മാനവികമായ എന്തിനേയും സംഘപരിവാരത്തിന് സഹിക്കാൻ കഴിയില്ല. അതിനി സൂഫി സംഗീതമായാലും കരോൾ ഗാനങ്ങളായാലും. മനുഷ്യകുലത്തിന്റെ പാപം സ്വന്തം ഉത്തരവാദിത്വമായി കണ്ട ക്രിസ്തുവിന്റെ മാഹാത്മ്യം തീർച്ചയായും ആർ.എസ്.എസ് ഭയക്കും. യു.പിയിൽ തുടങ്ങി മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഒറീസ വഴി പാലക്കാട്ടെത്തി നിൽക്കുന്ന ചട്ടമ്പിത്തരങ്ങൾക്ക് ഏകതാനമായ സ്വഭാവമാണുള്ളത്. ക്രൈസ്തവ സഭകളെ പേടിപ്പിക്കുക. “ക്രിസ്റ്റ്യൻ ഔട്ട് റീച്ച്” എന്നൊക്കെ പറഞ്ഞ് അരമനകളിൽ കയറിയിറങ്ങിയപ്പോൾ മനപായസമുണ്ടതെല്ലാം വെറുതെയായി.
തൃശൂരിൽ പറ്റിയ അബദ്ധം കേരളത്തിലെ ക്രൈസ്തവസമൂഹം മനസ്സിലാക്കി കഴിഞ്ഞു.നൂറ്റാണ്ടുകളുടെ പടയോട്ടം കണ്ട കത്തോലിക്കാസഭയിലെ ചില പാതിരിമാർക്ക് പറ്റിയ പറ്റ് തിരുത്താൻ സുശക്തമായ ഒരു സംഘടനാസംവിധാനവും അളവറ്റ ധനവും കൈയ്യിലുള്ള കത്തോലിക്കാസഭയോടുള്ള ഇപ്പോഴത്തെ ഏറ്റുമുട്ടലിനെ അവർ പ്രസ്താവനകൾ കൊണ്ട് നേരിടുന്നത് അവരുടെ ദൗർബല്യമല്ലെന്ന് ഏറ്റവും നന്നായി അറിയുന്നത് നാഗ്പൂരിനാണ്. ഇൻ ഗോഡ് വി ട്രസ്റ്റ് എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന അമേരിക്കൻ ഭരണകൂടത്തോടുള്ള നരേന്ദ്ര മോഡിയുടെ അടിമത്ത മനോഭാവം ലോകം കാണുന്നുമുണ്ട്. ഇപ്പോഴത്തെ ഈ ചൊറിച്ചിലിന് മറ്റൊരു കാരണവും കൂടിയുണ്ട്.

ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ആർ.എസ്.എസ് സംഘചാലകൻ മോഹൻ ഭാഗവത് ഇന്ത്യ ഹിന്ദു രാജ്യമാണെന്നും അതിന് ഭരണഘടനയുടെ പിൻബലം വേണ്ടെന്നും പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരു മതവിശ്വാസിയും ഹിന്ദുവാണെന്ന വിഡ്ഢിത്തരം 1925ൽ പിറവിയെടുത്തത് മുതൽ ആർ.എസ്.എസ് പറയുന്നതാണ്. ഇപ്പോഴാണ് ആ പറച്ചിലിന് ഭരണഘടനയുടെ പിൻബലം വേണ്ടെന്ന് പറയുന്നത്. ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാൻ അഹോരാത്രം പണിയെടുക്കുന്ന സംഘപരിവാരത്തിന് മാത്രം സുഖിക്കുന്ന ഒരു ഭരണഘടനാവിരുദ്ധവും രാജ്യദ്രോഹപരവുമായ പ്രസ്താവനയാണ് ആർ.എസ്.എസ് മേധാവി നടത്തിയിരിക്കുന്നത്. നൂറു കണക്കിന് വിശ്വാസങ്ങളിൽ അഭിരമിക്കുമ്പോഴും ഇന്ത്യയെന്ന ദേശീയത ഓരോ ഇന്ത്യാക്കാരനും നെഞ്ചിലേറ്റുന്നത് അവർ ഹിന്ദുവായത് കൊണ്ടല്ല. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും അംബ്ദേക്കറും വല്ലഭായി പട്ടേലുമൊക്കെ വിവിധങ്ങളായ അഭിപ്രായ ഭിന്നതകൾ ഉള്ളപ്പോഴും ഒരു മേശയ്ക്ക് ചുറ്റുമിരുന്നു ഇന്ത്യൻ ജനാധിപത്യത്തെ പാലൂട്ടിയത് കൊണ്ടാണ്. ആർ.എസ്.എസ് എന്ന സംഘടന രാജ്യത്തെ ഏറ്റവും വലിയ പുഴുക്കുത്താണെന്ന് കത്തെഴുതിയത് വല്ലഭായ് പട്ടേലായിരുന്നു.
