A Unique Multilingual Media Platform

The AIDEM

Articles Health Society

ഡോക്ടർമാരുടെ സുരക്ഷ: ഇംഗ്ലണ്ടിൽ നിന്ന് പഠിക്കാനുള്ളത്

  • May 12, 2023
  • 1 min read
ഡോക്ടർമാരുടെ സുരക്ഷ: ഇംഗ്ലണ്ടിൽ നിന്ന് പഠിക്കാനുള്ളത്

“ജോലിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ ഒരു ജീവനക്കാരൻ/ ജീവനക്കാരി ഉപദ്രവിക്കപ്പെടുകയോ, ഭീഷണി നേരിടുകയോ, അക്രമിക്കപ്പെടുകയോ ചെയ്യുന്ന ഒരു സന്ദർഭവും സ്വീകാര്യമല്ല, അത് അനുവദിക്കപ്പെടുകയില്ല” 

യുണൈറ്റഡ് കിങ്‌ഡമിലെ ഓരോ പ്രാദേശിക എൻ.എച്ഛ്.എസ്. (നാഷണൽ ഹെൽത്ത് സർവീസ്) ആശുപത്രിയുടെയും ഓരോ ചുവരിലും എഴുതിവെച്ചിട്ടുണ്ട്, ഈ വാചകങ്ങൾ. അപമാനങ്ങളും അക്രമങ്ങളും സാധാരണ സംഭവം മാത്രമായി കാണുന്ന ഒരു രാജ്യത്തു നിന്നു വന്ന ജൂനിയർ ഡോക്ടർ ആയ എനിക്ക് ഈ വാചകങ്ങൾ ആഹ്ലാദകരമായ അദ്‌ഭുതം പ്രദാനം ചെയ്തു.

എത്രയോ വർഷങ്ങളായി, ഇന്ത്യയിലെ മോശം ആരോഗ്യസേവന രീതികളും, രോഗികളിൽ നിന്നും അവരുടെ കൂട്ടിരിപ്പുകാരിൽ നിന്നുമുള്ള നിരന്തരമായ മോശം പെരുമാറ്റവും, തൊഴിലിലെ അസംബന്ധമെന്നുതന്നെ പറയാവുന്ന ഉച്ചനീചത്വവും, കോർപ്പറേറ്റ് മാനേജ്‌മെന്റുകളുടെ പീഡനവും, എല്ലാമാണ്‌ ഞങ്ങളെയൊക്കെ യു.കെ. യിലേക്ക് കുടിയേറി ജോലി ചെയ്യാൻ പ്രേരിപ്പിച്ച പല ഘടകങ്ങളിൽ ചിലത്.  

ഇവിടെ യു.കെ. യിൽ, ഇന്ത്യയിൽ നമ്മൾ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്നതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് കാര്യങ്ങൾ. എനിക്കത് ഒരു കൾച്ചറൽ ഷോക്ക് തന്നെയായിരുന്നു. 

ജോലിക്കെടുക്കുന്ന സമയത്തു തന്നെ ഓരോ ജീവനക്കാരെയും സുരക്ഷാ സംവിധാനങ്ങളെ പറ്റിയും, നടപടിക്രമങ്ങളെ പറ്റിയും വിശദമായി പഠിപ്പിക്കും. ഓരോ വാർഡിലേക്കും കയറാൻ ഉള്ള വാതിലുകൾ ഉണ്ട്. ജീവനക്കാരുടെ ഐ.ഡി. കാർഡ് ഉപയോഗിച്ചോ, അല്ലെങ്കിൽ ജീവനക്കാരുടെ സാക്ഷ്യപ്പെടുത്തൽ വഴിയോ മാത്രമാണ് പ്രവേശനം. 

ഒരു അടിയന്തര ഘട്ടം വന്നാൽ ഇടപെടാൻ വേണ്ട പരിശീലനം ഉള്ള, അതിനുവേണ്ട ഉപകരണങ്ങൾ കയ്യിലുള്ള, കാഴ്ചയിൽ തന്നെ കാര്യശേഷി ഉള്ളവരാണ് എന്ന് വ്യക്തമാവുന്ന ഗാർഡുകൾ ഓരോ വാർഡിലും ഉണ്ട്. 

