കുട്ടികളുടെ പണിക്കർ മാഷ്
അദ്ധ്യാപന ജീവിതത്തിൽ നിങ്ങൾ പഠിപ്പിച്ച കുട്ടികൾ എല്ലാവരും എന്റെ കുട്ടികളാണ് എന്ന് ഘോഷംകൂട്ടി ഒരു കൂട്ടം അദ്ധ്യാപകർ നടക്കുമ്പോൾ, ഇവിടെ പല കുട്ടികൾ അവരെ പഠിപ്പിച്ചിട്ടില്ലെങ്കിൽ പോലും ചില അദ്ധ്യാപകർ അവരുടേതാണ് എന്ന് നെഞ്ചത്ത് കൈ വെച്ചുറപ്പിച്ചു പറയാറുണ്ട്. അങ്ങനെ ഒരു കുട്ടി പറയണമെങ്കിൽ നിങ്ങൾ വെറും ഒരു അദ്ധ്യാപകൻ ആയാൽ മാത്രം പോരാ (പ്രത്യേകിച്ച് ഈ മാറുന്ന കാലത്ത്), അതിനു വേറെ ചില മാനദണ്ഡങ്ങൾ കൂടിയുണ്ട്. ആ മാനദണ്ഡങ്ങൾ എല്ലാം ഒത്തുചേർന്ന ഒരു വ്യക്തിയാണ് നമ്മളെ കുറച്ചു ദിവസങ്ങൾ മുൻപ് വിട്ടു പോയത്. പ്രിയപ്പെട്ട പണിക്കർ മാഷ്! എല്ലാവർക്കും ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണം എന്നതിലുപരി എങ്ങനെ ഒരു അദ്ധ്യാപകൻ ആവരുത് എന്നാണ് പണിക്കർ മാഷിൽ നിന്നും എനിക്ക് പഠിക്കാൻ പറ്റിയത്. അവിടെയാണ് നേരത്തെ സൂചിപ്പിച്ച ഈ മാനദണ്ഡങ്ങൾ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതും. മറ്റൊരു രീതിയിൽ പറഞ്ഞാൽ പണിക്കർ മാഷിലൂടെ ഒരു പെഡഗോജി ഇന്നത്തെ അധ്യാപകർക്ക് എങ്ങനെ ഉണ്ടാകാൻ സാധിക്കും എന്നൊരു ചെറിയ ആലോചനയും കൂടിയാണ് ഈ കുറിപ്പ്.

മാനദണ്ഡങ്ങൾ
പ്രധാനമായിട്ട് മൂന്ന് കാര്യങ്ങളാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. ഒന്നാമതായി പണിക്കർ മാഷുതന്നെ പറഞ്ഞ കലുഷിത കാലം. കാലം കലുഷിതമാവുമ്പോൾ, ഇന്നേ വരെ വിചാരിക്കാത്ത ചില സംരംഭങ്ങൾ തുടങ്ങുമ്പോൾ, നിങ്ങൾ എന്ത് നോക്കി നിൽക്കുകയായിരുന്നു എന്ന ചോദ്യം ഇന്നത്തെ അദ്ധ്യാപകരോട് ചോദിച്ചാൽ, പകുതിയിലധികം അദ്ധ്യാപകർക്കും പ്രത്യേകിച്ചൊന്നുമില്ല എന്ന് ഉത്തരം നൽകിയേക്കും. ദൃശ്യ മാധ്യമ വിരുന്നുകളിൽ ചുരുങ്ങിയ ഒരു കൂട്ടം അദ്ധ്യാപകരിൽ നിന്നും മണ്ണിൽ കാലുറപ്പിച്ചു നിന്ന് പുറത്തേക്കു