A Unique Multilingual Media Platform

Articles Culture History Travel

ക്ലിയോപാട്രയുടെ നാട്ടില്‍ (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #9)

ക്ലിയോപാട്രയുടെ നാട്ടില്‍ (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #9)

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാര സാഹിത്യകാരനുമായ എസ്.കെ പൊറ്റെക്കാട്ടിന്റെ ഈജിപ്ത് യാത്രാവിവരണ പുസ്തകത്തിന്റെ ശീർഷകമാണ് ‘ക്ലിയോപാട്രയുടെ നാട്ടിൽ’, പതിനൊന്ന് പതിപ്പുകൾ ഇറങ്ങിയിട്ടുള്ള ഈ പുസ്തകത്തിൽ പിരമിഡുകൾ, കൈറോ നഗരം, മ്യൂസിയം, അൽ അസ്ഹർ സർവകലാശാല, ടൂട്ടൺ ഖമോണിന്റെ (തൂത്തംഖാമൻ) ശവക്കല്ലറയും മ്യൂസിയവും, ഈജിപ്ഷ്യൻ മമ്മി, ക്ലിയോപാട്രയുടെ നഗരത്തിൽ എന്നിങ്ങനെ പത്തൊമ്പത് അദ്ധ്യായങ്ങളുണ്ട്. പൊറ്റെക്കാട്ട് സുഡാനിൽ നിന്ന് ഈജിപ്തിലെത്തുന്നതു വരെയുള്ള യാത്ര, ‘കൈറോ കത്തുകൾ’ എന്ന ശീർഷകത്തിലുള്ള പുസ്തകത്തിലാണ് വിവരിച്ചിരിക്കുന്നത്.

1950ലാണ് അദ്ദേഹം ഈജിപ്ത് യാത്ര നടത്തിയത്. കൈറോവിലെത്തി ഇന്ത്യൻ എംബസിയിൽ പോയാണ് ഏതാനും ആഴ്ചകൾ അവിടെ തങ്ങാനുള്ള അനുമതിപത്രം അദ്ദേഹം വാങ്ങുന്നത്. എഴുപത്തഞ്ച് വർഷത്തിനു ശേഷം, മാറിക്കഴിഞ്ഞ ലോകത്തിലാണ് ഞാനും ഭാര്യയും സുഹൃത്തും ഈജിപ്തിലെത്തുന്നത്. അദ്ദേഹം താമസിച്ച അത്രയും ദിവസം അവിടെ തങ്ങാനായില്ല. സഞ്ചാരങ്ങളുടെ രീതികളും അതിനോടുള്ള മനോഭാവത്തിലും എല്ലാം മാറ്റം വന്നിരിക്കുന്നു. എങ്കിലും വിജ്ഞാനത്തോടും ചരിത്രത്തോടുമുള്ള മനുഷ്യരുടെ താല്പര്യവും അന്വേഷണത്വരയും എല്ലാക്കാലത്തും നിലനിൽക്കും.

ക്ലിയോപാട്ര പ്രതിമയ്ക്ക് മുന്നിൽ ജി.പി രാമചന്ദ്രൻ (ലേഖകൻ)

ഷേക്‌സ്‌പിയറുടെ കഥാപാത്രമായി മാറിയതുകൊണ്ടു മാത്രമല്ല, ക്ലിയോപാട്രയുടെ സ്ഥാനം ഈജിപ്തിന്റെ ചരിത്രത്തിൽ നിർണായകമാകുന്നത്. ഗ്രീക്കോ-റോമൻ കാലഘട്ടം എന്ന് ഒറ്റയടിക്ക് പറയുന്ന ബിസി 332 മുതൽ എഡി 395 വരെയുള്ള കാലഘട്ടത്തിനിടയിലെ ഗ്രീക്ക്-മസെഡോണിയൻ ഭരണത്തിൽ നിന്ന് റോമൻ ഭരണത്തിലേയ്ക്കുള്ള സംക്രമണ ഘട്ടത്തിന്റെ പ്രതിനിധിയും പ്രതീകവുമാണ് ക്ലിയോപാട്ര (ഏഴ്). രാജ്ഞിയും പോരാളിയും രാഷ്ട്രങ്ങളുടെ മാതാവുമായിരുന്നു ക്ലിയോപാട്ര. അവർ ഒരേ സമയം കലഹക്കാരിയായും അതേ സമയം തന്ത്രജ്ഞയായും ചിത്രീകരിക്കപ്പെട്ടു. അച്ചടക്കമില്ലാത്തവളായും ശത്രുക്കളോട് കൂട്ടുകൂടുന്നവളായും കരുതപ്പെട്ടു. താൻ ഐസിസ് ദേവതയാണെന്ന് ക്ലിയോപാട്ര തന്നെ കരുതിയിരുന്നു. വൈജ്ഞാനികയും ശാസ്ത്രജ്ഞയും ഭാഷാവിദഗ്ദ്ധയും ആയിരുന്നു ക്ലിയോപാട്ര എന്നും ചരിത്രം പറയുന്നു.

