പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനും എൻഡോസൾഫാൻ ഇരകൾക്ക് നീതി കിട്ടാനുള്ള ദീർഘകാല സമരങ്ങളിൽ മുൻനിര പോരാളിയുമായ എം.എ റഹ്മാൻ, ജൂലൈ 21ന് അന്തരിച്ച സിപിഐഎം നേതാവ് വി.എസ് അച്യുതാനന്ദനെ അനുസ്മരിക്കുകയാണ് ഇവിടെ.
വൈകാരികവും വസ്തുതാപരവുമായ അംശങ്ങൾ ഒന്നിച്ച് ചേരുന്ന അനുസ്മരണ കുറിപ്പ്.
വി.എസ് അച്യുതാനന്ദനുമായി ഞാൻ ബന്ധപ്പെടുന്നത് കാസർഗോഡ് എൻഡോസൾഫാൻ പ്രശ്നത്തിൽ വന്ന ചില വ്യതിയാനങ്ങളെക്കുറിച്ച് സംസാരിക്കാനും, അതിനൊരു പരിഹാരമുണ്ടാക്കാനുമാണ്. എൻഡോസൾഫാൻ പ്രശ്നത്തിൽ 2010ൽ മാത്രമാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ വരുന്നത്. ഏതാണ്ട് 1999 മുതൽ ഞാൻ അതിനകത്തുണ്ട്. ഈ വിഷയത്തിൽ നിരന്തരമായ പഠനം നടക്കുന്ന കാലയളവായിരുന്നു അത്. അതു മാത്രമല്ല, എൻഡോസൾഫാൻ വിരുദ്ധ സമിതിയിലെ ആളുകളുമായി എപ്പോഴും പറഞ്ഞിരുന്നത്, ഇന്ത്യൻ ഭരണഘടന അനുസരിച്ചുള്ള, ഭരണഘടനാ സ്ഥാപനമായ മനുഷ്യാവകാശ സംഘടനയുടെ അംഗീകാരമുണ്ടായാൽ മാത്രമേ, ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. അത് നേടിയെടുക്കുന്നതുമായ കാര്യങ്ങൾ നിരന്തരം സംവദിക്കുമായിരുന്നു.
2005-2006 കാലഘട്ടത്തിൽ കാസർഗോഡ് ഗവൺമെന്റ് കോളേജിലായിരുന്ന കാലഘട്ടമായിരുന്നു. അന്നത്തെ ഇടതുപക്ഷ ഗവൺമെന്റ് അധികാരം ഏറ്റെടുത്ത്, ആദ്യ അസംബ്ലി വരുമ്പോൾ, കാസർഗോഡ് എംഎൽഎ ഗവൺമെന്റ് കോളേജിൽ എന്റെ അരികിൽ വന്ന് താൻ മഞ്ചേശ്വരത്ത് ജയിച്ചത് 5000ത്തോളം വോട്ടുകൾ കൂടുതൽ നേടിയിട്ടാണ്. അത് ലഭിക്കാൻ കാരണം, എൻഡോസൾഫാൻ രോഗികൾക്ക് താൻ ചില ഉറപ്പുകൾ നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നൽകിയ ഉറപ്പുകളാണ് അവ. തിരുവനന്തപുരത്ത് അസംബ്ലിയിൽ പോകുന്ന സമയത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് താൻ എന്താണ് സംസാരിക്കേണ്ടത് എന്ന് എന്നോട് ചോദിച്ചു.

കാസർഗോഡ് ഡെപ്യൂട്ടി കലക്ടറിൽ നിന്ന് അന്ന് ഒരു വിവരം അറിഞ്ഞിരുന്നു. എൻഡോസൾഫാൻ ബാധിച്ച് മരണപ്പെട്ട 52 ആളുകളുടെ ലിസ്റ്റ് അവിടെ തയ്യാറായിട്ടുണ്ട്. മരിച്ചവരുടെ കുടുംബക്കാർക്ക് നഷ്ടപരിഹാരം നേടിയെടുക്കുന്നതിന് ആ ലിസ്റ്റ് ഉപകാരപ്പെട്ടേക്കാം. അസംബ്ലിയിൽ ചോദിച്ചാൽ അത് സഭാരേഖകളിൽ വരുകയും, അതുവഴി മരണപ്പെട്ടവരുടെ വിവരം ലഭിക്കുകയും സർക്കാരിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നഷ്ടപരിഹാരം നൽകാൻ സാധിക്കുകയും ചെയ്യും. ആ ധാരണയിൽ അത് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അത് ചോദ്യമാക്കി തിരുവനന്തപുരത്തേക്ക് പോയി.
