A Unique Multilingual Media Platform

Articles Kerala Literature South India

എരിക്കിന്‍ തീ കത്തുന്നു…

എരിക്കിന്‍ തീ കത്തുന്നു…

കത്തുക എന്നതു തന്നെയാണ് തീയുടെ നിയോഗം. ചരിത്രപരമായും ചരിത്ര ശാസ്ത്രപരമായും ദാര്‍ശനികമായും അതു തന്നെ. ഡോ. പി.കെ പോക്കര്‍ മാഷുടെ ആത്മകഥ, എരിക്കിന്‍ തീ എരിച്ചും തെളിയിച്ചുമെടുക്കുന്നതും ഇതേ തീവെളിച്ചം തന്നെ. അതില്‍ വെണ്ണീറാകുന്നതെന്ത് എന്ന് കാത്തിരുന്നു കാണാം.

തീര്‍ത്തും ഗ്രാമീണവും അതേസമയം ആധുനികതയെ ആകാശവേഗത്തില്‍ സ്വീകരിക്കുന്നതുമായ കേരളത്തിന്റെ ഇരുപതാം നൂറ്റാണ്ടാണ് പി.കെ പോക്കര്‍ എന്ന പോരാളിയായ ദാര്‍ശനികാധ്യാപകനെ രൂപീകരിക്കുന്നത്. അതായത്, നാട് എന്ന ഉറച്ച യാഥാര്‍ത്ഥ്യത്തിന്റെ തെളിമയും ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും എന്നും നിലനിര്‍ത്തുകയും, ആധുനികതയെയും ഉത്തരാധുനികതയെയും അഭിമുഖീകരിക്കാന്‍ ഇതേ നാട്ടാര്‍ജ്ജവം കൂട്ടായിരിക്കുകയും ചെയ്യുന്ന ഒരു മണ്‍ബലം (തിണ്ണബലമല്ല) പോക്കര്‍ മാഷുടെ നിലപാടുകളെ ജാജ്വല്യമാനമാക്കുന്നു.

തനിക്കു മാത്രമായി ഒരു ചരിത്രം ഇല്ലെന്നു തിരിച്ചറിയുമ്പോള്‍ തന്നെ, തന്നെ ഒഴിവാക്കിയും പുറത്താക്കിയുമുള്ള ആത്മകഥ എന്ന സങ്കല്‍പനത്തിന്റെ വഞ്ചനയെ കുടഞ്ഞെറിഞ്ഞുകൊണ്ടാണ് പോക്കര്‍ മാഷ് ആരംഭിക്കുന്നത്. പേരു തന്നെ പരിഹസിക്കപ്പെടുന്നു എന്ന് പോക്കര്‍ മാഷ് പറയുമ്പോള്‍, അത് പോക്കര്‍ എന്ന പേരിന്റെ ചരിത്രവും നിഷ്പത്തിയും അന്വേഷിക്കപ്പെടുന്നതിലേയ്ക്കല്ല വായനക്കാരെ നയിക്കുന്നത്. അത്തരമൊരു പരിഹാസത്തെ സംസ്‌ക്കാരബോധ ചരിത്രത്തിന്റെ പുളപ്പുകളില്‍ നിന്ന് വേഗത്തില്‍ ഏറ്റെടുത്ത്, തങ്ങളുടെ അധികാരവാഴ്ചകള്‍ സുഗമമാക്കിയ ഇടതുനാട്യക്കാരും ഇടതുനന്നാക്കികളുമായവരുടെ ജൈത്രയാത്രകളാണ് എനിക്കേതായാലും ഓര്‍മ്മ വന്നത്.

