A Unique Multilingual Media Platform

Articles Culture Literature Society

നജീബ് മഹ്ഫൂസിന്റെ കൈറോ ത്രയം- അധികാരവും ഉയർച്ച താഴ്ചകളും (ഈജിപ്ത് യാത്രാ കുറിപ്പുകൾ #21)

നജീബ് മഹ്ഫൂസിന്റെ കൈറോ ത്രയം- അധികാരവും ഉയർച്ച താഴ്ചകളും (ഈജിപ്ത് യാത്രാ കുറിപ്പുകൾ #21)

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഈജിപ്ഷ്യൻ വിപ്ലവം മുതൽക്ക് 1944ൽ രണ്ടാം ലോകയുദ്ധം സമാപിക്കുന്നതു വരെയുള്ള കാലഘട്ടത്തിലാണ് നജീബ് മഹ്ഫൂസിന്റെ കൈറോത്രയത്തിലെ കഥ നടക്കുന്നത്. മൂന്നു തലമുറകളുടെ കഥ. കൊട്ടാരത്തെരുവ് (പാലസ് വാക്ക്, ബൈനൽ ഖസ്‌റൈൻ/രണ്ട് കൊട്ടാരങ്ങൾക്കിടയിൽ എന്നാണ് ഈ അറബി ശീർഷകത്തിന്റെ വാച്യാർത്ഥം) ആണ് ആദ്യത്തെ നോവൽ. നോവലിലെ കേന്ദ്രബിന്ദുവായി വരുന്നത് അൽ സയ്യിദ് അഹ്‌മ്മദ് അബ്ദ് അൽ ജവാദിന്റെ കുടുംബമാണ്. അവർ താമസിക്കുന്ന തെരുവാണ് കൊട്ടാരത്തെരുവ്. ഇത് പഴയ കൈറോവിലെ ഖാൻ അൽ ഖലീലിയും അൽ അസ്ഹർ സർവകലാശാലയും എല്ലാം ഉള്ള പ്രദേശം തന്നെയാണ്. നജീബ് മഹ്ഫൂസ് ജനിച്ചു വളർന്നതും ഇവിടെ തന്നെ.

നീണ്ട പ്രവേശികയോടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്. ഭാവനാത്മകം എന്നതിനേക്കാൾ ചിലപ്പോഴൊക്കെ ജീവചരിത്രരൂപത്തിലാണ് ആഖ്യാനം. എന്നാൽ, വായനക്കാരുടെ സൂക്ഷ്മശ്രദ്ധ കഥയിലേയ്ക്കും നജീബ് മഹ്ഫൂസിന്റെ മാന്ത്രികമായ ശൈലിയിലേയ്ക്കും അതിന്റെ ഉൾപ്പിരിവുകളിലേയ്ക്കും അവയുടെ ചരിത്ര-രാഷ്ട്രീയ മാനങ്ങളിലേയ്ക്കും വളരെപ്പെട്ടെന്നു തന്നെ ചെന്നെത്തും. എല്ലാം അറിയുന്നവനും എന്നാൽ സ്വയം വെളിപ്പെടാത്തവനും ആയ ഒരാഖ്യാതാവ്, അൽ ജവാദ് കുടുംബത്തിന്റെ വിശദമായ കഥയും കൈറോ നഗരത്തിന്റെ ചരിത്ര-സംസ്‌ക്കാര ഭൂപടവും വിവരിക്കുന്നതു പോലെയാണ് വായനയുടെ അനുഭവം.

നോബൽ സമ്മാനം ലഭിച്ചപ്പോൾ, ഈ നോവൽ ത്രയത്തിന് പാശ്ചാത്യ ലോകത്ത് (യൂസുഫ് ശാഹീന്റെ ഭാഷയിൽ ആംഗ്ലോ സാക്‌സൺ ലോകത്ത്) വൻ സ്വീകാര്യത ലഭിച്ചു. സമൃദ്ധമായ ഒരു വിരുന്നാണിത് എന്ന് ചിക്കാഗോ ട്രിബ്യൂൺ വിശേഷിപ്പിച്ചു. ഡിക്കൻസിന്റെ ലണ്ടൻ പോലെയാണ് മഹ്ഫൂസിന്റെ കൈറോ എന്ന് ന്യൂസ് വീക്ക് താരതമ്യപ്പെടുത്തി.

