A Unique Multilingual Media Platform

Articles History Kerala Politics

കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മുന്നണികളുടെ വോട്ടുവിഹിതവും സോഷ്യൽ ഡെമോക്രസിയുടെ ദൃഢീകരണവും

  • April 11, 2026
  • 1 min read
കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മുന്നണികളുടെ വോട്ടുവിഹിതവും സോഷ്യൽ ഡെമോക്രസിയുടെ ദൃഢീകരണവും

കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പിൽ ആര്‍ക്കാണ്‌ വിജയം ഉണ്ടാവുക എന്ന് പറയാനല്ല ഈ കുറിപ്പ്. അത് സെഫോലോജിസ്റ്റ്കളുടെ പണിയാണല്ലോ. ഞാൻ സെഫോലോജിസ്റ്റ് അല്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും അടിസ്ഥാനപരമായ ചില വോട്ടിംഗ് കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്. 1980 മുതൽ 2021 വരെയുള്ള കേരള നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതത്തെയും സീറ്റ് വിതരണത്തെയും കുറിച്ചുള്ള ദീർഘകാല വിശകലനം, സുസ്ഥിരമെന്ന് പുറമേ തോന്നുന്നതും എന്നാൽ ആന്തരികമായി സങ്കീർണ്ണവുമായ ഒരു രാഷ്ട്രീയ ഘടനയെയാണ് വെളിപ്പെടുത്തുന്നത്. ഒരു വശത്ത്, എൽ.ഡി.എഫ് (LDF), യു.ഡി.എഫ് (UDF) എന്നീ മുന്നണികൾക്ക് മാറിമാറി ഭരണം ലഭിക്കുന്ന ഒരു ക്ലാസിക് ‘ദ്വിധ്രുവ രാഷ്ട്രീയ’ (bipolar system) രീതിയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് തോന്നും. എങ്കിലും, വോട്ട് വിഹിതത്തിലെ മാറ്റങ്ങളും പ്രത്യേകിച്ച് എൻ.ഡി.എ/ബി.ജെ.പി (NDA/BJP) യുടെ സാന്നിധ്യവും സൂക്ഷ്മമായി പരിശോധിച്ചാൽ, പുറമേ ഒരു സന്തുലിതാവസ്ഥയും അതേസമയംതന്നെ യു.ഡി.എഫ്-നെ സംബന്ധിച്ചേടത്തോളം ഘടനാപരമായ ചാഞ്ചല്യങ്ങളും നിറഞ്ഞ സങ്കീർണ്ണമായ ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് കാണാം.

മുൻവർഷങ്ങളിലെ നിയമസഭ സീറ്റ് വിഹിതം (പാർട്ടി തിരിച്ച്)

കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, ഒരു വലിയ പരിധിവരെ, രണ്ട് പ്രബല മുന്നണികളും തമ്മിലുള്ള വോട്ട് വിഹിതത്തിലെ തുല്യത തന്നെയാണ്. കഴിഞ്ഞ പത്ത് തിരഞ്ഞെടുപ്പുകളിലായി എൽ.ഡി.എഫിന്റെ ശരാശരി വോട്ട് വിഹിതം 45–46 ശതമാനമാണ്; യു.ഡി.എഫിന്റേതാകട്ടെ, 44–45 ശതമാനവും. വെറും 1 മുതൽ 2 ശതമാനം വരെയുള്ള ഈ നേരിയ വ്യത്യാസം അതിന്റെ ഉപരിതലത്തില്‍ സൂചിപ്പിക്കുന്നത്, ഒരു മുന്നണിക്കും വ്യക്തമായ മേൽക്കൈ അവകാശപ്പെടാനില്ലാത്ത കടുത്ത മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാണ്. എന്നാൽ, വോട്ട് വിഹിതത്തിലെ ഈ സന്തുലിതാവസ്ഥ നിലനിൽക്കുമ്പോഴും സീറ്റുകളുടെ എണ്ണത്തിൽ വലിയ വ്യത്യാസങ്ങൾ സംഭവിക്കാറുണ്ട്. വോട്ടിംഗിൽ ഉണ്ടാകുന്ന 2–3 ശതമാനത്തിന്റെ നേരിയ മാറ്റം പോലും 40 മുതൽ 60 വരെ സീറ്റുകളുടെ വലിയ വ്യത്യാസത്തിലേക്ക് നയിക്കാമെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. ‘ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ്’ (First-past-the-post) തിരഞ്ഞെടുപ്പ് രീതിയിലെ അസമത്വത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്. [ആകെ പോൾ ചെയ്ത വോട്ടുകളുടെ പകുതിയിലധികം (50%+1) വോട്ട് ലഭിച്ചില്ലെങ്കിൽപോലും, മറ്റ് സ്ഥാനാർത്ഥികളേക്കാൾ കൂടുതൽ വോട്ട് നേടിയാൽ ആ വ്യക്തിക്ക് വിജയിക്കാം എന്ന രീതി]