സിലിഗുരിയിലെ ചിക്കൻനെക്ക് കയറി മുകളിലോട്ട് സഞ്ചരിച്ചാൽ നിങ്ങൾ ഇന്ത്യാക്കാരനാണോ എന്ന് ചോദിക്കുന്ന പഴമുറക്കാർ ഇപ്പോഴുമുണ്ട്. എല്ലാവരും ഹിന്ദുക്കാളിയിരുന്നെങ്കിൽ മണിപ്പൂരിലെ മെയ്തിയേയും കുക്കിയേയും ഒളിച്ചു നടക്കേണ്ട ഗതികേട് ഇന്ത്യൻ പ്രധാനമന്ത്രിക്ക് വരുമായിരുന്നോ? കള്ളങ്ങൾ ആവർത്തിച്ച് സത്യമാക്കുന്ന ഗീബൽസിന്റെ തന്ത്രം ആർട്ടിഫിഷ്യൽ ഇൻലിജെന്റ്സിന്റെ കാലത്ത് നടക്കില്ല. സാങ്കേതിക വിദ്യ ഉപയോഗിച്ച് നുണപ്രചാരണം നടത്തുകയെന്നതിൽ ആദ്യം സംഘപരിവാർ വിജയിച്ചിരുന്നു. പക്ഷേ മിനുട്ടിന് മിനുട്ടിന് സാങ്കേതിക വിദ്യ മാറിമറിയുന്ന ഈ ലോകത്ത് അതിനി നടക്കാൻ പോകുന്നില്ല.

ക്രിസ്തുമസ്സ് ദിനം പ്രവർത്തി ദിവസമാക്കണമെന്ന യോഗിയുടെ മോഹം ഉത്തർപ്രദേശിൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പിലാക്കാൻ കഴിഞ്ഞു എന്നതിന്റെ അർത്ഥം എല്ലാം അങ്ങനെ നടപ്പാക്കാൻ കഴിയുമെന്നല്ല. രാജ്യത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന പുതിയ ആണവോർജ്ജ ബിൽ (ശാന്തിബിൽ) ലോക്സഭയിലും രാജ്യസഭയിലും മിനുട്ടുകൾ കൊണ്ടാണ് പാസ്സാക്കിയത്. ഉദ്യോഗസ്ഥവൃന്ദം എഴുതി കൊടുത്ത വാചകങ്ങളിൽ പോലും മാറ്റമില്ലാതെയാണ് ഈ ബിൽ ഇരുസഭകളിലും പാസായത്. അഥവാ പാസാക്കിയെടുത്തിരിക്കുന്നത്. മിനുട്ടുകൾ കൊണ്ട് സംഹാരശക്തിയായി മാറുന്ന ആണവോർജ്ജത്തെ ഇത്ര നിസ്സാരമായി കാണണമെങ്കിൽ ഗോമൂത്രം കൊണ്ട് കാൻസർ ചികിൽസിക്കാം എന്നു പറയുന്നവർക്കേ സാധിക്കൂ. ഇന്തോ-യു.എസ് ആണവകരാർ പാലിക്കാനും സ്വന്തക്കാരനായ അദാനിക്കും അംബാനിക്കും ആണവമേഖലയിൽ കൈയ്യിട്ടുവാരാനുമുള്ള അവസരമൊരുക്കുകയാണ് ഈ നിയമനിർമ്മാണത്തിലൂടെ നടന്നിരിക്കുന്നത്. പാർലമെന്റിൽ സ്വന്തം പാർട്ടിക്കാർക്ക് പോലും ചർച്ച ചെയ്യാനുള്ള അവസരം നിഷേധിച്ചു കൊണ്ടാണ് നിയമം പാലം കടന്നത്.ഒരു നിയമനിർമ്മാണ സഭയ്ക്ക് രാജ്യത്തോടും രാജ്യ നിവാസികളോടും എന്തൊക്കെ ഉത്തരവാദിത്വങ്ങളാണ് ഉള്ളതെന്ന് ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ഇതൊക്കെ വായിച്ചാൽ മനസ്സിലാകുന്ന നിതിൻ ഗഡ്കരിയെ പോലുള്ളവർ ഇപ്പോൾ അടുക്കളയ്ക്ക് പുറത്താണ്. ഡൽഹി വായു മലിനീകരണം കൊണ്ട് ഒരു പ്രശ്നവുമില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ആണയിട്ടു ജനത്തെ കബളിപ്പിക്കാൻ തുടങ്ങിയപ്പോൾ ഗഡ്കരി മാത്രമാണ് അതങ്ങനെയല്ല എന്നു പറഞ്ഞത്.