ശേഷം രണ്ടു ദിവസം കഴിഞ്ഞ് വൈകുന്നേരം ടൗണിൽ ചെന്നപ്പോൾ അവിടത്തെ ഒരു പുസ്തകക്കടയിൽ ഉത്തരദേശം പത്രത്തിൽ ഒരു വാർത്തയുണ്ട്. അസംബ്ലിയിൽ കുഞ്ഞമ്പു എന്ന എംഎൽഎ എൻഡോസൾഫാൻ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അന്നത്തെ സർക്കാരിലെ കൃഷിമന്ത്രിയിൽ നിന്നും വന്ന മറുപടി ആരും മരിച്ചിട്ടില്ല എന്നാണ്. സഭയിൽ ഇത് അപ്പോഴേയ്ക്കും വലിയ വിവാദമായി മാറി. തെറ്റായ ഒരു നടപടിക്രമമായിരുന്നു അത്. കലക്ട്രേറ്റിലുണ്ടായിരുന്ന ഈ ലിസ്റ്റ് തലസ്ഥാനത്ത് എത്തിച്ചേരാതിരുന്നത് അന്നത്തെ സാധ്യതകളുടെ പരാജയമായിരുന്നു. ഇത് വലിയ വാർത്തയായി. ഈ വിഷയത്തിൽ ഒരു പ്രതിരോധം നടത്തണമെന്നത് എൻഡോസൾഫാൻ വിരുദ്ധ സമിതി പ്രസിഡന്റെന്ന നിലയിൽ ശ്രീ നാരായണൻ പെരിയയോട് പറഞ്ഞു. അദ്ദേഹവും ഈ വാർത്ത വായിക്കുന്നുണ്ട്. ഇതിനൊന്നും നമ്മൾ ഒന്നും ചെയ്യേണ്ടതില്ല, ഇതൊക്കെ അതിന്റെ വഴിക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ തമ്മിൽ അൽപനേരം തർക്കിച്ചു. അദ്ദേഹം വേറെ ചിലരെയൊക്കെ വിളിച്ച് സംസാരിച്ചിട്ടും ഇതേ നിലപാട് തന്നെ എടുത്തു.
ശേഷം ഞാൻ താഴെ ഇന്ത്യൻ കോഫീ ഹൗസിൽ നിന്ന് ചായ കുടിച്ച് തിരിച്ചു വന്നപ്പോൾ, തന്റെ ഒരു ഡോക്യുമെന്ററി അരജീവിതങ്ങൾക്കൊരു സ്വർഗത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ബാലകൃഷ്ണനെ കണ്ടു. അദ്ദേഹം അന്ന് പരിഷത്തിന്റെ ഭാരവാഹിയൊക്കെയാണ്. അദ്ദേഹത്തോട് സംസാരിച്ച് ഈ വിഷയത്തിൽ ഒരു പന്തം കൊളുത്തി പ്രകടനം നടത്തിയാലോയെന്ന് ചോദിച്ചപ്പോൾ തനിക്ക് വിശദമായി ഇതിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതിക്കൂടേയെന്ന് ചോദിച്ചു.
കുറിപ്പ് ഞാനെഴുതി മാതൃഭൂമിക്ക് അയച്ചു. അടുത്ത ദിവസം വൈകുന്നേരമായപ്പോൾ, അദ്ദേഹം വിളിച്ച് എഡിറ്റോറിയലിന് നൽകാമെന്ന് പറഞ്ഞു. അടുത്ത ദിവസം വിളിച്ചു. ഇതിന്റെ തലക്കെട്ട് മാറ്റി, കവർ സ്റ്റോറിയായി പ്രസിദ്ധീകരിക്കാമെന്നേറ്റു. ഈ വിവരം വലിയ സമാധാനം തന്നു. ഇതുവരെ മാതൃഭൂമിയിൽ എഴുതിയതു കൊണ്ടും, അത് നിർണ്ണായകമായ സംഗതിയായത് കൊണ്ടും വലിയ സന്തോഷം നൽകി. പറഞ്ഞപോലെ തന്നെ ആ ആഴ്ചയിൽ അത് പ്രസിദ്ധീകരിച്ചു വന്നു. അസംബ്ലിയിൽ അത് വലിയ കോളിളക്കമുണ്ടായി. മരിച്ചിട്ടില്ല എന്ന് പറയുന്നത് അസത്യം. സ്വാഭാവികമായും അത് ഉദ്യോഗസ്ഥർ തെറ്റായ വിവരം നൽകിയത് കാരണമാണെന്ന് എല്ലാവർക്കും മനസ്സിലായി. സഭാരേഖകളിൽ നിന്നും അത് റിമൂവ് ചെയ്യാനുള്ള നീക്കങ്ങൾ അവിടെ നടന്നു. ഇതിന്റെ ഫലമായി എൻഡോസൾഫാൻ വിഷയത്തിൽ ആദ്യ ആനുകൂല്യം വരുന്ന സംഭവമുണ്ടായി. വിഎസ് അച്യുതാനന്ദൻ അന്ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ച് മരിച്ചവരുടെ ലിസ്റ്റുണ്ടാക്കാൻ തന്നെക്കൂടി പങ്കാളിയാക്കണമെന്നും, ശാസ്ത്രീയമായി രീതിയിൽ അതുണ്ടാക്കണമെന്നും പറഞ്ഞുവെന്നത് മനസ്സിലായി.
