ഐസന്‍ഹോവര്‍ തൊട്ട് ട്രംപ് വരെ: മധ്യപൂര്‍വ്വ മേഖലയില്‍ അമേരിക്ക പിടിച്ച പുലിവാല
ഇറാന് അധിനിവേശ പശ്ചാത്തലത്തില്‍ മുന്‍ യുഎസ് സുരക്ഷാ ഉപദേശകനായിരുന്ന ഫിലിപ് എച്ച് ഗോര്‍ഡന്‍ എഴുതിയ ‘Losing the Long Game: The False Promise of Regime Change in the Middle East’ എന്ന പുസ്തകത്തിന്റെ വായന.
അമേരിക്കയുടെ ഇറാന് അധിനിവേശ യുദ്ധ പശ്ചാത്തലത്തില്‍, ഇറാനിലെ ഭരണമാറ്റത്തെ (Regime Change)ക്കുറിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളുടെ വെളിച്ചത്തില്‍, അമേരിക്ക എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈയവസരത്തില്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്, ”Losing the Long Game: The False Promise of Regime Change in the Middle East’. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴില്‍ മിഡില്‍ ഈസ്റ്റിന്റെ മുന്‍ വൈറ്റ് ഹൗസ് കോര്‍ഡിനേറ്ററും കൗണ്‍സില്‍ ഓണ്‍ ഫോറിന് റിലേഷന്‍സിലെ സീനിയര്‍ ഫെലോയും, ദേശീയ സുരക്ഷാ ഉപദേശകനുമായിരുന്ന ഫിലിപ് എച്ച് ഗോര്‍ഡന്‍ ആണ് ഗ്രന്ഥകര്‍ത്താവ്. 2020-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മധ്യ-പൂര്‍വ്വ മേഖലകളിലാണ്. അതിനുള്ള കാരണം സമീപ ദശകങ്ങളില്‍ അമേരിക്ക ഭരണമാറ്റം ആഗ്രഹിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങള്‍ ഇവിടമാണ് എന്നതാണ്. ഇറാന്, സിറിയ, യെമന്‍, പലസ്തീന് പ്രദേശങ്ങള്‍, സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ പരമ്പരാഗത യുഎസ് സഖ്യരാജ്യങ്ങളില്പ്പോലും അവിടങ്ങളിലെ ഭരണ നേതൃത്വങ്ങള്‍ അതേപടി തുടരണമോ എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ അമേരിക്കന്‍ വിദേശ നയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നു എന്നതിനാല്‍ ഈ അന്വേഷണം വളരെ പ്രസക്തമാകുന്നുണ്ട്.

സുപ്രധാനങ്ങളായ ഏഴ് കേസ് സ്റ്റഡീസിനെ ചുറ്റിപ്പറ്റിയാണ് ഈ പുസ്തകം രൂപപ്പെടുത്തിയിരിക്കുന്നത്: ഇറാന്റെ മുഹമ്മദ് മൊസാദ്ദെഗിനെതിരായ 1953-ലെ സിഐഎ പിന്തുണയോടുകൂടിയ അട്ടിമറി, സോവിയറ്റുകള്ക്കെതിരായ അഫ്ഗാന് മുജാഹിദീനിനുള്ള യുഎസ് പിന്തുണ (1979-1992), താലിബാനെ പുറത്താക്കാനുള്ള 2001-ലെ അഫ്ഗാനിസ്ഥാന് അധിനിവേശം, 2003-ലെ ഇറാഖ് യുദ്ധം, ഈജിപ്തിലെ അറബ് വസന്തകാലത്തെ (2011) യുഎസ് ഇടപെടല്‍, 2011-ലെ ലിബിയയ്ക്ക് മേലുള്ള ആക്രമണം, 2011-ല്‍ ആരംഭിച്ച, സിറിയയുടെ ബഷര്‍ അല്‍-അസദ് ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങള്‍ എന്നിവയാണ് ഈ പഠനങ്ങള്‍.
