A Unique Multilingual Media Platform

Articles Culture Kerala Politics

‘ഭാരതപ്പുഴ തന്നരിയ മണൽത്തരികളേ…..’

  • April 16, 2026
  • 1 min read
‘ഭാരതപ്പുഴ തന്നരിയ മണൽത്തരികളേ…..’

എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഡോക്ടർ ഖദീജാമുംതാസ് എഴുതുന്ന പംക്തി ‘ഹൃദയപക്ഷം’ തുടരുന്നു.

 

രണ്ടു സിനിമാനടിമാർ. ഒരാൾ പഴയകാല സിനിമയിലെ ശാലീന സൗന്ദര്യ പ്രതീകം. അറുപതിൻ്റെ പടി കടന്നു കാണണം ഇപ്പോൾ. മറ്റേയാൾ ഇന്നും സിനിമാ-സീരിയലുകളിൽ പ്രത്യക്ഷപ്പെടുന്ന മുഖം. ആറ്റുകാൽ പൊങ്കാലക്കാലത്തും സമാന മുഖങ്ങളെത്തന്നെ മാധ്യമങ്ങൾ കണ്ടെത്താറുണ്ടല്ലോ. ചാനൽ റിപ്പോർട്ടർ നീട്ടിയ മൈക്കിനുമുമ്പിൽ അവർ രണ്ടും ഭക്തി സായൂജ്യത്തിൻ്റെ ലഹരിയിൽ ഇപ്പോൾ സംസാരിക്കുകയാണ്. പശ്ചാത്തലത്തിൽ നിള, കുംഭമേളത്തിരക്ക്.

‘സ്വാമിജിയുടെ കരുണ ! അല്ലെങ്കിൽ, പ്രയാഗ്‌രാജിലൊന്നും എത്തിപ്പെടാനാവാത്ത എത്രയോ സ്ത്രീകൾക്ക് അതിൻ്റെ അനുഭവം ഇവ്വിധം പകർന്നു കിട്ടുമോ ? ഏറെസന്തോഷമുണ്ട്, ഹിന്ദുവിന് ലഭിക്കുന്ന ഈ പുതിയ ഉണർവ്വ് ….’

അവരുടെ ആവേശത്തിൽ കളങ്കമില്ല. ചിന്താദാരിദ്യമേയുള്ളു. അതവർ അറിയുകയുമില്ല. അവരുടെ ചുറ്റും അങ്ങനെയുളളവരേയുള്ളു. ആ ആവേശം അതുകൊണ്ടു തന്നെ ചാനലിലൂടെ, യൂട്യൂബിലൂടെ, പലരിലേയ്ക്കുമെത്തും. അവരും അടുത്ത വർഷം അവിടെയെത്തും. കുംഭമേള ഒരേ സ്ഥലത്ത് വർഷം തോറും നടക്കാറില്ലെങ്കിലും നാവാമണപ്പുറത്ത് അത് വാർഷികാഘോഷമായിരിക്കും എന്നു പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞുവല്ലോ. സമയം കുറവല്ലേ ! കേരളം ഇങ്ങനെ ബാലികേറാമലയായി നിന്നാലെങ്ങനെ!

ബാലികേറാമല എഴുത്തിൽ കയറി വന്നത് ഓർക്കാതെയാണെങ്കിലും അതും ചിലത് സൂചിപ്പിക്കുന്നുണ്ടല്ലോ! ഭാഷാപ്രയോഗങ്ങളിൽ, സാഹിത്യത്തിൽ, കവിതകളിൽ, സിനിമാപ്പാട്ടിൽ ഹൈന്ദവപൗരാണിക സ്വാധീനം മലയാളിയിലുളളത്ര തമിഴനിൽ കാണില്ല . അതവിടെ ഉള്ളതിനാൽത്തന്നെ, പിൻനടത്തം ഒരു നിർവൃതിയേകുന്ന ഗൃഹാതുരതയുമാവും. പുണ്യ നദി ഗംഗയും , ത്രിവേണീ സംഗമവുമൊക്കെ ഹിന്ദുവിൻ്റെ മാത്രം ബലഹീനതയുമല്ല. പുതിയതലമുറ വേടനെയും നാടൻ പാട്ടുകളെയും കീഴാളവാദ്യങ്ങളെയും പ്രണയിച്ചുതുടങ്ങിയത് അസ്വസ്ഥതയാവുന്ന മധ്യവർഗികൾക്ക് മഹാമാഘ മഹോത്സവംപോലെയുള്ളവ പ്രതീക്ഷയാവുന്നത് സ്വാഭാവികം. അടുത്ത തവണ കുമാരീ കുമാരന്മാരും മണപ്പുറത്തെത്തും. എത്തിക്കും! എത്തിക്കണം!