ഈ വോട്ട് വിഹിതത്തിലെ സന്തുലിതാവസ്ഥയ്‌ക്കിടയിലും, രണ്ട് മുന്നണികളുടെയും ആഭ്യന്തര സ്ഥിരതയിൽ (internal stability) പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. എൽ.ഡി.എഫ്-ന് താരതമ്യേന സുസ്ഥിരമായ ഒരു വോട്ട് അടിത്തറയാണ്ഉള്ളത്. ഇലക്ടറല്‍ തിരിച്ചടിയുണ്ടാകുന്ന സാഹചര്യങ്ങളിൽപ്പോലും അവരുടെ വോട്ട് വിഹിതം 43 ശതമാനത്തിന് താഴേക്ക് പോകാറില്ല.

1987-ൽ ലഭിച്ച ഏകദേശം 49 ശതമാനമാണ് എൽ.ഡി.എഫിന്റെ ഏറ്റവും ഉയർന്ന വോട്ട് വിഹിതം. ഈ വോട്ട് വിഹിതത്തിലെ കുറഞ്ഞ വ്യതിയാനം സൂചിപ്പിക്കുന്നത്, പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ള ഉറച്ച ഒരു വോട്ട് ബാങ്ക് അവർക്കുണ്ട് എന്നാണ്. എൽ.ഡി.എഫിന്റെ സംഘടനാപരമായ കരുത്തും വർഗ്ഗാധിഷ്ഠിത രാഷ്ട്രീയത്തിലുള്ള ചരിത്രപരമായ വേരോട്ടവുമാണ് ഈ സ്ഥിരതയ്ക്ക് കാരണമായി കണക്കാക്കാവുന്നത്. ക്ഷേമ പദ്ധതികളോടുള്ള പ്രതിബദ്ധതയും ഒരു കാരണമാണ്. വര്‍ഗ്ഗപരമായ അടിസ്ഥാനമാണ്, തൊഴിലാളി-ഇടത്തരം മദ്ധ്യവഗ്ഗങ്ങളാണ് എല്‍.ഡി.എഫിന്‍റെ പിന്തുണയുടെ അടിസ്ഥാനം. ഇതില്‍ മത-ജാതി ഘടകം താരതമ്യേന കുറവാണ് (സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മുന്നണികള്‍ പിന്തുടരുന്ന ചില സമവാക്യങ്ങളെ കുറിച്ചല്ല ഈ നിരീക്ഷണം). ഈ വോട്ട് വിഹിതത്തില്‍ ജാതി കലരുന്നത്, പിന്നാക്ക-ദളിത്‌ വിഭാഗങ്ങളാണ് തൊഴിലാളി-ലോവര്‍ മദ്ധ്യവഗ്ഗത്തിന്‍റെ (പ്രധാനമായും) അടിസ്ഥാന ജാതിഘടന എന്നതുകൊണ്ടാണ്.