വരുന്ന അദ്ധ്യാപകരുടെ എണ്ണം തീർച്ചയായും കുറഞ്ഞു വരികതന്നെയാണ്. ഒരു പക്ഷേ, ഈ ഒരു പുതിയ കാലത്തെ അദ്ധ്യാപകർ എന്ന നിലയ്ക്ക് എങ്ങനെ നേരിടാം എന്ന ചിന്തയാണ് പണിക്കർ മാഷിന്റെ വിയോഗത്തിൽ നിന്നും എനിക്ക് തോന്നിയ ആദ്യത്തെ ചോദ്യം. രണ്ടാമതായി പണിക്കർ മാഷ് നിലകൊണ്ടിരുന്ന ധിഷണയുടെ ജാഗ്രതയും അക്കാദമിക വ്യവഹാരങ്ങളുമാണ്. പല രീതിയിലുള്ള കോലാഹലങ്ങളും, ബുദ്ധിജീവി പരിവേഷങ്ങളും, ഉടുത്തൊരുങ്ങിയ ഒരു അരാഷ്ട്രീയ മിഥ്യ ധാരണയെ, ഒരു സമൂഹത്തിൽ നിന്നും വിമുക്തമാക്കണമെങ്കിൽ, സിദ്ധാന്തം പ്രാവർത്തികമായേ തീരൂ. എന്നാൽ ആത്യന്തികമായി അത് മനുഷ്യപക്ഷത്ത് കുടിയിരിക്കുന്ന സിദ്ധാന്തമല്ലെങ്കിൽ, അത് നിരാകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ഒരു പക്ഷേ, ആ നിരാകരണം ഒരു രാഷ്ട്രീയ ധാർമികത കൂടിയാണ്. ഈ ഒരു വ്യവഹാരത്തിലാണ്, മാർക്സിസം എന്ന സിദ്ധാന്തം മനുഷ്യനെ, മണ്ണിൽ ഉറച്ചുനിൽക്കാൻ പ്രാപ്തമാക്കിയ ഒരു സിദ്ധാന്തമായി ഉരുത്തിരിയുന്നതും. എന്നാൽ ഇന്നതിനോടൊപ്പം മൂലധന ശക്തികൾ കൂട്ടംകൂടിയിരിക്കുന്നു. ഇതിൽ നിന്നും മറ്റൊരു വ്യവഹാരം പൊട്ടിമുളച്ചു തുടങ്ങിയിരിക്കുന്നു. അപരനെ പുറത്താകാൻ നിർബന്ധിതമാക്കുന്ന ഒരു ‘അരാഷ്ട്രീയ രാഷ്ട്രീയം’.
അക്കാദമിക് വ്യവഹാരങ്ങളും ഇതേ നിലപാടിൽ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. നിസംശയം ഈ ഒരു ആപത്തിന്റെ നേർക്കുനേർ പോരാടിയ വ്യക്തി കൂടിയാണ് പണിക്കർ മാഷ്. ഒരു സാധാരണ മനുഷ്യനെക്കാളും ചരിത്രം, ബുദ്ധിയിലും ഉടലിലും സ്വയർത്ഥമാക്കിയ ഒരു വ്യക്തി എന്ന നിലയ്ക്ക് പ്രവർത്തിയും വാക്കുകളും ക്രമേണ മാറ്റങ്ങൾ നേരിടുമ്പോൾ, ഇതല്ല യഥാർത്ഥ ചരിത്രം എന്ന ചില അഭിപ്രായങ്ങൾ കേൾക്കുമ്പോൾ എങ്ങനെ നാം പ്രവർത്തിക്കണം എന്ന് മാഷ് നമ്മൾക്ക് ജീവിച്ചു കാണിച്ചുതരുന്നുണ്ട്.
