നിർമ്മിതബുദ്ധി: ഡിജിറ്റൽ മുതലാളിത്തത്തിന്റെ പുതിയ മുഖം
ഒരു വഴിത്തിരിവിലാണ് നിർമ്മിതബുദ്ധി (എഐ) മേഖല. മനുഷ്യജീവിതത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഈ സാങ്കേതികവിദ്യയിൽ പിടിമുറുക്കാനുള്ള കടുത്ത മത്സരത്തിലാണ് ഈ രംഗത്തെ വൻകിട കമ്പനികൾ. ഒപ്പം ഭരണകൂടങ്ങളുമുണ്ട്. എഐയെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ള സാങ്കേതിക വിദഗ്ധരുടെ ഗൗരവതരമായ ആശങ്കകളെപ്പോലും അവഗണിച്ചാണ് ഈ പന്തയം മുന്നേറുന്നത്. എന്നാൽ, ലക്ഷ്യം കണ്ടാലുമില്ലെങ്കിലും സാമ്പത്തിക രംഗത്ത് ഇത് വലിയ ആഘാതങ്ങൾ ഉണ്ടാക്കുമെന്ന ഭീതി ഈയിടെ വലിയ രീതിയിൽ പലരും ഉന്നയിക്കുന്നുണ്ട്. ഒരു കൈവിട്ട കളിയായി ഈ പന്തയം മാറുന്നുവെന്ന പേടി.

എഐയുടെ കടന്നുവരവ് നിലവിലുള്ള ബിസിനസ് മാതൃകകളെ തകർക്കുമെന്നും വ്യാപകമായ തൊഴിൽ നഷ്ടമുണ്ടാക്കുമെന്നുമാണ് ഒരു വശത്തുയരുന്ന ആശങ്ക.
ആന്ത്രോപിക്കിന്റെ ക്ലോഡ് കോവർക്ക് എഐ ഏജന്റിന്റെ പുതിയ അപ്ഡേറ്റുകൾ ഈയിടെയുണ്ടാക്കിയ പരിഭ്രാന്തി അതിന്റെ ആഴം വ്യക്തമാക്കുന്നു. സങ്കീർണമായ വൈറ്റ്-കോളർ ജോലികൾ പോലും എഐക്ക് എളുപ്പത്തിൽ ഏറ്റെടുക്കാനൊക്കുമെന്ന് തെളിയിച്ച ആ അപ്ഡേറ്റുകൾ ഐടി മേഖലയെ ഒന്നാകെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്ന് നിലവിലുള്ള സോഫ്റ്റ്വേർ സേവന മാതൃകകളെ (Software as a Service /SaaS) എഐ അപ്രസക്തമാക്കുമ്പോൾ പരമ്പരാഗത ഐടി മേഖലയിൽ ഉണ്ടാകാൻ പോകുന്ന വൻ തകർച്ചയേയും തൊഴിൽ നഷ്ടത്തെയും കുറിച്ച് വലിയ ചർച്ചകളുണ്ടായി. അത്തരമൊരു ഭാവിയെ സൂചിപ്പിക്കാൻ SaaSpocalypse എന്ന ഒരു പുതിയ പദം പോലും മാധ്യമങ്ങൾ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.

മറുപുറത്തുള്ളത് ഈ മേഖലയിലെ ട്രില്യൺ കണക്കിന് ഡോളറിന്റെ സ്വകാര്യ നിക്ഷേപങ്ങൾ പ്രതീക്ഷിച്ച ഫലം കണ്ടില്ലെങ്കിലോ എന്ന ആശങ്കയാണ്. ഇത്രയും ഭീമമായ മുതൽമുടക്കിന് ആനുപാതികമായ വരുമാനം കണ്ടെത്താൻ കമ്പനികൾക്ക് കഴിയാതെ വന്നാൽ അത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കും. മാത്രമല്ല, വൻകിട കമ്പനികൾ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുകയും, ആ തുക ഉപയോഗിച്ച് സ്റ്റാർട്ടപ്പുകൾ ഇതേ കമ്പനികളുടെ തന്നെ ഉല്പന്നങ്ങൾ വാങ്ങുകയും ചെയ്യുന്ന “സർക്കുലർ നിക്ഷേപങ്ങൾ” ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഓപ്പൺഎഐയുടെ നിക്ഷേപകരായ എൻവിഡിയ നിർമ്മിക്കുന്ന ചിപ്പുകളുടെ പ്രധാന ഉപഭോക്താവായി ഓപ്പൺഎഐ തന്നെ മാറുന്ന അവസ്ഥ. ഇത്തരത്തിലുള്ള പരസ്പരാശ്രിതത്വം ഒരു കണ്ണിയുടെ തകർച്ച ചീട്ടുകൊട്ടാരം പോലെ എല്ലാം തകരാൻ ഇടയാക്കും. ഈ തകർച്ചയുടെ ആഘാതം ഓഹരി വിപണിയിൽ മാത്രം ഒതുങ്ങിനിൽക്കില്ല; ആഗോള സമ്പദ്വ്യവസ്ഥയിൽ തന്നെ വിനാശകരമായ ചലനങ്ങൾ സൃഷ്ടിക്കും.