നേരെമറിച്ച്, യു.ഡി.എഫ് (UDF) കൂടുതൽ അസ്ഥിരത പ്രകടിപ്പിക്കുന്നു. 1991, 2001 വർഷങ്ങളിൽ എൽ.ഡി.എഫിന് സമാനമായി 49 ശതമാനം വോട്ട് നേടാൻ സാധിച്ചിട്ടുണ്ടെങ്കിലും, പലപ്പോഴും അവരുടെ വോട്ട് വിഹിതത്തിൽ വലിയ ഇടിവ് സംഭവിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2016-ലെ തിരഞ്ഞെടുപ്പാണ്; അന്ന് യു.ഡി.എഫിന്റെ വോട്ട് വിഹിതം 38–39 ശതമാനത്തിലേക്ക് താഴ്ന്നു. യു.ഡി.എഫിന്റെ വോട്ട് വിഹിതത്തിലുണ്ടാകുന്ന ഈ വലിയ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്, വിവിധ സാമുദായിക വിഭാഗങ്ങളെയും ഘടകകക്ഷികളെയും ആശ്രയിച്ചു നിൽക്കുന്ന അവരുടെ വോട്ട് അടിത്തറയിലെ വൈവിധ്യത്തെയാണ്. വോട്ടർമാരുടെ താൽപ്പര്യങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾപോലും യു.ഡി.എഫിനെ എളുപ്പത്തിൽ ബാധിക്കാൻ ഇത് കാരണമാകുന്നു. സവര്‍ണ്ണ വോട്ടുകളും അപ്പര്‍ മധ്യവര്‍ഗ്ഗ വോട്ടുകളുമാണ് യുഡിഎഫ് നേടുന്നത്. മുസ്ലീം ന്യൂനപക്ഷം പ്രധാനമായും നിലയുറപ്പിച്ചിട്ടുള്ളത് മുസ്ലീംലീഗിനൊപ്പമാണ്. എം.എല്‍ യുഡി.എഫിന്‍റെ ഭാഗമായതിനാല്‍ ഈ വോട്ടുകള്‍ അവര്‍ക്ക് കൃതമായി ലഭിക്കുന്നു. മുസ്ലീം ലീഗ് കൃത്യമായി നേടുന്ന വോട്ടുകളാണ് യുഡിഎഫ് സംവിധാനത്തിന്റെ വോട്ട് വിഹിതത്തിലെ ഏറ്റവും സ്ഥിരമായ ആഭ്യന്തര ഘടകം.

2021 കേരള നിയമസഭാ ഇലക്ഷനിലെ പാർട്ടി തിരിച്ചുള്ള വോട്ട് വിഹിതം

ഈ അസമത്വം മനസ്സിലാക്കുന്നതിൽ എൻ.ഡി.എ/ബി.ജെ.പി (NDA/BJP) വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. ആദ്യഘട്ടത്തിൽ (1980–2006), ബി.ജെ.പി ഒരു ചെറിയ ശക്തിയായിരുന്നു; അവരുടെ വോട്ട് വിഹിതം സാധാരണയായി 1 മുതൽ 8 ശതമാനം വരെയായിരുന്നു., ഈ കാലയളവിൽപോലും അവരുടെ വോട്ടിലുണ്ടായ നേരിയ വർദ്ധനവ് യു.ഡി.എഫിന്റെ സാമൂഹിക അടിത്തറയിൽ നിന്നാണ്—പ്രത്യേകിച്ച് സവർണ്ണ വിഭാഗങ്ങൾ, ക്രൈസ്തവ വോട്ടർമാരുടെ ചില ഭാഗങ്ങൾ, നഗരങ്ങളിലെ മധ്യവർഗ്ഗം എന്നിവരിൽ നിന്ന്—രൂപപ്പെട്ടതെന്ന് കാണാം. തൽഫലമായി, ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലുണ്ടായ ചെറിയ വർദ്ധനവ് പോലും യു.ഡി.എഫിനെയാണ് കൂടുതൽ ബാധിച്ചത്.

