A Unique Multilingual Media Platform

Art & Music Articles Cinema Memoir

കടൽത്തിരയിൽ തൊട്ടിലാടി രഘുറായ് – വെള്ളിത്തിരയിൽ അടൂരും റസാഖും

  • December 7, 2025
  • 1 min read
കടൽത്തിരയിൽ തൊട്ടിലാടി രഘുറായ് – വെള്ളിത്തിരയിൽ അടൂരും റസാഖും

അടൂർ ഗോപാലകൃഷ്ണൻ്റെ കളരിയിലാണ് റസാഖ് കോട്ടക്കലും ഞാനും എഴുത്തിനിരുന്നതും പൂഴിക്കടകൻ പയറ്റി തുടങ്ങിയതും. സ്വന്തമായി ഒരു ഗുരു ആവശ്യമുണ്ടായിരുന്ന മനസ്സായിരുന്നില്ല റസാഖിൻ്റേത്. എങ്കിലും ഒരു ഗുരുരൂപം തേടൽ നടന്നിരുന്നു. ‘കഥാപുരുഷൻ’ എന്ന അടൂർ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ, സംവിധാന സഹായി എന്നീ തസ്തികകളിലേക്കായിരുന്നു റസാഖും ഞാനും എത്തിപ്പെട്ടത്. റസാഖിൻ്റെ തസ്തിക കണിശമായിരുന്നെങ്കിലും എൻ്റേതാകട്ടെ, വെളുപ്പാൻ കാലത്ത് ഏറിമറിഞ്ഞ് ഏങ്കോണിച്ച് കിടക്കുന്ന പുതപ്പ് പോലെയൊന്ന്. ഏൽപ്പിച്ച പണി എന്തെന്ന് പുതപ്പിനോ പുതപ്പിച്ചവനോ തിട്ടമില്ലാത്ത തസ്തികയാണ് അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര ലോകത്ത് സംവിധാന സഹായിയുടേത്. 

‘ കഥാപുരുഷൻ’ സിനിമയുടെ സെറ്റിൽ അടൂർ ഗോപാലകൃഷ്ണൻ. കെപിഎസി ലളിത, ബാബു നമ്പൂതിരി തുടങ്ങിയവരെയും കാണാം.

ഒന്നിൽ കൂടുതൽ കഥാപാത്രങ്ങൾ ഉൾപ്പെട്ട ഒരു ഷോട്ടിൽ, ഓരോ അഭിനേതാവിനെയും സംവിധാന സഹായികൾക്ക് അളന്ന് മുറിച്ച് നിരീക്ഷിക്കാൻ ഏല്പിക്കുന്നു. എന്താണ് മൊത്തം തിരക്കഥയെന്ന് മങ്കട രവിവർമ്മയ്ക്കും അടൂരിനും മാത്രമേ അറിയൂ. രാജ്യസുരക്ഷാ രഹസ്യങ്ങളേക്കാൾ സുരക്ഷിതമായ അറകളിൽ അടൂർ തൻ്റെ തിരക്കഥയ്ക്ക് പാറാവ് ഏർപ്പാടാക്കിയിരുന്നു.

അടൂർ ഗോപാലകൃഷ്ണനും മങ്കട രവിവർമ്മയും

ഇങ്മാർ ബർഗ്‌മാൻ എന്ന സ്വീഡിഷ് ചലച്ചിത്രാചാര്യൻ്റേതിൽ നിന്ന് നേർ വിപരീത രീതിയാണിത്. സിനിമകൾ കണ്ടും വായിച്ചറിഞ്ഞും ഒരു ബർഗ്‌മാനിയാക് (Bergmaniac) ആയി വാണിരുന്ന കാലത്ത്, ബർഗ്മാൻ്റെ സഖിയും നടിയുമായിരുന്ന ബീബി ആൻഡേഴ്സൻ (Bibi Anderson) ദൽഹിയിൽ വന്നപ്പോൾ കണ്ട് മുട്ടി. ബർഗ്‌മാൻ്റെ ‘Persona’ എന്ന സിനിമയിൽ മുഖത്തിൻ്റെ പാതിവശം ലിവ് ഉൾമാൻ്റേതും മറുപാതി ബീബി ആൻഡേഴ്സൻ്റേതുമായി മുഖസംഘാതം ചെയ്തത്, ഒരു സുഖദാഘാതമായി സൂക്ഷിച്ചിരുന്നതിനാൽ ബീബി ആൻഡേഴ്സണുമായി കുശാലായി കുശലം നടത്തി. 

