എണ്ണ – സ്നേഹം – എണ്ണ…
“മാസങ്ങൾക്കു മുമ്പൊരിക്കൽ ഇറാനിലെ ആണവനിലയം ബോംബിട്ടു നശിപ്പിച്ചു എന്നു അധികാരികൾ നെഞ്ചുവിരിച്ച് പറഞ്ഞ് വീർപ്പയച്ചു കഴിയുംമുമ്പേ ഇസ്രയേൽ നഗരങ്ങളിൽ ചിലയിടത്ത് മിസ്സൈലുകൾ വീണുവല്ലോ. അന്നും നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് അവിടുത്തെ സ്ത്രീകൾ നിരത്തിലിറങ്ങി. ‘പ്ലീസ്, പ്ലീസ് ഇറാൻ! ദയവു ചെയ്ത് ഞങ്ങളെ ശിക്ഷിക്കരുത്…”
സ്നേഹം കത്തുകയാണ്. ഇറാനിൽ മാത്രമല്ല, സമീപസഹോദര രാഷ്ട്രങ്ങളിലെ എണ്ണപ്പാടങ്ങളിലും. ഇത് ഭൂമിയുടെ മൊത്തം ശവദാഹത്തിൻ്റെ മണി മുഴക്കമായിരിക്കുമോ എന്ന് ആശങ്കപ്പെടുകയാണ് എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഡോക്ടർ ഖദീജാമുംതാസ് ‘ഹൃദയപക്ഷ’ത്തിലൂടെ.

ബങ്കറിനകത്ത് തലതല്ലി കരയുന്ന സ്ത്രീകൾ, കുട്ടികൾ! അവിശ്വസനീയ ദുരന്തത്തെ ആട്ടിമാറ്റും പോലെ നിലത്തുരുണ്ടും തലയിൽ തല്ലിയും മുഖമമർത്തിയുമുള്ള ആ നിസ്സഹായരുടെ കാഴ്ച വേദനിപ്പിക്കുന്നതാണ്. അതെ, യുദ്ധം എന്നും എപ്പോഴും സമാധാനകാംക്ഷികളായ സാധാരണ മനുഷ്യരുടെ ജീവിതം അവിചാരിതമായ അട്ടിമറിക്കുന്നു. പക്ഷേ, ആ ബങ്കർ കാഴ്ചക്കിടയിൽ പുറത്തേയ്ക്കെടുക്കുന്ന ഒരു ശവമഞ്ചം കൂടി കണ്ടു. അതിനുമുകളിൽ ബെഞ്ചമിൻ നെതന്യാഹു എന്നു സൂചിപ്പിക്കുന്ന ചിത്രവും! മുറിവേറ്റു വീണ നെതന്യാഹുവിൻ്റെ ചിത്രമാണ് ചിലതിൽ ഇൻസെറ്റായി. എ.ഐ.ക്കാലത്ത് കണ്ണുകൊണ്ടു കണ്ടവയെയാണല്ലോ തീരെ വിശ്വസിക്കാനാവാത്തത്! ആ സ്ത്രീകളും പുരുഷന്മാരും 10-12 വയസ്സുമതിക്കാവുന്ന ബാലന്മാരും ആർത്തുകരയുന്നത് അവരുടെ പ്രധാനമന്ത്രിയുടെ , ‘നല്ല ഇടയൻ്റെ’ വിയോഗത്തിൻ്റെ പേരിലാണോ?
മാസങ്ങൾക്കു മുമ്പൊരിക്കൽ ഇറാനിലെ ആണവനിലയം ബോംബിട്ടു നശിപ്പിച്ചു എന്നു അധികാരികൾ നെഞ്ചുവിരിച്ച് പറഞ്ഞ് വീർപ്പയച്ചു കഴിയുംമുമ്പേ ഇസ്രയേൽ നഗരങ്ങളിൽ ചിലയിടത്ത് മിസ്സൈലുകൾ വീണുവല്ലോ. അന്നും നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് അവിടുത്തെ സ്ത്രീകൾ നിരത്തിലിറങ്ങി. ‘പ്ലീസ്, പ്ലീസ് ഇറാൻ! ദയവു ചെയ്ത് ഞങ്ങളെ ശിക്ഷിക്കരുത്…’ യാഥാസ്ഥിതികതയുടെ പേരിൽ ലോകത്താൽ അപലപിക്കപ്പെടുന്നവനെങ്കിലും ധാർമ്മികത കൈവിടാനാഗ്രഹിക്കാത്ത ഇറാൻ്റെ ആത്മീയ നേതാവും തന്മൂലം അവരുടെ ഭരണനേതൃത്വവും അന്ന് സംയമനം പാലിച്ചതും നാം കണ്ടു.

