മതവും ഭക്തിയും വിൽക്കപ്പെടേണ്ടതും കടലുകൾ താണ്ടി പോയി ഡോളറുകളായി മാറേണ്ടതാണെന്നും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ശബരിമലയിൽ നിന്നും കുന്നിറങ്ങി വാർത്തകൾ. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അരങ്ങു തകർക്കുമ്പോൾ കള്ളന്മാരെ സംരക്ഷിക്കാനില്ലെന്ന് നിലപാടിലാണ് മുഖ്യമന്ത്രിയും ഭരണകൂടവും. പാരഡിപാട്ടുകളുമായി കളം നിറഞ്ഞ വി.ഡി സതീശനും കൂട്ടരും അജയ്തറയിലിന്റെ തന്ത്രവിജ്ഞാനീയത്തിൽ കുടുങ്ങി കൂടുതൽ വിസ്മയങ്ങൾക്കായി കാതോർക്കുന്നു. തന്ത്രിയെ രക്ഷിക്കാൻ ഇറങ്ങിയ രാജീവ്ചന്ദ്ര ശേഖറും കൂട്ടരും ശമ്പളത്തോട് കൂടിയ അവധിയെടുത്ത് മുങ്ങി.സൈബറിടങ്ങളിൽ സംഘപരിവാര ഹാൻഡിലുകൾ മറ്റ് അൽഗോരിതങ്ങൾ തേടിയുള്ള പാച്ചിലിലും. ടെലിവിഷനിലെ അന്തിചർച്ചകൾ പച്ച മൽസ്യത്തിന്റെ വിലനിയന്ത്രണത്തിലൂടെ ബ്ളൂ ഇക്കോണമിയുടെ അനന്ത സാധ്യതകൾ തേടുന്നു. സർവ്വം മായം എന്ന സിനിമാപേരാണ് ഇത്തരുണത്തിൽ ഓർമ്മ വരുന്നത്.

ഭക്തിയെന്നത് ലോകചരിത്രത്തിൽ തന്നെ ഒരു വിൽപ്പന ചരക്കാണ്. രാജ്യത്തിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം കൊടും പട്ടിണിയിൽ ജീവിക്കുമ്പോൾ അയ്യായിരം കോടി മുടക്കി അമ്പലം പണിത് വോട്ടു തട്ടുന്ന അതിവിചിത്രമായ കാഴ്ച കാണണമെങ്കിൽ നിങ്ങൾ ഇന്ത്യയിലേക്ക് തന്നെ വരണം. കോളീഫോം ബാക്ടീരിയ നുരച്ച് പുതയുന്ന ജലത്തിൽ മുങ്ങി താണ് പുണ്യം തേടുന്ന തരത്തിൽ ശാസ്ത്രീയബോധവും സാമാന്യ ബോധവും നശിച്ച ഒരു ജനക്കൂട്ടത്തെ കാണണമെങ്കിലും നിങ്ങൾ ഇന്ത്യയിൽ തന്നെ സഞ്ചരിക്കുകയേ നിവർത്തിയുള്ളൂ. ശവപ്പറമ്പിൽ നിന്നും കത്തിതീരാറായ ശവത്തിന്റെ തലയെടുത്ത് കടിയ്ക്കുന്ന അമ്പലത്തിലെ പൂജാരിയെ കാണണമെങ്കിൽ തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെത്തണം. ഈ പരിസരത്ത് നിന്നു വേണം ശബരിമലയിലെ തന്ത്രി-പൂജാരി-രാഷ്ട്രീയക്കോമര കൊള്ളയെ നോക്കി കാണേണ്ടത്. ഭക്തിയെ ശാസ്ത്രബോധം കൊണ്ട് കീഴടക്കി കളയണമെന്ന അഭിപ്രായമൊന്നും ഈ ലേഖകനില്ല. ഭക്തിയെ സ്വകാര്യമായ ഒരു അനുഭവമാക്കി അവനവന്റെ മനോണ്ഡലത്തിൽ വ്യവഹരിക്കാൻ വിട്ട് അതിൽ ആനന്ദം കണ്ടെത്തുന്നത് നല്ലതു തന്നെ. പഴയകാല മുനിമാരും സൂഫിവര്യന്മാരുമൊക്കെ ഇത്തരത്തിൽ ഭക്തിയെ ഉന്മാദമാക്കിയവരാണ്. അവർക്കാരും സ്വർണ്ണത്തിൽ പൊതിഞ്ഞ സമ്മാനങ്ങൾ നൽകിയില്ല. അതിന്റെ ആവശ്യവും ഇല്ലായിരുന്നു.
