A Unique Multilingual Media Platform

Articles Book Review Culture Travel

പുസ്തകങ്ങൾ ചിന്തകളായും,വേദനയായും…

  • January 9, 2026
  • 1 min read
പുസ്തകങ്ങൾ ചിന്തകളായും,വേദനയായും…

ഇടവേളകളില്ലാതെ നമ്മെ വേട്ടയാടുന്ന അധികാരപ്പോരുകളുടെയും സാമൂഹിക വിച്ഛേദങ്ങളുടെയും നടുവിൽ, പുസ്തകങ്ങൾ പലപ്പോഴും ഒരു ആശ്വാസമല്ല — അവ ഒരേസമയം ഒരു വേദനയും ഒരു വെളിച്ചവും ആയിത്തീരുന്നു. വായനയുടെ സ്വകാര്യ അനുഭവങ്ങൾ ഹൃദയത്തോട് ചേർത്ത്, ജീവിതത്തിന്റെയും കാലത്തിന്റെയും അടയാളങ്ങൾ തേടുകയാണ് ഖദീജ മുംതാസ് ഇവിടെ. ഹൃദയപക്ഷം പംക്തിയുടെ തുടർച്ച കുറിക്കുന്ന ഈ കുറിപ്പിലൂടെ. 

അമ്പരപ്പിക്കുന്ന പ്രാദേശിക ദേശീയ, ആഗോള അധികാരപ്പന്തയങ്ങൾ, കടന്നുകയറ്റങ്ങൾ, അവ തുടർന്നു കൊണ്ടേയിരിക്കുന്നു. അവയെത്തന്നെ അപഗ്രഥിച്ചു കൊണ്ടേയിരിക്കുന്ന മനസ്സ് കൂടുതൽ കൂടുതൽ ആതുര മാവുകയും. ഇതിനിടയിലും സമാന്തര വായനയുടെയും ആസ്വാദനത്തിൻ്റെയും അനുഭവങ്ങൾ കൂടിയില്ലേ? ഇടയ്ക്കെങ്കിലും അവയെപ്പറ്റിക്കൂടി…

ചില പുസ്തകങ്ങൾ നിർബന്ധ ബുദ്ധിയോടെ നമ്മെ വലിച്ച്, ഈ വഴിയൊന്നു വാ എന്നു വാശിപിടിക്കുന്ന അനുഭവങ്ങളും ഇല്ലാതില്ല.

ഏതോ പരിപാടിക്കിടയിൽ, ചില പുസ്തകങ്ങൾ നമ്മിലേക്കെത്തും. പറഞ്ഞതൊക്കെ ഞങ്ങളും കേട്ടു. എന്നെയും ഒന്നു കേട്ടു നോക്കൂ എന്ന ഭവ്യതയോടെ. കൊടുത്ത ഉറപ്പ് ലംഘിക്കപ്പെട്ട് ഇനിയും വായിക്കാത്തവയുടെ ഗ്യാലറിയിൽ അവയും ഊഴം കാത്തിരിക്കുന്നുണ്ടാവും പലപ്പോഴും. ഏറെക്കാലം കഴിഞ്ഞാവും, എഴുത്താളനെ,എഴുത്താളിയെ വീണ്ടും കാണുമ്പോൾ, വിശ്വാസവഞ്ചന കാണിച്ചവളുടെ ജാളൃത്തിൽ തിരിച്ചു വന്ന് സ്റ്റാൻ്റു തിരഞ്ഞ് പൊക്കിയെടുത്ത് രണ്ടു പേജെങ്കിൽ രണ്ടു പേജ് വായിച്ചിട്ടേയുള്ളു കാര്യം എന്ന മട്ടിൽ തുടങ്ങുകയായി. അങ്ങനെ വായിച്ചു തുടങ്ങിയ ഒന്നിനെപ്പറ്റിയാണ് – ‘മനുഷ്യരിൽ നിന്ന് ഇറങ്ങിപ്പോകുന്നവർ’! പേര് ഇത്തിരി കുഴപ്പിക്കുന്നത്. ആത്മഹത്യയുടെ മണം!എഴുത്തുകാരൻ ടി.പി. എ. നസീർ നിയമ ബിരുദധാരി, പ്രഭാഷകൻ, കൗൺസലിംഗ് രംഗത്തു പ്രവർത്തിക്കുന്നവൻ. തീർച്ചയായും വളരെ സാധാരണമായ വൃക്തിപരപ്രശ്നങ്ങളുടെയും അറിയപ്പെടാത്ത മാനസിക സങ്കീർണതകളുടെയും താക്കോൽ കയ്യിലുള്ളവൻ. കാച്ചിക്കുറുക്കിയ കോളമെഴുത്തുകളുടെ സമാഹാരം തന്നെയായിരിക്കണം ഇത്.