ദയനീയമായ അലമുറകൾ ഇന്ന് ഇസ്രയേൽ നഗരങ്ങളിൽ പലയിടങ്ങളിലായി മുഴങ്ങുന്നുണ്ട്. അതിൻ്റെ വ്യാപ്തി നമുക്കറിയില്ല. നെതന്യാഹു കൊല്ലപ്പെട്ടു കഴിഞ്ഞോ, ഇറാനിലെ പുതിയ ആത്മീയനേതാവോ പ്രധാന സൈന്യാധിപരോ ജീവിച്ചിരിക്കുന്നോ ഒന്നും നമുക്കറിയില്ല. ലോകത്തെ ഇരുട്ടിൽ നിർത്തി വിളക്കുകളാരോന്നായി കെടുത്തിക്കൊണ്ടിരിക്കുകയെന്നതാണല്ലോ പുതിയ യുദ്ധങ്ങളുടെ രീതി! നെതന്യാഹു കൊല്ലപ്പെട്ടാലും ക്രൂരതയുടെ ആൾ രൂപങ്ങൾക്ക് കുറവു വരില്ല. അധാർമ്മികമായി ആക്രമിക്കപ്പെട്ടവരുടെ ആത്മവീര്യത്തെ മഹാക്രൂരതകൾ കൊണ്ട് കെടുത്തിക്കളയാനുമാവില്ല.
പറഞ്ഞുവന്നത് നിസ്സഹായതയുടെ കരച്ചിലുകളെപ്പറ്റി തന്നെ. സാധാരണക്കാരൻ്റെ അലമുറകൾ! വർഷങ്ങളായി വാഗ്ദത്തഭൂമിയെ കുതിർത്തുകൊണ്ടിരിക്കുന്ന അനേകലക്ഷങ്ങളുടെ കണ്ണീരിനെ പക്ഷേ ഇവർ കണ്ടിട്ടേയില്ലെന്നോ! ആ യാതനകൾ അവരെ സ്പർശിച്ചിട്ടേയില്ലെന്നോ! നെഞ്ചിൻകൂട്ടിലേക്ക് തീരാദുരിതത്തിൻ്റെ സങ്കടങ്ങൾ അമർത്തി വെച്ച് കുഞ്ഞുമക്കളെ ചേർത്തു പിടിച്ചു കരയുമ്പോഴും പലസ്തീനിലെ ആ മുഖങ്ങളിൽ നിഴലിക്കുന്ന സങ്കടത്തിൽ ആത്മവീര്യത്തിൻ്റെ പ്രകാശമുണ്ട്. പ്ലീസ്, പ്ലീസ് എന്നവർ ഒരിക്കലും ഉച്ചരിച്ചില്ല. ഇറാനിലെ ഇസ്ലാമിക ഭരണകൂടം സ്ത്രീവിരുദ്ധരും പ്രതിഷേധിക്കുന്നവരെ തൂക്കിലേറ്റി ഇല്ലാതാക്കുന്നവരും ആണെങ്കിലും തങ്ങളുടെ ഭരണാധികാരനിരയൊട്ടാകെ കൊല ചെയ്യപ്പെട്ടിട്ടും, ഭരണമാറ്റത്തിനു വേണ്ടി ജനങ്ങൾ വ്യാപകമായി നിരത്തിലിറങ്ങാത്ത അത്ഭുതവും നാം കണ്ടു.
ഇറാനിയൻ സാംസ്കാരികതയുടെ ഉൾക്കരുത്ത് അധിനിവേശ പാരമ്പര്യം മാത്രം അവകാശപ്പെടാവുന്ന ട്രംപിന് മനസ്സിലാവില്ല. പേർഷ്യൻ, സൊരാഷ്ട്രിയൻ, സൂഫി പാരമ്പര്യമുൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും പഴയ നാഗരികതകളിലൊന്നിൻ്റെ തുടർച്ചയാണ് ഇറാനിലേത്. അവരത് ആത്മീയതലത്തിലും ഭൗതികതലത്തിലും ഇക്കാലം വരെ സംരക്ഷിച്ചുകൊണ്ടുപോന്നിരുന്നു. അതിലൂന്നിക്കൊണ്ടായിരുന്നു അവരുടെ ആധുനിക കലകൾ, സിനിമകൾ , വാസ്തുവിദ്യകൾ, എന്തിന് പ്രതിരോധങ്ങൾ പോലും. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി, ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി തെരുവിലിറങ്ങുമ്പോൾ സ്വന്തം ജീവൻ പോലും ബലികൊടുക്കേണ്ടി വരാമെന്ന് ആ യുവതയ്ക്കറിയാമായിരുന്നു. ആ വീര്യത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും മികച്ച സിനിമകൾ അവിടുത്തെ സ്ത്രീകളിൽ നിന്നു പോലും നമ്മിലേയ്ക്കെത്തിയത്. അമേരിക്കയുടെയോ സയണിസ്ററുകളുടെയോ ആത്മാവില്ലാത്ത ആധുനികതയല്ല അത്. അതിനു കീഴടങ്ങിക്കൊടുത്തുകൊണ്ടുള്ള വിമോചനസിദ്ധാന്തത്തിലെ ചതി തിരിച്ചറിയാനും അവർക്കാവും. ഇറാൻ്റെ ഭാവിയെപ്പറ്റി ഒരു പ്രവചനത്തിലും ഇപ്പോൾ അർത്ഥമില്ല. ലോകത്തിൻ്റെ തന്നെയും!