അതിലെല്ലാം ഉപരിയായി, കൃത്യമായ ഒരു നടപടിക്രമം (പ്രോട്ടോക്കോൾ- കോഡ് ഗ്രെ) ഉണ്ട്. സർക്കാർ ചെലവിൽ നടക്കുന്ന കൃത്യമായ ഇടവേളകളിൽ ഉള്ള ഓഡിറ്റിങ്ങിനു ശേഷം ഓരോ തവണയും ഈ പ്രോട്ടോക്കോൾ കാലാനുസൃതമായി പുതുക്കിക്കൊണ്ടിരിക്കും. ഏതു ചെറിയ പ്രശനം ഉണ്ടായാലും അത് ഗൗരവത്തിൽ പരിശോധിക്കപ്പെടും. അത്തരം സംഭവങ്ങൾ കൂടി ഉൾക്കൊള്ളുന്ന വിധത്തിൽ വീണ്ടും ഓഡിറ്റിങ് നടത്തി പ്രോട്ടോക്കോൾ പുതുക്കുകയും ചെയ്യും. 

ഏറ്റവും പ്രധാനപ്പെട്ട കാര്യം, പരസ്പര ബഹുമാനം വീട്ടിൽ തുടങ്ങണം എന്ന് നമ്മൾ പറയാറില്ലേ, അത് തന്നെയാണ്. ഏറ്റവും സീനിയർ ആയ ഡോക്ടർമാർ പോലും ഇവിടെ അങ്ങേയറ്റം മാന്യമായും, ബഹുമാനത്തോടെയും ആണ് ജൂനിയർ ഡോക്ടർമാരോട് പെരുമാറുന്നത്. 

എനിക്കുറപ്പാണ്, വാർഡ് റൗണ്ടുകളുടെ സമയത്ത്, ചെറിയൊരു ഈഗോ പ്രകടനത്തിന്റെ ഭാഗമായി, ഒരു വിഡ്ഢിയെപ്പോലെ അവമതിക്കപ്പെടുന്നതിന്റെ കുറച്ച് ഓർമ്മകളെങ്കിലും നമ്മൾ ജൂനിയർ ഡോക്ടർമാർക്ക് ഉണ്ട്.

മൂന്നു വർഷം മുൻപ്, കോഴിക്കോട് ബീച്ച് ആശുപത്രിയിൽ (കോഴിക്കോട് ജനറൽ ആശുപത്രി) വെച്ചാണ് ഞാൻ ആദ്യമായി ഒരു രോഗിയാൽ വല്ലാതെ അപമാനിക്കപ്പെട്ടത്. കാഷ്വാലിറ്റിയിൽ ഭയങ്കര തിരക്കായിരുന്നു. ഒരു മാസമായി തുടരുന്ന ശരീരത്തിലെ ഒരു ചെറിയ പാടുമായി ചികിത്സ തേടിയെത്തിയ ഒരു മധ്യവയസ്‌കൻ അയാളുടെ ഒപി ഫയൽ എന്റെ മുഖത്തിന് നേരെ വീശി. പറഞ്ഞിട്ട് കാര്യമില്ല എന്ന ഒരു ദീർഘനിശ്വാസത്തോടെ ശാന്തമായി തന്നെ അയാളെ ഞാൻ ചെറുതായൊന്നു ശാസിച്ചു, “ഇത്തരം ചെറിയ കേസുകൾ ഒപി യിൽ കാണിക്കണം എന്ന് എഴുതിയ ബോർഡ് എന്റെ പിന്നിൽ തൂക്കിയിട്ടുണ്ട്, ചേട്ടനത് ഒന്ന് വായിക്കൂ. ഞങ്ങൾ എമർജൻസി അല്ലാത്ത കേസുകളിൽ ഇങ്ങനെ കൂടുതൽ സമയം ചെലവിട്ടാൽ വളരെ ഗുരുതരമായ കേസുകൾ ക്യൂവിൽ ഞങ്ങളുടെ അടുത്തെത്താൻ വൈകിപ്പോവില്ലേ?”

