A Unique Multilingual Media Platform

Articles Economy National Social Justice

ഇന്ത്യയുടെ ഭരണഘടനാ ദിനം ആഘോഷിക്കേണ്ടതുണ്ടോ ?

  • November 28, 2025
  • 1 min read
ഇന്ത്യയുടെ ഭരണഘടനാ ദിനം ആഘോഷിക്കേണ്ടതുണ്ടോ ?

അടുത്തിടെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് സൂര്യ കാന്തിൽ നിന്നും എനിക്കൊരു ക്ഷണം ലഭിക്കുകയുണ്ടായി. നവംബർ 26, 2025 ന് സുപ്രീം കോടതിയിലെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് സമുച്ചയത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന ഭരണഘടനാ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിലേക്കായിരുന്നു അത്.

ഇന്ത്യയുടെ പ്രസിഡൻ്റ് ദ്രൗപദി മുർമു മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജിമാർ, കേന്ദ്ര നിയമ മന്ത്രി, അറ്റോർണി ജനറൽ എന്നീ വിശിഷ്ടാതിഥികൾക്കൊപ്പം ബാർ അസോസിയേഷൻ അംഗങ്ങളും സന്നിഹിതരായിരിക്കും എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ക്ഷണക്കത്ത് ആയിരുന്നു അത്. എന്നെ ക്ഷണിക്കാൻ കാണിച്ച നല്ല മനസ്സിന് നന്ദി അറിയിച്ചു കൊണ്ടു തന്നെ, ജസ്റ്റിസ് സൂര്യകാന്തിനോട് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് കൂടി ഞാൻ അറിയിച്ചു. കാരണം ഈ ആഘോഷത്തെ വെറുമൊരു നാടകവും, അപഹാസ്യ പ്രകടനവും, തട്ടിപ്പും, പ്രഹസനവും മാത്രമായെ ഞാൻ കാണുന്നുള്ളൂ എന്നതുകൊണ്ട് ആയിരുന്നു.

സുപ്രീം കോടതിയിൽ സംഘടിപ്പിച്ച 2023 ലെ ഭരണഘടനാ ദിന ആഘോഷത്തിൽ നിന്നും

പ്രാസംഗികർ തീർച്ചയായും ഇന്ത്യൻ ഭരണഘടനയുടെ മഹത്വത്തെ പറ്റിയും അത് ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ടാക്കിയ ഗുണങ്ങളെ പറ്റിയുമെല്ലാം വാതോരാതെ സംസാരിക്കും. എന്നാൽ ഈ വൻകിട വാദങ്ങൾ എത്രമാത്രം ശരിയാണ് ?

സത്യമെന്തെന്നാൽ, 1950 ൽ സ്ഥാപിതമായ ഇന്ത്യൻ ഭരണഘടന ഇന്ന് നിർദ്ദാക്ഷിണ്യം ലംഘിക്കപ്പെടുകയും പിച്ചിച്ചീന്തപ്പെടുകയും ചെയ്യപ്പെടുകയുമാണ് . അതിൻ്റെ യഥാർത്ഥ അധികാരങ്ങൾ കവർന്നെടുത്ത് മൂല്യങ്ങൾ കശാപ്പ് ചെയ്ത് പൊള്ളയും ശൂന്യവുമായ വെറുമൊരു നോക്കുകുത്തിയാക്കിയിരിക്കുന്നു. ജനങ്ങൾക്ക് തങ്ങളുടെ സ്വന്തം ഭരണകർത്താക്കൾ ഉണ്ടെന്നും (എന്നാൽ യാഥാർത്ഥ്യത്തിൽ രാജ്യം ഭരിക്കുന്നത് കാപട്യത്തിന്റെ ആൾ രൂപങ്ങളായ കുറച്ച് വക്രബുദ്ധിക്കാരാണ്) സ്വന്തമായ മൗലികാവകാശങ്ങൾ ഉണ്ടെന്നും (എന്നാൽ രാജ്യത്താകമാനം നിലനിൽക്കുന്ന ദാരിദ്ര്യം ഈ അവകാശങ്ങളുടെ സാധുതയെ മൊത്തം തകർക്കുന്നതാണ്) വിശ്വസിപ്പിച്ച് ജനാധിപത്യമെന്ന കബളിപ്പിക്കലിന് വിധേയമാക്കുന്ന വെറുമൊരു ഉപകരണം മാത്രമായി ഇന്ത്യൻ ഭരണഘടന മാറി.