മൂന്ന് വർഷം മുമ്പ് എന്റെ PhD തീസിസിന്റെ കാതലായ അപരവത്കരണത്തെ (Othering) കുറിച്ച് പണിക്കർ മാഷ് അനൌദ്യോഗികമായി ഇങ്ങനെ പറഞ്ഞു ‘കൊച്ചിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കേരളത്തിൽ ഭരിക്കുന്നത് എന്ന് കരുതി ആ കാര്യം ശങ്കർ നോക്കാൻ മറക്കരുത്. be it public or private especially ‘. ഒരു പക്ഷെ, ആദ്യം പറഞ്ഞ ധിഷണയുടെ ജാഗ്രതയാണ് ആ വാക്യങ്ങളിൽ കണ്ടതും. സ്വകാര്യവല്കരണം കൂടി വരുന്ന ഒരു നാഗരികതയിൽ മനുഷ്യരും
അവർ പ്രവർത്തിക്കുന്ന മണ്ഡലങ്ങളുടെ വ്യതിയാനങ്ങളും പഠിക്കുക എന്നത് വളരെ ആവശ്യമാണ്. ഗിഗ് ഇക്കോണമി ഒരു പുതിയ തുടക്കമാണല്ലോ. ഇങ്ങനെ എൻട്രി പോയിന്റ്സ് തന്ന് ഒരു മനുഷ്യനെയും ആ മനുഷ്യൻ ജീവിക്കുന്ന സമൂഹത്തെയും എന്നും കോർത്തിണക്കി കൊണ്ട് പോയ ഒരു വ്യവഹാരമാണ് പണിക്കർ മാഷിൽ കാണാൻ സാധിക്കുക . ഒരു പക്ഷെ ഗൂഗിൾ ഫോം അയച്ചു റിസർച്ച് ചെയ്യുന്ന കാലത്തിൽ, നേർക്കുനേർ സംവാദങ്ങളുടെ മഹത്വവും ആവശ്യകതയും പണിക്കർ മാഷ് പറയാതെ പറഞ്ഞു തരുന്നുണ്ട്.

മൂന്നാമതും അവസാനവുമായി ഒരു കുട്ടി എന്ന നിലക്ക് മാഷിനെ ഓർക്കുന്നതും, ഒരു അദ്ധ്യാപകൻ എന്ന നിലക്ക് മാഷിനെ ഓർക്കുന്നതും ഒന്നാവുമ്പോളുള്ള ചില ബഹിർസ്ഫുരണങ്ങളാണ്. പല അദ്ധ്യാപകർക്കും അവരുടെ പഠിപ്പിച്ച കുട്ടികളുടെമേൽ ഒരുതരം അധികാരം സ്ഥാപിക്കലുണ്ട്, ഒരു പക്ഷെ അത് കൂടി വരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതും. ഈ ഒരു അധികാരം അല്ല,സ്നേഹവും കരുതലുമാണ് കുട്ടികളോട് വേണ്ടത്ത് എന്ന് പണിക്കർ മാഷ് ജീവിച്ചു കാണിച്ചുതന്നു. സ്നേഹം ഉള്ളിടത്ത് സന്തോഷവും സമാധാനവും സ്വാഭാവികമായി വിരിയുന്നു. കരുതൽ ഉള്ളിടത്ത് വിശ്വാസവും സുരക്ഷയും വളരുന്നു. സ്നേഹം മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു ബന്ധമാണ്. അത് മതം, ഭാഷ, ജാതി എന്നിവയുടെ അതിരുകൾ കടന്ന് മനുഷ്യരെ ഒന്നിപ്പിക്കുന്നു. ആ ഒരു ഒന്നിപ്പിക്കലിൽ ആണ് ഒരു പക്ഷെ ഇന്നും കാലടി സർവകലാശാലയും, കേരളം സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലുമൊക്കെ പ്രവർത്തിക്കുന്നത്. ഇന്നത്തെ വേഗമേറിയ ജീവിതത്തിൽ പലപ്പോഴും മനുഷ്യർ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ മറക്കുന്നു. അവിടെയാണ് പണിക്കർ മാഷിനെപ്പോലെയുള്ള വ്യക്തികളെ നാം കണ്ടു പഠിക്കേണ്ടതും.