സമഗ്രാധിപത്യസ്വഭാവമുള്ള കുടുംബാധിപനാണ് അൽ സയ്യിദ് അഹ്‌മ്മദ്. സ്വേഛാധിപതിയും നിഷ്ഠുരശാസകനും. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളിൽ നിന്ന് ഭയ ഭക്തി ബഹുമാനങ്ങൾ ആവശ്യപ്പെടുന്ന യാഥാസ്ഥിതികനായ മതവിശ്വാസിയും ആണിയാൾ. അതേസമയം, വൈകുന്നേരങ്ങളിൽ കൂട്ടുകാരൊത്ത് വേണ്ടത്ര മദ്യപിക്കുകയും ഗണികാഗൃഹങ്ങളിൽ വിനോദലീലകളിലാറാടി അർദ്ധരാത്രിയിൽ വീട്ടിൽ തിരിച്ചെത്തുന്നയാളുമാണ്. ചുരുക്കത്തിൽ തികഞ്ഞ ഇരട്ടത്താപ്പുകാരൻ. സത്യത്തിൽ, ഈ ഇരട്ടത്താപ്പ് ഏറിയും കുറഞ്ഞും നമ്മുടെയൊക്കെയും സ്വഭാവം തന്നെയല്ലേ? മനസ്സുകൊണ്ടെങ്കിലും മതിലു ചാടാത്തവരും നിഗൂഢ കാമനകളിൽ ലയിക്കാത്തവരുമായി ആരാണുള്ളത്. ഈ ആത്മബോധം നമ്മിലുണർത്തുന്ന രീതിയിലുള്ള താദാത്മ്യവത്ക്കരണം അൽ സയ്യിദ് അഹ്‌മ്മദിനോട് തോന്നുന്ന വിധത്തിലാണ് മഹ്ഫൂസിന്റെ അവതരണം എന്നത് എടുത്തു പറയേണ്ടതുണ്ട്.

പൂർണവിധേയയായ ആമിനയാണ് അയാളുടെ ഭാര്യ. മുൻ ഭാര്യയിലുള്ള മകൻ യാസിനടക്കം അഞ്ചു മക്കളാണ് അൽ സയ്യദിനുള്ളത്. ഖദീജ, ഫഹ്മി, ആയിഷ, കമാൽ എന്നിവരാണ് മറ്റു മക്കൾ.

കഥാപാത്രങ്ങളുടെ മാനസികാന്തരങ്ങളിലേയ്ക്കുള്ള അഗാധമായ സഞ്ചാരങ്ങളാണ് മഹ്ഫൂസിന്റെ അവതരണത്തിന്റെ സവിശേഷത. ഓരോരുത്തരുടെയും തീരുമാനങ്ങൾ അവർ തന്നെ തിരുത്തുന്നു. അവരുടെ പ്രതിജ്ഞകൾ അവർ തന്നെ ലംഘിക്കുന്നു. ഈ പിന്തിരിയലുകളുടെ കാരണങ്ങളും വൈകാരികതകളും സൂക്ഷ്മതകളും നമുക്ക് മനസ്സിലാവും. സങ്കീർണമായിരിക്കെ തന്നെ ദുരൂഹമല്ല എന്നതാണ് ഈ ജീവിതാനുഭവങ്ങളുടെ പ്രത്യേകത. വിപ്ലവത്തിനും സ്വാതന്ത്ര്യ വാഞ്ഛകൾക്കുമിടയിലൂടെ കടന്നു പോകുന്ന രാഷ്ട്ര ഭാവനകളുമായി ചേർത്തു വേണം ഈ കുടുംബഗാഥയുടെ ഉള്ളുകള്ളികളും മനസ്സിലാക്കാൻ. അധികാരവും ആധിപത്യവും, രാജ്യത്തിനെ മാത്രമല്ല കുടുംബങ്ങളെയും ബാധിക്കുകയും നിർണയിക്കുകയും ചെയ്യും എന്നത് ലോകയാഥാർത്ഥ്യമാണ്.

ലോകനോവലുകളുടെ ഏറ്റവും നല്ല വായനക്കാരനായ സുഹൃത്ത് ഫസൽ റഹ്‌മാന്റെ പരിചയപ്പെടുത്തലിലൂടെയാണ് നജീബ് മഹ്ഫൂസിന്റെ കൈറോ ത്രയം എന്റെ ധാരണയിലും ഉറപ്പിക്കപ്പെട്ടത്.