ചുരുക്കത്തിൽ, പ്രതീക്ഷയ്ക്കും അത്യാർത്തിക്കും പരിഭ്രാന്തിക്കുമിടയിൽ ചാഞ്ചാടുകയാണ് ഇപ്പോൾ ഈ മേഖല. 90-കളിലെ ‘ഡോട്ട് കോം ബബിൾ’ തകർച്ചയ്ക്ക് ശേഷം ഇന്റർനെറ്റ് കൂടുതൽ കരുത്തോടെ തിരിച്ചുവന്നതുപോലെ, താൽക്കാലിക തിരിച്ചടികൾ ഉണ്ടായാലും ഭാവി എഐയുടേത് തന്നെയാകാനാണ് സാധ്യത. പക്ഷേ ഈ ആശങ്കകളൊന്നും അസ്ഥാനത്തല്ല.
എഐക്ക് പിന്നിലെ രാഷ്ട്രീയവും സാമ്പത്തികവുമായ ബലതന്ത്രങ്ങൾ കൃത്യമായി മനസ്സിലാക്കുന്നത് നിലവിലെ കുതിപ്പിന്റെ നാനാർത്ഥങ്ങൾ തിരിച്ചറിയാനും ഭാവിയിലെ വെല്ലുവിളികളെ നേരിടാനും അത്യാവശ്യമാണ്.
വിവരശേഖരങ്ങളിൽ നിന്ന് വിപണിയിലേക്ക്: എഐയുടെ പരിണാമം
കമ്പ്യൂട്ടറുകളോളം തന്നെ പഴക്കമുള്ളതാണ് എഐയുടെ ചരിത്രം. മെഷീൻ ലേണിംഗിന്റെയും ന്യൂറൽ നെറ്റ്വർക്കുകളുടെയുമൊക്കെ സൈദ്ധാന്തിക അടിത്തറ കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ രൂപപ്പെട്ടിരുന്നു. പക്ഷേ അക്കാലത്ത് അവയ്ക്ക് വാണിജ്യപരമായ വിജയം നേടാനായിരുന്നില്ല. ‘എഐ ശിശിരം’ (AI Winter) എന്നറിയപ്പെടുന്ന ഈ മാന്ദ്യകാലങ്ങൾക്ക് അറുതിവന്നത് ഡിജിറ്റൽ മുതലാളിത്തത്തിന്റെ വളർച്ചയോടെയായിരുന്നു. സർക്കാർ-സൈനിക ഏജൻസികൾ സ്വന്തം ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ക്രമേണ വാണിജ്യവൽക്കരിക്കപ്പെട്ട ഈ പ്രക്രിയയെ കുറിച്ച് ഡാൻ ഷില്ലർ 1999 ൽ എഴുതിയ പുസ്തകത്തിലാണ് ഡിജിറ്റൽ മുതലാളിത്തം എന്ന വിശേഷണം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലും ഒട്ടേറെ വലിയ നല്ല മാറ്റങ്ങൾക്ക് ഡിജിറ്റൽ വിപ്ലവം ഇടയാക്കിയിട്ടുണ്ട്. എങ്കിലും ഒടുവിൽ അത് എത്തിച്ചേർന്നത് വൻകിട ഡിജിറ്റൽ കമ്പനികൾ വലിയ സ്വാധീനം ചെലുത്തുന്ന ചൂഷണത്തിലധിഷ്ഠിതമായ ഒരു ആഗോള സമ്പദ്വ്യവസ്ഥയിൽ ആയിരുന്നു.

മനുഷ്യരിന്നോളം ആർജ്ജിച്ച അറിവുകളും അവരുടെ ദൈനംദിന സാമൂഹിക വ്യവഹാരങ്ങളെ കുറിച്ചുള്ള വിവരങ്ങളുമൊക്കെ ഉൾക്കൊള്ളുന്ന അതിബൃഹത്തായ ഒരു വിവരശേഖരം ഇന്റർനെറ്റിൽ ലഭ്യമായി എന്നതായിരുന്നു ഈ വ്യവസ്ഥയുടെ ഒരു അനന്തരഫലം. ഇങ്ങനെയൊരു വിവരശേഖരത്തിന്റെ വിപണി സാധ്യതകൾ അമൂല്യമാണെന്ന് തിരിച്ചറിയാൻ മുതലാളിത്തത്തിന് ഏറെ സമയമെടുത്തില്ല. പക്ഷേ, മനുഷ്യബുദ്ധിക്കോ സാധാരണ കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കോ വിശകലനം ചെയ്യാൻ കഴിയാത്തത്ര വലുപ്പം അവയെ കൈകാര്യം ചെയ്യാൻ മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകൾ അനിവാര്യമാക്കി. ഇതോടൊപ്പം ഇതിനു വേണ്ടുന്ന ഗണനശേഷി പ്രദാനം ചെയ്യുന്ന GPU കൾ പോലുള്ള ആധുനിക ചിപ്പുകൾ കൂടി ചേർന്നപ്പോൾ എഐ അതിന്റെ ശിശിരകാല മാന്ദ്യത്തിൽ നിന്ന് പുറത്തു കടന്നു.