വേഗതകളുടെ ലോകത്ത് വേഗത്തിൽ വേഗത്തിൽ വായിച്ചു മറിക്കാവുന്ന അനുഭവക്കുറിപ്പുകൾ.  പൊടിപ്പും തൊങ്ങലും അതി വൈകാരികതകളും ഇല്ലാതെ, സ്വന്തം നിരീക്ഷണങ്ങൾ വായനക്കാരിലേക്ക് പ്രസരിപ്പിക്കാനാവും വിധമുള്ള ഘടന. ലൈഫ് കോച്ചെന്ന അവനവൻ മുഴച്ചുനിൽക്കുന്നേയില്ല. എളുപ്പം പണമുണ്ടാക്കാൻ മോഹിക്കുന്നവർ വീഴുന്ന ചതിക്കുഴികളിലൊന്നിൽ ലൈഫ് കോച്ച് സ്വയം വീണ കഥ പോലുമുണ്ട്. ‘സോറി പപ്പ നിങ്ങൾ തന്നെയാണ് ശരി’ എന്ന പേരിൽ തുടങ്ങുന്ന ആദ്യ കുറിപ്പ് സൂചിപ്പിക്കും പോലെ,വർത്തമാനകാല ജീവിതത്തിൻ്റെ, പ്രത്യേകിച്ച് യുവ ജീവിതങ്ങളുടെ സാക്ഷിയോ, നിരീക്ഷകനായി നിന്ന് ഉള്ളം വേവുന്നവനോ, സഹായിക്കാൻ തുനിഞ്ഞ് പരാജയമടഞ്ഞവനോ, വല്ലപ്പോഴുമൊക്കെ സഫലമായ ഇടപെടലിൽ സംതൃപ്തിയടയുന്നവനോ ഒക്കെയായി ഈ ലൈഫ് കോച്ചിനെ നാം കാണുന്നു. തൻ്റെ ജീവിതബോധ്യങ്ങൾ അടിച്ചേൽപ്പിക്കുന്നവനായല്ല, ഇങ്ങനെയൊക്കെ കൂടിയാണല്ലേ ജീവിതം എന്ന തിരിച്ചറിവിൻ്റെ വെളിച്ചപ്പൊട്ടുകൾ സമാഹരിച്ച് മഹാസമുദ്രത്തിലേയ്ക്ക് പ്രകാശം പായിക്കാൻ ശ്രമിക്കുന്ന ഒരു വിളക്കുമരമെന്ന പോലെ.