അമേരിക്കന്‍ കാര്‍മ്മികത്വത്തിലുള്ള ഭരണമാറ്റത്തെക്കുറിച്ച് വാദിക്കുന്ന യുഎസ് വക്താക്കള്‍ രണ്ടാം ലോക യുദ്ധത്തിനുശേഷം ജപ്പാനെയും ജര്‍മ്മനിയെയും -അടുത്തിടെ ലാറ്റിന്‍ അമേരിക്കയിലെയും കരീബിയനിലെയും ഇടപെടലുകളെയും- ഈ നയം വിജയിച്ചുവെന്നതിനുള്ള ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇറാഖ് അധിനിവേശത്തെ പിന്തുണക്കുന്ന 2003-ലെ പുസ്തകത്തില്‍, ലോറന്‍സ് കപ്ലാനും വില്യം ക്രിസ്റ്റോളും ജപ്പാന്, ജര്‍മ്മനി, ഓസ്ട്രിയ, ഇറ്റലി, ഗ്രെനഡ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, പനാമ എന്നിവയെ ”അമേരിക്കന്‍ ആയുധങ്ങളിലൂടെ ജനാധിപത്യം സ്ഥാപിച്ചെടുത്ത രാജ്യങ്ങളാ”യിട്ടാണ് പ്രതിപാദിക്കുന്നത്.

ലോകമെമ്പാടുമുള്ള നിരവധി വിമര്‍ശകര്‍ കരുതുന്നത് പോലെ, ഭരണമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നം അമേരിക്കന്‍ ദുഷ്ടതയുടെ ഒരു രൂപമായിട്ടല്ല ഗോര്‍ഡന്‍ നീരീക്ഷിക്കുന്നത്. സൈനിക ശക്തി ഉപയോഗിക്കുന്നതിനെതിരെ മേല്‍പ്പറഞ്ഞ വിമര്‍ശകരില്‍ പലര്‍ക്കും പൊതുവായുള്ള തത്വാധിഷ്ഠിതമായ എതിര്‍പ്പ് ഗ്രന്ഥകര്‍ത്താവിനില്ല. കൂടാതെ അമേരിക്ക സ്വന്തം ആവശ്യത്തിനായി അധികാരം പ്രയോഗിക്കുകയോ, ശക്തരായ എണ്ണക്കമ്പനികള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുവെന്ന് ആരോപണത്തെ പിന്‍പറ്റിയല്ല ഗ്രന്ഥകാരന് അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് പോളിസിയെ ചോദ്യം ചെയ്യുന്നത് എന്ന കാര്യം കൂടി വ്യക്തതയോടെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഗ്രന്ഥകാരന്റെ അഭിപ്രായത്തില്‍ ”എണ്ണയുടെ കാര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന തുറന്ന പ്രസ്താവനകള്‍ യുഎസ്സിന്റെ ദീര്‍ഘകാല ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒന്നാണെന്നാണ്.”(!!!)