സെർച്ച് എൻജിനുകളിലും സോഷ്യൽ മീഡിയകളിലും അൽഗോരിതങ്ങളായി ഒതുങ്ങിനിന്നിരുന്ന എഐ, ചുരുങ്ങിയ കാലംകൊണ്ട് സ്വതന്ത്രമായ ഉല്പന്നമായി പരിണമിച്ചു.
ഇന്റർനെറ്റിലെ ബൃഹത്തായ വിവരശേഖരം ഉപയോഗിച്ച് പരിശീലിപ്പിക്കപ്പെട്ട ‘ലാർജ് ലാംഗ്വേജ് മോഡലുകൾ’ ഇതിന് കരുത്തേകി. വെറും വാചകങ്ങൾ നിർമ്മിക്കുന്ന ഘട്ടം പിന്നിട്ട്, ചിത്രങ്ങളും വീഡിയോകളും തയാറാക്കാനും പ്രൊഫഷണൽ നിലവാരത്തിലുള്ള കോഡിംഗ് പോലുള്ള സങ്കീർണ്ണ ജോലികൾ മനുഷ്യസഹായമില്ലാതെ പൂർത്തിയാക്കാനും കഴിയുന്ന നിലയിലേക്ക് ഈ സാങ്കേതികവിദ്യ ഇന്ന് അതിവേഗം വളർന്നിരിക്കുന്നു.
ഡിജിറ്റൽ മുതലാളിത്തത്തിന്റെ പുതിയ ഘട്ടം
സാങ്കേതികവിദ്യ ഉയർന്ന റിസ്ക് സഹിഷ്ണുതയുള്ള ഊഹാധിഷ്ഠിത നിക്ഷേപങ്ങൾ നടത്താൻ തയ്യാറുള്ള ഫിനാൻസ് ക്യാപിറ്റലിസത്തിന്റെ പിന്തുണയോടെ ഒരു സ്വതന്ത്ര ബിസിനസ് മേഖലയായി മാറിയെന്നത് ഡിജിറ്റൽ മുതലാളിത്തത്തിന്റെ ഒരു പ്രത്യേകതയാണ്. ഇതാണ് എഐ വ്യവസായത്തിന്റെ അടിത്തറ.
പക്ഷേ, ഡിജിറ്റൽ മുതലാളിത്തത്തിന്റെ പുതിയൊരു ഘട്ടത്തെയാണ് എഐ പ്രതിനിധാനം ചെയ്യുന്നത്. എഐ കാലത്തെ തനതു സ്വഭാവമുള്ള ഒരു പുതിയ ഘട്ടമായി മാറ്റുന്ന ഘടകങ്ങൾ പലതാണ്:
ഒന്ന്: പിന്നീട് മാറ്റം വന്നെങ്കിലും വികേന്ദ്രീകരണ വാഗ്ദാനങ്ങളുമായാണ് ഡിജിറ്റൽ മുതലാളിത്തത്തിന്റെ തുടക്ക കാലത്ത് ഇന്റർനെറ്റ് എത്തിയത്. എന്നാൽ, ആദ്യം തൊട്ടേ അമിതമായ കേന്ദ്രീകരണമാണ് എഐയുടെ മുഖമുദ്ര. അതിനു വേണ്ട ഭീമമായ ഗണനശേഷിയും ഊർജ്ജവും ഉറപ്പു വരുത്തുന്നതിന് ആവശ്യമായ വൻതോതിലുള്ള മൂലധന നിക്ഷേപം എഐ വ്യവസായത്തെ ഒലിഗോപോളികളുടേതാക്കി മാറ്റുന്നു. മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, മെറ്റ തുടങ്ങിയ ബിഗ് ടെക് കമ്പനികളും, ഓപ്പൺഎഐയും ആന്ത്രോപിക്കും പോലുള്ള വിരലിലെണ്ണാവുന്ന സ്റ്റാർട്ടപ്പുകളും, ഇവരെ പിന്തുണയ്ക്കുന്ന ഫിനാൻസ് മൂലധന താല്പര്യങ്ങളുമാണ് ഈ മേഖലയുടെ ദിശ നിർണ്ണയിക്കുന്നത്.

രണ്ട്: മനുഷ്യബുദ്ധിയെ മറികടക്കുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് എന്ന ലക്ഷ്യത്തിലെത്താൻ അൽഗോരിതങ്ങളുടെയും മോഡലുകളുടെയും നൂതനത്വത്തേക്കാൾ, കൂടുതൽ ഡാറ്റ ഉപയോഗിച്ചുള്ള വിപുലമായ പരിശീലനമാണ് (scaling) പ്രധാനമെന്ന് ഈ കമ്പനികൾ വിശ്വസിക്കുന്നു. ഇതിനുവേണ്ട സൗകര്യങ്ങൾ അതിവേഗം കെട്ടിപ്പടുക്കാനുള്ള തിടുക്കം വിവേചനരഹിതമായ ഒരു മത്സരയോട്ടത്തിലേക്കാണ് ഈ വ്യവസായത്തെ നയിക്കുന്നത്. പാരിസ്ഥിതികപ്രശ്നങ്ങളും മറ്റ് പ്രത്യാഘാതങ്ങളും തീർത്തും അവഗണിക്കപ്പെടുന്നു.