ഫസൽ റഹ്‌മാൻ എഴുതുന്നു: അമിതാധികാര പ്രയോഗവും അമിത രക്ഷക ഭാവവും ഒന്നായി പരിണമിക്കുന്ന പ്രകൃതമാണ് ജവാദിന്റെത്. മക്കളെ സ്നേഹിക്കുന്നതും ഉടമസ്ഥപ്പെടുത്തുന്നതും അയാൾക്ക് ഒന്നുതന്നെയാണ്. പെൺകുട്ടികളെ ‘പ്രതിരോധസാധ്യമല്ലാത്ത തിന്മ’ ആയിക്കാണുന്ന അയാൾക്ക് അയാളുടെ ആൺമക്കൾ ‘ചരിത്രത്തിന്റെ ചട്ടക്കൂടിനു വെളിയിൽ’ താൻ മാത്രം നിയന്ത്രിക്കുന്ന പ്രത്യേക ജനുസ്സാണ്. അനിവാര്യമായും സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല എന്നതാണ് ജവാദിന്റെ നിയന്ത്രണ ശക്തിയെ അന്തിമമായി ബാധിക്കുക. മക്കൾ, ആണ്മക്കളും പെൺമക്കളും, വിവാഹപ്രായം ആകുന്നതോടെ അയാളുടെ ഇരട്ട ജീവിതവും പ്രശ്നഭരിതമാകും. തെരുവിലൂടെ ഒഴുകാൻ തുടങ്ങുന്ന കൊളോണിയൽ സൈന്യത്തിന്റെ സാന്നിധ്യവും വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് സൈനികരുമായുണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ നിന്നും സ്വാതന്ത്ര്യ പോരാട്ടത്തിൽ നിന്നും മകനെ പിന്തിരിപ്പിക്കാൻ കഴിയാത്തതും അയാളുടെ പതനത്തെ ത്വരിതപ്പെടുത്തും. പാലസ് വാക്ക് ശരിക്കുമൊരു കുടുംബ ചിത്രമാണ്‌: “ഓരോ കുടുംബാംഗത്തിന്റെയും പാത്രസൃഷ്ടി തികച്ചും പൂർണ്ണമാണ്, ഓരോരുത്തർക്കും ഒരു നിയോഗമുണ്ട് – കാര്യങ്ങളെ കുട്ടികളുടെ കണ്ണിലൂടെ കാണുന്ന കമാൽ, പ്ലേ ബോയ്‌ യാസീൻ, രാഷ്ട്രീയക്കാരൻ ഫഹ്മി, സുന്ദരി ആയിഷ ഗൗരവക്കാരി ഖദീജ. ചെറുതും വലുതുമായ കുടുംബ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്, എല്ലാത്തിന്റെയും മേലുള്ള കുടുംബ നാഥന്റെ ഉറച്ച നിയന്ത്രണവും – എന്നിരിക്കിലും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ നിതാന്ത ഭീഷണി വാതിൽ മുട്ടുന്നുമുണ്ട്.”

കാമനയുടെ കൊട്ടാരം (പാലസ് ഓഫ് ഡിസൈയർ, ഖസ്‌റുൽ ശൗഖ്), കൊട്ടാരത്തെരുവിന്റെ തുടർച്ചയാണ്. ബ്രിട്ടീഷ് അധീനതയിലായിരുന്ന കാലത്ത് ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്ന ഫഹ്‌മി എന്ന, അൽ സയ്യിദ് അഹ്‌മ്മദ് അബ്ദ് അൽ ജവാദിന്റെ മകൻ കൊല്ലപ്പെടുന്നു. ഈ കനത്ത ആഘാതം, അൽ സയ്യിദ് അഹമ്മദിനെ തന്നെ തന്നെ തിരിഞ്ഞു നോക്കാൻ കുറച്ച് പ്രേരിപ്പിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ പ്രലോഭനങ്ങളെ അവഗണിച്ചുകൊണ്ട് മദ്യപാനം, പരസ്ത്രീഗമനം എന്നിവയിൽ നിന്നെല്ലാം അയാൾ മാറി നില്ക്കുന്നു. കുടുംബത്തിനകത്തെ അധികാരവാഴ്ചയിൽ പോലും കുറച്ച് അയവ് വരുത്തുന്നു. ഭാര്യ ആമിനയ്ക്ക് നേരത്തെ അവർക്ക് ഏറ്റവും പ്രിയപ്പെട്ട അൽ ഹുസൈൻ പള്ളിയിൽ പോകാൻ പോലും അനുവാദമില്ലായിരുന്നു. ഒരിക്കൽ ഭർത്താവറിയാതെ അവരവിടെ പോകുന്നതും വഴിയിലുണ്ടാകുന്ന അപകടവുമെല്ലാം സൃഷ്ടിക്കുന്ന സംഘർഷം കൊട്ടാരത്തെരുവിലുണ്ട്.

