A Unique Multilingual Media Platform

Articles Development Law National

ദേശീയ വിദ്യാഭ്യാസ നയം സംസാരിക്കുന്നത് ആരുടെ ഭാഷയാണ്…?

  • October 27, 2025
  • 3 min read
ദേശീയ വിദ്യാഭ്യാസ നയം സംസാരിക്കുന്നത് ആരുടെ ഭാഷയാണ്…?

പി.എം ശ്രീ എന്ന ചുരുക്കപ്പേരുള്ള “പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ” എന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (എൻ.ഇ.പി) അവിഭാജ്യ ഘടകമായ പദ്ധതിയാണ്. ഈ പദ്ധതിയുടെ ഭാഗമാകാനുള്ള തീരുമാനം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എടുത്തത് 2025 ഒക്ടോബർ 23നാണ്. അതിനുശേഷം ഈ തീരുമാനം പലതലങ്ങളിൽ ചർച്ച ചെയ്യപ്പെടുകയും വിവാദമാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച് “ട്രാൻസിഷൻ സ്റ്റഡീസ്” എന്ന ഗവേഷക-പ്രസാധന സ്ഥാപനം നടത്തിയ പഠനങ്ങൾ ശ്രദ്ധേയമാണ്. ഈ പഠനത്തിലെ ചില അധ്യായങ്ങൾ പുനപ്രസിദ്ധീകരിക്കുകയാണ് ദി ഐഡം. ഈ പഠന പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ലേഖനം കെ.വി മനോജ് എഴുതിയ “ദേശീയ വിദ്യാഭ്യാസ നയം സംസാരിക്കുന്നത് ആരുടെ ഭാഷയാണ്…?” എന്നതാണ്. ഇവിടെ വായിക്കാം.

 

ഇന്ത്യയിൽ ഒരു ജനാധിപത്യ, മതനിരപേക്ഷ, സമൂഹനിർമ്മിതി സാധ്യമാക്കിയതിൽ സ്വാതന്ത്ര്യാനന്തരം രൂപീകരിക്കപ്പെട്ട വിവിധ വിദ്യാഭ്യാസ കമ്മീഷനുകൾക്കും, നയസമീപ നങ്ങൾക്കും, റിപ്പോർട്ടുകൾക്കും വലിയ പങ്കുണ്ട്. പോളിസി ഡോക്യുമെന്റുകൾ ഇക്കാല ഘട്ടത്തിന്റെ മാത്രമല്ല വരുംകാല വിദ്യാഭ്യാസത്തിന്റെ ദിശാസൂചി കൂടിയാണെന്ന് പൊതുവെ വിലയിരുത്തപ്പെടാറുണ്ട്. കോഠാരികമ്മീഷൻ റിപ്പോർട്ടും, 1968-ലെയും 1986-ലെയും ദേശീയവിദ്യാഭ്യാസനയങ്ങളും ഇന്ത്യൻവിദ്യാഭ്യാസത്തിന്റെ ഭാഗധേയത്തെ നിർണായകമായി സ്വാധീനിച്ച സമീപനരേഖകളായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം-2020, അതിന്റെ രൂപകർത്താക്കൾ അവകാശപ്പെ ടുന്നതുപോലെ ഒരു മാതൃകാമാറ്റമാണ് (Paradigm shift). നമ്മുടെ വിദ്യാഭ്യാസത്തിൽ പരിമിതമായെങ്കിലും നിലനിൽക്കുന്ന സാമൂഹികനീതി യുടെയും സമത്വാധിഷ്ഠിത, സൗജന്യ-നിർബന്ധിത വിദ്യാഭ്യാസത്തിന്റെയും നിലപാടുതറയിൽനിന്നുള്ള പ്രകടമായ വ്യതിയാനത്തെയാണ് അതു സൂചിപ്പിക്കുന്നതെന്നു മാത്രം. ഇന്ത്യൻ ജനതയെ പ്രതിനിധീകരിക്കുന്ന സംവാദവേദിയായ പാർലമെന്റിൽ ചർച്ച ചെയ്യാതെ രാജ്യത്തിനാകെ ബാധകമാവുന്ന ദേശീയ നയം ഒരു മന്ത്രിസഭാതീരുമാനത്തിലൂടെ നടപ്പിലാക്കുന്നത് ഈ പ്രക്രിയയൊന്നാകെ സംവാദവിരുദ്ധവും ജനാധിപത്യ നിഷേധവുമാക്കുന്നുണ്ട്. ഒരു വൈജ്ഞാനിക-ബഹുസ്വര സാമൂഹിക ഘടനയുടെ ആധാരശിലയായ വിദ്യാഭ്യാസത്തെ സംബന്ധിച്ച നിയമം ആവിഷ്ക്കരിക്കുമ്പോൾ, നിയമനിർമ്മാണ സഭകൾ ബോധ പൂർവ്വം നിശ്ശബ്ദമാക്കപ്പെടുന്നത് നമ്മുടെ രാജ്യത്തിന്റെ സങ്കീർണമായ രാഷ്ട്രീയ- സാമൂഹ്യാവസ്ഥകളെയാണ് പ്രതിഫലിപ്പിക്കുന്നത്.

 

ദേശീയ നയരേഖയുടെ രാഷ്ട്രീയം

ഇന്ത്യൻവിദ്യാഭ്യാസത്തിൽ നിർണായക പരിവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുതകുന്ന നിഗമനങ്ങളുടെയും, നിർദ്ദേശങ്ങളുടെയും സമാഹാരമാണ് പുതിയ വിദ്യാഭ്യാസ നയമെന്നും, സംഘപരിവാറിന്റെ നിയന്ത്രിത ഇടപെട ലുകൾ മാത്രമാണ് നയരേഖയിൽ കാണുന്നതെന്നും നിരീക്ഷണങ്ങളുയരു മ്പോൾ ദേശീയവിദ്യാഭ്യാസനയം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം സൂക്ഷ്മതലങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

മാർക്കറ്റിനെ ഉദാരമായി സ്വപ്നം കാണുന്ന നിയോ-ലിബറൽ സമീപന ങ്ങളുടെയും, വിദ്യാഭ്യാസ സംവിധാനങ്ങളെയും കരിക്കുലത്തെയും ഏകശിലാ സമാനമാക്കുന്ന കേന്ദ്രീകൃത കാഴ്ചപ്പാടുകളുടെയും, പ്രാപ്യത, തുല്യത, ഗുണമേന്മ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാഭ്യാസത്തിലെ സങ്കീർണപ്രശ്നങ്ങളെ കോർപ്പറേറ്റുകൾക്കും, ആത്മീയ കേന്ദ്രങ്ങൾക്കും വിട്ടുകൊടുക്കുകയും, വിദ്യാഭ്യാസത്തിന്റെ ക്ഷേമരാഷ്ട്രസങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ട ഉത്തര വാദിത്തത്തിൽനിന്ന് രാഷ്ട്രത്തെ മാറ്റിനിർത്തുകയും ചെയ്യുന്നതുമാണ് ദേശീയ വിദ്യാഭ്യാസനയമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.

കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിൽ നിരന്തരമായി നടന്നുവരുന്ന ഒരു രാഷ്ട്രം, ഒരു വിദ്യാഭ്യാസവ്യവസ്ഥ, ഒരു കരിക്കുലം എന്ന ഏകീകൃത സമീപനത്തിലൂന്നുന്നതും, വിദ്യാഭ്യാസത്തിലെ ഫെഡറൽ മൂല്യങ്ങളെയാകെ തകർത്തുകളയുന്നതുമായ അക്കാദമിക സമഗ്രാധിപത്യത്തിന്റെ ഭാഷയാണ് ദേശീയ വിദ്യാഭ്യാസ നയം സംസാരിക്കുന്നതെന്നത് ഇനി രാജ്യം കടന്നുപോകേണ്ട വഴികളെ സംബന്ധിച്ചുള്ള ആപത്ശങ്കകൾ ജനാധിപത്യ വിശ്വാസികളിൽ ഉണ്ടാക്കുന്നുണ്ട്.

 

നയരൂപീകരണത്തിലെ ജനാധിപത്യവിരുദ്ധതയും സുതാര്യതയില്ലായ്മയും

പുതിയ ദേശീയനയത്തിന്റെ രൂപീകരണ പ്രക്രിയ തുടങ്ങുന്നത് ഒന്നാം എൻ.ഡി.എ. ഗവൺമെന്റിന്റെ കാലഘട്ടത്തിലാണ്. അന്നത്തെ മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനി, മുൻ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ ഒരു അഞ്ചംഗ ബ്യൂറോക്രാറ്റിക് കമ്മിറ്റിയെ നിയമിക്കുകയും, കമ്മിറ്റി 2016 മെയ് 27-ന് 230 പേജുള്ള ഒരു റിപ്പോർട്ട് നൽകു കയും ചെയ്തു. എന്നാൽ മന്ത്രാലയം ഈ റിപ്പോർട്ട് പൊതു ചർച്ചയ്ക്കായി സമർപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. അതിനുപകരം മാനവ ശേഷിമന്ത്രാലയം തയ്യാറാക്കിയ (Some Inputs for the Draft Education Policy 2016) എന്നൊരു രേഖ 2016 ജൂലൈമാസം പൊതുജനാഭിപ്രായം ആരായുന്നതിനായി പുറത്തിറക്കി. പൊതുജനങ്ങളും അക്കാദമിക്കുകളും വിവിധ സംഘടനകളുമെല്ലാം റിപ്പോർട്ടിനോടു പ്രതികരിച്ചുകൊണ്ട് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകി. ഇതൊന്നും പരിഗണിക്കാതെയാണ് സ്മൃതി ഇറാനിക്കു ശേഷം മാനവശേഷി വികസന വകുപ്പ് കൈകാര്യം ചെയ്ത പ്രകാശ് ജാവേദ്ക്കർ, എെ.എസ്.ആർ.ഒ. മുൻ ചെയർമാൻ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള 11 അംഗ കമ്മിറ്റിയെ ദേശീയ നയത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി നിയോഗിക്കുന്നത്. 2019 മെയ് 31-ന് കമ്മിറ്റി, 484 പേജുള്ള കരട് റിപ്പോർട്ട് സമർപ്പിക്കുകയും ചർച്ചകൾക്കും പ്രതികരണങ്ങൾക്കുമായി ലഭ്യമാക്കുകയും ചെയ്തു. രാജ്യമെങ്ങുമുള്ള വ്യക്തികളിൽനിന്നും സംഘടന കളിൽനിന്നുമായി രണ്ടുലക്ഷത്തിലധികം പ്രതികരണങ്ങൾ കരടു റിപ്പോർ ട്ടിൻമേൽ എത്തിയെന്നു പറയുമ്പോഴും, അന്തിമ റിപ്പോർട്ടിൽ

അവ പരിഗണിച്ചു വോയെന്ന് വ്യക്തമല്ല. ഇവിടെ ദേശീയവിദ്യാഭ്യാസനയത്തിന്റെ നയരൂപീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട ചില സംശയങ്ങളുയരുന്നുണ്ട്.

ഒന്ന്, ടി.എസ്.ആർ. സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോർട്ടിന് എന്താണ് സംഭവിച്ചത്. പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിന്റെ കാരണമെന്താണ്? അതിലെ നിർദ്ദേശങ്ങൾ കസ്തൂരിരംഗൻ കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടോ?

രണ്ട്, സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോർട്ട് നിലവിലിരിക്കെ Some Inputs for the Draft Education Policy 2016 എന്ന രേഖ പുറത്തിറക്കിയതിന്റെ ഉദ്ദേശ്യ മെന്താണ്? പ്രസ്തുത രേഖയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും അക്കാദമിക്കുകളും നൽകിയ പ്രതികരണങ്ങൾക്കും നിർദ്ദേശങ്ങൾക്കും എന്താണ് സംഭവിച്ചത്? അവ കസ്തൂരിരംഗൻ കമ്മിറ്റിക്ക് ലഭ്യമാക്കിയി ട്ടുണ്ടോ?

മൂന്ന്, കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ കരടിന്മേൽ വന്ന രണ്ടുലക്ഷത്തിലധികം നിർദ്ദേശങ്ങൾ അന്തിമറിപ്പോർട്ടിൽ പരിഗണിച്ചിട്ടുണ്ടോ? പരിഗണിച്ചവ ഏതെല്ലാമാണ്?

നാല്, ഏതെല്ലാം മാർഗ്ഗങ്ങളിലൂടെയാണ് കസ്തൂരിരംഗൻ കമ്മിറ്റി അവരുടെ നിഗമനങ്ങളിലേക്കും, നിർദ്ദേശങ്ങളിലേയ്ക്കും എത്തപ്പെട്ടത്? നിർദ്ദേശങ്ങളും പ്രതികരണങ്ങളും പ്രോസസ് ചെയ്തതിന്റെ രീതിശാസ്ത്രമെന്താണ്?

കരട് നയരേഖ പുറത്തുവന്നപ്പോൾ തന്നെ ഉന്നയിക്കപ്പെട്ട ഇത്തരം ചോദ്യങ്ങൾക്കു ള്ള മറുപടി അന്തിമ നയത്തിലും കാണാനാവുന്നില്ലായെന്നത് രൂപീകരണത്തിലെ നിഗൂഢ സ്വഭാവത്തെയാണ് വെളിവാക്കുന്നത്. വ്യക്തി പരമായ ഒരു അനുഭവം കൂടി ഇവിടെ സൂചിപ്പിക്കാം. എം.എച്ച്.ആർ.ഡി. പുറത്തിറക്കിയ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 13 തീമുകളെ മുൻനിറുത്തി പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുനടന്ന കൺസൾട്ടേറ്റീവ് മീറ്റിംഗിൽ അക്കാദമിക്കുകളും, അധ്യാപകരും ഉയർത്തിയ വിമർശനങ്ങളെയും പ്രതികരണ ങ്ങളെയും ക്രോഡീകരിച്ചുകൊണ്ട് സംസാരിച്ചത് പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിലെ ഒരു സന്യാസിയായിരുന്നു. അന്ന്, അവിടെ, വിദ്യാഭ്യാസത്തി ലുണ്ടാവേണ്ട ഭാരത കേന്ദ്രീകൃത സമീപനത്തിന്റെ അടിയന്തിരാവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. രാജ്യവ്യാപകമായി നടന്നുവെന്നു പറയുന്ന അസംഖ്യം ചർച്ചകളുടെയും കൺസൾട്ടേറ്റീവ് മീറ്റിംഗുകളുടെയും കൂടിയാലോചനകളുടെയും പൊതുസ്വഭാവം വ്യക്തമാക്കുന്നതിനാണ് ഈ സന്ദർഭം ഉദാഹരിച്ചത്.

