A Unique Multilingual Media Platform

Articles Culture Kerala Minority Rights

എങ്കളെ മണ്ണ് എങ്കൾക്ക് ‘ – ഒരു നിലമ്പൂർ ആദിവാസി ഗാഥ

  • September 14, 2025
  • 1 min read
എങ്കളെ മണ്ണ് എങ്കൾക്ക് ‘ – ഒരു നിലമ്പൂർ ആദിവാസി ഗാഥ

കഥ ഇങ്ങനെ തുടങ്ങാം. തൊണ്ണൂററിയാറാം വയസ്സിൽ തോൽക്കാൻ മനസ്സില്ലെന്നു പറഞ്ഞ് നട്ടെല്ലു വളയ്ക്കാതെ ജയിലിലേക്ക് നടന്നുകയറി നാടിൻ്റെ ചരിത്രമായി മാറിയവനെ കാണാൻ നിലമ്പൂർ നിന്ന്  സന്മനസ്സുള്ള ഒരു മജീഷ്യൻ എത്തുന്നു. 2024 മാർച്ച് മാസത്തിൽ ആയിരിക്കണം അത്. ആർ.കെ. മലയത്ത്’ എന്ന ആ മാന്ത്രിക വടിക്കാരൻ ഒരു നിവേദനവുമായാണ്  ഗ്രോ വാസു എന്ന വൃദ്ധ രാഷ്ട്രീയ തടവുകാരനെ സമീപിക്കുന്നത്. മാസങ്ങളായി നിരാഹാരസമരമിരിക്കുന്ന തൻ്റെ നാട്ടിലെ യുവതിയുടെ ജീവൻ അപകടത്തിലാണ്. ആരും തിരിഞ്ഞു നോക്കാതെ മരിച്ചു പോവും അവൾ. ജയിൽ മോചിതനായാൽ വാസുവേട്ടൻ അങ്ങോട്ടു വരണം. ബിന്ദു എന്ന ആ യുവതിയെ രക്ഷിക്കണം. 

ഗ്രോ വാസു

നിലമ്പൂരിലെത്തിയ വാസുവേട്ടൻ ITDP ഓഫീസിനു മുമ്പിൽ മരണാസന്നയായി കിടന്ന ബിന്ദു വയ്ലാശ്ശേരിയെയും  കൂട്ടാളികളെയും കാണുന്നു. പ്രശ്നങ്ങൾ പഠിക്കുന്നു. കോടതി വിധിപ്രകാരം ആദിവാസികൾക്കായി കണ്ടെത്തിയ ഏക്കർ കണക്കിന് ഭൂമി അളന്നുതിരിച്ചു കൊടുക്കേണ്ട പ്രശ്നമേയുള്ളു എന്നും അതിന് ഉത്തരവാദപ്പെട്ട ആൾ ജില്ലാ കളക്റ്റർ ആണെന്നും മനസ്സിലാക്കി അദ്ദേഹത്തെ തേടിപ്പോവുന്നു. ആറുമാസത്തിനുള്ളിൽ 50സെൻ്റു ഭൂമി വീതം കൊടുക്കുന്നതായിരിക്കും എന്ന ഉറപ്പിൽ 11 മാസം (314 ദിവസം ) നീണ്ട പട്ടിണി സമരം ബിന്ദു അവസാനിപ്പിക്കുന്നു. സമരത്തിൽ പങ്കെടുത്ത 200 ആദിവാസി കുടുംബങ്ങളിൽ ഭൂമികിട്ടാൻ ഇനി ബാക്കിയുള്ള 60 കുടുംബങ്ങളും സമാധാനപൂർവം കോളനി ജീവിതത്തിലെ ഞെരുക്കങ്ങളിലേക്ക് മടങ്ങുന്നു. ഒരു വീട്ടിൽ നിന്ന് നീട്ടിത്തുപ്പിയാൽ അങ്ങേ മുറ്റത്തു വീഴുന്നത്ര ഇടുക്കങ്ങളിലേക്ക് ! 1മുതൽ 5 ഏക്കർ വരെ ഭൂമിയ്ക്ക് അർഹരാണ്  ഓരോ ആദിവാസികുടുംബവുമെന്ന 2009 ലെ സുപ്രീം കോടതിവിധി നിലനിൽക്കുമ്പോൾ ആണിത് എന്നോർക്കുക. കഥ ഇവിടെ തീരേണ്ടതാണ്. പക്ഷേ ‘കഥയില്ലാത്തവർ’ എന്ന് നാട്ടുജനം വിധിയെഴുതിയവരുടെ കഥ വീണ്ടും നീളുക തന്നെയായിരുന്നു..