മൂന്ന്: ചിപ്പുകൾ, ഡാറ്റാ സെന്ററുകൾ, ഊർജ്ജം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പരമപ്രധാനമാകുമ്പോൾ സോഫ്റ്റ്വെയർ കമ്പനികൾക്കൊപ്പം ഹാർഡ്വെയർ കമ്പനികളുടെയും പ്രാധാന്യം വർദ്ധിക്കുന്നു. ചിപ്പ് നിർമ്മിതാക്കളായ എൻവിഡിയ ആഗോളതലത്തിൽ വിപണിമൂല്യം ഏറ്റവും കൂടിയ കമ്പനികളിലൊന്നായി മാറിയത് അങ്ങനെയാണ്. വിവര സാങ്കേതികവിദ്യയുടെ ഭൗതികമായ അടിത്തറ ഇത്രമേൽ പ്രകടമായ മറ്റൊരു കാലമുണ്ടായിട്ടില്ല.

നാല്: ഭരണകൂടം മുതൽ മുടക്കി നിർമ്മിച്ചെടുത്ത സാങ്കേതികവിദ്യകളെ പിന്നീട് സിവിലിയൻ ആവശ്യങ്ങൾക്കായി തുറന്നു നൽകിയപ്പോഴാണ് ഡിജിറ്റൽ മുതലാളിത്തം ഉണ്ടാകുന്നത്. എന്നാൽ എഐ രൂപപ്പെടുന്നതു തന്നെ സ്വകാര്യ കമ്പനികളിലാണ്. പക്ഷേ സ്വതന്ത്രവ്യാപാരവും ആഗോളവൽക്കരണവും വലിയ മാറ്റങ്ങളെ അഭിമുഖീകരിക്കുന്ന ഇക്കാലത്ത് അടിസ്ഥാനസൗകര്യ വികസനങ്ങൾക്കാവശ്യമായ ചരക്കുകളുടെ വിതരണശൃംഖല ഉറപ്പാക്കാനും വിപണിയിലെ നിയന്ത്രണങ്ങളിൽ ഇളവ് നേടാനുമൊക്കെ എഐ കമ്പനികൾ ഭരണകൂടങ്ങളുമായി സഖ്യമുണ്ടാക്കാൻ നിർബന്ധിതരാകുന്നു. അതേസമയം, ദേശസുരക്ഷ തൊട്ട് സാമ്പത്തിക മേധാവിത്വവും സാമ്രാജ്യത്വ-സമഗ്രാധിപത്യ മോഹങ്ങളും വരെയുള്ള ആവശ്യങ്ങൾ മുൻനിർത്തി ഭരണകൂടങ്ങൾ ഈ സാങ്കേതികവിദ്യയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ഇത് കോർപ്പറേറ്റുകളുടെ ലാഭേച്ഛയും ഭരണകൂട താല്പര്യങ്ങളും ഒന്നിക്കുന്ന ഒരു ‘കോർപ്പറേറ്റ്-ഭരണകൂട സമുച്ചയം’ (corporate-state complex) രൂപപ്പെടാൻ വഴിയൊരുക്കുന്നു.
അഞ്ച്: അതിനൂതന എഐ മോഡലുകൾക്ക് പകരം കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കാര്യക്ഷമത വർദ്ധിപ്പിക്കാനുതകുന്ന ചെലവ് കുറഞ്ഞ പ്രായോഗിക ടൂളുകൾക്കാണ് എഐ രംഗത്തെ രണ്ടാമത്തെ പ്രധാന ശക്തിയായ ചൈന മുൻഗണന നൽകുന്നത്. പക്ഷേ ആഗോളതലത്തിൽ ഈ ചൈനീസ് മോഡൽ ദീർഘകാലാടിസ്ഥാനത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തും എന്ന് കണ്ടറിയേണ്ടതുണ്ട്. എഐ സാങ്കേതികവിദ്യയ്ക്ക് മേൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനുള്ള കർശന നിയന്ത്രണവും അതിനെ ഒരു തുരുത്തിലകപ്പെടുത്താൻ ഇടയാക്കുന്നുണ്ട്.

ചുരുക്കി പറഞ്ഞാൽ സ്വകാര്യ മൂലധനത്തിന്റെയും ഭരണകൂടങ്ങളുടെയും താൽപര്യങ്ങളുമായി സങ്കീർണമായി ഇടകലർന്നാണ് എഐ സാങ്കേതികവിദ്യകളുടെ വികസനം നടക്കുന്നത്. ഈ സമ്മർദ്ദം പൊതുതാല്പര്യങ്ങൾ അവഗണിക്കപ്പെടാൻ ഇടയാക്കുന്നു.
വൈദ്യശാസ്ത്രം, കാലാവസ്ഥാ പഠനം തുടങ്ങിയ മനുഷ്യോപകാരപ്രദങ്ങളായ നിരവധി രംഗങ്ങളിൽ വലിയ മുന്നേറ്റങ്ങൾക്കുള്ള സാധ്യതകൾ തുറന്നിടുന്നുണ്ട് എഐ എന്നത് തീർച്ചയാണ്.