രണ്ടാം ഘട്ടത്തിൽ (2006–2021) ഈ പ്രവണത കൂടുതൽ വ്യക്തമായി. എൻ.ഡി.എയുടെ വോട്ട് വിഹിതം 12–15 ശതമാനത്തിലേക്ക് ഗണ്യമായി ഉയർന്നു. ഇതിൽ 2016-ലെ തിരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ്: ആ വർഷം എൻ.ഡി.എ വോട്ട് വിഹിതത്തിൽ അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയപ്പോൾ, യു.ഡി.എഫിന്റെ വോട്ട് വിഹിതം ഏറ്റവും താഴ്ന്നനിലയിലേക്ക് കൂപ്പുകുത്തി. എൽ.ഡി.എഫിനും ചെറിയ തോതിൽ വോട്ട് കുറഞ്ഞെങ്കിലും, ആ നഷ്ടം യു.ഡി.എഫിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു; ഇത് അവർക്ക് വലിയ വിജയം ഉറപ്പാക്കാൻ സഹായിച്ചു. 2021-ൽ എൻ.ഡി.എയുടെ വോട്ട് വിഹിതത്തിൽ നേരിയ കുറവുണ്ടായപ്പോഴും, എൽ.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തി, എന്നാൽ യു.ഡി.എഫ് വീണ്ടും ദുർബലമായി തുടർന്നു. എൻ.ഡി.എയുടെ വളർച്ച എൽ.ഡി.എഫിന് നേരിട്ടുള്ള വെല്ലുവിളിയാകുന്നതിനേക്കാൾ ഉപരിയായി, യു.ഡി.എഫിന്റെ പിന്തുണയെ വലിയ തോതിൽ തകർക്കുന്ന ഒരു വിനാശകാരിയായ ശക്തിയായാണ് പ്രവർത്തിക്കുന്നത് എന്ന നിഗമനത്തെ ഈ രീതി അടിവരയിടുന്നു. മറ്റൊരു പ്രധാന കാര്യം, കൊറോണ, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഭരണ വിരുദ്ധത തടഞ്ഞതിനാലാണ് 2021 ല്‍ എല്‍/ഡി. എഫ് വിജയിച്ചത് എന്നതിന് കൃത്യമായ തെളിവുകള്‍ ഇല്ല എന്നതാണ്. കാരണം ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ-ക്കു വോട്ട് വിഹിതത്തില്‍ വളരെ ചെറിയ ഒരു ഇടിവുണ്ടാവുകയും അത് യു.ഡി.എഫിന്‍റെ വോട്ട് വിഹിതത്തില്‍ സൂക്ഷ്മമായി പ്രതിഫലിക്കുകയും ചെയ്തു എന്നതാണ്. വോട്ട് വിഹിതങ്ങളില്‍ അടിസ്ഥാനപരമായ വ്യത്യാസം 2016 നെ അപേക്ഷിച്ച് 2021 ല്‍ ഉണ്ടായിട്ടില്ല. ഒരു പക്ഷെ ഈ ഘടന പിടിച്ചുനിര്‍ത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞത് ജനങ്ങളില്‍ ആപദ് സമയത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞ ‘ഭരണവിശ്വാസം’ കൊണ്ടാകാം. ഇത് വ്യാഖ്യാതാക്കളുടെ മനോധര്‍മ്മം പോലെ വ്യത്യസ്തമായി മനസ്സിലാക്കപ്പെടും എന്നേ പറയാന്‍ കഴിയൂ.

മുൻ വർഷങ്ങളിലെ ലോകസഭ ഇലക്ഷനിൽ എൻ.ഡി.എയുടെ വോട്ട് വിഹിതം

ഇനി രണ്ട് പ്രധാന ഘട്ടങ്ങൾ—1980-2001, 2006-2021—തമ്മിലുള്ള താരതമ്യം പിശോധിക്കം. ഈ മാറ്റത്തെ കൂടുതൽ വ്യക്തമാക്കുവാന്‍ അത്തരമൊരു താരതമ്യം സഹായിക്കും. ആദ്യഘട്ടത്തിന്റെ സവിശേഷത രണ്ട് മുന്നണികളും തുല്യശക്തികളായി നിലകൊള്ളുന്ന ‘സിമ്മട്രിക് ബൈപോളാരിറ്റി’ (symmetrical bipolarity) ആണ്: ഇരുമുന്നണികളും ഒരേ വോട്ട് വിഹിത പരിധിക്കുള്ളിൽ നിൽക്കുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രധാനമായും ഭരണവിരുദ്ധ വികാരത്തെയും മുന്നണികളുടെ പ്രകടനത്തെയും ആശ്രയിച്ചായിരുന്നു. എന്നാൽ, പിന്നീടുള്ള ഘട്ടത്തിൽ ബിജെപി വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുന്നത് ഈ സന്തുലിതാവസ്ഥയെ മാറ്റുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ ദ്വിധ്രുവ മത്സരത്തെ പാടെ ഇല്ലാതാക്കുന്നില്ല. ഇതിന്റെ ഫലമായി ഒരു ‘അസിമ്മട്രിക് ബൈപോളാരിറ്റി’ (asymmetrical bipolarity) രൂപപ്പെടുന്നു; ഇതിൽ എൽ.ഡി.എഫ് അതിന്റെ ഘടനാപരമായ കെട്ടുറപ്പ് നിലനിർത്തുമ്പോൾ, വോട്ട് വിഭജനത്തിലൂടെ യു.ഡി.എഫ് കൂടുതൽ ദുർബലമാവുകയും ചെയ്യുന്നതാണ് നാം കാണുന്നത്.