ക്ലിയോപാട്ര രണ്ടും (ബിസി 176-116) ടോളമി എട്ടും (ബിസി 145-116) ഭരിച്ചിരുന്ന കാലത്തു തന്നെ റോമാ സാമ്രാജ്യം ഈജിപ്തിനെ അധീനപ്പെടുത്താൻ പരിശ്രമം ആരംഭിച്ചിരുന്നു. ഈ ശ്രമങ്ങൾ പൂർത്തിയാവുന്നത്, ക്ലിയോപാട്ര ഏഴും ടോളമി പതിമൂന്നും പതിനാലും തമ്മിലുള്ള രക്തരൂഷിതമായ ആഭ്യന്തര യുദ്ധത്തിന്റെ ആനുകൂല്യത്തിലാണ്. റോമാ സാമ്രാജ്യത്തിന് ഈജിപ്തിനെ വിട്ടുകൊടുക്കാൻ ക്ലിയോപാട്ര ഏഴിന് സമ്മതമില്ലായിരുന്നു. എന്നാൽ റോമാ ചക്രവർത്തിയായ ജൂലിയസ് സീസറുമായി അടുക്കുന്നതും അദ്ദേഹത്തിൽ അവർക്കുണ്ടാകുന്ന സെസാറിയോൺ അഥവാ ടോളമി പതിനഞ്ച് കാര്യങ്ങളെ മറ്റൊരു തലത്തിലേയ്‌ക്കെത്തിച്ചു. റോമാ സാമ്രാജ്യ കാലത്തും മമ്മികളാക്കി ശവശരീരങ്ങളെ സൂക്ഷിക്കുന്ന രീതികളും ക്ഷേത്ര നിർമ്മാണങ്ങളും തുടർന്നു. എന്നാൽ, അലെക്‌സാണ്ടറും ടോളമിമാരും ഈജിപ്തിന്റെ പ്രാചീന ചരിത്രത്തോടും ഫറോവമാരോടും പുലർത്തിയിരുന്ന ആഭിമുഖ്യം റോമാ ചക്രവർത്തിമാർക്കുണ്ടായിരുന്നില്ല. അവർ ഈജിപ്തുകാരെ വേറിട്ട ജനത എന്ന നിലയ്ക്കു തന്നെയാണ് പരിചരിച്ചിരുന്നത്. റോമൻ സെനറ്റർമാർക്ക് ഈജിപ്തിലേയ്ക്ക് വരാൻ അനുമതിയില്ലായിരുന്നു. ഈജിപ്ത് വംശജരെ ഭരണനിർവഹണത്തിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. പതിനാലിനും അറുപതിനുമിടയിൽ പ്രായമുള്ള എല്ലാ ഈജിപ്തുകാരായ പുരുഷന്മാരും നിർബന്ധിത നികുതി അടക്കേണ്ടതുണ്ടായിരുന്നു. റോമൻ പൗരന്മാർക്ക് ഇതു വേണ്ടതില്ല താനും. അലെക്‌സാണ്ട്രിയയിലും ബാബിലോൺ എന്ന പേരുള്ള പഴയ കൈറോയിലും വിന്യസിച്ചിട്ടുള്ള റോമൻ പട്ടാളക്കാർ ഈജിപ്തിലെ പൗര ജീവിതത്തെ കർശനമായി നിയന്ത്രിച്ചു പോന്നു. ഇതിന്റെ തുടർച്ചയായി എഡി അമ്പതു മുതൽ ഈജിപ്തിൽ ക്രൈസ്തവ മതം പ്രചരിച്ചു തുടങ്ങുകയും ചെയ്തു.

ക്ലിയോപാട്രയുടെ നിരവധി പൂർണകായ പ്രതിമകളും ശിരസ്സു ശില്പങ്ങളും അലെക്‌സാണ്ട്രിയയിലെ ഗ്രീക്കോ റോമൻ മ്യൂസിയത്തിലുണ്ട്. ക്ലിയോപാട്ര ബീച്ച് എന്നറിയപ്പെടുന്ന മെഡിറ്ററേനിയൻ കടൽത്തീരം മെർസ മെത്രൂഹ് എന്ന നഗരപ്രാന്തത്തിലാണുള്ളത്.