ബിന്ദു വൈലാശ്ശേരിയുടെ പ്രതികരണം – ഒപ്പം ഹരിദാസ് കൊളത്തൂർ

ആറു മാസത്തെ കാലാവധി 2024 ഡിസംബറിൽ തീർന്നു. വീണ്ടുമൊരു 5 മാസക്കാലം നീണ്ട കാത്തിരിപ്പിനൊടുവിൽ രണ്ടാംഘട്ട സമരം ആദ്യം നിലമ്പൂരിലും ,ഇപ്പോൾ ജില്ലാഭരണാധികാരിയുടെ ആസ്ഥാനമായ മലപ്പുറംകലക്ടറേറ്റു പടിക്കൽ കുടിൽ കെട്ടിയും നീളുകയാണ്. 118 ദിനങ്ങളായി ഇപ്പോൾ ! അധികാരികളുടെ മാത്രമല്ല, പൊതു സമൂഹത്തിൻ്റെയും നിസ്സംഗതയുടെ അടയാളമെന്നോണം തിരുവോണദിനത്തിൽ ഇലയിട്ട് അക്ഷരാർത്ഥത്തിൽ പട്ടിണി ഉരുട്ടിയുണ്ടു അവർ . നാട്ടുജനമായ നമ്മൾ ഓണ സദ്യയും!

ദേശീയ മാനവിക വേദി (Desheeya Manavika Vedi_DESMUV) പ്രവർത്തകർ രണ്ടാമത്തെ വട്ടമാണ് ഇക്കഴിഞ്ഞ സെപ്തംബർ 11 ന് സമരപ്പന്തലിലെത്തിയത്. പ്രശസ്തകവി കെ. സച്ചിദാനന്ദൻ ചെയർമാനും, പ്രശസ്ത നടനും ആക്ടിവിസ്റ്റും ആയ പ്രകാശരാജ് പേട്രണുമായ ഈ സംഘടനയുടെ നിലമ്പൂർ -മലപ്പുറം പ്രതിനിധികളാണ് ആദ്യവട്ടം പ്രധാനമായി പങ്കെടുത്തതെങ്കിൽ ഈ വട്ടം പല ജില്ലകളിൽ നിന്നായി പ്രതിനിധികളെത്തി. അന്നു മുതൽ ഇന്നുവരെ ആദിവാസികളോടൊപ്പം തന്നെ കഴിയുന്ന വാസുവേട്ടനോടും സമരസഖാക്കളോടുമൊപ്പം ഉണ്ടും പറഞ്ഞും കേട്ടും പാടിയും ഒരു ദിനം. ഇടയിൽ, കലക്ടറെ കണ്ട് നിവേദനം സമർപ്പിക്കുകയും പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. കലക്ടർക്കു സമർപ്പിച്ച നിവേദനത്തിൻ്റെ കോപ്പികൾ ഇ- മെയിലായി മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും എസ്.സി. എസ് ടി മന്ത്രിയുടെയും അരികിലെത്തിക്കാനും ശ്രദ്ധിച്ചിരുന്നു. ഇനിയും പലരുടെയും കനിവു വേണം അവകാശപ്പെട്ട ഭൂമി പട്ടയമായി ചാർത്തിക്കിട്ടാൻ എന്നതാണ് അവസ്ഥ.കുരുക്കുകൾ ഒന്നഴിയുമ്പോൾ മറ്റൊന്ന് മുറുകുന്നു. ഇവിടെ കോടതിക്കുരുക്കുകൾ പണ്ടേ അയഞ്ഞതാണ്. ഇപ്പോൾ കോടതിയലക്ഷൃത്തിൻ്റെ നിലയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത് എന്നു സമരത്തിനിരിക്കുന്നവർക്കറിയാം. അവർ കഥയില്ലാത്തവരൊന്നുമല്ല.