പേരുമാറ്റത്തെക്കുറിച്ച് ഡോക്ടര്‍ തൊല്‍ തിരുമാവളവന്‍ പറയുന്നതിപ്രകാരമാണ്: ജീവനുള്ളതും അല്ലാത്തതും കാണുന്നതും കാണാത്തതും ആയ എല്ലാം ഓരോ പേരുകള്‍ കൊണ്ടാണ് അടയാളപ്പെടുന്നത്. എന്തു പേരു വിളിക്കണമെന്ന് തീരുമാനിക്കപ്പെടുന്നതില്‍ അധികാരത്തിന്റെ ബലതന്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് സംസ്‌കൃതത്തിലുള്ള പേരുകള്‍ ഇന്ത്യയില്‍ ഹിന്ദുസമുദായത്തിലുള്ളവര്‍ എന്നു കരുതപ്പെടുന്നവര്‍ക്കായി നല്കുന്നത്. തമിഴര്‍ക്ക് അതിന്റെ ആവശ്യമില്ല, അഥവാ ആ പേരിടലധികാരത്തില്‍ നിന്ന് അവര്‍ വിമോചിതരാവേണ്ടതുണ്ടെന്നാണ് തിരുമാ പറയുന്നത്. സംസ്‌കൃതാധികാരത്തിനെതിരായി പ്രവര്‍ത്തിച്ച മറൈമലൈ അടികള്‍, ദേവനേയ പവനര്‍, പെരുഞ്ചിത്തിരാനാര്‍ തുടങ്ങിയ തമിഴ് പണ്ഡിതര്‍ മുന്നോട്ടുവെച്ച ആശയം ഇതായിരുന്നു. എല്ലാ സംസ്‌കൃതപ്പേരുകളും ഉപേക്ഷിച്ച് അവര്‍ തമിഴ് പേരുകള്‍ വ്യാപിപ്പിച്ചു. അതുപോലെ, 2002 ഡിസംബര്‍ 6ന് (അംബേദ്കറുടെ ചരമദിനം) തിരുച്ചിറാപ്പള്ളിയില്‍ നടന്ന മഹാസമ്മേളനത്തില്‍ ആയിരക്കണക്കിന് അനുയായികളുടെ പേരുകള്‍ സംസ്‌കൃതത്തില്‍ നിന്ന് മാറ്റി തമിഴാക്കി തിരുമാവളവന്‍ മാറ്റുകയുണ്ടായി. തന്റെ സ്വന്തം പിതാവിന്റെ പേരും ഇത്തരത്തില്‍ മാറ്റി.

രാമസാമി എന്നായിരുന്നു തിരുമാവളവന്റെ അച്ഛന്റെ പേര്. സംസ്‌കൃതാടിത്തറയിലുള്ള ആ പേര് മാറ്റി തൊല്‍ക്കാപ്പിയന്‍ എന്ന പ്രാചീന തമിഴ് ഗ്രന്ഥകര്‍ത്താവിന്റെ പേര് നല്‍കുകയാണ് മകന്‍ ചെയ്തത്. ഈ തന്തൈപ്പേരിന്റെ ചുരുക്കമായ തൊല്‍ ആണ് തന്റെ ഇനീഷ്യലായി തിരുമാവളവന്‍ ഉപയോഗിക്കുന്നത്.

അറബിയില്‍ നിന്നു വന്നതാണെങ്കിലും നാട്ടുവഴക്കത്തിലൂടെ പോക്കറായി മാറിയ പേരാണ് പോക്കര്‍ മാഷിന് ലഭിക്കുന്നത്. ആഗോളമായി നിലനില്ക്കുന്ന ഇസ്ലാം പേടിയുടെ ചില ഘട്ടങ്ങളെ സ്വയം മുതിരാതെ തന്നെ കബളിപ്പിക്കാന്‍ ഈ പേര്‍ നാടത്വത്തിലൂടെ മാഷ്‌ക്ക് സാധ്യമാവുകയും ചെയ്യുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ അടിവസ്ത്രം ധരിക്കാന്‍ തുടങ്ങിയതെന്ന് അതിനു കാരണമായ പട്ടികടിയെക്കുറിച്ച് വിവരിച്ചുകൊണ്ട് പോക്കര്‍മാഷ് പറയുന്നുണ്ട്. അമ്പതോ അറുപതോ കൊല്ലം മുമ്പ് പോലും കേരളീയ ഗ്രാമീണ ജീവിതം എത്ര പഴഞ്ചനായിരുന്നു എന്നും കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് അത് എന്തുമാത്രം മാറി എന്നും ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.