ചുറ്റും കണ്ട് എഴുതാതെ വിട്ടുപോയ അനേകം കഥാബീജങ്ങൾ ഈ കുറിപ്പുകളിലുണ്ട് എന്നു തോന്നി. ഒന്നു ശ്രമിച്ചാലോ ആ നിലയിൽ, എന്നാലോചിക്കുകയും ചെയ്തു. കഥയാവുമ്പോൾ നമ്മുടെ ബോധ്യങ്ങൾ തുറന്നെഴുതേണ്ട. വായനക്കാരുടെ ചിന്തകൾക്കു വിടാം. നസീറിൻ്റെ ബോധ്യങ്ങളിൽ പലതിനോടും യോജിപ്പാണുള്ളതെങ്കിലും എല്ലാം അങ്ങനെയല്ല താനും. അപ്പോൾ പിന്നെ എന്താണാവോ സ്വന്തം ബോധ്യങ്ങൾ എന്നു ചിന്തിപ്പിക്കുന്നുണ്ട് നസീർ. ലെസ്ബിയൻ പ്രണയത്തെപ്പറ്റി, ലിവിംഗ് ടുഗതറിനെപ്പറ്റി, മീ ടൂവിനെപ്പറ്റി, മിക്സഡ് ക്ലാസുകളിൽ ഇടകലർന്നിരുന്നു തന്നെയുള്ള പഠനത്തെപ്പറ്റി,… അങ്ങനെയങ്ങനെ..

ഒരു ട്രെയിൻ യാത്രക്കിടെ തികച്ചും അവിചാരിതമായി കയ്യിലെത്തിയതാണ് ‘കാടകം‘.  എഴുത്തുകാരിയുടെ ഗ്രാമീണ ബാല്യകാലസ്മരണകൾ എന്നു കേട്ടപ്പോൾ മൈന ഉമൈബാൻ്റെ ബാല്യസ്മരണകളിലെ വനയാത്രകളും മഴയും പച്ചക്കനപ്പും പോലെയുള്ളവയാണു പ്രതീക്ഷിച്ചത്. നിരാശയില്ല. വനയാത്രയല്ല, കാടകമെന്ന കാസർഗോഡൻ അപൂർവ ഗ്രാമാനുഭവങ്ങളാണ് കാത്തിരുന്നത്‌ എന്നു മാത്രം..  വിദേശ ആക്സൻ്റിൽ ഇംഗ്ലീഷിൽ സംസാരിച്ചു കൊണ്ടേയിരുന്ന തൊട്ടടുത്ത സീറ്റിലെ പെൺകുട്ടിയെയും ഒരേ നിരയിൽ മറുപകുതിയിലെ സീറ്റുകളിലെ ആൺകുട്ടിയെയും അൽപ്പം മുതിർന്ന പുരുഷനെയും ഒരു ഹാപ്പി ട്രിപ്പിനു കേരളത്തിലെത്തിയ അന്യസംസ്ഥാനക്കാർ എന്ന നിലയിൽ നിസ്സംഗതയോടെ മാത്രമാണ് ആദ്യം നോക്കിക്കണ്ടത്.

വന്ദേ ഭാരതിലെ ലഞ്ച് ടൈമിൽ പെൺകുട്ടിയോട് സൗഹൃദ സംഭാഷണം സാധ്യമായപ്പോഴാണ് ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്ത മലയാളി കുടുംബമാണെന്നറിഞ്ഞത്. അമ്മയുടെ നാടായ കാസർഗോഡു നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു പോക്കിൻെറ ഭാഗമായുള്ള യാത്ര. കൂടെയുള്ളത് അച്ഛനെന്നത് ഇത്തിരി അതിശയപ്പെടുത്തി. അച്ഛനുമപ്പുറത്തെ വിൻഡോ സീറ്റിൽ, നിശ്ശബ്ദയായി, ഒരു പക്ഷേ നാടുവിട്ടുപോകുന്നതിൻ്റെ വ്യഥയോടെ അല്ലെങ്കിൽ നാടിൻ്റെ കാഴ്ചകൾ വഴിനീളെ മനസ്സിലേക്കാവാഹിച്ചു കൊണ്ട്, മെലിഞ്ഞ ഒരമ്മയിരിക്കുന്നതും മകൾ പറഞ്ഞപ്പോഴേ ശ്രദ്ധിച്ചുമുള്ളു!

