A Unique Multilingual Media Platform

The AIDEM

International Politics Saeed Naqvi Column

“റഷ്യാ വിരുദ്ധ ഉപരോധം യൂറോപ്പിനെ മുഴുവൻ ദുർബ്ബലപ്പെടുത്തുന്നു”

  • May 10, 2022
  • 1 min read
“റഷ്യാ വിരുദ്ധ ഉപരോധം യൂറോപ്പിനെ മുഴുവൻ ദുർബ്ബലപ്പെടുത്തുന്നു”

ദി ഐഡം എഡിറ്റോറിയൽ ഉപദേശകൻ കൂടിയായ വിശ്വപ്രശസ്ത പത്രപ്രവർത്തകൻ സയീദ് നഖ്‌വിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിന്റെ പ്രിൻസിപ്പൽ അഡ്വൈസർമാരിൽ ഒരാളായ വലേറി ഫദീവ്‌ നൽകിയ എക്സ്ക്ലൂസീവ് മുഖാമുഖത്തിന്റെ സംക്ഷിപ്തം.

ഉക്രൈനിലെ റഷ്യൻ സൈനിക നീക്കം 75 ദിനം പിന്നിടുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിന്റെ മുഖ്യ ഉപദേശകരിൽ ഒരാളായ വലേറി ഫദീവിന്റെ ഒരു പ്രധാന നിരീക്ഷണം, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് എതിരെ പാശ്ചാത്യ ശക്തികൾ നടപ്പാക്കിയിട്ടുള്ള സാമ്പത്തിക ഉപരോധത്തെ പറ്റിയാണ്. ഉപരോധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം റഷ്യ ആണെങ്കിലും അത് യൂറോപ്പിനെ മുഴവൻ ദുർബ്ബലപ്പെടുത്തുന്ന ഒരു ഇടപാടായി മാറിയിരിക്കുന്നവെന്നും, ഇത് അമേരിക്കയുടെ യൂറോപ്യൻ വിരുദ്ധ ഗൂഢപദ്ധതിയുടെ ഭാഗമാണെന്നും ഫദീവ് വാദിക്കുന്നു.

“അമേരിക്കയുടെ സ്ഥാപിത താല്പര്യങ്ങളിൽ പ്രധാനമായതാണ് യൂറോപ്പിനെ ക്ഷയിപ്പിക്കുക എന്നത്. കഴിഞ്ഞ മുപ്പത് വർഷത്തെ യൂറോപ്യൻ ചരിത്രം ഇതിന്റെ ദൃഷ്ട്ടാന്തമാണ്‌. യൂറോപ്യൻ രാജ്യങ്ങളുടേത് മാത്രമായ ഒരു പ്രത്യേക സൈന്യം, അല്ലെങ്കിൽ സൈനിക സഖ്യം വേണമെന്നു ഈ മൂന്ന് പതിറ്റാണ്ടിനു ഇടയിൽ പല തവണ ആവശ്യം ഉയർന്നതാണ്. നാറ്റോയ്ക്ക് അപ്പുറമുള്ള ഒരു സഖ്യം വേണം എന്നായിരുന്നു ആവശ്യം. ( നാറ്റോ അമേരിക്കൻ നിയന്ത്രണത്തിലുള്ള, എന്നാൽ യുണൈറ്റഡ് കിങ്ഡവും -യു. കെ. – ചില യൂറോപ്യൻ രാജ്യങ്ങളും അടങ്ങുന്ന സഖ്യമാണ്.) പക്ഷെ ഓരോ തവണയും അമേരിക്ക അതിനെ എതിർത്തു. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം റഷ്യ ഒരു വൻ ശക്തിയായി നിലനിൽക്കില്ല എന്നായിരുന്നു അമേരിക്കയുടെയും, മറ്റു ചില പാശ്ചാത്യ രാഷ്ട്രങ്ങളുടെയും ധാരണ. എന്നാൽ പാശ്ചാത്യ അധീശത്വം ആഗ്രഹിക്കാത്ത ചില സുഹൃത് രാജ്യങ്ങളുടെ സഹായത്തോടെ റഷ്യ വീണ്ടും ഉയർന്നു വന്നു. ഇത് പടിഞ്ഞാറൻ ശക്തികൾക്ക് ഒട്ടും സ്വീകാര്യമല്ല. ഇത് മാത്രമല്ല. അമേരിക്കയും ചൈനയുമായി കുറേ കാലമായി നടന്നു വരുന്ന ജിയോ പൊളിറ്റിക്കൽ സംഘർഷത്തിന് ഇടയിൽ ഒരു രാഷ്ട്രമെന്ന നിലയിൽ റഷ്യയുടെ പ്രാധാന്യം വർധിക്കുന്നുമുണ്ട്. ഇതും നിയന്ത്രിക്കാനുള്ള അമേരിക്കൻ താല്പര്യത്തിന്റെ കൂടി ഫലമായാണ് ഉക്രൈനിൽ യുദ്ധം കൊളുത്തി വിട്ടത്.