 

ലിബറലാണ്, പക്ഷേ, സെക്കുലർ അല്ല

സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതും, നമ്മുടെ രാജ്യത്തെ ഒരു ചലനാത്മക വിജ്ഞാനസമൂഹമാക്കി പരിപോഷിപ്പിക്കുന്നതുമായ ഭാരത കേന്ദ്രീകൃതവിദ്യാഭ്യാസ സമ്പ്രദായമാണ് ദേശീയവിദ്യാഭ്യാസനയം അവതരിപ്പിക്കുന്ന ദർശനം. ജനാധിപത്യ-സോഷ്യ ലിസ്റ്റ്-മതേതര കാഴ്ചപ്പാടുകളെപ്പറ്റി 464 പേജുള്ള കരടുറിപ്പോർട്ടിലോ 60 പേജുള്ള അന്തിമ റിപ്പോർട്ടിലോ ആനുഷിംഗിക പരാമർശമെങ്കിലും ഇല്ലാതിരിക്കാൻ നയസൃഷ്ടാക്കൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ “സ്വയംഭരണം’, “ഉദാരത’, “നൈപുണി’, “കേന്ദ്രീകരണം’, “ഘടനാപരമായ പുനക്രമീകരണം’എന്നീ ആശയങ്ങൾ സമൃദ്ധമായി നയരേഖയിലുടനീളം കടന്നുവരികയും ചെയ്യുന്നുണ്ട്. ഭാരത കേന്ദ്രീകൃതവിദ്യാഭ്യാസ സമ്പ്രദായമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ സംജ്ഞ ഇന്ത്യൻ നവോത്ഥാനത്തെപ്പറ്റിയോ, സ്വാതന്ത്ര്യപ്രക്ഷോഭ കാലത്തെക്കുറിച്ചോ, നേതാക്കളെയോ, ദേശീയപ്രസ്ഥാനം മുന്നോട്ടുവച്ച ചിന്താധാരകളെ സംബന്ധിച്ചോ നമ്മുടെ രാജ്യത്ത് രൂപപ്പെട്ടുവന്ന സങ്കലിത സംസ്കാരത്തെപ്പറ്റിയോ ആണെന്ന് ആരും ധരിച്ചുപോവരുത്. നയരേഖയിലെ ഇന്ത്യാ കേന്ദ്രീകൃത സമീപനമെന്നത് പുരാതന ഇന്ത്യയെക്കുറിച്ചു മാത്രമാണ്. അക്കാലത്തെ സർവ്വകലാശാലകളായ നളന്ദ, തക്ഷശില, വിക്രമശില, വളഭി എന്നിവയുടെ വിജ്ഞാന സമ്പ്രദായത്തെയും, മെറ്റലർജി മുതൽ കപ്പൽ നിർമാണം വരെയുള്ള മേഖലകളിൽ നേടിയതെന്നു പറയുന്ന പുരോഗതി യെയുമാണ് നയരേഖ സൂചിപ്പിക്കുന്നത്. ചരിത്രപരമായി ഇനിയും തെളിയി ക്കപ്പെട്ടിട്ടില്ലാത്തതും, മിത്തിക്കൽ സ്വഭാവമുള്ളതുമായ പ്രാചീനസ്ഥാപന ങ്ങളേയും, വ്യക്തികളേയും രേഖ അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക.

The rich heritage of ancient Indian knowledge has been a guiding light for this policy. World class institutions of ancient India, such as Takshasila, Nalanda, Vikramshila and Vallabhi set the highest standards of multidisciplinary teaching and research and hosted scholars and students from across background and countries. Then Indian Education System produced scholars like Charaka and Susruta, Aryabhata, Bhaskaracharya, Chanakya, Madhava, Patanjali, Panini and Thiru valluvar among numerous others. They made seminal contributions to world knowledge diverse fields, such as mathematics, astronomy, metallurgy, medical science and surgery, civil engineering and architecture, ship building and navigation, yoga, fine-arts, chess and more … (P. 4, NEP 2020)

പ്രാചീന ഇന്ത്യൻ സംസ്കാരത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ ബുദ്ധ-ജൈന വിദ്യാഭ്യാസ പാരമ്പര്യത്തെ, ഹിന്ദു-ബ്രാഹ്മണിക്കൽ വിജ്ഞാനപാരമ്പര്യമായി വ്യാഖ്യാനിക്കുകയാണ് നയരേഖ ചെയ്യുന്നത്. ബ്രാഹ്മണേതര വിഭാഗങ്ങളെ വിദ്യാഭ്യാസ ക്രമത്തിന്റെ പുറമ്പോക്കിൽ ഏറെക്കാലം നിർത്തിയിരുന്ന പൗരാണിക വിദ്യാഭ്യാസത്തെ പൊതുവിദ്യാ ഭ്യാസമായി വിലയിരുത്തുന്നത് അപകടകരമായ ചരിത്രവായനാരീതിയാണ്. പ്രാചീന അറിവുകളെല്ലാം യഥാർത്ഥശാസ്ത്രമാണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുകയും അവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, അത്തരം വിഷയമേഖലകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കണമെന്നു കൂടി ദേശീയനയം പറയുമ്പോൾ അതു മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ സ്വഭാവം വ്യക്തമാണ്. These rich legacies to world heritage must not only be nurtured and preserved for posterity but also researched, enhanced and put new uses through our education system. (P.4, NEP 2020)

മറ്റൊരു ഭാഷയ്ക്കുമില്ലാത്ത പ്രാധാന്യം സംസ്കൃതത്തിനു കൽപ്പിച്ചു നൽകുന്നതും, സാംസ്കാരിക ദേശീയതയിലേക്ക് പൗരാണികബിംബങ്ങളുടെ പുനരുജ്ജീവന സാധ്യതകൾ പ്രായോഗികമാക്കുന്നതിനു വേണ്ടി യാണ്. ഇന്ത്യൻ സാഹിത്യത്തെക്കുറിച്ച് മെക്കാളെയുടെ മിനുറ്റ്സിൽ നടത്തിയ അപമാനകരമായ പരാമർശത്തിനു സമാനമായ നിരീക്ഷണവും, സംസ്കൃതവുമായി ബന്ധപ്പെട്ട് ദേശീയ നയം നടത്തുന്നുണ്ട്.

“Sanskrit, also an important modern language, possesses a classical literature that is greater in volume than that of Latin and Greek put together.”

സംസ്കൃതത്തിനു നൽകുന്ന അമിത പ്രാധാന്യം വിവാദമാകാതിരിക്കാൻ മറ്റു ഭാഷകളെ ക്കുറിച്ച് പരാമർശിക്കു ന്നുണ്ടെങ്കിലും, സംസ്കൃതവത്ക്കരണത്തിന്റെ അമിതസ്വാധീനം നില നിൽക്കുന്ന രേഖയാണിത്. ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിനും, വഴി തെളിക്കുകയും, ഇന്ത്യൻ സംസ്കാരത്തിന് ഉറച്ച ഈടുവയ്പുകൾ നൽകുകയും ചെയ്ത മധ്യകാല ഘട്ടവും, നവോത്ഥാന-ആധുനികമുന്നേറ്റങ്ങളും, അക്കാലഘട്ടത്തിന്റെ സംഭാവനകളും പരാമർശിക്കാത്ത ദേശീയവിദ്യാഭ്യാസ നയരേഖയുടെ സമീപനം സംഘപരിവാർ വിദ്യാഭ്യാസകേന്ദ്രങ്ങളുടെ പൊളിറ്റിക്കൽ അജണ്ടയുടെ ഭാഗമാണെന്നതാണ് യാഥാർത്ഥ്യം.

 

പതിയിരിക്കുന്ന ഒളിയജണ്ടകൾ

ഇന്ത്യയുടെ പൗരാണിക സംസ്കാരത്തിനും പൈതൃകത്തിനും പ്രാധാന്യം നൽകി ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ ധാർമിക മൂല്യപഠനം നൽകണമെന്നും വേദിക് കാലഘട്ടത്തിലെ ഗുരുകുല മാതൃകയിലുള്ള പഠനരീതി പ്രോത്സാഹിപ്പിക്കണമെന്നും ദേശീയനയം വ്യക്തമാക്കുന്നു, ഘടനയിലും സമീപനത്തിലും അന്തർദേശീയ മാതൃക സ്വീകരിക്കുമ്പോഴും ഉള്ളടക്കത്തിലും ബോധനശാസ്ത്രത്തിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഏകശിലാസമാനവും അധ്യാപക കേന്ദ്രീകൃതവുമായ രീതികൾ തന്നെയാണ് നിർദ്ദേശിക്കുന്നത് എന്നത് പുതിയ നയത്തെ വൈരുദ്ധ്യാത്മകമാക്കുന്നുണ്ട്. ഇന്ത്യൻ വിദ്യാഭ്യാസത്തിൽ സാർവ്വത്രികത ഉറപ്പുവരുത്തുന്നതിനായി ദേശീയനയം നിർദ്ദേശിക്കുന്ന മാർഗം ഏറെ വിചിത്രമാണ്.

To make it easier for both government as well as no governmental philanthropic organisation to build schools, and to allow alternative models of education, such as gurukulas, pathashaalas, madarasas and home schooling, the requiremetsn of schools, will be made less restrictive.

ഇത്തരത്തിൽ ആത്മീയ വിദ്യാഭ്യാസത്തെ പൊതു വിദ്യാഭ്യാസവുമായി ഉൾച്ചേർക്കാൻ ദേശീയനയം നിരന്തരം ശ്രമിക്കുന്നുണ്ട്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നത് മതാധിഷ്ഠിത വിദ്യാഭ്യാസമായി പരിണമിക്കാനെളുപ്പമാണ്. ഇക്കാര്യത്തിൽ ചില ഉത്തരേന്ത്യൻ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കുപോലും, ഇത്തരത്തിൽ വക്രീകരിക്കപ്പെട്ട കരിക്കുലവും, പുസ്തകങ്ങളും കാരണമാകുന്നുണ്ടെന്ന് പഠനങ്ങളുണ്ടാകുന്നു.

കരിക്കുലം, കോ-കരിക്കുലം, എക്സ്ട്രാ കരിക്കുലം എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ ഒഴിവാക്കി എല്ലാ വിഷയങ്ങളെയും കരിക്കുലമായി പരിഗണിക്കണമെന്ന നിർദ്ദേശം പ്രത്യക്ഷത്തിൽ ആകർഷകമെന്നു തോന്നുമെങ്കിലും ചില ഒളിയജണ്ടകൾ പതിയിരിക്കുന്നുണ്ട്.

There will be no hard separation among ‘curricular’, ‘extra curricular’, ‘co-curricular’ areas among ‘arts’, ‘humanities’, and ‘sciences’ or between ‘vocational’ or ‘academic’ streams. (p. 4.8 NEP 2020)

സവിശേഷമായ വിഷയബന്ധിത പഠനം (Specilaization) ഒഴിവാക്കി പഠിതാവിനെ ജനറലിസ്റ്റ് ആക്കുകയും യോഗയും, വാസ്തുവും, ജ്യോതിഷവും, വേദഗണിതവും കോർ-വിഷയങ്ങളായി കടന്നുവരാനുള്ള സാധ്യതയായും ഇതു മാറിയേക്കാം. നിലവിൽ കോർ-വിഷയങ്ങളായി പരിഗണിക്കപ്പെടുന്ന ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, ഭാഷാപഠനം എന്നിവയ്ക്ക് എന്തു സംഭവിക്കുമെന്ന ചോദ്യമുയരുന്നുണ്ട്. പ്രാദേശികവും ദേശീയവുമായ ഉള്ളടക്കത്തിനുപരി സമകാലികലോകത്തിന്റെ നേർക്കാഴ്ചകളി ലേക്കും തുറസുകളിലേക്കും വ്യാപരിക്കേണ്ടതല്ലേ അതിരുകളും, മതിലുകളുമില്ലാത്ത കാലത്തെ വിദ്യാഭ്യാസം.

 

വികേന്ദ്രീകരണത്തിന്റെ കാലത്തെ കേന്ദ്രീകരണവഴികൾ

പടിഞ്ഞാറൻ മോഡൽ വിദ്യാഭ്യാസഘടനയും, പാഠ്യപദ്ധതി സമീപന ങ്ങളുമാണ് ദേശീയ വിദ്യാഭ്യാസനയം-2020 റോഡ്മാപ്പായി സ്വീകരിക്കുന്നത്, പ്രത്യേകിച്ച് യു.എസ്. മോഡൽ. എന്നാൽ യു.എസ്. ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ച വിദ്യാഭ്യാസ ഘടനയിലെയും, കരിക്കുലം പദ്ധതികളിലെയും വികേന്ദ്രീകൃത-ഉത്തരവാദിത്ത വിഭജനരീതി ഇന്ത്യയുടെ നയത്തിലില്ല. രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥയെ മുൻനിർത്തി വിദ്യാഭ്യാസ ലക്ഷ്യങ്ങൾ ചിട്ടയായി നടപ്പിലാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ തുല്യമായ പങ്കു തിരിച്ചറിഞ്ഞതുകൊണ്ടാണ് 1976-ലെ ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലേക്ക് മാറിയത്. ദേശീയതലത്തിലെ നയസമീപനങ്ങൾക്കനുസൃതമായോ, അല്ലാതെയോ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കു കഴിയേണ്ടതുണ്ട്. എന്നാൽ വിദ്യാഭ്യാസവിഷയങ്ങളിൽ സമീപകാലത്ത് വർധിച്ചുവരുന്ന കേന്ദ്ര ഭരണകൂട ത്തിന്റെ ഏകപക്ഷീയ ഇടപെടലുകൾ വിദ്യാഭ്യാസ വ്യവസ്ഥയിലെയും, നയസമീപനങ്ങളിലേയും, ധനവിനിയോഗത്തിലെയും ഏകായത്ത നിലപാടുകൾക്ക് കാരണമാവുമെന്നും, ഫെഡറൽ സ്വഭാവത്തെ തകർക്കു മെന്നും ആശങ്കയുണ്ടാവുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന കേന്ദ്രീകരണത്തിന്റെ ഭാഷയാണ് NEP 2020ഉം സംസാരിക്കുന്നത്. ഒരു ദേശീയ നയസമീപനം ദേശീയമായിരിക്കുമ്പോൾത്തന്നെ, ഇന്ത്യ പോലെയൊരു ബഹുസ്വര സമൂഹത്തിൽ, വൈവിധ്യങ്ങളെ ആഘോഷിക്കുന്നതുമാവണം.

