്ട് വന്നില്ല എന്നു മാത്രമല്ല, ആ സംഭാഷണം ചിരിച്ചു കൊണ്ട് കേട്ടിരിക്കുകയാണ് ചെയ്തത്. നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ സ്ഥിതിയുടെ ഒരു പരിച്ഛേദമാണ്‌ ആ ക്ലാസ്സ് മുറിയിൽ നമ്മൾ കണ്ടത്.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് സമരം നയിക്കുന്ന ഒരു വൈദികൻ, കേരള സംസ്ഥാനത്തെ ഒരു മന്ത്രിയെ കയറി തീവ്രവാദി എന്നു വിളിച്ചതും ഇതേ മനസ്ഥിതി കാരണമാണ്. അവിടെയും മന്ത്രിയെ പിന്തുണച്ചു സംസാരിക്കാൻ സ്വന്തം പാർട്ടിക്കാർ മാത്രമേ ഉണ്ടായിരിന്നുള്ളൂ. ഇത്തരം അവസരങ്ങളിൽ രാഷ്ട്രീയഭേദമന്യേ ശബ്ദമുയർത്തേണ്ട ആവശ്യം പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല, പക്ഷെ ആരും മുന്നോട്ട് വന്നില്ല എന്നത് അപലപനീയം തന്നെയാണ്.
പരിഷ്‌കൃത സമൂഹം എന്ന നിലക്ക് ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ നമ്മൾ മടിക്കുന്നത് എന്ത് കൊണ്ടാണ് എന്നത് ചിന്തനീയമാണ്.
ന്യൂനപക്ഷ സമുദായങ്ങളുടെ കാര്യത്തിൽ മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത് എന്നറിഞ്ഞു കൊള്ളുക, സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട, പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്കും ഇത് തന്നെയാണ് അനുഭവം. ഈ രണ്ട് സംഭവങ്ങളിലും, തെളിവ് ഉണ്ടായത് കൊണ്ടു മാത്രമല്ല ഇത് ചെയ്തവർ പിന്നീട് ക്ഷമാപണം നടത്തിയത്. യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ചിടത്തോളം, ഒരു ലോകമറിയുന്ന സ്ഥാപനം എന്ന നിലക്ക്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അവിടേക്ക് വരുന്നതിന് വിഘ്നം ഉണ്ടാകരുതെന്ന പേടി കൊണ്ട് കൂടിയായിരുന്നു. ഇത് ഒരു തദ്ദേശീയ സ്ഥാപനമായിരുന്നു എന്നും, ഉത്തരേന്ത്യയിലായിരുന്നു എന്നും കരുതുക, സ്ഥിതി വേറെയാകുമായിരുന്നു. മന്ത്രി അബ്ദുൽറഹിമാനെ അധിക്ഷേപിച്ച വൈദികനും, ഇത് സമരത്തെ പ്രതികൂലമായി ബാധിക്കും എന്നുള്ളത് കൊണ്ട് മാത്രമാണ് വാക്കുകൾ പിൻവലിക്കാൻ തയ്യാറായത്.
ഇത്തരം പ്രകോപനം നിറഞ്ഞ വാക്കുകൾ പൊതുയിടങ്ങളിൽ നിന്നു മാറ്റി നിറുത്തിയാൽ മാത്രമേ, സ്വകാര്യ സംഭാഷണങ്ങളിലും ഈ ചിന്തകൾ ഇല്ലാതാക്കാൻ സാധിക്കൂ.  അങ്ങനെ സംഭവിക്കണമെങ്കിൽ, ഇതിന് ഇരയാകുന്നവരെക്കാൾ, അവർക്കൊപ്പം തോളോട് തോൾ ചേർന്നു നിന്ന്, പുരോഗമന സമൂഹം എന്ന നിലക്ക് മറ്റുള്ളവരാണ് കടമയെന്ന നിലക്ക് ഈ അശ്ലീലത്തെ എതിർക്കേണ്ടത്. അതിന് തയ്യാറാകാത്തിടത്തോളം കാലം ഇത് തുടർന്ന് കൊണ്ടേയിരിക്കും എന്നു മാത്രമല്ല, ഇത്തരം സംഭവങ്ങൾ ദക്ഷിണേന്ത്യയിലും സാമാന്യവൽക്കരിക്കപ്പെടുകയും ചെയ്യും.
