A Unique Multilingual Media Platform

Art & Music Articles Cinema South India

ഭാരതിരാജയും പുതിയ സിനിമാത്തമിഴകവും

ഭാരതിരാജയും പുതിയ സിനിമാത്തമിഴകവും

എന്‍ ഇനിയ തമിഴ് മക്കളേ, ഉങ്കള്‍ പാസത്തു കൂറിയ ഇന്ത ഭാരതിരാജ മീണ്ടും (കറുത്തമ്മ/1994) -(എന്റെ പ്രിയപ്പെട്ട തമിഴ് ജനങ്ങളേ, നിങ്ങള്‍ എപ്പോഴും സ്‌നേഹം പകര്‍ന്നു തന്ന ഈ ഭാരതി രാജ ഇതാ വീണ്ടും) എന്ന മട്ടിലുള്ള മുഖവുരയോടു കൂടിയാണ് മിക്കവാറും സിനിമകള്‍ അദ്ദേഹം ആരംഭിക്കുക.

മുതൽ മരിയാദൈയി(1985)ൽ മീണ്ടും ഒരു ഗ്രാമത്ത് രാഗത്തെ എനത് പരിവാരങ്ങളോട് പാടവര്‍കളെ. ഓവ്വോര് ഗ്രാമത്തിലും ഏതാവത് ഒരു പുല്ലാങ്കുഴല്‍ വാര്‍ത്തക്ക് വരാത്ത ശോകത്തെ വാസിത്ത് കൊണ്ടു താന്‍ ഇരുക്കിറത്. (ഒരിക്കല്‍ കൂടി എന്റെ പരിവാരങ്ങള്‍ക്കായി (തമിഴ് മക്കള്‍ തന്നെയാണ് ഈ പരിവാരം അഥവാ കുടുംബം) ഒരു ഗ്രാമപ്പാട്ടു പാടുകയാണ് ഞാന്‍. എല്ലാ ഗ്രാമത്തിലും പുറത്തു വരാത്ത ഒരു ദു:ഖം  ഉള്ളടങ്ങിയ ഒരു പുല്ലാങ്കുഴല്‍ ആരോ വായിച്ചു കൊണ്ടിരിക്കുന്നുണ്ട്‌). മറ്റു സിനിമകളിലും സമാനമായ പ്രാരംഭങ്ങള്‍ കേള്‍ക്കാം. ഈ കഥപറച്ചിലാരംഭത്തിന്റെ മുഴക്കവും വഴക്കവും, ഈ സിനിമകള്‍ കണ്ടു മറന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും.


തമിഴ് ജനതയുടെ മനസ്സില്‍ തന്റേതായ ഒരു മുദ്ര അക്ഷരാര്‍ത്ഥത്തില്‍ ചാര്‍ത്തിക്കൊണ്ടാണ് ഭാരതിരാജ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത് എന്നു പറയുമ്പോള്‍ ഈ പറച്ചില്‍ത്തുടക്കമാണ് അടയാളമായി തെളിയുക…


മുതൽ മരിയാദൈയിൽ ശിവാജി ഗണേശൻ

എഴുപതുകളില്‍ തമിഴ് നാട്ടുജീവിതാഴങ്ങള്‍ സിനിമയിലൂടെ ആവിഷ്‌ക്കരിച്ചതിലൂടെയാണ് ഭാരതിരാജ വ്യക്തിത്വം തെളിയിച്ചത്. പതിനാറു വയതിനിലെ, കിഴക്കേ പോകും റെയില്‍, ശികപ്പു റോജാക്കള്‍, അലൈകള്‍ ഓയ് വതില്ലൈ, മുതല്‍ മരിയാദൈ, വേദം പുതിത്, കിഴക്കു ചീമയിലെ, കറുത്തമ്മ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സിനിമകളാണ്. കറുത്തമ്മയില്‍ പിറന്ന ഉടനെ പെണ്‍കുഞ്ഞുങ്ങളെ കള്ളിപ്പാല് കൊടുത്ത് കൊലപ്പെടുത്തുന്ന ക്രൂരമായ സമ്പ്രദായമാണ് തുറന്നു കാട്ടുന്നത്. ഹൃദയം നുറുങ്ങിക്കൊണ്ടല്ലാതെ ഈ സിനിമ കണ്ടു തീര്‍ക്കാനാവില്ല.

