A Unique Multilingual Media Platform

Articles Development Education Kerala Policy Society

മുറുകുന്ന കയറും ക്ലാസ് മുറിയും

  • June 15, 2026
  • 1 min read
മുറുകുന്ന കയറും ക്ലാസ് മുറിയും

(കേരളത്തിലെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലേക്കുള്ള സംഘപരിവാറിന്റെ സംഘടിത കടന്നുകയറ്റം)

 

‘കയറ് വലിയുമ്പോൾ മാത്രമേ പശുവിന് പാരതന്ത്ര്യത്തിന്റെ ബോധം ഉണ്ടാവുകയുള്ളൂ; അതുവരെ താനൊരു ജനാധിപത്യ വ്യവസ്ഥയിലാണെന്ന് ഏത് പശുവും വിശ്വസിക്കുന്നു.’ — എം എൻ വിജയൻ

 

രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് എം.എൻ വിജയന്റെ ഈ വാക്കുകൾ ഇന്ന് മുമ്പത്തേക്കാൾ പ്രസക്തമാണ്. ജനാധിപത്യത്തിന്റെ പുറംരൂപം നിലനിർത്തിക്കൊണ്ട് അതിന്റെ ഉള്ളടക്കം മാറ്റിമറിക്കുന്ന രാഷ്ട്രീയ പ്രക്രിയകളെ കുറിച്ചുള്ള ഏറ്റവും കൃത്യമായ നിരീക്ഷണങ്ങളിൽ ഒന്നാണിത്. ഭരണകൂടങ്ങൾ മാറും, തിരഞ്ഞെടുപ്പുകൾ നടക്കും, സർവകലാശാലകൾ പ്രവർത്തിക്കും, കോടതികൾ നിലനിൽക്കും. എന്നാൽ ആ സ്ഥാപനങ്ങളുടെ ആത്മാവും ലക്ഷ്യവും പ്രവർത്തനരീതിയും പതുക്കെ മാറ്റപ്പെടുകയാണെങ്കിൽ ജനാധിപത്യത്തിന്റെ പേരിൽ തന്നെ ജനാധിപത്യവിരുദ്ധമായ ഒരു സാമൂഹിക ബോധം നിർമ്മിക്കപ്പെടാം.

ഇന്ത്യയിൽ സംഘപരിവാർ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പിന്തുടരുന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പദ്ധതികളിലൊന്ന് ഇതുതന്നെയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം രാജ്യത്തെ വിദ്യാഭ്യാസം, സംസ്കാരം, ചരിത്രം, ഗവേഷണം, മാധ്യമം, സിവിൽ സൊസൈറ്റി എന്നിവയെ ആശയപരമായി പുനർനിർമ്മിക്കാനുള്ള ഒരു ദീർഘകാല അജണ്ടയാണിത്. കേരളത്തിൽ അടുത്തിടെ ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത സമ്മേളനങ്ങളും, കൊച്ചിയിലെ ‘ഗ്യാൻ സഭ’ പോലുള്ള രഹസ്യ സ്വഭാവമുള്ള കൂടിക്കാഴ്ചകളും ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്.

 

അധികാരം പിടിച്ചെടുക്കുന്നതല്ല, ബോധത്തെ പുനർനിർമ്മിക്കുകയാണ് ലക്ഷ്യം

രാഷ്ട്രീയ അധികാരം നേടുക എന്നത് സംഘപരിവാറിന്റെ അന്തിമ ലക്ഷ്യമല്ല. കാരണം ഭരണകൂടങ്ങൾ മാറാം. തിരഞ്ഞെടുപ്പ് ഫലങ്ങൾ അനുകൂലമല്ലാതാകാം. എന്നാൽ ഒരു സമൂഹത്തിന്റെ ചരിത്രബോധവും സാംസ്കാരിക ബോധവും വിദ്യാഭ്യാസ സംവിധാനവും മാറ്റാൻ കഴിഞ്ഞാൽ രാഷ്ട്രീയ അധികാരത്തേക്കാൾ സ്ഥിരതയുള്ള ആധിപത്യം സ്ഥാപിക്കാനാകും.