ഇസ്രയേൽ മനുഷ്യരുടെ കണ്ണീരിലേക്കു തന്നെ തിരിച്ചു വരാം. അവർ കരഞ്ഞിരുന്നത് നെതന്യാഹുവിനു വേണ്ടിത്തന്നെയായിരുന്നോ? രക്ഷകനെ നഷ്ടപ്പെട്ടവരുടെ നിസ്സഹായ വിലാപം തന്നെയായിരുന്നോ അത് ? ആധുനിക ലോകചരിത്രത്തിലെ ഏറ്റവും ക്രൂരനായ യുദ്ധക്കുററവാളിയ്ക്കു വേണ്ടി വിലപിക്കാൻ അന്നാട്ടിലെ മനുഷ്യർക്കായിട്ടുണ്ടെങ്കിൽ അതെന്തുകൊണ്ടായിരിക്കാം? ലോക മനസ്സാക്ഷി ആരുടെയെങ്കിലുമൊക്കെ അന്ത്യം ആഗ്രഹിച്ചു പോയിട്ടുണ്ടെങ്കിൽ അതിൽ ആദ്യ പേരുകാരൻ അയാൾ തന്നെയല്ലേ? പക്ഷേ, അതൊരു പേരോ, വ്യക്തിയോ മാത്രമാണോ? അയാളുടെ മന്ത്രിസഭയിൽ വലിയൊരു വിഭാഗവും സയണിസ്ററ് തീവ്ര ആശയക്കാർ തന്നെയാണല്ലോ! മാസങ്ങൾക്കു മുമ്പ്, ഗാസ വംശഹത്യ തകൃതിയായി നടന്നിരുന്ന കാലത്ത്, വെടിനിർത്തൽ പ്രഹസനം നടക്കും മുമ്പ്, ഒരു ജേർണലിസ്റ്റ് ഇസ്രായേലിലെ പുതുതലമുറയിലെ അംഗങ്ങളോടു സംവദിക്കുന്ന വീഡിയോ കാണുകയുണ്ടായി. സംവാദത്തിൻ്റെ തുടക്കം മുതൽ മുക്കാൽ ഭാഗവും ആ കുഞ്ഞുങ്ങളുടെ മനസ്സിൽ ഉറച്ചു പോയ മനുഷ്യവിരുദ്ധ വാഗ്ദത്തഭൂമി പ്രത്യയശാസ്ത്രത്തിൻ്റെ നിർവ്വികാരതയെ പുറത്തു കൊണ്ടു വരുന്നതായിരുന്നു. ഇതു ഞങ്ങളുടെ മണ്ണ്. ദൈവം വാഗ്ദാനം ചെയ്തത്.
ഇതിനവകാശവാദമുന്നയിക്കുന്ന ആരെയും ഇല്ലായ്മ ചെയ്യാം. അതിൽ ഒരു കയ്യറപ്പിൻ്റെയും ആവശ്യമില്ല. അവർ കൃമികളെപ്പോലെയോ നായകളെപ്പോലെയോ വില കെട്ടവരാണ്. ജേർണലിസ്റ്റിൻ്റെ നിരന്തരമായ ചോദ്യങ്ങൾക്കൊടുവിൽ മനുഷ്യത്യത്തിൻ്റെതെന്നു സംശയിക്കാവുന്ന ചില സന്ദേഹങ്ങൾ അവരിൽ മുളപൊട്ടുന്നതും കണ്ടു. ആലോചിച്ചു നോക്കൂ, 1948 ൽ ഇസ്രയേൽ ഒരു രാഷ്ട്രമായി അംഗീകരിക്കപ്പെട്ടശേഷം മൂന്നാമത്തെയോ നാലാമത്തെയോ തലമുറയിലെ അംഗങ്ങളായിരിക്കണം ആ സംഭാഷണത്തിലേർപ്പെട്ടവർ. അവരിൽ ദേശീയബോധവും വംശീയതയും മനുഷൃ വിരുദ്ധതയും ഒക്കെ ഇത്തരത്തിൽ രൂപപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളു ?പലസ്തീനികളാണ് അവർക്ക് കടന്നുകയറ്റക്കാർ,അക്രമികൾ, തങ്ങളുടെ നാടിൻ്റെ സമാധാനം കെടുത്തുന്നവർ! യഥാർത്ഥ ചരിത്രം പ്രധാനമാവുന്നത് ഇവിടെയാണ്. പക്ഷേ, അധികാര-സാമ്പത്തിക താൽപര്യങ്ങൾക്കു മതപ്രതൃയശാസ്ത്രത്തെ ഉപയോഗിക്കുന്നവർ വരുംതലമുറയിൽ നിന്ന് യഥാർത്ഥ ചരിത്രം മറച്ചുവെക്കുക തന്നെ ചെയ്യുന്നു. അതെവിടെയും അങ്ങനെത്തന്നെ. ഇന്ത്യയിലും ഇന്ന് മറെറന്താണ് നാം കാണുന്നത്? വിദ്യാഭ്യാസനയം പരിഷ്കരിക്കുകയാണ് എന്ന പേരിൽ വിദ്യാഭ്യാസത്തെ തന്നെ താറുമാറാക്കുന്നതും മറ്റെന്തിന്! കൊല്ലുന്നതിന് കയ്യറപ്പില്ലാത്തവർ ഈ ധർമ്മ രാജ്യത്തിലും കൂടി വരികയാണല്ലോ.