ക്ലിയോപാട്ര ബീച്ചിലെ നിരവധി പ്രതിമകളിൽ ഒന്ന്

അലെക്‌സാണ്ട്രിയയിൽ നിന്ന് മർസ മെത്രൂഹിലേയ്ക്ക് മുന്നൂറോളം കിലോമീറ്റർ ദൂരമാണുള്ളത്. അൽ ആലമീൻ സിറ്റി  അടക്കമുള്ള നിരവധി ചെറുതും വലുതുമായ പുതിയ നഗരങ്ങളുള്ള ഈ ഹൈവേ മെഡിറ്ററേനിയൻ കടലിന്റെ തീരത്തു കൂടിയാണ് പോകുന്നത്. ഇവിടെ സവിശേഷമായി തോന്നിയ ഒരു കാര്യം, ഈ മുന്നൂറു കിലോമീറ്റർ ദൂരവും അത്യന്താധുനികമായ രീതിയിൽ ഭവനനിർമ്മാണക്കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. പല പേരുകളിലുള്ള ബഹുരാഷ്ട്രക്കമ്പനികൾ പത്തും അമ്പതും കിലോമീറ്റർ ദൂരം ഗെയിറ്റഡ് കമ്യൂണിറ്റികളും പടുകൂറ്റൻ ഫ്‌ളാറ്റ് സമുച്ചയങ്ങളും പണിതുകൊണ്ടേ ഇരിക്കുകയാണ്. കുറെയധികമെണ്ണം പൂർത്തിയായിക്കഴിഞ്ഞു. അറേബ്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ധനികരാണ് ഇവിടെ വീടുകളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടുന്നതെന്നാണ് ലുഖ്മാൻ പറഞ്ഞത്.

ഈ ഹൈവേ പോകുന്ന വഴിയിൽ എവിടെയെങ്കിലും നിർത്തി, മെഡിറ്ററേനിയൻ കടലോ കടൽത്തീരമോ കാണാമെന്നു വെച്ചാൽ നടക്കില്ല. ഹൈവേയ്ക്കും കടലിനുമിടയിലുള്ള സ്ഥലങ്ങളാണ് ഭവനനിർമ്മാണ കോർപ്പറേറ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്നത്. അവരുടെ സമ്മതപ്രകാരം; പാസോ ലൈസൻസോ ഉള്ളവർക്കു മാത്രമേ ഗെയിറ്റുകൾ കടന്ന് അപ്പുറത്തേയ്ക്ക് പോകാനാവൂ. എല്ലായിടത്തും സുരക്ഷാജീവനക്കാർ കാവൽ നിൽക്കുന്നുമുണ്ട്. ഹൈവേയുടെ മറുഭാഗത്തും നിർമ്മാണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇടയ്ക്കിടെ പെട്രോൾ പമ്പുകളും മാളുകളും സൂപ്പർ സ്റ്റോറുകളും മറ്റുമുണ്ട്. ചരിത്രമുറങ്ങിക്കിടക്കുന്ന ഈജിപ്തല്ല, മരുഭൂമിയിലെ വിജനപ്രദേശമാകെ അത്യന്താധുനിക നഗരങ്ങളാക്കി പരിവർത്തിപ്പിക്കുന്ന ആഗോളവത്ക്കരണത്തിന്റെ മാജിക്കാണ് ഇവിടെ നടക്കുന്നത്. ഇതു കണ്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് ഗാസയാണ്. ഇതിനു തൊട്ടപ്പുറത്തു തന്നെയാണ് ഗാസ. അതും ഒരു കാലത്ത് ഈജിപ്തിന്റെ ഭാഗമായിരുന്നു. അവിടെ പത്തിരുപതു ലക്ഷം പലസ്തീനികൾ വംശഹത്യയ്ക്ക് വിധേയരായി നരകതുല്യരായി ജീവിതമെന്നു പറയാൻ കഴിയാത്ത വിധത്തിൽ ദുരിതത്തിലമരുന്നു. അവരെ തുടച്ചു നീക്കിയിട്ടു വേണം അവിടെ റിവ്യേറ (കടലോരത്തുള്ള സുഖവാസസ്ഥലം) നിർമ്മിക്കാൻ എന്ന് ട്രമ്പ് പറഞ്ഞിരിക്കുകയാണല്ലോ. അതേ മട്ടിലുള്ള റിവ്യേറ ഇവിടെ അലെക്‌സാണ്ട്രിയ മുതൽ മെർസ മെത്രൂഹ് വരെ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

അലക്സാണ്ട്രിയയിൽ നിന്ന് മെർസ മെത്രൂഹിലേക്കുള്ള വഴിയിൽ

 

ജി.പി രാമചന്ദ്രൻ. പിന്നിൽ കാണുന്നത് തീരപ്രദേശത്തിനടുത്തായി നിർമ്മാണത്തിലിരിക്കുന്ന വലിയ പാർപ്പിട സമുച്ചയങ്ങളാണ്.

