A Unique Multilingual Media Platform

Articles History Kerala National Politics Society South India

മോദിയുടെ ആർഭാട റോഡ്ഷോയും ഗുരുവായൂരിലെ മതസൗഹാർദ്ദ സത്യഗ്രഹവും; വിഭിന്ന ദൃശ്യങ്ങൾ, വ്യത്യസ്ത ആശയധാരകൾ

  • March 30, 2026
  • 1 min read
മോദിയുടെ ആർഭാട റോഡ്ഷോയും ഗുരുവായൂരിലെ മതസൗഹാർദ്ദ സത്യഗ്രഹവും; വിഭിന്ന ദൃശ്യങ്ങൾ, വ്യത്യസ്ത ആശയധാരകൾ

ആർഭാടം മുഖമുദ്രയാക്കിയ ഒരു റോഡ് ഷോ തൃശ്ശൂരിൽ  നടത്തിയും പാലക്കാടും മണലൂരും ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രസംഗിച്ചും  മാർച്ച് 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ  തിരഞ്ഞെടുപ്പ്  രംഗത്ത്  ഓളമുണ്ടാക്കിയപ്പോൾ,  ഈ നീക്കങ്ങളുടെ ആശയധാര പതിവുപോലെ കേന്ദ്രാധിപത്യത്തിൻ്റെയും  സംഘപരിവാറിൻ്റെ ഹിന്ദുത്വ  രാഷ്ട്രീയത്തിൻ്റെയും  അടിവരയിടൽ ആയിരുന്നു.  പക്ഷേ തൃശൂരിൽ  മോദിയുടെ റോഡ്‌ഷോ നടക്കുമ്പോൾ തന്നെ,  ഏതാനും   കിലോമീറ്ററുകൾ അകലെയുള്ള   ക്ഷേത്ര നഗരമായ ഗുരുവായൂരിലെ പി. കൃഷ്ണപ്പിള്ള  ചത്വരത്തിൽ നടന്ന ഒരു സാംസ്‌കാരിക-സാമൂഹിക സംഗമം “സഹവര്‍ത്തിത്വ സത്യഗ്രഹം” എന്ന  മുദ്രാവാക്യമുയർത്തി മോദി പ്രതിനിധാനം ചെയ്യുന്ന വിചാരധാരയ്ക്കും പ്രവർത്തനരീതിക്കും ആശയപരമായ പ്രതിരോധം തീർത്തു.

ഗുരുവായൂരിൽ നടന്ന മതസൗഹാർദ്ദ സത്യഗ്രഹം സാറാജോസഫ് ഉദ്ഘാടനം ചെയ്യുന്നു

തിരഞ്ഞെടുപ്പ് ബഹളങ്ങൾക്കിടയിൽ ഗുരുവായൂരില്‍ മാർച്ച് 29ന് നടന്ന സത്യഗ്രഹം ഒരു സാധാരണ പ്രതിഷേധമായിരുന്നില്ല. അത് ഒരു രാഷ്ട്രീയ-സാംസ്‌കാരിക പ്രഖ്യാപനമായിരുന്നു—സംഘപരിവാറിന്റെ വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരായ ഒരു ജനകീയ കൂട്ടായ്മയുടെ ജനാധിപത്യ പ്രതികരണം. ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനും സംസ്ഥാന  അധ്യക്ഷൻ രാജീവ്  ചന്ദ്രശേഖറും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടത്തിയ പ്രകടമായ വര്‍ഗ്ഗീയ  പരാമർശങ്ങളുടെ  പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരം ഒരു  പ്രതികരണം ഉണ്ടായത്.  

സംഘപരിവാറിൻ്റെ വിഭാഗീയ, വിഭജന രാഷ്ട്രീയത്തിന്  മറുപടി പറയാന്‍  തീരുമാനിച്ചെത്തിയ സാംസ്കാരിക – സാമൂഹിക പ്രവർത്തകരുടെയും സാധാരണ മനുഷ്യരുടെയും മതസൗഹാർദ്ദ പ്രഖ്യാപനമായി ഈ  സത്യഗ്രഹം മാറി.  സത്യഗ്രഹത്തിന് വേദിയൊരുക്കിയത് “വേക്ക് അപ്പ് കേരളം” എന്ന കൂട്ടായ്മയാണ്.  ഈ സത്യാഗ്രഹം  ഒരു യാദൃശ്ചിക സമകാലികതയുടെ പ്രതിഫലനം അല്ല എന്നും മറിച്ച്, കേരളത്തിൻ്റെ മണ്ണില്‍ നടക്കുന്ന ഒരു ദീര്‍ഘകാല ആശയ പോരാട്ടത്തിന്റെ സൂക്ഷ്മരൂപമാണ് എന്നും സത്യഗ്രഹത്തിൽ പങ്കെടുത്തവർ ആവർത്തിച്ചു. 