മതം രാഷ്ട്രീയത്തിലിടാൻ പാടില്ല എന്നു വിശ്വസിക്കുന്നവരും വാഗ്ദത്തഭൂമിവാദത്തിൽ ഊന്നി ലോകത്തിൻ്റെ പലഭാഗങ്ങളിലായി കഴിഞ്ഞു പോന്നിരുന്ന ജൂതമത വിശ്വാസികളെ ആകർഷിച്ച് കൂട്ടിക്കൊണ്ടുവന്ന് ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന പ്രദേശത്തൊരു പുതുരാഷ്ട്രം നിർമ്മിച്ചതിൽ അപാകതയൊന്നും കാണുന്നില്ല എന്നത് അമ്പരപ്പിക്കുന്ന കാര്യമല്ലേ? ഹോളോകാസ്റ്റ് അനുഭവത്തിലൂടെ കടന്നു പോയ സമൂഹം എന്ന നിലയിലുള്ള ലോകമനസ്സാക്ഷിയുടെ സഹതാപത്തിൽ കുതിർന്ന ന്യായീകരണം മനസ്സിലാക്കാം.മറ്റു ചില പ്രതികരണങ്ങളും പല കാലങ്ങളിലായി, ബുദ്ധിജീവികളെന്നു നാം വിശ്വസിച്ചിരുന്ന ആളുകളിൽ നിന്നുണ്ടായതായും കാണാം. മലയാളത്തിൻ്റെ ദാർശനികനായ എഴുത്തുകാരൻ ഒ.വി.വിജയൻ എഴുതിയത് ഇന്നോർക്കുന്നു – ‘ജൂതരുടെ സഹനം എത്ര കാലമായി തുടരുന്നതാണ്! നൂറ്റാണ്ടുകളായി രാജ്യമില്ലാതെ അലഞ്ഞു നടന്നവരല്ലേ അവർ! അവർക്കൊരു രാജ്യം വേണമെന്നത് ന്യായമല്ലേ?’ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടെയും ചോദിക്കേണ്ടി വരുന്നു.
ഇസ്രയേൽ രാജ്യമായിരുന്നോ അതിനു പരിഹാരം? ഒരു മതത്തിന് പ്രത്യേകമായി ഒരു രാജ്യം തന്നെ വേണമെന്നത് ആധുനിക ചിന്തയ്ക്ക് നിരക്കുമോ? 2023 ലെ ഹമാസ് ആക്രമണത്തിൻ്റെയും പ്രത്യാക്രമണ പരമ്പരകളുടെയും പശ്ചാത്തലത്തിൽ ഈയിടെ അന്തരിച്ച ഫിലോസഫർ ഹേബർമാസിൻ്റെ (Jurgen Habermas) ൻ്റെ പ്രസ്താവനയും വന്നു. ഏറെ വിവാദമായ ആ പ്രസ്താവന ഇങ്ങനെ _’ഇസ്രായേലിനും നിലനിൽക്കാനവകാശമുണ്ട്!’ പലസ്തീൻ-ഇസ്രായേൽ സംഘർഷം തുടങ്ങിയത് 2023 ഒക്ടോബറിൽ അല്ലെന്നു ചിന്തിക്കാൻ തലമുതിർന്ന ദാർശനികർക്കു പോലുമാവുന്നില്ലെങ്കിൽ പിന്നെയെങ്ങനെയാണ് പുതുതലമുറയെ പഴിക്കുക!