ആധുനികത മാത്രമല്ല, ആധുനികോത്തരത അഥവാ ഉത്തരാധുനികതയുടെ പരിപ്രേക്ഷ്യത്തിലൂടെയേ ഇന്നത്തെ കേരളത്തെ വിശകലനം ചെയ്യാന്‍ സാധിക്കൂ. ആധുനികോത്തരതയുടെ കേരളീയ പരിസരം എന്ന പി കെ പോക്കറിന്റെ പുസ്തകം ഈ ദിശയിലുള്ള ആദ്യ അന്വേഷണങ്ങളിലൊന്നാണ്. അതെഴുതിയതിന്റെ പേരിലും അദ്ദേഹത്തിനു നേരെ വിമര്‍ശനങ്ങള്‍ രൂപപ്പെട്ടിരുന്നു. ഇ.എം.എസിനും ആധുനികോത്തരതയ്ക്കും ഇടയില്‍ എന്ന അദ്ധ്യായത്തില്‍ ഇതു സംബന്ധമായ വിശദമായ ഓര്‍മ്മകള്‍ അദ്ദേഹം പങ്കു വെക്കുന്നുണ്ട്. ഇ.എം.എസ് ഈ പുസ്തകത്തെ സംബന്ധിച്ച് അനുകൂലമായി തന്റെ ദേശാഭിമാനി വാരികയിലെ പംക്തിയില്‍ എഴുതുകയും പുസ്തകത്തിന് തായാട്ട് അവാര്‍ഡ് ലഭിക്കുകയും ചെയ്തതിലൂടെ ഇടതുപക്ഷത്തിനകത്തുള്ള വിയോജിപ്പുകളെ നിര്‍വീര്യമാക്കിയതായി പോക്കര്‍ മാഷ് സാക്ഷ്യപ്പെടുത്തുന്നു. കോണകം അല്ലെങ്കില്‍ ജെട്ടിയില്‍ നിന്ന് അപനിര്‍മ്മാണവും ഉത്തരാധുനികതയും നവ മാര്‍ക്‌സിസവും അടക്കമുള്ള തത്വചിന്താ പദ്ധതിയിലേയ്ക്ക് വികസിക്കുന്ന അസാമാന്യമായ വിധത്തില്‍ സര്‍ഗാത്മകമായ ആര്‍ജ്ജവമാണ് പോക്കര്‍ മാഷുടെ എഴുത്തിനും അന്വേഷണങ്ങള്‍ക്കുമുള്ളത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.

ഡോ. പി കെ പോക്കർ മാഷിൻ്റെ ‘എരിക്കിൻ തീ’ എന്ന ആത്മകഥ പ്രകാശനത്തിൽ നിന്നും

സര്‍ക്കാര്‍ സര്‍വീസില്‍ കോളേജ് അധ്യാപകനായി ജോലി ലഭിച്ചതിനു ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന പോക്കര്‍ മാഷ് കുറെ വര്‍ഷം വീട്ടില്‍ നിന്ന് ദിവസേന പോയി വരുകയായിരുന്നു. പിന്നീട് കോളേജിനടുത്തേക്ക് താമസം മാറ്റി. അപ്പോഴുണ്ടായ ഒരനുഭവം ഇപ്രകാരമാണ്: ‘ഗവേഷണം പൂര്‍ത്തിയാക്കാന്‍ യാത്രകള്‍ ഒഴിവാക്കി കോളേജിന്റെ പരിസരത്ത് താമസിക്കാന്‍ തീരുമാനിക്കുകയും ഓര്‍ക്കാട്ടേരിയോട് ഖേദപൂര്‍വ്വം വിടപറയുകയും ചെയ്തത് 1991ലാണ്. ഒരു മുന്‍ വിദ്യാര്‍ത്ഥിയായ ഷാജി മുഖേന ചിറക്കുനിയിലെ സിപിഎം പ്രവര്‍ത്തകരാണ് വാടകവീട് ഏര്‍പ്പാട് ചെയ്തത്. വീടിന് അഡ്വാന്‍സ് കൊടുക്കാന്‍ ചെന്നപ്പോഴാണ് ‘പോക്കര്‍’ എന്ന പേരിലെ മുസ്ലിമിനെ വീട്ടുടമ ശ്രദ്ധിക്കുന്നത്. വിളക്കുവെക്കുന്നവരെയാണ് വേണ്ടതെന്ന വാദമാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. ഒരു കോളേജ് പ്രൊഫസറും മാര്‍ക്‌സിസ്റ്റും എന്നതില്‍ നിന്നു ഞാന്‍ പെട്ടെന്ന് ഒരു മുസ്ലിമായി രൂപാന്തരപ്പെട്ട സന്ദര്‍ഭം ഞാന്‍ വേദനയോടെ ഓര്‍ക്കാറുണ്ട്.’ (പേജ് 54)

