A Unique Multilingual Media Platform

Articles Kerala Obituary Society

കെ.ജി.കെ എന്ന കെ ഗോവിന്ദൻകുട്ടി: ചില ശ്ലഥ സ്മരണകൾ

  • February 19, 2026
  • 1 min read
കെ.ജി.കെ എന്ന കെ ഗോവിന്ദൻകുട്ടി: ചില ശ്ലഥ സ്മരണകൾ

ഇന്നലെ അന്തരിച്ച പ്രമുഖ പത്ര പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടിയുമായുള്ള ചില അനുഭവങ്ങളും ഓർമകളും പങ്ക് വെക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ജി സാജൻ ഇവിടെ.

 

എൺപതുകളിൽ ദൂരദർശൻ തുടങ്ങിയ സമയത്ത് ഒരു ന്യൂ ഇയർ ഈവ് പ്രോഗ്രാമിനായി ഞങ്ങൾ (ഞാനും ശ്യാമപ്രസാദും ബൈജു ചന്ദ്രനും രഞ്ജിത്തുമൊക്കെ) എന്താണ് നിങ്ങളുടെ പുതുവർഷ ചിന്ത എന്ന ചോദ്യവുമായി ജീവിതത്തിന്റെ വിവിധ രംഗത്തുള്ളവരെ ഇന്റർവ്യൂ ചെയ്തു. അതിൽ ജ്യോതിഷികൾ മുതൽ ബിസിനസുകാർ വരെ ഉണ്ടായിരുന്നു.

കെ ഗോവിന്ദൻകുട്ടിയെയാണ് ഞങ്ങൾ പത്രപ്രവർത്തകരിൽ നിന്ന് തിരഞ്ഞെടുത്തത്.

അന്ന് മുഖ്യധാരാ പത്രങ്ങൾ കേരള സമൂഹത്തിന്റെ അജണ്ട നിർണയിക്കുന്ന കാലമാണ്. ശാന്തിനഗറിലെ ഇന്ത്യൻ എക്സ്പ്രസിന്റെ ചെറിയ ഓഫീസിൽ ഞങ്ങളോട് സവിശേഷമായ താത്പര്യം കാട്ടാതെ അദ്ദേഹം വന്നിരുന്നത് കയ്യില്ലാത്ത ഒരു ബനിയനിട്ട് ബീഡി വലിച്ചുകൊണ്ടാണ്.

ഞാനും ബൈജുവും പരസ്പരം നോക്കി, ഇത് ടെലികാസ്റ്റ് ചെയ്താൽ പ്രശ്നമാകും.

ശ്യാം ഇതൊന്നും ഗൗനിക്കാതെ നേരെപോയി ഇന്റർവ്യൂ എടുത്തു. അത് അങ്ങനെ തന്നെ ഞങ്ങൾ ടെലികാസ്റ്റും ചെയ്തു. പിറ്റേന്ന് ബ്രോഡ്‌കാസ്റ്റിംഗ്‌ കോഡ് തെറ്റിച്ചതിന് ഞങ്ങൾക്ക് മെമോ കിട്ടി.

പുകയില ഉപയോഗം പ്രചരിപ്പിച്ചതിന്.

അന്ന് ഗോവിന്ദൻകുട്ടി എന്താണ് പറഞ്ഞത് എന്ന് എനിക്ക് ഓർമ്മയില്ല. എ.കെ ആന്റണിയുടെ വിവാഹം പത്രങ്ങൾ വിപുലമായി റിപ്പോർട്ട് ചെയ്തതിനെ അദ്ദേഹം വിമർശിച്ചത് ഓർമ്മയുണ്ട്.

എന്താണ് വാർത്ത, അദ്ദേഹം ചോദിച്ചു.

തുടർന്ന് വല്ലപ്പോഴും പല സ്ഥലങ്ങളിൽ ഞങ്ങൾ കണ്ടിരുന്നു. കാണുമ്പോഴെല്ലാം അപ്പോൾ വായിക്കുന്ന പുതിയ പുസ്തകങ്ങളെക്കുറിച്ച് പറയുകയും ചെയ്തിരുന്നു.

മുൻ മന്ത്രി കെ.എം മാണിയെ കുറിച്ച് കെ ഗോവിന്ദൻ എഴുതിയ പുസ്തകം കൈമാറുന്നു

ഗോവിന്ദൻ കുട്ടിയുടെ വീട് വച്ചത് പ്രശസ്ത ആർക്കിറ്റെക്റ്റ് ആയ ബെന്നി കുര്യാക്കോസാണ് ബെന്നി വഴിയും ഞങ്ങളുടെ സൗഹൃദം വളർന്നു.

ടെലിവിഷനിൽ ഏഷ്യാനെറ്റിൽ അദ്ദേഹം നടത്തിയ അഭിമുഖ പരമ്പര വളരെ ആഴമുള്ളതായിരുന്നു.

ശ്യാമിന്റെ ഋതുവിൽ ഗോവിന്ദൻ കുട്ടി ശ്രദ്ധേയമായ ഒരു റോൾ ചെയ്തിരുന്നു

അഭിനേതാവ് എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സവിശേഷമായ മുഖഭാവമാണ് ഈ റോളിലേക്ക് അദ്ദേഹത്തെ കാസ്റ്റ് ചെയ്യാൻ ശ്യാമിനെ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു.

കുറേക്കാലം ഫേസ്ബുക്കിൽ അദ്ദേഹം എഴുതിയിരുന്ന കുറിപ്പുകൾ ഗാഢവും പ്രൗഢവും ആയിരുന്നു.