ഈ ആശയം പുതുമയുള്ളതല്ല. ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസ്സോളിനിയും ജർമ്മനിയിലെ നാസി ഭരണകൂടവും വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ നിയന്ത്രണത്തിലാക്കാൻ പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. ചരിത്രം, സാഹിത്യം, സംസ്കാരം എന്നിവയെ പുനർനിർവചിച്ചുകൊണ്ടാണ് അവർ അവിടെ പുതിയൊരു ദേശീയ ബോധം സൃഷ്ടിക്കാൻ ശ്രമിച്ചത്.

ഇന്ത്യയിൽ സംഘപരിവാറും സമാനമായ ഒരു ദീർഘകാല സാമൂഹിക-സാംസ്കാരിക പദ്ധതിയാണ് പിന്തുടരുന്നത്. സ്കൂൾ പാഠപുസ്തകങ്ങൾ മുതൽ സർവകലാശാല ഗവേഷണ കേന്ദ്രങ്ങൾ വരെ വ്യാപിക്കുന്ന ഒരു ആശയപരമായ ശൃംഖല നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് അവർ വിലയിരുത്തുന്നു.

 

ദേശീയ വിദ്യാഭ്യാസ നയം: കേന്ദ്രീകരണവും ആശയപരമായ പുനർക്രമീകരണവും

2020-ൽ പ്രഖ്യാപിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസനയം (NEP) ഈ ചർച്ചകളുടെ കേന്ദ്രത്തിലാണ് നിലകൊള്ളുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ബഹുവിഷയ പഠനം പ്രോത്സാഹിപ്പിക്കുക തുടങ്ങി പുരോഗമനപരമെന്ന് തോന്നാമെന്ന ചില നിർദ്ദേശങ്ങൾ നയത്തിൽ ഉണ്ടെങ്കിലും, അതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ഗൗരവമുള്ളവയാണ്.

വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങളുടെ അധികാരം കുറയ്ക്കുകയും കേന്ദ്രത്തിന്റെ നിയന്ത്രണം വർധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് NEP2020 നോടുള്ള പ്രധാന വിമർശനം. ഇന്ത്യ പോലുള്ള ഫെഡറൽ രാജ്യത്തിൽ വിദ്യാഭ്യാസം വെറും ഭരണപരമായ വിഷയമല്ല; അത് ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രാദേശിക ചരിത്രത്തിന്റെയും പ്രശ്നമാണ്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ നയരൂപീകരണത്തിൽ പ്രാദേശിക ഇടപെടലുകൾ കുറയുകയും കേന്ദ്രവൽക്കരണം ശക്തിപ്പെടുകയും ചെയ്യുമ്പോൾ അത് ഭരണഘടനയുടെ ഫെഡറൽ ആത്മാവിനെ തന്നെ ബാധിക്കുന്ന വലിയ വിഷയമായി മാറുന്നു.

അതോടൊപ്പം, ‘ഭാരതീയ പാരമ്പര്യം’, ‘ഇന്ത്യൻ ജ്ഞാനപാരമ്പര്യം’ തുടങ്ങിയ പേരുകളിൽ അവതരിപ്പിക്കപ്പെടുന്ന ചില ആശയങ്ങൾ ശാസ്ത്രീയ ചരിത്രപഠനത്തെയും വിമർശനാത്മക ചിന്തയെയും ദുർബലപ്പെടുത്തുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

 

പാഠപുസ്തക പരിഷ്കാരങ്ങൾ: ചരിത്രത്തിന്റെ രാഷ്ട്രീയവൽക്കരണം

വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും വിവാദമായ ഇടപെടലുകളിലൊന്നാണ് പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾ. എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തിന്റെ ഭാഗങ്ങൾ ഒഴിവാക്കൽ, മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ചുരുക്കൽ, ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യൽ, മതേതരത്വവുമായി ബന്ധപ്പെട്ട ചില ചർച്ചകൾ ഒഴിവാക്കൽ തുടങ്ങിയ നടപടികൾ രാജ്യവ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്.

ചരിത്രത്തെ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനർപരിശോധിക്കുന്നത് അക്കാദമിക് പ്രക്രിയയുടെ ഭാഗമാണ്. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചരിത്രത്തിന്റെ അസൗകര്യകരമായ ഭാഗങ്ങൾ മറച്ചുവയ്ക്കുന്നത് ചരിത്രരചനയല്ല; അത് ചരിത്രത്തിന്റെ രാഷ്ട്രീയവൽക്കരണമാണ്. ചരിത്രം ഒരു രാജ്യത്തിന്റെ കൂട്ടായ ഓർമ്മയാണ്. ആ ഓർമ്മയെ നിയന്ത്രിക്കാൻ കഴിയുന്നവർക്ക് ഭാവിയെയും നിയന്ത്രിക്കാൻ കഴിയും.