എന്നാൽ ദേശീയമായ ഒരു പൊതു ഘടനയ്ക്കുപുറമേ ദേശീയതലത്തിൽ NCERT തയ്യാറാക്കുന്ന പാഠപുസ്തകങ്ങൾ, വിലയിരുത്തലിനുള്ള നാഷണൽ അസസ്മെന്റ്സെന്റർ ഫോർ സ്കൂൾ എഡ്യുക്കേഷൻ (NACSE), യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷകൾക്കുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി(NTA), നാഷണൽ അലൈൻസ് ഫോർ ടെക്നോളജി(NEAT), ഗവേഷണാംഗീകാരവുമായി ബന്ധപ്പെട്ട നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF), കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ രാഷ്ട്രീയ ശിക്ഷാ ആയോഗ് (RSA) എന്നിങ്ങനെ വിദ്യാഭ്യാസ പ്രക്രിയയുടെ അക്കാദമിക- ഭരണതലങ്ങളെയെല്ലാം വ്യത്യസ്ത സ്ഥാപനങ്ങളും വ്യവസ്ഥകളും വഴി കേന്ദ്രീകരിക്കുന്നതും ഏകീകരിക്കുന്നതും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തമ്മിലുള്ള താൽപര്യ സംഘ ട്ടനത്തിലേക്കും അത്യന്തികമായി കേന്ദ്ര ഗവൺ മെന്റ് നയം ഏകപക്ഷീയമായി നടപ്പിലാക്കുന്നതിലേക്കും വഴി തെളിച്ചേക്കും. വിദ്യാ്യാസപ്രക്രിയയിലെ വൈവിധ്യപൂർണമായ അന്വേഷണ വഴികളുടെയും, പ്രാദേശിക ഉത്ക്കർഷേച്ഛകളുടെയും, തിരസ്കാരത്തിലേക്കാണ് അത് ഇന്ത്യയെ നയിക്കുക.

 

ഘടനാമാറ്റം എന്തിനുവേണ്ടി

പാഠ്യപദ്ധതിയേയും ബോധനശാസ്ത്രത്തെയും സ്കൂൾ വിദ്യാഭ്യാസത്തിനുള്ള കരിക്കുലം സമീപനങ്ങളെയും നയിക്കുന്നത് 5+3+3+4 എന്ന ഘടനയാ യിരിക്കുമെന്ന് നയം സൂചിപ്പിക്കുന്നു. (4.1 പേജ് 10 NEP 2020) കോത്താരി കമ്മീഷൻ അവതരിപ്പിച്ചതും, 1986-ലെ ദേശീയ വിദ്യാഭ്യാസനയം ഉറപ്പിച്ചതുമായ 10+2+3 എന്ന ഘടന മാറ്റുമ്പോൾ അതിന്റെ ഭരണപരവും, അക്കാദമികവും, മനഃശാസ്ത്രപരവുമായ കാരണങ്ങൾ വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. അമ്പതുവർഷമായി നിലനിൽക്കുന്ന ഘടന മാറ്റുന്നുവെന്നല്ലാതെ അതിന്റെ കാരണങ്ങൾ എവിടെയും വിശദീകരിച്ചു കണ്ടില്ല. ഘടനാമാറ്റം ഗുണമേന്മ വിദ്യാഭ്യാസത്തിനുതകുന്നതെങ്ങനെയെന്നും വ്യക്തമല്ല. വിദ്യാർത്ഥി കേന്ദ്രീകൃത, അവകാശ കേന്ദ്രീകൃത സമീപനത്തിൽ നിന്നുമാറി ഘടനയാണ് എല്ലാം തീരുമാനിക്കുന്നതെന്ന “ഘടനാ കേന്ദ്രീകൃത സമീപനം’ വിദ്യാഭ്യാസ മനഃശാസ്ത്രവുമായോ, ദർശനങ്ങളുമായോ ബന്ധമുള്ളതല്ല. പഠന ലക്ഷ്യങ്ങളിലും, രീതികളിലും, ബോധനശാസ്ത്ര സമീപനങ്ങളിലും പ്രീപൈ്രമറിയും, പൈ്രമറിയും തമ്മിലും സെക്കന്ററിയും, ഹയർസെക്കന്ററിയും തമ്മിലും നിലനിൽക്കുന്ന വ്യത്യാസങ്ങൾ നയരൂപകർത്താക്കൾ പരിഗണി ച്ചതായി തോന്നുന്നില്ല. കൗമാരം, കൗമാരത്തിന്റെ അവസാനം എന്നിങ്ങനെ യുള്ള സൂക്ഷ്മവ്യത്യാസത്തെ പരിഗണിച്ചാണ് കോഠാരി കമ്മീഷൻ ഹയർസെക്കന്ററി സവിശേഷമായ അക്കാദമിക പ്രാധാന്യത്തോടെ നിലനിൽക്ക ണമെന്ന ആശയം അവതരിപ്പിച്ചത്. കൗമാരത്തിലെ ശാരീരിക, സാമൂഹിക വളർച്ചകളെ പഠനത്തിനു വിധേയമാക്കിയ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ റോയ് ഹോപ്കിൻസ് വ്യത്യസ്ത പ്രായത്തിലുള്ള കൗമാരക്കാർ ഇടപഴകുന്നതിലൂടെ ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളെക്കുറിച്ച് Adolescence the Transitional Years എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.

സെക്കന്ററിതലത്തിൽ പഠിക്കുന്ന കൗമാരക്കാരായ കുട്ടികൾക്ക് തങ്ങളുടെ ശാരീരിക വളർച്ചയിലുണ്ടാകുന്ന മാറ്റത്തിന്റെ സാമൂഹികതലം തിരിച്ചറിയാൻ കഴിയില്ലെന്നും എന്നാൽ ലേറ്റർ അഡോളസെന്റ് സ്റ്റേജിലെ ഹയർസെക്കന്ററി കുട്ടിക്ക് അത് സാധ്യമാണെന്നുമുള്ള നിരീക്ഷണം വ്യത്യസ്ത ശാരീരിക-മാനസിക വളർച്ചയുള്ള കുട്ടികളെ ഒരു യൂണിറ്റായി പരിഗണി ക്കുന്നതിലുള്ള അപകടത്തെയാണ് സൂചിപ്പിക്കുന്നത്. മൂന്നു വയസു മുതൽ അഞ്ചു വയസുവരെയുള്ള കുട്ടികളെ ഔപചാരിക വിദ്യാഭ്യാസ വ്യവസ്ഥയി ലേക്കു കൊണ്ടുവരുന്നതും പഠനപ്രക്രിയയുടെ ഭാഗമാക്കുന്നതും ശിശു മനഃശാസ്ത്രത്തിനു വിരുദ്ധമാണ്. വിദ്യാഭ്യാസപരമായി മുന്നേറിയ രാജ്യങ്ങളി ലെല്ലാം ആറോ ഏഴോ വയസ്സാണ് ഔപചാരിക പഠന പ്രക്രിയയിലേക്കുള്ള പ്രവേശന പ്രായമായി കണക്കാക്കിയിട്ടുള്ളത്.

 

സെക്കന്ററിയിൽ സെമസ്റ്ററൈസേഷൻ അപകടം

പഠനപ്രവർത്തനങ്ങളുടെ തുടർച്ചയേയും ഉളളടക്കപരമായ അനുക്രമ വികാസത്തെയും തകർക്കുന്നതും അരാജകത്വത്തിലേക്ക് നയിക്കുന്നതുമാണ് ദേശീയനയം സെക്കണ്ടറി ക്ലാസുകളിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന സെമസ്റ്റർ സമ്പ്രദായം. ഉന്നത വിദ്യാഭ്യാസ മേഖലയിൽപോലും ചോയ്സ് ബേയ്സ്ഡ് സെമസ്റ്റർസിസ്റ്റം പരാജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എപ്പോൾ വേണമെങ്കിലും പ്രവേശനം നേടാവുന്നതും പഠനമുപേക്ഷിച്ച് പോകാൻ കഴിയുന്നതുമായ മൾട്ടിപ്പിൾ എക്സിസ്റ്റ്, എൻട്രൻസ് വ്യവസ്ഥയാണ് ഒമ്പതു മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകൾക്കായി നയം നിർദ്ദേശിച്ചിരിക്കുന്നത്. (4.4, ജ. 11, NEP 2020) പ്രത്യക്ഷത്തിൽ അയവുള്ളതും, വിദ്യാർഥി സൗഹൃദപരവുമായ സമീപനമെന്ന് തോന്നുമെങ്കിലും ദുരുപയോഗത്തിന് ഏറെ സാധ്യതകൾ നൽകുന്നതാണിത്. വൊക്കേഷണൽ വിദ്യാഭ്യാസത്തിലുപയോഗിക്കുന്ന ഈ രീതി ഔപചാരിക പൊതുവിദ്യാഭ്യാസ ക്രമത്തിൽ അവതരിപ്പിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ നിർബന്ധിത സ്വഭാവവും പഠനത്തുടർച്ചയും, നഷ്ടപ്പെട്ട്, വിദ്യാലയമുപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കാനും വിദ്യാഭ്യാസം അനൗപചാരികമായിത്തീരാനുമിടയുണ്ട്.

 

അപ്രസക്തമാകുന്ന അറിവും പ്രസക്തമാവുന്ന നൈപുണികളും

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിവിധ വിദ്യാഭ്യാസ കമ്മീഷനുകളും, ദേശീയ നയങ്ങളും അറിവ് ആർജ്ജിക്കുകയെന്ന മുഖ്യ ലക്ഷ്യത്തിനുസൃത മായാണ് വിദ്യാഭ്യാസത്തെ നിർവചിക്കാൻ ശ്രമിച്ചിട്ടുള്ളത്. നേടിയ അറിവ് സമൂഹത്തിനുവേണ്ടി ഉചിത സാഹചര്യങ്ങളിൽ പ്രയോഗിക്കുകയെന്നതും പ്രധാനമാണ്.

എന്നാൽ പുതിയ വിദ്യാഭ്യാസത്തിലുടനീളം അറിവിനു പകരം നൈപുണി (Skill)കൾക്കും ശേഷി (competence)കൾക്കുമാണ് ഊന്നൽ നൽകിയിട്ടുള്ളത്. ആഗോളീകൃതാനന്തര കാലഘട്ടത്തിൽ മാർക്കറ്റിനാവശ്യമായ തൊഴിൽ ശക്തിയെ സജ്ജമാക്കുന്ന കേന്ദ്രങ്ങളായും പൈ്രവറ്റ്-പബ്ലിക് ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്ഥാപനങ്ങളായും വിദ്യാലയങ്ങൾ മാറ്റപ്പെടുന്നുണ്ട്. രാജ്യാന്തര ഏജൻസികളിലൂടെ ഫ്രെയിംവർക്കുകളായും ഫ്ളാഗ്ഷിപ്പ് പദ്ധതികളായും ഇവ ദേശീയനയ സമീപനങ്ങളിലേക്കും കടന്നുവരുന്നു വെന്നതിന്റെ ഉദാഹരണമാണ് ഔപചാരിക പഠനത്തിൽ തൊഴിലിനെ ആറാം ക്ലാസ്സ് മുതൽ തന്നെ ബന്ധിപ്പിക്കാനുള്ള നീക്കം. കുട്ടികളിൽ തൊഴിൽ അഭിരുചിയും, സംരംഭകത്വ മനോഭാവവും, മികച്ച തൊഴിൽ സംസ്കാരവും രൂപപ്പെടേണ്ടത് അനിവാര്യമെങ്കിലും ഭാഷയിലും, ശാസ്ത്രത്തിലും, സാമൂഹ്യശാസ്ത്രത്തിലും ഗണിതത്തിലും അടിത്തറയുറപ്പിക്കുന്നതിനുമുമ്പ് പ്രാദേശിക തൊഴിൽ പരിസരങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നത് അപകടകരമാണ്.

ഇന്ത്യൻ സ്കൂളുകളിൽ സാധാരണയായി കാണുന്ന പാഠ്യേതര പ്രവർത്തനങ്ങൾ

സെക്കണ്ടറി വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനു മുമ്പുതന്നെ ഒരു വിഭാഗം കുട്ടികളെ വിദ്യാ ഭ്യാസമേഖലയിൽനിന്ന് അടർത്തിയെടുക്കാനുള്ള നീക്കമായി ഇത് വിലയിരുത്തപ്പെടാനിടയുണ്ട്. ഈ നിർദ്ദേശത്തിലൂടെ പാർശ്വവത്കൃത വിഭാഗങ്ങളും, ഭിന്നശേഷിയുള്ളവരും, സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവരും പൊതുവിദ്യാഭ്യാസ പ്രക്രിയയിൽ നിന്ന് ബഹിഷ്കൃതരാകാനിടയായേക്കും.