അഫ്ഗാനിസ്ഥാനിലുണ്ടായത് പോലെ ഒരു ദീർഘ യുദ്ധത്തിലേക്കാണോ ഉക്രയ്ൻ സ്ഥിതിവിശേഷം നീങ്ങുന്നത് എന്ന ചോദ്യത്തിന് ഫദിവിന്റെ മറുപടി ഇപ്രകാരമായിരുന്നു. ഇപ്പോൾ നടക്കുന്ന പ്രത്യേക റഷ്യൻ സൈനിക ഓപ്പേറേഷൻ അധിക കാലം നീണ്ടു നിൽക്കും എന്ന് തോന്നുന്നില്ല. പക്ഷേ പാശ്ചാത്യ ലോകവുമായുള്ള സംഘർഷം ഏറെ കാലം നീണ്ടേക്കാം. നിരവധി വർഷങ്ങൾ നീണ്ടു നിന്നേക്കാവുന്ന ഒരു സ്ഥിതിവിശേഷം ആ കാര്യത്തിലുണ്ട്.”

അഫ്‌ഗാനിസ്ഥാനിൽ 1980 കളിൽ അനുവർത്തിച്ച നയത്തിന്റെ തുടർച്ചയാണ് അമേരിക്ക ഉക്രൈൻ യുദ്ധത്തിലും സ്വീകരിക്കുന്നത് എന്നൊരു വീക്ഷണം അന്താരാഷ്ട്ര നിരീക്ഷകർക്കിടയിൽ ഉണ്ടെന്നു നഖ്‌വി മുഖാമുഖത്തിനിടയിൽ സൂചിപ്പിച്ചു. പത്ത് വർഷം (1979 -89) നീണ്ട യുദ്ധമാണ് അഫ്‌ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയന് ചെയ്യേണ്ടി വന്നത്. അക്കാലത്ത് മതമൗലികവാദശക്തികൾക്ക് ആയുധ ബലവും സാമ്പത്തിക ബലവും നൽകിക്കൊണ്ട്, റഷ്യ കൂടി അടങ്ങിയ സോവിയറ്റ് യൂണിയന്റെ “ചോര വാർന്ന് വാർന്ന് പോകുന്ന” അവസ്ഥ അമേരിക്ക ഉണ്ടാക്കിയെന്നും, ഉക്രൈയിനിലെ യുദ്ധത്തിന്റെ കാര്യത്തിൽ അന്നത്തെ പോലെ ആയുധ ബലവും സാമ്പത്തിക ബലവും നൽകി റഷ്യയെ ക്ഷീണിപ്പിച്ചു തകർക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത് എന്നും നഖ്‌വി സൂചിപ്പിച്ചു.