കറുത്തമ്മ (1994)

പുതിയ കാലത്തെ മലയാളികൾ തുടരും(2022) എന്ന ചിത്രത്തിലെ മോഹൻലാലിന്റെ മാര്‍ഗദര്‍ശിയായ സ്റ്റണ്ട് മാസ്റ്റർ എന്ന നിലയ്ക്കാവും ഭാരതിരാജയെ ഓർക്കുക. തിരുച്ചിത്രമ്പല(2022)ത്തിലെ ധനുഷിന്റെ മുത്തച്ഛനായും പരാമർശിക്കപ്പെട്ടേയ്ക്കാം. എന്നാൽ, എൺപതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയിലേയ്ക്ക് അഥവാ അന്നത്തെ ന്യൂവേവിലേയ്ക്ക് ആകർഷിക്കപ്പെട്ട അക്കാലത്തെ യുവാക്കളായ സിനിമാപ്രേക്ഷകരുടെ ആരാധനാപാത്രമായിരുന്നു ഭാരതിരാജ. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, സിനിമകൾ സംവിധാനം ചെയ്തതിലധികം ഒരു നടനെന്ന നിലയിൽ കൂടുതലായി പ്രത്യക്ഷപ്പെടുകയാണ് ഭാരതിരാജ ചെയ്തത്‌. 

തുടരും സിനിമയുടെ സെറ്റിൽ നിന്ന് ഭാരതിരാജക്കൊപ്പം മോഹൻലാൽ, തരുൺ മൂർത്തി, ബിനു പപ്പു തുടങ്ങിയവർ.

1970 കളുടെ അവസാനം മുതൽ തമിഴ് സിനിമയിൽ അദ്ദേഹത്തിന്റെ സാന്നിധ്യവും സ്വാധീനവും പ്രസ്താവ്യമാം വിധം പ്രകടമായിരുന്നു. തേനി സ്വദേശിയാണ് ഭാരതിരാജ.


അതിഭാവുകത്വം നിറഞ്ഞ ആൺ നായകത്വത്തിന്റെ മായികവലയത്തിലാണ്ടിരുന്ന തമിഴ് സിനിമയെ ഗ്രാമീണ യാഥാർത്ഥ്യത്തിലേയ്ക്ക് ഭാരതിരാജ പറിച്ചു നട്ടു. ഗ്രാമീണ തമിഴ്‌നാട്ടിൽ ജനിച്ചു വളർന്ന ഒരാൾ, മുഖ്യധാര സിനിമയുടെ നടപ്പുരീതികൾ മാറ്റിയെഴുതി എന്നത് നിസ്സാരമായ ഒരു കാര്യമല്ല. അദ്ദേഹം അദ്ദേഹത്തിന്റേതായ  പാത തന്നെ തമിഴ് സിനിമയിൽ സൃഷ്ടിച്ചു.


മദിരാശി നഗരത്തിലെ സ്റ്റുഡിയോകളിൽ നിന്ന് ക്യാമറ പുറത്തു കൊണ്ടു വരുകയും വിശാലമായ തമിഴ് ഗ്രാമപ്പകലുകളിലേയ്ക്കും കറുത്തിരുണ്ട ഇരവുകളിലേയ്ക്കും ഭാരതിരാജ അത് വ്യാപിപ്പിക്കുകയും ചെയ്തു.

ഇത് കേവലം, നഗര- ഗ്രാമ വൈരുദ്ധ്യത്തിന്റെ ഒരു ലഘു ഗുരുത്വ പ്രശ്നമല്ല.

തമിഴ് സിനിമയിൽ കഥകൾ എങ്ങനെ പറയാമെന്നു മാത്രമല്ല, ആരുടെ കഥകൾ എങ്ങനെ പറയാമെന്നുമുള്ള മുൻ ധാരണകൾ അദ്ദേഹം  തിരുത്തിക്കുറിച്ചു. 

കൃത്യമായ ചിട്ടവട്ടങ്ങളിൽ സങ്കൽപ്പിക്കപ്പെടുന്നതും, നിർവഹിക്കപ്പെടുന്നതുമായ സ്റ്റുഡിയോ അതിർത്തികളുടെ നിയന്ത്രണങ്ങളിൽ  നിന്ന് സ്വതന്ത്രമാക്കപ്പെട്ടതും,

നിലനിന്നുപോന്ന വ്യവസ്ഥാപിത ചലച്ചിത്രനിർമ്മാണ നിയമങ്ങളെ കണക്കിലെടുക്കാത്തതുമായ ഒരു ചലച്ചിത്ര മറു ലോകം തന്നെ അദ്ദേഹം സൃഷ്ടിച്ചു.


ക്ലിഷ്ടതയോ ദുർഗ്രഹതയോ ആരോപിക്കാനാവാത്തതും, ഇന്ത്യൻ നവസിനിമകളെ ചൂഴ്ന്നു നിന്നിരുന്ന വിരസതകൾ അനുസരിക്കാത്തതുമായ പുതിയ ഭാഷ തന്നെ ഭാരതിരാജ രൂപീകരിച്ചു.