അടുത്ത ദിവസം വൈകീട്ട് നാലു മണി സമയത്ത് ജില്ലാ പഞ്ചായത്തിന്റെ ഒരു കാർ എന്നെ കൊണ്ടുപോകാൻ കോളേജിൽ വന്നു. പ്രിൻസിപ്പാൾ പറഞ്ഞു, അനുമതിക്കായി എഴുതിത്തരണം. ഇന്ന വണ്ടിയിൽ ഇത്ര മണിക്ക് പോയെന്ന്, ജില്ലാ പഞ്ചായത്തിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചിട്ടാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള അനുമതിക്കത്ത് നൽകാൻ പറഞ്ഞു. ഞാനത് എഴുതി കൊടുത്തിട്ട് കോളേജിൽ നിന്ന് നേരെ ജില്ലാ പഞ്ചായത്തിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ജില്ലാ പഞ്ചായത്ത് ഹാളിൽ രണ്ടു നിലകളിലായിട്ട്, രണ്ടു വരികളിലായിട്ട് ഒരു കൂട്ടം ആളുകൾ, ഉദ്യോഗസ്ഥരായ ആളുകൾ. ഡോക്ടർമാർ, റവന്യൂ ഡിപ്പാർട്ട്മെന്റിലെ ആളുകൾ, ആരോഗ്യ വകുപ്പിലെ ആളുകൾ എല്ലാമുണ്ട്. സോഷ്യൽ സെക്യൂരിറ്റിയുടെ ആളുകളുമുണ്ട്. അവരുടെ മധ്യത്തിലൂടെ അകത്തേക്ക് കയറുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു, ദാ ഇയാള് കാരണമാണ് ഈ മീറ്റീംഗ് വിളിക്കാൻ ഇടയായത്. മരിച്ചവരുടെ ലിസ്റ്റുണ്ടാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു, ഇദ്ദേഹത്തെ കൂടി ഇരുത്തിക്കൊണ്ട്.

അതുകേട്ടപ്പോൾ തന്നെക്കൊണ്ട് എന്തോ കുഴപ്പമുണ്ടായ പോലെ തോന്നി. അത് അത്ര സുഖകരമായ ഒന്നായി തോന്നിയില്ല. മരിച്ചവരുടെ ലിസ്റ്റുണ്ടാക്കാനാണ് പറഞ്ഞിരിക്കുന്നത്, നമുക്കെവിടുന്നാ ലിസ്റ്റ്. നിങ്ങളുടെ ആരുടെയെങ്കിലും കയ്യിലുണ്ടോയെന്ന് ചോദിച്ചു. അപ്പോൾ എന്റെ ഇടതു വശത്ത് നിന്ന് ഒരാൾ എഴുന്നേറ്റു നിന്നു. റവന്യൂ വകുപ്പിലെ ഒരുദ്യോഗസ്ഥൻ, ഡെപ്യൂട്ടി കലക്ടറാണെന്നാണ് കരുതുന്നത്. അദ്ദേഹം പറഞ്ഞു, മരിച്ചു പോയ 52 പേരുടെ ലിസ്റ്റ് ഞങ്ങളുടെ കയ്യിലുണ്ട്. പെട്ടെന്ന് എനിക്കൊരു സന്തോഷം തോന്നി ഞാൻ പറഞ്ഞു, എവിടെയാണ് ഞങ്ങളുടെ കയ്യിൽ ലിസ്റ്റ് എന്ന് നിങ്ങളിപ്പോൾ പറഞ്ഞല്ലോ, അപ്പൊ ഇതേതാ ലിസ്റ്റ്. അവിടെ കൂടിയിരിക്കുന്ന എല്ലാ ആളുകളും ഒരു കയ്യടി പാസ്സാക്കി. അതെനിക്കൊരു സമാധാനം തന്നു. അപ്പോൾ നമ്മൾ ഒരു കാര്യത്തോട് പ്രതികരിക്കുമ്പോൾ, അത് തെറ്റായ രീതിയിൽ വരുമ്പോൾ നമുക്കുണ്ടാകുന്ന അപകർഷതകളെ നികത്താൻ ഈ സംഭവം സഹായിച്ചു.
3 ദിവസം കഴിഞ്ഞപ്പോൾ ഇതിനെതിരെ നമ്മൾ ഒന്നും ചെയ്യേണ്ടതില്ലെന്ന് എന്നോട് പറഞ്ഞ നാരായണൻ പെരിയ അതുപോലെ എൻഡോസൾഫാൻ വിഷയത്തിൽ തുടക്കം തൊട്ടേ പ്രവർത്തിച്ച ഡോ.മോഹൻകുമാർ ഇവരെയെല്ലാം ഇരുത്തിക്കൊണ്ട് ലിസ്റ്റ്, ഇരുപതു കൊല്ലം മുൻപ് മരിച്ചു പോയവരുടെ റിപ്പോർട്ട് എടുത്ത്, സെലക്ട് ചെയ്ത് അതിലൊരു ക്രൈറ്റീരിയ വെച്ച് ഇന്നത് മുതൽ ഇന്നത് വരെ എന്നുള്ള ഡോക്യുമെന്റ് ഉണ്ടാക്കിയിട്ട് ഞങ്ങൾ 144 പേരുടെ, മരിച്ചവരുടെ ലിസ്റ്റുണ്ടാക്കി. അത് എത്രയും പെട്ടെന്ന് തിരുവനന്തപുരത്തെത്തിച്ചു.