പൊതുബോധം എന്നത് എത്രമാത്രം മത-ജാതി മുന്‍ധാരണകളാല്‍ നിര്‍മ്മിതമാണെന്ന യാഥാര്‍ത്ഥ്യമാണ് വാസ്തവത്തില്‍ പോക്കര്‍ മാഷുടെ തുറന്നെഴുത്തിലൂടെ വ്യക്തമാകുന്നത്. സമകാലിക മലയാളത്തിന് അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍; സെക്കുലര്‍ മുസ്ലിം, ദേശീയ മുസ്ലിം തുടങ്ങിയ പരികല്പനകള്‍ അപനിര്‍മ്മിച്ചാല്‍ നമുക്ക് ലഭിക്കുന്ന ചരിത്രരൂപീകരണത്തിന്റെ അപായത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

മാര്‍ക്‌സിസ്റ്റ് പാര്‍ടിയോട് അടുപ്പമോ അനുഭാവമോ ഉണ്ടെങ്കില്‍; അത്തരക്കാരുടെ ജോലി, അംഗീകാരങ്ങള്‍ എന്നിവ സംശയാസ്പദമാക്കി ചിത്രീകരിക്കുകയും വിലകെടുത്തിക്കാണുകയും ചെയ്യുക എന്ന പ്രവണത കേരളത്തില്‍ വ്യാപകമാണ്. ലിബറലിസത്തിന്റെ മുഖംമൂടി അണിയുന്ന അധീശബോധത്തിന്റെ ഈ മര്‍ദനാധികാരത്തിന് പോക്കര്‍ മാഷ് പല തവണ വിധേയനാവുന്നുണ്ട്. അദ്ദേഹത്തിന് സര്‍ക്കാര്‍ സര്‍വീസിലും സര്‍വകലാശാലയിലും അധ്യാപക തസ്തികയില്‍ ജോലി ലഭിച്ചതിനെയും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചിന്റെ ഫെലോഷിപ്പ് ലഭിച്ചതിനെയും ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പരിശ്രമങ്ങളുണ്ടായത് വേദനയോടെ മാത്രമേ വായിക്കാനാവൂ.

തത്വശാസ്ത്രപഠനത്തിലും ഗവേഷണത്തിലും അദ്ധ്യാപനത്തിലും ആണ് പോക്കര്‍ മാഷ് ശ്രദ്ധ പതിപ്പിക്കുന്നതെങ്കിലും, ലോക സിനിമയോടുള്ള ഭ്രമം അദ്ദേഹം എല്ലാക്കാലത്തും നിലനിര്‍ത്തി എന്നത് സിനിമാക്കമ്പക്കാരനായ എന്നിലും അഭിമാനമുണ്ടാക്കി. ഏന്‍ ഒക്കറന്‍സ് അറ്റ് ദ് ഓള്‍ ക്രീക്ക് ബ്രിഡ്ജ്, ദ് ലാസ്റ്റ് എമ്പറര്‍, ഒരിടത്തൊരു ഫയല്‍വാന്‍, നീലക്കുയില്‍, കൊടിയേറ്റം, കാഞ്ചന സീത, എലിപ്പത്തായം, അരിക്‌ തുടങ്ങി നിരവധി സിനിമകളുടെയും ഐസന്‍സ്റ്റീന്‍, അകിര കുറോസാവ, ബെര്‍ഗ് മാന്‍, സോള്‍ടാന്‍ ഫാബ്രി, ചാര്‍ളി ചാപ്ലിന്‍, സത്യജിത് റായ്, അടൂര്‍, ആനന്ദ് പട് വര്‍ദ്ധന്‍, വി എസ് സനോജ്‌ എന്നീ ചലച്ചിത്രകാരരുടെയും റെഫറന്‍സുകള്‍ ഈ ആത്മകഥയിലുണ്ട്. അതിലും ഉപരിയായി, ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിന്റെ ദീര്‍ഘവും ക്ലേശകരവുമായ അനുഭവം അദ്ദേഹത്തിനുണ്ട് എന്നതാണ് പ്രധാനം. സാംസ്‌കാരിക പ്രവര്‍ത്തനവും ഇടതുപക്ഷവും എന്ന അദ്ധ്യായത്തില്‍ അദ്ദേഹം ഇത് വിശദമായി വിവരിക്കുന്നുണ്ട്.