ഗ്രോ വാസു സംസാരിക്കുന്നു.

ആദിവാസികൾക്ക് പ്രതിരോധ സമരങ്ങളുടെ നീണ്ട ചരിത്രമുണ്ട്. ബ്രിട്ടീഷ്കൊളോണിയലിസത്തിനെതിരെ ഇന്ത്യയിലുയർന്ന പ്രതിരോധങ്ങളിലെ ആദ്യ പോരാളികൾ ആദിവാസികളായിരുന്നു. ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളുടെ കലവറകളായ കാടുകളും അവ നിലനിൽക്കുന്ന കുന്നുകളും മലകളും ബ്രിട്ടീഷുകാർക്ക് കീഴടക്കേണ്ട, സ്വന്തമാക്കേണ്ട ഇടങ്ങളായിരുന്നല്ലോ ! സന്താൾ കലാപവും കുറിചൃകലാപവും കൂടാതെ അധികം അറിയപ്പെടാത്ത ആദിവാസിപ്രതിരോധങ്ങൾ അനവധിയാണ് ഇന്ത്യയിൽ. ചൂഷണങ്ങളുടെ നീണ്ട ഗാഥ കൂടിയാണ് ആദിവാസി സമൂഹങ്ങളുടെ നൂറ്റാണ്ടുകളിലൂടെയുള്ള അതിജീവനം. ബ്രാഹ്മണാധിനിവേശം മുതൽ, വൈദേശികാധിനിവേശവും  തേയില – കാപ്പിത്തോട്ട മുതലാളിമാരുടെയും തെക്കൻ കുടിയേറ്റക്കാരുടെയും കയ്യേറ്റങ്ങളും വനപാലന നിയമങ്ങളും ടൂറിസവുമെല്ലാം, കാലങ്ങളായി കഴിഞ്ഞിരുന്ന ഭൂമിയിൽ നിന്ന് അവരെ നിഷ്കാസിതരാക്കി. അവർ തോട്ടങ്ങളിലും കുടിയേറ്റ കർഷകരുടെ കൃഷിയിടങ്ങളിലും പണിയുന്നവർ മാത്രമായി. അവർക്കു വേണ്ടി ശബ്ദിച്ച അപൂർവം ഹൃദയാലുക്കൾ രക്തസാക്ഷികളായി. ജയിലിൽ ഇടിയും തൊഴിയും കൊണ്ട് യുവത്വം നശിപ്പിച്ചു ചിലർ. ഒടുക്കം, ജനാധിപത്യസർക്കാരുകൾ അവർക്കവകാശപ്‌പെട്ടവ കയ്യടക്കിയവരെ ശിക്ഷിക്കുന്നതിനു പകരം  ആദിവാസികളുടെ ജീവനരീതികളും ഭാഷയും ആത്മീയതയും വരെ നഷ്ടമാക്കും വിധം കോളനികൾക്കുള്ളിലേക്കോ  ഫ്ലാറ്റുകളിലെ വേരറ്റ ജീവിതത്തിലേക്കോ അവരെ മാറ്റിപ്പാർപ്പിച്ചു. തങ്ങളുടെ ചൂഷകരെയും ജനാധിപതൃത്തിലെ തങ്ങളുടെ ഭരണഘടനാവകാശങ്ങളെയും പറ്റി അവർ അറിഞ്ഞു തുടങ്ങിയതേയുള്ളു. വടക്ക്, കേന്ദ്രത്തിൽ, അവയെയൊക്കെയിപ്പോൾ അട്ടിമറിച്ചു കൊണ്ട് പുതിയ നിയമനിർമ്മാണങ്ങൾ നടക്കുന്നുണ്ട് എന്നത് മറ്റൊരു ഭീഷണി.