ഇതൊന്ന് നോക്കുക:

ഭരണഘടനയുടെ അനുച്ഛേദം 14 മുതൽ 18 വരെയുള്ളവ ജനങ്ങൾക്ക് സമത്വം ഒരു മൗലികാവകാശമായി ഉറപ്പാക്കുന്നുണ്ട്. കൂടാതെ, അനുച്ഛേദം 38(2)  വരുമാനത്തിലുള്ള അസമത്വങ്ങൾ കുറയ്ക്കാൻ രാഷ്ട്രം യത്നിക്കേണ്ടതുണ്ട് എന്നും പറയുന്നു. അനുച്ഛേദം 39(c) സ്വത്തിൻ്റെ കേന്ദ്രീകരണമുണ്ടാകാത്ത വിധം രാഷ്ട്രം നയരൂപീകരണം നിർവ്വഹിക്കണം എന്ന് നിർദേശിക്കുന്നു.

എന്നാൽ ഇന്നത്തെ യാഥാർത്ഥ്യമെന്താണ്? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഏറ്റവും താഴെക്കിടയിലുള്ള ഇന്ത്യയുടെ ജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന അതിദരിദ്രരായ ജനങ്ങളുടെ പക്കലുള്ള അത്രയും തന്നെ സ്വത്ത് കോടീശ്വരൻമാരായ വെറും 10 ഇന്ത്യക്കാരുടെ പക്കൽ ഉണ്ടെന്നതാണ്.

ഇതിന് പുറമേ, ന്യൂനപക്ഷങ്ങൾ, ദളിത് വിഭാഗക്കാർ, സ്ത്രീകൾ, ആദിവാസികൾ തുടങ്ങിയവർക്ക് മേൽ നിരന്തരമായ പീഡനങ്ങൾ, പലപ്പോഴും അധികാരത്തിൻ്റെ പിന്തുണയോടെയുള്ളത്, തുടർക്കഥയാകുന്നു.

എല്ലാം സമത്വത്തിൻ്റെ പേരിൽ!

ധാരാവിയിലെ ചേരി, മുംബൈയിലെ അംബരചുംബികളായ കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ

21-ാം അനുച്ഛേദം സ്വാതന്ത്ര്യം ഉറപ്പാക്കുന്നു. എന്നാൽ, ദേശവിരുദ്ധ – കരുതൽ തടങ്കൽ നിയമങ്ങൾ ഇതിനെ പരസ്യമായി വെല്ലുവിളിക്കുന്നു. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവർക്ക് മേൽ (പ്രത്യേകിച്ചും തീവ്രവാദികളെന്നും ദേശവിരുദ്ധരെന്നും ചാപ്പയടിച്ചു കൊണ്ട് മുസ്ലിംങ്ങൾക്ക് മേൽ) കെട്ടിചമയ്ക്കുന്ന കേസുകളിലൂടെ ഈ നിയമങ്ങൾ ഭീകരമായി അടിച്ചേൽപ്പിക്കുന്നു. ഇത്തരം കേസുകളിൽ പെടുന്ന ഉമർ ഖാലിദിനെ പോലെയുള്ളവർ ദീർഘകാലം ജയിലറകൾക്കുള്ളിൽ കഴിയേണ്ടി വരുന്നു.

1950 ൽ ഭരണഘടന നിലവിൽ വന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം രൊമേഷ് താപ്പർ v/s സ്റ്റേറ്റ് ഓഫ് മദ്രാസ് കേസിലെ വിധിന്യായത്തിൽ സുപ്രീം കോടതി ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് സർക്കാരിനെ വിമർശിക്കാൻ അവകാശമുണ്ടെന്ന് പ്രസ്താവിച്ചിരുന്നെങ്കിലും ഇന്നത്തെ ഇന്ത്യയിൽ വിമർശനം ഉന്നയിക്കുന്നത് അപകടമേറെയുള്ള ഒരു കാര്യമായി മാറിയിരിക്കുന്നു.

എല്ലാം സ്വാതന്ത്ര്യത്തിൻ്റെ പേരിൽ!