ഇങ്മാർ ബർഗ്‌മാൻ

ഒരു നോവലെറ്റ് പോലെ എല്ലാ സാങ്കേതികത്വങ്ങളും ഒഴിവാക്കി എഴുതിയാണ്, ബർഗ്‌മാൻ തൻ്റെ നടീനടൻമാർക്കും സാങ്കേതിക സഖാക്കൾക്കും തിരക്കഥയായി ആദ്യം കൊടുക്കുന്നത്. അത് കഴിഞ്ഞ് എല്ലാവരും ഒത്തു കൂടുന്നു. ചർച്ചിക്കുന്നു. ആർക്കും ഉള്ള് തുറക്കാം. ആ സിനിമയുമായി സഹജീവിക്കുന്ന ഓരോരുത്തർക്കും ഇങ്ങനെയുള്ള സംവാദങ്ങളിലൂടെ അതിനകത്തേയ്ക്ക് ആവേശിക്കും. ഇങ്ങനെ സൃഷ്ടി സമഷ്ടിയിലൂടെ എന്നൊരു പ്രതീതി സൃഷ്ടിക്കുമ്പോഴും തൻ്റെ ഒറ്റയാൻ പാതയിലൂടെ ഉറപ്പോടെ തന്നെ നീങ്ങുകയും ബർഗ്‌മാൻ ചെയ്യുമായിരുന്നു എന്ന് ബീബി ആൻഡേഴ്സൺ പറഞ്ഞു. ദൽഹിയിലെ സിരി ഫോർട്ടിൻ്റെ കോലായിൽ നിന്ന് പതിയെ അകത്തളത്തിലേയ്ക്ക് മാറിയിരുന്നു ഞങ്ങൾ. 

‘Persona’ സിനിമയുടെ പോസ്റ്റർ

ബർഗ്‌മാനെക്കുറിച്ച് സംസാരിച്ച് താൻ മടുത്തുവെന്നും ഇൻഡ്യയിലാരും തന്നെക്കുറിച്ച് ചോദിക്കുന്നില്ലെന്നും പരിഭവപ്പെട്ടു. ഞാൻ Persona യുടെ കാര്യം എടുത്തിട്ടു. Persona ചെയ്യുമ്പോഴേക്കും ലിവ് ഉൾമാനിലേയ്ക്ക് ബർഗ്‌മാൻ തെന്നി വീണിരുന്നു. ലിവ് ഉൾമാനും ബീബി ആൻഡേഴ്സണും ഒരുമിച്ചുള്ള രംഗങ്ങളിൽ “അനാവശ്യമായി അവരെ തൊട്ടും തടവിയുമാണ്” ബർഗ്‌മാൻ ലിവ് ഉൾമാന് നിർദ്ദേശങ്ങൾ നൽകിയിരുന്നത് എന്ന് ഒരു പാവാടക്കാരിയെപ്പോലെ കുശുമ്പിച്ചു. പെട്ടെന്ന് ബർഗ്‌മാനെ ഇങ്ങനെ കാച്ചിക്കുറുക്കി – “Bergman is a director who is not afraid of his actors”. 

ബീബി ആൻഡേഴ്സൺ

മദാമ്മേ, കൊട് കൈ. കൂടെ നിന്ന് ഒരു ചിത്രവും എടുത്തു. തിരിച്ച് വീട്ടിലെത്തി ബർഗ്‌മാനെപ്പറ്റി വീട്ടുകാരിയോട് വാചാലനായപ്പോൾ കണ്ണമാലിയിൽ കാർമേഘങ്ങൾ കറക്കുകയാണുണ്ടായത്. “എന്തിനാണ് മദാമ്മയെ മണത്ത് നിൽക്കുന്നത്, മനുഷ്യാ? മാന്യനായ കൂട്ടുകാരൻ വിട്ടു നിൽക്കുന്നത് നോക്കൂ.” 

ആ ചിത്രം ഞാൻ കീറിപ്പറിച്ച് കൊൽക്കത്തയിൽ സന്തോഷ്പ്പൂരിലെ തടാകത്തിലേക്കെറിഞ്ഞു. ബീബി ആൻഡേഴ്സണും ഞാനും ശർർർ എന്ന ശബ്ദത്തോടെ കട്‌ലമത്സ്യങ്ങൾക്കുള്ളിലേക്ക് ജലസമാധിയായി. 