സിനിമയും സാഹിത്യവും രാഷ്ട്രീയാഭിമുഖ്യവും ഉണ്ടായിരിക്കെ തന്നെ, തത്വശാസ്ത്രത്തിലുള്ള തന്റെ സൂക്ഷ്മവും ഗൗരവവുമുള്ള താല്പര്യം വേണ്ട സമയത്ത് തിരിച്ചറിയുകയും, ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ബിരുദാനന്തര ബിരുദത്തിന് സര്‍വകലാശാലയില്‍ ചേരുകയും പിന്നീട് ഗവേഷണം പൂര്‍ത്തിയാക്കി, ആദ്യം സര്‍ക്കാര്‍ കോളേജിലും പിന്നീട് കോഴിക്കോട് സര്‍വകലാശാലയിലും അദ്ധ്യാപകനായി മാറുകയുമായിരുന്നു അദ്ദേഹം.

കുട്ടിക്കാലത്ത് ദൈവവിശ്വാസിയും മതാചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന ആളും ആയിരുന്നെങ്കിലും, പിന്നീട് വായനയിലൂടെയും പൊതുപ്രവര്‍ത്തനത്തിലൂടെയും മറ്റും പോക്കര്‍ മാഷ് സ്വതന്ത്ര ചിന്താഗതിക്കാരനും പുരോഗമനവാദിയുമായി പരിണമിക്കുന്നുണ്ട്. അതേ സമയം, വിശ്വാസവും സാമുദായികതയുമായി കൂടിക്കുഴഞ്ഞു കിടക്കുന്ന മനുഷ്യജീവിതത്തെ അതിന്റെ സമഗ്രതയിലും സൂക്ഷ്മതയിലും പരിഗണിക്കാനും എല്ലാവരുമായും സൗഹൃദത്തില്‍ തുടരാനും അദ്ദേഹത്തിന് സാധിക്കുന്നത് സ്‌നേഹത്തിലുള്ള അടിസ്ഥാനാശ്രയം തന്നെ. എന്നാല്‍, സാമുദായികവാദികളുടെ പരിമിതികളെ വസ്തുനിഷ്ഠമായി പരിശോധിക്കാനും വിമര്‍ശിക്കാനും ഇത് തടസ്സമാവുന്നുമില്ല. ഒരുദാഹരണം നോക്കുക: 1959ലെ വിമോചന സമരത്തിനു വേണ്ടിയും അതിനു ശേഷവും കേരളത്തിലെ ജാതിമത ശക്തികളെ കമ്യൂണിസ്റ്റ് പാര്‍ടിയ്‌ക്കെതിരായി ഇളക്കിവിട്ട വലതുപക്ഷത്തിന്റെ വേട്ടയെക്കുറിച്ച് മാഷ് പ്രതിപാദിക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ നിരോധിച്ചിരുന്ന മലപ്പുറം നേര്‍ച്ച പുനരാരംഭിക്കാനുള്ള അനുമതി കൊടുക്കുന്നത് 1957ലെ ഒന്നാം ഇഎംഎസ് സര്‍ക്കാരാണ്. പള്ളി നേര്‍ച്ചകളോട് എതിര്‍പ്പുള്ള മുജാഹിദ് വിഭാഗം ഇതിന്റെ പേരില്‍ കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കുന്നു. എന്നാല്‍, ഈ ഘട്ടത്തില്‍ പിന്തുണയ്‌ക്കേണ്ട സുന്നി വിഭാഗക്കാരാകട്ടെ, മുസ്ലിം ലീഗിന്റെ താല്പര്യപ്രകാരം ആ ബാധ്യതയില്‍ നിന്ന് പിന്‍വാങ്ങുന്നു. ചരിത്രപരമായി കൃത്യമായ നിലപാടെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടി, വലതുപക്ഷത്തിന്റെ ഇരുതലമൂര്‍ച്ചയുള്ളതും തലങ്ങും വിലങ്ങുമായി പ്രയോഗിക്കപ്പെടുന്നതുമായ ആക്രമണത്തിലൂടെ ഒറ്റപ്പെടുന്നതെങ്ങനെ എന്നത് എത്ര സൂക്ഷ്മമായാണ് പോക്കര്‍ മാഷ് വിശദീകരിക്കുന്നതെന്നു നോക്കുക.