ആൺമക്കളായ യാസിനും കമാലിനും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു. മകന്റെ മരണത്തിന്റെ വേദന മറന്നു തുടങ്ങുന്നതോടെ, അൽ സയ്യിദ് അഹ്‌മ്മദ് പഴയ ജീവിതാസക്തികളിലേയ്ക്ക് വീണ്ടും കൂപ്പു കുത്തുന്നു. പുതിയ ചില ബാന്ധവങ്ങൾ പോലും അയാളുണ്ടാക്കുന്നു. എന്നാൽ, സനൂബ അയാളുടെ ലൈംഗികാവശ്യത്തെ നിരാകരിക്കുന്നത് അയാളിൽ വലിയ വിക്ഷോഭമുണ്ടാക്കുന്നു. ഒരു സ്ത്രീയും അതിനു മുമ്പ് അയാളോട് ‘വേണ്ട’ അല്ലെങ്കിൽ ‘പറ്റില്ല’ എന്നു പറഞ്ഞിട്ടില്ല. സത്യത്തിൽ അവൾ മുമ്പ് യാസിന്റെ കാമുകിയായിരുന്നതിനാലാണ് അൽ സയ്യദ് അഹ്‌മ്മദിന്റെ താല്പര്യത്തെ പരിഗണിക്കാതിരുന്നത്. സദാചാരവും ധാർമ്മികതയും പ്രവർത്തിക്കുന്നതിന്റെയും ഓരോ വ്യക്തിയിലും അതു ചെലുത്തുന്ന സ്വാധീനങ്ങളും അവരവരുടെ തീരുമാനങ്ങളും എല്ലാം പ്രവചനാതീതമാണല്ലോ.

കൊട്ടാരത്തെരുവിലെന്നതു പോലെ തന്നെ, യാസീൻ പിതാവിന്റെ പാരമ്പര്യം നിലനിർത്തുന്ന വിധത്തിൽ സ്ത്രീ ലമ്പടനായും കുടിയനായും സുഖിമാനായും തുടരുന്നു. എന്നാൽ, പിതാവിന്റെ കാര്യത്തിൽ നിന്ന് വിപരീതമായി, യാസിനെ വിവാദവും തകർച്ചയും സദാ വേട്ടയാടുന്നു. ആദ്യത്തെ വിവാഹബന്ധം തകർന്നതിനാൽ, ഇത്തരം ഇരട്ടജീവിതം അനുവദിക്കുന്ന ഒരു പങ്കാളിയാണ് തനിക്ക് ചേരുക എന്നയാൾ തീരുമാനിക്കുകയും അതിനുള്ള പരിശ്രമങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു.

പിതാവും മകനും സനൂബയും അടങ്ങുന്ന ത്രികോണപ്രേമമല്ല പക്ഷെ, കാമനകളുടെ കൊട്ടാരത്തിലെ പ്രധാന പ്രമേയം. അൽ സയ്യിദ് അഹ്‌മ്മദിന്റെ ഇളയ മകൻ കമാലിന്റെ യൗവനാരംഭവും ജീവിത പരിണാമങ്ങളുമാണ് മുഖ്യ കഥ. അത് ഒരർത്ഥത്തിൽ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രത്തിന്റെ കഥയുമാണ്. കൊട്ടാരത്തെരുവ് അവസാനിക്കുമ്പോൾ കമാലിന് പന്ത്രണ്ടു വയസ്സായിരുന്നു പ്രായം. കുട്ടിത്തത്തിനു ചേർന്ന നിഷ്‌കളങ്കതയോടെ ഖുർ ആൻ പാരായണം ചെയ്യുന്ന കമാൽ, ഈ നോവലിൽ മതനിയമങ്ങളെ ചോദ്യം ചെയ്യുകയും തന്റെ മനസ്സിലെ സങ്കീർണമായ ബോധ സംഘട്ടനങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്നു.