അമേരിക്കന്‍ നയരൂപീകരണ വിദഗ്ധരെ ഭരണമാറ്റം എന്നത് നിരന്തരം പ്രലോഭിപ്പിക്കുന്ന ഒന്നായി ഗോര്‍ഡന്‍ വാദിക്കുന്നു. പലപ്പോഴും ഉയര്‍ന്ന പ്രതീക്ഷകള്‍, മികച്ച ഉദ്ദേശ്യങ്ങള്‍, സമൂഹങ്ങളെ പുനര്‍നിര്‍മ്മിക്കാനുള്ള യുഎസ് കഴിവിലുള്ള വിശ്വാസം എന്നിവയാല്‍ ഈ വാദം നയിക്കപ്പെടുന്നതായി കാണാം- എന്നാല്‍ അത് വ്യക്തവും നിലനില്ക്കുന്നതുമായ വിജയങ്ങള്‍ നല്‍കിയിട്ടില്ല; പകരം, ഈ ഇടപെടലുകള്‍ ചില സന്ദര്‍ഭങ്ങളില്‍ വിനാശകരമായ പരാജയങ്ങള്‍ സൃഷ്ടിച്ചുവെന്നും വന്‍തോതിലുള്ള സൈനിക ചെലവുകള്‍, വ്യാപകമായ അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍, പ്രാദേശിക സഖ്യകക്ഷികള്‍ (ഉദാ. തീവ്രവാദ ഗ്രൂപ്പുകള്‍ അല്ലെങ്കില്‍ കൂടുതല്‍ അടിച്ചമര്‍ത്തല്‍ ശക്തികള്‍) സൃഷ്ടിച്ച അധികാര ശൂന്യതകള്‍ എന്നിവ ദീര്‍ഘകാല സംഘര്‍ഷത്തിന് ഇന്ധനമായി, യുഎസ് താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തിയതായി ഗ്രന്ഥകാരന് സമര്‍ത്ഥിക്കുന്നു. പൂര്‍ണ്ണമായും ധാര്‍മ്മികമായ ഒരു വിമര്‍ശനത്തിന് പകരം പ്രായോഗിക വിമര്‍ശനത്തിനാണ് ഗോര്‍ഡന്‍ ഊന്നല്‍ നല്‍കുന്നതെന്ന് കാണാം.
പുസ്തകത്തിന്റെ ആദ്യ അധ്യായം ആരംഭിക്കുന്നത് 1953-ലെ ഇറാന് ഭരണകൂട അട്ടിമറിയെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളോടെയാണ്. ‘ഒറിജിനല്‍ സിന്’ എന്ന ഈ അധ്യായത്തില്‍ 1953-ല്‍ സി.ഐ.എ സംഘടിപ്പിച്ച ‘ഓപ്പറേഷന് അജാക്സ്’ എങ്ങനെയാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട, പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഗ്, ഭരണകൂടത്തെ അട്ടിമറിച്ച് ഷാ മുഹമ്മദ് റെസ പഹ്ലവിയെ അധികാരത്തില്‍ തിരികെ കൊണ്ടുവന്നത് എന്നത് സംബന്ധിച്ച വിശദമായ വര്‍ണ്ണന നല്കുന്നു. മിഡില്‍ ഈസ്റ്റിലെ യുഎസ് ഭരണമാറ്റ ശ്രമങ്ങളുടെ നീണ്ട ചരിത്രത്തിലെ ‘യഥാര്‍ത്ഥ പാപം’ (Original Sin) എന്നാണ് ഗോര്‍ഡന്‍ ഈ സംഭവത്തെ വിശേഷിക്കുന്നത്. ഇറാന്റെ എണ്ണ വ്യവസായത്തെ മൊസാദെഗ് ദേശസാല്‍ക്കരിച്ചത് (മുമ്പ് ആംഗ്ലോ-ഇറാനിയന്‍ ഓയില്‍ കമ്പനി വഴി ബ്രിട്ടീഷ് താല്‍പ്പര്യങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്നു), ഇത് പാശ്ചാത്യ സാമ്പത്തിക ഓഹരികള്‍ക്ക് ഭീഷണിയായതും, ശീതയുദ്ധത്തിന്റെ തുടക്കത്തില്‍ കമ്മ്യൂണിസ്റ്റ് സ്വാധീനം സംബന്ധിച്ച ഭയവും ആണ് ഇത്തരമൊരു അട്ടിമറിക്ക് യുഎസിനെ പ്രേരിപ്പിച്ചതെന്ന് സന്ദര്‍ഭം വ്യക്തമാക്കി വിശദീകരിക്കുന്നുണ്ട് ഗ്രന്ഥകാരന്.