ഷാർജ പുസ്തകമേളയിൽ സുഹൃത്തുക്കളോടൊപ്പം ഡോ പി.കെ പോക്കർ (നടുക്ക്)

മാര്‍ക്‌സിസത്തിലുള്ള അഗാധവും തീക്ഷ്ണവുമായ പഠനവും ഗവേഷണവും തന്റെ കാഴ്ചപ്പാടുകളെയും തത്വശാസ്ത്രാധ്യാപന ജീവിതത്തെയും ജീവിത നിലപാടുകളെയും എല്ലാം മുച്ചൂടും മാറ്റിത്തീര്‍ത്തതെങ്ങനെ എന്ന് പോക്കര്‍ മാഷ് വിശദീകരിക്കുന്നുണ്ട്. സര്‍വകലാശാലയില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ കാള്‍ മാര്‍ക്‌സ് മുതല്‍ നെഗ്രി വരെ എന്ന പത്തു ദിന പ്രഭാഷണ പരമ്പര നടത്തിയതും ഈ പ്രഭാഷണങ്ങള്‍ ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചതും എല്ലാം സാര്‍ത്ഥകമായ പഠനാധ്യാപന-ഗവേഷണ ജീവിതത്തിന്റെ തെളിവുകള്‍ തന്നെ.

ഫിലിം സൊസൈറ്റിയിലും പുരോഗമന കലാ സാഹിത്യ സംഘത്തിലുമായുള്ള ദീര്‍ഘകാലത്തെ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ മാഷ് വിവരിക്കുന്നുണ്ട്. ഇതില്‍, സ്വത്വവാദിയായി മുദ്ര കുത്തി പോക്കര്‍ മാഷെ ഒറ്റപ്പെടുത്താനും വേട്ടയാടാനും നടന്ന ദുഷ്ടലാക്കോടു കൂടിയ പരിശ്രമങ്ങള്‍, നടുക്കത്തോടെ മാത്രമേ വായിക്കാന്‍ പറ്റൂ. എന്നാല്‍, എനിയ്ക്ക് നടുക്കമുണ്ടായില്ല. കാരണം, അക്കാര്യങ്ങളെല്ലാം അതാതു സമയത്തു തന്നെ കൃത്യമായി എനിയ്ക്കറിയാമായിരുന്നു. മാത്രമല്ല, ഈ വിഷയത്തില്‍ പോക്കര്‍ മാഷോടൊപ്പം നിന്നതിന് ഞാനും വേട്ടയാടപ്പെടുകയുണ്ടായി. പോക്കര്‍ മാഷുടെ സ്വത്വ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ വായനാക്കുറിപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു.

പുരോഗമന രാഷ്ട്രീയ – സാംസ്‌ക്കാരിക നേതാക്കളില്‍ നിന്ന് പോക്കര്‍ മാഷ് അനുഭവിച്ച ആക്രമണങ്ങള്‍ തീര്‍ത്തും വേദനാജനകമാണ്. സാധാരണ ഗതിയില്‍ ഒരു എഴുത്തുകാരനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നത് അത്ര പ്രശ്‌നമുള്ള കാര്യമൊന്നുമല്ല. മാത്രമല്ല, തന്റെ എഴുത്തിനും ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരമായി ഇതിനെ എടുക്കുകയും ചെയ്യാം. എന്നാല്‍, പുരോഗമന സാംസ്‌ക്കാരിക രംഗത്തെ സംഘടനാപരവും മറ്റുമായ സങ്കീര്‍ണതകളില്‍ കുരുങ്ങിക്കിടക്കുന്നതാണ് ഈ ആക്രമണം എന്നതു കൊണ്ട് അത് വല്ലാത്ത രീതിയില്‍ വേദനാജനകമാണെന്നതാണ് വാസ്തവം. അതാണ് പോക്കര്‍ മാഷുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്.