അപ്പോഴേയ്ക്കും അച്യുതാനന്ദന്റെ സ്വന്തം നിലയിൽ നിന്ന് തന്നെ അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക ഈ രോഗികൾക്ക് കൊടുക്കാൻ, അതായത് 50,000 രൂപയാണ് അന്ന് പറഞ്ഞത്. അത് ആദ്യമായി വരുന്ന, ഒരു ലീഗലായിട്ടുള്ള, ആദ്യത്തെ ഒരു പ്രതികരണമായിരുന്നു. 50,000 രൂപ മരിച്ചവർക്ക് കൊടുക്കുന്നു എന്ന വാർത്ത വന്നു. ഈ 144 പേരെ പ്രഖ്യാപിക്കാനായി അദ്ദേഹം കാസർഗോഡ് വന്നു. വന്നിട്ട് അദ്ദേഹം ഒരു പബ്ലിക്കിനെ സംബോധന ചെയ്തിട്ട് മരിച്ചവർക്ക് 50,000 രൂപ കൊടുത്തു.

ഇതിന്റെ കാരണം ആദ്യകാലത്ത് അദ്ദേഹം ബോവിക്കാനം തൊട്ട് അങ്ങോട്ടുള്ള എല്ലാ സ്ഥലങ്ങളിലും പോയിട്ടാണല്ലോ അദ്ദേഹം പ്രതിപക്ഷമായിരുന്ന കാലത്ത് രോഗികളുടെ കാര്യത്തിൽ ഞങ്ങളിടപെടും എന്ന് പറഞ്ഞത്. ആ ഇടപെടലിന്റെ ആദ്യത്തെ സ്വരമാണ് കുഞ്ഞമ്പു എന്ന എംഎൽഎയിൽ നിന്ന് വന്നതും, അതിന്റെ തെറ്റായ തരത്തിലുള്ള സംഗതിയാണ് അസംബ്ലിയിൽ കണ്ടതും, അതിനെ തിരുത്തിയ ഒരു പ്രവർത്തനമാണ് അദ്ദേഹം ഇവിടെ വന്ന് കൊടുക്കാമെന്ന് പറഞ്ഞതും. ആ പറഞ്ഞ സംഗതി പിന്നീട് പ്രാവർത്തികമാക്കുന്നതിന് രണ്ടാമത് വരാമെന്ന് പറഞ്ഞാണ് അദ്ദേഹം പോയത്.
അന്ന് കൃഷിമന്ത്രിയെ കൊണ്ടുവന്ന് അദ്ദേഹത്തെക്കൊണ്ട് മാപ്പു പറയിച്ചു ജനങ്ങളോട്. സംഗതി മരണമായതു കൊണ്ടും, അതിന്റെ ശരിയായ രേഖകൾ ഇവിടെ ഉള്ളതു കൊണ്ടും അദ്ദേഹത്തെക്കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം കൃഷിമന്ത്രിയേയും കൂട്ടി വന്ന് കാസർഗോഡ് കലക്ട്രേറ്റിനടുത്തുള്ള ഗ്രൗണ്ടിൽ നിന്നും പൊതുവായ ഒരു വേദിയുണ്ടാക്കിയിട്ട് മരിച്ചവരുടെ കുടുംബത്തിന്റെ അവകാശപ്പെട്ട ആളുകളെ കൊണ്ടു വന്ന് മുൻപിലിരുത്തി എന്നിട്ട് അദ്ദേഹം സ്റ്റേജിൽ നിന്ന് താഴേയ്ക്ക് വന്ന് ഈ പണത്തിന്റെ ചെക്കുകൾ അവർക്ക് കൈമാറി. ആ സംഗതിയിൽ എനിക്ക് യാതൊരു രീതിയിലുള്ള ക്ഷണവും കിട്ടിയില്ല.
