കേന്ദ്ര ബജറ്റുകളിലെ ആണവോര്‍ജ്ജ പദ്ധതി പ്രഖ്യാപനങ്ങളും അദാനി ഫാക്ടറും
ആണവ പദ്ധതികള്‍ക്ക് വിപുലമായ ബജറ്റ് നീക്കിവെപ്പുമായിട്ടാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2026-27ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണത്തെ കഴിഞ്ഞ ഒമ്പത് വര്‍ഷമായി പിന്തുടരുന്ന ഒരാളെന്ന നിലയില്‍ അവരുടെ സ്ഥിതപ്രജ്ഞയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഒരേ കാര്യം ആവര്‍ത്തിച്ച് പല ബജറ്റുകളിലുമായി പ്രഖ്യാപിക്കാനുള്ള അവരുടെ കഴിവ് സവിശേഷമാണ്.
ബജറ്റ് രേഖകള്‍ അനുസരിച്ച് 2047 ആകുമ്പോഴേക്കും 100 ഗിഗാ വാട്ട് ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുവാനുള്ള പദ്ധതിയാണ് നിര്‍മ്മലാ സീതാരാമന്‍ തന്റെ ഏറ്റവും പുതിയ ബജറ്റ് അവതരണത്തിലും പ്രഖ്യാപിച്ചിട്ടുള്ളത്. ചെറുകിട മോഡുലാര്‍ റിയാക്ടറുകളുടെ വികസനത്തിനും ഗവേഷണത്തിനുമായി ഒരു ന്യൂക്ലിയര്‍ എനര്‍ജി മിഷന്‍ രൂപീകരിക്കാനും അതിനായി 20,000 കോടി രൂപ നീക്കിവെക്കുമെന്നുമാണ് തീരുമാനം. 2033 ആകുമ്പോഴേക്കും തദ്ദേശീയമായി വികസിപ്പിച്ച 5 ചെറുകിട ആണവ നിലയങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുവാനും ബജറ്റില്‍ പദ്ധതിയിട്ടിട്ടുണ്ട്.
നിര്‍മ്മലാ സീതാരാമന്റെ സ്ഥിതപ്രജ്ഞയ്ക്ക് തെളിവുവേണമെങ്കില്‍ 2025-26ലെയും, 2024-25ലെയും ബജറ്റ് രേഖകള്‍ പരിശോധിച്ചുനോക്കാം. വള്ളിപുള്ളി വ്യത്യാസമില്ലാതെ ഇതേ പ്രഖ്യാപനങ്ങള്‍ നിങ്ങള്‍ക്ക് അവിടെയും കാണാവുന്നതാണ്! ഒരൊറ്റ വ്യത്യാസം മാത്രമാണ് ഇക്കാലയളവില്‍ സംഭവിച്ചിരിക്കുന്നത്. ആണവോര്‍ജ്ജ ഉത്പാദന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി, ആറ്റമിക് എനര്‍ജി ആക്ടും ആണവാപകടങ്ങളിന്മേലുള്ള സിവില്‍ ബാദ്ധ്യതാ നിയമവും ഭേദഗതി ചെയ്യാന്‍ മുന്‍കാല ബജറ്റുകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് നടപ്പിലാക്കിയിട്ടുണ്ട്. The Sustainable Harnessing and Advancement of Nuclear Energy for Transforming India (SHANTI), 2025 എന്ന ശാന്തി ബില്‍ നിയമമാക്കി മാറ്റിയിട്ടുണ്ട്.
ചെറുകിട മോഡുലാര്‍ റിയാക്ടറുകളുടെ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജനറല്‍ ഇലക്ട്രിക്കിനെയും അദാനി പവറിനെയും പോലുള്ള സ്വകാര്യ സംരംഭകരെയും നേരത്തെ തന്നെ ഗവണ്‍മെന്റ് വക്താക്കള്‍ സമീപിച്ചിരുന്നുവെങ്കിലും മേല്‍പ്പറഞ്ഞ കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ആണവാപകടന്മേലുള്ള സിവില്‍ ബാദ്ധ്യതാ നിയമമായിരുന്നു സ്വകാര്യ മൂലധനത്തെ ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ നാളിതുവരെ പ്രേരിപ്പിച്ചിരുന്നത്. ശാന്തി ബില്‍ നിയമമായി മാറിയതോടെ ആ തടസ്സം നീങ്ങിക്കിട്ടി.
സാമ്പ്രദായിക ആണവ പദ്ധതികളില്‍ ഭിന്നമായി ചെറുകിട ആണവ നിലയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരുമ്പോള്‍ അവയെ സംബന്ധിച്ച അവകാശവാദങ്ങളില്‍ ഒട്ടും തന്നെ കഴമ്പില്ലെന്നാണ് ആഗോളതലത്തില്‍ ചെറുകിട മോഡുലാര്‍ റിയാക്ടറുകള്‍ സംബന്ധിച്ച അനുഭവങ്ങള്‍ തെളിയിക്കുന്നത്. യൂണിറ്റ് വൈദ്യുതിയുടെ ചെലവ്, മാലിന്യ ഉത്പാദനം എന്നിവയില്‍ സാമ്പ്രദായിക നിലയ മാതൃകകളേക്കാള്‍ കൂടുതലാണ് മോഡുലാര്‍ റിയാക്ടറുകളുടെ ചെലവും മാലിന്യോത്പാദനവും എന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ളവര്‍ കണ്ടെത്തിയിട്ടുള്ളതാണ്.