മെലിഞ്ഞവളെങ്കിലും തൻ്റെയിടം കണ്ടെത്തിയ ആ അമ്മയുടെ പുസ്തക പ്രകാശനത്തിനെത്തിയതായിരുന്നു ആസ്ത്രേലിയയിൽ നിന്ന് ആ മുഴുവൻ കുടുംബവും. മെൽബണിൽ വെച്ചൊരു പ്രകാശനം കഴിഞ്ഞു. പോരാ, തൻ്റെ ഹൃദയം ഏൽപ്പിച്ചു പോയ നാട്ടിൽ വെച്ചും വേണം എന്ന ആഗ്രഹപൂർത്തിക്കായി എത്തിയതാണ്. അൽപ്പം സംസാരിച്ചും ബാക്കി ഗൂഗിളിൽ നോക്കിയും ആളെയറിഞ്ഞപ്പോൾ കാടകം കയ്യൊപ്പിട്ട് അപ്പോൾത്തന്നെ കയ്യിലെത്തി. സെൽഫിയും അല്ലാതെയുമായി ട്രെയിനിറങ്ങും മുമ്പ് ഇനിയും അടുത്തറിയാനുള്ള പാലവുമൊരുങ്ങി.

ട്രെയിനിലിരുന്ന് മറിച്ചു നോക്കവെ, കണ്ണിലുടക്കിയ ‘ഹൂയ്, ഹൂയ്, നല്ല പെടയ്ക്കുന്ന മീൻ’ തുടങ്ങി രണ്ടു മൂന്നധ്യായങ്ങൾ വായിച്ചപ്പോൾത്തന്നെ ആ കാസർഗോഡൻ ഭാഷയുടെ നനുത്ത ഈണത്തിലും താളത്തിലും ഞാൻ വഴുക്കി വീണു. സമർപ്പണമൊക്കെ വായിച്ചത് പിന്നീട്. ‘എന്നെ കൊണ്ടാട്ടത്തോടെ പാങ്ങില് ബളർത്തി ബല്താക്കി മനിച്ചമ്മാരെ നല്ലോണം സ്നേഹിക്കാൻ പഠിപ്പിച്ച ബല്യച്ചനും ബല്യമ്മയ്ക്കും’ സമർപ്പിക്കപ്പെട്ട ഒരു പുസ്തകം ആദ്യമായി വായിക്കാൻ കിട്ടുകയാണ്. ‘തെയ്യങ്ങളെയും യക്ഷഗാനത്തെയും മറ്റു തനതുകലകളെയും കാടുകളും മലകളും കൊണ്ട് മതിൽ തീർത്തു സംരക്ഷിച്ച’ കാടകമെന്ന തൻ്റെ നാടിനെപ്പറ്റി പറയാൻ ലളിതാരാജ് എന്ന എഴുത്തുകാരിക്ക് നൂറു നാവ്. ആ നൂറു നാവിലും നിറച്ചും മധുരം, പല ജാതിരുചികൾ, മത്തിയുടെ, കോഴിക്കറിയുടെ, മുത്തശ്ശി (ബല്യമ്മ)യുടെ മറ്റനേകം കൈപ്പുണൃമിണങ്ങിയ പലഹാരങ്ങളുടെ പിന്നെ, അമ്പലങ്ങളിലെ കഞ്ഞി കുടിയുടെ (കഞ്ഞിയല്ല,ചോറും സാമ്പാറുമാണേ !), ശിവരാത്രി പലഹാരത്തിൻ്റെ.  കാഴ്ചകളിലോ? തെയ്യം,തിറ കാഴ്ചകൾ, തിയ്യന്മാരുടെ പന്തലുമംഗലം, കൊറഗരുടെ കലകൾ, യക്ഷഗാനം പൊട്ടൻ തെയ്യം, പൂരക്കളി……. ഇനിയെന്തു വേണം ! നെല്ലും കായ്കറികളും വിഷുവിനും ഓണത്തിനും (വർഷത്തിൽ രണ്ടു വട്ടമുണ്ട് കാടകത്തിന് ഓണം ! ) കാണിക്കകളും ഒക്കെയെത്തുന്ന നായർ തറവാട്ടിലെ അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും സ്നേഹമേറ്റുവളർന്നവളുടെ ബാല്യ സമ്പന്നത ഊഹനീയം. ജാതിമതബോധം തെക്കൻ കേരളത്തേക്കാൾ ഏറെ കുറഞ്ഞിരിക്കുന്ന വടക്കിൻ്റെ സൗഹാർദ്ദവും കരകവിയുന്ന സ്നേഹഭാവങ്ങളും വായനയിലൂടെ തൊട്ടറിയാം. ഏകദേശം ഒരു നൂറ്റാണ്ടു മുഖത്തെ കഥയായതു കൊണ്ടാണോ, ജാതീയതയുടെ അതിഭീകരമുഖം അനാവരണം ചെയ്യുന്ന എം.വി. ജനാർദ്ദനൻ്റെ ഗംഭീര നോവൽ, പെരുമലയൻ മറ്റൊരു മുഖം കാണിച്ചു തരുന്നുമുണ്ട്.