ഡോ. ഖദീജാ മുംതാസ്, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ സംസാരിക്കുന്നു

പ്രമുഖ  സാഹിത്യ –  സാമൂഹ്യ-  സാംസ്കാരിക പ്രവർത്തകരായ  കെ സച്ചിദാനന്ദൻ, സാറാ ജോസഫ്, ഖദീജ മുംതാസ്, കെ സഹദേവൻ, എൻ മാധവൻകുട്ടി എന്നിവർ ഉൾപ്പെട്ട  “വേക്ക് അപ്പ് കേരളം”   കൂട്ടായ്മ ബഹുസ്വരതയിൽ അധിഷ്ഠിതമായ നവോത്ഥാന മൂല്യങ്ങൾ ആണ് തങ്ങളെ നയിക്കുന്നതെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു . ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ്, ജാതി വിവേചനത്തിനും അസ്‌പൃശ്യതയ്ക്കുമെതിരെ നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിൻ്റെ ചരിത്രം കേരളത്തിൻ്റെ നവോത്ഥാന പാരമ്പര്യത്തിന് അടിത്തറയിട്ട സമരങ്ങളിലൊന്നാണ്. അതേ സ്മരണയുടെ നിഴലില്‍ നിന്നുകൊണ്ടാണ് പുതിയ കാലത്തെ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഒരു നവീന സത്യഗ്രഹം ഇവിടെ പിറന്നത്. ഇത് ചരിത്രത്തിൻ്റെ ഒരു സ്വാഭാവിക തുടർച്ചയായി കാണാം എന്ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്ത  പ്രമുഖ സാഹിത്യകാരി സാറാ ജോസഫ്  പറഞ്ഞു. 

“ ഗുരുവായൂരില്‍ ബിജെപി നേതാക്കളുടെ വാക്കുകള്‍ ഒരു വ്യക്തിപരമായ തെറ്റല്ല; അത് ദീര്‍ഘകാലമായി സംഘപരിവാര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന വിഭജന രാഷ്ട്രീയത്തിൻ്റെ ഭാഗമാണ്. കേരളം ജാഗ്രതയോടെ ഇരിക്കേണ്ട സമയം ഇതാണ്.” – സാറാജോസഫ് പറഞ്ഞു.

ചടങ്ങിന് കെ സച്ചിദാനന്ദൻ നല്‍കിയ സന്ദേശവും, അദ്ദേഹത്തിൻ്റെ ‘മുസ്ലിം’ എന്ന കവിതയുടെ അവതരണവും,  സംഗമത്തിന് വൈകാരികമായ ഒരു മാനം നൽകി. ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.എന്‍. ഗോപീകൃഷ്ണന്‍, കെ.പി. ശങ്കരന്‍, സി.ആര്‍. നീലകണ്ഠന്‍, പി.ജെ. മാത്യു, സൂസന്‍ ജോണ്‍ എന്നിങ്ങനെ നിരവധി സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഇവരുടെ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചു കേട്ടത് “കേരളം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം”  എന്നതായിരുന്നു.

സിപിഐ(എംഎല്‍) ലിബറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ നല്‍കിയ സന്ദേശം വായിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. മാധവന്‍ കുട്ടി, രാജ്യത്തെ മതേതര പ്രസ്ഥാനങ്ങള്‍ ഈ ശ്രമത്തെ ശ്രദ്ധയോടെ  നോക്കിക്കാണുന്നുണ്ട് എന്നു പറഞ്ഞു . അതായത്, ഗുരുവായൂരിലെ ഈ ചെറിയ സംഗമം, ദേശീയ തലത്തിലുള്ള ഒരു പ്രതിരോധത്തിൻ്റെ ഭാഗമാണ്  എന്നുതന്നെയാണ്  ദീപാങ്കറിൻ്റെ സന്ദേശവും ആവർത്തിച്ചത്.

മതസൗഹാർദ്ദ സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ

സൂഫി സംഗീതവും നാട്ടുപാട്ടുകളും കവിതകളും ചേര്‍ന്ന് ഈ സത്യഗ്രഹത്തെ ഒരു സാംസ്‌കാരിക ഉത്സവമാക്കി മാറ്റി.  കേരളത്തിൻ്റെ നവോത്ഥാന കാലഘട്ടത്തിൽ ഉടനീളം എന്നപോലെ  രാഷ്ട്രീയ സന്ദേശവും കലാമൂല്യങ്ങളും  ഒന്നിച്ചു ചേരുന്നത്  ഗുരുവായൂരിൽ കാണാനായി.  ഇത് സംഘപരിവാറിൻ്റെ ഏകാധിപത്യ രാഷ്ട്രീയത്തിന് എതിരായ ബഹുസ്വരതയുടെ പ്രകടനമായിരുന്നു.