 

ദേശീയ വിദ്യാഭ്യാസനയവും 2009-ലെ വിദ്യാഭ്യാസാവകാശ നിയമവും

എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ സ്കൂൾ വിദ്യാഭ്യാസ ത്തിനുള്ള ലഭ്യതയും പങ്കാളിത്തവും ഉറപ്പുവരുത്താൻ ശ്രമിച്ച ദേശീയ വിദ്യാഭ്യാസാവകാശ നിയമം നടപ്പിലാക്കിയതിന്റെ പത്താം വർഷമാണിത്. രണ്ടായിരത്തി മുപ്പതോടെ 3 മുതൽ 18 വരെയുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസാവകാശ നിയമം ബാധകമാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസനയം പ്രഖ്യാപിക്കുന്നുണ്ട്. പ്രീ-പൈ്രമറിയിലേക്കും, സെക്കന്ററിയിലേക്കും അവകാശനിയമം വ്യാപിപ്പിക്കേണ്ടതാണെന്ന നിരീക്ഷണങ്ങൾ മുമ്പെയുണ്ട്. എന്നാൽ അതിന് പശ്ചാത്തല സൗകര്യങ്ങൾ, സൗജന്യപാഠപുസ്തകങ്ങൾ, യൂണിഫോം, ഉച്ചഭക്ഷണ പരിപാടി, സ്കോളർഷിപ്പുകൾ, അധ്യാപക പരിശീലനങ്ങൾ, പഠനോപകരണങ്ങൾ എന്നിവയെല്ലാം പ്രീപൈ്രമറി മുതൽ ഹയർ സെക്കന്ററിവരെ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നതിൽ നയം നിശബ്ദത പാലിക്കുകയാണ്. വിദ്യാഭ്യാസാവകാശ നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് അയൽപക്ക വിദ്യാലയങ്ങളെക്കുറിച്ചുള്ളതാണ്. പൈ്രമറിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലും സെക്കന്ററിയിൽ അഞ്ചു കിലോ മീറ്റർ ചുറ്റളവിലും ഒരു അയൽപക്ക വിദ്യാലയം ഉണ്ടാവേണ്ടതാണെന്ന് നിയമം നിഷ്കർഷിക്കുന്നുണ്ട്.

എന്നാൽ 10-20 സ്കൂളുകൾ ചേർന്ന് സ്കൂൾ കോംപ്ലക്സ് രൂപീകരിക്കുമെന്ന വ്യവസ്ഥ അയൽപക്ക വിദ്യാലയമെന്ന അവകാശ നിയമ വ്യവസ്ഥയ്ക്കു ഭീഷണിയാകും. അധ്യാപകർ, കലാ-കായിക പരിശീലകർ, കൗൺസിലർമാർ, എന്നിവരേയും ലബോറട്ടറി കൾ, ലൈബ്രറികൾ, എെ.സി.ടി. ഉപകരണങ്ങൾ, കളിസ്ഥലങ്ങൾ, കളിയുപകരണങ്ങൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം പങ്കിട്ടെടുക്കാനാണ് സ്കൂൾ കോംപ്ലക്സുകൾ സൃഷ്ടിക്കുന്നത്. ഇതിലൂടെ ഓരോ സ്കൂളിലും ഉറപ്പുവരുത്തേണ്ട അടിസ്ഥാന സൗകര്യങ്ങളിൽനിന്നും, അധ്യാപക ലഭ്യതയിൽനിന്നും എളുപ്പത്തിൽ ഒഴിഞ്ഞുമാറാൻ ഭരണകൂടത്തിനു കഴിയും. പൊതു-സ്വകാര്യ വിദ്യാലയങ്ങളെ നിയന്ത്രിക്കുന്നത് ഒരേ മാനദണ്ഡങ്ങളും, അളവുകോലുകളും പ്രക്രിയകളും ഉപയോഗിച്ചായിരിക്കുമെന്നും, വിഭവങ്ങൾ പരസ്പരം ഉപയോഗിക്കാമെന്നുമുള്ള നിർദ്ദേശവും വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിലേക്കുള്ള ചൂണ്ടുപലകയാണ്.

ഭൗതിക സൗകര്യങ്ങളും, അധ്യാപക ലഭ്യതയും ഉറപ്പുവരുത്താതെയാണ് സ്കൂളുകളെ ഓഡിറ്റ് ചെയ്യുന്ന സ്കൂൾ ക്വാളിറ്റി അസ്സസ്മെന്റിൽ അക്രഡിറ്റേഷൻ ഫ്രെയിംവർക്ക് ഉണ്ടാക്കുമെന്ന് ദേശീയനയം പ്രഖ്യാപിക്കുന്നത്. ഇത് വിദ്യാലയങ്ങൾ തമ്മിലും, വിദ്യാലയ സമൂഹങ്ങൾ തമ്മിലും വലിയ വേർതിരിവിനും, അസമത്വത്തിനും കാരണമായേ ക്കാം.

 

ബഡ്ജറ്റും വിദ്യാഭ്യാസവും: യാഥാർഥ്യമെന്ത്?

വിവിധ വിദ്യാഭ്യാസ ഏജൻസികളും കോഠാരി കമ്മീഷനും ജി.ഡി.പി.യുടെ 6% വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കണമെന്നു നിർദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീടുവന്ന ഗവൺമെന്റുകളൊന്നും അത് നടപ്പിലാക്കുകയുണ്ടായില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തിമ റിപ്പോർട്ടിലും ഇതേവാദം ആവർത്തിക്കപ്പെടുകയാണ്. വിദ്യാഭ്യാസ നയത്തിന്റെ കരട് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം 2017-18ലെ ബജറ്റിൽ ജി.ഡി.പി.യുടെ 2.7%വും 2018-19ൽ 3%വും മാത്രമാണ് വിദ്യാഭ്യാസത്തിനായി മാറ്റിവച്ചത്.

പൊതു-ഉന്നത വിദ്യാഭ്യാസമേഖലയിലെ 50 കോടി കുട്ടികൾക്കായി ഈ തുക മാറ്റി വയ്ക്കുമ്പോൾ ഒരു കുട്ടിക്ക് കേവലം 1897 രൂപ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ആളോഹരി ബജറ്റ് വിഹിതം. ഇതേ സ്ഥാനത്ത് ഫിൻലാൻഡ് (7.1%)വും യു.എസ്.(5%)വും യു.കെ. (5.5%)വും ബ്രസീൽ(6%), ഇന്ത്യയുടെ അയൽരാജ്യങ്ങളായ ഭൂട്ടാൻ(7.1%), നേപ്പാൾ (5.1%) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യ വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുന്ന ജി.ഡി.പി. വിഹിതം തികച്ചും അപര്യാപ്തമാണ്. ബൃഹത്തെന്നും, സമഗ്രമെന്നും, നാലാം വ്യവസായ വിപ്ലവത്തിന്റെ കാഹളമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസനയം അവതരിപ്പിക്കുകയും എന്നാൽ അതിന്റെ നിർവഹണത്തിനായി നൽകേണ്ട ധനവിഹിതം ചുരുക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസ പ്രക്രിയയേയും, പശ്ചാത്തല സൗകര്യ വികസന ത്തെയും, ഗുണനിലവാരത്തേയും ബാധിക്കുമെന്നുറപ്പാണ്. സാമൂഹ്യ വികസന സൂചകങ്ങളിൽ ഇന്ത്യ പിൻനിരയിൽ തന്നെ തുടരാനാണ് ഇത് വഴിയൊരുക്കുക.

 

അരികുകളെ കാണാത്ത നയം

ദേശീയ വിദ്യാഭ്യാസനയം അതിന്റെ ചവിട്ടുപടിയായി സ്വീകരിച്ചിരിക്കുന്നത് കമ്പോളത്തെയാണ്. അഞ്ച് ട്രില്യൺ ഇക്കോണമിയിൽനിന്ന് പത്ത് ട്രില്യൺ ഡോളറിലേക്ക് കുതിക്കുമെന്ന സ്വപ്നമാണ് അതു പങ്കുവയ്ക്കുന്നത്. ഈ പ്രാഥമിക ലക്ഷ്യത്തിന്റെ അടിത്തറയിലാണ് മറ്റു നിർദ്ദേശങ്ങളെല്ലാം കെട്ടിയുയർത്തിയിരിക്കുന്നത്. മാനവികതയേയും, മാനുഷികമൂല്യങ്ങളെയും വിദ്യാഭ്യാസത്തിൽ പ്രധാനമായും, പ്രസക്തമായും കാണുന്നവർക്ക് ഇത്തരത്തിൽ നയരൂപീകരണം സാധ്യമാവുമോയെന്ന സന്ദേഹമുയരുന്നുണ്ട്. നയരൂപകർത്താക്കളുടെ വരേണ്യ ജീവിതവീക്ഷണങ്ങളും സമീപനങ്ങളും, സാംസ്കാരിക മൂലധനവുമാണ് നയങ്ങളായി അവതരിപ്പിക്കപ്പെടുന്ന തെന്നിരിക്കെ, ഗ്രാമീണ ഇന്ത്യയിലെ കടുത്ത സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയിലൂടെ കടന്നുപോകുന്ന ദരിദ്രവിദ്യാർഥികൾ അനുഭവിക്കുന്ന വിവേചനങ്ങളോ, തുല്യതയില്ലായ്മയോ നയരേഖകളിൽ അപൂർവ്വമായി മാത്രമേ കടന്നുവരാറുള്ളൂ. പുതിയ ദേശീയ വിദ്യാഭ്യാസ നയവും അതിനൊരപവാദമല്ല. നയം നിർദ്ദേശിക്കുന്ന ഘടനാപരമായ മാറ്റങ്ങൾ, ഗുണനിലവാരം വർധിപ്പിക്കുന്നതിനു പകരം, ഈ മേഖലയിലേക്ക് എത്തിച്ചേരാനാഗ്രഹിക്കുന്ന കുട്ടികളെ തടയുന്നതായി മാറും.

ദേശീയ വിദ്യാഭ്യാസാവകാശ നിയമം നിർദ്ദേശിച്ച സ്വകാര്യ വിദ്യാലയങ്ങളി ലേയ്ക്കുള്ള മാർജിനലൈസ്ഡ് വിഭാഗങ്ങളുടെ 25% സംവരണം ദേശീയ നയത്തിൽനിന്ന് ഒഴിവാക്കപ്പെട്ടത് ആ വിഭാഗത്തിൽപെടുന്ന വിദ്യാർഥികളുടെ തുടർ പഠന സാധ്യതകളെ പരിമിതപ്പെടുത്തിയേക്കും. സെക്കന്ററിയിലെ സെമസ്റ്ററൈസേഷന്റെ ഭാഗമായ മൾട്ടിപ്പിൾ എക്സിറ്റ്-എൻട്രൻസ് സമ്പ്രദായവും, ആറാം ക്ലാസ് മുതൽ ആരംഭിക്കണമെന്നു നിർദ്ദേശിക്കുന്ന തൊഴിൽ പഠനവും, എട്ടാംക്ലാസ് വരെയുള്ള മാതൃഭാഷാ/പ്രാദേശിക ഭാഷാ പഠനവും, സ്കൂൾ കോംപ്ലക്സും, അനിയന്ത്രിതമായ സ്വയംഭരണാവകാശവും, ഓൺലൈൻ വിദ്യാഭ്യാസരീതികളും ഇന്ത്യൻ വിദ്യാഭ്യാസത്തിൽ നിലനിൽക്കുന്ന സാമൂഹ്യ-സാമ്പത്തിക വിടവുകളെ വർധിപ്പിക്കാനിട യാക്കുമെന്നത് തീർച്ചയാണ്. പ്രത്യേകി സാമ്പത്തിക മേഖലകളുടെ മാതൃകയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രത്യേക വിദ്യാഭ്യാസ മേഖലകൾ പട്ടിക ജാതി-പട്ടികവർഗ-ന്യൂനപക്ഷ വിഭാഗങ്ങളെയും, മേഖലകളെയും പൊതുധാരയിൽനിന്ന് മാറ്റി നിർത്തുന്ന എക്സ്ക്ലൂസീവ് മേഖലകളാക്കി മാറ്റിയേക്കും.

 

വൈരുദ്ധ്യങ്ങളുടെ സമാഹാരം

ദേശീയ വിദ്യാഭ്യാസനയം പ്രത്യക്ഷത്തിൽ ആകർഷകമെന്നു തോന്നുന്ന ആശയങ്ങളുടെ മധുരം പുരട്ടിയ സൂക്തങ്ങളാണ് ഉരുവിടുന്നതെങ്കിലും വൈരുദ്ധ്യങ്ങളുടെയും പ്രായോഗികതയില്ലായ്മയുടെയും സമാഹാരമാണെന്ന് ആഴത്തിലുള്ള അന്വേഷണത്തിൽ നിന്നും ബോധ്യമാകും. മൂന്നു മുതൽ പതിനെട്ടുവയസുവരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നു പ്രഖ്യാപിക്കുന്ന നയം സെക്കണ്ടറിതലത്തിൽ (8 മുതൽ 12 വരെ) സെമസ്റ്ററൈസേഷനും, മൾട്ടിപ്പിൾ എക്സിറ്റ്-എൻട്രൻസ് സമ്പ്രദായവും നടപ്പിലാക്കുമെന്നു പ്രഖ്യാപിക്കുന്നു. ഇതു രണ്ടും തമ്മിൽ യോജിച്ചുപോകുന്ന തെങ്ങനെയെന്നു വ്യക്തമല്ല. സെക്കന്ററി പഠനം നിർബന്ധിതമല്ലാതെ വരുന്നത് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാവില്ലേ? ഈ വ്യവസ്ഥ വിദ്യാഭ്യാസസ്ഥാപനങ്ങൾ കുട്ടികൾക്കെതിരായി ഉപയോഗിക്കാനും അവരെ പുറത്താക്കാനും ഉപയോഗിക്കില്ലേ? പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്ക ണമെന്നു പറയുന്ന റിപ്പോർട്ടുതന്നെ പബ്ലിക്-പൈ്രവറ്റ് പാർട്ണർഷിപ്പിനെ ക്കുറിച്ചും പൊതു വിദ്യാലയങ്ങളുടെ സൗകര്യങ്ങൾ സ്വകാര്യ വിദ്യാലയ ങ്ങൾക്കു കൂടി ഉപയോഗിക്കാമെന്നു സൂചിപ്പിക്കുന്നു. ദേശീയതയെക്കുറിച്ച് വാചാലമായി പരാമർശിക്കുന്ന റിപ്പോർട്ട് അവതരിപ്പിക്കുന്നതാകട്ടെ അമേരിക്കൻ മോഡൽ ഘടനയും സമീപനങ്ങളുമാണ്. ഓരോ സ്കൂളും മികവിന്റെ കേന്ദ്രമാവണമെന്നും മികവ് ഉറപ്പാക്കാൻ അയൽപക്ക സ്കൂളുകൾ ഉണ്ടാവണമെന്നും നിർദ്ദേശിച്ച വിദ്യാഭ്യാസാവകാശ നിയമം തിരുത്തി പകരം സ്കൂൾ കോംപ്ലക്സ് എന്ന അവിയൽ സമ്പ്രദായം നിർദ്ദേശിക്കുന്നു. പ്രത്യേക വിദ്യാഭ്യാസ മേഖലകൾ (Zone) എന്ന നിർദ്ദേശവും സൗജന്യ സാർവ്വത്രിക നിർബന്ധിത വിദ്യാഭ്യാസത്തിന് വിരുദ്ധമാണ്. ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്തണമെന്ന് നിർദ്ദേശിക്കുകയും മതപഠനത്തിനും മിത്തുകൾക്കും ആത്മീയവിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും അമിതപ്രാധാന്യം നൽകുകയും ചെയ്യുന്നു. അന്തർദേശീയ നിലവാരത്തെക്കുറിച്ച് ഉറക്കെ പ്രഖ്യാപിക്കുകയും പാഠ്യപദ്ധതി ലഘൂകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. കരിക്കുലത്തിൽ പ്രാദേശിക സാധ്യതകൾ തുറന്നിടണമെന്നു പറയുകയും പാഠ്യ പദ്ധതിയേയും, പാഠപുസ്തകങ്ങളേയും കേന്ദ്രീകരി ക്കുകയും ചെയ്യുന്നു. വാണിജ്യവത്ക്കരണം അവസാനിപ്പിക്കണമെന്നു പ്രഖ്യാപിക്കുകയും, സ്വയംഭരണസ്ഥാപനങ്ങളേയും, സ്വകാര്യ ഇടപെടലു കളേയും പ്രോത്സാഹിപ്പിക്കുന്ന നയം നിർദ്ദേശിക്കുകയും ചെയ്യുന്നു. ദേശീയ

വിദ്യാഭ്യാസനയത്തെ വൈരുദ്ധ്യങ്ങളുടെ സമാഹാരം (Document of paradox) എന്നാരെങ്കിലും വിളിച്ചാൽ അത്ഭുതത്തിന് അവകാശമില്ല.