2003 ൽ മുത്തങ്ങയിൽ ദീർഘകാല അവകാശനിഷേധങ്ങൾക്കൊടുവിൽ സർക്കാർ അധീന യൂക്കാലിപ്റ്റസ് വനത്തിൽ കുടിൽ കെട്ടി താമസം തുടങ്ങിയ,  സി.കെ. ജാനുവും ഗീതാനന്ദനും നേതൃത്വം കൊടുത്ത ഗോത്രമഹാസഭയിലെ അംഗങ്ങൾക്കു നേരെ നടന്ന ഭരണകൂട അതിക്രമത്തെപ്പറ്റി രണ്ടു പതിറ്റാണ്ടു ശേഷം പുതു തലമുറ അറിഞ്ഞു തുടങ്ങുന്നു. നരിവേട്ട എന്ന സിനിമയിലൂടെ ആ സംഭവം അവരുടെ മുന്നിലേക്കെത്തേണ്ടി വന്നു അതിന് ! ജാനുവിനും സമരസഖാക്കൾക്കും മഹായാതനകൾക്കവസാനം ഭൂമിലഭിച്ചിട്ടുണ്ട് എന്നത് ആശ്വാസകരം. നിലമ്പൂരിലെ ആദിവാസികളെ അക്ഷരം പഠിപ്പിക്കാൻ സാക്ഷരതാ യജ്ഞത്തിൽ ഭാഗഭാക്കായി ആദിവാസി ഊരുകളിലെത്തി പ്രവർത്തിച്ചിരുന്ന ‘നക്സൽ മൗലവി’യുടെ (റാൻഫെഡ് മൗലവി എന്നു കൂടി അറിയപ്പെട്ടിരുന്ന അബ്ദുഹിമാൻ മൗലവി) ആത്മകഥയുടെ ആമുഖത്തിൽ  അക്ഷരമറിഞ്ഞു തുടങ്ങിയവർ കൂലി ചോദിച്ചു വാങ്ങാൻ  തുടങ്ങിയതിനെപ്പറ്റിയും മൈക്കിനു മുമ്പിൽ വന്നു നിന്ന് പ്രസംഗിക്കാൻ ചങ്കുറപ്പു നേടിയതിനെപ്പറ്റിയും  അദ്ദേഹത്തിൻ്റെ നവസാക്ഷര ആദിവാസിശിഷ്യ ആർ. ചക്കി തന്നെ എഴുതിയത് വായിച്ചിട്ടുണ്ട്. അതെ, അവർ അവരുടെ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കുക തന്നെ ചെയ്യും.

മുത്തങ്ങ സമരം

സമരത്തിലിരുന്നവരിൽ ഭൂമി കിട്ടാൻ ബാക്കിയുള്ളവർ ഇനി 60 കുടുംബങ്ങളാണത്രെ. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ , നിലമ്പൂർ, മങ്കട കോവിലകങ്ങൾ വകയായിരുന്ന ഭൂമിയും തോട്ടം മുതലാളിമാരിൽ നിന്ന് ഒഴിപ്പിച്ചെടുത്ത ഭൂമിയും ഐ.ടി. ഡി.പി. (Integrated Tribal Development Project)ൻ്റെ കീഴിലുള്ള ഭൂമിയും വനഭൂമിയും ഒക്കെ ചേർത്ത് 147 ഓളം കുടുംബങ്ങൾക്ക് 50 സെൻ്റ് വീതം കൊടുക്കാനാവുന്ന ഭൂമി ഇന്ന് റെവന്യു വകുപ്പിൻ്റെ കീഴിലുണ്ട്. ഈ അറുപത് പേർക്ക് കൊടുത്തു കഴിഞ്ഞാൽ, പിന്നീട് വന്ന അപേക്ഷകരുടെ പേരു ചേർത്തുണ്ടാക്കിയ മൂന്നാം ലിസ്റ്റിൽ വരുന്നവർക്കും കൊടുത്തു തുടങ്ങാം. പിന്നെയെവിടെയാണ് പ്രശ്നം? പ്രശ്നമെവിടെയെന്നത് ഗ്രോ വാസുവെന്ന പോരാളിയിൽ നിന്ന് മറഞ്ഞു നിൽക്കില്ലല്ലോ..