ഞാൻ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കും മുൻപ് തന്നെ അയാൾ ആ ഫയൽ ചുരുട്ടി എന്റെ മുഖത്തേക്കെറിഞ്ഞു. പിന്നെ ഒച്ച വെച്ചുകൊണ്ട് താൻ ഇരുന്ന കസേര പിന്നിലേക്ക് വലിച്ച് എഴുന്നേറ്റു, “ആളുകളെ ചികിത്സിക്കാൻ പറ്റില്ലെങ്കിൽ വീട്ടിൽ പോയിരുന്നുകൂടെ? നിങ്ങളൊക്കെ പഠിക്കുന്നത് ഞങ്ങൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ്.” 

അപമാനഭാരം കൊണ്ടും, നടന്ന സംഭവത്തിലുണ്ടായ ഞെട്ടൽ കൊണ്ടും ഞാൻ ഒന്നും മിണ്ടാനാവാതെ നോക്കിനിന്നു. ആളുകൾ തിങ്ങി ഞെരുങ്ങി നിന്നിരുന്ന കാഷ്വാലിറ്റി നിശ്ശബ്ദമായി. മേശയുടെ അറ്റത്തിരുന്നു കൺസൾട്ടേഷൻ നടത്തിയിരുന്ന സീനിയർ ഡോക്ടർ നിസ്സഹായനായി തലകുലുക്കുകയും, പ്രതികരിക്കേണ്ട എന്ന് എന്നോട് പറയുകയും ചെയ്തു. എന്റെ ചെവിയിൽ എന്റെ തന്നെ ഹൃദയം മിടിക്കുന്ന ശബ്ദം ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. എന്റെ ഹൃദയം മാത്രമാണ് നടന്ന സംഭവത്തോട് ശരിയായ രീതിയിൽ പ്രതികരിച്ചത് എന്ന് തോന്നിപ്പോയി. 

ഡോക്ടറായി ജോലി തുടങ്ങുമ്പോൾ തന്നെ ഞങ്ങളെ പഠിപ്പിക്കുന്നത് ഇതൊക്കെയാണല്ലോ. മനസ്സിൽ കരുണ സൂക്ഷിക്കുക. കരുണയോടെ പെരുമാറുക. പോട്ടെ എന്ന് കരുതി മുന്നോട്ടു നടക്കുക. 

വലിയ മനോവിഷമത്തോടെ വീട്ടിലെത്തി ഞാൻ എന്റെ ഭർത്താവിനോട് ഈ വിഷയം ചർച്ച ചെയ്യാൻ ശ്രമിച്ചു. ഇതൊന്നും മനസ്സിലേക്കെടുക്കേണ്ട എന്ന് എന്നെ ഉപദേശിച്ച ഭർത്താവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അദ്ദേഹത്തിനുണ്ടായ സമാനമായ അനുഭവം വിവരിച്ചു. എല്ലു പൊട്ടിയ ഒരു രോഗിയുടെ ബൈസ്റ്റാൻഡർ, അവർ ഉദ്ദേശിച്ച വേഗതയിൽ ചികിത്സ കിട്ടിയില്ല എന്ന് പറഞ്ഞ് അദ്ദേഹത്തെ പിടിച്ചു തള്ളുകയും, അദ്ദേഹത്തോട് ഒച്ച വെക്കുകയും ചെയ്തുവത്രേ. എന്നാൽ മരണത്തോട് മല്ലിടുന്ന ഒരു രോഗിയെ ചികിത്സിക്കുകയായിരുന്നു ആ സമയത്ത് എന്റെ ഭർത്താവ്. പക്ഷെ, അതൊക്കെ ആർക്കറിയണം?!