പക്ഷേ, പ്രാഥമികമായി ലാഭം മാത്രം ലക്ഷ്യമാക്കുന്ന, തൊഴിൽമേഖലകളിൽ അസ്ഥിരത സൃഷ്ടിക്കുന്ന, ഭരണകൂടങ്ങളുടെയും മൂലധനശക്തികളുടെയും നിയന്ത്രണാധികാരം ശക്തിപ്പെടുത്തുന്ന ഒരു ഉപകരണമായി അത് മാറുന്നു.
തൊഴിലിന്റെ ഭാവി
എഐ തരംഗം തൊഴിലിടങ്ങളിൽ വരുത്തിയേക്കാവുന്ന യഥാർത്ഥ ആഘാതം ഇപ്പോഴും പ്രവചനാതീതമാണ്. എങ്കിലും പ്രോഗ്രാമിങ്, ഉള്ളടക്ക നിർമ്മാണം, വൈറ്റ് കോളർ ജോലികൾ തുടങ്ങിയ മേഖലകളിൽ എഐ ഇപ്പോൾ തന്നെ ഉയർത്തുന്ന വെല്ലുവിളികൾ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ ദിശാസൂചകമായി കാണാം.
ചരിത്രപരമായി നോക്കിയാൽ, സാങ്കേതികവിദ്യകൾ പഴയ തൊഴിലുകളെ ഇല്ലാതാക്കുന്നതിനോടൊപ്പം ഏറെക്കുറെ സമാനമായ അളവിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നത് കാണാം. അതിനു കാരണം നിരന്തരമായ വികസനത്തിന് പുതിയ ഇടങ്ങൾ കണ്ടെത്തിയേ മുതലാളിത്തത്തിന് നിലനിൽക്കാനാവൂ എന്നതാണ്.
ഈ വികസനം പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നു. എഐയുടെ കാര്യത്തിലും ഈ പ്രവണത ആവർത്തിക്കപ്പെടുമോ എന്നത് വർത്തമാനകാലം നേരിടുന്ന വലിയ ചോദ്യങ്ങളിലൊന്നാണ്.
കാൾ മാർക്സ് മൂലധനത്തിൽ മുതലാളിത്തത്തിനകത്തെ യന്ത്രവൽക്കരണത്തെ കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. യന്ത്രവൽക്കരണം “സചേതനാധ്വാനത്തെ” (Living Labor) “മൃതാധ്വാനം” (Dead Labor) അഥവാ യന്ത്രങ്ങൾ കൊണ്ട് മാറ്റി സ്ഥാപിക്കുന്നു. പക്ഷേ മനുഷ്യാധ്വാനം മാത്രമാണ് പുതിയ മൂല്യം സൃഷ്ടിക്കുന്നത്.
സ്ഥിരമൂലധനമായ യന്ത്രങ്ങൾ അവയുടെ നിർമ്മാണത്തിന് ഉപയോഗിച്ച മൂല്യം ഉൽപ്പന്നങ്ങളിലേക്ക് കൈമാറുക മാത്രമാണ് ചെയ്യുന്നത്.
എങ്കിലും, ഉൽപ്പാദനക്ഷമത കൂട്ടാനും വേതനച്ചെലവ് കുറയ്ക്കാനും യന്ത്രങ്ങൾ സഹായിക്കുന്നത് താൽക്കാലികമായെങ്കിലും ലാഭ വർധന സാധ്യമാകുന്നു. കൂടാതെ, യന്ത്രങ്ങൾ മനുഷ്യരെ നിഷ്കാസനം ചെയ്യുന്നത് മൂലമുണ്ടാകുന്ന തൊഴിലില്ലായ്മ തൊഴിലാളികളുടെ വിലപേശൽ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

എന്നാൽ മത്സരത്തിന്റെ ഭാഗമായി യന്ത്രവൽക്കരണത്തിന് കൂടുതൽ മൂലധനം ചെലവാക്കേണ്ടി വരുന്നത് ആത്യന്തികമായി ലാഭനിരക്ക് കുറയുന്നതിലേക്ക് നയിക്കുന്നു. യന്ത്രവൽക്കരണം മൂലം തൊഴിലും വരുമാനവും കുറയുന്നതോടെ വിപണിയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ലാത്ത അമിത ഉൽപ്പാദന പ്രതിസന്ധിയും സംജാതമാകുന്നു.
സങ്കീർണമായ ജോലികൾ മനുഷ്യ ഇടപെടലുകളില്ലാതെ ചെയ്യുന്ന ഓട്ടോണോമസ് എഐ ഏജന്റുകൾ, എഐ അൽഗോരിതങ്ങൾ സന്നിവേശിപ്പിച്ചിട്ടുള്ള റോബോട്ടുകൾ, നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ എഐയുടെ പുതുരൂപങ്ങൾ ഈ ആന്തരിക വൈരുദ്ധ്യങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്ന് ഉറപ്പാണ്.
മനുഷ്യർക്കായി പുതിയ തൊഴിലുകൾ കണ്ടെത്തുക മുതലാളിത്തത്തിന് ബുദ്ധിമുട്ടാകുന്നു.