മലയാളത്തിൽ കെ ജി ജോർജ്ജും പത്മരാജനും മറ്റും പരീക്ഷിച്ചിരുന്ന മധ്യവർത്തി സിനിമകളാണിത് എന്ന എളുപ്പത്തിലുള്ള വര്‍ഗീകരണത്തിനും ഭാരതിരാജ സിനിമകൾ വിധേയമായി.

നാടോടിത്തവും തനിമയും നിറഞ്ഞ ആ ചലച്ചിത്ര ശൈലി, ആർദ്രവും മനോഹരവും കാവ്യാത്മകവുമായിരുന്നു. മുൻകാലങ്ങളിൽ തിരശ്ശീലകളിൽ നിറഞ്ഞുനിന്നിരുന്ന അതിഭാവുകത്വം നിറഞ്ഞ എടുപ്പുകോലങ്ങൾ മണ്ണും വിയർപ്പും കൊണ്ട് മൂടപ്പെട്ട ഇരുണ്ട ശരീരങ്ങളാൽ മാറ്റിസ്ഥാപിക്കപ്പെട്ടു – ലോകമെമ്പാടുമുള്ള തമിഴ് ജനതയെ അവരുടെ സ്വന്തം ജീവിതത്തോടും സംസ്കാരത്തോടും സ്വത്വത്തോടും കൂടുതൽ അടുപ്പിച്ചതിലൂടെ ഭാരതിരാജ സിനിമകൾ പുതിയ സിനിമാത്തമിഴകം തന്നെ നിര്‍മ്മിച്ചെടുത്തു.

വിമർശകർ അദ്ദേഹത്തെ “ഗ്രാമീണ തമിഴ്‌നാടിന്റെ ശബ്ദമായി” പരിമിതപ്പെടുത്താൻ ശ്രമിച്ചപ്പോൾ, ത്രസിപ്പിക്കുന്ന നഗര ത്രില്ലറുകളായ സിഗപ്പു റോജാക്കള്‍ (1978), ടിക് ടിക് ടിക് (1981), കണ്‍കളാല്‍ കൈദു സെയ് (2004), ബൊമ്മലാട്ടം (2008) എന്നിവയിലൂടെ അദ്ദേഹം അവരുടെ വായടപ്പിച്ചു. അദ്ദേഹത്തിന്റെ നഗര സിനിമകൾ ഏകാന്തത, അനാഥത്വം, അത്യാഗ്രഹം, അധികാരത്തിനായുള്ള ഔത്സുക്യം എന്നിവയെ ഗ്രാമസിനിമകളിലെന്നതുപോലെ തന്നെ ആർജ്ജവത്തോടെയും ദൃഢതയോടെയും അവതരിപ്പിച്ചു.

സിഗപ്പു റോജാക്കൾ (1978)

എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന, രാജേഷ് രാജാമണി നിരീക്ഷിക്കുന്നതുപോലെ ദളിത് ബഹുജനങ്ങളുടെ ജീവിതം സാധാരണ മനുഷ്യരുടേതു തന്നെയാണെന്ന് കാണികളെ ഓർമ്മിപ്പിച്ചതു തന്നെയായിരിക്കും. വലിയ സ്‌ക്രീനിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിച്ചിരുന്ന പിന്നോക്ക ജാതിക്കാരും ദലിതരും കേന്ദ്ര കഥാപാത്രങ്ങളായി മാറുകയും നായകരും നായികമാരുമായി അഭിനയിക്കുകയും ചെയ്തു. അവരുടെ ജീവിതങ്ങൾ രേഖപ്പെടുത്തുന്നതിൽ, കുടുംബജീവിതം, മനുഷ്യബന്ധങ്ങൾ, ലിംഗഭേദം, സാമൂഹിക നിയന്ത്രണങ്ങൾ, സാമ്പത്തിക ഭാരം, നഗരവൽക്കരണത്തിന്റെ മന്ദഗതിയിലുള്ള ചലനം എന്നിവ അദ്ദേഹം രേഖപ്പെടുത്തി. 

നടികർ തിലകം ശിവാജി ഗണേശൻ അടക്കമുള്ള സൂപ്പർ താരങ്ങളെ പോലും കുറ്റങ്ങളും കുറവുകളും അരക്ഷിതാവസ്ഥയും ഉള്ള സാധാരണ മനുഷ്യരാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.