അയാളുടെ കുടുംബത്തിൽ എല്ലാവരും ആരാധിക്കുന്ന അൽ ഹുസൈൻ പള്ളിയിൽ, എല്ലാവരും വിവരിക്കുന്നതു പോലെ, ദിവ്യന്റെ ശവക്കല്ലറയില്ലെന്നും എല്ലാം പ്രതീകാത്മകമാണെന്നും കമാലിന് മനസ്സിലാവുന്നു. തന്റെ മുത്തച്ഛനെപ്പോലെ, കമാലും ഒരു മതപണ്ഡിതനായി മാറുമെന്നായിരുന്നു ആമിനയുടെ പ്രതീക്ഷ. എന്നാൽ, ആധുനികരീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഒരു വരേണ്യ സ്‌കൂളിൽ പഠിച്ച അവൻ പുതിയ കൂട്ടുകാരെ കണ്ടെത്തുകയും പാരമ്പര്യങ്ങളെ സംശയത്തോടെ നോക്കാനുതകുന്ന ആശയങ്ങൾ പരിചയപ്പെടുകയും ചെയ്യുന്നു.

ഫസൽ റഹ്‌മാാന്റെ ബ്ലോഗിൽ നിന്ന്: കൊട്ടാരത്തെരുവിൽ മിന്നു വ്യത്യസ്തമായി ഫ്രഞ്ച് അസ്തിത്വ വാദ ആശയങ്ങളുടെ സ്വാധീനം കാമനകളുടെ കൊട്ടാരത്തിൽ പ്രബലമാണ്, വിശേഷിച്ചും കമാലിന്റെ പാത്ര സൃഷ്ടിയിൽ: “പ്രണയം അവന്റെ തലക്കുമേൽ വിധിവിഹിതം പോലെ തങ്ങിനിന്നു, അവൻ ദുസ്സഹമായ വേദനയുടെ ബന്ധനത്തിലൂടെ അതിൽ കെട്ടിയിടപ്പെട്ടിരുന്നു. അതിന്റെ അനിവാര്യതയിലും ശക്തിയിലും അത് മറ്റെന്തിനെക്കാളുമേറെ പ്രകൃതിയുടെ തന്നെ ഒരു ശക്തിയെ പോലെയായിരുന്നു. അയാളതിനെ ഖേദത്തോടെയും ബഹുമാനത്തോടെയും നിരീക്ഷിച്ചു.

പ്രശ്നം, സത്യം കഠിനമാണ് എന്നതല്ല, മറിച്ച് അജ്ഞതയിൽ നിന്നുള്ള മോചനം ജനിച്ചുപോവുക എന്നതുപോലെ വേദനാകരമാണ് എന്നതാണ്. ശ്വാസം നിലക്കും വരെ സത്യത്തിനു പിറകെ ഓടുക. നിന്നെ സ്വയം പുനസൃഷ്ടിക്കുന്നതിലടങ്ങിയ വേദന അംഗീകരിക്കുക. ഈ ആശയങ്ങൾ മനസ്സിലാകാൻ ഒരു ജീവിതം മുഴുവൻ വേണ്ടിവരും, കുടിച്ചു ലക്കുകെട്ട നിമിഷങ്ങളുമായി ഇഴകോർത്ത ഒരു കഠിന (ജന്മം) മുഴുവനും.”
പാരമ്പര്യ വാദത്തിൽ നിന്ന് ആധുനികതയിലേക്ക് കുതിക്കുകയും ജനായത്ത വികാസത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ മതം പിറകോട്ടു പോകുന്നതിന്റെയും, മദ്യാസക്തി, മയക്കുമരുന്നുപയോഗം, സ്വതന്ത്ര ലൈംഗികത എന്നതൊക്കെ രഹസ്യമായാണെങ്കിലും വർദ്ധിച്ചു വരുന്നതിന്റെയും സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ് ജവാദ് കുടുംബത്തെ പശ്ചാത്തലമാക്കി നോവൽ മുന്നോട്ടുവെക്കുന്ന പ്രമേയങ്ങൾ.