 

ഗവർണർ-സർവകലാശാല തർക്കങ്ങൾ: കേരളത്തിലെ പുതിയ അധികാര രാഷ്ട്രീയ പ്രതിസന്ധി

കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ നടന്ന സർവകലാശാല തർക്കങ്ങൾ വെറും ഭരണഘടനാപരമായ അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല.

വൈസ് ചാൻസലർ നിയമനങ്ങൾ, സെനറ്റ് അംഗങ്ങളുടെ നോമിനേഷൻ, സർവ്വകലാശാലകളുടെ ചാൻസലർ പദവി, അക്കാദമിക് കൗൺസിലുകളുടെ രൂപീകരണം തുടങ്ങിയ വിഷയങ്ങളിൽ ഉണ്ടായ സംഘർഷങ്ങൾ വിദ്യാഭ്യാസ മേഖലയിലെ സർവ്വകലാശാലകളുടെ സ്വയംഭരണാധികാരത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

രാജേന്ദ്ര ആർലേകർ ചടങ്ങിൽ പങ്കെടുത്തു

സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന അംഗങ്ങളെ ഒഴിവാക്കി സ്വന്തം നോമിനികളെ നിയമിക്കാൻ ഗവർണർ ശ്രമിക്കുന്നതും, അക്കാദമിക് യോഗ്യതയേക്കാൾ ആശയപരമായ അടുപ്പം പരിഗണിക്കപ്പെടുന്നുവെന്ന വിമർശനങ്ങളും ഈ പശ്ചാത്തലത്തിൽ ഉയർന്നുവന്നിട്ടുണ്ട്.

കേരളത്തിലെ സർവ്വകലാശാലകൾ രാജ്യത്തെ ഏറ്റവും സജീവമായ പൊതുവിദ്യാഭ്യാസ ഇടങ്ങളിലൊന്നാണ്. അവിടേക്ക് രാഷ്ട്രീയ-ആശയപരമായ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള ഏത് ശ്രമവും സ്വാഭാവികമായും ശക്തമായ പ്രതിരോധങ്ങൾക്ക് ഇടയാക്കും.

 

ഗ്യാൻ സഭ: ഒരു സമ്മേളനത്തേക്കാൾ വലിയ രാഷ്ട്രീയ സന്ദേശം

ഈ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവത് പങ്കെടുത്ത, കേരളത്തിൽ വച്ച് നടന്ന ‘ഗ്യാൻ സഭ’ പോലുള്ള പരിപാടികളെ കാണേണ്ടത്. ഇത് ഒരു സാധാരണ ബൗദ്ധിക ചർച്ചാവേദിയാണെങ്കിൽ അതിന്റെ ഉള്ളടക്കവും തീരുമാനങ്ങളും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ എന്താണ് തടസം എന്ന ചോദ്യം ഉയരുന്നു.

കേരളത്തിലെ സമീപകാല രാഷ്ട്രീയ-വിദ്യാഭ്യാസ ചർച്ചകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവങ്ങളിലൊന്നാണ് 2025 ജൂലൈ 25 മുതൽ 28 വരെ കാലടിയും കൊച്ചിയും കേന്ദ്രീകരിച്ച് നടന്ന ദേശീയ വിദ്യാഭ്യാസ ‘ചിന്തൻ ബൈഠകും’ ‘ഗ്യാൻ സഭയും’. സംഘപരിവാർ അനുബന്ധ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് (SSUN) സംഘടിപ്പിച്ച ഈ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തത് ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവതായിരുന്നു. സമ്മേളനത്തിന്റെ പ്രമേയം തന്നെ ‘വികസിത ഭാരതത്തിനായുള്ള വിദ്യാഭ്യാസം’ എന്നതായിരുന്നു.