അദ്ദേഹത്തിന്റെ സിനിമകളിൽ, പുരുഷ കഥാപാത്രങ്ങൾക്ക് പലപ്പോഴും സ്ത്രീ കഥാപാത്രങ്ങളുടെ അത്ര മിഴിവുണ്ടാവാറില്ല. പുരുഷന്മാർ അരികുകളിൽ നിശബ്ദരായി നിൽക്കുമ്പോൾ സ്ത്രീകൾ കുടുംബത്തിന്റെ കേന്ദ്രബിന്ദുവാകുന്ന കഥകൾ ആണ് മിക്കപ്പോഴും ഭാരതിരാജ ആവിഷ്ക്കരിച്ചത്.


ആൺ നോട്ടത്തിൽ അധിഷ്ഠിതമായ ഒരു സിനിമാ പാരമ്പര്യത്തിന്, ഇത് നിശബ്ദമായ എന്നാൽ സമഗ്രമായ ഒരു വിഛേദമായിരുന്നു. 


ഭാരതിരാജ തന്റെ സിനിമകളിലൂടെ ജാതിയെ ചോദ്യം ചെയ്യാൻ ആവർത്തിച്ച് ശ്രമിച്ചു. മാറിയ കാലത്ത് മിക്ക തമിഴ് സിനിമകളിലും – ഉയർന്ന ജാതിക്കാരായ ചലച്ചിത്ര നിർമ്മാതാക്കൾ പോലും – ജാതിയെ ദലിതരുടെ വീക്ഷണകോണിലൂടെ കാണാൻ നിർബന്ധിക്കപ്പെട്ടു. ഭാരതിരാജ കൂടുതൽ അസ്വസ്ഥത ഉളവാക്കുന്ന ഒരു കാര്യം ചെയ്തുവെന്ന് രാജേഷ് രാജാമണി പറയുന്നു: സ്വന്തം ഒബിസി ഐഡന്റിറ്റിക്കുള്ളിൽ നിന്ന് അദ്ദേഹം ജാതിയെ പരിശോധിച്ചു, ബ്രാഹ്മണരുമായുള്ള തന്റെ സമുദായത്തിന്റെ സംഘർഷഭരിതവും സങ്കീർണ്ണവുമായ ബന്ധത്തെ ചോദ്യം ചെയ്തു, ഒടുവിൽ സ്വന്തം ജാതി(തേവര്‍)യെ തന്നെ വിമർശിച്ചു. അദ്ദേഹം ദലിത് ശബ്ദങ്ങളെ ഉച്ചസ്ഥായിയിലേക്ക് വികസിപ്പിച്ചു. കഥപറച്ചിലിൽ ഭാരതിരാജ തന്റെ പൂർവികരാൽ സ്വാധീനിക്കപ്പെട്ടില്ല. തികച്ചും നൂതനമായ സിനിമകളുടെ പിറവികൾക്ക് ഇത് കാരണമായി‌. 

ഭാരതിരാജ

ഗ്രാമീണ തമിഴ് ജീവിതത്തോടുള്ള ഭാരതിരാജയുടെ ആഭിമുഖ്യം എല്ലാവർക്കും അറിയാം. അതിശയകരമായ ഗാനദൃശ്യ ചിത്രീകരണങ്ങളും അദ്ദേഹത്തിന്റെ മികവായിരുന്നു.  ഗാനരചന, ദൃശ്യങ്ങൾ, സംഗീതം, എഡിറ്റിംഗ് എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകൾ സവിശേഷമായിരുന്നു.

തന്റെ സുഹൃത്തും നാട്ടുകാരനും നിരവധി സിനിമകളിൽ സഹകരിച്ചയാളുമായ ഇളയരാജയ്‌ക്കൊപ്പം പ്രവർത്തിച്ചപ്പോൾ ഇത് പ്രത്യേകിച്ചും പ്രകടമായിരുന്നു; പാട്ടിന്റെ പകുതി സമയം നീണ്ടുനിൽക്കുന്ന വിപുലമായ ആമുഖങ്ങൾ അവർ ആസ്വദിച്ചാണ് ചെയ്തത്‌ – കാഴ്ചക്കാരനെ സ്വപ്നതുല്യവും അർത്ഥബോധമുള്ളതുമായ ഒരു ലോകത്തിലേക്ക് അത് കൊണ്ടുപോയി. ബി കണ്ണന്റെ ഛായാഗ്രഹണം ഈ ഭാവനകള്‍ക്ക് ആഴമേകി. നാടകീയമായ മുഹൂര്‍ത്തങ്ങളില്‍ വൈരുദ്ധ്യമുള്ള ദൃശ്യങ്ങളെ സമാന്തരമായി പ്രതിപാദിക്കുന്ന ഒരു അമൂർത്ത എഡിറ്റിംഗ് ശൈലി ആഖ്യാന യുക്തിയുടെ നിലവാരത്തിനപ്പുറം പ്രവർത്തിക്കുന്ന വൈകാരികത സൃഷ്ടിച്ചു. 