കൊടുങ്ങല്ലൂരിൽ ഉമ്മവേരുകളുള്ളവളാണ് ഞാനും. ആ നാടിൻ്റെ പ്രാചീന ബന്ധങ്ങൾ, ബഹുസംസ്കൃതിയുടെ പാരമ്പര്യം പുതിയ മുസ്‌രീസ് ഉദ്ഘനനവാർത്തകൾ ഒക്കെ ആവേശമാകുന്നവൾ.ഈയിടെ കൊടുങ്ങല്ലൂരിലെ നവ ഹൈന്ദവ സംസ്കാരിക _രാഷ്ട്രീയ സ്വാധീനത്തെപ്പററിയുള്ള രണ്ടിലധികം പഠനങ്ങളിലൂടെ കടന്നു പോവാനായി.ഒന്ന്, ഐ.ഐ. ടി. ചെന്നൈയിലെ ഹ്യൂമാനിറ്റീസ് ഏൻ്റ് സോഷ്യൽ സയൻസ് വിഭാഗത്തിലെ ദയാൽ പാലേരിയുടെയും ആർ സന്തോഷിൻ്റെയും പഠനം. മറ്റൊന്ന്, Hindu Nationalism in South India എന്ന പേരിൽ ദേശീയ അന്തർദേശീയ പഠന സമാഹാരമായി ക്യാനഡയിലെ Dalhousie University പ്രൊഫസർ നിസിം മണ്ണത്തുക്കാരൻ (Nissim Mannathukkaren) എഡിറ്റുചെയ്ത പുസ്തകം.

Hindu Nationalism in South India എന്ന പേരിൽ ദേശീയ അന്തർദേശീയ പഠന സമാഹാരമായി ക്യാനഡയിലെ Dalhousie University പ്രൊഫസർ നിസിം മണ്ണത്തുക്കാരൻ

കേരളത്തിൽ ഹിന്ദുത്വ സ്വാധീനം ശ്രദ്ധാപൂർവം , ക്ഷമാപൂർവം ഉണ്ടാക്കിക്കൊണ്ടു വരുന്നതെങ്ങനെ എന്നതിന് ഒരു സാമ്പിൾ സ്റ്റഡി പോലെയാണ് കൊടുങ്ങല്ലൂരിനെ എടുത്തിരിക്കുന്നത്. എന്നെ ഇവയുമായി ബന്ധപ്പെടുത്തിയ മനോജ് മാഷിന് നന്ദി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച (2022-2023) ആദ്യം പറഞ്ഞ പഠനത്തിൻ്റെ തലക്കെട്ട് പ്രസക്തമാണ്. ‘തിരഞ്ഞെടുപ്പുകൾക്ക് തിരക്കില്ല’! (‘Elections Can wait!’ The Politics of Constructing a Hindu Atmosphere in Kerala ,South India) എന്നതാണ് അത്.