കലക്റ്റർ സർക്കാരിന് നല്ല ഉദ്ദേശ്യത്തോടെ, (എന്നു തന്നെ വാസുവേട്ടനും വിശ്വസിക്കുന്നു) കഴിഞ്ഞ ഡിസംബറിനു ശേഷം കൊടുത്ത റിപ്പോർട്ടിലെ ഒരു പ്രയോഗം, അതാണ് പ്രശനമുണ്ടാക്കിയതത്രെ! ‘എവെയ്ലബിൾ ആയ ഭൂമി, സമരം ചെയ്യുന്ന 60 കുടുംബങ്ങൾക്ക് മുൻഗണന നൽകി കൊടുത്തു തുടങ്ങാൻ അനുവദിക്കണം’. സമരക്കാർക്ക് 

മുൻഗണനയോ? അത് ശരിയാവില്ല. ആവശ്യാർത്ഥികൾ കൂടുതലും ഭൂമി കുറവുമെങ്കിൽ നറുക്കിട്ട് മാത്രമേ നൽകാവൂ. Sc/ST വകുപ്പു ഏർപ്പെടുത്തിയ നിയമമാണത്. അതുകൊണ്ട് ഫയൽ എസ്. എസ്ടി വിഭാഗത്തിലേയ്ക്ക് തീർപ്പിനായി അയക്കപ്പെട്ടു. 

60 പേർക്കു കൂടി കൊടുത്താൽ വർഷങ്ങളായി നിലനിൽക്കുന്ന ലിസ്റ്റ് പൂർത്തിയാക്കാമെന്നും സമരം നടന്നു കൊണ്ടിരിക്കെ കിട്ടിയ അപേക്ഷകൾ കൂടി ഉൾപ്പെടുത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ലിസ്റ്റിൽ നിന്ന് ബാക്കിയുള്ളവർക്ക് കൊടുത്തുതുടങ്ങാമെന്നുമേ അദ്ദേഹം ഉദ്ദേശിച്ചിരുന്നുള്ളു. ഇതാണ്  ഇപ്പോഴത്തെ സാങ്കേതിക തടസ്സമെന്നറിഞ്ഞ് വാസുവേട്ടൻ തീവണ്ടി കയറി തലസ്ഥാനത്തെത്തി. റെവന്യു സെക്രട്ടറിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. എന്തു കൊണ്ട് രണ്ടാം ലിസ്റ്റിൽ പെട്ട 60 പേർക്ക് ആദ്യം കൊടുക്കുന്നത് അനർഹ പരിഗണന ആവുന്നില്ല എന്നും പുതിയ അപേക്ഷകരെ തെരഞ്ഞെടുക്കാൻ ഉപയോഗിക്കേണ്ട രീതി, വർഷങ്ങളായി നീതിക്കുവേണ്ടി കാത്തിരിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടാകരുതെന്നും വിശദീകരിച്ചു. പൂർണമായും ശരിയെന്ന് സെക്രട്ടറിയും സമ്മതിച്ചു. എന്നിട്ടും എന്താണ് പ്രശ്നം? അപ്പോഴാണ് ഈ പട്ടയം നൽകൽ നടക്കരുതെന്ന നിർബന്ധ ബുദ്ധിയുള്ളവരാരോ ഇതിനു പുറകിലുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നത്. രാഷ്ട്രീയക്കാരുൾപ്പെടെ പല പ്രമുഖരുടെയും തോട്ടം, ടൂറിസം സംരംഭങ്ങൾ ഇവയിൽ പലതിനും സമീപസ്ഥമെന്നും, അവരുടെ ഭീഷണികൾ സമരത്തിനെതിരെ പലപ്പോഴായി ഉയർന്നിട്ടുണ്ടെന്നും ബിന്ദുവിനെപ്പോലുള്ളവർ പറയുമ്പോൾ അവിശ്വസിക്കേണ്ടതില്ല എന്നുറപ്പാവുന്നത്.