കുട്ടിക്കാലത്ത്, തിരിച്ചറിവ് പോലുമില്ലാതെ ഓടിക്കളിക്കുന്ന പ്രായത്തിൽ, പണിക്കർ മാഷും, ടി കെ രാമചന്ദ്രനുമൊക്കെ ഒരേ പ്രായക്കാരായ കൂട്ടുകാരായി. ഒരു ബാലനെ സംബന്ധിച്ചിടത്തോളം പന്ത് കളിയോ, scrabble ഗെയിമോ, മറ്റേത് കളിയോ ആകട്ടെ, കൂടെ കളിക്കാൻ ഒരാളെ കൂട്ടുകിട്ടിയാൽ അയാൾ കൂട്ടുകാരനാക്കും. പണിക്കർ മാഷിലും, ടി.കെ രാമചന്ദ്രനിലുമൊക്കെ ആ ഒരു കൂട്ടുകാരനുണ്ട്. അത് കൊണ്ടുതന്നെ അവർ ഓർമിയ്ക്കപ്പെടുന്ന അദ്ധ്യാപകർമാരുമായി.
അഭിമന്യുവിൽ നിന്നും നിതിൻ രാജിൽ വരെ എത്തി നിൽക്കുന്ന കേരള വിദ്യാഭ്യാസം വഴുതി വീഴുമ്പോൾ നിങ്ങൾ എന്ത് ചെയുന്നു അദ്ധ്യാപകരെ, എന്നൊരു ചോദ്യം ആസ്ഥാനത്തു തന്നെയാണ്. അവിടെയാണ് പണിക്കർ മാഷിനെപ്പോലെയും, ടി കെ രാമചന്ദ്രനെപ്പോലെയുമുള്ള അദ്ധ്യാപകർ കേരളത്തിലുണ്ടായിരുന്നു എന്ന് സ്മരിക്കുമ്പോൾ, മുന്നോട്ടുള്ള പാതകൾ വ്യക്തമാവുന്നതും. ഈയൊരു കാലത്ത് ഇനിയും പണിക്കർ മാഷിനെപ്പോലെയോ, ടി കെ രാമചന്ദ്രനെപ്പോലെയോ ഒക്കെ ധിഷണതയുടെ ജാഗ്രത കൂട്ടുപിടിച്ച കൂട്ടുകാരുണ്ടാവുമോ എന്നത് കണ്ടുതന്നെ അറിയണം.

”വിപ്ലവം പൂർത്തിയാവുകയാണെന്നും പഴയ വ്യവസ്ഥിതിയുടെ നിർദ്ദയമായ ആചാരങ്ങളും ഭീമശാസനങ്ങളും ഇന്നിനി വരാത്തവണ്ണം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ അപ്രത്യക്ഷമായി എന്നും സ്വപ്നം കണ്ടൊരു തലമുറ പെട്ടന്ന്, ചോരയും ജീവനും ത്യജിച്ച് കുടങ്ങളിലടച്ചു കടലിലെറിഞ്ഞ ദൂർഭൂതങ്ങൾ ഓരോന്നായി പകൽവെട്ടത്തിൽ ഉയർന്നുവരുന്നതു കണ്ടുണരുമ്പോൾ അവരുടെ കണ്ണുകളെത്തന്നെ വിശ്വസിക്കാൻ മടിക്കുന്നതിൽ അത്ഭുതത്തിന് അവകാശമില്ല. ‘ഏറ്റവും പുതിയത് ‘എന്നവകാശപ്പെട്ടുകൊണ്ട് ജയേഭരി മുഴക്കിവരുന്ന ബീഭത്സമായ ‘പഴയ’തിനെ ഉച്ഛാടനം ചെയ്യാൻ അവർ ദുഃസ്വപ്നം കണ്ടു പേടിച്ച കൊച്ചുകുട്ടിയെ പോലെ രക്തസാക്ഷിത്വങ്ങളുടെയും ഗതകാലവിജയങ്ങളുടെയും ഓർമ്മകൾ ഉരുക്കഴിച്ച് കഴിയാൻ നോക്കുന്നു.