മിഠായിത്തെരുവ് (ഷുഗർ സ്ട്രീറ്റ്, അൽസുക്കരിയ്യ) എന്ന മൂന്നാമത്തെയും അവസാനത്തെയും നോവലിൽ, തന്റെ സുഖജീവിതത്തിനുള്ള വില കൊടുക്കുന്ന അൽ സയ്യിദ് അഹ്‌മ്മദിനെയാണ് നമുക്ക് കാണാനാവുക. രക്തസമ്മർദ്ദവും ഹൃദയരോഗവും എല്ലാം അയാളെ അലട്ടുന്നു. തന്റെ വീട്ടിലെ ഗോവണി പോലും അയാൾക്ക് കയറാനാവുന്നില്ല. അയാളുടെ ഭാര്യ ആമിന ഇപ്പോഴാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യകാലം അനുഭവിക്കുന്നത്. തനിക്കിഷ്ടമുള്ള പള്ളികളിലെല്ലാം പോയി അവർ പ്രാർത്ഥനകൾ നടത്തുന്നു. ഭർത്താവും മകനും മരിച്ചതോടെ സൗന്ദര്യം കൊഴിഞ്ഞ് ജീവഛവമായി തീർന്ന മകൾ ആയിഷ വീട്ടിലേയ്ക്ക് തിരിച്ചുവരുന്നു.

വീടിന്റെ മുകൾ നില കമാലിന്റെ സ്വന്തം താമസസ്ഥലമായി അയാൾ ഇതിനകം മാറ്റിയിട്ടുണ്ട്. പ്രണയനഷ്ടം അയാളെ കൂടുതൽ ചിന്താകുലനാക്കുകയും ഡാർവിൻ, റസ്സൽ, ബെർഗ്‌സൺ, സ്പിനോസ, ലീബ്‌നിസ്, ഷോപ്പനോവർ എന്നിവരുടെയെല്ലാം ദാർശനിക ലോകത്ത് ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നോവലിസ്റ്റിന്റെ ആത്മകഥാംശമുള്ള കമാൽ പത്രത്തിൽ പംക്തിയെഴുതുന്ന ധിഷണാ ശാലിയാണ്.

ഫസൽ റഹ്‌മാന്റെ ബ്ലോഗിൽ നിന്ന്:
രാഷ്ട്രീയമായി, ദേശത്തിന്റെ പുനരുത്ഥാനത്തെ നിരന്തരം തടസ്സപ്പെടുത്തുന്ന അധികാര പ്രയോഗങ്ങൾക്കെതിരെയുള്ള ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയായിരിക്കണം ഇജിപ്ത്യൻ വിപ്ലവം എന്നാണു നോവൽ സൂചിപ്പിക്കുന്നത്. ഇടയ്ക്കിടെ വിപ്ലവകരമായ ചില ഹ്രസ്വ മുന്നേറ്റങ്ങൾ സംഭവിക്കുമ്പോഴും തങ്ങളെ സ്വയം വിമോചിപ്പിക്കുന്നതിനുള്ള ഇജിപ്ത്യൻ ജനതയുടെ കഴിവിൽ അത്ര ശുഭാപ്തിയില്ല മഹ്ഫൂസിന്.

വ്യക്തിയേക്കാൾ സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന പ്രമേയത്തിലാണ് ‘കൈറോ ത്രയം’ ഊന്നുന്നത് എന്നു കാണാം, അത് അൽ സയ്യിദ് കുടുംബം പോലെ ഒരു കുടുംബമായാലും, വഫ്ദിസ്റ്റ് പാർടി രൂപീകരണം ആയാലും. യൂറോപ്പ്യൻ നോവലുകളിലെ നായക കഥാപാത്രത്തിൽ ഊന്നുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി ഇതാണ് മഹ്ഫൂസിന്റെ കൃതിയെ അറബ് നോവൽ എന്ന നിലയിലേക്കു മാറ്റുന്നത്. ആഖ്യാന വീക്ഷണത്തോടൊപ്പം സമയത്തെ നീട്ടിയും കുറുക്കിയും ഉപയോഗിക്കുന്ന രീതിയും ശ്രദ്ധേയമാണ്. നോവൽ ത്രയത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആദ്യ ഭാഗം കൊട്ടാരത്തെരുവ്(Palace Walk) വെറും രണ്ടുവർഷത്തെ കഥ പറയുമ്പോൾ, കാമനയുടെ കൊട്ടാരം(Palace of Desire) കുറേക്കൂടി കൂടിയ വേഗതയിൽ നാലുവർഷം കണക്കിലെടുക്കുന്നു. ഏറ്റവും ദൈർഘ്യം കുറഞ്ഞ മൂന്നാം ഭാഗം മിഠായിത്തെരുവ് (Sugar Street) പത്തുവർഷക്കാലം ഉൾകൊള്ളുന്നു. ഈ സമയ ദീക്ഷ, വൈദേശിക ഭരണത്തിൽ നിന്ന് മോചനം തേടുന്ന ദേശത്തിന്റെ പോരാട്ടത്തിന്റെ കൂടിക്കൂടി വരുന്ന അടിയന്തിരസ്വഭാവം ആവാഹിക്കുന്നു.