ഓർക്കുക, ഒരു നൂറ്റാണ്ടുകൊണ്ട് , കേരളത്തെ സംബന്ധിച്ചാണെങ്കിൽ, 1940 കൾ മുതലെങ്കിലും, രാഷ്ട്രീയ സ്വയം സേവകിൻ്റെ തല മുതിർന്ന നേതാക്കൾ നേരിട്ടെത്തി നേതൃത്വം കൊടുത്ത് വേരുപിടിപ്പിച്ച ഒന്നിനു നേർക്കുനേർ നിൽക്കുകയാണ് നമ്മളിന്ന്. എൺപതുകളിൽ രാഷ്ട്രീയകക്ഷികളുമായി രക്തപങ്കിലമായ ഏറ്റുമുട്ടൽ പാതയിലേക്ക് വ്യതിചലിച്ചുവെങ്കിലും കേരളത്തിന് ചേർന്ന പ്രവർത്തനം ഇതല്ലെന്ന തിരിച്ചിറിവിലേക്ക് വേഗത്തിൽ എത്തിച്ചേർന്ന അവർ മൂന്നു പ്രധാന സംവിധാനങ്ങളിലൂടെ കൊടുങ്ങല്ലൂരിൻ്റെ സാംസ്കാരികമനസ്സിനെ കീഴടക്കിയതെങ്ങനെ എന്ന് പഠനം വിശദീകരിക്കുന്നുണ്ട്. കേരളത്തിന് മൊത്തം പരിചിതമാണ് താനും അവ.

Source: Cambridge University Press 

സേവാഭാരതി, കേരള ക്ഷേത്രസംരക്ഷണസമിതി, വിവേകാനന്ദ വേദിക് വിഷൻ കേന്ദ്ര എന്നിവയാണവ. കുറഞ്ഞവർഷങ്ങൾ കൊണ്ട് ഏറെ പരിചിതയായിത്തീർന്ന മുസ്ലിം സമുദായത്തിൽ പെട്ട പെയിൻ ആൻ്റ് പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകയുടെ, ബി ജെ പി പ്രവർത്തകരുടെയും അവരുടെ നയങ്ങളുടെയും നേർക്കുള്ള മുദുസമീപനത്തിൻ്റെ അടിസ്ഥാനo ദശകങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത ഈ നന്മപരിവേഷം തന്നെയെന്ന് ഇന്ന് തിരിച്ചറിയുന്നു ഞാൻ . ഇതിനിടയിൽ കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ കീഴാളക്ഷേത്രമായി നിലനിൽക്കേണ്ടിയിരുന്ന ശ്രീകുറുമ്പക്ഷേത്ര പരിസരങ്ങളും എല്ലാ മതക്കാർക്കും പ്രാപ്യമായിരുന്ന അതിൻ്റെ മൈതാനവും ഇന്ന് അങ്ങനെത്തന്നെയാണോ എന്നു ചിന്തിക്കാനൊന്നും അവർക്ക് സമയം കിട്ടിയെന്നുവരില്ല. സാന്ത്വന പരിചരണമുൾപ്പെടെ മുഴുവൻ സമയ സാമൂഹൃപ്രവർത്തകയാണവർ. ഗുരുവായൂർക്ഷേത്രപരിസരങ്ങളിലും ഈ ഒഴിഞ്ഞു പോകലോ പോകേണ്ടി വരലോ സംഭവിച്ചു കൊണ്ടിരിക്കുന്നതായി കഴിഞ്ഞ മാസം ‘മൈത്രിയുടെ ഗുരുവായൂർ’ പരിപാടിയിൽ വെച്ച് ഒരു സുഹൃത്ത് പറഞ്ഞുവല്ലോ.