അട്ടിമറി തുടക്കത്തില്‍ വിജയകരമായി കാണപ്പെട്ടെങ്കിലും അത് ദീര്‍ഘകാല വിദ്വേഷത്തിന്റെ വിത്തുകള്‍ വിതച്ചുവെന്ന് ഗോര്‍ഡന്‍ വാദിക്കുന്നു. ഇറാനിയന്‍ ജനാധിപത്യത്തെ അത് ദുര്‍ബലപ്പെടുത്തുകയും, അമേരിക്കന്‍ വിരുദ്ധ വികാരത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം വിലയിരുത്തുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് കാരണമാക്കിയെന്നതാണ് ഇതിന്റെ ഫലം. ഭരണമാറ്റം പലപ്പോഴും ഹ്രസ്വകാല, തന്ത്രപരമായ, വിജയങ്ങള്‍ കൈവരിക്കുന്നുവെങ്കിലും, അസ്ഥിരത, തിരിച്ചടി, യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഭരണകൂടങ്ങള്‍ എന്നിവയുള്‍പ്പെടെ ഉദ്ദേശിക്കാത്തതും ചെലവേറിയതും വിപരീത ഫലങ്ങള്‍ നിറഞ്ഞതും ആയ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായും ലേഖകന്‍ നിരീക്ഷിക്കുന്നു.
‘നമ്മള് വിജയിച്ചു’ (We Won) എന്ന രണ്ടാമധ്യായത്തില്‍ സോവിയറ്റ്-അഫ്ഗാന് യുദ്ധകാലത്ത് (1979-1989) അമേരിക്ക നടത്തിയ രഹസ്യ ഓപ്പറേഷനെക്കുറിച്ചാണ് ആഴത്തില്‍ പരിശോധിക്കുന്നത്. പാകിസ്ഥാന് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.എസ്.ഐ, സൗദി അറേബ്യ, മറ്റ് സഖ്യകക്ഷികള്‍ എന്നിവരുമായി സഹകരിച്ച് സി.ഐ.എ അഫ്ഗാന് മുജാഹിദീന്‍ പോരാളികള്‍ക്ക് ആയുധം, ധനസഹായം എന്നിവ നല്‍കിക്കൊണ്ട് നടത്തിയ ഈ യുദ്ധം, ഒരു ശീതയുദ്ധ വിജയമായി ആഘോഷിക്കപ്പെട്ടതായി ഗോര്‍ഡന്‍ വിലയിരുത്തുന്നു. ഈ യുദ്ധത്തിലൂടെ 1989-ല്‍ സോവിയറ്റ് പിന്മാറ്റത്തിന് കാരണമായതും സോവിയറ്റ് യൂണിയന്റെ അന്തിമ തകര്‍ച്ചയ്ക്ക് കാരണമായതും എങ്ങനെയെന്ന് ഗോര്‍ഡന്‍ എടുത്തുകാണിക്കുന്നു. ‘നമ്മള് വിജയിച്ചു’ എന്ന് പരിഹാസ്യദ്യോതകമായി സൂചിപ്പിക്കുന്ന ഈ തലക്കെട്ടിലൂടെ രണ്ടാം അധ്യായത്തില്‍, ഒരേ സമയം യുഎസ് നയരൂപീകരണ കര്‍ത്താക്കളുടെ വിശ്വാസത്തെയും അതേസമയം ഹ്രസ്വകാലാടിസ്ഥാനത്തില്‍ നേടിയ ഈ ജയത്തിന്റെ ദീര്‍ഘകാല ഫലമെന്തെന്നും അദ്ദേഹം വിലയിരുത്തുന്നു. ദീര്‍ഘകാലത്തില്‍ യുഎസ് പിന്തുണയുള്ള പോരാളികള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരെ തിരിയുകയും, 9/11 ആക്രമണങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനെ ഒരു താവളമായി ഉപയോഗിച്ച ഒസാമ ബിന്‍ ലാദന്റെയും അല്‍-ഖ്വയ്ദയുടെയും വളര്‍ച്ചയിലേക്ക് ചെന്നെത്തിയതായും ഗോര്‍ഡന്‍ കണ്ടെത്തുന്നു. അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടല്‍, യഥാര്‍ത്ഥ പ്രശ്നത്തേക്കാള്‍ വളരെ മോശമായ അസ്ഥിരതയും ഭീഷണികളും സൃഷ്ടിക്കല്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങളെ ഈ അധ്യായത്തിലൂടെ വിശദീകരിക്കുന്നു.