2002ൽ ഗുജറാത്തിലെ ന്യൂനപക്ഷ സമുദായത്തിന് നേരെ നടന്ന ആക്രമങ്ങൾ ഇത്തരം നിശബ്ദതയിൽ നിന്ന് തന്നെയാണ് തുടങ്ങിയത്. ഗുജറാത്തിലെ ന്യൂനപക്ഷ കച്ചവട സ്ഥാപനങ്ങളുടെ അഭിവൃദ്ധിയിൽ രോഷം കൊണ്ട്, അവർക്കതിരെ സാമുദായിക ബഹിഷ്കരണമാണ് ആദ്യം ഉയർത്തിയത്. അന്നതിനെ എതിർത്തു സംസാരിക്കാനും, അവർക്കൊപ്പം നിൽക്കാനും സമൂഹ നേതൃത്വവും, രാഷ്ട്രീയ പാർട്ടികളും തയ്യാറാകാത്തതിന്റെ ഫലമാണ് പിന്നീട് നാം കണ്ടത്. ഇന്നും അത്തരം മുദ്രാവാക്യങ്ങൾ  ഉയരുമ്പോൾ അവിടെയുള്ള  ഉത്തരവാദിത്വപ്പെട്ടവരുടെ മൗനം ഭയപ്പെടുത്തുന്നതാണ്.
ഇത് ഗുജറാത്തിൽ മാത്രമായി ഉണ്ടായ ഒറ്റപ്പെട്ട വ്യവസ്ഥിതിയല്ല. ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഇത്തരം ചാപ്പ കുത്തലുകൾ നടത്തി ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളെയും ഒറ്റപ്പെടുത്തിയപ്പോഴും മാധ്യമങ്ങൾ ഉൾപ്പടെ ആരും അതൊരു പ്രശ്നമായി പോലും കണ്ടില്ല. പൊതുയിടങ്ങളിൽ എന്തിന്, സർക്കാർ തലങ്ങളിൽ പോലും ഇത്തരം ആവർത്തനങ്ങൾ ഒരു തെറ്റ് പോലും അല്ലാതായി. ഇതിനൊരു അപവാദമായി നിന്നത് ബീഹാർ മാത്രമാണ്. അവിടത്തെ ജാതി വ്യവസ്ഥിതിയും, ബുദ്ധമതത്തിന്റെ പൂർവ്വകാല സ്വാധീനത്തിന്റെ സാംസ്കാരിക തുടർച്ചകളും, ഇത്തരം അപകടകരമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്നതിൽ നിന്ന് ആ സംസ്ഥാനത്തെ ഒരു പരിധി വരെ തടഞ്ഞു നിറുത്തി.
ഗോവയിൽ നടന്ന 2022 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വച്ചു ഇസ്രായേൽ ചലച്ചിത്ര സംവിധായകനും ജൂറി ചെയർമാനുമായ നദവ് ലപിഡ് ഇവിടെ നടന്ന ‘സിനിമയുടെ മറവിലുള്ള പ്രോപ്പഗാണ്ടയെ’ കുറിച്ചു ഉയർത്തിയ ശബ്ദമുണ്ടല്ലോ, അത് ഈ നാട്ടിലെ സിനിമ പ്രവർത്തകരാണ് ഉയർത്തേണ്ടിയിരുന്നത്. പക്ഷെ അത് സംഭവിക്കുന്നില്ല, കൂടെ ജീവിക്കുന്നവർക്ക് വേണ്ടി ശബ്ദിക്കേണ്ട ഈ സമൂഹം, അപകടകരമായ നിശ്ശബ്ദതയാണ് പാലിക്കുന്നത്.

Subscribe to our channels on YouTube & WhatsApp

 

About Author

ഷബീർ അഹമ്മദ്

സോഷ്യൽ എഞ്ചിനീയറിങ്ങിൽ താല്പര്യം ഉള്ള കൊച്ചി സ്വദേശിയായ എഞ്ചിനീയർ. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉന്നത മാനേജ്‌മന്റ് രംഗത്ത് പ്രവർത്തിച്ച ഷബീറിന്റെ എഴുത്ത് താല്പര്യങ്ങൾ, ഇന്ത്യൻ രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങൾ എന്നിവയാണ്. കായിക രംഗത്തെ കുറിച്ചും ലേഖനങ്ങൾ എഴുതാറുണ്ട്.