ജൂതരുടെ ഹോളോകാസ്റ്റ് അനുഭവത്തിനു പരിഹാരം പരിഷ്കൃതമായ ഒന്നാവേണ്ടതിനു പകരം മതവിശ്വാസാ നുസൃതമാക്കിയതെന്തിന് എന്നതിന് ലോകത്തിന് എന്തുത്തരം ? ഹോളോകാസ്റ്റാനന്തര യൂറോപ്പിൽ, ജർമനിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ അവർക്ക് സമാധാന ജീവിതമുറപ്പാക്കുകയായിരുന്നില്ലേ ന്യായം? പകരം, കേരളത്തിൽ നിന്നുൾപ്പെടെ സാംസ്കാരിക വൈവിധൃത്തിൻ്റെ സഹവർത്തിത്വത്തിൽ കഴിഞ്ഞിരുന്നവരെക്കൂടി അടർത്തിയെടുത്ത് എന്തിനായിരുന്നു ഒരു മതരാഷ്ട്ര നിർമ്മിതി? പ്രായോജകരുടെ യഥാർത്ഥ ഉദ്ദേശ്യം മറ്റു ചിലതായിരുന്നതിനാൽ, എന്നതു തന്നെയാണ് ഉത്തരം.
അല്ലെങ്കിലും, ആരുടെ വാഗ്ദത്തത്തെപ്പറ്റിയാണ് ഇവർ പറയുന്നത്? സെമറ്റിക് മതങ്ങളുടെയെല്ലാം (ഏകദൈവവിശ്വാസികൾ) പിതാവായ അബ്രഹാമിന് ഏകദേശം 3000 കൊല്ലങ്ങൾക്കു മുമ്പ് ഉണ്ടായി എന്ന് മതഗ്രന്ഥങ്ങൾ പറയുന്ന ദൈവിക അരുളപ്പാടോ? കാനാൻ ദേശമെന്ന, ഇന്നത്തെ ഇസ്രായേലും പലസ്തീൻ പ്രദേശങ്ങളും സമീപപ്രദേശങ്ങളും ഉൾക്കൊളളുന്ന ദേശത്ത് അക്കാലത്തുതന്നെ സമ്പന്നമായ ഒരു നാഗരികതയുണ്ടായിരുന്നു എന്നതിന് ഇന്ന് തെളിവുകളുണ്ട്. അവർ പ്രകൃതിപൂജകരും ബഹുദൈവാരാധകരുമായിരുന്നു. പ്രാചീന അബ്രഹാമിക് മതം അവരിലേക്ക് കടന്നുകയുകയായിരുന്നു. ഒരർത്ഥത്തിൽ ബലപ്രയോഗത്തിലൂടെ.
അബ്രഹാം പരമ്പരയിലെ ജേക്കബിൻ്റെ മറുപേരാണ് ഇസ്രയേൽ. അബ്രഹാമിൻ്റെ മകനായ ഇസ്ഹാക്കിൻ്റെ പുത്രൻ! യഹൂദരുടെ മാത്രമല്ല, ക്രിസ്ത്യാനികളുടെയും പ്രപിതാമഹൻ. അബ്രഹാമിൻ്റെ (ഇബ്രാഹിം) മറ്റൊരുമകൻ്റെ പരമ്പരയാണ് അറേബ്യൻ മുസ്ലിങ്ങൾ എന്നും വിശ്വസിക്കപ്പെടുന്നു. അബ്രഹാമിനാണ് ദൈവ അരുളപ്പാടുണ്ടായതെങ്കിൽ വാഗ്ദത്തഭൂമി എല്ലാ സെമറ്റിക് മതസ്ഥരുടേതുമാണ്. ഇനി ജേക്കബിനായിരുന്നെങ്കിൽ ജൂത ക്രിസ്ത്യൻ വിഭാഗങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്നത്. എല്ലാം വാസ്തവത്തിൽ മിത്തുകൾ മാത്രം എന്നതല്ലേ സത്യം ? ഒരു പക്ഷേ യേശു പറഞ്ഞ ദൈവരാജ്യസങ്കൽപ്പം പോലെ, എത്തിപ്പിടിക്കേണ്ട ശ്രേഷ്ഠമായ സമൂഹ മനോനില തന്നെയാവാം അത്. അങ്ങനെയാവാതെയും തരമില്ലല്ലോ. നിങ്ങൾ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവർ, ഏതു നാഗരികതയെയും വെട്ടിപ്പിടിച്ചെടുത്തോളൂ, സ്വന്തമാക്കിക്കോളൂ എന്നു പറയുന്ന ഒരു ദൈവത്തിനും,ദൈവ അരുളപ്പാടിനും ഇക്കാലത്തെങ്ങനെ സാധുത കൽപ്പിക്കും?