ചിന്താശീലനും അന്തർമുഖനും ആയിരുന്നു ഗോവിന്ദൻകുട്ടി എന്ന് തോന്നുന്നു.

പരന്നതും ആഴത്തിലുള്ളതുമായ വായന ഉണ്ടായിരുന്നു.

മൊറാർജി ദേശായിയുടെ വിമാനാപകടത്തിൻറെ റിപ്പോർട്ട് ഏറെ ശ്രദ്ധേയമാണ്. അതിൽ ഗോവിന്ദൻ കുട്ടിയും ഒരു യാത്രക്കാരനായിരുന്നു.

“അസമിൽ പ്രധാനമന്ത്രി മൊറാർജി ദേശായിയോടൊപ്പം യാത്ര ചെയ്യവെ സംഭവിച്ച വിമാനാപകടം റിപ്പോർട്ട് ചെയ്തത് അദ്ദേഹം പറഞ്ഞിരുന്നു.

1977-ലുണ്ടായ ആ പുഷ്പക് വിമാനാപകടത്തിൽ മൊറാർജി ദേശായി, മകൻ കാന്തിഭായി ദേശായി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പി.കെ തുംഗോൺ, അന്നത്തെ ഐബി ഡയറക്ടർ എന്നിവരടക്കമുള്ള 21 പേരിലൊരാളായിരുന്നു ഗോവിന്ദൻകുട്ടിസാർ. അന്ന് സാർ പറഞ്ഞത് വിവിഐപികളെ രക്ഷിക്കാൻ വേണ്ടി പൈലറ്റുമാർ വിമാനത്തെ മൂക്കു കുത്തി ഇടിച്ചിറക്കുകയായിരുന്നുവെന്നാണ്.

അഞ്ചു പേർ മരിച്ചു.

പ്രധാനമന്ത്രിയടക്കം രക്ഷപ്പെട്ടവരിൽ ഒരാളായിരുന്നു ഗോവിന്ദൻകുട്ടി സാർ. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് യാത്രക്കാരിലൊരാളായിരുന്ന വിങ് കമാൻഡർ പി.കെ രവീന്ദ്രനായിരുന്നു. അദ്ദേഹത്തെ പിന്നീട് ശൌര്യചക്ര നൽകി രാഷ്ട്രം ആദരിച്ചു.” പത്രപ്രവർത്തകനായ രാധാകൃഷ്ണൻ ഓർമ്മിക്കുന്നു.

കാലക്ഷേപം എന്ന ആത്മകഥാപരമായ പുസ്തകത്തിൽ ഇത് സംബന്ധിച്ച ലേഖനമുണ്ട്.

കെ കരുണാകരൻ, ടി എൻ ശേഷൻ, ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ള, കെ എം മാണി എന്നിവരുടെ ജീവചരിത്ര രചനയും ഗോവിന്ദൻകുട്ടി നടത്തിയിട്ടുണ്ട്.

ആകാശവാണിയിൽ തുടക്കത്തിൽ കണ്ട പരിചയത്തിലൂടെയാണ് ശാരദാമണി ഗോവിന്ദൻ കുട്ടിയുടെ പങ്കാളിയാവുന്നത്.

ഈയിടയ്ക്ക് ഒരു ആശുപത്രി സന്ദർശനത്തിൽ ശാരദാമണിയേയും മകൾ കാർത്തികയെയും കണ്ടിരുന്നു.

അപ്പോഴാണ് രോഗവിവരങ്ങൾ അറിയുന്നത്.

അഗാധമായ പാണ്ഡിത്യവും ഓർമ്മശക്തിയും ഉണ്ടായിരുന്ന ഗോവിന്ദൻകുട്ടിയെ മറവിയുടെ രോഗം പിടികൂടി എന്നത് അവിശ്വസനീയമായിരുന്നു.

വിട, പ്രിയ സുഹൃത്തേ.

About Author

ജി. സാജൻ

അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക നിരീക്ഷകനും. ദീർഘകാലം തിരുവനന്തപുരം ദൂരദർശനിൽ കാർഷിക വിഭാഗത്തിന്റെ പ്രൊഡ്യൂസർ ആയിരുന്ന ജി സാജൻ വികസനോന്മുഖ മാധ്യമ രംഗത്തു് നിർണായകമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ‘നൂറുമേനിയുടെ കൊയ്ത്തുകാർ’ എന്ന പരമ്പര കാർഷിക പരിപാടികളിൽ പുതിയ പാത തുറന്നു. കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനെ തിരഞ്ഞെടുക്കാനുള്ള സോഷ്യൽ റിയാലിറ്റി ഷോ ആയ ‘ഗ്രീൻ കേരള എക്സ്പ്രസ്’ ഏറ്റവും നല്ല കുടുംബശ്രീ യൂണിറ്റിനെ തിരഞ്ഞെടുക്കാനുള്ള ‘ഇനി ഞങ്ങൾ പറയാം’ ഇന്ത്യയിലെ ഏറ്റവും നല്ല വനിതാ കർഷകയെ കണ്ടെത്താനുള്ള ദേശീയ റിയാലിറ്റി ഷോ എന്നിവയുടെയെല്ലാം പ്രൊഡ്യൂസർ ആയിരുന്നു. ദൂരദർശന്റെ ബാംഗ്ളൂർ, ഷില്ലോങ്, പോർട്ട് ബ്ളയർ, ഡൽഹി കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശന്റെ പ്രോഗ്രാം മേധാവിയായി വിരമിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ എഡിറ്റോറിയൽ അംഗം ആണ്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.