A Unique Multilingual Media Platform

Articles Culture Development Everything Under The Sun National Politics Society

ആലും മധൂകവും പേരാലും മായുമ്പോൾ…

  • February 21, 2026
  • 1 min read
ആലും മധൂകവും പേരാലും മായുമ്പോൾ…

ഒരിടത്തൊരിടത്ത്, വീട് ഉപേക്ഷിച്ചിറങ്ങിയ ഒരു കൊക്കിനെക്കണ്ട് വഴിയോരത്ത് പച്ചപ്പും തണലും പടർത്തിനിന്ന പേരാൽമരം ചോദിച്ചു: “നീ എന്തിനാണിത്ര വിഷമിച്ചിരിക്കുന്നത്? എങ്ങോട്ടാണ് ഈ തിരക്കിട്ട് പറന്നുപോകുന്നത്?”

കൊക്ക് പറഞ്ഞു: “എന്റെ അമ്മായിയമ്മ ഒരുകാരണവുമില്ലാതെ എന്നെ ചീത്ത പറയുകയും അധിക്ഷേപിക്കുകയുംചെയ്തു. ഞാൻ എന്റെ സ്വന്തം വീട്ടിലേക്ക് പോവുകയാണ്.” മരം വീണ്ടും ചോദിച്ചു: “നിന്നെപ്പോലെ സുന്ദരിയായ ഒരുവളെ അവർ എന്തിനാണ് വഴക്കുപറഞ്ഞത്?” കൊക്ക് മറുപടി നൽകി: “നെല്ല് കുത്തുന്നതിനിടയിൽ ഞാൻ ഒരു മണി അരിയെടുത്ത് കഴിച്ചു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ചൂടായി, ഞങ്ങൾ തമ്മിൽ വഴക്കായി. ആ ദേഷ്യം സഹിക്കവയ്യാതെ ഞാൻ വീട് വിട്ടിറങ്ങിയതാണ്.”-ഒരു ചെറുപക്ഷിയും പരോപകാരിയായ വന്മരവും കഥാപാത്രങ്ങളാകുന്ന പ്രശസ്തമായ ഈ നാടോടിക്കഥക്ക് എത്ര പഴക്കമുണ്ടെന്ന് കൃത്യമായി പറയാനാവില്ല.

ബിഹാറിന്റെ പടിഞ്ഞാറൻ ഭാഗങ്ങളും കിഴക്കൻ ഉത്തർപ്രദേശും ഉൾപ്പെടുന്ന പൂർവാഞ്ചലിലെ ഗ്രാമങ്ങളിൽ 1980കൾ വരെ പേരാൽ, മധൂകം (മഹുവ), അരയാൽ (പീപ്പൽ), വേപ്പ്, കരിവേലം (ബാബുൾ) തുടങ്ങിയ മരങ്ങൾ ധാരാളമായി തലയുയർത്തിനിന്നിരുന്നു. 1970കളിലെ ഒരു വേനൽക്കാലത്ത്, വലിയൊരു പേരാൽമരത്തിന്റെ ചുവട്ടിലിരുന്ന് ഒരു മുതിർന്ന ഗ്രാമീണൻ ഈ കഥ പറഞ്ഞുതരുന്നത് ഈ കുറിപ്പുകാരൻ ഓർക്കുന്നു. ആ ഓർമയാണ് പിന്നീട് ‘The Greatest Folk Tales of Bihar’ എന്ന പുസ്തകത്തിന്റെ രചനയിലേക്ക് എന്നെ നയിച്ചത്.

ദ ഗ്രേറ്റസ്റ്റ് ഫോക് ടെയിൽസ് ഓഫ് ബീഹാർ (The Greatest Folktales of Bihar by Nalin Verma)

നമ്മുടെ ജൈവവൈവിധ്യത്തെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും നിലനിർത്തിയിരുന്ന ഈ മരങ്ങൾ കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. 2024 മേയ് മാസത്തിൽ ‘നേച്ചർ സസ്റ്റൈനബിലിറ്റി’ ജേണൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2018നും 2022നും ഇടയിൽ ഇന്ത്യയിലെ കൃഷിയിടങ്ങളിൽനിന്ന് ഏകദേശം 5.33 ദശലക്ഷം പരമ്പരാഗത മരങ്ങളാണ് അപ്രത്യക്ഷമായത്. അരയാലിനും മധൂകത്തിനും പേരാലിനും പകരം ഭൂഗർഭജലം വറ്റിക്കുന്ന യൂക്കാലിപ്‌റ്റസ് പോലുള്ള മരങ്ങൾ വെച്ചുപിടിപ്പിച്ചത് പരിസ്ഥിതിക്ക് വലിയ ആഘാതമാണ് വരുത്തിവെച്ചത്. ശാസ്ത്രീയ പഠനങ്ങൾ നഷ്ടമായ മരങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ നൽകുമെങ്കിലും, അവ ഗ്രാമീണർക്കും പക്ഷികൾക്കും പ്രാണികൾക്കും നൽകിയിരുന്ന സ്നേഹത്തെയും തണലിനെയുംകുറിച്ച് വിവരിക്കാൻ ആ പഠനങ്ങൾക്ക് സാധിക്കില്ല. നാടൻപാട്ടുകളിലും കഥകളിലുമാണ് ഈ മരങ്ങളുടെ ആത്മാവ് ജീവിച്ചിരുന്നത്; ലാഭക്കൊതിയന്മാരായ മുതലാളിമാരുടെ പരീക്ഷണശാലകളിലല്ല.