അല്ല, സൂക്ഷ്മമായി നോക്കിയാൽ മനകൾക്കു പുറത്ത് ശുദ്രർ തൊട്ട് താഴോട്ട് ആർദ്രമായ കൊടുക്കൽ വാങ്ങലുകളുടെ പുരാതന കേരള സംസ്കാരത്തനിമകളുണ്ട് ആ നോവലിലും. തീണ്ടലിൻ്റെ നേർപ്പിച്ച അംശങ്ങൾ പെരുമലയനിലുള്ളതുപോലെ ‘കാടക’ത്തിലുമുണ്ടുതാനും. വാണിയന്മാരും തീയ്യരും മലയരും പുലയരും അപൂർവം നായന്മാരും പുലർത്തിയ ബാർട്ടർ സിസ്റ്റത്തിൻ്റെ മാതൃക പെരുമലയനിൽ കാണാമെങ്കിൽ, തിയ്യരെയും വാണിയന്മാരെയും മറ്റനേകജാതികളെയും ബന്ധിപ്പിക്കുന്ന ഉത്സവാഘോഷ പ്പൊലിമകളും സമൂഹഭക്ഷണപ്പെരുമകളും കാടകത്തിലുമുണ്ട്. കുറത്തി പ്രതിഷ്ഠയും നേർച്ചക്കോഴിയുടെ കക്കും കരളും പാകം ചെയ്ത് കുറത്തിക്കു കൊടുക്കലും നടക്കുന്നത് നായർ തറവാട്ടിൽ,തിരുവോണ നാളിൽ! നേർച്ചക്കോഴികളെ പാചകം ചെയ്യലും സമൂഹഭോജനവും ഒക്കെയുണ്ട് അന്ന്. തിയ്യരുടെ ഉത്സവത്തിൻ്റെ ഒരു ഭാഗമാണ് കാടുകേറിയുള്ള പന്നി വേട്ടയും പുലർച്ചെ അതു കൂടി പാചകം ചെയ്ത് ഭക്തർക്ക് ചോറു കൊടുക്കലും. വല്ല്യമ്മയുടെയും നാനാജാതിക്കാരായ സുഹൃത്തുക്കളുടെയുമൊപ്പം ഈ ആഘോഷങ്ങളിലൊക്കെ പങ്കെടുത്തു വളർന്നവളുടെ ബാല്യകൗമാരങ്ങൾ സമ്പന്നമാകാതെ വയ്യ.