തമിഴ് ചലച്ചിത്ര സംവിധായകൻ ഭാരതിരാജയും സംഗീതസംവിധായകൻ ഇളയരാജയും.

ഭാരതിരാജ എപ്പോഴും ഒരു നടനാകാൻ ആഗ്രഹിച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ വർഷങ്ങളോളം അദ്ദേഹം തന്റെ രൂപഭാവത്തെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ കാരണം പിന്നോട്ട് മാറി നിന്നു. ഒടുവിൽ ക്യാമറയ്ക്ക് മുന്നിൽ എത്തിയപ്പോൾ, അദ്ദേഹം സ്വാഭാവികവും ആകര്‍ഷകത്വത്തോടു കൂടിയതും ആര്‍ദ്രവുമായ രീതിയില്‍ അഭിനയിച്ചു. മറ്റുള്ളവരെ അവതരിപ്പിക്കാൻ പതിറ്റാണ്ടുകളായി അദ്ദേഹം രൂപീകരിച്ച ദുർബലനായ ഒരു തമിഴ് പുരുഷ കഥാപാത്രത്തെ കൃത്യമായി അദ്ദേഹം തന്നെ ഉള്‍ക്കൊണ്ടു. അദ്ദേഹം എന്തിനാണ് കാത്തിരുന്നതെന്ന് ചിലര്‍ സംശയിച്ചേക്കാം. ഭാരതിരാജ ഇപ്പോഴും ഏറ്റവും സ്വാധീനമുള്ള തമിഴ് ചലച്ചിത്രകാരനാണ്. അദ്ദേഹത്തിന്റെ ഉയർച്ച അതുവരെ സിനിമ ഒരു കരിയർ എന്ന നിലയിൽ നിലനിർത്തിയിരുന്ന ഭയത്തെ ദുർബലപ്പെടുത്തി, ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ള നിരവധി യുവാക്കൾ സ്‌ക്രീനിൽ സ്വന്തം കഥകൾ പറയാൻ പുറപ്പെട്ടു പോന്നു..


വ്യക്തിത്വമുള്ള ചലച്ചിത്ര പ്രവര്‍ത്തകരായി മാറിയ അസിസ്റ്റന്റ് ഡയറക്ടർമാരുടെയും അവരുടെ അസിസ്റ്റന്റ്മാരുടെയും എണ്ണം തമിഴ് സിനിമയിൽ ഒരു ഭാരതിരാജ ഗണം തന്നെ സൃഷ്ടിച്ചു – അതിന്റെ അനന്തരങ്ങളിലാണ്‌ നമ്മൾ ഇപ്പോഴും ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ഭാവനാ വ്യാപ്തി, രാഷ്ട്രീയം, നൂതനാശയങ്ങൾ, സിനിമാ ചരിത്രത്തിലെ അദ്ദേഹത്തിന്റെ സ്ഥാനം എന്നിവയെല്ലാം നാം ഇനിയും അന്വേഷിച്ചു സ്ഥാനപ്പെടുത്തേണ്ടിയിരിക്കുന്നു.


പതിനാറു വയതിനിലെ(1977)യിൽ രജനീ കാന്ത് അവതരിപ്പിക്കു‌ന്ന പരട്ട തെരുവോരത്തിരുന്ന് ചീട്ടു കളിക്കുകയും സ്ത്രീകളെ കമന്റടിക്കുകയും മാനസികമായി പാകമെത്താത്ത ചപ്പാണ്ടിയെ കൊണ്ട് തന്റെ ശരീരം മസാജ് ചെയ്യിക്കുന്നവനുമാണ്. മയിൽ(ശ്രീദേവി) ഇയാളെ വക വെയ്ക്കാത്തതിലും വഴങ്ങാത്തതിലും രോഷം പൂണ്ടാണ് അയാൾ അവളെ കടന്നാക്രമിക്കുന്നത്.

ശ്യാം ബെനഗലിന്റെ മന്ഥനി(1976)ലെന്നതുപോലെ ഗ്രാമത്തിലെത്തുന്ന മൃഗഡോക്ടറെ പതിനാറ് വയതിനിലെയിലും കറുത്തമ്മയിലും കാണാം. പതിനാറ് വയതിനിലെയിലെ നഗരപ്പയ്യനായ മൃഗഡോക്ടർ സ്യൂട്ടും കോട്ടും ധരിച്ച് ഗ്രാമത്തിലെ അപരിചിതനായ പരിഷ്ക്കാരിയാണ്. ഇയാൾ മയിലിനെ വശീകരിക്കുകയും തന്റെ കാമാർത്തി ശമിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ കറുത്തമ്മയിലെ മൃഗഡോക്ടർ മന്ഥനിലെന്നതു പോലെ വിമോചനത്തിന്റെ ഏജന്റും മാറ്റത്തിന്റെ കാറ്റലിസ്റ്റും ആണ്.