രണ്ടായിരത്തി മുപ്പതിലേയ്ക്കുള്ള സുസ്ഥിരവികസന അജണ്ടയുമായി ബന്ധപ്പെടുത്തി പ്രാപ്യതയും(Ace), സമത്വതയും (Equtiy), ഗുണമേന്മയുള്ളതും (Qualtiy) താങ്ങാവുന്നതും (Affordabiltiy), ഉത്തരവാദിത്ത മുള്ളതുമായ (Accountabiltiy) അടിസ്ഥാന സ്തംഭങ്ങളിൽ തയ്യാറാക്കപ്പെട്ട തെന്ന് അവകാശപ്പെടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഷയും, ക്രാഫ്റ്റും ആകർഷവും, പോപ്പുലിസ്റ്റ് കയ്യടികൾക്കർഹവുമാണ്. എന്നാൽ ഇന്ത്യയുടെ വിദ്യാഭ്യാസപ്രക്രിയയിൽ നിലനിൽക്കുന്ന അടിസ്ഥാന സൗകര്യമില്ലായ്മ, ലഭ്യതയും പ്രാപ്യതയും, കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, മതിയായ അധ്യാപകരില്ലായ്മ, ഡിജിറ്റൽ അന്തരം, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ, പഠന നിലവാരത്തകർച്ച എന്നിങ്ങനെയുള്ള സങ്കീർണമായ പ്രശ്നങ്ങളെ മുറിച്ചുകടക്കുന്നതിനുള്ള സമഗ്രമായ ശ്രമമെന്ന നിലയിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന വീക്ഷണത്തെയും പ്രവർത്തന പദ്ധതിയെയും ആഴത്തിൽ സമീപിക്കുന്നവർ നിരാശരായേക്കും. സ്വയംഭരണ- ഉദാരവാദ സൂക്തങ്ങളും, കമ്പോളാധിഷ്ഠിത ഒറ്റമൂലി പരിഹാരങ്ങളും മിത്തിക്കൽ ഭ്രമകൽപനകളും, പൗരാണിക ഭാരത കേന്ദ്രീകൃത സങ്കൽപങ്ങളും അവരെ സന്തോഷിപ്പിച്ചേക്കാനിടയില്ല.

 

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസം ഹിന്ദുത്വ മൂശയിലേക്ക്

ദേശീയവിദ്യാഭ്യാസനയ രൂപീകരണത്തോടെ ഔദ്യോഗികവും ഔപചാരിക വുമാക്കപ്പെട്ട ഒരു ഹിന്ദുത്വ വിദ്യാഭ്യാസ പദ്ധതിയ്ക്ക് ഇന്ത്യയിൽ അരങ്ങൊരു ങ്ങുകയാണ്. വ്യത്യസ്ത രൂപങ്ങളിൽ പാഠ്യപദ്ധതിയായും. പാഠപുസ്തക ങ്ങളായും, അത് എതിർ ശബ്ദങ്ങളെയും വിയോജിപ്പുകളെയും തകർത്തു മുന്നേറുകയാണ്.

പാഠപുസ്തകമെന്ന തുറന്ന സംവാദസാധ്യതയെ ചോദ്യങ്ങളില്ലാത്ത അനുസരണയുടേയും, അച്ചടക്കത്തിന്റേയും ഏകമുഖ “മൻ-കി-ബാത്ത്’ ആക്കി മാറ്റുകയാണ്. ജനാധിപത്യ-മതേതര-ബഹുസ്വര സമൂഹസൃഷ്ടിയുടെ ദിശാസൂചിയാവേണ്ട പുസ്തകങ്ങൾ തന്നെ അന്യവത്ക്കരണത്തിന്റയും, അപര വിദ്വേഷത്തിന്റെയും ആയുധപ്പുരകൾക്കു തീ കൊളുത്തുകയാണ്. സമഗ്രാ ധിപത്യ വ്യവസ്ഥയിൽ പാഠ്യപദ്ധതിയും, പാഠപുസ്തകങ്ങളും അൽത്തൂസർ നിരീക്ഷിച്ചതു പോലെ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായല്ല, ഭരണകൂടം തന്നെയായി പരിണമിക്കുകയാണ്.

സംഘപരിവാർ പിന്തുടരുന്ന വിഭജന രാഷ്ട്രീയം വിദ്യാഭ്യാസ മേഖലയെ വിഷലിപ്തമാക്കുന്നതിന്റെ അസ്വസ്ഥജനകമായ വാർത്തകളിലൂടെയാണ് ദേശീയ വിദ്യാഭ്യാസ നയരൂപീകരണഘട്ടം മുതൽ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളി ലൊന്ന് പുസ്തകങ്ങളിൽ നിന്നുള്ള ഇന്ത്യയുടേയും, മധ്യകാല ഇന്ത്യൻ ചരിത്രത്തിന്റെയും, സ്വാതന്ത്ര്യസമരത്തിന്റേയും, നവോത്ഥാന പാരമ്പര്യത്തി ന്റെയും പിൻമടക്കമാണ്.

 

സമഗ്രാധിപത്യകാലത്തെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും

ഏതാനും വർഷങ്ങളായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടി രിക്കുന്ന പാഠ്യപദ്ധതിയിലേയും പാഠപുസ്തകങ്ങളിലേയും വ്യാപകമായ വക്രീകരണങ്ങൾക്കും മുറിച്ചുമാറ്റലുകൾക്കും ശേഷം പൂർണ്ണമായും വലതു പക്ഷവത്ക്കരിക്കപ്പെട്ട ഒരു ഭരണകൂട വ്യവസ്ഥയുടെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും രൂപപ്പെടുകയാണ്.

ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസമെന്ന ദേശീയ വിദ്യാഭ്യാസനയ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതിയും പുസ്തകങ്ങളും എഴുതപ്പെടുന്നത്. ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസമെന്നത് പൗരാണിക ഭാരതകേന്ദ്രീ കരണമാണെന്നും ഇന്ത്യയുടെ മധ്യകാല-ആധുനിക ചരിത്രമില്ലയെന്നതും അന്നേ നിരീക്ഷിക്കപ്പെട്ടതാണ്. പ്രാചീന ഭാരതത്തിലെ ഭൗതികവാദ ദർശന പദ്ധതിയിൽപ്പെട്ട കണാദനോ, കപിലനോ, ചർവാകനോ പോലും അതിൽ സ്ഥാനമില്ല. ബുദ്ധ-ജൈന പാരമ്പര്യത്തേയും, സംസ്കൃതത്തിലല്ലാതെ, പ്രാദേശിക ഭാഷകളിലെഴുതിയവരേയും, ഭക്തി പ്രസ്ഥാനകാലത്തെ അപ്പർ, സംബന്ധർ, മാണിക്കവാസഗർ, ബസവണ്ണ, അക്കമഹാദേവി, ആണ്ടാൾ, കബീർ, ഗുരുനാനാക്ക് എന്നിവരെയെല്ലാം തിരസ്ക്കരിച്ചും തമസ്കരിച്ചും ഏതു ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസമാണ് ഇവിടെ പടുത്തുയർത്താൻ ശ്രമിക്കുന്ന തെന്നതാണ് പ്രധാന ചോദ്യം.

പൗരാണികതയുടെ വന്യ ഫാന്റസികളിലേക്കും, മിത്തുകളിലേക്കും മിഥ്യാഭിമാന ബോധ്യങ്ങളിലേക്കുമുള്ള ഊളിയിടൽ സമഗ്രാധിപത്യ വിദ്യാഭ്യാസ പദ്ധതികളുടെ പൊതുസ്വഭാവമാണ്. ആര്യ വംശശുദ്ധിയുടെ ആദിമ ചോദന കളിലേക്ക് ആൾക്കൂട്ടത്തെ നയിച്ച, ഒന്നാം ലോകയുദ്ധാനന്തര കാലത്തെ ജർമ്മൻ വിദ്യാഭ്യാസ പദ്ധതിയും, റോമാ സാമ്രാജ്യത്തിന്റെ പൗരാണിക പാരമ്പര്യത്തെയും യുദ്ധവീര്യത്തെയും വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ മുസോളിനിയുടെ സഹചാരികളായിരുന്ന ജിയോവനി ജനൈ്റലും, ക്രോച്ചെയും ചേർന്നവതരിപ്പിച്ച ഇറ്റാലിയൻ വിദ്യാഭ്യാസ പദ്ധതിയും ലോകമെങ്ങുമുള്ള ഫാസിസ്റ്റ് വിദ്യാഭ്യാസ

പദ്ധതികളുടെ എക്കാലത്തെയും വലിയ ഉറവിട ങ്ങളായിരുന്നു. ലക്ഷോപലക്ഷം മനുഷ്യരെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കും, ഗ്യാസ് ചേമ്പറുകളിലേക്കും നയിച്ചതിൽ ജർമ്മനി യിലെയും, ഇറ്റലിയിലേയും ക്ലാസ് റൂമുകൾ വഹിച്ച പങ്ക് സാമൂഹ്യ ശാസ്ത്രജ്ഞരുടെ പ്രധാന പഠന വിഷയമാണ്.

ആധുനികതയെയും, അതിന്റെ സൃഷ്ടിയായ ശാസ്ത്ര-ചരിത്ര യാഥാർത്ഥ്യ ങ്ങളെയും കണ്ടെത്തലുകളെയും നിരാകരിക്കുകയെന്നതാണ് ഇവയുടെ പൊതുസ്വഭാവം. ആധുനിക ശാസ്ത്രം കണ്ടെടുത്ത പ്രപഞ്ച സത്യങ്ങളേയും സാങ്കേതിക നേട്ടങ്ങളേയും പൗരാണിക ശാസ്ത്ര പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഏറെക്കാലമായി ഇന്ത്യയിലും നടന്നു വരുന്നുണ്ട്. ദേശീയ ശാസ്ത്രകോൺഗ്രസും, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമെല്ലാം അതിനുള്ള ഭരണകൂട ഉപകരണങ്ങൾ മാത്രമാണ്.

ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ ദശാവതാരവുമായും , ആണവായുധത്തെ ആഗ്നേയാസ്ത്രവുമായും, പ്ലാസ്റ്റിക് സർജറിയെ ഗണപതിയുമായും താരതമ്യ പ്പെടുത്ത പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുന്നത് ദേശീയ ശാസ്ത്ര കോൺഗ്രസിലാണ്. ശാസ്ത്രകാരൻമാരെന്ന് അവകാശപ്പെടുന്നവരുടെ ഒരു വലിയ സംഘം കഴിഞ്ഞ ഏതാനും വർഷങ്ങളായി ശാസ്ത്രത്തെ വിശ്വാസ വുമായും മതവുമായും കൂട്ടിക്കെട്ടുന്നതിനുള്ള വ്യഗ്രതയിലാണ്.