പുരോഗമന കലാ സാഹിത്യ സംഘത്തിനകത്ത് നടന്ന ആശയപരമായ തര്‍ക്കങ്ങളില്‍ കെ.ഇ.എന്‍, പി.കെ പോക്കര്‍, വി.കെ ജോസഫ് എന്നിവരോടൊപ്പം നിലക്കൊണ്ടതു കൊണ്ട് ഞാനടക്കമുള്ള നാലു പേരുടെയും ഇനീഷ്യലുകള്‍ കൂടി ഒന്നാവുന്നതും ആകെ ഒമ്പത് ഇനീഷ്യലുള്ള വ്യക്തികളായി ഞങ്ങള്‍ മാറുന്നതും അദ്ദേഹം വിവരിക്കുന്നുണ്ട്. നിലനില്ക്കുന്ന ഇടതുപക്ഷത്തെ ‘നന്നാക്കുന്ന’ എന്ന വ്യാജേന ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തിനെതിരെ അതിശക്തമായ നിലപാടെടുത്തവരാണ് ഞങ്ങള്‍. ഇത് സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഔദ്യോഗിക നേതൃത്വം ഞങ്ങളെ ചുമതലപ്പെടുത്തിയതനുസരിച്ചോ മറ്റോ ചെയ്തതായിരുന്നില്ല. ഞങ്ങളുടെ ബോധ്യവും ചരിത്രബോധവും രാഷ്ട്രീയ നിലപാടുമായിരുന്നു അത്. എന്നാല്‍, പ്രസ്ഥാനത്തിനകത്തേക്ക് സ്വത്വ രാഷ്ട്രീയ നിലപാടുകള്‍ ഒളിച്ചുകടത്താനുള്ള പരിശ്രമമായിരുന്നു ഇത് എന്ന് ഉത്തരവാദപ്പെട്ടവരടക്കം നടത്തിയ വിസ്പറിംഗ് ക്യാമ്പയിന്‍ വന്‍ വിജയമാകുന്നതാണ് പിന്നീട് കാണുന്നത്. ആലോചിക്കുമ്പോള്‍ ചിരി വരുന്ന ഈ ആക്രമണ-പ്രത്യാക്രമണത്തിലേറ്റവും പരുക്ക് പറ്റിയ എഴുത്തുകാരന്‍ ഡോ. പി കെ പോക്കറാണ്. അക്കാര്യം തുറന്നെഴുതിയ പോക്കര്‍ മാഷിന്റെ സത്യസന്ധതയും നിര്‍ഭയത്വവുമാണ് എരിക്കിന്‍ തീ എന്ന ആത്മകഥയുടെ ഏറ്റവും വലിയ പ്രസക്തി.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Naseer

ഈ ലേഖനത്തിലെ GP യുടെ വാക്കുകൾ 👇🏻

“നിലനില്ക്കുന്ന ഇടതുപക്ഷത്തെ ‘നന്നാക്കുന്ന’ എന്ന വ്യാജേന ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തിനെതിരെ അതിശക്തമായ നിലപാടെടുത്തവരാണ് ഞങ്ങള്‍. ഇത് സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഔദ്യോഗിക നേതൃത്വം ഞങ്ങളെ ചുമതലപ്പെടുത്തിയതനുസരിച്ചോ മറ്റോ ചെയ്തതായിരുന്നില്ല. ഞങ്ങളുടെ ബോധ്യവും ചരിത്രബോധവും രാഷ്ട്രീയ നിലപാടുമായിരുന്നു അത്. എന്നാല്‍, പ്രസ്ഥാനത്തിനകത്തേക്ക് സ്വത്വ രാഷ്ട്രീയ നിലപാടുകള്‍ ഒളിച്ചുകടത്താനുള്ള പരിശ്രമമായിരുന്നു ഇത് എന്ന് ഉത്തരവാദപ്പെട്ടവരടക്കം നടത്തിയ വിസ്പറിംഗ് ക്യാമ്പയിന്‍ വന്‍ വിജയമാകുന്നതാണ് പിന്നീട് കാണുന്നത്.”