അക്രമാസക്തവും എന്നാൽ നേരിട്ട് അക്രമം നടത്താത്തതുമായ എത്രയോ കമന്റുകൾ- ഞങ്ങൾ രോഗികളെ കൊള്ളയടിക്കുകയാണെന്ന് ചിലപ്പോൾ അടുത്ത ബന്ധുക്കളിൽ നിന്നുപോലും ഉണ്ടാകുന്ന പരാമർശങ്ങൾ, തുടർച്ചയായ വാക്കുകൾ കൊണ്ടുള്ള അപമാനിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമൂലമോ, ഫണ്ടിങ്ങിന്റെ കുറവ് മൂലമോ, വേണ്ടത്ര സ്റ്റാഫ് ഇല്ലാത്തതുകൊണ്ടോ, ചികിത്സ വൈകിയാൽ പോലും അതിന്റെ ദേഷ്യം ഡോക്ടറോട് തീർക്കൽ, ആശുപത്രി മാനേജ്‌മെന്റുകൾ ഈടാക്കുന്ന ഫീസിന്റെ പേരിലും ഡോക്ടർക്കെതിരെ തിരിയുന്ന പ്രവണത, ഐ.സി.യു. വിൽ പുറത്തു നിന്നുള്ളവർ കയറാൻ പാടില്ല എന്ന് ന്യായമായി തടസ്സപ്പെടുത്തിയാൽ പോലും ചിലപ്പോൾ ഉണ്ടാകാറുള്ള ശാരീരിക ആക്രമണങ്ങൾ, ഇങ്ങനെയുള്ള അക്രമപ്രവണതകൾ പോകട്ടെ എന്ന് വെക്കുന്നതിന്റെ ദുരന്തഫലമാണ് ഇപ്പോൾ ഒരു മരണത്തിൽ കലാശിച്ചത്. തീർത്തും ഒഴിവാക്കാമായിരുന്ന ഒരു മരണം.

വെറും 22 വയസ്സ് മാത്രം പ്രായമുള്ള വന്ദന ദാസ് എന്ന പെൺകുട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ടിരിക്കുന്നു. അക്രമാസക്തനായ ഒരു രോഗിയെ ആശുപത്രിയിൽ കൈകാര്യം ചെയ്യുന്നതിന് വ്യക്തവും നിയതവുമായ പ്രോട്ടോക്കോൾ ഇല്ലാത്തതുകൊണ്ട് മാത്രം. 

അക്രമാസക്തരാവുന്ന രോഗികളെ ഇതാദ്യമായല്ല സംസ്ഥാനം കാണുന്നത്. എന്നിട്ടും ഇതുവരെ വേണ്ട സുരക്ഷാ നടപടിക്രമങ്ങൾ രൂപപ്പെടുത്തിയില്ല. എന്നിട്ട്, സർക്കാർ ആദ്യം നൽകുന്ന പ്രതികരണം ഇതാണ്, ആ പെൺകുട്ടിക്ക് പരിചയക്കുറവുണ്ടായിരുന്നു എന്ന്. 

സർജറിക്കുപയോഗിക്കുന്ന കത്രിക തനിക്കു നേരെ നീണ്ടപ്പോൾ സ്തംഭിച്ചുനിന്ന ഒരു തുടക്കക്കാരിയായ ഹൌസ് സർജൻ മാത്രമായിരുന്നു അവൾ. കാരണം, അവൾക്ക് പരിചയമുണ്ടായിരുന്നത്, ആളുകളെ പരിചരിക്കുന്നതിലും, സുഖപ്പെടുത്തുന്നതിലുമായിരുന്നു. അല്ലാതെ, ഏപ്രണിന്റെ പോക്കറ്റിൽ നിന്ന് തോക്കെടുത്തു വെടി വെക്കാനോ, സ്റ്റെതസ്കോപ്പ് കൊണ്ട് അക്രമിയുടെ കണ്ണിൽ എറിഞ്ഞുകൊള്ളിക്കാനോ അല്ല. 

“അത് ചെയ്യണമായിരുന്നു, ഇത് ചെയ്യണമായിരുന്നു” എന്ന നയങ്ങളുള്ള, കുറച്ചധികം ‘പരിചയസമ്പത്തു’ള്ള സർക്കാരും, ആശുപത്രി മാനേജ്‌മെന്റ് ശ്രദ്ധിക്കണമായിരുന്നു എന്ന് പറയുന്ന സെക്യൂരിറ്റി സർവീസുകാരും, “നേരിടാൻ കഴിയണമായിരുന്നു” എന്നാരും പറഞ്ഞുപോകുന്നത്ര കേമമായ പ്രത്യുൽപ്പന്ന ബുദ്ധിയും പരിശീലനവും കൈമുതലാക്കിയ നിയമപാലകരും അവളെ പരാജയപ്പെടുത്തി. 