വിജ്ഞാൻ ഭാരതി, സ്വദേശി പ്രസ്ഥാനം തുടങ്ങി പ്രത്യക്ഷത്തിൽ ശാസ്ത്ര പ്രചാരകരെന്നു തോന്നുന്ന സംഘടനകളും ചില ശാസ്ത്ര പ്രചാരകരും ശാസ്ത്രവിരുദ്ധ, മിത്തിക്കൽ ആശയങ്ങൾക്ക് ശാസ്ത്രത്തിന്റെ മുഖവും രീതിശാസ്ത്രവും കല്പിച്ചു കൊടുക്കാൻ മത്സരിക്കുകയാണ്. വിമാനവും, റഡാറും, ഗോളാന്തര യാത്രകളും, മെറ്റലർജിയും, കപ്പൽ നിർമ്മാണവുമെല്ലാം പ്രാചീന ഇന്ത്യയിലുണ്ടായിരുന്നുവെന്ന് ദേശീയ വിദ്യാഭ്യാസ നയരേഖയുടെ ആമുഖത്തിൽ എഴുതി വയ്ക്കുമ്പോൾ അത് മിത്തോ, ചരിത്രമോ എന്നറിയാതെ ആളുകൾ ആശയക്കുഴപ്പത്തിലാവുകയാണ്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കതും ഭാരത കേന്ദ്രീകൃത ഗവേഷണ പദ്ധതികൾക്കായി കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്. വേദങ്ങളിലും പുരാണങ്ങളിലും പരാമർശിക്കുന്ന സ്ഥലങ്ങളും സംഭവങ്ങളും ആശയങ്ങളും കണ്ടെത്തുന്നതിനുള്ള പഠനം എൻഐടികളും ഐസറുകളും ഉന്നത സർവകലാശാലകളും കേന്ദ്രീകരിച്ച് നടക്കുകയാണ്. സരസ്വതി നദി കണ്ടെത്തുന്നതിനുള്ള പഠന പ്രൊജക്ടിന് ഹരിയാന ഗവൺമെന്റും മൃതസഞ്ജീവനി കണ്ടെത്തുന്നതിനുള്ള പ്രൊജക്ടിന് ഉത്തരാഖണ്ഡ് ഗവൺമെന്റും വൻ തുകയാണ് വകയിരുത്തിയത്. ഹരിയാന സർക്കാർ അടുത്തിടെ പുറത്തിറക്കിയ ചരിത്ര പുസ്തകങ്ങളിൽ വിഭജനത്തിന് കോൺഗ്രസിനെയും ഗാന്ധിയേയും കുറ്റപ്പെടുത്തുകയും, സ്വാതന്ത്ര്യ സമരത്തെയും സാംസ്കാരിക ദേശീയതയേയും ഉണർത്തുന്നതിൽ ആർ എസ് എസിന്റെ പങ്കിനെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. സരസ്വതി – സിന്ധു നാഗരികത, സവർക്കർ, ഹെഡ്ഗേവാർ എന്നിവരും വിശദാംശങ്ങളോടെ കടന്നുവരുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഹിന്ദുമത ഗ്രന്ഥമായ ഭഗവത് ഗീത പാഠ്യപദ്ധതിയിലുൾപ്പെടുത്തി പഠിപ്പിച്ചു വരുന്നതും ഇതിനൊപ്പം ചേർത്തു വായിക്കണം.

രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളെയും പുരാണങ്ങളേയും ഫിസിക്സുമായും, കെമിസ്ട്രിയുമായും മറ്റ് ശാസ്ത്ര മേഖലകളുമായും ബന്ധിപ്പിക്കുന്ന നൂറു കണക്കിന് പുതിയ കോഴ്സുകളാണ് വിവിധ സർവകലാശാലകളിൽ ആരംഭിച്ചിരിക്കുന്നത്. ഏറ്റവുമൊടുവിൽ എെ.എസ്. ആർ.ഒ-യുടെ ചാന്ദ്രയാൻ-3 ദൗത്യത്തെക്കുറിച്ചുള്ള എൻ.സി.ഇ.ആർ.ടി വായനാസാമഗ്രിയിൽ ബഹിരാകാശ ശാസ്ത്രത്തെ അമർച്ചിത്ര കഥകളാക്കി മാറ്റുകയാണ്. പ്രാചീനകാലത്ത്. ഇന്ത്യയിൽ പറക്കുന്ന വാഹനങ്ങളും, രഥങ്ങളും, വിമാനങ്ങളുമുണ്ടായിരുന്നെന്നും, പ്രാചീന ഋഷീവരൻമാർക്ക് എയ്റോ ഡൈനാമിക്സിൽ നൈപുണ്യ മുണ്ടായിരുന്നുവെന്നുമാണ് കണ്ടെത്തൽ. പൗരൻമാരിൽ ശാസ്ത്രീയബോധ്യവും, ധാരണയുമുണ്ടാ ക്കണമെന്ന ഭരണഘടനാ വ്യവസ്ഥ മൗലിക കടമയായി നിലവിലുള്ള രാജ്യത്തെ കുട്ടികളിലേക്കാണ് ശാസ്ത്ര വിരുദ്ധതയുടെ ആശയങ്ങൾ വിക്ഷേപിക്കുന്നത്.

ഇന്ത്യയുടെ യഥാർത്ഥ ശാസ്ത്ര-ചരിത്ര സംഭാവനകളെയാകെ മറച്ചു പിടിച്ചും നിരാകരിച്ചുമാണ് ശാസ്ത്രവിരുദ്ധ വ്യാജ നിർമിതികൾക്ക് അരങ്ങൊരുങ്ങുന്നത്. ജനാധിപത്യ-മതേതര-ശാസ്ത്രീയ- വിദ്യാഭ്യാസത്തിലൂടെ രൂപപ്പെട്ട ഇന്ത്യൻ നവോത്ഥാനത്തിന്റെ അടിസ്ഥാന ശിലകളിലൊന്ന് ശാസ്ത്രചിന്തയുടെയും ശാസ്ത്രീയാന്വേഷണങ്ങളുടെയും വ്യാപനമായിരുന്നു. പ്രഗത്ഭമതികളായ ഒരു സംഘം ശാസ്ത്രകാരും അവരുടെ കണ്ടെത്തലുകളുമാണ് ആധുനിക ഇന്ത്യയെ സൃഷ്ടിച്ചതെന്നത് മറക്കാനാവില്ല. സി.വി രാമൻ, ജഗദീശ് ചന്ദ്രബോസ്, ശ്രീനിവാസ രാമാനുജൻ, പ്രഫുല്ലചന്ദ്ര റേ, മേഘനാഥ് സാഹ, വിക്രം സാരാഭായ്, ഹോമി ജഹാംഗീർ ഭാഭ, സുബ്രഹ്മണ്യം ചന്ദ്രശേഖർ, സതീഷ് ധവാൻ, സി.എൻ.ആർ റാവു, യശ്പാൽ എന്നിവരുടെ സംഭാവനകളെയൊന്നും പരിഗണിക്കാതെ പ്രാചീന ഭാരതത്തിലേക്കുള്ള പിന്തിരിഞ്ഞു നോക്കൽ ഇന്ത്യൻ വിദ്യാഭ്യാസത്തെ പുതിയ സഹസ്രാബ്ദത്തിൽ എവിടേക്കാണ് നയിക്കുന്നത്? ആത്യന്തികമായി മരിച്ചു വീഴുന്നത് ഇന്ത്യയുടെ സമൂഹനിർമ്മിതിയുടെ ആധാരശിലയായ ജനാധിപത്യ-മതേതര-ശാസ്ത്രീയ വിദ്യാഭ്യാസമെന്ന ഉദാത്താശയമാണ്.

 

മുറിച്ചു മാറ്റുന്ന ഇന്ത്യയും മുറിച്ചു മാറ്റാനാവാത്ത ചരിത്രവും

പുതിയ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതി രൂപീകര ണത്തിന്റെ 25 ഫോക്കസ് ഗ്രൂപ്പുകളിലൊന്നായ സാമൂഹ്യ ശാസ്ത്രത്തിന്റെ പൊസിഷൻ പേപ്പറിലാണ് ഇന്ത്യയെന്ന പേരുമാറ്റി ഭാരതമെന്നാക്കി മാറ്റണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളുണ്ടായത്.മലയാളിയായ സി.എെ. എെസക് അധ്യക്ഷനായ ഏഴംഗ എൻ.സി.ഇ.ആർ.ടി. സാമൂഹികശാസ്ത്ര പാഠപുസ്തക പരിഷ്കരണ സമിതി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ സാമൂഹ്യശാസ്ത്ര വിദ്യാഭ്യാസ പദ്ധതിയിലും സമീപനത്തിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയാണ്.

ഇന്ത്യയും ഭാരതവുമെന്ന് മാറി മാറി ഉപയോഗിക്കുന്നത് കുട്ടികളിൽ ആശയക്കുഴപ്പത്തിനിടയാക്കുന്നതിനാൽ പാഠപുസ്തകങ്ങളിൽ ഭാരതം മാത്രം മതി.സ്വാതന്ത്ര്യസമരചരിത്രപഠനം ചുരുക്കി 75 വർഷത്തെ സ്വാന്ത്ര്യാനന്തര ഭാരതചരിത്രം വിശദമായി പഠിപ്പിക്കണം, ഹിന്ദു രാജാക്കന്മാരുടെ യുദ്ധപരാജയ ങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ ഒഴിവാക്കി അവരുടെ യുദ്ധവിജയ കഥകൾ ഉൾപ്പെടുത്തണം. പ്രാചീന-മധ്യകാല -ആധുനിക ചരിത്രമെന്ന കാല വിഭജനം ബ്രിട്ടീഷ് സൃഷ്ടിയായതിനാൽ പൗരാണിക ചരിത്രത്തെ ക്ലാസിക്കൽ ചരിത്രമെന്ന് മാറ്റി വിളിക്കണം എന്നിങ്ങനെ പോകുന്നു സമിതിയുടെ നിർദ്ദേശങ്ങൾ.

ഇന്ത്യയെന്ന പേര് ഒരു സാംസ്കാരിക സമന്വയ ജീവിത വ്യവസ്ഥയെ സൂചിപ്പി ക്കുന്നതാകയാൽ അതു മാറ്റി ഭാരതമെന്നാക്കണമെന്ന വാദം സംഘപരിവാർ വ്യത്യസ്ത കാലഘട്ടങ്ങളിലായി ഉന്നയിച്ചിട്ടുണ്ട്. ആർ.എസ്.എസ് രൂപീകരണത്തിന്റെ നൂറാം വർഷത്തിൽ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ നിരാകരിക്കുന്നതും സാംസ്കാരിക ദേശീയതയെ ആഘോഷിക്കുന്നതുമായ ഒരു പ്രയോഗം അവർക്കാവശ്യമുണ്ട്. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് പ്രസംഗങ്ങളിലൂടെ പല തവണ അത് വ്യക്തമാക്കി യിട്ടുമുണ്ട്. ജി-20 സമ്മേളനത്തിലാരംഭിച്ച , രാഷ്ട്രീയ-നയതന്ത്ര മേഖലകളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി ഭാരതത്തെ സ്ഥാപിക്കാനുള്ള നീക്കത്തിന്റെ സാംസ്കാരിക പരിസരം സൃഷ്ടിക്കാനുള്ള ശ്രമമാണ് പാഠ്യപദ്ധതിയിലൂടെയും, പാഠ പുസ്തകങ്ങളിലൂടെയും നടത്തപ്പെടുന്നത്.

വിവിധ ചരിത്രഘട്ടങ്ങളിൽ ഇന്ത്യ, ഭാരതം, ഭാരതവർഷം, ആര്യാവർത്തം, ഹിന്ദുസ്ഥാൻ, അൽഹിന്ദ് എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ രാജ്യം വിളിക്കപ്പെട്ടിട്ടുണ്ട്. മുൻകാലങ്ങളിലെ പാഠ്യപദ്ധതികളിലും പുസ്തകങ്ങളിലും ഈ പേരുകൾ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. മനുസ്മൃതി ഉൾപ്പെടെയുള്ള പൗരാണിക കൃതികളിൽ ആര്യാവർത്തമായാണ് ഇന്ത്യയെ അവതരിപ്പിച്ചത്. സിന്ധു-ഗംഗാ പ്രദേശങ്ങളെ മാത്രമാണ് ആര്യാവർത്തമെന്ന സംജ്ഞ ഉൾക്കൊണ്ടിരുന്നത്. സൽത്തനത്ത്-മുഗൾ കാലഘട്ടത്തിലെ ആത്മകഥാ കഥനങ്ങളിലും, ജീവചരിത്രങ്ങളിലും, ഔദ്യോഗിക രേഖകളിലുമെല്ലാം ഹിന്ദുസ്ഥാൻ എന്ന പ്രയോഗത്തിനായിരുന്നു പ്രാമുഖ്യം. ഒരുപക്ഷേ, സൽത്തനത്ത് കാലഘട്ടത്തിൽ അമീർ ഖുസ്റുവിന്റെ കവിതകളിലൂടെയും, ഖവാലികളിലൂടെയുമാവണം ഹിന്ദുസ്ഥാൻ എന്ന പേര് വ്യാപകമായി പ്രചരിച്ചത്. ഹിന്ദുസ്ഥാൻ വടക്കേ ഇന്ത്യൻ പ്രദേശങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്നപ്പോൾ ഡെക്കാൺ എന്നാണ് തെക്കേ ഇന്ത്യൻ പ്രദേശങ്ങൾ മുഗൾ രേഖകളിൽ അറിയപ്പെട്ടിരുന്നത്. ഒരു ബഹുസ്വര സമൂഹത്തെ പ്രതിനിധീകരിക്കണമെന്ന ലക്ഷ്യത്തോടെ ഇന്ത്യ എന്ന പേരാണ് ഏറെ ഉപയോഗിക്കപ്പെട്ടതും വിദേശ രാജ്യങ്ങളിൽ അംഗീക രിക്കപ്പെട്ടതും. സംഘപരിവാർ സൂചിപ്പിക്കുന്നതുപോലെ ഇന്ത്യ എന്ന പ്രയോഗം ബ്രിട്ടീഷുകാരുടേതല്ല. സിന്ധുനദീതട പ്രദേശത്തിലെ ജനങ്ങൾ എന്ന അർത്ഥ ത്തിൽ പേർഷ്യക്കാരും, യവനരും, ഹൂണൻമാരുമെല്ലാം ഇൻഡീസ് എന്നും പേർഷ്യൻ ഭാഷയിൽ “സ’യ്ക്കു പകരം “ഹ’ ഉപയോഗിക്കുന്നതിനാൽ സിന്ധുനദീതടത്തിലെ ജനങ്ങളെ ഹിന്ദുവെന്നും വിളിച്ചിരുന്നു. ഇന്ത്യയെന്ന പേരു മാറ്റി ഭാരത മെന്നാക്കണമെന്നു വാദിക്കുന്ന സംഘപരിവാർ ഹിന്ദുവെന്ന വൈദേശിക നാമത്തിനു പകരം എന്തു പേരിടുമെന്ന ചോദ്യം പ്രസക്തമാണ്.

ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഇന്ത്യ എന്ന പേരാണ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഒരു ജനാധി പത്യ-മതേതര- ബഹുസ്വര സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഇൻക്ലൂസീവായ പ്രയോഗമെന്ന നിലയിലാണ് അത് ഉപയോഗിക്കപ്പെട്ടത്. ഭരണഘടനാ രൂപീകരണ വേളയിൽ ഏറെ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് ആർട്ടിക്കിൾ 1-ൽ ഇന്ത്യ അതായത് ഭാരതം (India, that is Bharat) എന്ന പ്രയോഗം കടന്നുവന്നത്. ജവഹർലാൽ നെഹ്റുവും, അംബേദ്ക്കറും ഉൾപ്പെടെയുള്ള ഭരണഘടനാ നിർമ്മാണ സമിതിയംഗങ്ങൾ ഒരു ആധുനിക ജനാധിപത്യ സമൂഹമെന്ന നിലയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന പേരായി കണ്ടിരുന്നത് ഇന്ത്യയെയാണ്. ആര്യാവർത്തമെന്നും, ഭാരതവർഷമെന്നുമെല്ലാം രാജ്യത്തെ വിളിക്കണമെന്ന വാദം അക്കാലത്തും ഹിന്ദുത്വവാദികളിൽ പ്രബലമായിരുന്നു.