രജനീകാന്തിന്‍റെ പ്രതിനായകവേഷത്തിന് തെളിച്ചം പകര്‍ന്ന മൂണ്ട്രുമുടിച്ച്(മൂന്നു കെട്ടുകള്‍/തമിഴ്/കെ ബാലചന്ദര്‍/1976) കമലും ശ്രീദേവിയും ചേര്‍ന്നുള്ള നിരവധി കഥാപാത്രവത്ക്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭാരതിരാജയുടെ ആദ്യചിത്രമായ പതിനാറ് വയതിനിലെ (തമിഴ്/1977)യിലും ഈ മൂന്നു പേര്‍ തന്നെയായിരുന്നു പ്രധാന അഭിനേതാക്കള്‍. മുഴുവനായും വാതില്‍പ്പുറചിത്രീകരണം നടത്തിയ പതിനാറ് വയതിനിലെ തമിഴ് സിനിമാലോകത്തിന് അക്കാലത്ത് നവ്യോര്‍ജം പകര്‍ന്നു നല്‍കിയ സിനിമയാണ്. മന്ദബുദ്ധിയായ ഒരു യുവാവായ ചപ്പാണിയുടെ വേഷമായിരുന്നു കമലിന് ഈ സിനിമയില്‍. സുന്ദരിയായ പതിനാറുകാരി മയിലി(ശ്രീദേവി)ന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്‍റെ മുഖ്യപ്രമേയം. ഭാരതിരാജ തന്നെ സംവിധാനം ചെയ്ത ശികപ്പു റോജാക്കളി(ചുകന്ന പനിനീര്‍പ്പൂവുകള്‍/തമിഴ്/1978)ല്‍ പ്രതിനായക പരിവേഷമുള്ള വേഷമായിരുന്നു കമലിന്. ശ്രീദേവി തന്നെയായിരുന്നു നായികയെ അവതരിപ്പിച്ചത്. മാനസികരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ദിലീപ്(കമല്‍) പുറമേക്ക് ബിസിനസുകാരനാണെങ്കിലും നിഗൂഢമായ ചില പ്രക്രിയകളിലേര്‍പ്പെടുന്ന ആളാണ്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നതാണയാളുടെ ഹോബി.

16 വയതിനിലേയിലെ കമൽഹാസൻ്റേയും രജനികാന്തിൻ്റേയും ഒരു സ്റ്റിൽ.

1980ലാണ് ഭാരതിരാജ സംവിധാനം ചെയ്ത നിഴല്‍കള്‍ ഇറങ്ങിയത്. ഓഫ് ബീറ്റ് പടമെന്ന നിലയില്‍ ഇറങ്ങിയ കാലത്തും കള്‍ട്ട് ഫിലിമെന്ന നിലയില്‍ പില്‍ക്കാലത്തും പ്രശസ്തമായ നിഴല്‍കള്‍ വാണിജ്യപരാജയമായിരുന്നു. ഇന്ത്യന്‍ പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നിഴല്‍കള്‍ മികച്ച സംഗീത സംവിധായകനും (ഇളയരാജ), മികച്ച പിന്നണിഗായകനും (എസ് പി ബാലസുബ്രഹ്മണ്യം) ഉള്ള തമിഴ്‌നാട് സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ നേടി. മടൈ തിറന്ത് താവും നദി അലൈ നാന്‍ എന്ന പാട്ടു പാടുന്നത് എസ് പിബി ആണ്. വൈരമുത്തു ആദ്യമായി പാട്ടെഴുതിയത് നിഴല്‍കളിലാണെങ്കിലും ഈ പാട്ടെഴുതിയത് വാലിയാണ്. തിരക്കഥയും സംഭാഷണവുമെഴുതിയത് മണിവണ്ണന്‍. അദ്ദേഹത്തിന്റെയും ആദ്യ സിനിമയാണിത്. തേനി സ്വദേശികളായ ഭാരതിരാജ, ഇളയരാജ, വൈരമുത്തു എന്നിവരെല്ലാം തമിഴ് സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ സജീവമായിത്തുടങ്ങിയ കാലമായിരുന്നു അത്. നടപ്പു സിനിമകളുടെ പല രീതികളും അവര്‍ മാറ്റിയെഴുതി. തേനിയിലെയും മധുരൈയിലെയും നാട്ടുജീവിത സംസ്‌ക്കാര-സംഗീത-ഘടകങ്ങള്‍ അവരുടെ സിനിമകളിലും പാട്ടുകളിലും ധാരാളമായി കടന്നു വന്നു. മണിവണ്ണന്‍ കോയമ്പത്തൂരിലെ സൂളൂര്‍ സ്വദേശിയാണ്. എന്നാല്‍ നിഴല്‍കള്‍ പൂര്‍ണമായും മദ്രാസ്(ചെന്നൈ) നഗരത്തിലെ കഥ തന്നെയാണ് പറയുന്നത്. തൊഴിലില്ലായ്മയും യുവത്വത്തിന്റെ അനിശ്ചിതാവസ്ഥയും പ്രമേയമാകുന്ന നിയോ റിയലിസ്റ്റ് സ്വഭാവമാണ് നിഴല്‍കള്‍ പ്രകടിപ്പിക്കുന്നത്.