മലപ്പുറം കളക്ടറോടൊപ്പം

കളക്ടറുമായുളള ചർച്ചക്കിടെ പൊന്തിവന്ന ചില കമൻ്റുകൾ ഒരർത്ഥത്തിൽ കൗതുകകരങ്ങളായിരുന്നു. (പുറത്തും ഇത്തരം ചില കമൻ്റുകൾ കേൾക്കുകയുണ്ടായി). കഴിയുന്നത്ര തുറസ്സോടും ആത്മാർത്ഥതയോടും കൂടിയാണ് കലക്ടർ സംസാരിച്ചത് എന്നതു മറക്കാതെ തന്നെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളുടെ സാമൂഹിക പ്രസക്തിയോ ആഘാതമോ കണക്കിലെടുത്ത് അവ പറയേണ്ടിവരികയാണ് – ഇതിനുമുമ്പ് ഭൂമി കിട്ടിയവരിൽ പലരും ആ ഭൂമിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടുപോലുമില്ല. ഭൂമി കിട്ടിയാൽ അവരൊക്കെ കൃഷി  ചെയ്ത് അവിടെ സുഖമായി ജീവിക്കുമെന്നു കരുതുന്നത് ശരിയല്ല. പന്നി, കുരങ്ങ് ശല്യം കാരണം കൃഷിയൊന്നും നടക്കില്ല. പിന്നെ ഭൂമി മാത്രം കൊടുത്താൽ പോരല്ലോ, സ്കൂളും ആശുപതിയും ഒക്കെ വേണ്ടേ എന്നിങ്ങനെ.. സ്കൂളും ആശുപത്രിയും പിന്നാലെ വരേണ്ടതല്ലേ, ഇപ്പോൾ കോടതി വിധിയനുസരിച്ച് ഭൂമി അവരിലേയ്ക്കെത്തിക്കുകയല്ലേ ഭരണാധികാരികളുടെ കടമ എന്ന ചോദ്യത്തിന് അല്ലല്ല, അതും സർക്കാറിൻ്റെ ഉത്തരവാദിത്തം തന്നെ എന്നദ്ദേഹം. 

ഒരു സന്ദേഹവുമില്ല. അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിതസംരക്ഷണത്തിൻ്റെയും അവകാശസംരക്ഷണത്തിൻ്റെയും പൂർണമായ ഉത്തരവാദിത്തം ജനകീയ സർക്കാരുകൾക്കുണ്ട്. അവയ്ക്കു വേണ്ട പ്രാഥമികമായ കാൽവെപ്പുകൾ വേണ്ട സമയത്ത് എടുക്കുക എന്നത് അതിനേക്കാൾ പ്രധാനപ്പെട്ട ഉത്തരവാദിത്തവും. സമരപ്പന്തലുകളിൽ എരിച്ചു കളയാനുള്ളതല്ലല്ലോ പൗരരുടെ ജീവിതം !