ഈ വിശകലനത്തിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ഉൾക്കാഴ്ച കേരളത്തിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം വളരെ കൃത്യമായി ക്രമീകരിക്കപ്പെട്ട ഒരു സന്തുലിതാവസ്ഥയിലാണ് (finely balanced equilibrium) ഇപ്പോഴും പ്രവർത്തിക്കുന്നത് എന്നതാണ്. ഇരുമുന്നണികളും 45 ശതമാനത്തോളം വോട്ട് വിഹിതത്തിൽ നിൽക്കുമ്പോൾ, ബിജെപിയുടെ ഇടപെടലിലൂടെയുണ്ടാകുന്ന ചെറിയ വോട്ട് മാറ്റങ്ങൾപോലും രാഷ്ട്രീയ അധികാരത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. വോട്ടുകളെ സീറ്റുകളാക്കി മാറ്റുന്നതിൽ എൻ.ഡി.എയ്ക്ക് കഴിയുന്നില്ല എങ്കിലും, ഈ ഭൂരിപക്ഷ വ്യത്യാസങ്ങൾ നിശ്ചയിക്കുന്നതിൽ അവർ നിർണ്ണായക പങ്ക് വഹിക്കുന്നു. അധികാരം പിടിക്കാനോ സീറ്റുകള്‍ നേടാനോ സാധ്യതയുള്ള ഒരു മുന്നണിയായല്ല, മറിച്ച് പ്രധാന മുന്നണികൾക്കിടയിലുള്ള വോട്ട് വിതരണത്തെ മാറ്റിമറിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഒരു ‘സ്ട്രാറ്റജിക് ഡിസ്‌റപ്റ്റർ’ (strategic disruptor) ആയാണ് അവർ പ്രവർത്തിക്കുന്നത്.

പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം വിശകലനം ചെയ്യേണ്ടത് അത്ര അത്യാവശ്യമല്ല; കാരണം അവ പ്രധാനമായും അഖിലേന്ത്യാ രാഷ്ട്രീയ സാഹചര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്നവയാണ്, കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ അവയ്ക്ക് നേരിട്ടുള്ള സ്വാധീനവുമില്ല. എന്നാൽ, 2010 മുതൽ 2020 വരെയുള്ള കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ഗതിവിഗതികളെ പ്രതിഫലിപ്പിക്കുന്നതും എന്നാൽ അതിൽനിന്ന് നേരിയ മാറ്റങ്ങളുള്ളതുമായ ഒരു രീതി കാണുവാന്‍ കഴിയും.

ആദ്യഘട്ടത്തിൽ (2010–2015), തദ്ദേശ തിരഞ്ഞെടുപ്പുകൾ കേരള രാഷ്ട്രീയത്തിലെ പരിചിതമായ ദ്വിധ്രുവ സന്തുലിതാവസ്ഥയെയാണ് കാണിച്ചത്; അന്ന് എൽ.ഡി.എഫും യു.ഡി.എഫും ഏതാണ്ട് 43–46 ശതമാനം വോട്ട് വീതം നേടി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിന് സമാനമായി നിലകൊണ്ടു. എന്നാൽ 2015 മുതൽ —2020-ൽ ഇത് കൂടുതൽ വ്യക്തമായി— എൻ.ഡി.എ വോട്ട് വിഹിതം ഏകദേശം 15 ശതമാനത്തിലേക്ക് ഉയർന്നുവരുന്നത് ഈ സന്തുലിതാവസ്ഥയെ പുനർനിർണ്ണയിക്കാൻ തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പുകൾ ഇപ്പോഴും എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള 45–45 ശതമാനം എന്ന കടുത്ത പോരാട്ടമായി തുടരുമ്പോഴും, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഈ വോട്ട് വിഹിതം കുറയുന്നതായും (38–40 ശതമാനത്തിലേക്ക്) വോട്ടുകളുടെ ഒരു ഭാഗം എൻ.ഡി.എയിലേക്ക് പോകുന്നതായും കാണാം.

തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിൽ ആശംസ അറിയിച്ചു മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ പങ്കുവച്ച പോസ്റ്റർ

എങ്കിലും, ഈ വോട്ട് മാറ്റം ഇരുമുന്നണികളെയും ഒരേപോലെയല്ല ബാധിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെപ്പോലെ തന്നെ, എൻ.ഡി.എയുടെ വളർച്ച യു.ഡി.എഫിന്റെ സാമൂഹിക അടിത്തറയെയാണ് കൂടുതൽ തകർക്കുന്നത്. അതേസമയം, തദ്ദേശഭരണ രംഗത്തെ പാരമ്പര്യവും താഴെത്തട്ടിലുള്ള സംഘടനാപരമായ കരുത്തും എൽ.ഡി.എഫിനെ തങ്ങളുടെ വോട്ട് അടിത്തറ സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ഒപ്പംതന്നെ, പ്രാദേശിക രാഷ്ട്രീയമാറ്റങ്ങളെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ കൃത്യമായി പ്രതിഫലിപ്പിക്കാൻ തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് സാധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവം, ജാതി-സമുദായ സമവാക്യങ്ങൾ, പ്രാദേശിക ഭരണത്തിലെ പ്രകടനം എന്നിവ ഇവിടെ നേരിട്ട് സ്വാധീനം ചെലുത്തുന്നു എന്നതാണ് ഇതിന് കാരണം.

ഈ പശ്ചാത്തലത്തിൽ, 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുൻപത്തെ രീതികളിൽനിന്ന് വലിയൊരു മാറ്റം അടയാളപ്പെടുത്തുന്നു: എൽ.ഡി.എഫിന്റെ (LDF) വോട്ട് വിഹിതം 33.45 ശതമാനത്തിലേക്ക് കുറയുകയും യു.ഡി.എഫിന്റേത് (UDF) ഏകദേശം 38.81 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഈ ഇടിവ് വെറുമൊരു പ്രാദേശിക ഭരണവിരുദ്ധ മാത്രമാണെങ്കില്‍, മറിച്ച് എൽ.ഡി.എഫിന്റെ അടിത്തറയിലുണ്ടായ വിള്ളലാണെന്നു കണക്കാക്കേണ്ടതില്ല. ഇത് തിരിച്ചറിയാന്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതം അറിഞ്ഞെങ്കില്‍ മാത്രമേ കഴിയൂ. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വ്യത്യസ്തമായി വോട്ട് ചെയ്യുന്ന കേരളത്തിന്റെ ചരിത്രം പരിഗണിക്കുമ്പോൾ, ഈ മാറ്റം നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നത് പ്രധാനമായും രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കും: തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ എന്തെങ്കിലും ഇടിവുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫിന് സാധിക്കുമോ എന്നതും, തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ഈ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പ് വരെ നിലനിർത്താൻ യു.ഡി.എഫിന് കഴിയുമോ എന്നതും നിര്‍ണ്ണായകമാവുന്നു. ഇതുവരെയുള്ള അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കണ്ടിട്ടുള്ളത്, തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വര്‍ദ്ധിപ്പിക്കുന്നതായാണ്.

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ വെറും ഭരണമാറ്റങ്ങളുടെ സൈക്കിള്‍ എന്നതിലുപരിയായി, ഘടനാപരമായ സന്തുലിതാവസ്ഥ (structural balance), വിവിധങ്ങളായ സുസ്ഥിരതകൾ (differential stability), നേരിയ മാറ്റങ്ങളുടെ നിർണ്ണായക സ്വാധീനം എന്നിവയാൽ നിർവചിക്കപ്പെടുന്ന ഒരു വ്യവസ്ഥയായി വേണം മനസ്സിലാക്കാൻ. വോട്ട് വിഹിതത്തിൽ ഇരുമുന്നണികള്‍ക്കും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിരുന്ന തുല്യതയും എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ പ്രകടമാകുന്ന വമ്പിച്ച അസമത്വവും, കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മത്സരസ്വഭാവത്തെയും അതിൽ അന്തർലീനമായ വൈരുദ്ധ്യങ്ങളെയും അടിവരയിട്ടിരുന്നു. എന്നാല്‍ ബിജെപിയുടെ സ്വാധീനം ആ സമവാക്യത്തെ ഇരുവശത്ത് നിന്നും ആക്രമിച്ചു തുടങ്ങുന്നു. ഇതിന്‍റെ അടിസ്ഥാന പ്രതിസന്ധി നേരിടുന്നത് യുഡിഎഫ് ആണെങ്കിലും എല്‍ഡി.എഫ് വോട്ട് വിഹിതത്തിലേക്കും ആ പ്രവണത കടന്നുകയറിയാല്‍ അതിന്‍റെ വിവക്ഷിതം അടിസ്ഥാന വര്‍ഗ്ഗവും പിന്നാക്ക – കീഴാള വിഭാഗങ്ങളും ഹൈന്ദവവല്‍ക്കരണത്തിന് vulnerable ആകുന്നു എന്നതാണ്. അങ്ങനെ സംഭവിച്ചാല്‍, അത്തരത്തിലുള്ള കേരളീയ സമൂഹത്തിന്റെ ഗ്രാസ്റൂട്ട് ഹൈന്ദവവല്‍ക്കരണം ഭാവിയില്‍ കൂടുതല്‍ ബാധിക്കുക സംസ്ഥാനത്തിന്റെ ഇടത്-പുരോഗമന ഘടനയെ ആണ് എന്നത് സൂക്ഷമതയോടെ വിലയിരുത്തേണ്ട പ്രതിഭാസവുമാണ്. മുന്നണിയിലെ മുസ്ലീം ലീഗ് സാന്നിധ്യം കൊണ്ഗ്രസ്സിനെ ശിഥിലീകരിക്കാതെ നിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. വര്‍ഗരാഷ്ട്രീയ അടിത്തറയല്ലാതെ സിപിഎം-ന് ഇത്തരം ഒരു ‘ബഫര്‍’ ഇല്ല. അതുകൊണ്ട് സിപിഎം ന്റെയോ ഇടതു രാഷ്ടീയതിന്റെയോ ശിഥിലീകരണം ഹിന്ദുത്വയുടെ സജീവവിജയമായി മാറും എന്ന അപകടമുണ്ട്.