ഇത്തരം എല്ലാ കേസുകളിലും ബാധകമായ നയങ്ങളിലെ തിരുത്തലും, ശരിയായ രീതിയിൽ ഉള്ള നിയമം നടപ്പാക്കലും മാത്രമാണ് ഇനി കേരളത്തിലെ ആരോഗ്യ വകുപ്പിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാനാവുക. 

ലഹരിക്ക്‌ ഒരു പരിധിക്കപ്പുറം അടിപ്പെട്ടിരിക്കുന്ന രോഗികളെ ശരിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോകരുത്. അല്ലെങ്കിൽ അത്തരം ആളുകളെ ഒരു പ്രശ്നം ഉണ്ടാകാൻ ഇടയുണ്ട് എന്ന മുൻകരുതലോടെ, വേറെ തന്നെ ഒരു ചികിത്സാ മുറിയിൽ കൊണ്ടുപോയി ചികിത്സിക്കണം. കൂടെ പോകുന്ന പോലീസുകാർക്ക് രോഗിയുടെ മാനസികമായ അസ്വാസ്ഥ്യം തിരിച്ചറിയാനും, അക്രമസാധ്യത മുൻകൂട്ടി കാണാനും, അക്രമാസക്തമായാൽ അത് ഫലപ്രദമായി നേരിടാനും വേണ്ട പരിശീലനം` നൽകണം. 

നിയമം നടപ്പാക്കുന്ന സംവിധാനങ്ങളുടെയും, ആരോഗ്യ വകുപ്പിന്റെയും, ആശുപത്രി മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഡോക്ടർമാരുടെ സുരക്ഷിതമായ ജോലിസാഹചര്യം ഉറപ്പാക്കാൻ വേണ്ട പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ കഴിയൂ. 

സീനിയർ ഡോക്ടർമാരോട് ഹൃദയത്തിൽ തട്ടി ഒരു വാക്ക്; നിങ്ങൾ നല്ല ഉദ്ദേശത്തോടെയാണ് പെരുമാറുന്നത് എന്ന് ഞങ്ങൾക്കറിയാം. എങ്കിലും രോഗികൾക്ക് മുന്നിൽ ഞങ്ങളോട് അൽപ്പം ബഹുമാനത്തോടെ പെരുമാറുക. കാരണം, അവർ നമ്മുടെ ഓരോ ചെറിയ കാര്യവും സൂക്ഷ്മമായി നോക്കുന്നുണ്ട്. ഞങ്ങൾ ജൂനിയർ ഡോക്ടർമാരോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ അവർ നിങ്ങളെയും, നിങ്ങൾ പറയാതെ പറഞ്ഞ ആ അഭിപ്രായത്തെയും മാതൃകയാക്കി എന്ന് വരാം. 

ആളുകളെ സഹായിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആത്മാർത്ഥമായും. പക്ഷെ അത് സ്വന്തം ജീവൻ ത്യജിച്ചു കൊണ്ടാവാൻ ഞങ്ങൾ തയ്യാറല്ല. 

ആ സ്ഥിതി മാറിയില്ലെങ്കിൽ, കൂടുതൽ സുരക്ഷിതമായ രാജ്യങ്ങളിലേക്ക് ഞങ്ങളിൽ ഏറ്റവും പ്രഗത്ഭരെല്ലാം കുടിയേറും. കേരളത്തിന് നമ്മുടെ ഏറ്റവും മികച്ച ഡോക്ടർമാരെ നഷ്ടമാവും.


This article was originally published in English. Read here.

About Author

ഡോ. ഷബാന അബ്ദുറഹ്മാൻ

കോഴിക്കോട് മുക്കം സ്വദേശിയായ ഡോക്ടർ ശബാന 2019 ൽ പെരിന്തൽമണ്ണ എം ഇ എസ് കോളേജിൽ നിന്ന് ബിരുദം നേടി. ഇപ്പോൾ യു കെ യിൽ ഉപരിപഠനം നടത്തുന്നു