 

കേരളത്തിൻ്റെ വടക്കേയററമായ മഞ്ചേശ്വരത്ത് വേക് അപ് കേരള മിഷനുമായി പോയപ്പോൾ കുമ്പളയിലെ കൊണ്ടേവൂർ സ്വാമിയെ ആശ്രമത്തിൽ പോയി കണ്ടിരുന്നു. ഈ മതേതര സ്വാമിയെ കാണാതെ പോകരുത് എന്ന് നിർബന്ധിച്ച് അവിടെയെത്തിച്ചത് ഒരു മുസ്ലിം മാനൃസുഹൃത്തു തന്നെ. ഫ്രീ ഉച്ചഭക്ഷണവും സ്വാമിയ്ക്കുവേണ്ടി കാത്തിരുന്ന സമയത്ത് ആസ്വദിക്കാനായി.സ്വാമിജി സംസാരിച്ചതൊക്കെ മതേതര കാഴ്ചപ്പാടുകളും ആശ്രമത്തിനു ചുറ്റുമുള്ളവർ കൂടി അനുഭവിച്ചറിയുന്ന ഹിന്ദുമുസ്ലിം സൗഹൃദാന്തരീക്ഷവുമായിരുന്നു. സ്വാമിജിയുടെ മുന്നിൽ കസേരകളിൽ ഞങ്ങളിരുന്നപ്പോൾ മുസ്ലിം സുഹൃത്ത് നിലത്ത് ചമ്രം പടിഞ്ഞിരുന്നു. മാസങ്ങൾക്കുമുമ്പ് അവിടെ നടന്ന മഹായാഗത്തെപ്പറ്റിയും അയാൾ ആവേശത്തോടെ സംസാരിച്ചു. മുസ്ലിങ്ങളായ ചെറുകച്ചവടക്കാർക്ക് അഭൂതപൂർവമായ കച്ചവടം ലഭിച്ച ആ കാലത്തെപ്പറ്റിയും അയാൾ വാചാലനായി. എന്നിലെ പ്രശ്നക്കാരി സ്വാമിയോട് നേരിട്ട് ചോദിച്ചു, ഇത്തിരി വർഷങ്ങൾ കഴിയുമ്പോൾ മുസ്ലിം കച്ചവടക്കാരൊന്നും ഇവിടെ പാടില്ല എന്നു പറയുന്ന ഒരവസ്ഥ ഉണ്ടാവില്ലെന്നുറപ്പാണോ സ്വാമിജീ എന്ന്. സ്വാമിക്കുറപ്പു തന്നെയായിരുന്നു അപ്പോൾ . സ്വാമിയുടെ മുറിയിലേക്ക് കയറുമ്പോൾ പുറത്തേക്കിറങ്ങിയ ബിജെപിയുടെ പ്രമുഖ നേതാവിനോടും മുസ്ലിം സുഹൃത്ത് മന്ദഹാസപൂർവം സംസാരിക്കുകയും ചെയ്തു. ‘ഇവിടെ എല്ലാവരും വരും. മുസ്ലിം ലീഗുകാരും ബിജെപിക്കാരും ഒക്കെ.’

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ

മഞ്ചേശ്വരത്തെ സ്വാമിക്ക് എന്നും മതേതരനായി നിൽക്കാനാവട്ടെ ! അവിടെ നിന്നിറങ്ങിയ ശേഷം , ഇത്തിരിദൂരെ, സംസ്ഥാനാതിർത്തിയിൽ കണ്ട,ഇത് ഹിന്ദുരാഷ്ടമാണ് എന്നു പച്ചയ്ക്കു ഞങ്ങളുടെ മുഖത്തുനോക്കി പറഞ്ഞ നെറ്റിക്കുറിക്കാരെ തത്ക്കാലം ഇതിനോട് ചേർത്തുവായിക്കാതിരിക്കാം.