ഞാൻ ഊണു കഴിക്കാൻ പോകുന്നത് കലക്ട്രേറ്റിന് അവിടെയുള്ള കുടുംബശ്രീ ഹോട്ടലിലാണ്. അവിടെ നിന്ന് ഭക്ഷണം കഴിച്ചിറങ്ങി വരുമ്പോൾ അവിടെ ആൾക്കൂട്ടം കണ്ട് ഞാനവിടെപ്പോയി. ഞാനും അവിടെ ആളുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. അപ്പോൾ കാണുന്ന ഒരു ദൃശ്യമുണ്ട്. എന്നോട് യാതൊരു പ്രതിഷേധവും നടത്താൻ പാടില്ലെന്ന് പറഞ്ഞ നാരായണൻ പെരിയ എന്റെ മുൻപിലത്തെ സീറ്റിലിരിക്കുന്നു. തൊട്ടടുത്ത് അതിന്റെ കൺവീനറായ സുധീറും ഇരിക്കുന്നു. ഞാനിങ്ങനെ ആലോചിച്ചു. ഇത് ആദ്യം തന്നെ തിരുത്താൻ കഴിയാവുന്ന ഒരു കാര്യം ശരിയായ രീതിയിൽ പോയില്ലല്ലോ. അപ്പോൾ ഒരു സംഘടനയിൽ നിൽക്കുന്ന എനിക്ക് ധാരാളം പരിമിതികൾ ഇവർ തന്നെ ഉണ്ടാക്കി കഴിഞ്ഞാൽ എങ്ങനെയാണ് ഇത്തരത്തിലുള്ള നീതിയും, നിയമവും, ഭരണഘടനയുമൊക്കെയുള്ള ഒരു സംഗതിയിൽ ഇനിയും നിൽക്കാൻ കഴിയുക എന്ന ചിന്തയുണ്ടായത് അന്നാണ്. അന്ന് ഈ 144 പേരിൽ ഓരോ ആൾക്കും ഈ പണം കൊടുത്തു. ഈ പണം ഉണ്ടാക്കി കൊടുക്കാനുള്ള സാഹചര്യമുണ്ടാക്കിയത് വില്ലേജ് ഓഫീസർമാരെ വീടുകളിൽ പോയി അന്വേഷണം നടത്തി, കൃത്യമായ വിവരശേഖരണം നടത്തി.
അതിൽ വളരെ പ്രത്യേകതയുള്ളൊരു കാര്യം, എൻമകജെയ്ക്ക് അപ്പുറത്തുള്ള വാടിനഗർ എന്ന സ്ഥലത്ത് ഏതോ ഒരു കുടുംബത്തിൽ ഒരു കുട്ടി മാത്രമേ ജീവിച്ചിരിപ്പുള്ളൂ. അച്ഛനും എൻഡോസൾഫാൻ രോഗിയായി മരിച്ചു. ആ കുട്ടി മാത്രമേ അവകാശിയായിട്ടുള്ളൂ. ആ പണം എന്തു ചെയ്യണമെന്ന് വില്ലേജ് ഓഫീസർമാർ ചോദിക്കുന്നുണ്ട്. ആ കുട്ടി പ്രായപൂർത്തിയാകും വരെ അത് കലക്ടറുടെ പേരിൽ ഡെപ്പോസിറ്റ് ചെയ്തു.
ആ കുട്ടിയുടെ പേര് കുൽക്കർണി എന്നാണ്. കുൽക്കർണി എന്നൊരു പേര് കാസർഗോഡ് ഉണ്ടാവണമെങ്കിൽ ഉത്തരേന്ത്യയിലെ ഏതോ ഒരു പേരാണത്. നമ്മുടെ കെ.മാധവനൊക്കെ ഇവിടെ മൊറാർജി സമുദായത്തിലെ ആളുകൾ വരെ ബേക്കൽ കോട്ടയുടെ അടുത്ത് ഉണ്ടെന്ന് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയിൽ. ഞാനൊരിക്കലും കുൽക്കർണി എന്നൊരു പേര് കാസർഗോഡ് ഉണ്ടെന്ന് കരുതിയിട്ടില്ല. കാസർഗോഡിന്റെ നിഗൂഢമായ ചില സംഗതികൾ കൂടി ഇതിലൂടെ പുറത്തു വന്നിരുന്നു. ആ കുട്ടിയുടെ പേരിൽ, കുട്ടിയ്ക്ക് വേണ്ട രക്ഷിതാവായിട്ട് കലക്ടറുടെ പേരിൽ ഡെപ്പോസിറ്റ് ചെയ്തുവെന്ന വാർത്ത അന്നെനിക്കറിയാമായിരുന്നു. ഈ 144 പേർക്കും സഹായം കിട്ടിയ ശേഷം ആളുകൾ ഞങ്ങളോട് ചോദിച്ചത്, ഈ മരിച്ചവർക്ക് ഇങ്ങനെ കിട്ടിയിട്ടെന്താ കാര്യം.