സമാനതകള്‍ ചൂണ്ടിക്കട്ടാന്‍ കഴിയുമെങ്കിലും ഇപ്പോഴും മൂന്നു മുന്നണികളും തമ്മില്‍ ജനങ്ങള്‍ക്കിടയിലെ സ്വാധീന ഘടനയില്‍ വലിയ വ്യത്യാസങ്ങളുണ്ട്. യുഡിഎഫും എന്‍ഡിഎയും പ്രധാനമായും സവര്‍ണ്ണ വോട്ടുകളില്‍ ആണ് ആധിപത്യം ചെലുത്തുന്നത്. മുസ്ലീം ലീഗിന്റെ സാന്നിധ്യമാണ് യു.ഡി.എഫ്. മുന്നണിയെ നിലനിര്‍ത്തുന്നത്. സവര്‍ണ്ണ ക്രിസ്ത്യന്‍ വോട്ടുകളും ഇപ്പോഴും അതിന്റെ പ്രബല ഘടകമാണ്. എന്‍ഡിഎയുടെ അടിസ്ഥാനം ഇപ്പോഴും പ്രധാനമായും യാഥാസ്ഥിതിക സവര്‍ണ്ണ വോട്ടുകളാണ്. യഥാസ്ഥിതിക ഇസ്ലാമോഫോബിക് ക്രിസ്ത്യന്‍ വോട്ടുകളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. എല്‍ഡിഎഫിന് ഇപ്പോഴും അടിസ്ഥാന വര്‍ഗ്ഗ-മദ്ധ്യവര്‍ഗ വോട്ടുകളാണ് ലഭിക്കുന്നത്. ഇടതുപക്ഷ സവര്‍ണ്ണ വോട്ടുകളും ഈ അടിസ്ഥാന വിഹിതത്തില്‍ അടങ്ങിയിട്ടുണ്ട്. ഇടതുമുന്നണി നിലനില്‍കുന്നത്‌ അതിന്‍റെ വിശാലമായ സോഷ്യല്‍ ഡെമോക്രാറ്റിക് പ്രോജക്റ്റ് ഇപ്പോഴും പ്രസക്തമാണ് എന്നതുകൊണ്ടാണ്. കൂടിക്കലര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുന്നണികളുടെ ഈ വര്‍ഗ്ഗ സ്വഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഇടതുമുന്നണിയില്‍ നിന്നും കുറച്ച് വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നു പോയിട്ടുണ്ട്. എന്നാല്‍ യുഡിഎഫില്‍ നിന്നും കുറെ മധ്യവര്‍ഗ്ഗ വോട്ടുകള്‍ എല്‍ഡിഎഫിലേക്കും വന്നിട്ടുണ്ട്. ഇതാണ് എല്‍ഡിഎഫിന് ഇപ്പോഴും വോട്ടുവിഹിതത്തില്‍ ഉള്ള മേല്‍ക്കൈ സൂചിപ്പിക്കുന്നത്. യുഡിഎഫോ എല്‍ഡിഎഫോ കേരളത്തില്‍ ഉടനടി തകര്‍ച്ചയെ നേരിടുന്നില്ല. ബിജെപിക്ക് ഉടനടി വളര്‍ച്ചയും ഉണ്ടാവില്ല, പക്ഷെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇരുമുന്നണികളുടെയും വോട്ടുവിഹിതത്തിലേക്ക് കടന്നുകയറുന്ന ക്രമത്തില്‍ ആനുപാതികമായി രണ്ട് പ്രധാന മുന്നണികളും ഇനിയും ശോഷിക്കാന്‍ ഇടയുണ്ട്. ഇതാണ് ഇപ്പോള്‍ കേരളം നേരിടുന്നതും മുന്നണികള്‍ തടയിടേണ്ടതുമായ വിനാശകരമായ പ്രവണത.