നൂറ്റാണ്ടുകളായി രൂപപ്പെട്ട ഒരു സമന്വയ ജീവിത വ്യവസ്ഥയേയും അതിലൂടെ ഉയിർകൊണ്ട സാമൂഹിക- സാംസ്കാരിക പരിസരത്തെയും പുതിയ തലമുറയിൽ നിന്ന് മാറ്റിനിർത്തുകയെന്ന ഗൂഢപദ്ധതിയാണ് ഭാരതവത്ക്കര ണമെന്ന മതവത്ക്കരണ വിദ്യാഭ്യാസപദ്ധതിയിലൂടെ നടപ്പിലാക്കാൻ പോകുന്നത്. അതിന് ഇന്ത്യയുടെ രൂപപ്പെടലിൽ രാസത്വരകമായി പ്രവർത്തിച്ച വിവിധ സംസ്കാരങ്ങളുടെ ഇടകലരലിനേയും, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ജനാധിപത്യ-സെക്കുലർ ഘടനയേയും നിരാകരിക്കേണ്ടതുണ്ട്.

ഇന്ത്യയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ എെക്യം ഉറപ്പു വരുത്തുകയും, സാഹിത്യത്തിലും, സംഗീതത്തിലും, ശിൽപ്പകലയിലും, ചിത്രരചനയിലും, പ്രാദേശിക ഭാഷകളുടെ വളർച്ചയിലുമെല്ലാം മൗലിക സംഭാവനകൾ നൽകുകയും ചെയ്ത മധ്യകാല ചരിത്രത്തെ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ ഏറെക്കാലമായി നടന്നു വരുന്നുണ്ട്. സംസ്കൃത കൃതികൾ അറബിയിലേക്കു വിവർത്തനം ചെയ്ത അൽ ബറൂണിയും, പേർഷ്യൻ-ഇന്ത്യൻ സംഗീതത്തെ സമന്വയിപ്പിച്ച ആമീർ ഖുസ്റുവും, ഉപനിഷത്തുകൾ

പേർഷ്യനിലേക്കു മൊഴിമാറ്റിയ ദാരാ ഷുക്കോവും, ഹിന്ദു-മുസ്ലീം പാരസ്പര്യത്തിന്റെ പാലങ്ങൾ പണിത കബീറുമുൾപ്പെടുന്നവർ മധ്യകാല ചരിത്രത്തെ സങ്കലിത സംസ്കാരത്തിന്റെ സർഗ്ഗാത്മക ഭൂമികയാക്കിയവരാണ്. ഇന്ത്യൻ മോഡേണിറ്റിക്കു കാരണമായ മധ്യകാലഘട്ടത്തെ തിരസ്കരിച്ച്, മനുഷ്യരായി ജീവിക്കാനുള്ള അവകാശവും , വിദ്യാഭ്യാസവും, ജനസാമാന്യത്തിന് നിഷേധിച്ചിരുന്ന പൗരാണിക കാലഘട്ടത്തെ ക്ലാസിക്കൽ എന്നു വിശേഷിപ്പിക്കുന്നതിനു പിന്നിലെ തന്ത്രം രാജ്യത്തെ ധ്രുവീകരിക്കുകയെന്നതുതന്നെയാണ്.

 

പാഠ്യപദ്ധതി രൂപീകരണത്തിലെ ഒളിയജണ്ടകൾ

സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അക്കാദമിക കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനു മായി ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച സ്വയംഭരണ സ്ഥാപനമാണ് എൻ.സി.ഇ.ആർ.ടി. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഏതാനും ദേശീയ സ്ഥാപനങ്ങളെ സംയോജിപ്പിച്ചാണ് 1961-ൽ എൻ.സി.ഇ.ആർ.ടി. നിലവിൽ വന്നത്. തത്വത്തിൽ ഒരു സ്വയംഭരണ സ്ഥാപനമാണെങ്കിലും രാഷ്ട്രീയ ഇടപെട ലുകളിൽ നിന്നു മുക്തമല്ല എന്നതാണ് ഈ അക്കാദമിക സ്ഥാപനത്തിന്റെ വലിയ പരിമിതി.

1960-കളുടെ തുടക്കത്തിൽ, ദേശീയോദ്ഗ്രഥനവും ഇന്ത്യയിലെ വിവിധ സമൂഹങ്ങളെ ഏകീകരിക്കലും ഗവൺമെന്റിന്റെ പ്രധാന ആവശ്യകതയായി മാറി. രാജ്യത്തിന്റെ സാംസ്കാരിക വൈകാരിക സമന്വയത്തിനുള്ള ഒരു പ്രധാന ഉപാധിയായി വിദ്യാഭ്യാസം മാറുന്നത് ഇക്കാലത്താണ്. സ്വാതന്ത്ര്യാനന്തരം ഉയർന്നുവന്ന നെഹ്റൂവിയൻ ചിന്താപദ്ധതിയിലൂന്നിയ രാഷ്ട്ര രൂപീകരണ പ്രക്രിയയുടെ അടിത്തറകളിലൊന്ന് വിദ്യാഭ്യാസമായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷനായ രാധാകൃഷ്ണൻ കമ്മീഷൻ മുതൽ കോഠാരി കമ്മീഷൻ വരെയുള്ള ദേശീയ കമ്മീഷനുകളിൽ ജനാധിപത്യ- മതേതര- ബഹുസ്വര സമൂഹനിർമ്മിതിക്കായുള്ള പരിശ്രമങ്ങൾ തെളിഞ്ഞു കാണാം.

ചരിത്രത്തിന്റെ പാഠപുസ്തകങ്ങൾ കെട്ടുകഥകൾ പറയുന്നതല്ലെന്നും ഭൂതകാലത്തിന്റെ മതേതരവും യുക്തിസഹവുമായ വിശദീകരണങ്ങളാകണ മെന്നുമുള്ള വിദ്യാഭ്യാസമന്ത്രി എം.സി. ചഗ്ലയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ താരാ ചന്ദ്, നീലകണ്ഠ ശാസ്ത്രി, മുഹമ്മദ് ഹബീബ്, ബിഷേശ്വർ പ്രസാദ്, ബി.പി. സക്സേന, പി.സി. ഗുപ്ത എന്നിവരുടെ നേതൃത്വത്തിൽ ചരിത്ര വിദ്യാഭ്യാസ സമിതി രൂപീകരിച്ചു.

റൊമീള ഥാപ്പറിന്റെ പുരാതന ഇന്ത്യ 1966-ൽ ആറാം ക്ലാസിലും മധ്യകാല ഇന്ത്യ 1967-ൽ ഏഴാം ക്ലാസിലും പ്രസിദ്ധീകരിച്ചു. രാം ശരൺ ശർമ്മയുടെ പ്രാചീന ഇന്ത്യ, സതീഷ് ചന്ദ്രയുടെ മധ്യകാല ഇന്ത്യ, ബിപൻ ചന്ദ്രയുടെ മോഡേൺ ഇന്ത്യ, അർജുൻ ദേവിന്റെ ഇന്ത്യയും ലോകവും എന്നീ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ പ്രാമാണികരായ ചരിത്രകാരാണ് അറുപതുകൾ മുതൽ സ്കൂൾ പാഠപുസ്തകങ്ങൾ എഴുതിയിരുന്നത്. അവർ എഴുതുന്ന പുസ്തകങ്ങൾ ഒന്നോ രണ്ടോ ചരിത്രകാരുടെ മറ്റൊരു സമിതി പരിശോധിച്ച ശേഷം മാത്രമാണ് വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നത്.

ഏതാണ്ട് ഇതേ കാലം മുതൽതന്നെ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ തീവ്ര വലതുപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളും നേരിട്ടിട്ടുണ്ട്. 1969-ൽ, ഒരു പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി പുരാതന ഇന്ത്യയെക്കുറിച്ചുള്ള റൊമീള ഥാപ്പറുടെ പാഠപുസ്തകത്തിൽ “ആര്യന്മാർ’ ഇന്ത്യയിലെ തദ്ദേശീയരാണെന്ന് വ്യക്തമായി പ്രസ്താവിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഈ ആവശ്യം എഡിറ്റോറിയൽ ബോർഡും രചയിതാവ് എന്ന നിലയിൽ ഥാപ്പറും നിരസിച്ചു. പുരാതന കാലത്ത് ഹിന്ദുക്കൾ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്നതിനെക്കുറിച്ചുള്ള പരാമർശം “ഹിന്ദു ദേശീയതയുടെ’ മതവികാരങ്ങൾക്ക് വിരുദ്ധമാണെന്ന് ഹിന്ദു മഹാസഭയും ആര്യസമാജും വിമർശനമുയർത്തുകയുണ്ടായി.

1977 മുതൽ 1980 വരെയുള്ള ജനതാ പാർട്ടി ഗവൺമെന്റിന്റെ കീഴിലാണ് ആദ്യമായി സംഘപരിവാർ ആശയങ്ങൾ പ്രത്യക്ഷമായി പുസ്തകങ്ങളിലേക്കു വന്നു തുടങ്ങിയത്. മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി ഗവൺമെന്റ് മൂന്നുമാസം പിന്നിട്ടപ്പോൾ, എൻ.സി.ഇ.ആർ.ടി. പാഠപുസ്തക ങ്ങളെ ലക്ഷ്യമിട്ട് മുൻ ജനസംഘം നേതാവും ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ നാനാജി ദേശ്മുഖ് പ്രധാനമന്ത്രിക്ക് ഒരു മെമ്മോറാണ്ടം കൈമാറി. ഥാപ്പറിന്റെ മധ്യകാല ഇന്ത്യ, ബിപൻ ചന്ദ്രയുടെ മോഡേൺ ഇന്ത്യ, ത്രിപാഠിയുടെ ഫ്രീഡം സ്ട്രഗിൾ എന്നീ പുസ്തകങ്ങൾ പിൻവലിക്കണമെന്ന തായിരുന്നു ആവശ്യം. ആർ.എസ്. ശർമ്മയുടെ പ്രാചീന ഇന്ത്യ എന്ന പുസ്തകത്തിനെതിരെയും വിമർശനമുയർന്നു. രാഷ്ട്രീയ സ്വയംസേവക് സംഘ് അതിന്റെ ഓർഗനൈസർ മാസികയിൽ പുസ്തകങ്ങൾക്കെതിരെ പ്രചാരണം ആരംഭിച്ചു.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ സിലബസിൽ നിന്ന് ആർ.എസ്. ശർമ്മയുടെ പ്രാചീന ഇന്ത്യയെ പിൻവലിച്ചുകൊണ്ട് 1978 ജൂലൈയിൽ സർക്കാർ ഒരു നിയമം പാസാക്കി. ചരിത്ര പാഠ്യപദ്ധതിയേയും പാഠപുസ്തകങ്ങളേയുമാണ് സംഘപരിവാർ എല്ലാക്കാലത്തും ലക്ഷ്യമിട്ടി രുന്നത്. 2000 -ൽ, ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ കീഴിൽ, ഒരു പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലൂടെ എൻ.സി.ഇ.ആർ.ടി. സ്കൂൾ പാഠപുസ്തകങ്ങളിൽ മാറ്റം വരുത്താൻ ശ്രമിച്ചു. മാനവവിഭവശേഷി വകുപ്പുമന്ത്രി മുരളി മനോഹർ ജോഷി വിളിച്ചു ചേർത്ത സമ്മേളനത്തിൽ ആർ.എസ്.എസ്. അനുബന്ധ സംഘടനയായ വിശ്വഭാരതി സൻസ്ഥാൻ തയ്യാറാക്കിയ “ഇന്ത്യനൈസേഷൻ, നാഷണലൈസേഷൻ ആന്റ് സ്പിരിച്ച്വലൈസേഷൻ ഓഫ് കരിക്കുലം’ എന്ന രേഖ സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് നടപ്പിലാക്കാനായില്ല. എന്നിരുന്നാലും എെ.സി.എച്ച്.ആർ, യു.ജി.സി, എൻ.സി.ഇ.ആർ.ടി, സി.എസ്.എെ.ആർ, സി.സി.ആർ.ടി എന്നീ സ്ഥാപനങ്ങളുടെ സ്വഭാവത്തിൽ മാറ്റംവരുത്താൻ കഴിഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കരിക്കുലം തിരുത്തിയെഴുതി.

അതിതീവ്രദേശീയതയും, അപരവത്ക്കരണവും, അന്യമത വിദ്വേഷവും അടയാളമാക്കിയ എൻ.സി.എഫ്. 2000 ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ വിഷലിപ്തമായ ഡോകുമെന്റുകളിലൊന്നായിരുന്നു. അംബാനി-ബിർള കമ്മിറ്റി റിപ്പോർട്ടെന്ന വിദ്യാഭ്യാസ മേഖലയിലെ കോർപ്പറേറ്റുവത്കരണത്തിനു തുടക്കം കുറിച്ച റിപ്പോർട്ടും പുറത്തുവന്നത് ഇതേ വർഷമായിരുന്നു.

ജനാധിപത്യ, മതേതര, ബഹുസ്വര, സാമൂഹ്യനീതി വിദ്യാഭ്യാസത്തിന് ചരമക്കുറിപ്പെഴുതിയതിൽ എൻ.സി.എഫ് 2000 ത്തിനും, അംബാനി-ബിർള കമ്മിറ്റി റിപ്പോർട്ടിനും വലിയ പങ്കുണ്ട്. പിൽക്കാലത്ത്, ഇന്ത്യയെ കടുത്ത വർഗീയ ധ്രുവീകരണങ്ങളിലേക്കും, അതിന്റെ തുടർച്ചയായ ആൾക്കൂട്ടക്കൊല പാതകങ്ങളിലേക്കും നയിച്ചതിൽ മാറ്റിയെഴുതിയ പാഠപുസ്തകങ്ങളുടെ പങ്ക് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സാമൂഹികമായും, സാംസ്കാരികമായും പ്രബുദ്ധരായ ജനതയ്ക്കൊപ്പം, മുഖമില്ലാത്ത, മതാധിഷ്ഠിത ആൾക്കൂട്ടങ്ങ ളേയും സൃഷ്ടിക്കാൻ പാഠ്യപദ്ധതിയ്ക്കു കഴിയുമെന്ന അപകടകരമായ അനുഭവപാഠമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്.