മാത്രമല്ല, യന്ത്രങ്ങൾ പൂർണമായും മനുഷ്യാധ്വാനത്തിന്റെ സ്ഥാനം ഏറ്റെടുത്ത് തുടങ്ങുമ്പോൾ അധ്വാനത്തെ ആധാരമാക്കിയുള്ള മൂല്യനിർമ്മിതിയിലും, ചരക്കുൽപാദനത്തിലും, അവയുടെ വിപണിയിലും അധിഷ്ഠിതമായ മുതലാളിത്തത്തിന്റെ ആന്തരികഘടന തന്നെ അസ്ഥിരമാകുന്നു. മാർക്സ് ‘ഗ്രുണ്ട്രിസ്സെ’യിൽ (Grundrisse) അവതരിപ്പിച്ച സമൂഹത്തിന്റെ പൊതുബുദ്ധിയെ (General Intellect) കുറിച്ചുള്ള നിരീക്ഷണം ഈ പ്രക്രിയയെ മനസ്സിലാക്കാൻ ഉതകുന്നതാണ്.
ശാസ്ത്രവും സാങ്കേതികവിദ്യയും ഉൾപ്പെടുന്ന സമൂഹത്തിന്റെ സഞ്ചിതജ്ഞാനം യന്ത്രങ്ങളിൽ അടക്കം ചെയ്യപ്പെട്ട് മുഖ്യ ഉൽപ്പാദനശക്തിയായി മാറുന്നതാണ് പൊതുബുദ്ധി.

എഐയെ ഈ പൊതുബുദ്ധിയുടെ ഏറ്റവും വികസിതമായ രൂപമായി കാണാം. അതിന് വിമോചനസാധ്യതകൾ ഏറെയുണ്ട്. പക്ഷേ മുതലാളിത്ത സമ്പദ്വ്യവസ്ഥയിൽ വിപ്ലവകരമായ ഒരു പുനഃസംഘടന ഉണ്ടായില്ലെങ്കിൽ അതിജീവനത്തിനുതകുന്ന തൊഴിലുകൾ നിർമ്മിതബുദ്ധിക്കാലത്ത് വിരളമാകും. അതായത്, നീതിപൂർവമായ ഒരു സമൂഹ സൃഷ്ടിക്ക് വേണ്ടിയുള്ള പ്രായോഗികമായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ അഭാവത്തിൽ, എഐ സൃഷ്ടിക്കുന്ന അസ്ഥിരത കൂടുതൽ ചൂഷണാത്മകവും മനുഷ്യത്വരഹിതവുമായ ഒരു വ്യവസ്ഥയിലേക്കാവും സമൂഹത്തെ നയിക്കുക.
അന്യവൽക്കരണത്തിന്റെ ആഴം
തൊഴിലിടങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല എഐയുടെ സ്വാധീനം. ഒരു സാങ്കേതികവിദ്യ എന്നതിനപ്പുറം വ്യക്തികളുടെ ചിന്തയെയും ബോധത്തെയും നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സാമൂഹികശക്തി കൂടിയാണത്. പലപ്പോഴും ഇതിന്റെ ആത്യന്തികമായ അനന്തരഫലം സഹജീവികളോടും ചുറ്റുപാടുകളോടും വ്യക്തി പുലർത്തുന്ന സ്വാഭാവികമായ ജൈവബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും അന്യവൽക്കരണവുമാണ്.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്ന മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ വ്യക്തികളെ മനസ്സിലാക്കുക മാത്രമല്ല ചെയ്യുന്നത്. ശോഷാന സുബോഫ് തന്റെ ‘സർവൈലൻസ് ക്യാപിറ്റലിസം’ എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത് പോലെ അവരുടെ പെരുമാറ്റത്തെ വിപണിയുടെ താൽപ്പര്യത്തിനനുസരിച്ച് രൂപപ്പെടുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, സോഷ്യൽ മീഡിയ അൽഗോരിതങ്ങളുടെ പ്രവർത്തനരീതി നോക്കുക. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഓൺലൈൻ ലോകത്തെ അംഗീകാരമാണ് ഏറ്റവും പ്രധാനമെന്ന തോന്നലുണ്ടാക്കുന്നതിൽ അവ വിജയിക്കുന്നു. ഇതോടെ യഥാർത്ഥ ബന്ധങ്ങളേക്കാൾ പ്രാധാന്യം ഡിജിറ്റൽ ഇടപെടലുകൾക്ക് ലഭിക്കുകയും, വ്യക്തിയുടെ ഓൺലൈൻ സാന്നിധ്യം ഒരു വിപണനവസ്തുവായി മാറുകയും ചെയ്യുന്നു. ഈ ‘ഡിജിറ്റൽ അന്യവൽക്കരണം’ മനുഷ്യന്റെ സ്വാഭാവിക സ്വത്വത്തെയും ആധികാരികമായ ബന്ധങ്ങളെയും ഇല്ലാതാക്കുന്നു.

ജനറേറ്റീവ് എഐയുടെ കാലത്ത് അറിവ് നിർമ്മാണത്തിലും വിമർശനാത്മക ചിന്തയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.