അനുച്ഛേദം 25 മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നു. പക്ഷേ ഈ ഉറപ്പ് ഗോ രക്ഷകരുടെ ആൾക്കൂട്ട കുരുതിയിൽ നിന്നും, “ജയ് ശ്രീറാം” വിളിക്കാൻ ആവശ്യപ്പെട്ട് നടക്കുന്ന ക്രൂരതകളിൽ നിന്നും, കെട്ടിചമച്ച കേസുകളിൽ നിന്നും മുസ്ലിംങ്ങളെയോ, ദില്ലിയിൽ അടിച്ചു തകർക്കപ്പെട്ട കൃസ്ത്യൻ പള്ളികളെയോ, ഒഡീഷയിൽ അടിച്ചമർത്തപ്പെടുന്ന കൃസ്ത്യാനികളെയോ രക്ഷിച്ചില്ല.

എല്ലാം മതനിരപേക്ഷതയുടെ പേരിൽ !

അനുച്ഛേദം 39 (f) കുട്ടികളുടെ ആരോഗ്യപരമായ വളർച്ച ഉറപ്പ് വരുത്താനും അനുച്ഛേദം 47 പോഷകത്തിൻ്റെ അളവ് വർധിപ്പിക്കാനും രക്ഷ്ട്രത്തോട് നിർദേശിക്കുന്നു.

എന്നാൽ, സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾക്ക് ശേഷവും, ഇന്ത്യയിലെ രണ്ടിൽ ഒരു കുട്ടി പോലും പോഷകകുറവിൽ നിന്നും രക്ഷ നേടുന്നില്ല. ലോകത്തിലെ പോഷക കുറവുള്ള മൂന്നിൽ ഒന്ന് കുട്ടികളും ഇന്ത്യയിൽ നിന്നാണെന്നത് നമുക്ക് ഒരു ബഹുമതിയാകുന്നു. ഈ കാര്യത്തിൽ കാലങ്ങളായി പോഷക കുറവ് ഏൽപിച്ച ആഘാതം പേറുന്ന സബ് – സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ മോശമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ.

ഭക്ഷണത്തിൻ്റെയും, മരുന്നുകളുടെയും, ഇന്ധനത്തിൻ്റെയും മറ്റ് ആവശ്യ സാധനങ്ങളുടെയുമെല്ലാം വില കുതിച്ചുയരുമ്പോൾ ജനസംഖ്യയുടെ 75 ശതമാനത്തിൽ അധികം വരുന്ന ദരിദ്രർക്ക് എങ്ങനെ കൃത്യമായ പോഷണം ലഭിക്കും? നമ്മുടെ 57% സ്ത്രീകളും വിളർച്ച അനുഭവിക്കുന്നവരാണ്.

അനുച്ഛേദം 39A പറയുന്നത് രാഷ്ട്രം നീതി ഉറപ്പാക്കണമെന്നാണ്. എന്നാൽ കോടതികളിൽ അഞ്ച് കോടികൾക്ക് മേൽ കേസുകൾ കെട്ടി കിടക്കുമ്പോൾ, ഓരോ കേസും തീർപ്പാവാൻ ദശാബ്ദങ്ങൾ എടുക്കുമ്പോൾ, നീതി എവിടെയാണ്?

അനുച്ഛേദം 41 പറയുന്നത്: ചില അവസ്ഥകളിൽ ജോലിക്കും വിദ്യാഭ്യാസത്തിനും പൊതുസഹായത്തിനും ഉള്ള അവകാശം – തൊഴിലില്ലായ്മ, വാർദ്ധക്യം, രോഗം, അംഗവൈകല്യം എന്നീ അവസ്ഥകളിലും അനർഹമായ ദാരിദ്ര്യം ഉണ്ടാകുന്ന മറ്റ് അവസ്ഥകളിലും ജോലിക്കും വിദ്യാഭ്യാസത്തിനും പൊതുസഹായത്തിനും ഉള്ള അവകാശം രാഷ്ട്രം ഉറപ്പുവരുത്തണം എന്നാണ്.