ബർഗ്‌മാനും ലിവ് ഉൾമാനും

റസാഖ് കോട്ടക്കൽ ഒരു ഫോട്ടോയായി മാറിയിട്ട് മൂന്ന് വർഷമായ വേളയിൽ ഞാൻ വീണ്ടും അടൂർ ഗോപാലകൃഷ്ണൻ എന്ന എൻ്റെ പഴയ ഗുരുവിനെ കണ്ടുമുട്ടി. ഏതാണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനപ്പുറം നീണ്ട് പോയ പരിഭവത്തിൻ്റെ മഞ്ഞുരുകിയത് ഒരു പുഞ്ചിരിയോടെ പുറകിൽ നിന്ന് നോക്കിക്കൊണ്ട് റസാഖ് ഫോട്ടോയിലിരുന്നു. പ്രത്യേകിച്ച് ഒരു ഗുരുവിനെ ആവശ്യമില്ലാതിരുന്ന റസാഖ്, ഒരു ഗുരുവിൻ്റെ പേര് തേടി തപ്പി തടഞ്ഞതും ഒരിക്കൽ ദൽഹിയിൽ വെച്ച് തന്നെ. പ്രൊഡ്യൂസറെ പരിചയപ്പെടുത്തിയപ്പോൾ, റസാഖ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ളതാണോ എന്ന് പ്രൊഡ്യൂസർ തിരക്കി. അല്ലെന്നറിഞ്ഞപ്പോൾ ആരാണ് പിന്നെ ഗുരു എന്നായി അടുത്ത ചോദ്യം. അടൂർക്കളരിയിൽ നിന്നും തിരുമ്മലും പിഴിച്ചിലും കഴിഞ്ഞിറങ്ങിയിട്ട് അധികമായിരുന്നില്ല. ഞാൻ തട്ടി മൂളിച്ചു – “സർ, രവി വർമ്മ.” 

“ഏത് രവി വർമ്മ?” 

“സർ, രാജാ രവി വർമ്മയെക്കുറിച്ച് കേട്ടിരിക്കുമല്ലോ. ഇത് മങ്കട രവിവർമ്മ. അടൂരിൻ്റെ ക്യാമറാമാൻ.” 

“ഓ അത് ശരി. അടൂർ നിൻ്റെ ഗുരു. ക്യാമറാമാൻ നിൻ്റെ ക്യാമറാമാൻ്റെ ഗുരു.” 

അങ്ങനെ അന്ന് രാത്രിയിൽ ഞങ്ങൾ രണ്ട് പേരും ഞങ്ങളുടെ ഗുരുക്കർമാരെ ഉറപ്പിച്ചു. അടൂരിൽ നിന്ന് ഞാൻ പലതും പഠിച്ചിട്ടുണ്ട്. പക്ഷേ, അടൂർ എന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല. അങ്ങനെ ഒരു രീതിയാണ് അടൂർ സിനിമയെടുക്കുമ്പോൾ കൈക്കൊള്ളുന്നത്. ബർഗ്മാന് ബർഗ്മാൻ്റെ രീതി. അടൂരിന് അടൂരിൻ്റേതും. എന്താണ് തിരക്കഥ എന്നറിയാതെ സംവിധാന സഹായി വേഷം കെട്ടിയ രണ്ട് സിനിമകളിലും ജനനിയന്ത്രണം (crowd control), raw-stock management എന്നീ രണ്ട് കാര്യങ്ങൾ മാത്രമാണ് വാസ്തവത്തിൽ ചെയ്തത്. എന്നാൽ ഈ വക പണികൾക്കായി ക്രെഡിറ്റ് ടൈറ്റിലുകൾ നിലവിൽ ഇല്ലാത്തതിനാൽ, സംവിധാന സഹായിയുടെ കൂട്ടത്തിൽ പേര് ചേരുകയാണ് ഉണ്ടായത്. 