കാടകം പുസ്തകത്തിൽ നിന്നുള്ള ഒരു കുറിപ്പ്

‘ചേറുമ്പ്, അംശം ദേശ’മെന്ന മഞ്ചേരിയിലെ ടി.പി. രാമചന്ദ്രൻ വക്കീലിൻ്റെ അത്ഭുതപ്പിറവി നോവലിനെ വീണ്ടുമോർമ്മിപ്പിച്ചു ‘കാടക’വായന.  വീണ്ടും എന്നു പറയുന്നതും ശരിയാവില്ല. വക്കീലിനെപ്പറ്റി, ആ എഴുത്തുകളെപ്പറ്റി എഴുതണമെന്നു കരുതിത്തുടങ്ങിയിട്ട് ഏകദേശം രണ്ടു മാസമാകാറായി. മഞ്ചേരിയുടെ ആത്മാവു പോലെ കഴിഞ്ഞ രാമചന്ദ്രൻ വക്കീൽ ! എത്രയെത്ര സാഹിത്യ സാംസ്കാരിക പരിപാടികളാണ് ആ മനുഷ്യൻ്റെ നേതൃത്വത്തിൽ മഞ്ചേരിയിലും ചിലത് കോഴിക്കോടും നടന്നിട്ടുണ്ടാവുക ! സ്നേഹ സമ്പന്നനും ഊർജ്ജസ്വലനുമായ ആ സാംസ്കാരിക പ്രവർത്തകൻ വർഷങ്ങൾക്കു മുമ്പേ എന്നെയും ആ സൗഹൃദവലയത്തിലേക്ക് പിടിച്ചടുപ്പിച്ചു. സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്ന, പ്രായം കൊണ്ട് അനുജനായ അദ്ദേഹം ഊഷ്മളമായ പെരുമാറ്റം കൊണ്ട് കുടുംബങ്ങൾ തമ്മിലും അടുപ്പമുണ്ടാക്കി. 

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ആരാധകനായ അദ്ദേഹം എല്ലാ വർഷവും മറക്കാതെ ബഷീർ അനുസ്മരണത്തിന് വൈലാലിൽ വീട്ടിലെത്തി തിരക്കിലൊരാൾ മാത്രമായി. ഇതൊക്കെ തന്നെയല്ലേ ജീവിതം എന്ന് ഇടയ്ക്കിടെ ഉരുവിടുമായിരുന്ന വക്കീൽ കോവിഡ് കാലത്ത് കുത്തിയിരുന്ന് സോഷ്യൽ മീഡിയയിലൂടെ ഘട്ടം ഘട്ടമായി എഴുതിയ നോവലാണ് ‘ചേറുമ്പ്, അംശം, ദേശം.’ ഫേസ്ബുക് ഉപയോഗിക്കാത്ത എനിക്കായി വാട്സ്ആപിൽ ഓരോ ലക്കവുമെത്തി. താൻ ജനിച്ചു വളർന്ന ഏറനാടൻ ഗ്രാമത്തിൻ്റെ തനിമയാർന്ന കാഴ്ചകളും മനുഷ്യരും വായിച്ചവരെയൊക്കെ ഹരം പിടിപ്പിച്ചു. പ്രമുഖ ചിത്രകാരൻ സഗീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകളുമായെത്തി. അവ കൂടി ഉൾപ്പെടുത്തി നോവൽ പൂർത്തിയായപ്പോൾ അവതാരികകാരിയുടെ വേഷവും ഏറ്റെടുക്കണമെന്നായി. മാതൃഭൂമി സന്തോഷത്തോടെ പ്രസിദ്ധീകരിച്ച നോവൽ എണ്ണമില്ലാത്തത്ര പ്രിയ സുഹൃത്തുക്കൾ ഏറ്റെടുത്തു. ചർച്ചകൾ, ആദരവ്, അവാർഡുകൾ ! അധികം വൈകാതെ അതിലെ തന്നെ, ഒരു കഥാപാത്രത്തെ, അധികാരി എന്നു വിളിപ്പേരുള്ള ബീഡി തെറുപ്പുകാരൻ സുന്ദരനെ, കഥാപാത്രമാക്കി വികസിപ്പിച്ച രണ്ടാം നോവലുമിറങ്ങി.  ‘അധികാരി‘ എന്ന പേരിൽത്തന്നെ. ഇതൊക്കെ തന്നെയല്ലേ ജീവിതം എന്ന് നിരന്തരം ഉരുവിടുമ്പോഴും ആ മനസ്സ് ഇതല്ല, ഇതിനുമപ്പുറമുണ്ട് എന്നു മന്ത്രിച്ചിരിക്കണം. അങ്ങനെ ടി.പി.രാമചന്ദ്രൻ മലയാളത്തിലെ മികച്ച നോവലിസ്റ്റു കൂടിയായി.