എന്നാൽ അധികാരത്തിലും അഴിമതിയിലും മാത്രം താൽപര്യമുള്ള വക്രബുദ്ധികളായ രാഷ്ട്രീയ നേതാക്കൾ ഈ ഉറപ്പുകൾക്കൊന്നും യാതൊരു വിലയും കൊടുക്കുന്നില്ല (ഇങ്ങനെയൊരു ഭരണഘടനാ വ്യവസ്ഥയെ പറ്റി അവർ കേട്ടിട്ടുണ്ടാകുമോ എന്ന് പോലും സംശയമാണ്).

പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ 2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബി ജെ പി അധികാരത്തിൽ വന്നാൽ വർഷാ വർഷം 2കോടി തൊഴിലുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത്, നോട്ടു നിരോധനത്തിലൂടെ മാത്രം ഏകദേശം 2 കോടി തൊഴിൽ നഷ്ടമുണ്ടായെന്നാണ്. തൊഴില്ലിലായ്മ റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.

വർഷത്തിൽ 1.2 കോടി യുവജനങ്ങൾ തൊഴിൽ മാർക്കറ്റിലേയ്ക്ക് കാലെടുത്ത് വെക്കുന്നുണ്ടെങ്കിലും 50 ലക്ഷത്തിൽ താഴെ ജോലികൾ മാത്രമേ  സംഘടിത മേഖലയിൽ ഉണ്ടാകുന്നുള്ളൂ. അങ്ങനെയെങ്കിൽ ബാക്കി വരുന്ന 1.15 കോടി യുവാക്കൾ എങ്ങോട്ട് പോകും? അവർ വഴിയോരക്കച്ചവടക്കാരായും, ക്രിമിനലുകളായും, യാചകരായും, ലൈംഗിക തൊഴിലാളികളായും മാറുന്നു. പലരും ആത്മഹത്യയിലേക്ക് തിരിയുന്നു.

ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ വ്യാപ്തി കാണിക്കാൻ: സർക്കാർ 100 പീയുൺ (ക്ലാസ് IV) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചാൽ അപേക്ഷിക്കുന്നവരുടെ എണ്ണം ഏകദേശം 5 ലക്ഷത്തോളമാണ്. ഇത്രയും ചെറിയ ഒരു ജോലിയ്ക്ക് വേണ്ടി പി എച്ച് ഡി, എം എസ് സി, എം ബി എ, എൻജിനീയറിംഗ് തുടങ്ങിയ ബിരുധദാരികൾ മൽസരിക്കുന്നു.

ഇനി നല്ല വിദ്യഭ്യാസത്തിലേക്ക് വന്നാൽ, ഇന്ത്യയിൽ വളരെ കുറച്ച് പേർ മാത്രമേ അത് സ്വീകരിക്കുന്നുള്ളൂ. ഭൂരിഭാഗം സ്കൂളുകളും പരിതാപകരമായ അവസ്ഥയിലാണ്.

അനുച്ഛേദം 47 ഉണ്ടെങ്കിലും രാജ്യത്തെ പൊതു ആരോഗ്യ സംവിധാനവും ഇതേ അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നത്. പണവും അധികാരവുമുള്ളവർ ഗുണമേന്മയുള്ള വലിയ ആശുപത്രികളിൽ പോകുമ്പോൾ, പാവപ്പെട്ട ഭൂരിഭാഗം വരുന്ന ജനങ്ങൾ നരകയാതനയിലായ സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.

അനുച്ഛേദം 43 പറയുന്നത് കാർഷിക – വ്യവസായിക തൊഴിലാളികൾക്ക് ഉപജീവനക്ഷമമായ വേതനം നൽകുന്നതിനായി രാഷ്ട്രം യത്നിക്കേണ്ടതുണ്ട് എന്നാണ്. എന്നാൽ ഭീകരമായ തൊഴിലില്ലായ്മ നിരക്കും, കോൺട്രാക്റ്റ് വ്യവസ്ഥ സ്ഥിര ജോലികളെ അസ്ഥിരപ്പെടുത്തുന്നതുമെല്ലാം തൊഴിലാളിയെ മുൻപെങ്ങുമില്ലാത്ത വിധം ദുർബലനാക്കിയിരിക്കുന്നു. കാർഷിക മേഖലയിലേക്ക് വന്നാൽ, 4 ലക്ഷത്തിൽ കൂടുതൽ കർഷക ആത്മഹത്യകൾ ഈ ഭരണഘടനാ വ്യവസ്ഥയ വെറുമൊരു കോമാളിയാക്കുകയാണ്.