റസാഖ് കോട്ടക്കൽ

‘കഥാപുരുഷൻ’ കഴിഞ്ഞ് തിരിച്ച് ബോംബെയിൽ എത്തിയപ്പോൾ ഒരു പുസ്തകം കണ്ടു. Bergman on Bergman. കാൽ നൂറ്റാണ്ടിന് ശേഷം തൻ്റെ ചലച്ചിത്രങ്ങൾ വീണ്ടും കണ്ടു കൊണ്ടിരിക്കുമ്പോൾ ബർഗ്മാൻ കണിശമായി സ്വയം കശക്കി , ഉള്ളിലുള്ളത് മുഴുവൻ വാക്കുകളിലേക്ക് ചൊരിഞ്ഞ പുസ്തകം. അത് രണ്ട് കോപ്പി വാങ്ങി. ഒരെണ്ണം അടൂരിന് അയച്ചു കൊടുത്തു. “ഇത് ഗുരുദക്ഷിണ” എന്നാണെഴുതിയത്. അടൂരിൻ്റെ പുസ്തകശേഖരം തപ്പിയാൽ ഇപ്പോഴും അത് കിട്ടിയേക്കാം. 

അപ്പോൾ ഏത് വളവിലും തിരിവിലും വെച്ചാണ് ഞാൻ ഗുരുവിനെ തള്ളിപ്പറഞ്ഞത് ? അടൂരിയൻ ആഴങ്ങൾ മനസ്സിലാക്കിയ ഒരേയൊരു അസോസ്സിയേറ്റിനെ മാത്രമേ എനിക്കറിയൂ. എം.പി. സുകുമാരൻ നായർ എന്ന് പേര്. വളരെക്കാലത്തിന് ശേഷം മറ്റൊരു പേര് പറയണമെങ്കിൽ വിപിൻ വിജയ് എന്ന് ചേർക്കാം. മറ്റെല്ലാം കൊഞ്ഞാണൻമാരാണ്. ‘കഥാപുരുഷ’ൻ്റെയും ‘നിഴൽക്കുത്തി’ ൻ്റെയും രാത്രികളിൽ റസാഖും ഞാനും എത്രയോ ആംഗിളുകളിൽ നിന്ന് ഇതിനെ പറ്റി തർക്കിച്ചുറങ്ങി. 

എം. പി. സുകുമാരൻ നായർ

എൻ്റെ ഡോക്യുമെൻ്ററി ലോകത്തെ ഇതിവൃത്ത വൈചിത്ര്യത്തെപ്പറ്റി ചോദിക്കവെ, ഒരിക്കൽ ഒരു ചോദ്യം വന്നു – “ആരാണ് ഗുരു?” 

“മണി കൗളിൻ്റെ ദൃശ്യവശ്യതയും ആനന്ദ് പട്‌വർദ്ധൻറെ രാഷ്ട്രീയ ആരുറപ്പും ഒരുവനിൽ ഉൾച്ചേർത്താൽ അവനെ ഞാൻ ഗുരുവാക്കും” എന്ന് ഞാൻ ഉത്തരം പറഞ്ഞു. 

കൊഞ്ഞാണൻമാരുടെ ബ്യൂറോ ചീഫ് റസാഖിനോട് റിപ്പോർട്ട് ചെയ്താണ് ഞാനറിഞ്ഞത് – അയാൾ ഗുരുവിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. പോരാണ്ട് മണി കൗളിനെ ഇറക്കുമതിയും ചെയ്തു. റസാഖിന് വല്ലാത്ത തിക്കു മുട്ടൽ അനുഭവപ്പെട്ടിരുന്നതിനാൽ, അടൂർ എന്ന സങ്കീർണ പദത്തെ ഒഴിവാക്കാൻ ശ്രമിച്ച് ഞാൻ എപ്പോഴും പരാജയപ്പെട്ടു കൊണ്ടേയിരുന്നു. റസാഖ് പോകും വരെ അടൂർ ചർച്ചകൾ ഞങ്ങൾക്കിടയിൽ ഘർഷണത്തോടെ സ്പന്ദിച്ചു. 

മണി കൗൾ

കൊൽക്കത്തയിലെ ഓഷിസ് മുറിയിലെ മതിലുകളിൽ മുഴുവൻ അടൂർ പുര നിറഞ്ഞ് നിൽക്കുന്നത് കണ്ട് സന്ദർശകൻ ചോദിച്ചു – മനസ്സിൽ നിന്നിറങ്ങിയയാൾ മതിലിൽ കയറിയോ? അതേ ചങ്ങാതീ, എന്താണ് ഇറങ്ങിപ്പോയതെന്ന് എനിക്ക് ഉറപ്പായി കാണുമല്ലോ. മറ്റൊന്ന്, ഈ ചിത്രത്തിലെ ഇതിവൃത്തം മാത്രമാണ് അടൂർ. കർത്താവ് റസാഖ് കോട്ടക്കലാണ്. 