അഫ്‌ഗാനിസ്ഥാനിൽ 1980 കളിൽ നില നിന്ന സ്ഥിതിവിശേഷവുമായി ഇപ്പോഴത്തെ ഉക്രൈൻ സാഹചര്യത്തെ താരതമ്യപ്പെടുത്തുന്നത് ശരിയാവില്ല എന്നായിരുന്നു ഫദീവിന്റെ അഭിപ്രായം. “പത്ത് വർഷം നീണ്ട അഫ്‌ഗാനിസ്ഥാൻ യുദ്ധത്തിനു ഒടുവിൽ സോവിയറ്റ് യൂണിയന്റെ എല്ലാ ആയുധങ്ങളും പ്രധാന ഉപകരണങ്ങളും (equipments) നാട്ടിലേക്ക് തിരിച്ചു കൊണ്ട് വന്നിരുന്നു. ആ പിന്മാറ്റം ഒരു സൈനിക സമ്മർദ്ദത്തെ തുടർന്ന് ഉണ്ടായ തീരുമാനം ആയിരുന്നില്ല. അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു.” മൗനത്തിന്റെ ഒരു ചെറിയ ഇടവേളക്ക് ശേഷം ഫദീവ് ഇത് കൂടി കൂട്ടിചേർത്തു, “ ആ രാഷ്ട്രീയ തീരുമാനം തെറ്റായിരുന്നു എന്നാണ് ഞാൻ കരുതുന്നത് .”

രണ്ടാം ലോക മഹായുദ്ധത്തിൽ,1945 ൽ, നാസി ജർമനിക്ക് എതിരെ സോവിയറ്റ് യൂണിയൻ നേടിയ യുദ്ധ വിജയം പരമ്പരാഗതമായി ആഘോഷിക്കുന്ന മെയ് ഒമ്പതിന്റെ ആചരണത്തെ ഇത്തവണ (2022 മെയ് 9) പുടിൻ ഒരു പുതിയ തലത്തിലേക്ക് എത്തിച്ചു എന്ന് നഖ്‌വി അഭിപ്രായപ്പെട്ടു. നാസി വിരുദ്ധ യുദ്ധവുമായി ഇപ്പോഴത്തെ ഉക്രൈൻ സൈനിക ഓപ്പറേഷനെ തുല്യപ്പെടുത്തി കൊണ്ടാണ് പുടിൻ അത് ചെയ്തത്. ഇത്തരമൊരു നീക്കത്തിന്റെ പ്രചോദനം അല്ലെങ്കിൽ പ്രകോപനം എന്തായിരുന്നു എന്ന് നഖ്‌വി ആരാഞ്ഞു.