 സത്യഗ്രഹത്തിൽ അവതരിപ്പിക്കപ്പെട്ട  “ഗുരുവായൂര്‍ പ്രഖ്യാപനം” ഒരു വ്യക്തമായ മുന്നറിയിപ്പാണ് നൽകിയത്.  നവോത്ഥാന മൂല്യങ്ങളെ പിന്നാക്കം കൊണ്ടുപോകാൻ ശ്രമിക്കുന്ന വര്‍ഗ്ഗീയ  ശക്തികൾക്ക് വെള്ളവും വളവും നൽകി വളരാൻ കേരളത്തിൽ അവസരം നൽകില്ല.  വിവിധ പുരോഗമന പ്രസ്ഥാനങ്ങളെ ഒന്നിച്ച് കൂട്ടി ശക്തമായ പ്രതിരോധം ഉയര്‍ത്തും. സഹവർത്തിത്വത്തിലും സാമൂഹിക പരിഷ്‌കരണങ്ങളിലും ആധാരമിട്ട കേരളത്തിൻ്റെ നവോത്ഥാന പൈതൃകം “പലതരം കൃത്രിമവും ചതിയേറിയതുമായ തന്ത്രങ്ങൾ” പ്രയോഗിക്കുന്ന ശക്തമായ വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ നിരന്തര സമ്മർദ്ദത്തിന് വിധേയമാകുകയാണെന്ന്  പ്രഖ്യാപനം ചൂണ്ടിക്കാണിക്കുന്നു. ഈ വിലയിരുത്തലിൽ നിന്ന് ഉയർന്നുവരുന്നത് ജാഗ്രതയ്ക്ക് വേണ്ടിയുള്ള ഒരു ആഹ്വാനമാണ്. നിലവിലെ ഘട്ടം നിർണായകമാണെന്ന്  ഗുരുവായൂർ പ്രഖ്യാപനം എടുത്തുപറയുന്നു . ചരിത്രപരമായി പങ്കുവച്ച മനുഷ്യസ്‌നേഹത്തിൻ്റെ അടിത്തറയിൽ ഉരുവപ്പെട്ട സാമൂഹിക ഘടനയിൽ വീണ്ടും ജാതിയും മതവും അടിസ്ഥാനമാക്കിയുള്ള വിഭജനങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ സമൂഹത്തോട്  പ്രഖ്യാപനം ആഹ്വാനം ചെയ്തു. 

സച്ചിദാനന്ദൻ്റെ സന്ദേശത്തിലെ മുന്നറിയിപ്പ് ഈ പ്രഖ്യാപനത്തോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ‘ ഫാസിസ്റ്റ് പ്രവണതകളുടെ മുന്നേറ്റം ഇനി  സാങ്കൽപ്പികം അല്ല.  ഫാസിസ്റ്റ് കടന്നാക്രമണത്തിന് മുന്നിലുള്ള മൗനം , അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, സഹകരണമാകുന്നു.’

 മുഖ്യധാര രാഷ്ട്രീയ ശക്തികളോടുള്ള പരോക്ഷമായ കുറ്റപ്പെടുത്തലും “ വേക്ക് അപ്പ് കേരളം”  എന്ന കൂട്ടായ്മയുടെ അന്തർധാരയുടെ ഭാഗമാണ്. ഹിന്ദുത്വ ഫാസിസത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ മുഖ്യധാരാ രാഷ്ട്രീയം  പരാജയപ്പെട്ടു   എന്ന വിലയിരുത്തലും കൂട്ടായ്മയുടെ വിവിധ തലങ്ങളിൽ ഉയർന്നു വന്നിട്ടുണ്ട്. 

സദസ്സ്

ഗുരുവായൂരിൽ ജനകീയ സത്യഗ്രഹം നടക്കുമ്പോൾ  തൃശ്ശൂരിൽ പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹത്തിൻ്റെ അനുയായികളുടെയും അധികാരത്തിൻ്റെയും ആഘോഷത്തിൻ്റെയും പ്രകടനങ്ങൾ അരങ്ങേറുകയായിരുന്നു. മാര്‍ച്ച് 29-ന് തൃശൂരിലും ഗുരുവായൂരിലും നടന്ന ഈ രണ്ട് സംഭവങ്ങള്‍ , കേരളത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ഒരു നിര്‍ണായക ചോദ്യം ഉയർത്തുന്നു. 

വിഭജനത്തിൻ്റെ രാഷ്ട്രീയമോ, സഹവര്‍ത്തിത്വത്തിൻ്റെ സംസ്‌കാരമോ?  ഗുരുവായൂര്‍ നല്‍കിയ മറുപടി വ്യക്തമാണ്. ഇത് ഒരു തുടക്കമാണ്.  ഈ തുടക്കം  ഇനിയും വളരേണ്ടതുണ്ട്. 

 

About Author

ദി ഐഡം ബ്യൂറോ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x