സമരപ്പന്തലിൽ തിരിച്ചെത്തി ഇക്കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ ആദിവാസികളുടെ പ്രതികരണക്ഷമത ഞങ്ങൾ കണ്ടു. ആദിവാസികൾ ഭൂമിയിലേക്ക് തിരിഞ്ഞു നോക്കിയില്ല എന് പറയുന്നവർ പട്ടയവിതരണം എന്ന മേളയിൽ മാത്രം തങ്ങളുടെ ഉത്തരവാദിത്തം ഒതുക്കിയതിനെപ്പറ്റി, പട്ടയം ഒരു വെള്ളപ്പേപ്പർ മാത്രമായി, ഇതുകൊണ്ടെന്തിനി ചെയ്യണമെന്നറിയാതെ, പലരുടെയും കയ്യിൽ ഇരുന്നു പോയതിനെപ്പറ്റി,  ഭൂമി സർവെ പ്രവർത്തനങ്ങളിൽ ആദിവാസി പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന കരാർ രേഖ ലംഘിക്കപ്പെടുന്നതിനെപ്പറ്റി ,  ഭൂമി അളന്നു തിട്ടപ്പെടുത്തി കാണിച്ചു കൊടുക്കുക എന്ന ‘ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നടത്തപ്പെടാതെ പോകുന്നതിനെപ്പററി , സ്കൂളിനും ആശുപതിക്കും മുമ്പ് കുടിവെള്ളം ലഭിക്കുന്ന ഭൂമിയിലാണോ തങ്ങൾ കുടിയിരുത്തപ്പെടുന്നത് എന്നറിയാതെ പോയവർ പിന്നീട് നിസ്സഹായരായി പോയതിനെപ്പറ്റി, ഒക്കെ ഓരോരുത്തർ ഓരോരുത്തരായി വിവരിക്കാൻ തുടങ്ങി. 

ആദിവാസിക്ക് ഭൂമി കൊടുത്തിട്ട് കാര്യമില്ല, അതവർ ഉപയോഗിക്കില്ല, അല്ലെങ്കിൽ ആർക്കെങ്കിലും വിറ്റിട്ടോ, കയ്യേറിയോ പോവുകയേയുള്ളു എന്നൊക്കെ പറയുന്ന നാട്ടുബുദ്ധിജീവികളും ചെയ്യുന്നത് അവരെ ഒരു ഏലിയൻ വിഭാഗമായി, നന്നാക്കിയാലും നന്നാവാത്ത വിഭാഗമായി അന്യവൽക്കരിക്കുക തന്നെയാണ്. സാംസ്കാരികമായും, മൂല്യപരമായും അവർ നാട്ടു ജനങ്ങളിൽ നിന്ന് വ്യത്യസ്തരായിരുന്നു. ഇപ്പോഴും വലിയൊരളവുവരെ ആണ്. ലളിതജീവിത ക്ഷമതയിലും ജീവിത നന്മകളിലും ഉയരത്തിലുമാണ് പലപ്പോഴുമവർ. അതിനർത്ഥം ആധുനികതയുടെ സൗകര്യങ്ങൾ അവർക്കാവശ്യമില്ല എന്നല്ലല്ലോ. ഭൂമികിട്ടിയാൽ കൃഷി മാത്രം ചെയ്ത് അവർ കാലങ്ങൾക്കു മുമ്പേയുള്ള അതേ ജീവിതം തുടർന്നുപോകുമെന്ന് പ്രതീക്ഷിക്കേണ്ടതുമില്ല. അവരിലെ യുവാക്കൾക്കും വിദ്യാഭ്യാസത്തിൻ്റെയും ആധുനികസൗ കര്യങ്ങളുടെയും പ്രകാശം വേണം. അവരിലുറങ്ങിക്കിടക്കുന്ന കഴിവുകളെ, കൈത്തൊഴിൽ – കലാ സാധ്യതകളെ, അപൂർവ കാർഷിക സംസ്കാരത്തിലെ നിലനിർത്താനാവുന്നവയെ പരിപോഷിപ്പിക്കുകയും ഭൂമി ഉടമസ്ഥത നൽകുന്ന ആത്മവിശ്വാസത്തോടെ ആധുനികതയെ ഉൾക്കൊള്ളാൻ അവരെ പ്രാപ്തരാക്കുകയുമാണ് വേണ്ടത്. പൊതുജനം ചെയ്യേണ്ടത് അവരെ ചൂഷണം ചെയ്തുള്ള അഭിവൃദ്ധി തങ്ങൾക്കു വേണ്ട എന്ന തീരുമാനമെടുക്കലാണ്. ചൂഷകരാണ്, ചൂഷണവിധേയരല്ല നിന്ദാർഹർ എന്നു തിരിച്ചറിയലാണ്.