ഇതുപോലെ എൻഡോസൾഫാൻ രോഗികൾക്ക് ആദ്യത്തെ പെൻഷനുണ്ടാക്കിയത് അച്യുതാനന്ദനാണ്. 400 രൂപയാണ് അന്നത്തെ പെൻഷൻ. അപ്പോൾ തന്നെ ആളുകൾക്ക് സംശയമുണ്ട് ഈ ചെറിയ പണം കൊണ്ട് ആളുകൾക്ക് എന്തു കാര്യം. പക്ഷേ നമ്മളറിയേണ്ടത് ഈ കാസർഗോഡിന്റെ ഒരു സാമ്പത്തിക നിലവാരം , നഗരത്തിലേതല്ല, അകത്തെ ഗ്രാമങ്ങളിലുള്ള നിലവാരമെന്ന് പറയുന്നത്, 50 പൈസ വീണുപോയാൽ അതിനുവേണ്ടി വിലപിക്കുന്ന ആളുകളാണ് അവർ. നഗരത്തിലെ ആളുകൾക്ക് 50 രൂപ വീണാൽ പോലും ഒരിക്കലും നഷ്ടമായി തോന്നാറില്ല. അങ്ങനെയൊരു സ്ഥലത്ത് ഒരു മാസത്തിൽ അവർക്ക് 400 രൂപ കിട്ടുമ്പോൾ, അവിടെ ചെന്ന് അവരുടെ ഓലപ്പുരകളും മറ്റും കണ്ടു കഴിഞ്ഞാൽ, അവർ ജീവിക്കുന്നതെങ്ങനെയെന്ന് കണ്ടാൽ മനസ്സിലാവും, ആ 400 രൂപയ്ക്ക് വലിയ വിലയുണ്ടായിരുന്നു. ആ സമയത്തുള്ള പ്രധാന പ്രശ്നം ആളുകൾക്ക് അത് മനസ്സിലാക്കി കൊടുക്കാൻ നമുക്ക് പറ്റുന്നില്ല എന്നതായിരുന്നു.
ആ പെൻഷനാണ് ഇപ്പോൾ ആയിരത്തി അറുനൂറോ, രണ്ടായിരമോ ആയി മാറിയിരിക്കുന്നത്. അത് സർവ്വീസ് സംഘടനകളുടെ, ഓരോ വർഷവുമുണ്ടാകുന്ന ഇൻക്രിമെന്റുകൾ പെൻഷൻ പോലുള്ള സംഗതിയിലുമുണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് നാനൂറെങ്കിൽ നാനൂറ്, അത് നാലായിരമാകാൻ ഭരണ തലത്തിൽ തന്നെ സാധ്യതയുണ്ട് എന്ന് അറിയുന്നതു കൊണ്ടാണ് നമ്മളതിന് നിന്നത്.
അച്യുതാനന്ദന്റെ നിലപാടുകളിൽ ഒന്ന് അന്ന് ഹ്യൂമൻ റൈറ്റ്സ് ഇടപെട്ടിട്ടില്ലാത്തതിനാൽ അതു വരെ എങ്ങനെ പോകുമെന്ന ഒരു നിശ്ചലമായ അവസ്ഥയുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് ഒരു സെല്ലുണ്ടാക്കി രോഗികളെ സഹായിക്കാമെന്ന സാധ്യതയുണ്ടായിരുന്നെങ്കിലും അതും നടന്നില്ല. അപ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഈ പണം കൊടുക്കാൻ തീരുമാനമാക്കിയത്. ആ സാധ്യത ഒരുപക്ഷേ ഒരു ഭരണഘടനാപരമായ ആനുകൂല്യത്തിലേക്ക് വരും മുൻപുള്ള ആ കാലം മറ്റുള്ളവരെല്ലാം സമരം ചെയ്യുന്നു, നമ്മളും സമരം ചെയ്യുന്നു, രോഗികളും സമരം ചെയ്യുന്നു. നമ്മളെല്ലാം അതിനു വേണ്ടി മാത്രമായി കാത്തു നിൽക്കുന്നു. നമ്മളിതു പറയുമ്പോൾ സുഹൃത്തുക്കൾ, ഈ പ്രതിരോധത്തിൽ എതിർത്ത ആളുകൾ തന്നെ പറയും, നിങ്ങൾ പറയുന്നതൊന്നും നടപ്പിലാകുന്ന കാര്യമല്ല. ഹ്യൂമൻ റൈറ്റ്സ് എന്ന് പറയുന്നത് പ്രായോഗികമായി ചെയ്യാനുള്ള യാതൊരുപാധിയുമില്ല. അത് സർക്കാർ ചെയ്തെങ്കിലായി, ചെയ്തില്ലെങ്കിൽ കുഴപ്പമില്ല.
1992ലുണ്ടായ റിയോ സമ്മിറ്റിൽ ഇന്ത്യ ഒപ്പു വച്ച കാര്യമുണ്ട്. അന്ന് കോൺഗ്രസ് ഗവൺമെന്റായിരുന്നു അതിൽ ഒപ്പു വച്ചത് അത് യുഎന്നിന് കീഴിലുള്ള ഒരു അന്താരാഷ്ട്ര കരാറായിരുന്നു. അതിൽ അംഗരാജ്യമാണ് ഇന്ത്യ. അത് പാസായിക്കഴിഞ്ഞാൽ, ഇന്ത്യൻ പാർലമെന്റിൽ അതൊരു ഓർഡിനൻസായി, ഭരണഘടനയിൽ എൻഡോഴ്സ് ചെയ്യപ്പെടും. 1996ൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതാണ് നമുക്ക് കിട്ടേണ്ടത്.