ബീബി ആൻഡേഴ്സൺ കൊൽക്കത്തയിലെ കട്ല മത്സ്യങ്ങൾക്കുള്ളിലേയ്ക്ക് യോനാ പ്രവാചകനെപ്പോലെ യാത്രയായത് റസാഖിനറിയാമായിരുന്നു. മൂന്ന് ദിവസം മത്സ്യത്തിൻ്റെ ആമാശയത്തിൽ വസിച്ച യോനാ പ്രവാചകൻ എങ്ങിനെയാണ് ദഹനനീരുകളുടെ അമ്ലം അതിജീവിച്ചത് എന്ന് എപ്പോഴും ആലോചിച്ചു. വമ്പൻ മത്സ്യം യോനായെത്തുപ്പിയിട്ട പോലെ, അവൻ ആവിയായി മൂന്ന് വർഷം കഴിഞ്ഞപ്പോൾ കോഴിക്കോട് നഗരം റസാഖിനെ സാക്ഷിയാക്കി, എന്നെ അടൂരിന് മുന്നിലേക്ക് കുടഞ്ഞിട്ടു. 

ജോഷി ജോസഫ് അടൂരിനൊപ്പം

മനസ്സ് തുറന്ന് ചിരിച്ചും സംസാരിച്ചും നിന്നപ്പോൾ മിന്നല് പോലെ മിന്നിയ അണ്ടർവാട്ടർ ക്യാമറയോടൊപ്പം ദഹന നീരുകളുടെ കുമിളകൾ പൊട്ടുന്നത് സ്വകാര്യമായി കേട്ടു. ആ സമയം കോഴിക്കോട് കടപ്പുറത്ത് ഫോട്ടോ എടുത്ത് കൊണ്ടിരുന്ന രഘുറായ് എന്ന ഫോട്ടോഗ്രാഫറെ കടൽ തള്ളിയിടുകയാണ് ചെയ്തത്. രഘുറായിയാകട്ടെ കടൽത്തിരയിൽ തൊട്ടിലാടി മദിച്ച് പുളച്ച് നടന്ന് ഫോട്ടോകൾ എടുത്തു കൊണ്ടിരുന്നു. 

ഇരുപത് ഫോട്ടോഗ്രാഫർമാരും ഫാദർ അഗസ്റ്റിൻ വട്ടോലിയും സിനിമാട്ടോഗ്രഫർ മനേഷ് മാധവനും ഫിലിം മേക്കർ സഞ്ജു സുരേന്ദ്രനും ഒക്കെ പങ്കെടുത്ത ഒരു ഛായാഗ്രഹണ ശിബിരം, റസാഖ് അനുസ്മരണത്തോട് ചേർന്ന് സംഘടിപ്പിച്ചു. ഡോക്ടർ മുനീറും ശെമാലും അഡ്വ: സജിയും അതിൻ്റെ കുശിനിക്കാരായി. രഘുറായ് എന്ന ഗുരു, ഫോട്ടോഗ്രാഫിയുടെ ശരീരത്തെ തൊട്ട് കലയുടെ ആത്മാവിലേക്ക് കൂടുവിട്ട് കൂടുമാറുന്നത് ‘മാജിക്കൽ’ എന്ന വാക്കില്ലാതെ വിനിമയം ചെയ്യാനാവില്ല. ക്യാമ്പിലെ ഫോട്ടോഗ്രാഫർമാരോട് സ്വയം തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങൾ വീതം കാണിക്കാൻ ആവശ്യപ്പെട്ടു. ഓരോ ചിത്രങ്ങൾക്കും  രഘുറായിയുടെ റണ്ണിംഗ് കമൻ്ററി. 