കഴിഞ്ഞ ദശാബ്ദങ്ങളിൽ ഇന്ത്യ നേരിട്ട വനനശീകരണത്തിൻ്റെ നേർസാക്ഷ്യം | അവലംബം : Nature Sustainability

ഇന്ത്യ-യു.എസ് വ്യാപാര കരാർ രാജ്യത്തെ കാർഷിക മേഖലക്ക് കടുത്ത ഭീഷണി ഉയർത്തിക്കൊണ്ടിരിക്കെ, ‘ശ്രീ അന്ന’ പദ്ധതിയിലൂടെ ജോവർ, ബജ്ര, റാഗി തുടങ്ങിയ മില്ലറ്റുകളെ (ചെറുധാന്യങ്ങൾ) പ്രോത്സാഹിപ്പിക്കുമെന്ന് നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിക്കുകയാണ്. ഉത്തരേന്ത്യൻ കൃഷിയിടങ്ങളിൽനിന്ന് ഇവ അപ്രത്യക്ഷമായ ഘട്ടത്തിൽ അതിനുനേരെ കണ്ണടച്ച അധികാരികൾ, ഇപ്പോൾ പെട്ടെന്ന് മില്ലറ്റിന്റെ പോഷകഗുണങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. പരമ്പരാഗത മരങ്ങളുടെ തിരോധാനത്തിന് വഴിവെച്ച അതേ ഘടകങ്ങൾ തന്നെയാണ് മില്ലറ്റുകളെയും നശിപ്പിച്ചത്.

രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെ സങ്കീർണവും ആഴമില്ലാത്തതുമായ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന കേന്ദ്രസർക്കാർ, യാഥാർഥ്യങ്ങളിൽ ഊന്നിയ നയരൂപീകരണത്തിലൂടെയല്ല, മറിച്ച് ഐ.ടി സെല്ലുകളും സോഷ്യൽ മീഡിയ ഓപറേറ്റർമാരും പ്രചരിപ്പിക്കുന്ന കെട്ടിച്ചമച്ച ആഖ്യാനങ്ങളിലൂടെയാണ് നിലനിൽക്കുന്നത്. മുതലാളിത്ത കോർപറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മോദിക്കോ സമാനമായ ഒരു ഭരണകൂടത്തിനോ മേൽ പിടിമുറുക്കുമ്പോൾ ഇതേ സംവിധാനം വീണ്ടും സജീവമായേക്കാം. ബുദ്ധിമാന്മാരെങ്കിലും ബൗദ്ധികമായ സത്യസന്ധതയില്ലാത്ത ആർ.എസ്.എസ് നേതാക്കളുടെയും ഗ്രാമീണ ഇന്ത്യയെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത നയവിദഗ്ധരുടെയും പിന്തുണയോടെ, മരിച്ചുവീണ അരയാലിനും പേരാലിനും മുകളിൽ ജനിതകമാറ്റം വരുത്തിയ മരങ്ങളെ പ്രതിഷ്ഠിക്കാനും ഈ ഭരണകൂടം തുനിഞ്ഞേക്കാം.

വാണിജ്യമന്ത്രി പിയൂഷ് ഗോയലിനോട് ഒരു കാര്യം പറയാനുണ്ട്: ഹാർവാർഡ് ബിസിനസ് സ്കൂളിലെ മാനേജ്‌മെന്റ് പഠനവും മുംബൈ സർവകലാശാലയിലെ ഫിനാൻസ്, നിയമം, ചാർട്ടേഡ് അക്കൗണ്ടൻസി എന്നിവയിലുള്ള പരിശീലനവും ഉപയോഗിച്ച് ഇന്ത്യ-യു.എസ് വ്യാപാര കരാറുകളുടെ, പ്രത്യേകിച്ച് കാർഷിക-ധാന്യ മേഖലകളിലെ ‘നേട്ടങ്ങളെ’ ഉയർത്തിക്കാട്ടാൻ താങ്കൾക്ക് സാധിക്കുന്നുണ്ടാകാം. വാർത്തസമ്മേളനങ്ങളിൽ താങ്കളുടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ വിവേകത്തെയും വിജയകരമായി പ്രതിരോധിച്ചിട്ടുമുണ്ടാകാം. പക്ഷേ, സത്യസന്ധമായി ഒരു ആത്മപരിശോധന നടത്തുക: നമ്മുടെ പരമ്പരാഗത ഭക്ഷ്യധാന്യങ്ങളുടെയും മരങ്ങളുടെയും നാശത്തിനുപിന്നിലെ യഥാർഥ കഥകളും കർഷകരുടെ ദുരിതങ്ങളും വിവരിക്കാൻ താങ്കൾക്ക് കെൽപുണ്ടോ?