അതിൽ കിട്ടാതെ പോയ കാര്യങ്ങൾ ഒരുപാടുണ്ട്. അതിൽ ഒന്നാണ് ചാലിയാർ സമരം. ചാലിയാർ സമരം ഒരു പ്രൈവറ്റ് മുതലാളിയായതു കൊണ്ട് അവിടെ നിന്ന് ഒഴിയേണ്ടിവന്നു. പക്ഷേ നഷ്ട പരിഹാരം അവർ തന്നില്ല. അതിന് ഇപ്പോഴും ചാലിയാർ സമരത്തിലെ ആളുകൾ ദുഖിക്കുന്നുണ്ട്. എന്നാൽ അവിടുത്തെ മുതലാളി തൊഴിലെടുത്തവർക്ക് ശമ്പളം കൊടുത്തു എന്നതല്ലാതെ അവിടെ രോഗികളായവർക്കോ, മെഡിക്കൽ ക്യാമ്പുണ്ടാക്കി രോഗികളെ കണ്ടെത്തും പോലെയോ ഉള്ള ഒരു പരിപാടിയും നടത്തിയിട്ടില്ല. അങ്ങനെ ഒരിക്കൽ പരാജയപ്പെട്ടതിന്റെ അനുഭവം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. രണ്ടാമത്തേത് പാലക്കാട്ടെ പ്ലാച്ചിമട സമരം. അതിൽ തീരുമാനമുണ്ടാക്കാൻ ഇന്ത്യൻ പ്രസിഡന്റിന് കൊടുത്തപ്പോൾ അത് മടങ്ങി. ഈ രണ്ട് സംഭവങ്ങൾ നമ്മൾ കാണുന്നുണ്ട്.
2010ൽ മാത്രമാണ് കാസർഗോഡ് എൻഡോസൾഫാൻ വിഷയത്തിൽ ഒരു ഹ്യൂമൻ റൈറ്റ്സ് ഇടപെടലുണ്ടായത്. 2010ൽ ജസ്റ്റിസ് ബാലകൃഷ്ണൻ കാസർഗോഡ് വന്ന് രോഗികളെ കണ്ട് അന്ന് തന്നെ 6000 രോഗികളെ കണ്ടെത്തിയിരുന്നു. ഒരു സ്ഥലത്ത് ഇത്രയധികം രോഗികൾ എന്നത് പരിഗണിച്ചു തന്നെ അദ്ദേഹം മെഡിക്കൽ റിപ്പോർട്ടുകളെല്ലാമെടുത്തു കൊണ്ട്, നിലവിലുള്ളതിനെക്കാളും അഞ്ചിരട്ടി രോഗമാണ് ഇവിടെ ഉണ്ടായതെന്നും, അത് എൻഡോസൾഫാൻ അല്ലാതെ മറ്റൊന്നുമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അതുവരെ എങ്ങനെ പോകുമെന്നതിലുള്ള ഒരു പ്രധാന സഹായമാണ് ഒന്നാമത്തേത്, രോഗികൾക്ക് തന്ന 400 രൂപ പെൻഷനും, രണ്ടാമത്തേത് 50,000രൂപയുടെ ആശ്വാസ ധനത്തിന്റെ ഒരു ഭാഗം. അത് ഗവൺമെന്റ് നൽകുന്നത് തൽക്കാലം അതാണ്. അത് അദ്ദേഹത്തിന്റെ പണത്തിൽ നിന്നു തന്നെ എടുത്തു. അതിന് അദ്ദേഹം ഭരണഘടനയുടെ പിൻബലമൊന്നും തേടിപ്പോയിട്ടില്ല. ഈയൊരു കാര്യത്തിലേക്ക് വരുന്നതിനുള്ള യാഥാർത്ഥ്യ ബോധം, റീസണബിൾ എന്ന ഒരു സംഗതി, യുക്തിയുടെ ഭാഗമായ ഒരു സംഗതിയാണ് വിഎസ് അച്യുതാനന്ദൻ എന്നു പറയുന്ന, നമുക്കിടയിൽ നിന്ന് വിടപറഞ്ഞ മഹാനായ ഒരു മാനുഷികതയുടെ അടയാളമായ ആ വലിയ മനുഷ്യൻ ചെയ്തത്.