എഐ നൽകുന്ന വിവരങ്ങളെയും ഉള്ളടക്കങ്ങളെയും അമിതമായി ആശ്രയിക്കുന്നത് വ്യക്തികളുടെ സ്വതന്ത്ര ചിന്താശേഷിയെ തളർത്താൻ ഇടയാക്കും.
മാർക്സിസ്റ്റ് ചിന്തകനായ ഹാരി ബ്രാവർമാൻ വ്യവസായ മേഖലയിൽ നിരീക്ഷിച്ച ‘ഡി-സ്കില്ലിംഗ്’ (De-skilling) പ്രതിഭാസം ഇന്ന് ബൗദ്ധിക മേഖലയിലേക്കും വ്യാപിക്കുകയാണ്. വിവരങ്ങൾ സ്വയം വിശകലനം ചെയ്യുന്നതിനും ചോദ്യം ചെയ്യുന്നതിനുമുള്ള ശേഷി നഷ്ടപ്പെട്ട്, ഉപരിപ്ലവമായ അറിവിനായി യന്ത്രങ്ങളെ ആശ്രയിക്കുന്ന ഒരു സാഹചര്യം ഇത് സൃഷ്ടിക്കുന്നു. ആഴത്തിലുള്ള പഠനത്തിന് പകരം വൈജ്ഞാനികമായ ഈ പരാശ്രയത്വം വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

യന്ത്രനിർമ്മിതമായ ഉള്ളടക്കങ്ങളെ മനുഷ്യനിർമ്മിതമായതിൽ നിന്നും, സത്യത്തെ മിഥ്യയിൽ നിന്നും വേർതിരിച്ചറിയാൻ കഴിയാത്തവിധം സങ്കീർണ്ണമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്.
വ്യാജവാർത്തകളും അൽഗോരിതമിക് പേഴ്സണലൈസേഷനും ചേർന്ന് പൊതുമണ്ഡലത്തെ ‘എക്കോ ചേംബറുകളായി’ വിഭജിക്കുന്നത് ജനാധിപത്യപരമായ സംവാദങ്ങളെ ദുർബലപ്പെടുത്തുന്നു.
ഹേബർമാസിനെപ്പോലുള്ള ചിന്തകർ മുൻകൂട്ടി കണ്ടതുപോലെ, ഇത് കൂട്ടായ ചർച്ചകൾക്കുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു. അതോടൊപ്പം, പുതിയ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന് മുമ്പെങ്ങുമില്ലാത്തവിധം വലിയ ഭീഷണി ഉയർത്തുകയും ചെയ്യുന്നു.
എഐ വിവിധ തലങ്ങളിൽ അന്യവൽക്കരണത്തിന് കാരണമാകുന്നുവെന്ന് ചുരുക്കം. ജോലികൾ യന്ത്രങ്ങളെ ഏൽപ്പിക്കുന്നതിലൂടെ സ്വന്തം കർമ്മങ്ങളിൽ നിന്നും, അൽഗോരിതങ്ങൾ ബന്ധങ്ങളെ നിയന്ത്രിക്കുന്നതിലൂടെ അപരരിൽ നിന്നും, അറിവ് നിഷ്ക്രിയമായി സ്വീകരിക്കുന്നതിലൂടെ ജ്ഞാനത്തിൽ നിന്നും മനുഷ്യൻ വിച്ഛേദിക്കപ്പെടുന്നു. നമ്മുടെ താൽപ്പര്യങ്ങളെ അൽഗോരിതങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്നതോടെ വ്യക്തിസ്വാതന്ത്ര്യം നഷ്ടമാകുന്നു; ജൈവികമായ സാമൂഹികത ഇല്ലാതാകുന്നു.
ശാക്തീകരണം വാഗ്ദാനം ചെയ്യുന്ന എഐ പലപ്പോഴും പരാശ്രയത്വവും സർവൈലൻസുമാണ് പകരമായി നൽകുന്നത്. ഈ വിരോധാഭാസം ഒരു യാദൃശ്ചികതയല്ല. അതിൽ അന്തർലീനമായ അധികാരഘടനയുടെ പ്രവർത്തനമാണ്.
നിർമ്മിതബുദ്ധിയെന്ന ഫെറ്റിഷിസം
ഡിജിറ്റൽ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്ര മുഖമുദ്രകളിലൊന്ന് എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി സാങ്കേതികവിദ്യയാണെന്ന വാദമാണ്. ഈ സമീപനം പ്രശ്നങ്ങളുടെ യഥാർത്ഥ സാമൂഹിക-രാഷ്ട്രീയ കാരണങ്ങളെ പാടേ അവഗണിക്കുന്നു. സാങ്കേതികവിദ്യക്ക് അതിന്റേതായ ഒരു മാന്ത്രികശക്തിയുണ്ടെന്ന് കരുതുന്ന ഒരു ‘സാങ്കേതിക ഫെറ്റിഷിസം’ (Technology Fetishism) ഇവിടെ രൂപപ്പെടുന്നു. മാർക്സ് മൂലധനത്തിൽ വാചാലമായി വിവരിക്കുന്ന ചരക്ക് (Commodity) ഫെറ്റിഷിസത്തിന് സമാനമാണിത്. ചരക്കുകൾക്ക് അവ ഉൽപ്പാദിപ്പിക്കുന്ന മനുഷ്യാധ്വാനമുൾപ്പെടെയുള്ള സാമൂഹിക ബന്ധങ്ങളിൽ നിന്ന് സ്വതന്ത്രമായി, അവയിൽ സ്വയം അന്തർലീനമായ ഒരു മൂല്യവും “മാന്ത്രിക” ശക്തിയും ഉണ്ടെന്ന് തോന്നുന്നതിനെ വിശേഷിപ്പിക്കാനാണ് അദ്ദേഹം ഈ വിശേഷണം ഉപയോഗിക്കുന്നത്.