ഇവിടെയാണ് യഥാർത്ഥത്തിലുള്ള ഒരു ചോദ്യം ഉയരുന്നത്. ആത്മീയമായ ഉണർവ്വേകുന്ന അമ്പലങ്ങളിലും പള്ളികളിലും കുരിശ് പേടകങ്ങളിലുമെല്ലാം ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണ്ണം പൂശാനുള്ള അനുവാദം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടു വരുന്ന ജനാധിപത്യ സർക്കാരുകൾ എന്തിനു നൽകി? ദൈവങ്ങൾക്ക് മേൽ സ്വർണ്ണം പൂശിയാൽ കൂടുതൽ ദൈവപ്രീതി ലഭിക്കുമെന്നതിന് തെളിവുകളുണ്ടോ? മതത്തെ ഭക്തിയുമായി കൂട്ടി കലർത്തി, പണ്ട് ശ്രീധരൻപിള്ള സാറ് പറഞ്ഞതു പോലെ സുവർണ്ണാവസരം വന്നെന്ന് ആഹ്ളാദചിത്തനാകാമെന്നതല്ലാതെ രാജ്യത്തിനോ ഈ രാജ്യത്തെ ശതകോടി പ്രജകൾക്കോ വല്ല ഗുണവുമുണ്ടോ? വൻതോതിലുള്ള വർഗ്ഗീയവൽക്കരണം പണ്ട് കോൺഗ്രസ്സുകാർ നടത്തിയതു ഇപ്പോൾ ബി.ജെ.പി നടത്തി അധികാരത്തിലേറുന്നു എന്നതിനപ്പുറം എന്തു ഗുണമാണ് തന്ത്രിമാരെ കൊണ്ട് നാടിനുള്ളത്? ശബരിമല അയ്യപ്പന് പിതാവായി ആളുണ്ടെന്ന് പുരാണങ്ങളിൽ പറയുമ്പോൾ മറ്റൊരു പിതൃസ്ഥാനീയനായി പുതിയൊരു മോഹനര് എഴുന്നള്ളുന്നത് കക്കാനും നാലു കാശുണ്ടാക്കാനാണെന്നും അറിയാത്തവരാണോ ഈ നാട്ടിലെ അധികാരികൾ? മോഷ്ടിക്കാനുള്ള അവകാശം തീറെഴുതി കൊടുത്ത ശേഷം തന്ത്രിയും പിളളാരും കൂടി സകലതും കൊണ്ടു പോയേ എന്നു പറയുന്നതിൽ എന്തു കാര്യമാണുള്ളത്? കോടാനു കോടി കട്ടെടുത്ത് വിദേശ വിപണികളിൽ വിറ്റ് കാശുണ്ടാക്കിയ ശേഷം കുറച്ച് വർഷം ജയിലിൽ കിടന്നാൽ പോലും ലാഭം മാത്രമേയുള്ളൂ. പിണറായി സർക്കാർ ജയിൽ വേതനം കുത്തനെ വർദ്ധിപ്പിച്ച സാഹപര്യത്തിൽ അങ്ങനെ ലഭിക്കുന്നത് ബോണസ്സായി മാറും.

നമ്മുടെ ക്ഷേത്രങ്ങളിലും പള്ളികളിലും കുമിഞ്ഞ് കൂടിയിട്ടുള്ള സ്വർണ്ണത്തിനും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുടേയും കൃത്യമായ കണക്ക് സർക്കാരിന്റെ പക്കൽ ഇല്ല എന്നതാണ് സത്യമെന്ന് ഈ ലേഖകൻ വെറുതെയൊന്ന് അന്വേഷിച്ചപ്പോൾ ബോധ്യമായി. കണക്കിൽ പെടാത്ത സ്വർണ്ണമാണെങ്കിൽ അതിന്റെ പേര് കള്ളപ്പണത്തിന്റെ ലേബലിലേക്ക് മാറും. അതാണ് രാജ്യത്തെ നിയമം. കൃത്യമായ കണക്കില്ലാതെ നമ്മുടെ ആരാധനാലയങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന സ്വർണ്ണം വമ്പൻ മോഷ്ടാക്കൾക്ക് വേണ്ടിയാണ് സൂക്ഷിക്കുന്നതെന്ന് ശബരിമലക്കൊള്ളയുടെ ആഴം കണ്ടിട്ടെങ്കിലും നമ്മുടെ ഭരണനേതൃത്വത്തിനും രാഷ്ട്രീയ നേതൃത്വത്തിനും മനസ്സിലാകണം. അതു പോലെ വിചിത്രമായ വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും വർഷത്തിൽ പല തവണ ഇതേ വിധിന്യായത്തെ പരിഷ്കരിക്കരിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യുന്ന നമ്മുടെ ഉന്നതപീഠങ്ങൾക്കും മനസ്സിലാകേണ്ടതുണ്ട്. ദേവസ്വം ബോർഡെന്നത് ഒരു വെള്ളാനയാണെന്ന് തിരിച്ചറിഞ്ഞ ധാരാളം ഭരണകർത്താക്കൾ കേരളത്തിലുണ്ടായിട്ടുണ്ട്. ക്ഷേത്രങ്ങളുടെ പേരിൽ നടക്കുന്ന പിടിച്ചുപറിയ്ക്ക് ദേവസ്വം ബോർഡ് എങ്ങനെ കാരണമാകുന്നു എന്നത് ഒരു കമ്മീഷനെ വച്ച് പഠിക്കേണ്ടതുമുണ്ട്.