ഇത് ലോക ചരിത്രത്തിൽ തന്നെ വലിയ സംഭവമാണെന്നാണ് ഞാൻ കരുതുന്നത്. കാരണം നമുക്കു പോകാനുള്ള കാര്യങ്ങളിലേക്കുള്ള ശാസ്ത്രീയമായ വഴിയെന്ത്, ലീഗൽ, മെഡിക്കൽ, കോൺസ്റ്റിറ്റ്യൂഷണൽ എന്നൊക്കെ പറയുന്ന മൂന്ന് രീതിയിലാണ് എൻഡോസൾഫാന്റെ സംഗതികൾ പോകുന്നത്. പക്ഷേ ഈ സംഘടനകളിലുള്ള ചില അപര്യാപ്തതകളും, അവരുടെ അഭിപ്രായ വ്യത്യാസങ്ങളും കൊണ്ട് വ്യതിയാനങ്ങൾ ധാരാളമുണ്ടായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, അച്യുതാനന്ദൻ എന്ന ഈ ദീപശിഖ വലിയ ദീപശിഖ തന്നെയാണ്. അങ്ങനെ വിട്ടു പോകുകയൊന്നുമില്ല. മാനുഷികത കൈമുതലാക്കിയ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഏറ്റവും വെളിച്ചം പരത്തുന്ന ആ ദീപശിഖ. അതാണ് കാസർഗോഡ് അദ്ദേഹം നടപ്പിലാക്കിയത്. അതിന്റെ തുടർച്ചകളാണ് നമ്മളിപ്പോൾ സുപ്രീംകോടതിയിൽ പോയിട്ട് 6727 ആളുകൾക്ക് 5 ലക്ഷം രൂപ ആശ്വാസ ധനം വാങ്ങിയത്. അത് നഷ്ടപരിഹാരമാണെന്ന് പറഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിക്കാൻ ധാരാളം ആളുകൾ, സമരരംഗത്തുള്ള സുഹൃത്തുക്കൾ തന്നെയുണ്ട്. പക്ഷേ നമ്മൾ ഇതൊന്നും കണക്കിലെടുക്കുന്നില്ല.
ദീപശിഖ പോലെ ഈ മനുഷ്യനുണ്ടാക്കിയ സംഗതി തുടർന്നു കൊണ്ടു പോകാൻ വേറെയും ആളുകൾ വരും. അത് മുന്നോട്ടു പോകും.
ഇവർക്ക് ഏറ്റവും അത്യാവശ്യമായ സഹായങ്ങൾ ചെയ്യാനുതകുന്ന ഒരു ആശുപത്രിയ്ക്ക് വേണ്ടിയാണ് ഞങ്ങൾ സെർവ് എന്ന സംഘടന കോടതിയിൽ പോയിരിക്കുന്നത്. അതിനു മുൻപ് സുപ്രീംകോടതിയിൽ ആശ്വാസധനം കിട്ടാൻ വേണ്ടി, അതായത് 5 ലക്ഷം എന്നുള്ള ആശ്വാസ ധനം കിട്ടാൻ വേണ്ടി കൃത്യമായി രേഖകൾ സഹിതം കോടതിയെ സമീപിച്ചിരുന്നു. അവർ അഞ്ചു ലക്ഷം രൂപം 6727 ആളുകൾക്ക് കേരള സർക്കാരിനോട് കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തു കഴിഞ്ഞു. ഇനി നമ്മൾ പോകേണ്ടത് ഒരു ട്രിബ്യൂണലിലേക്കാണ്. ആ ട്രിബ്യൂണലിലേക്ക് പോകാനുള്ള ഒരു വഴിയാണ് ഈ ആശ്വാസ ധനം വാങ്ങൾ. അത് വാങ്ങാതിരിക്കുക എന്ന അവസ്ഥയായിരുന്നു കുറേക്കാലം വരെ ഇവിടെ ഉണ്ടായിരുന്നത്. അത് ശരിയായ രീതിയിൽ നൽകാതെ, ആശുപത്രികൾ സ്ഥാപിക്കാതെ കഴിഞ്ഞ കോൺഗ്രസ് ഗവൺമെന്റ് 17 ആശുപത്രികളിലായി എംപാനൽ ചെയ്ത് ഈ രോഗികളെ ബുദ്ധിമുട്ടിച്ചു. രോഗികൾക്ക് പോകാൻ ഒരു ആശുപത്രിയില്ലാതായി. അതിന് ഞങ്ങൾ കോടതിയിൽ പോയി. ഇതിനൊക്കെ പിന്നിലുള്ള ശക്തി എന്നു പറയുന്നത് നമുക്ക് വിഎസ് അച്യുതാനന്ദൻ എന്ന ഭരണാധികാരി തന്ന വലിയ നിശ്ചയദാർഢ്യമാണ്.
ആ നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമായ, ഒരു മഹാനായ രാഷ്ട്രീയ നേതാവിന്റെ വിയോഗം യഥാർത്ഥത്തിൽ ഒരാൾ മരിക്കുമ്പോൾ പുതിയ ഒരാൾ ജനിക്കുമെന്നുള്ള സത്യമാണ്. അത് പ്രകൃതിയുടെ നിയമമാണ്. അത് എവിടെയോ ജനിക്കും. അത് ഏതെങ്കിലും വഴിയിൽ ഇവിടെ വരും. ഈ ജനതയ്ക്ക് പിന്നെയും അതൊരു ശക്തി കേന്ദ്രമായി വളരും. അങ്ങനെ തുടർന്നു പോകുന്ന ഈ പ്രക്രിയകളാണ് മനുഷ്യ വർഗ ചരിത്രം എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ മരണത്തിലുള്ള എന്റെ ആദരാഞ്ജലികൾ ഇവിടെ അർപ്പിക്കുന്നു.