19-ാം നൂറ്റാണ്ടിൽ തന്നെ തുടങ്ങുന്നുണ്ടല്ലോ ബ്രിട്ടീഷ് രാജവംശത്തിൻ്റെ അനുഗ്രഹത്തോടെ ഫലസ്തീനിലേക്കുള്ള സാവകാശ ജൂത കുടിയേററവും സൂയസ് കനാൽ വരുതിയിലാക്കാനുള്ള ശ്രമങ്ങളും. യൂറോപ്പിനു വേണ്ടിയിരുന്നത് പശ്ചിമേഷ്യയെന്ന സാമ്പത്തിക സ്രോതസ്സിൻ്റെ മേലുള്ള ആധിപത്യമെന്ന ദീർഘകാലമെടുത്തേക്കാവുന്ന സ്വപ്നം. ആദ്യത്തെ കാലുറപ്പിക്കൽ ഇസ്രയേൽ രാഷ്ട്ര നിർമ്മിതിയിലൂടെ. അതിനൊരു പ്രതൃയശാസ്ത്രം യൂറോപ്യനായ ഒരാൾ തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു. തിയോഡോർ ഹെർസിയെന്ന ജേർണലിസ്റ്റ്! വാഗ്ദത്തഭൂമിയെന്ന ആ പ്രലോഭനത്തിലേക്ക് ഇയാംപാററകളെപ്പോലെ ആകർഷിക്കപ്പെട്ടവരുടെ പിൻമുറക്കാരിൽ പലരും ഇന്ന് സന്നിഗ്ധാവസ്ഥയിലാണ്. അമേരിക്കയിലേക്കുളള മൈഗ്രേഷൻ യൂറോപ്യൻവംശജരായ ജൂതരിൽ വ്യാപകമെന്ന് ഏകദേശം ഒരു വർഷം മുമ്പ് വിദേശകാര്യവക്താക്കളിലൊരാൾ സൂചിപ്പിച്ചതുമോർക്കുന്നു. ഇസ്രായേൽ രാഷ്ട്രത്തിൻ്റെ അപ്രതൃക്ഷമാകൽ അങ്ങനെയും സംഭവിച്ചു കൂടായ്കയില്ല! സാധാരണ മനുഷ്യർ ആഗ്രഹിക്കുന്നത് സമാധാന ജീവിതമല്ലേ? അതിനായി ഒരു വട്ടം കൂടി കുടിയിറക്കം!
കാലങ്ങളിലൂടെ കാനാൻ ദേശത്തേയ്ക്കു കടന്നു കയറിയവർ ജൂതമത വിശ്വാസികൾ ഉൾപ്പെടെ നിരവധിയാണ്. ജേക്കബിൻ്റെ ബാല്യം വിടാത്ത ജ്ഞാനിയായ മകൻ ജോസഫിലൂടെ (യൂസഫ് – ഖുർആൻ) ഈജിപ്തിലെത്തി ആദ്യം ആ രാജ്യത്ത് അംഗീകാര ജീവിതവും പിന്നീട് നൂറ്റാണ്ടുകളോളം അടിമ ജീവിതവും നയിച്ച ഇസ്രായേൽ സന്തതികൾ ദൈവ വെളിപാടു കിട്ടിയ മോശേ(മൂസ) യുടെ നേതൃത്വത്തിൽ സംഘമായി ഒളിച്ചു കടന്ന് , കടൽ താണ്ടി (വടി കൊണ്ട് കടൽ പിളർന്ന്എന്ന് ഗ്രന്ഥങ്ങൾ) സുദീർഘയാത്രയിലൂടെ വാഗ്ദത്ത ദേശത്ത് തിരിച്ചെത്തുന്ന കഥ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും കലർന്നതായിരിക്കണം. ജൂദായിസം അവിടെ വേരുറച്ചു തുടങ്ങിയശേഷവും ആ ദേശത്ത് ധാരാളം ഇതരവിശ്വാസികളായ തദ്ദേശീയർ സ്വയംഭരണ സമുദായങ്ങളായി പാർശ്വങ്ങളിൽ നിലനിന്നിരുന്നു. പിന്നീട് അസീറിയക്കാർ, ബാബിലോണിയക്കാർ, പേർഷ്യക്കാർ, തുടങ്ങിയവർ അധിനിവേശകരും അക്രമികളും ഒക്കെയായി അവിടെയെത്തുകയും ഭരണാധികാരികളൊവുകയും നിഷ്കാസിതരാവുകയും ചെയ്തിട്ടുണ്ട്. ഫലഭൂയിഷ്ഠവും സമ്പന്നവുമായിരുന്ന ഏതു ദേശത്തുമെന്ന പോലെ! ക്രിസ്തു മതമുണ്ടാവും മുമ്പു തന്നെ, റോമൻ ആക്രമണവും ജെറുസലേം പള്ളി തകർക്കലും നടന്നിട്ടുണ്ട്. എ ഡി. 