ദേവസ്വം ബോർഡിന്റെ ഭണ്ഡാരപ്പെട്ടിയിലെത്തുന്ന പണം പൊതുഖജനാവിലേക്ക് അപ്പപ്പോൾ മാറ്റി നാടിന്റെ വികസനത്തിന് ഉപയോഗിക്കണമെന്ന് പറയുമ്പോൾ ചില പിന്തിരിപ്പൻ ശക്തികൾ ഉടനെ ഉറഞ്ഞു തുള്ളും. എന്നാൽ പിന്നെ മുസ്ളിം പള്ളികളിലും ക്രിസ്ത്യൻ പള്ളികളിലും വരുന്ന പണവും അങ്ങനെ ഉപയോഗിക്കണമെന്ന്. ഒരു സംശയവും വേണ്ട. അങ്ങനെ തന്നെ ഉപയോഗിക്കണം. നാട്ടിൽ സർക്കുലേറ്റ് ചെയ്യപ്പെടുന്ന പണം പലവിധത്തിൽ ഓരോ വ്യക്തിയിലുമെത്തുകയും അത് ക്രയവിക്രയത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശരീരത്തിൽ പ്രയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ ഈ പണത്തിന്റെ അവകാശികൾ അതാത് സർക്കാരുകൾ തന്നെയാണ്. എന്നു പറഞ്ഞാൽ പൊതു പണം. ഈ പണം ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന എന്തും, നിലവറകളിൽ പൂഴ്ത്തിവച്ചാൽ, പൂഴ്ത്തിവയ്പ്പ് നിയമത്തിന്റെ പരിധിയിൽ പെടുത്തി കണ്ടുകെട്ടി സർക്കാരിൽ നിക്ഷിപ്തമാക്കേണ്ടതുമാണ്.

എല്ലാവർക്കും ആഹാരം, കിടപ്പാടം, ആരോഗ്യപരിപാലന സംവിധാനങ്ങൾ, വിദ്യാഭ്യാസം മുതലായവ ഉറപ്പുവരുത്താൻ ഈ പണം ഉപയോഗിക്കുകയും വേണം. അല്ലാതെ ഇത് കൈകാര്യം ചെയ്യാൻ കാൽക്കാശിന് വിവരമില്ലാത്ത തന്ത്രിയേയും കുട്ടിപോറ്റിയേയും രാഷ്ട്രീയ ഭിക്ഷാംദേഹികളേയും ഏൽപ്പിക്കുകയല്ല വേണ്ടത്. അങ്ങനെ ചിന്തിക്കണമെങ്കിൽ മതത്തെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിറുത്തി ചിന്തിക്കുന്ന നെഹ്റുവിനേയും ലാൽ ബഹദൂർ ശാസ്ത്രിയേയും പോലുള്ള മഹാരഥന്മാർ രാഷ്ട്രീയ ഭൂപടത്തിൽ ഇനിയും ജനിക്കേണ്ടി വരും. ജനങ്ങളുടെ സമൃദ്ധിയ്ക്ക് അപ്പുറം ദൈവത്തിന്റെ പേരിൽ കൊള്ള നടത്തുന്ന തന്ത്രിമാരേയും ബാബമാരേയും സമൃദ്ധവൽക്കരിക്കാനുള്ള തന്ത്രങ്ങൾ മാത്രം അറിയാവുന്ന രാഷ്ട്രീയ നേതൃത്വം ഈ രാജ്യത്ത് അഴിഞ്ഞാടുമ്പോൾ സകല ആരാധനാലയങ്ങളും ബണ്ടിചോറുമാരുടെ വിഹാര കേന്ദ്രങ്ങളാകും.