2004ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ പരാജയപ്പെട്ടതോടെ കാവിവൽക്കരണ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റു. പുതിയ യുപിഎ സർക്കാർ പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതിയിലും വിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവം പുനഃസ്ഥാപി ക്കുമെന്ന് വ്യക്തമാക്കുകയും മാർച്ചിൽ പുതിയ NEP പാഠപുസ്തകങ്ങൾ പുറത്തിറക്കുകയും ചെയ്തു. പാഠ്യപദ്ധതിയുടെ മേൽനോട്ടം വഹിച്ച മാനവവിഭവശേഷി വികസന മന്ത്രാലയം, “കാവിവൽക്കരിക്കപ്പെട്ട’ പുസ്ത കങ്ങളെ തിരസ്കരിച്ചു. അന്നത്തെ മാനവശേഷി വകുപ്പുമന്ത്രി അർജുൻസിംഗ് “ഡീടോക്സിഫിക്കേഷൻ ഓഫ് കരിക്കുലം’ എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിച്ചത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പഴയ പാഠപുസ്തകങ്ങൾ തന്നെ അപ്പോഴും തുടർന്നു.

2004 ജൂണിൽ, പുതിയ പാഠപുസ്തകങ്ങൾ അവലോകനം ചെയ്യുന്നതിനായി ചഇഋഞഠ, ഒരു പാനൽ രൂപീകരിച്ചു. സ്കൂൾ സിലബസുകളിൽ ഉപയോഗി ക്കുന്ന പാഠപുസ്തകങ്ങളിൽ തെറ്റായ ഉള്ളടക്കമുണ്ടെന്നും, മോശമായി അവതരിപ്പിച്ചതാണെന്നും, കൂടാതെ കാര്യമായ അളവിൽ അപ്രസക്തമായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഈ പാനൽ നിർദ്ദേശിച്ചു. ന്യൂനതകൾ പരിഹരിച്ചശേഷം യു.പി.എ. കാലഘട്ടത്തിൽ തയ്യാറാക്കി 2005-ൽ പുറത്തിറക്കിയ പുസ്തകങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. യോഗേന്ദ്ര യാദവ്, സുഭാസ് പൽസിക്കർ, ഹരി വാസുദേവൻ, നീലാദ്രി ഭട്ടാചാര്യ, കുങ്കും റോയ്, സുമിത് സർക്കാർ, തനിക സർക്കാർ, രാമചന്ദ്ര ഗുഹ, മുസഫർ അലം, പാർത്ഥോദത്ത, ഉമ ചക്രവർത്തി, നജാഫ് ഹൈദർ എന്നിങ്ങനെ ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്രകാരാണ് നിലവിലുള്ള ചരിത്രപുസ്തകങ്ങൾ തയ്യാറാക്കിയത്. അവരുടെ സ്ഥാനത്തേക്കാണ് ചരിത്രമേഖലയിൽ ശ്രദ്ധേയ സംഭാവനകളൊന്നുമില്ലാത്ത ഭാരതീയ വിചാര കേന്ദ്രത്തിന്റെ വർക്കിംഗ് പ്രസിഡന്റായ സി.എെ. എെസക് കടന്നുവരുന്നത്. കമ്മിറ്റിയിലുള്ള പ്രൊഫ. വന്ദനമിശ്ര എ.ബി.വി.പി.യുടെ മുൻ ദേശീയ സെക്രട്ടറിയും മമതാ യാദവ് മുൻ ദേശീയ വൈസ് പ്രസിഡന്റുമാണ്. അടുത്ത അധ്യയന വർഷം പുറത്തിറങ്ങാൻ പോകുന്ന സമൂഹ്യ ശാസ്ത്ര പുസ്തകങ്ങളുടെ സ്വഭാവം എന്താകുമെന്നത് പൊസിഷൻ പേപ്പറിൽ നിന്നു തന്നെ വ്യക്തമാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അറുപതു ശതമാനവും ആർ.എസ്. എസിന്റെയും അനുബന്ധ സംഘടനകളുടേയും നിർദ്ദേശങ്ങളായിരുന്നുവെന്നും കരിക്കുലവും, പുസ്തകങ്ങളുമാണ് അടുത്ത അജണ്ടയെന്നും അന്നേ വ്യക്തമാക്കിയിരുന്നതാണ്. രണ്ടായിരത്തിൽ നിന്നു വ്യത്യസ്തമായി തീവ്രവലതു സ്വഭാവമുള്ള ഒരു സംഘം സംഘപരിവാർ എൻ.ജി.ഒ.കൾ വിദ്യാഭ്യാസ മേഖലയിൽ നയരൂപീകരണത്തിനുണ്ട്. ദീനാനാഥ് ബത്രയുടെ ശിക്ഷാ ബച്ചാവോ ആന്ദോളൻ സമിതി (SBAS), ശിക്ഷാ സാൻസ് കൃതി ഉത്ഥാൻ ന്യാസ് (SSUN), എം.ജി. വൈദ്യയുടെ ഭാരതീയ ശിക്ഷൺ മണ്ഡൽ (BSM), വിനയ് സഹസ്രബുദ്ധയുടെ പബ്ളിക് പോളിസി റിസർച്ച് സെന്റർ (PPRC), കേരളത്തിലെ ഭാരതീയ വിചാര കേന്ദ്രം എന്നിങ്ങനെ നിരവധി സംഘടനകൾ പാഠ്യപദ്ധതി രൂപീകരണ പ്രക്രിയയിൽ സജീവമായി ഇടപെടുന്നുണ്ട്. ഒരു രാജ്യം. ഒരു വിദ്യാഭ്യാസ ബോർഡ്, ഒരു പാഠ്യപദ്ധതി, ഒരേ തരം പുസ്തകങ്ങൾ, ദേശീയ പരീക്ഷകൾ എന്നിങ്ങനെ വിദ്യാഭ്യാസ വ്യവസ്ഥയുടെ കേന്ദ്രീകരണവും അതിലൂടെ സാംസ്കാരിക ഏകീകരണവുമാണ് ഇവർ ലക്ഷ്യമിടുന്നത്.

പ്രധാനമായും രണ്ടു തലങ്ങളിലാണ് സംഘപരിവാർ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലിടപെടുന്നത്. ഒന്നാമതായി തങ്ങൾക്കിഷ്ടമില്ലാത്ത ചിന്തകർക്കും എഴുത്തുകാർക്കുമെതിരെ ഭീഷണിയും, നിരാകരണവുമുയർത്തി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ചിലപ്പോഴത് പോയിന്റ് ബ്ലാങ്കിലേക്കുള്ള വെടിയുണ്ടകളായി രക്തം ചീറ്റുന്നു. രണ്ടാമതായി രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ അക്കാദമിക പരിസരമൊരുക്കുന്ന പാഠ്യപദ്ധതിയിലൂടെ, പുസ്തകങ്ങളിലൂടെ വിദ്യാഭ്യാസ വ്യവസ്ഥയിൽ നേരിട്ടിടപെടുന്നു.

ശിക്ഷാ ബച്ചാവോ ആന്ദോളന്റെ ഭീഷണിയെത്തുടർന്നാണ് 2009-ൽ രാജ്യാന്തര പുസ്തക പ്രസിദ്ധീകരണസംഘമായ പെൻഗ്വിൻ വെൻഡി ഡോണിഗറുടെ “ദ ഹിന്ദൂസ് ആൻ അൾട്ടർനേറ്റീവ് ഹിസ്റ്ററി’ എന്ന പുസ്തകം പിൻവലിച്ചത്. വൈവിധ്യങ്ങളുടെ ആഘോഷ ഭൂമികയായ ഹിന്ദുമതത്തെ ഏകശിലാ സമാനമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കുന്നതിന്റെ അപകടങ്ങളെയാണ് ഹിന്ദുമതത്തെ ആഴത്തിൽ പഠിച്ച ഡോണിഗർ ചോദ്യം ചെയ്തത്. സമാനമായി അരുന്ധതി റോയിയുടെ പുസ്തകങ്ങളും, എ.കെ രാമാനുജന്റെ “ത്രീ ഹൺഡ്രഡ് രാമായണയും’, പൗള റിച്ച്മാന്റെ “മെനി രാമായണാസ്, ‘ദ ഡൈവേഴ്സിറ്റി ഓഫ് എ നറേറ്റീവ് ട്രഡിഷൻ ഇൻ സൗത്ത് ഏഷ്യ’ എന്നീ പുസ്തകങ്ങളും വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് ഒഴിവാക്കപ്പെട്ടത് സംഘപരിവാർ ഇടപെടലുകളെ ത്തുടർന്നാണ്. അരുന്ധതിയും. ജ്യോതിർമയ ശർമ്മയും, കാഞ്ച ഇളയ്യയും, പെരുമാൾ മുരുകനും പടിയിറങ്ങിപ്പോകുന്ന ലിബറൽ സ്പേയ്സിലേക്ക് കയറി വരുന്നത് സവർക്കറും, ഹെഡ്ഗേവാറും, ഗോൾവൾക്കറും, നാഥൂറാം ഗോഡ്സെയുമാണെന്നത് ഇന്ത്യൻ വിദ്യാഭ്യാസം എത്തിനിൽക്കുന്ന സമകാലികാവസ്ഥയുടെ അപകടസാധ്യതകളെ സൂചിപ്പിക്കുന്നു.

 

പ്രതിരോധ പാഠങ്ങൾ

ഇന്ത്യയിൽ ഒരു ജനാധിപത്യ, മതേതര, ബഹുസ്വര സമൂഹനിർമ്മിതി സാധ്യമാക്കിയതിൽ സ്വാതന്ത്ര്യാനന്തരം പുറത്തുവന്ന വിദ്യാഭ്യാസ റിപ്പോർട്ടുകൾക്കും നയങ്ങൾക്കും സവിശേഷ പങ്കുണ്ട്. നെഹ്റു-ആസാദ് കാലഘട്ടത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെല്ലാം രാഷ്ട്രരൂപീകരണമെന്ന ലക്ഷ്യത്തെയാണ് അടിത്തറയാക്കിയത്. ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ ത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും സാംസ്കാരിക പരിസരം ഒരുക്കിയതിൽ സുദീർഘമായ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെയും, നവോത്ഥാന ത്തിന്റെയും പരാഗരേണുക്കളുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങളിലും മനുഷ്യവിഭവശേഷിയുടെ വികാസത്തിലും നെഹ്റു നൽകിയ ഊന്നലാണ് ഇന്ത്യയുടെ കൊളോണിയൽ പിന്നാക്കാവസ്ഥ കുടഞ്ഞു കളഞ്ഞ് ഇന്ത്യയെ ആധുനീകരിച്ചത്. ജനാധിപത്യമൂല്യങ്ങളേയും ഭരണഘടനാ വ്യവസ്ഥകളെ യുമാണ് ഇക്കാര്യത്തിൽ നെഹ്റു അടിസ്ഥാനമാക്കിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളായിരുന്ന രാധാകൃഷ്ണൻ കമ്മീഷൻ, മുതലിയാർ കമ്മീഷൻ, കോഠാരി കമ്മീഷൻ എന്നിവയെല്ലാം വിദ്യാഭ്യാസത്തെ കക്ഷിരാഷ്ട്രീയാതീതമായ പ്രക്രിയയായാണ് വിലയിരുത്തിയിരുന്നത്.

എന്നാൽ വിദ്യാഭ്യാസം ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ ഉപകരണമാവുമ്പോൾ അറിവും അധികാരവും ഒത്തുചേരുന്ന സവിശേഷ സമവാക്യം രൂപപ്പെടുന്നു. മൈക്കേൽ ആപ്പിൾ സൂചിപ്പിക്കുന്നതുപോലെ കരിക്കുലം ഒരിക്കലും പാഠപുസ്തകങ്ങളിലും, ക്ലാസ്മുറികളിലും എങ്ങനെയോ എത്തുന്ന നിഷ്പക്ഷ വിജ്ഞാനത്തിന്റെ കൂട്ടമല്ല. ചില വിഭാഗങ്ങളുടെ വിജ്ഞാനത്തെ ഔദ്യോഗിക വിജ്ഞാനമായി നിർവചിക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു വിഭാഗത്തിന്റെ വിജ്ഞാനം തമസ്ക്കരിക്കുന്നുവെന്നത് സമൂഹത്തിൽ ആർക്കാണ് അധികാരം എന്നതിനെക്കുറിച്ചുള്ള സുപ്രധാനമായ ചില കാര്യങ്ങൾ വ്യക്തമാക്കുന്നു. സമഗ്രാധിപത്യ വ്യവസ്ഥയിൽ അറിവ് ഭരണകൂടത്തിന്റെ കല്പനകളും ഭരിക്കപ്പെടുന്നവരുടെ സമ്പൂർണ വിധേയത്വവുമായി മാറുന്നു.

വിദ്യാഭ്യാസം ഒരു സംവാദ സാധ്യതയാണ്. അതു തന്നെ സംവാദങ്ങളെയാകെ നിരാകരിക്കുന്നതിലേക്കും നയിച്ചേക്കാം. മുഖമുള്ള മനുഷ്യർക്കൊപ്പം മുഖമില്ലാത്ത ആൾക്കൂട്ടങ്ങളേയും സൃഷ്ടിച്ചേക്കാം. ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും ആരേയും നയിക്കാത്ത ക്ലാസ്മുറികൾ ഭരണകൂട ങ്ങൾക്ക് സാധ്യതയും സൗകര്യവുമാണ്. പക്ഷേ, ചോദ്യങ്ങൾ ജനാധിപത്യ ത്തിന്റെ പ്രാണവായുവാണ്. ഫാസിസത്തിനെതിരായ പേനയുടെ, വാക്കിന്റെ സമരമുഖമാണ്.

About Author

കെ.വി മനോജ്

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.