തിരുനാവായക്കാരനാണ്, അതിൻ്റെ ചരിത്രത്തിലും സംസ്കാരത്തിലും അഭിമാനിക്കുന്നവനാണ് എഴുത്തുകാരൻ സി. രാധാകൃഷ്ണൻ. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛൻ്റെ ജീവിതം അടിസ്ഥാനമാക്കി എഴുതിയ , ധാരാളം പുരസ്കാരങ്ങൾ നേടിക്കൂട്ടിയ നോവലിൽ നാവാമണപ്പുറത്തു 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്കത്തിൻ്റെ ചിത്രണമുണ്ട്. കേരളത്തിൻ്റെ സാംസ്കാരികോത്സവമായിരുന്ന മാമാങ്കത്തെ പുനരുദ്ധരിക്കുക എന്ന ദൗത്യത്തെ കേരള കുംഭമേളയുമായി ബന്ധിപ്പിക്കും എന്ന് മുഖ്യസംഘാടകനായ സ്വാമി ആനന്ദവനം ഭാരതി പ്രഖ്യാപിച്ചിട്ടുമുണ്ട് എന്നാണ് വായിച്ചറിവ്. 1755 ലായിരുന്നു അവസാനമാമാങ്കം. ഹൈദറും ടിപ്പുവുമാണ് ആ മഹാമാഘമഹോത്സവത്തിൻ്റെ അന്തകർ എന്നത് ഗൂഗിളിനുമുറപ്പ് ! അപ്പോൾ പിന്നെ പുനരുദ്ധരിച്ചേ മതിയാവൂ. ഫെബ്രുവരി 3 ന് കുംഭമേള കഴിഞ്ഞശേഷം അംബാ നീപുത്രൻ്റെ പ്രഖ്യാപനവുമുണ്ടായി, ടിപ്പു നശിപ്പിച്ച കേരളത്തിലെ മൂന്നു മഹാക്ഷേത്രങ്ങൾ സ്വന്തം ചെലവിൽ പുനരുദ്ധരിക്കുമെന്ന്! വൃത്തം പൂർത്തിയായി കൊണ്ടിരിക്കുന്നു! ഇനി വെറുപ്പിനെ ചരിത്രവൽക്കരിച്ചു തന്നെ ശക്തിപ്പെടുത്താം.

വാസ്തവത്തിൽ 2000 വർഷം പഴക്കമുണ്ടെന്നു പറയുന്ന കുംഭമേളയും മാമാങ്കവും തമ്മിൽ ബന്ധിപ്പിക്കാവുന്ന ഒന്നുമില്ല. പാലാഴിയിലെ അമൃതമഥനവും ദേവന്മാർ തമ്മിൽ അതിനു വേണ്ടി നടന്ന പിടിവലികളും ഒരു ഇന്ത്യൻ മിത്ത് മാത്രമാണ്. മാമാങ്കം കേരള ചരിത്രത്തിൻ്റെ അധികം പഴയതല്ലാത്ത ഒരു വസ്തുതയും. 18-ാം നൂറ്റാണ്ടു വരെ നിലനിന്ന മാമാങ്കം ഹിന്ദുവും മുസ്ലിമും സമുദ്രാന്തര കച്ചവടക്കാരും ഒരുപോലെ പങ്കെടുക്കുമായിരുന്ന ഒരു വ്യാപാരോത്സവമായിരുന്നു എന്ന് ഒരു നിഷ്പക്ഷപത്രo . ശരിയാണ് സാമൂതിരിക്ക് പ്രാമുഖ്യമുണ്ടായിരുന്ന ആ നൂറ്റാണ്ടുകളിൽ മുസ്ലിങ്ങൾ അംഗീകരിക്കപ്പെട്ടിരുന്നു. പരസ്പരം സഖാക്കളായിരുന്നു . പക്ഷേ, അതാണോ മാമാങ്കം എന്നു കേൾക്കുമ്പോൾ ചരിത്രബോധമുള്ള മലയാളിയുടെ മനക്കണ്ണിലെത്തുക? ചോര പുരണ്ട നിളാ തീരത്തെ മണൽത്തരികൾ ! ഒരിക്കലും ജയിക്കില്ലെന്നറിഞ്ഞിട്ടും, ശക്തനായ സാമൂതിരി പടയാളികളാൽ വെട്ടിക്കൊല്ലപ്പെടും എന്നറിഞ്ഞുകൊണ്ടു തന്നെ ആചാരപൂർവം നിലപാടുതറയിലെത്തുന്ന വള്ളുവക്കോനാതിരിയുടെ ചാവേർ പടയാളികൾ. പന്ത്രണ്ടു വർഷത്തിലൊരിക്കൽ അങ്ങനെ ഉത്സവലഹരിയിൽ സാമൂതിരിയുടെ അപ്രമാദിത്വം ഉറപ്പിക്കപ്പെടുന്നു.