രഘുറായി

ശിബിരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയുടെ ചിത്രത്തിൽ കുളക്കരയിൽ പത്രസമ്മേളനം നടത്തുന്ന ഒരു കൂട്ടം താറാവുകൾ. എവിടെയാണ് ചലനം എന്നായിരുന്നു ഗുരുവിൻ്റെ ക്രോസ് വിസ്താരം. മോനേ, ആ താറാവുകൾ ഓടുകയോ ഒന്ന് ഓടിക്കുകയോ ചെയ്താൽ എന്താകുമായിരുന്നു ഫ്രെയിം? Playfulness അഥവാ ക്രീഡാപരത ഉണ്ടെങ്കിൽ നീ ക്ലിക്കും മുമ്പ് പ്രകൃതിയും മനുഷ്യനും നിനക്ക് മുൻപിൽ ചില കളികൾ കളിക്കും – അപ്പോഴാണ് ക്ലിക്കേണ്ടത്. ഒരു കാട്ടാനയും അതിന് മുന്നിലൂടെ നടന്ന് പോകുന്ന ഒരു ആദിവാസി സ്ത്രീയുമുള്ള ചിത്രം മറ്റൊരു ഫോട്ടോഗ്രാഫർ കാണിക്കുന്നു. നല്ല മുഹൂർത്തമാണ്. പക്ഷേ, വശങ്ങളിൽ നിന്ന് എടുക്കുന്നതിന് പകരം അല്പം ആംഗിൾ മാറ്റിയിരുന്നെങ്കിൽ ആനയുടെ എതിരേ നടക്കുന്ന മനുഷ്യരൂപത്തെ കിട്ടിയേനെ. പക്ഷേ, ഫോട്ടോഗ്രാഫർ ആനയുടെ കൺവെട്ടത്തിൽ പെടുകയെന്ന റിസ്ക് ആവശ്യപ്പെടുന്ന ആംഗിളാണത്. 

“You have to risk yourself every time you push the click button.” സുരക്ഷിതമായി കളിക്കുന്നവർ സുരക്ഷിതരായി കർത്താവിൽ നിദ്ര പ്രാപിക്കുന്നു എന്ന മട്ടിലുള്ള നിർദേശങ്ങൾ. 

കൽപ്പറ്റ നാരായണൻ

കൽപ്പറ്റ നാരായണൻ അവിടെയെത്തി. അയാൾ പിന്നീട് ഒരു കഥ പറഞ്ഞു. വീട് പണി തുടങ്ങിയപ്പോഴത്തെ മൂത്താശാരിയുടെ വക ഒരു മുതുനെല്ലിക്ക. അടിത്തറ കെട്ടിയപ്പോൾ അടുക്കി വെക്കുന്ന ചില വലിയ കല്ലുകൾ വെക്കേണ്ടിടത്ത് വെച്ചില്ലെങ്കിൽ, കുറേക്കഴിയുമ്പോൾ ആ കല്ലുകൾക്ക് ഒന്ന് മാറിയിരിക്കണമെന്ന് തോന്നിയേക്കാം. അങ്ങനെ തോന്നലുണ്ടാക്കാത്ത ഒരേയൊരു പൊസിഷനേയുള്ളൂ. അത് കണ്ടു പിടിച്ച് അവനെ അവിടെ വെച്ചാൽ പിന്നെ അവിടെത്തന്നെ അടങ്ങിയിരുന്നോളും. റസാഖ് എല്ലാക്കാലത്തും എന്നോട് മന്ത്രിച്ച ഒരു കാര്യം പല പല കഥാസന്ദർഭങ്ങളിലായി ഞാൻ രഘുറായിയിൽ നിന്നും കോഴിക്കോട് വെച്ച് കേട്ടു. 

ജോഷി ജോസഫ് മഹാശ്വേതാദേവിയോടൊപ്പം

ഓരോ ഷോട്ടിനും ഒരേയൊരു ആംഗിളേ ഉള്ളൂ. അതാണ് പടച്ചോൻ്റെ ആംഗിൾ. ആ തുറവിയിലേക്ക് നമ്മെ എടുത്തെറിയുന്നവനാണ് ഗുരു. അതിൻ്റെ വിപരീത പദം ലഘുവാകുന്നത് അത്ര ലഘുവായ കാര്യവുമല്ല. ആ അർത്ഥത്തിൽ വിജയൻ മാഷും മഹാശ്വേതാ ദേവിയും അടൂർ ഗോപാലകൃഷ്ണനും റസാഖ് കോട്ടക്കലും രഘുറായിയും എൻ്റെ ‘ഗുരു’ (ഗുരുക്കൾ അല്ല) ആകുന്നു. 

 

About Author

ജോഷി ജോസഫ്

അവാർഡ് നേടിയ ചലച്ചിത്രകാരനും എഴുത്തുകാരനുമാണ് ജോഷി ജോസഫ്

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.