അമേരിക്കയിലെ ഇദാഹോയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നതും ഇപ്പോള്‍ ഉപേക്ഷിച്ചതുമായ, 77 മെഗാവാട്ട് ശേഷിയുള്ള, ആറ് ചെറുകിട റിയാക്ടറുകള്‍ നിര്‍മ്മാണച്ചെലവിന്റെ കാര്യത്തില്‍ ഈ അന്തരം പ്രകടമാക്കുകയുണ്ടായി. അമേരിക്കയിലെ തന്നെ ജോര്‍ജിയയില്‍ നിര്‍മിക്കുന്ന 2,200 മെഗാവാട്ട് ആണവ നിലയത്തിനായി പ്രതി മെഗാവാട്ട് ചെലവ് കണക്കാക്കിയതിനേക്കാള്‍ 250 ശതമാനം കൂടുതലാണ് ഇദാഹോയിലെ എസ്എംആര്‍ നിലയത്തില്‍ ഒരു മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ വേണ്ടിവരികയെന്ന് കണ്ടെത്തുകയുണ്ടായി. അമേരിക്ക മുമ്പ് നിര്‍മ്മിച്ച പല ചെറുകിട റിയാക്ടറുകളും സാമ്പത്തികമായി ലാഭകരമല്ലെന്ന് കണ്ടെത്തിയതിനാല്‍ പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. ചെറുകിട ആണവ റിയാക്ടറുകളുടെ നിര്‍മ്മാണച്ചെലവിലെ ഈ അസാധാരണമായ വര്‍ധനവ് സ്വാഭാവികമായും വൈദ്യുതി ഉത്പാദനച്ചെലവിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

അതുപോലെത്തന്നെ വികിരണ മാലിന്യങ്ങളുടെ ഉത്പാദനത്തിലും സാമ്പ്രദായിക നിലയ മാതൃകകളില്‍ നിന്നും ഒട്ടും ഭിന്നമല്ല മോഡുലാര്‍ റിയാക്ടര്‍ മാതൃകകളെന്നും ഇതേക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള പ്രൊഫ. എം.വി.രമണ, സിയ മിയാന്‍ എന്നീ ആണവ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഇരുവരുടെയും അഭിപ്രായത്തില്‍ ”ഇത്തരം നിലയ മാതൃകകളില്‍ ഉല്‍പാദിപ്പിക്കുന്ന പ്ലൂട്ടോണിയത്തിന്റെ ആകെ അളവ് ലൈറ്റ് വാട്ടര്‍ റിയാക്ടറുകളേക്കാള്‍ വളരെ കൂടുതലാണ്. ഏറ്റവും പ്രധാനമായി, ചെലവഴിച്ച ഇന്ധനത്തിലെ പ്ലൂട്ടോണിയത്തിന്റെ സാന്ദ്രത ലൈറ്റ് വാട്ടര്‍ റിയാക്ടറുകളിലെ ഇന്ധനത്തേക്കാള്‍ ഏകദേശം 6-7 മടങ്ങ് കൂടുതലാണ്” എന്നാണ്.
ഇതുകൂടാതെ, ചെറുകിട റിയാക്ടറുകളുടെ നിര്‍മ്മാണത്തില്‍ ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട് പൊതുവില്‍ ഉയര്‍ത്തപ്പെടുന്ന എല്ലാ ആശങ്കകളും നിലനില്‍ക്കുന്നു. ഗുരുതരമായ അപകട സാധ്യതകള്‍, ആണവായുധ വ്യാപനവുമായുള്ള ബന്ധം, ആണവ മാലിന്യ പ്രശ്നങ്ങള്‍ എന്നിവയൊക്കെയും പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

സംഗതി ഇതൊക്കെയാണെങ്കിലും ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ നിക്ഷേപം അടക്കമുള്ള വന്‍കിട മൂലധന നിക്ഷേപത്തിനുള്ള അവസരം ഇന്ത്യ ഒരുക്കിക്കൊടുക്കുവാന്‍ ഇന്ത്യ നിര്‍ബന്ധിക്കപ്പെടുകയാണ്. കാരണം ലളിതമാണ്, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വളര്‍ച്ച മുരടിച്ചു നില്‍ക്കുന്ന ആണവ വ്യവസായത്തെ പുനരുദ്ധരിക്കാന്‍ ആഗോള മേലാളന്മാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ആണവോര്‍ജ്ജ മേഖലയിലെ മുരടിപ്പിനെ സംബന്ധിച്ചും ആണവ നവോത്ഥാനത്തിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മനസ്സിലാക്കാന്‍ ‘വേള്‍ഡ് ന്യൂക്ലിയര്‍ ഇന്‍ഡസ്ട്രി സ്റ്റാറ്റസ് റിപ്പോര്‍ട്ട്’ വായിച്ചുനോക്കിയാല്‍ മതി. ഈയൊരു ആഗോള നയരൂപീകരണത്തിന്റെ തുടര്‍ച്ചമാത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശാന്തി ബില്ലും അനുബന്ധ ചര്‍ച്ചകളും.