കാടകവും ചേറുമ്പും തമ്മിലെന്ത്? തിയ്യ സമുദായ കുടുംബത്തിൽ,പന ചെത്തുകാരൻ കോപ്പുവിൻ്റെ പേ രക്കുട്ടിയായി ദാരിദ്ര്യവും ജീവിതസങ്കടങ്ങളും നേരിട്ട്, ജീവിതത്തോട് പൊരുതി മുന്നോട്ടു വന്നവനാണ് ചേറുമ്പിലെ നായക കഥാപാത്രം. എഴുത്തുകാരൻ്റെ പ്രതിപുരുഷൻ എന്നൂഹിക്കാവുന്നവൻ. കാടകത്തിലെ പെൺകുട്ടി നായരുട്ടി, ഒന്നിനും മുട്ടില്ലാതെ വളർന്നവൾ. പക്ഷേ, രണ്ടു പേർക്കും സ്നേഹവും വൈവിധ്യമാർന്ന സാംസ്കാരിക സമ്പന്നതയും നൽകി അവരവരുടെ ഗ്രാമം. ചേറുമ്പിലെ തിയ്യരുടെ വിശ്വാസാചാരങ്ങളിലുമുണ്ട് കോഴിക്കുരുതിയും സമൂഹപാചകവും സസ്യേതര സദ്യയും. കാടകത്തിലെ തറവാട്ടിൽ മണ്ഡലകാലത്ത് മാലയിട്ടവരുണ്ടെങ്കിൽ മാത്രമാണ് സസ്യാഹാരനിഷ്ഠ. ഒരിക്കലും താൻ മാലയിടില്ല എന്നുറപ്പിക്കുന്നുണ്ട്, കോഴിക്കറി പ്രിയയായ ബാലിക.

ലളിതയെന്ന കാടകം ബാലികയ്ക്കുമുണ്ടായിരുന്നു സങ്കടങ്ങൾ. കാസർഗോഡിൻ്റെ മാത്രം സങ്കടങ്ങൾ!വൈകല്യം ബാധിക്കുന്ന സംസാരശേഷി നഷ്ടപ്പെടുന്ന സഹപാഠികൾ, കൂട്ടുകാരിയുടെ, സമനില തെറ്റി പെരുമാറി തുടങ്ങുന്ന സുന്ദരിയമ്മായി, പത്തുവയസ്സു തികഞ്ഞ മകനെ ഒക്കത്തെടുത്തു നടക്കേണ്ടി വരുന്ന അമ്മക്കാഴ്ചകൾ തുടങ്ങി. ചികിത്സാപ്പിഴവുകൊണ്ട് നരകിച്ചു മരിച്ച പഠിക്കാൻ മിടുക്കിയായിരുന്ന കൃഷ്ണൻ മാഷിൻ്റെ മകളും മറ്റൊരു ദു:ഖക്കാഴ്ച.

ചേറുമ്പിൽ നിറയെ തനിമയാർന്ന കഥാപാത്രങ്ങളാണ്. അവരുടെ സ്നേഹം, കാമം,ദാരിദ്ര്യം ഒപ്പം, ജാതിമത പരിധികളില്ലാത്ത വാത്സല്യപ്രവാഹം ഇവയൊക്കെ.  സ്ത്രീകൾ സ്വത്വബോധത്തോടെ തങ്ങളുടെ ജീവിതങ്ങളെ ആവിഷ്കരിച്ചു. രണ്ടു ദിവസങ്ങളൊക്കെ നീണ്ടുനിൽക്കുന്ന നാട്ടുകല്ല്യാണ ഒരുക്കങ്ങൾ വടക്കൻ മലബാറിലെന്നപോലെ ഏറനാട്ടിലും കണ്ടു. ഭാഷയുടെ തനിമ രണ്ടു കൃതികളുടെയും മേന്മ.