പരിപാടിയുടെ ആദ്യഘട്ടം എറണാകുളം-പിറവത്തിനടുത്തുള്ള വെളിയനാട്ടെ ആദിശങ്കര നിലയത്തിൽ ‘ദേശീയ വിദ്യാഭ്യാസ ചിന്തൻ ബൈഠക്’ എന്ന പേരിൽ ‘അടച്ചിട്ട’ ചർച്ചകളായാണ് നടന്നത്. സംഘാടകരുടെ തന്നെ പ്രസ്താവനകൾ പ്രകാരം ഈ സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ; രാജ്യത്തിനുള്ള ഹ്രസ്വകാല-ദീർഘകാല വിദ്യാഭ്യാസ തന്ത്രങ്ങൾ രൂപപ്പെടുത്തുക, ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കുന്നതിനുള്ള മാർഗരേഖകൾ ചർച്ച ചെയ്യുക, അതിനുള്ള ദിശ ഉണ്ടാക്കിയെടുക്കൽ എന്നിവയെല്ലാമായിരുന്നു.

ഫയൽ ഫോട്ടോ

ഈ സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കാൻ അതിന്റെ വേദിയും പങ്കാളികളും മാത്രം പരിശോധിച്ചാൽ മതി. ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി – ചിൻമയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആസ്ഥാനം, കേരളത്തിന്റെ ആത്മീയ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ള പ്രദേശം. ഈ പ്രതീകാത്മക ഭൂമികയിൽ ‘ഭാരതീയത’, ‘ഇന്ത്യൻ ജ്ഞാനപാരമ്പര്യം’, ‘വിദ്യാഭ്യാസത്തിന്റെ ഇന്ത്യനൈസേഷൻ’ തുടങ്ങിയ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമ്മേളനങ്ങൾ നടത്തപ്പെടുന്നത് യാദൃശ്ചികമായി കാണാനാവില്ല. രാജ്യത്തെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, യുജിസി പ്രതിനിധികൾ, എഐസിടിഇ ചെയർമാൻ, ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികൾ, വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇവിടെയാണ് പ്രധാന ചോദ്യം ഉയരുന്നത്. വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ജനാധിപത്യ സമൂഹത്തിൽ അനിവാര്യമാണ്. എന്നാൽ ഭരണഘടനാപരമായി മതനിരപേക്ഷമായ ഒരു രാഷ്ട്രത്തിലെ പൊതുവിദ്യാഭ്യാസ നയരൂപീകരണ ചർച്ചകളിൽ ഒരു പ്രത്യേക ആശയധാരയുമായി ബന്ധപ്പെട്ട സംഘടനകൾക്ക് ഇത്രയും വലിയ സ്വാധീനം ലഭിക്കുന്നത് സാധാരണ അക്കാദമിക് സംവാദമായി മാത്രം കാണാനാകുമോ?

സമീപകാലത്ത് ആർഎസ്എസ് നോമിനിയായ കേരളത്തിലെ ഗവർണർ നമ്മുടെ സർവകലാശാലകളിൽ നടത്തുന്ന ഇടപെടലുകൾ, വൈസ് ചാൻസലർ നിയമന വിവാദങ്ങൾ, സെനറ്റ് പുനഃസംഘടനകൾ, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ നടക്കുന്ന കേന്ദ്രീകരണ ശ്രമങ്ങൾ, പാഠപുസ്തക പരിഷ്കാരങ്ങൾ, ‘ഭാരതീയവൽക്കരണം’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസ സമ്മേളനങ്ങൾ — ഇവയെല്ലാം പരസ്പരം ബന്ധമില്ലാത്ത ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടുതന്നെ കാലടിയിലെ ‘ഗ്യാൻ സഭ’ ഒരു സാധാരണ വിദ്യാഭ്യാസ സമ്മേളനമെന്നതിലുപരി, വിദ്യാഭ്യാസ മേഖലയിലൂടെ ഇന്ത്യയുടെ ആശയപരമായ ഭാവി രൂപപ്പെടുത്താനുള്ള സംഘപരിവാർ പദ്ധതിയുടെ കേരളത്തിലെ ഏറ്റവും ദൃശ്യമായ പ്രകടനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

 

വിദ്യാഭ്യാസ – സാംസ്കാരിക മേഖലയിലെ പശുക്കൾ

എം എൻ വിജയൻ പറഞ്ഞതുപോലെ, പശുവിന് കഴുത്തിലെ കയറ് മുറുകുന്ന പ്രക്രിയ എപ്പോഴും കാണാനാവില്ല. എന്നാൽ ഒരു ദിവസം അതിന്റെ പരിധികൾ മനസ്സിലാകുമ്പോഴേക്കും സ്വാതന്ത്ര്യത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടിട്ടുണ്ടാകാം. വിദ്യാഭ്യാസ മേഖലയിലെ ഇന്നത്തെ രാഷ്ട്രീയ പോരാട്ടം യഥാർത്ഥത്തിൽ ആ കയറിന്റെ മുറുക്കത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ്.