സമാനമായ രീതിയില്‍, 9/11ന് ശേഷമുള്ള അഫ്ഘാന്‍ അധിനിവേശത്തിലൂടെ നേടിയെടുത്തുവെന്ന് അമേരിക്ക കരുതിപ്പോരുന്ന ഭരണമാറ്റത്തെയും ഗോര്‍ഡന്‍ താല്‍ക്കാലിക വിജയമായി വിലയിരുത്തുന്നു, “We have Turned a Corner” എന്ന മൂന്നാം അധ്യായത്തില്‍. മുന്‍ അധ്യായങ്ങളിലെന്നപോലെ, അധിനിവേശ പ്രദേശങ്ങളില്‍ സ്ഥിരതയാര്‍ന്നതും യാഥാര്ത്ഥ്യത്തിലൂന്നിയതുമായ ആസൂത്രണത്തിന്റെ അഭാവം അമേരിക്കയുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചുവെന്ന് ഗ്രന്ഥകാരന് വിലയിരുത്തുന്നു.
നാലാം അധ്യായത്തില്‍ ഇറാഖ് അധിനിവേശത്തെക്കുറിച്ചും, അഞ്ചാം അധ്യായം ഇറാഖ് അധിനിവേശം സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. ആറാം അധ്യായത്തില്‍ അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍, 2011-ല്‍ നാറ്റോ സഖ്യത്തിന്റെ പിന്തുണയോടെ ലിബിയയിലെ കടന്നു കയറ്റത്തെക്കുറിച്ചും കേണല്‍ ഗദ്ദാഫി ഭരണകൂടത്തെ അട്ടിമറിച്ചതിനെക്കുറിച്ചും പ്രതിപാദിക്കുന്നു. ഏഴാം അധ്യായത്തില്‍ സമാന കാലയളവില്‍ സിറിയന്‍ ഭരണമേധാവി ബാഷര്‍ അല്‍ അസ്സാദിനെതിരായി നടന്ന ആക്രമണത്തെയും അതിന്റെ പരിണത ഫലങ്ങളെയും വിലയിരുത്തുന്നു.
പുസ്തകത്തിന്റെ അവസാന അധ്യായം, ‘എന്തുകൊണ്ട് മധ്യപൂര്‍വ്വ മേഖലയിലെ ഭരണമാറ്റം എല്ലായ്പ്പോഴും അബദ്ധമായിപ്പോകുന്നു?’ (Why Regime Change in the Middle East Always Goes Wrong?) എന്നത് അമേരിക്കന്‍ ഭരണകൂടങ്ങളുടെ മിഡില്‍ ഈസ്റ്റ് ഭൗമരാഷ്ട്രീയത്തിലെ പരാജയങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഗോര്‍ഡന്‍ തന്റെ നിഗമനങ്ങള്‍ ഈ രീതിയില്‍ അവതരിപ്പിക്കുന്നു;
– ഒരു ഭരണകൂടം നീക്കം ചെയ്യുന്നത് പലപ്പോഴും താരതമ്യേന എളുപ്പമാണ്, എന്നാല്‍ സ്ഥിരതയുള്ളതും മികച്ചതുമായ ഒരു പകരക്കാരനെ നിര്‍മ്മിക്കുന്നത് അസാധാരണമാംവിധം ബുദ്ധിമുട്ടാണ്.
– സൈനിക ഇടപെടലുകള്‍ സുരക്ഷാ ശൂന്യത സൃഷ്ടിക്കുന്നു, അത് പ്രാദേശിക വിഭാഗങ്ങള്‍ക്കിടയില്‍ മത്സരം സൃഷ്ടിക്കുകയും പ്രാദേശിക ശക്തികളുടെ ഇടപെടലുകള്‍ക്ക് ബലം നല്‍കുകയും ചെയ്യുന്നു.