4-ാം നൂററാണ്ടു മുതൽ റോമൻ സാമ്രാജ്യത്തിൻ്റെ മതമായ ക്രിസ്ത്യാനിറ്റിയായിത്തീർന്നു ആ ദേശത്തെ ആധികാരികമതം. പിന്നീട് ഇസ്ലാം മതവ്യാപനത്തോടെ ഇസ്ലാമിക സാമ്രാജ്യ ഭരണത്തിൻ കീഴിൽ. വീണ്ടും കുരിശുയുദ്ധത്തിലൂടെ കൃസ്ത്യൻ ഭരണത്തിലേക്ക്! സുൽത്താനേറ്റ് ഭരണം, മംഗോളിയൻ പടയോട്ടം ഒക്കെക്കഴിഞ്ഞ് ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ ഭാഗമായി നാലു നൂറ്റാണ്ടു നീണ്ട താരതമ്യേന സമാധാനപൂർണമായ സഹവർത്തിത്വകാലം. ഇസ്ലാം മതവിശ്വാസികളും, ജൂതരും, ക്രിസ്ത്യാനികളും, മധ്യധരണ്യാഴിയുടെയും യോർദാൻ നദിയുടെയും ഇടയിൽ നീണ്ടുകിടന്ന ഫലഭൂയിഷ്ഠ ഭൂമിയിൽ അല്ലലില്ലാതെ ഏറെക്കാലം ജീവിച്ചു പോന്നു. ഒന്നാം ലോകമഹായുദ്ധമെന്ന ദുരന്തം ഭൂലോകരെ മുഴുവൻ ബാധിച്ച കാലം വരെ.
മുഴുവൻ ജൂതരെയും ഓടിച്ചു വിട്ടൊരു ശുദ്ധീകരണം ഇതിനിടയിൽ എപ്പോഴെങ്കിലും കാനാൻ ദേശത്തു നടന്നുവോ? അറിയില്ല. പലായനങ്ങളുടെ അഭയാർത്ഥിത്വങ്ങളുടെ ചരിത്രമാണ് മനുഷ്യകുലത്തിൻ്റെ ദീർഘചരിതം എന്നതും വാസ്തവം. പക്ഷേ അതു യുദ്ധകാലത്തു മാത്രമല്ല സമാധാനകാലത്തും നടന്നിട്ടുണ്ട്. പലകാരണങ്ങളാൽ മനുഷ്യസമൂഹം ചലിച്ചുകൊണ്ടേയിരിക്കുന്നു, കച്ചവടത്തിന്, മതപ്രചാരണത്തിന്, ജീവിക്കാൻ കുറച്ചു കൂടി നല്ല ഇടങ്ങൾ തേടി… അങ്ങനെയങ്ങനെയൊക്കെയല്ലേ ജൂതരും പലനാടുകളിലെത്തിയത്? കേരളത്തിലെത്തിയവർ ഇവിടത്തെ ഭരണാധികാരികളാലും ജനങ്ങളാലും സ്വാഗതം ചെയ്യപ്പെട്ടു. അവർക്ക് ജീവിക്കാൻ മണ്ണു കിട്ടി, അവർ സിനഗോഗുകൾ പണിതു, കച്ചവടം ചെയ്തു. ജനിതകവിശുദ്ധി സൂക്ഷിച്ചവരാണ് ജൂതർ എന്നത് സഹസ്രാബ്ദങ്ങൾക്കു ശേഷം പറയുന്ന വലിയ ഫലിതം. ഇസ്രായേലിലേക്കു ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് കുടിയേറിയവരിൽ വെളുത്ത തൊലിക്കാരും, കറുത്ത തൊലിക്കാരും നീലക്കണ്ണും ചെമ്പൻ മുടിയും മാത്രമല്ല,കറുത്ത മുടിയും ബ്രൗൺ കണ്ണുള്ളവരുമുണ്ടല്ലോ! അപ്പാർത്തീഡ് എന്ന വെള്ളത്തൊലിക്കാരൻ്റെ മനോഭാവം അവിടെയും ഇന്നും പ്രവർത്തിക്കുന്നുണ്ടുതാനും. ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഒരൊറ്റ വംശക്കാർ എന്ന അഭിമാനത്തിൽ പുതിയ രാജ്യത്ത് പ്രതീക്ഷയോടെ എത്തിപ്പെട്ടവരായിരുന്നു എല്ലാവരുമെങ്കിലും.