തുഞ്ചത്തെഴുത്തച്ചനായി വളർന്ന ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ നോവലിലെ അപ്പുവിൻ്റെ കൗമാര സ്മരണകളിൽ സീതോപ്പയുടെ നവവരൻ ഉണ്ണിയേട്ടൻ,അമ്മാവൻ്റെ ചോരയ്ക്കു പ്രതികാരമായാണ് ചാവേർ പ്രതിജ്ഞയെടുത്ത് മാമാങ്കത്തിൽ രക്തസാക്ഷിയാവുന്നത്. വെട്ടിക്കൊല്ലപ്പെട്ട് കഷണങ്ങളായി മരണക്കിണറിലെറിയപ്പെടുന്നത് ! മൃതശരീരം പോലും കാണാനാവാതെ മൗനത്തിലമരേണ്ടി വരുന്ന പ്രിയതമയും കുഞ്ഞും മറ്റു ബന്ധുക്കളും. ഈ ചോരയൊഴുകുന്ന ആചാരത്തെ കാലവും, മാറിവന്ന ഭരണാധികാരങ്ങളും മാറ്റിയെടുക്കേണ്ടതു തന്നെയായിരുന്നില്ലേ?

ഹൈദറിൻ്റെയും ടിപ്പുവിൻ്റെയും കാലം കേരള ചരിത്രത്തിൽ 26 വർഷങ്ങളാണ് (1766 -1792). ശേഷം വന്നത് കൊളോണിയൽ ആധിപത്യം. നാട്ടുരാജാക്കന്മാർക്കും അവരുടെ മാത്സര്യങ്ങൾക്കും പിന്നെയവിടെ സ്ഥാനവുമില്ലല്ലോ. മാമാങ്കത്തിലെ അങ്കംവെട്ടു നിലച്ചുപോയതിനെപ്പറ്റി, അവസാന അങ്കത്തിൽ നിലപാടുതറയിലെ വിളക്ക് കെട്ടുപോയതുമായി ബന്ധപ്പെടുത്തി ഒരു കെട്ടുകഥയും വായിക്കുകയുണ്ടായിട്ടുണ്ട്: അതിലെവിടെയും ടിപ്പുവില്ല. വേഷം മാറി വന്ന ദേവിയും മങ്ങാട്ടച്ചനുമേയുള്ളു. പുതിയ കഥകളിൽ ടിപ്പുവിനെ ആനയിക്കുന്നതെന്തിന് എന്നതു സുവിദിതമാണല്ലോ മാത്രമല്ല, അമൃതമഥനത്തിൻ്റെ മിത്ത് ഓർമ്മിപ്പിക്കുന്ന വടക്കേ ഇന്ത്യൻ കുംഭമേള , കാലത്തെ അതിജീവിച്ച് ഇന്നും നിലനിലനിൽക്കുന്നുമുണ്ട്. ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന നോവൽപേരിലെ സാദൃശ്യം ഇപ്പോൾ മാത്രം കണ്ട അത്ഭുതം! അങ്ങനെ പല സാദൃശ്യങ്ങളും കൈ കോർക്കലുകളും ഇന്നത്തെ കാലത്ത് വിരളവുമല്ലല്ലോ!