ഇനി, ഇപ്പോള്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായാല്‍ എന്ത് സംഭവിക്കും? ഒന്നും സംഭവിക്കില്ല. ബിജെപിയുടെ വോട്ടു വിഹിതം കുറയാതെ യുഡിഎഫ് വോട്ടു വിഹിതം വര്‍ദ്ധിക്കുന്നുണ്ടോ എന്നതുമാത്രമാണ് അതില്‍ അറിയാനുള്ളത്. പ്രധാനമായും നോക്കേണ്ടത് എല്‍ഡിഎഫ് വോട്ട് വിഹിതം കാര്യമായി കുറയുന്നുണ്ടോ എന്നത് മാത്രമാണ്. അത് 35-40 ശതമാനത്തിന് സമീപമാണെങ്കില്‍ എല്‍ഡിഎഫിന്റെ അടിസ്ഥാന വര്‍ഗ്ഗ വോട്ടുകള്‍ നഷ്ടപ്പെടുന്നില്ല എന്നും മുന്നണിയുടെ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പ്രോജക്റ്റ് തിരസ്കരിക്കപ്പെടുന്നില്ല എന്നുമാണ് അര്‍ത്ഥം. ഈ യുക്തിയുടെ വിപുലീകരിച്ച അര്‍ത്ഥമായിരിക്കും എല്‍ഡിഎഫ് വിജയിച്ചാലോ യുഡിഎഫ് കേവല വിജയംമാത്രം നേടിയാലോ നാം സ്വീകരിക്കേണ്ടത്. രണ്ടായാലും ആഗോള ഇടതുപക്ഷ പ്രോജക്റ്റിന്റെ കേരളരൂപമായി ഇടതുപക്ഷ രാഷ്ട്രീയത്തിന് തുടര്‍ന്നും പ്രസക്തിയുണ്ടാവും. തിരഞ്ഞെടുപ്പ് പരാജയം പ്രത്യയശാസ്ത്ര പരാജയമായി കണക്കാക്കുന്ന ലിബറല്‍ യുക്തി ഇതില്‍ പ്രസക്തമല്ല. കാരണം, അങ്ങനെയാണെങ്കില്‍ താരതമ്യേന ചെറിയ ഇടതു വിപ്ലവ ഗ്രൂപ്പുകള്‍ക്ക് പോലും പ്രസക്തിയില്ലെന്ന് പറയേണ്ടി വരും.

About Author

ഡോ. ടി.ടി ശ്രീകുമാർ

എഴുത്തുകാരനും നിരൂപകനും കോളമിസ്റ്റുമാണ് ഡോ. ടി.ടി. ശ്രീകുമാർ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ഹൈദരാബാദിലെ സ്കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ്, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ് യൂണിവേഴ്സിറ്റി (ഇഎഫ്എൽയു)യിലെ പ്രൊഫസറാണ് അദ്ദേഹം.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഭാസ്കരൻ കിഴുത്തള്ളി

വളരെ ശ്രദ്ധേയമായ പഠനം . സംഘപരിവാറും കേരളത്തിൽ വരുമ്പോൾ ഒരു പരിധി വരെ സോഷ്യൽ ഡെമോക്രസി പിന്തുടരാൻ നിർബന്ധിതരാവും . മോദി വെൽഫറിസത്തിൽ അതിന് വകുപ്പുണ്ടല്ലോ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

1
0
Would love your thoughts, please comment.x
()
x