– നയരൂപീകരണകര്‍ത്താക്കള്‍ ഭീഷണികളെ അമിതമായി വിലയിരുത്തുകയും, ചെലവുകള്‍/അപകടസാധ്യതകള്‍ എന്നിവ കുറച്ചുകാണുകയും ചെയ്യുന്നു. തങ്ങളുടെ ചെയ്തുകളുടെ ഫലങ്ങളെ സംബന്ധിച്ച് അമിത വാഗ്ദാനം നല്കുന്നു. അതേസമയം, മേഖലയെ സംബന്ധിച്ച ആഴത്തിലുള്ള സാംസ്കാരിക/ചരിത്ര ധാരണ അവര്‍ക്കിടയിലില്ല.
– അമേരിക്കയുമായി സഹകരിക്കുന്ന പ്രാദേശിക ശക്തികള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു. അയല്‍ക്കാര്‍ കൊള്ളക്കാരായി പ്രവര്‍ത്തിക്കുന്നു.
– അധിനിവേശത്തിന് ശേഷമുള്ള യുഎസ് പ്രതിബദ്ധത കുറയുന്നു. വന്‍തോതിലുള്ള സൈനിക സാന്നിദ്ധ്യവും പണത്തിന്റെ ഒഴുക്കും അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ തോതില്‍ സഹായകമാകുന്നില്ല എന്ന തിരിച്ചറിവിന്റെ അഭാവം.
– സങ്കീര്‍ണ്ണമായ മിഡില്‍ ഈസ്റ്റേണ്‍ സമൂഹങ്ങളെ പുനര്‍നിര്‍മ്മിക്കുന്നതില്‍ അന്തര്‍ലീനമായ ബുദ്ധിമുട്ടുകളോടൊപ്പം, തീരുമാനമെടുക്കുന്നതിലെ ഭരണകൂട പിഴവുകളും പരാജയങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഗോര്‍ഡന്‍ വാദിക്കുന്നു.

ഗോര്‍ഡന്‍ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് മിഡില്‍ ഈസ്റ്റിലെ ഭരണമാറ്റത്തിനെതിരായി എന്തെങ്കിലും തരത്തിലുള്ള ധാര്‍മ്മികമോ നൈതികമോ ആയ വാദം ഉയര്‍ത്താനല്ല എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അമേരിക്കന്‍ താല്‍പ്പര്യവുമായി ബന്ധപ്പെട്ട് തികച്ചും പ്രായോഗിക സമീപനത്തില്‍ ഊന്നി നിന്നുകൊണ്ടാണ് ഗോര്‍ഡന്റെ മുഴുവന്‍ വാദങ്ങളും നിലകൊള്ളുന്നത്. മധ്യപൂര്‍വ്വ മേഖലകളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനോ ദുര്‍ബലപ്പെടുത്താനോ ഉള്ള അമേരിക്കന്‍ നയരൂപീകരണ വക്താക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുമോ അതോ ദുര്‍ബലപ്പെടുത്തുമോ എന്നതാണ് ഗോര്‍ഡന്‍ അന്വേഷിക്കുന്നത്.
ഇറാനുമായുള്ള അധിനിവേശ യുദ്ധത്തില്‍ ട്രംപ് ജയിച്ചാലും തോറ്റാലും മധ്യപൂര്‍വ്വ മേഖലയിലെ പൊതുവായ ഇടപെടല്‍ അമേരിക്കയെ കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന കാര്യത്തില്‍ വ്യവസ്ഥയ്ക്ക് അകത്തുള്ളവര്‍ തന്നെ സന്ദേഹം പ്രകടിപ്പിക്കുന്നുവെന്നാണ് ഫിലിപ്പ് ഗോര്‍ഡന്‍ വിശകലനം സൂചിപ്പിക്കുന്നത്.