തിരക്കായിരുന്നിരിക്കണം, പ്രിയപ്പെട്ട രാമചന്ദ്രൻ വക്കീലിനു പോകാൻ. ഒരാഴ്ച മുമ്പ് ഓട്ടത്തിരക്കിനിടയിൽ ബി. പി. കൂടി ഒരൊറ്റ രാത്രി പുലരും വരെ ആശുപത്രിയിൽ. പിറ്റേന്ന് മഞ്ചേരിയിൽ ദേശീയ കവിതാസെമിനാറിൻ്റെ അമരക്കാരൻ. ഒരാഴ്ച കഴിഞ്ഞൊരു രാവിലെ എഴുതി പൂർത്തിയാക്കാത്ത ഫേസ്ബുക് പോസ്റ്റ് മൊബൈലിൽ ബാക്കിയാക്കി ഓഫീസുമുറിയിൽ അറുപത്തിനാലാമത്തെ വയസ്സിൻ്റെ യൗവനത്തിൽ കുഴഞ്ഞു വീണങ്ങു മരിക്കുക. തകർത്തുകളഞ്ഞു സുഹൃത്തേ,ചേർന്നുനിന്ന പലരുടെയും ഹൃദയങ്ങളെ താങ്കൾ.

ഫേസ്ബുക് കുറിപ്പിൻ്റെ കഷ്ണമിങ്ങനെ – ‘….. മരിച്ചാൽ എത്രയും വേഗം ശരീരം ഇലക്ട്രിക് ശ്മശാനത്തിൽ ചാരമാക്കുക. മതപരമായോ ഓർമ്മിക്കാനോ ഒന്നും വേണ്ട. ഒരിതൾ പൂവു പോലും. എത്രയും വേഗം മക്കൾ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു പോവുക. ഞാനെഴുതിയ പുസ്തകങ്ങൾ മാർക്കറ്റിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. അതിലുണ്ട് എനിക്കുള്ളതെല്ലാം.. മരിച്ചിട്ടോ അതിനു ശേഷമോ ആരെങ്കിലും തേടി വന്നാൽ അവർക്ക് ഭക്ഷണം കൊടുക്കണം.’ 

തീർച്ച. അദ്ദേഹത്തിൽ ബഷീർ ഉണ്ടായിരുന്നു….

 ഈ എഴുത്ത് പ്രിയപ്പെട്ട രാമചന്ദ്രൻ വക്കീലിന് സമർപ്പിക്കട്ടെ!

About Author

ഡോ. ഖദീജാമുംതാസ്

ഡോ .ഖദീജാമുംതാസ് - നോവലിസ്റ്റും ലേഖികയുമായ മെഡിക്കൽ ഡോക്ടർ . പി.എസ്., ഗവ. മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റും പ്രൊഫസറുമായിരുന്നു. നാല് നോവലുകളും 3 ചെറുകഥാ സമാഹാരങ്ങളും സാഹിത്യത്തെയും സാമൂഹിക പ്രശ്നങ്ങളെയും അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളുടെ പുസ്തകങ്ങളുടെയും രചയിതാവ്. ബർസ എന്ന നോവൽ 2010-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2016 മുതൽ 6 വർഷം കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയർ പേഴ്‌സൺ സ്ഥാനം വഹിച്ചിട്ടുണ്ട്, ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗമാണ്. പ്രൊഫ. സച്ചിദാനന്ദൻ നയിക്കുന്ന മാനവിക പ്രസ്ഥാനമായ ദേശീയ മാനവിക വേദിയുടെ വൈസ് ചെയർപേഴ്സണും ആണ്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.