…. GP രാമചന്ദ്രന്റെ ഈ വരികൾ വായിച്ചപ്പോൾ ചിരിയാണ് വന്നത്. സിപിഐ എമ്മിൽ ഔദ്യോഗിക വിഭാഗത്തിന്റെ വലതുപക്ഷ വ്യതിയാനത്തെ ചോദ്യം ചെയ്ത് വർഗ രാഷ്ട്രീയത്തിന്റെ നിലപാട് തറയിൽ എം എൻ വിജയൻമാഷുടെ നേതൃത്വത്തിൽ സാംസ്‌കാരിക രംഗത്തും, വി എസ് അച്യുതന്ദന്റെ നേതൃത്വത്തിൽ പാർട്ടിക്ക് അകത്തും പ്രതിരോധം തീർത്ത കാലത്ത്, പിണറായി വിജയൻ വാഴ്ത്തെഴുത്ത്കാർ ആയിരുന്നു KEN ഉം, പോക്കരും, ജി പി രാമചന്ദ്രനുമെല്ലാം. ജിപി ഇതിൽ പറയുന്ന *നിലനില്ക്കുന്ന ഇടതുപക്ഷത്തെ ‘നന്നാക്കുന്ന’ എന്ന വ്യാജേന ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന* വർ എന്ന് പറയുന്നത് വിജയൻമാഷെയും കൂട്ടരേയുമാണ്. പിണറായി ഇവർക്ക് ഇവരുടെ മൈക്രോ പൊളിറ്റിക്കൽ സ്വത്വ രാഷ്ട്രീയ ആശയങ്ങൾ സിപിഎമ്മിൽ വിൽക്കാൻ വേണ്ട എല്ലാ സൗകര്യവും നൽകി. പാഠം മാസികയുടെ തീഷ്ണമായ വിമർശനത്തിൽ എം പി പരമേശ്വരൻ ശാസ്ത്ര സാഹിത്യ പരിഷത്ത് ടീമിന്റെ മൈക്രോ പൊളിറ്റിക്കൽ ‘നാലാം ലോക’ സിദ്ധാന്തം തള്ളിക്കളയും എംപി പരമേശ്വരനെ പാർട്ടി പുറത്തക്കാൻ നിർബന്ധമാകുകയും ചെയ്തു. എന്നിട്ടും പതീറ്റാണ്ടുകൾ കെ ഇ എന്നെയും, പോക്കരെയും, പിണറായി വിജയൻ സംരക്ഷിച്ച് നിർത്തി. തീരെ നിവർത്തിയില്ലാതെ ഔദ്യോഗിക വിഭാഗത്തിൽ നിന്ന് തന്നെ ഉയർന്ന സമ്മർദത്തിലാണ് ഒടുവിൽ ഒരു പുകസ സമ്മേളനത്തിൽ പി രാജീവിന്റെ നേതൃത്വത്തിൽ ഇവരുടെ സ്വത്വ രാഷ്ട്രീയത്തെ തള്ളിപറയുന്നത്. എന്നിട്ടും ഇന്നുവരെയും കെ ഇ എന്നും പോക്കറുമൊന്നും പിണറായിക്കെതിരെ ഒരക്ഷരം വിമർശനം ഉരിയാടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആ പരസ്പര സഹായ സഹവർത്തിത്തന്റെ നന്ദി ഇന്നും ഇവർ തുടരുന്നുണ്ട്.

ജനകീയാസൂത്രണം, വേൾഡ് സോഷ്യൽ ഫോറം, തുടങ്ങിയ ആശയങ്ങൾക്കെതിരെ പാഠം മാസിക വിമർശന കാലത്ത് പരിഷത്തിന്റെ പകുതിയോളം ജില്ലാ സമ്മേളനങ്ങളും ഉദ്ഘാടനം ചെയ്തത് KEN ആയിരുന്നു എന്നതും മറക്കാൻ പാടില്ലാത്ത താണ്. സിപിഐ എമ്മിന് അകത്ത് മൈക്രോ പൊളിറ്റിക്കൽ അജണ്ടകൾ ഒളിച്ച് കടത്തിന്റെ പരസ്പര സഹകരണ സംഘമായിരുന്നു ഇവർ എല്ലാം.

Last edited 1 month ago by Naseer
1
0
Would love your thoughts, please comment.x
()
x