1942 ൽ ഗോൾവാൾക്കർ കേരളത്തിലെത്തിയാണ് ആദ്യത്തെ ആർ. എസ്. എസ്. ശാഖ കോഴിക്കോട് സ്ഥാപിച്ചത്. സാമൂതിരിരാജാവും നിലമ്പൂർ രാജാവും അതിനു സഹായങ്ങളരുളി. ഇന്ന് 1400 ഓളം ശാഖകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. ബിജെപിക്ക് നിയമസഭയിലോ പാർലമെൻ്റിലോ കേരളത്തിൽ നിന്ന് പ്രാതിനിധ്യമില്ലെങ്കിലും അവരുടെ വോട്ടു ശതമാനം പതുക്കെപ്പതുക്കെ മുകളിലേക്കു തന്നെയാണ്. 2019 ൽ അത് 15.2 ശതമാനമായിരിക്കുന്നു തദ്ദേശ സ്വയം ഭരണത്തിൽ അനിഷേധ്യമായ സാന്നിധ്യം അവർക്കിന്നുണ്ട്.Hindu Nationalism in South India ഗ്രന്ഥപ്രകാരം കേരളത്തിലെ സവർണജാതിക്കാരിലെ മൂന്നിലൊരാൾ ബിജെപി അനുകൂലിയാണ് (Sardesai 2021).ഹിന്ദുമത വിശ്വാസത്തെ ദേശീയതയുമായി ബന്ധിപ്പിച്ച് വളരെ മൃദുവായ, മനുഷ്യസേവനപരമെന്നും, മാന്യമെന്നും വിശ്വസിപ്പിച്ചുള്ള ഹിന്ദുരാഷ്ട നിർമിതി നടന്നു കൊണ്ടിരിക്കുന്നു. ദംഷ്ട്രകളും മ്ലേച്ഛതകളും ഇടയ്ക്കിക്കിടെ പുറത്തു വരുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ഭീകര കാലത്തിൻ്റെ സൂചനകളായി അവയെ എണ്ണാൻ മലയാളി ഇനിയും ഉണരേണ്ടിയിരിക്കുന്നു.

കുംഭമേള നടക്കുന്ന നിളാതീരത്ത് ഒരു മൈത്രീമേളയുടെ സാധ്യത നാം തിരയേണ്ടതുണ്ട്. ഗാന്ധിജിയുടെ സ്മരണയിൽ സർവ്വോദയമേള വർഷാവർഷം നടക്കുന്ന പ്രദേശം കൂടിയാണത്. ഗാന്ധിയും അംബേദ്കറും ബുദ്ധനും നാരായണഗുരുവും നമ്മുടെ ഐക്കണുകളാവട്ടെ! ഹിന്ദു രാഷ്ട്ര നിർമ്മിതി അമാനവികമെന്നു തിരിച്ചറിയുന്നവരും പീഡിതപക്ഷത്താകാവുന്നവരും സ്ത്രീകളും ദളിതരും ആദിവാസികളും അവിടെ കൈ കോർക്കട്ടെ! ആൾക്കൂട്ടത്തിൻ്റെ സ്വയം മറക്കുന്ന ആസുരശക്തിയല്ല, മൈത്രിയുടെ ഊഷ്മളതയുള്ള വൈവിധ്യങ്ങളാൽ നിളാ മണൽത്തരികൾ പുളകിതമാവട്ടെ!

About Author

ഡോ. ഖദീജാമുംതാസ്

ഡോ .ഖദീജാമുംതാസ് - നോവലിസ്റ്റും ലേഖികയുമായ മെഡിക്കൽ ഡോക്ടർ . പി.എസ്., ഗവ. മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റും പ്രൊഫസറുമായിരുന്നു. നാല് നോവലുകളും 3 ചെറുകഥാ സമാഹാരങ്ങളും സാഹിത്യത്തെയും സാമൂഹിക പ്രശ്നങ്ങളെയും അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളുടെ പുസ്തകങ്ങളുടെയും രചയിതാവ്. ബർസ എന്ന നോവൽ 2010-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2016 മുതൽ 6 വർഷം കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയർ പേഴ്‌സൺ സ്ഥാനം വഹിച്ചിട്ടുണ്ട്, ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗമാണ്. പ്രൊഫ. സച്ചിദാനന്ദൻ നയിക്കുന്ന മാനവിക പ്രസ്ഥാനമായ ദേശീയ മാനവിക വേദിയുടെ വൈസ് ചെയർപേഴ്സണും ആണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x