നിഴല്‍കള്‍ (1980)

നിഴല്‍കള്‍ ഏറെ പരീക്ഷണാത്മകമായ സിനിമയാണെങ്കിലും; മറ്റേതൊരു സിനിമയിലുമെന്നതു പോലെ, തമിഴ് സമൂഹത്തിലെ ജാതി-വര്‍ഗ-ലിംഗ നിലകള്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ അടയാളപ്പെടുന്നുവെന്നതും രേഖപ്പെടുത്തേണ്ടതുണ്ട്. അസ്വസ്ഥരായ മൂന്ന് ആധുനിക ചെറുപ്പക്കാരായ ഗോപി, ഹരി, പ്രഭു എന്നിവരും വീട്ടുകാരുടെ എതിര്‍പ്പു വക വെക്കാതെ അവരെ മൂന്നു പേരെയും സഹായിച്ച മഹാലക്ഷ്മിയും അവരെയെല്ലാവരെയും സഹായിച്ച ഓട്ടോ ഡ്രൈവര്‍ മണിയും അവരുടെ ഭാവിയെക്കുറിച്ച് ഗാഢമായ ആലോചനകളിലും ചര്‍ച്ചകളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. അസ്വസ്ഥ-ആധുനിക യുവാക്കള്‍ പൂങ്കൈ(പൊതുപ്പൂന്തോട്ടം അഥവാ ഗാര്‍ഡന്‍)യിലെ ബഞ്ചില്‍ ഇരിക്കുകയോ നില്ക്കുകയോ ചെയ്യുമ്പോള്‍ മഹാലക്ഷ്മി സ്ത്രീകഥാപാത്ര സഹജമായ ഒതുക്കത്തോടെ വൃക്ഷത്തറയില്‍ ഇരിക്കുമ്പോള്‍, കീഴാളനും ദരിദ്രനുമായ മണി നിലത്താണ് ഇരിക്കുന്നത്. ധരിച്ചിരിക്കുന്നത് കാക്കി അരട്രൗസറും.


മേല്‍ജാതിക്കാരുടെയും ധനികരുടെയും വീട്ടിരിപ്പുമുറികളില്‍ ഇരിക്കുന്നതു പോലെയാണ് പൊതുപ്പൂന്തോട്ടത്തില്‍ പോലും അയാള്‍ ഇരിക്കുന്നത് എന്നതിലൂടെ അടയാളപ്പെടുന്ന സാമൂഹികതയും സാമാന്യബോധവും സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.


ഗോപി, ഹരി, പ്രഭു എന്നീ മൂന്നു യുവാക്കളാണ് നിഴല്‍കളിലെ മുഖ്യ കഥാപാത്രങ്ങള്‍. ഇവരുടെ സുഹൃത്തായ മഹാ എന്ന മഹാലക്ഷ്മിയാണ് നായിക. രവിയാണ് ഗോപിയെ അവതരിപ്പിച്ചത്. പില്‍ക്കാലത്ത് നിഴല്‍കള്‍ രവി എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങി. അഞ്ഞൂറിലധികം സിനിമകളിലഭിനയിച്ചിട്ടുണ്ട് നിഴല്‍കള്‍ രവി. ഹരിയെ അവതരിപ്പിച്ചത് ചന്ദ്രശേഖരനും പ്രഭുവെ അവതരിപ്പിച്ചത് രാജശേഖറുമാണ്. മഹാ ആയി രോഹിണി (രാധു)യും അഭിനയിച്ചു.

ബിരുദാനന്തര ബിരുദധാരിയായ ഗോപി തൊഴിലന്വേഷിച്ചും സംഗീതജ്ഞനായ ഹരി ചാന്‍സന്വേഷിച്ചും അലയുന്നു. വാടക പോലും കൊടുക്കാനാവാതെ പട്ടിണി സഹിച്ച് തെരുവിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു. ചിത്രകാരനായ പ്രഭു കഞ്ചാവിന്റെ ലഹരിയില്‍ ക്ലാസില്‍ കയറാതെ അലയുന്നവനുമാണ്. മഹാലക്ഷ്മിയ്ക്ക് ട്യൂഷനെടുക്കാന്‍ ചെന്ന ഗോപിയുമായി അവള്‍ പ്രണയത്തിലാവുന്നു. ഇതിനിടയില്‍ പ്രഭുവും അവളെ പ്രേമിക്കുന്നുണ്ട്.