 

മെർസ മെത്രൂഹ് നഗരത്തിന്റെ രാത്രികാല കാഴ്ച

പല നിലയ്ക്കും തന്ത്ര പ്രധാനമായ ഒരു ഭൂഭാഗമാണിത്. മനുഷ്യവാസം തീരെയില്ലാതിരുന്ന ഒരു കടൽത്തീരം, ഹൈവേ വികസനത്തോടു കൂടി കോടിക്കണക്കിന് ഡോളർ നിക്ഷേപം ആകർഷിക്കാൻ സാധ്യമായ തരത്തിൽ അവതരിപ്പിക്കപ്പെട്ടതെങ്ങനെ എന്നിടത്താണ് പുതിയ ഈജിപ്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ വിജയിക്കുന്നത്. ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ടൂറിസം തന്നെയാണിവിടത്തെ പ്രധാന ആകർഷണം. യൂറോപ്പിലെയും അറേബ്യയിലെയും ധനികർ സ്ഥിര താമസത്തിനും ഒഴിവുകാല താമസത്തിനും വാടകയ്ക്കും വില്പനയ്ക്കുമായുള്ള നിക്ഷേപത്തിനായും ഈ സ്ഥലം തിരഞ്ഞെടുക്കുന്നു. അലെക്‌സാണ്ട്രിയ, കൈറോ എന്നീ വൻ നഗരങ്ങളുടെയും നിരവധി വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും സാമീപ്യവും ഈ പ്രദേശത്തിനുണ്ട്. നീന്തൽക്കുളങ്ങളും കൃത്രിമ പൂന്തോട്ടങ്ങളും വിനോദസാധ്യതകളും എല്ലാം ഇവിടെയുണ്ട്. ഇടയ്‌ക്കൊരിടത്ത് നിർത്തി പെട്രോൾ പമ്പിലുള്ള സ്റ്റോറിൽ നിന്ന് ചില ചില്ലറ സാധനങ്ങൾ വാങ്ങി. കൈറോവിലും മറ്റുമുള്ളതിന്റെ മൂന്നും നാലും ഇരട്ടി വിലയാണെല്ലാത്തിനും.

ഉച്ചയോടെ ഞങ്ങൾ മെർസ മെത്രൂഹിലെത്തി. അവിടെയുള്ള ക്ലിയോപാട്ര ബീച്ചിലെ കാഴ്ച നയനാനന്ദകരമാണ്. ഒട്ടും തന്നെ ജനത്തിരക്കില്ലാത്ത ബീച്ചുകളാണിവിടെയെല്ലാം. ക്ലിയോപാട്രയുടെ പുതിയ കാലത്തെ പ്രതിമയെല്ലാം ഇവിടെയുണ്ട്. ക്ലിയോപാട്ര ബാത്ത് എന്ന പേരിൽ ക്ലിയോപാട്ര കുളിച്ച കുളം എന്ന് വിശ്വസിക്കപ്പെടുന്ന ഒന്ന് സിവാ മരുപ്പച്ചയിൽ കാണുകയുണ്ടായി. അതിന്റെ വിശേഷങ്ങൾ സിവാ കാഴ്ചകൾക്കൊപ്പം വിവരിക്കാം.

ഒട്ടകത്തോടൊപ്പമുള്ള സെൽഫി

മെർസ മെത്രൂഹിൽ നിന്ന് മരുഭൂമിയിലൂടെ സിവായിലേയ്ക്ക് വീണ്ടും മുന്നൂറ് കിലോമീറ്റർ ദൂരമുണ്ട്. ലിബിയയുമായി തൊട്ടുകിടക്കുന്നതു കൊണ്ട് ഇവിടെയും നിരവധി പരിശോധനകളുണ്ടായിരുന്നു. വിമുക്തഭടനായ മംദൂഹിന്റെ ടാക്‌സി അദ്ദേഹം തന്നെ ഓടിച്ചിരുന്നതുകൊണ്ട് അതെല്ലാം മറികടക്കാൻ എളുപ്പത്തിൽ സാധിച്ചു. ഈ ഹൈവേ പണിതിട്ട് അധികകാലമായിട്ടില്ല. 1984നു മുമ്പ് ഒട്ടകപ്പുറത്ത് മാത്രമായിരുന്നു സിവാ മരുപ്പച്ചയിലേയ്ക്ക് പോകാൻ സാധിച്ചിരുന്നത്. ഇപ്പോഴുള്ള ഹൈവേയ്ക്കു സമാന്തരമായി മറ്റൊരു പാത കൂടി പണിയുന്നുണ്ട്. ഞങ്ങൾ ഒട്ടകത്തെ അടുത്തു നിന്ന് കണ്ടതും ഈ യാത്രയിലാണ്. ഒട്ടകത്തോടൊപ്പം സെൽഫിയെടുക്കാനായതും കൗതുകകരമായി. വൈകുന്നേരത്തോടെ സിവാ മരുപ്പച്ചയിലെത്തി.

 

(അടുത്ത ലക്കത്തിൽ: സിവാ മരുപ്പച്ച)


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.