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ

ഒന്നോർക്കുക: ഈ മരങ്ങളുടെയും വിളകളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും വർത്തമാനവും പുരാവൃത്തവും മനസ്സിലാക്കി മാത്രമേ താങ്കൾക്ക് ഇന്ത്യൻ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയൂ. അറിവിനെ വെറും രാഷ്ട്രീയ യജമാനന്മാർക്കും അവരുടെ ശിങ്കിടികളായ ലാഭക്കൊതിയന്മാർക്കുംവേണ്ടി ഉപയോഗിക്കുന്നത് തെറ്റായ വഴി മാത്രമല്ല, അതൊരു പാപം കൂടിയാണ്. ബ്രിട്ടനിൽനിന്ന് നിയമബിരുദമെടുത്ത് വന്ന മഹാത്മാഗാന്ധി, ചമ്പാരനിലെ ചൂഷണം ചെയ്യപ്പെട്ട നീലം കർഷകർക്കിടയിൽ ജീവിച്ച് കൊളോണിയലിസത്തിനെതിരെ പോരാടിയത് ഓർമയിൽ വെക്കുക. അങ്ങേയറ്റം സംവേദനക്ഷമതയുള്ള ആത്മീയ കവിയായ രവീന്ദ്രനാഥ ടാഗോർ തന്റെ വരികളിലൂടെയും കഥകളിലൂടെയും ഒരു സാധാരണ കാക്കയും അഹങ്കാരിയായ പർവതവും തമ്മിലുള്ള സംഭാഷണങ്ങളെ അനശ്വരമാക്കി. അവരുടെ സംയുക്ത ജ്ഞാനമാണ് ഇന്ത്യയെ അടിമത്തത്തിന്റെ അന്ധകാരത്തിൽനിന്ന് മോചിപ്പിച്ചത്. ഗാന്ധിയും ടാഗോറും ഇന്നും കാലാതീതമായി ജീവിക്കുന്നു.

രവീന്ദ്രനാഥ ടാഗോറും മാഹാത്മാഗാന്ധിയും 1940 ഫെബ്രുവരിയിൽ കൂടികാഴ്ച നടത്തിയപ്പോൾ

അതുകൊണ്ട്, അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ഭൗമരാഷ്ട്രീയത്തിന്റെയും സങ്കീർണതകളിൽ മുഴുകുമ്പോൾതന്നെ മണ്ണിലേക്കും ഒന്ന് ചെവിയോർക്കുക. നാടൻപാട്ടുകാരെയും കർഷകരെയും ഗ്രാമീണരെയും കൂടി ഈ പ്രക്രിയയിൽ പങ്കാളികളാക്കുക. അവരുടെ അനുഭവജ്ഞാനത്തെ സാങ്കേതിക വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും അറിവുമായി സംയോജിപ്പിച്ച് മധൂകത്തെയും അരയാലിനെയും വേപ്പിനെയുമെല്ലാം പുനരുജ്ജീവിപ്പിക്കുക. അവരാണ് ‘ഭാരതം’ എന്ന ഇന്ത്യയുടെ ജീവിക്കുന്ന അടയാളങ്ങൾ.

നാം നേരിടുന്ന പ്രശ്നങ്ങളുടെ ശരിയായ പരിഹാരം കണ്ടെത്താനാവുക ജനങ്ങളുമായും അവരുടെ കഥകളുമായും താഴെത്തട്ടിൽ ഒത്തുചേരുമ്പോഴാണ്; അല്ലാതെ ഭിന്നിപ്പിലോ ആഡംബര പ്രകടനങ്ങളിലോ ബുൾഡോസർ രാഷ്ട്രീയത്തിലോ അല്ല.

 

About Author

നളിൻ വർമ്മ

നളിൻ വർമ്മ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹം ന്യൂഡൽഹിയിലെ ജാമിയ ഹംദർദ് സർവകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷനും ക്രിയേറ്റീവ് റൈറ്റിംഗും പഠിപ്പിക്കുന്നു.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.