അനുച്ഛേദം 48A പരിസ്ഥിതിയെ സംരക്ഷിക്കാനും മെച്ചപ്പെടുത്താനും രാഷ്ട്രത്തോട് നിർദ്ദേശിക്കുന്നു.  എന്നാൽ ദില്ലിയുൾപ്പെടെയുള്ള പല നഗരങ്ങളിലും മലിനീകരണം ഉച്ചസ്ഥായിലെത്തിയിരിക്കുന്നു. പുഴകളും വലിയ രീതിയിൽ മലിനമാണ്.

ഭരണഘടന ഇന്ത്യയിലെ പാർലമെൻ്ററി വ്യവസ്ഥയെ വെസ്റ്റ്മിൻസ്റ്റർ മോഡലിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നമ്മുടെ രാജ്യത്ത് ഇത് പലപ്പോഴും മതത്തിലും ജാതിയിലും അധിഷ്ഠിതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ പുറത്താണ് പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ യഥാർത്ഥ പുരോഗതി സാധ്യമാക്കണമെങ്കിൽ ജാതീയതയും വർഗ്ഗീയതയും പോലുള്ള ഫ്യൂഡൽ സംവിധാനങ്ങൾ തകർത്തെറിഞ്ഞേ മതിയാകൂ. എന്നാൽ ഇവിടുത്തെ പാർലമെൻ്റി വ്യവസ്ഥ ഇവയെ കൂടുതൽ ശക്തിപ്പെടുത്തുന്നതായിട്ടാണ് കണ്ടു വരുന്നത്.

ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 20 ൽ 14 നഗരങ്ങളും ഇന്ത്യയിലാണ്

അനുച്ഛേദം 19 (1) എല്ലാ പൗരൻമാർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്നു. എന്നാൽ ദരിദ്രനായ, വിശന്നുവലഞ്ഞ, തൊഴിൽ രഹിതനായ ഒരു വ്യക്തിക്ക് ഈ സ്വാതന്ത്ര്യം കൊണ്ട് എന്ത് കാര്യം? ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങൾ ജനങ്ങൾക്കുമേലുള്ള ഒരു ക്രൂരമായ ഫലിതമാണോ? മേൽ പറഞ്ഞത് പോലെ, ദാരിദ്ര്യം മറ്റെല്ലാ അവകാശങ്ങളെയും ഇല്ലാതാക്കുന്നു. ഇന്ത്യയിൽ വളരെ വലിയ രീതിയിൽ ദാരിദ്ര്യം നിലനിൽക്കുന്നു.

പിന്നെന്താണ് ആഘോഷിക്കാൻ ഉള്ളത്?

സത്യം പറഞ്ഞാൽ ഭരണഘടനയുടെ വസ്ത്രാക്ഷേപം നടന്നിരിക്കുന്നു. എന്നാൽ സർക്കാർ സ്ഥാപനങ്ങൾ ഇതിന് നേരെ കണ്ണടയ്ക്കുകയാണ്. ദ്രൗപദിയുടെ വസ്ത്രാക്ഷേപം നടക്കുമ്പോൾ ഭീഷ്മ പിതാമഹൻ ചെയ്തതു പോലെ.

എന്നെ സംബന്ധിച്ച് ഭരണഘടനാ ദിനം വെറുമൊരു പ്രഹസനമാണ്. നിങ്ങൾക്ക് വേണ്ടയത്ര  അത് ആഘോഷിച്ചു കൊള്ളുക. പക്ഷേ ജനങ്ങളെ വിഢ്ഢികളാക്കുന്ന ഈ പ്രഹസനത്തിൽ പങ്കുകൊള്ളാൻ എന്നെ കിട്ടില്ല.


പഞ്ചാബ് ടുഡേ ന്യൂസിൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൻ്റെ യഥാർത്ഥ പതിപ്പ്  ഇവിടെ വായിക്കാം.

About Author

മാർക്കണ്ഡേയ കട്ജു

ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സുപ്രീം കോടതി മുൻ ജഡ്ജിയും പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻ ചെയർമാനുമാണ്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.