കേരളത്തിലേക്ക് തിരിച്ചു വരാം. തിരുവനന്തപുരം നഗരസഭയിൽ അമ്പത് സീറ്റുകൾ ലഭിച്ചിട്ട് സ്വതന്ത്രന്മാരെ ചാക്കിൽ കയറ്റാനുള്ള തന്ത്രങ്ങൾ പൊളിഞ്ഞിരിക്കുമ്പോഴും കേരളത്തിൽ ഭരണം ലഭിച്ചു എന്ന മട്ടിലാണ് കേരളത്തിലെ ബി.ജെ.പിക്കാർ. പാലക്കാടും പന്തളവും പോയതും വോട്ടിംഗ് ശതമാനത്തിൽ കുറവ് വന്നതും എന്തു കൊണ്ടാണെന്ന ബി.ജെ.പിയുടെ കേരള പ്രഭാരി ജാവദേക്കർ ചോദിച്ചപ്പോൾ പണത്തിന്റെ കുറവ് കൊണ്ടായിരുന്നു എന്നായിരുന്നു മറുപടി. കേരളത്തിലെ നേതാക്കന്മാർക്ക് ധൂർത്തടിക്കാൻ പഴയതു പോലെ കാശ് തരാൻ കഴിയില്ലെന്ന് കണ്ണൂരിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ജാവദേക്കർ പറഞ്ഞത് കേരളത്തിലെ സംസ്ഥാന അധ്യക്ഷൻ പോലും നെഞ്ചിടിപ്പോടെയാണ് ശ്രവിച്ചത്. നേതാക്കൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അന്തിയുറങ്ങുമ്പോൾ ഹിന്ദുരാജ്യം സ്വപ്നം കണ്ടിറങ്ങിയ പഴയ ആർ.എസു.എസുകാരൻ ഉടുതുണിക്ക് മറുതുണിയില്ലാതെ അലയുന്ന കാഴ്ച കേരളത്തിലെ ആർ.എസ്.എസ് നേതൃത്വം ബി.ജെ.പി അഖിലേന്ത്യാ നേതൃത്വത്തെ ധരിപ്പിച്ചു എന്നാണ് കരക്കമ്പി.ഒരു മാസം രണ്ടരക്കോടി രൂപയാണത്രെ ബി.ജെ.പിയുടെ പ്രവർത്തന ചിലവ്. ഇതൊന്നും വോട്ടിൽ കാണാനുമില്ല. പണം കൊണ്ട് ഉത്തരേന്ത്യയിൽ കളിക്കുന്ന കളി കേരളത്തിൽ വിലപ്പോവില്ലെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. കേരളത്തിന്റെ സോഷ്യൽ എഞ്ചിനീയറിംഗ് മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബുദ്ധി മതി. ബി.ഡി.ജെ.എസ് എന്ന തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന സഖ്യകക്ഷിക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് ചിലവിനായി നൽകുന്ന പണം പാർട്ടി അദ്ധ്യക്ഷൻ തന്നെ തിന്നുന്ന കഥ ഇതിനകം ബി.ഡി.ജെ.എസ് അണികൾക്കിടയിൽ പാട്ടാണ്. തിരുവായ്ക്ക് എതിർ വായില്ലെന്ന് മാത്രം.

മതരാഷ്ട്രീയം ജനാധിപത്യത്തെ എങ്ങനെയൊക്കെ കശാപ്പു ചെയ്യുന്നു എന്നറിയാൻ ഓരോ ഇന്ത്യാക്കാരനും ചുറ്റിലുമുള്ള രാജ്യങ്ങളിലേക്കൊന്ന് നോക്കിയാൽ മതി. മനുഷ്യത്വപരമായ രാഷ്ട്രീയം എല്ലാക്കാലവും വെല്ലുവിളികളെ നേരിടും. ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഇപ്പോൾ നടക്കുന്നത് അതാണ്. പക്ഷേ നമ്മുടെ അതിശക്തമായ ജനാധിപത്യ സംവിധാനം ഈ പ്രതിസന്ധികളെ നേരിടുക തന്നെ ചെയ്യും. ഇവിടെയൊരു ഭരണഘടന ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്.എവിടെയുമുള്ളത് പോലുള്ള പുഴുക്കുത്തുകൾ നമ്മുടെ ജുഡീഷ്യറിയിലും കടന്നു കയറിയിട്ടുണ്ടെങ്കിലും ഒരു തിരുത്തൽ ശക്തിയായി നമ്മുടെ ജുഡീഷ്യൽ സംവിധാനവും ഉണർന്നിരിപ്പുണ്ട്.