ദേശീയമാനവിക വേദി ഈയിടെ തിരൂരിൽ നടത്തിയ ദളിത്- ആദിവാസി സെമിനാറിൽ ഉദ്ഘാടകനായെത്തിയ അസിം പ്രേംജി യൂണിവേഴ്സിറ്റി അധ്യാപകൻ പ്രശാന്ത് ദൊന്തയുടെ ദേശീയ തലത്തിലുള്ള വിശകലനങ്ങളിലും, പാനലിസ്റ്റുകളായി വന്ന പ്രതിഭകളുടെ കേരളീയ പശ്ചാത്തലത്തിലുള്ള വിശകലനങ്ങളിലും ഉയർന്നു കേട്ടതും ഒന്നു തന്നെയാണ്. ഭൂമിയുടെ ഉടമസ്ഥത തന്നെയാണ് ഏറ്റവും പ്രധാനം. അതവന് / അവൾക്ക് ,ഒരു മേൽവിലാസമുണ്ടാക്കുന്നു. സ്വത്വബോധത്തെ സംരക്ഷിക്കുന്നു. ആത്മവിശ്വാസമുണ്ടാക്കുന്നു.. സമൂഹജീവിയാകാൻ, രാഷ്ട്രീയ ബോധമുള്ളയാളാവാൻ പൗരന്  പ്രാഥമികമായി ആവശ്യം ഭൂമിയുടെ അവകാശം തന്നെ. മണ്ണുമായി അഭേദ്യബന്ധമുള്ള ആദിമജനതയ്ക്ക് അതു നിഷേധിച്ചു കൊണ്ട് എന്തു വികസന സങ്കൽപ്പമാണ് ഇന്ത്യയ്ക്ക്, ഇടതുപക്ഷ കേരളത്തിന് മുന്നോട്ടു വെയ്ക്കാനാവുക!

പ്രിയപ്പെട്ട എഴുത്തുകാരേ, സാംസ്കാരിക പ്രവർത്തകരേ, ഈ കഥയിൽ നിങ്ങളുടെ റോളെന്തായിരിക്കും?

 

 

ചിത്രങ്ങൾ: കെ.ടി ബാബുരാജ്

About Author

ഡോ. ഖദീജാമുംതാസ്

ഡോ .ഖദീജാമുംതാസ് - നോവലിസ്റ്റും ലേഖികയുമായ മെഡിക്കൽ ഡോക്ടർ . പി.എസ്., ഗവ. മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റും പ്രൊഫസറുമായിരുന്നു. നാല് നോവലുകളും 3 ചെറുകഥാ സമാഹാരങ്ങളും സാഹിത്യത്തെയും സാമൂഹിക പ്രശ്നങ്ങളെയും അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളുടെ പുസ്തകങ്ങളുടെയും രചയിതാവ്. ബർസ എന്ന നോവൽ 2010-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2016 മുതൽ 6 വർഷം കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയർ പേഴ്‌സൺ സ്ഥാനം വഹിച്ചിട്ടുണ്ട്, ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗമാണ്. പ്രൊഫ. സച്ചിദാനന്ദൻ നയിക്കുന്ന മാനവിക പ്രസ്ഥാനമായ ദേശീയ മാനവിക വേദിയുടെ വൈസ് ചെയർപേഴ്സണും ആണ്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Rajan

Fine write up with objective facts and deep empathy that makes it intimate as well as enlightening. It portrays the tragic trajectory’s of systemic exclusion and exploitation of these most helpless and most vulnerable section of our society by the political system and its discriminatory institutions. We as a whole are indeed a callous and inhuman bunch totally idifferent to their pains and inter-generational traumas. 😡

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.