ഒരു അത്യുന്നത സാഹിതീയ നേട്ടം എന്ന നിലയിൽ മാത്രമല്ല, ചരിത്രപരവും നരവംശ ശാസ്ത്രപരവുമായ വിലപ്പെട്ട രേഖ എന്ന നിലയിലും മഹ്ഫൂസിന്റെ നോവൽ ത്രയം പ്രസക്തമാണ്‌. സമകാലിക ഇജിപ്തിലെ സാമൂഹിക രാഷ്ട്രീയ അവസ്ഥയെ കുറിച്ചുള്ള അദ്ദേഹത്തിൻറെ നിരീക്ഷണങ്ങൾ ഒരു കുടുംബത്തിന്റെ തീക്ഷ്ണമായ വൈയക്തികാനുഭാവങ്ങളുടെ ഇതിഹാസമായി അവതരിപ്പിക്കുന്നതിലൂടെ, ദേശത്തിന്റെ കലുഷമായ ഒരു ചരിത്ര ഘട്ടത്തിനു ഒരു ഫിക് ഷനൽ രേഖ ചമക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. രാഷ്ട്രീയത്തെയും വ്യക്തിപരതയെയും ഇങ്ങനെ കൂട്ടിവിളക്കിയതാണ് നോവലിന്റെ വൻ വിജയത്തിന് കാരണമായത്‌. നോവലിന്റെ പ്രസിദ്ധീകരണത്തിനു ശേഷം, അൽ സയ്യിദിന്റെ അതികായ ചിത്രം ഇജിപ്ത്യൻ കുലപതി പ്രതിനിധാനത്തിന്റെ ആദിരൂപമായിത്തീർന്നു എന്നതും പ്രസ്താവ്യമാണ്.

 

അറിയിപ്പ്:

ഈ പരമ്പരയുടെ അടുത്ത അദ്ധ്യായങ്ങൾ ഏതാനും ആഴ്ചകൾക്കു ശേഷമായിരിക്കും പ്രസിദ്ധീകരിക്കുക. 2025 ഒക്ടോബർ മൂന്നാമത്തെയും നാലാമത്തെയും ആഴ്ചകളിൽ നടക്കുന്ന ഈജിപ്തിലെ എൽഗോന ചലച്ചിത്രമേളയിൽ ഫിപ്രെസ്‌കി ജൂറിയായി പങ്കെടുക്കുന്നതിന് എനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചെങ്കടലിന്റെ തീരത്തുള്ള എൽഗോന നഗരം ഞങ്ങളുടെ ഏപ്രിൽ യാത്രയിൽ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ അവിടത്തെ വിശേഷങ്ങളായിരിക്കും ഈജിപ്ത് യാത്രാ കുറിപ്പുകളുടെ അടുത്ത അദ്ധ്യായങ്ങളിലുണ്ടാവുക.

അതോടൊപ്പം, മടങ്ങുന്നതിനു മുമ്പ് രണ്ടു ദിവസം കൈറോവിലും ചെലവഴിക്കാനുദ്ദേശിക്കുന്നു.കോപ്റ്റിക് കേവ് ചർച്ച്, നജീബ് മഹ്ഫൂസ് മ്യൂസിയം,നജീബ് മഹ്ഫൂസ് കഫെ- ഡൌണ് ടൗൺ, യൂസുഫ് ശാഹീൻ മെമ്മോറിയൽ, ഇബ്നു തുലൂൺ മസ്ജിദ്, ബെത്ത് സിനാരി-കെയ്റോ ഓൾഡ് വീട് എന്നിങ്ങനെ കഴിഞ്ഞ യാത്രയിൽ പോകാൻ കഴിയാതിരുന്ന ചില സ്ഥലങ്ങളിൽ പോകുന്നതിനു പുറമെ, ഖാൻ അൽ ഖലീലിയുടെ പകൽ ജീവിതവും ഓൾഡ് കൈറോവിന്റെ നിശാജീവിതവും ആണ് കാണാനുദ്ദേശിക്കുന്നത്.


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.