ഹിറ്റ്ലർക്കും നാസിസത്തിനും എതിരായ യുദ്ധത്തിന്റെ, ആ യുദ്ധത്തെ വിജയത്തിലേക്ക് എത്തിക്കാൻ അമേരിക്കയടക്കമുള്ള സഖ്യശക്തികൾക്ക് കഴിഞ്ഞതിനു പിന്നിലെ ഒരു നിർണായക ഘടകമായിരുന്നു ഒരു ജനത എന്ന നിലയിൽ സോവിയറ്റ് യൂണിയനിലെ മനുഷ്യർ ചെയ്ത ഐതിഹാസികമായ ത്യാഗ പ്രവർത്തികൾ എന്ന് ഫദീവ് മറുപടിയിൽ ചൂണ്ടിക്കാട്ടി. “രണ്ടു കോടി 30 ലക്ഷം സോവിയറ്റ് ജനതയാണ് സ്വന്തം ജീവത്യാഗം കൊണ്ട് നാസിസ്ററ് പടയോട്ടത്തെ ചെറുത്തത്. ആ ത്യാഗമില്ലായിരുന്നുവെങ്കിൽ ഹിറ്റ്ലറെ പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നില്ല. മഹത്തായ ആ ത്യാഗത്തെ വിലകുറച്ചു കാണിക്കുക എന്നത് പാശ്ചാത്യ ശക്തികളുടെ സ്ഥിരം പരിപാടിയാണ്. ഉക്രൈനിലെ റഷ്യൻ സ്പെഷ്യൽ ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ ഈ നിസ്സാരവൽക്കരണം പുതിയ മാനങ്ങളിലേക്ക് വളർന്നിരിക്കുകയാണ്. നാസിസവും പഴയ കാല സോവിയറ്റ് യുണിയനും ഒരേ തരത്തിലാണ് എന്ന് പ്രചരിപ്പിച്ചു കൊണ്ടാണ് ഈ പുതിയ മാനം സൃഷ്ടിക്കുന്നത്. വളരെ ആഴത്തിലുള്ള ഒരു വിദ്രോഹ പരിപാടിയാണ് ഇത്. റഷ്യൻ – ഉക്രേനിയൻ ജനതകൾ ഒന്നിച്ചാണ് നാസിസത്തിനു എതിരെ പോരാടിയത്. ഉക്രേനിയൻ ജനതയിൽ ഒരു വിഭാഗം ഈ ചരിത്രം മറക്കുന്ന രീതിയിലാണ് ഈ പ്രചാരണത്തിന്റെ ആഴവും പരപ്പും. മറ്റൊരു വിഭാഗം ഉക്രേനിയൻ ജനത വിഷലിപ്തമായ ഈ പ്രചാരണം പൂർണമായും ഉൾക്കൊണ്ടും കഴിഞ്ഞു. ഈ പ്രചാരണത്തിന് ഇടയിൽ വിചിത്രവും അത്ഭുതാവഹവുമായ ചില രാഷ്ട്രീയ കോക്ക്ടൈലുകളും പ്രദർശിതമാവുന്നുണ്ട്. ഒരു തലത്തിൽ സ്വന്തം രാജ്യത്തിനു അകത്ത് നാസി ദേശിയതയെ ഉക്രൈൻ നേതാവ് വൊളോഡിമിർ സെലെൻസ്കി പിന്തുണയ്‌ക്കുന്നുണ്ട്‌. മറുവശത്ത് ഇസ്രായേലി കൂലിപ്പടയും ഉക്രൈൻ പക്ഷത്ത് പോരാടുന്നുണ്ട്. മറിയുപോൾ, അസോവ് എന്നീ ഇടങ്ങളിൽ ആണ് ഈ വിചിത്ര രാഷ്ട്രീയ കോക്ക്ടൈലുകൾ ഏറ്റവും രൂക്ഷമായ രീതിയിൽ പ്രകടമാവുന്നത്. നാസി പോരാളികളുടെ ഒരു വലിയ കേന്ദ്രീകരണം ഇവിടങ്ങളിൽ ഉണ്ട്. അസോവ് ബറ്റാലിയൻ എന്ന് വിളിക്കപ്പെടുന്ന ഈ നാസി സൈന്യം വളരെ തീവ്രമായ ഫാസിസ്റ്റു പ്രചോദനം ഉള്ളവരാണ്.”

റഷ്യയെ ക്ഷീണിപ്പിക്കുകയാണ് ഈ യുദ്ധത്തിന്റെ ലക്ഷ്യമെന്ന അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിന്റെ പ്രസ്താവനയിലേക്കും നഖ്‌വി ശ്രദ്ധ ക്ഷണിച്ചു. ഇത് അത്ര അത്ഭുതകരമായ വെളിപ്പെടുത്തൽ അല്ല എന്ന് ഫദീവ് പ്രതിവചിച്ചു . “2007 ഫെബ്രുവരി പത്തിന് തന്നെ മ്യൂണിക്കിലെ ഒരു സുരക്ഷാ കാര്യ സമ്മേളനത്തിൽ പുടിൻ ഇത് ചൂണ്ടിക്കാട്ടിയതാണ്. ആ കാലത്ത് – 1990 കളിലും 2000 ത്തിന്റെ ആദ്യ ദശകത്തിലും – പുടിൻ പല പുതിയ സമാധാന നിർദേശങ്ങളും മുന്നോട്ടു വെച്ചിരുന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി ഒത്തു പോകാമെന്നും, സംയുക്ത സാമ്പത്തിക പദ്ധതികൾ നടപ്പാക്കാമെന്നും, എന്തിനു നാറ്റോവിൽ ചേരുക പോലും ചെയ്യാമെന്നും പുടിൻ പറഞ്ഞു. പക്ഷേ എല്ലാ നിർദേശങ്ങളും പാശ്ചാത്യ ലോകം തള്ളി.”