എഐയിലേക്ക് വന്നാൽ, അത് അനിവാര്യവും ആത്യന്തികമായി ഗുണകരവുമാണെന്ന ധാരണ പരത്താൻ ഈ പ്രത്യയശാസ്ത്രം ശ്രമിക്കുന്നു. ഈ മായക്കാഴ്ചയിൽ എഐ സാമൂഹിക-ചരിത്ര പശ്ചാത്തലമില്ലാത്ത ഒരു സ്വയംപര്യാപ്ത പ്രതിഭാസമാണ്. അടുത്ത കാലത്ത് ‘മന്ത്ലി റിവ്യൂ’വിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ മാർക്സിസ്റ്റ് ചിന്തകനായ ജോൺ ബെല്ലാമി ഫോസ്റ്റർ എഐ ഫെറ്റിഷിസത്തെ വിശദമായി പഠിക്കുന്നുണ്ട്.

ഈ ഫെറ്റിഷിസം എഐയുടെ വികസനത്തിന് പിന്നിലെ ഭൗതിക സാഹചര്യങ്ങളെയും മനുഷ്യാധ്വാനത്തെയും അധികാരബന്ധങ്ങളെയും അദൃശ്യമാക്കുന്നു. എഐയുടെ സാമൂഹികസ്വഭാവവും അതിന്റെ പ്രത്യാഘാതങ്ങളും മറച്ചുവെച്ച്, അത് പിടിച്ചുനിർത്താനാകാത്ത ഒരു സ്വാഭാവിക മാറ്റമാണെന്ന് വരുത്തിത്തീർക്കുമ്പോൾ, അതിനെക്കുറിച്ചുള്ള ജനാധിപത്യപരമായ ചർച്ചകൾ അസാധ്യമാകുന്നു. അതുപോലെ തന്നെ ആശങ്കാജനകമാണ് അൽഗോരിതങ്ങൾ സമം വസ്തുനിഷ്ഠത എന്ന തെറ്റായ ധാരണ.
സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധികളിൽ നിന്നും വിവേചനങ്ങളിൽ നിന്നും എഐ വിമുക്തമല്ലെന്നും, പലപ്പോഴും അവ നിലവിലുള്ള അസമത്വങ്ങളെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുന്നതെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.
നിലവിലുള്ള ആധിപത്യശക്തികളെ ഊട്ടിയുറപ്പിക്കാനാണ് എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. എഐയോടുള്ള ആശ്രയം കൂടി വരുമ്പോൾ മനുഷ്യന്റെ വിമർശനാത്മകവും ക്രിയാത്മകവുമായ ഇടപെടലുകൾക്ക് ഇടം കുറയുന്നു. മനുഷ്യരുടെ അടിസ്ഥാനസ്വഭാവം അറിവിന്റെയും ബുദ്ധിയുടെയും ബാഹ്യകേന്ദ്രങ്ങളോടുള്ള വിധേയത്വവും നിഷ്ക്രിയമായ അനുസരണയും ആയി മാറുന്നു. യന്ത്രസംവിധാനങ്ങൾ സ്വതന്ത്രവും അപ്രമാദിത്വമുള്ളതുമാണെന്ന തെറ്റായ ധാരണ പടരുന്നതോടെ, ജനാധിപത്യപരമായ നിയന്ത്രണങ്ങളില്ലാത്ത സാങ്കേതികവിദ്യകൾക്ക് മേൽ നാം പൂർണ്ണമായും അടിയറവ് പറയുന്ന അവസ്ഥയാണുണ്ടാകുന്നത്.
മനുഷ്യരുടെ മേധാശക്തിയുടെ യന്ത്രരൂപമായ എഐയെ പോലൊരു സാങ്കേതികവിദ്യക്ക് പ്രത്യയശാസ്ത്ര നിരപേക്ഷമാകാനാകില്ല. കാരണം അത് രൂപപ്പെടുന്നത് സാമൂഹിക-സാമ്പത്തിക ബന്ധങ്ങളിലും അധികാരഘടനകളിലും ആഴത്തിൽ വേരൂന്നിക്കൊണ്ടാണ്. അതുകൊണ്ട് എഐയോടുള്ള ഫെറ്റിഷിസം കൈവെടിയുകയാണ് അതിനെ അതിന്റെ വിമോചനാത്മകമായ വലിയ സാധ്യതകളിലേക്ക് നയിക്കാനുള്ള ആദ്യ പടി.