കേരളത്തിലെ സർവകലാശാല മേധാവികൾ, ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രമുഖർ, സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങൾ എന്നിവരെ ഒരേ വേദിയിൽ കൊണ്ടുവന്ന് സംഘപരിവാർ നടത്തുന്ന ആശയവിനിമയങ്ങൾ വിദ്യാഭ്യാസ മേഖലയിലേക്കുള്ള ദീർഘകാല രാഷ്ട്രീയ നിക്ഷേപമായാണ് പലരും കാണുന്നത്. ഇത്തരം പരിപാടികളുടെ ലക്ഷ്യം ഉടനടി രാഷ്ട്രീയ നേട്ടമല്ല; പകരം ഭാവിയിലെ ആശയനേതൃത്വം രൂപപ്പെടുത്തലാണ്.

 

കേരളത്തിന്റെ ചരിത്രവും ഇന്നത്തെ വെല്ലുവിളിയും

കേരളത്തിന്റെ സാമൂഹിക പുരോഗതി രൂപപ്പെട്ടത് ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, പൊയ്കയിൽ യോഹന്നാൻ, വക്കം മൗലവി, വാഗ്ഭടാനന്ദൻ തുടങ്ങിയ നവോത്ഥാന നായകരുടെയും തൊഴിലാളി-കർഷക പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും യുക്തിവാദ _ ശാസ്ത്ര പ്രസ്ഥാനങ്ങളുടെയും ദീർഘകാല ഇടപെടലുകളിലൂടെയാണ്.

ഈ ചരിത്രത്തിന്റെ കേന്ദ്രത്തിൽ ബഹുസ്വരതയും സാമൂഹ്യനീതിയും വിമർശനാത്മക ചിന്തയുമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളെ ഏകീകൃത ദേശീയ സാംസ്കാരിക മാതൃകയിലേക്ക് കൊണ്ടുവരാനുള്ള ഏത് ശ്രമവും വെറും ആശയപരമായ വാദപ്രതിവാദമല്ല; അത് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണ്.

 

കയറിന്റെ മുറുക്കം തിരിച്ചറിയേണ്ട സമയം

ജനാധിപത്യം ഒരൊറ്റ ദിവസം കൊണ്ട് നഷ്ടപ്പെടുന്ന ഒന്നല്ല, അത് പതുക്കെയാണ് ക്ഷയിക്കുക. ആദ്യം ചരിത്രം മാറും. പിന്നെ പാഠപുസ്തകങ്ങൾ മാറും. തുടർന്ന് സർവകലാശാലകൾ മാറും. ഒടുവിൽ സമൂഹത്തിന്റെ വിമർശനാത്മക ബോധം തന്നെ മാറും. അപ്പോഴും തിരഞ്ഞെടുപ്പുകൾ ഉണ്ടാകും, സ്ഥാപനങ്ങൾ നിലനിൽക്കും, സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നുകയും ചെയ്യും.

അവിടെയാണ് പ്രൊഫ. എം എൻ വിജയന്റെ വാക്കുകൾ വീണ്ടും പ്രസക്തമാകുന്നത്. കയറിന്റെ മുറുക്കം തിരിച്ചറിയാതെ പോകുന്ന സമൂഹങ്ങൾ, ഒരു ദിവസം സ്വാതന്ത്ര്യം നഷ്ടപ്പെട്ട ശേഷമാണ് തങ്ങൾ എത്രകാലമായി ബന്ധിക്കപ്പെട്ടിരുന്നുവെന്ന് തിരിച്ചറിയുന്നത്. കേരളം ഇന്ന് നേരിടുന്ന വെല്ലുവിളി അതാണ്.

പ്രൊഫ. എം എൻ വിജയൻ

വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടം, ഇനി ക്ലാസ് മുറികൾക്കും സർവകലാശാലകൾക്കും അപ്പുറം സമൂഹത്തിന്റെ മൊത്തം ഭാവി മുൻനിർത്തിയുള്ള പോരാട്ടമായി മാറേണ്ടിയിരിക്കുന്നു.

About Author

മനോജ് വി കൊടുങ്ങല്ലൂർ

റിട്ട. അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമാണ് ലേഖകൻ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x