ഈ യുദ്ധത്തിൽ റഷ്യ നിരന്തരമായി യുദ്ധനിയമങ്ങൾ ലംഘിക്കുകയാണെന്നും സിവിലിയന്മാർക്ക് എതിരെ ക്രൂരമായ ആക്രമണങ്ങൾ അഴിച്ചു വിടുകയാണെന്നും പരക്കെ ആരോപണം ഉയരുന്നുണ്ട് എന്ന് നഖ്‌വി എടുത്ത് പറഞ്ഞു. ഇതിനോട് പ്രതികരിച്ചു കൊണ്ട് ഫദീവ് പറഞ്ഞത് ഇത് പാശ്ചാത്യ മാധ്യങ്ങളുടെ ഒരു സംഘടിത പ്രചാരണം ആണെന്നായിരുന്നു. ഈ യുദ്ധത്തിൽ പാശ്ചാത്യ മാധ്യമങ്ങൾ ഈ കുത്സിത ദൗത്യം ഏറ്റെടുത്ത് ഏകപക്ഷീയ പ്രചാരണം നടത്തിക്കൊണ്ടിരിക്കയാണ്. പല തലങ്ങളിലും ഇത് വളരെ പഴയ ചില മാധ്യമ കളികളുടെ തുടർച്ചയാണ്. ലോകത്തിനു സ്വതന്ത്രമായ, അക്ഷരർത്ഥത്തിൽ സാർവദേശീയമായ ഒരു മാധ്യമ കൂട്ടണി ആവശ്യമാണ് എന്ന് തന്നെയാണ് ഈ കളികൾ അടിവരയിടുന്നത്.”

ഈ യുദ്ധം അവസാനിപ്പിക്കാൻ എന്ത് ആശയമാണ് റഷ്യയുടെ പക്കൽ ഉള്ളത് എന്ന സുപ്രധാന ചോദ്യവും നഖ്‌വി ഉയർത്തി. ഉക്രൈന്റെ സമ്പൂർണ നിരായുധീകരണം മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴിയെന്ന് ഫദീവ് പറഞ്ഞു. അത്തരമൊരു നിലപാട് ഒരു നീണ്ട യുദ്ധത്തിലേക്കല്ലേ നയിക്കുക എന്ന് നഖ്‌വി ചോദിച്ചു. ഉക്രൈൻ സായുധമായി നിൽക്കുമ്പോൾ റഷ്യക്കുള്ള സുരക്ഷാ ഭീഷണികൾ വളരെ വലുതാണെന്ന് ഫദീവ് പ്രതിവചിച്ചു. യുദ്ധത്തിന്റെ ദീർഘകാല പ്രത്യാഘാതം എന്താവുമെന്നും അന്താരാഷ്ട്ര തലത്തിലെ ആംഗ്ലോ – സാക്സൺ ആധിപത്യം ശക്തിപ്പെടുമോ, അതോ ദുർബലമാവുമോ എന്നും നഖ്‌വി ചോദിച്ചു. ഒരു അധീശത്വ ശക്തിയെ ഇല്ലാതാക്കാൻ ദശാബ്ദങ്ങൾ തന്നെ വേണ്ടി വരും എന്നായിരുന്നു ഫദീവിന്റെ മറുപടി.” എന്റെ അടുത്ത സുഹൃത്തും അമേരിക്കൻ സോഷ്യോളജിസ്റ്റും ആയ ഇമ്മാനുവേൽ വാളർ സ്റ്റീൻ ഇറാഖ് യുദ്ധം കഴിഞ്ഞപ്പോൾ പറഞ്ഞു, ലോകത്ത് അമേരിക്കൻ അധീശത്വം അവസാനിച്ചു എന്ന്. അതിനു കാരണം ആ യുദ്ധം അമേരിക്ക ജയിച്ചില്ല എന്നതായിരുന്നു. പക്ഷെ ആ പ്രസ്താവനക്ക് ശേഷം ഇപ്പോൾ ഇരുപത് വർഷം കഴിഞ്ഞു.”

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.