മനുഷ്യ ജീനുകൾ കാലത്തിലൂടെ , കടൽ കടന്നും മലകൾ താണ്ടിയും മരുഭൂമികൾ താണ്ടിയും യുദ്ധകാലത്തും സമാധാനകാലത്തും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. കടന്നുകയറ്റത്തിലൂടെയും ആക്രമണത്തിലൂടെയും നടക്കുന്നയത്രയും തന്നെ ഇന്ന് അതിരുകളില്ലാത്ത സ്ത്രീപുരുഷ പ്രണയത്തിലൂടെയും ഉണ്ടാവുന്നു. ഇന്ന് മലയാളി യുവത്വത്തിന് ഇണകൾ ദൂരെ കാലിഫോർണിയയിലോ ക്യാനഡയിലോ ചൈനയിലോ കംബോഡിയയിലോ പോലുമാണ്. സ്നേഹത്താൽ, മനുഷ്യർ തമ്മിലുള്ള, ഭൂഖണ്ഡങ്ങൾ തമ്മിലുള്ള, അകലങ്ങൾ ഇല്ലാതാവുന്നു. ലോകം സ്നേഹത്താൽ പരസ്പരം കോർക്കപ്പെടുന്നു.
വിചിത്രം! ‘സ്നേഹം’ തന്നെ ഈ ഭൂമിയിൽ ജീവിക്കാനുളള പുതുതലമുറയുടെ അവകാശത്തെ പുകച്ചുകളയുകയുമാണ്! സ്നേഹം അപ്പോൾ എണ്ണയാവുന്നു! ഇറാൻ്റെ വൻ എണ്ണശേഖരം ഇന്ന് കത്തിയെരിയുന്നു. ഗൾഫ് നാടുകളിലെയും. ലോകത്തിൻ്റെ സാമ്പത്തിക നട്ടെല്ലു പൊട്ടിത്തുടങ്ങിയിരിക്കുന്നു. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെട്ടുതുടങ്ങി. അണ്വായുധങ്ങൾ, അണുവികിരണ സാധ്യതകൾ മനുഷ്യരുടെ ഉറക്കം കെടുത്തിത്തുടങ്ങി….
മൂവായിരത്തി അഞ്ഞൂറോളം കൊല്ലങ്ങൾക്കു മുമ്പ് ഇറാനിൽ മുളപൊട്ടിയതാണ് സൊരാഷ്ട്രിയൻ മതചിന്ത. ഏകദൈവവിശ്വാസത്തിൻ്റെ ആദിമ മുള അതിൽ കാണാം. ഒരർത്ഥത്തിൽ മൂന്നു അബ്രഹാമിക് മതങ്ങളുടെയും മാതൃമതം അതു തന്നെ. സൊരാഷ്ട്രിയരുടെ അടിസ്ഥാന ആശയങ്ങളായ നല്ല ചിന്ത, നല്ല വാക്ക്, നല്ല പ്രവൃത്തി എന്നിവ മതങ്ങൾ മാറിമാറിയും പിന്നെ അവതന്നെ വിഘടിച്ചും പടർന്നുവെങ്കിലും ആ മണ്ണിൽ ഇന്നും സ്വാധീനമായുണ്ടാവണം. പൊതുവേ സൗമൃരും സ്നേഹമുള്ളവരുമാണ് ഇറാനികൾ. (കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻ്റെ വിദ്യാർത്ഥിക്കാലത്തു പഠിച്ചിരുന്ന ഇറാനിയൻ സുഹൃത്തുക്കളെ ഓർക്കുന്നു). പക്ഷേ ആ സംസ്കാരത്തിൽ അന്തർല്ലീനമായ തിന്മയോടുള്ള ഒത്തുതീർപ്പില്ലായ്മ! അതാ മണ്ണിന് കൈവിടാനാവുമോ? മരിച്ചു കഴിഞ്ഞാൽ ശവദാഹം പോലുള്ളവ അന്തരീക്ഷമലിനീകരണമുണ്ടാക്കുമെന്നു ഭയന്ന് പക്ഷികൾക്കു ഭക്ഷണമാവാൻ അധികം വൈകാതെ ശരീരങ്ങൾ വിട്ടുകൊടുത്തിരുന്ന മഹത്തായ മതചിന്ത നിലനിന്നിരുന്ന നാടിൻ്റെ അന്തരീക്ഷമിന്ന് എണ്ണ ടാങ്കുകളും പാർപ്പിടങ്ങളും കത്തിയമരുന്ന കറുത്ത പുകയാൽ മൂടിയിരിക്കുന്നു.
സ്നേഹം കത്തുകയാണ്. ഇറാനിൽ മാത്രമല്ല, സമീപസഹോദര രാഷ്ട്രങ്ങളിലെ എണ്ണപ്പാടങ്ങളിലും. ഹോർമുസ് കടലിടുക്ക് അപായത്തിൻ്റെ മണി മുഴക്കുന്നു. ഇത് ഭൂമിയുടെ മൊത്തം ശവദാഹത്തിൻ്റെ മണി മുഴക്കമായിരിക്കുമോ? ഫ്രാങ്കൻസ്റ്റീൻ സ്വത്വങ്ങൾ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നുവല്ലോ!