നഗരത്തെ ദുരന്തങ്ങളുടെ ഭൂമികയായി അവതരിപ്പിക്കുന്നതാണ് മുഖ്യപ്രമേയം. ഇന്ത്യന്‍ നഗരങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള കോടിക്കണക്കിന് ഗ്രാമീണരുടെ തീരാത്ത നിസ്സഹായത തന്നെയാണ് ഈ മഹാദുരന്തം. തിരക്കഥാ കൃത്തായ മണിവണ്ണന്‍ കീഴാള ജാതിക്കാരനായ ഒരു ഓട്ടോ ഡ്രൈവറായി അഭിനയിക്കുന്നു. നിര്‍ണായക സമയത്ത് ഗോപിയുടെയും ഹരിയുടെയും രക്ഷക്കെത്തുന്നത് അയാളാണ്. എന്നാല്‍, ഇത് നയിക്കുന്നത് അയാളുടെ മകന്റെ മരണത്തിലേയ്ക്കാണ്. എല്ലാം കൊണ്ടും അസഹനീയമായ കാര്യങ്ങളാണ് ഒന്നിനു പുറകെ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.  

ആറു ദേശീയ അവാര്‍ഡുകളടക്കം ഭാരതിരാജ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കെ കണ്ണന്‍ എഴുതിയ സാതികള്‍ ഇല്ലൈയടി പാപ്പ (ജാതികള്‍ ഇല്ലാ പ്രിയപ്പെട്ടവളേ) എന്ന നാടകത്തെ അവലംബിച്ച് ഭാരതിരാജ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത വേദം പുതിത് (1987) ഇറങ്ങിയ കാലത്ത് ബ്രാഹ്മണസംഘടനകളില്‍ നിന്ന് എതിര്‍പ്പ് പിടിച്ചു പറ്റി. തേവര്‍ സമുദായത്തില്‍ ജനിച്ച ഭാരതിരാജയുടെ ഈ സിനിമയില്‍ ബാലുതേവറുടെയും (സത്യരാജ്) പേച്ചിയുടെയും മകന്‍ ശങ്കരപാണ്ടി ബ്രാഹ്മണജാതിക്കാരിയായ വൈദേഹിയെ പ്രണയിക്കുന്നതാണ് ഇതിവൃത്തം. ബാലുതേവര്‍ നിരീശ്വരവാദിയാണ്. ശക്തമായ ബ്രാഹ്മണവിരുദ്ധ പ്രമേയം സധൈര്യം അവതരിപ്പിക്കുന്ന ഈ സിനിമയെ, തേവര്‍ മകന്‍ അടക്കമുള്ള തേവര്‍ വാഴ്ത്തു സിനിമകളുടെയും അവയെ വിമര്‍ശിച്ചു കൊണ്ട് കടന്നു വന്ന മാരി ശെല്‍വരാജ് സിനിമകളായ പരിയേരും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍ എന്നിവയുടെയും പശ്ചാത്തലത്തില്‍ കൂടുതല്‍ സൂക്ഷ്മമായി വായിക്കേണ്ടതാണ്.


പ്രണയത്തിനും കാമത്തിനുമിടയില്‍ സ്ഥാനം കൊടുക്കാവുന്ന അഥവാ അതു രണ്ടും സംയോജിക്കുന്ന അഭിലാഷം എന്ന അവസ്ഥയാണ് മിക്കപ്പോഴും ഭാരതിരാജ സിനിമകളിലെ കാമുകീകാമുകന്മാര്‍ പ്രകടിപ്പിക്കുന്നത്‌. അധികാരം, സമ്മര്‍ദ്ദം എന്നതിനേക്കാള്‍ വിധിയും ദൂരവുമാണ് കാമനയെ പ്രതിസന്ധിയിലാക്കുന്നത്. 


മണ്‍വാസനൈ(1983)യില്‍ മുത്തുപ്പേച്ചി(രേവതി) വീരണ്ണനെ(പാണ്ഡ്യന്‍) രാത്രി മുഴുവനും ഉറങ്ങാതെ കാത്തിരിക്കുകയാണ്. സഹി കെട്ട് അവള്‍ മുറ്റത്തെ കോഴിയ്ക്കു നേരെ എന്തോ എറിയുകയാണ്, ആ ഏറ് കൊണ്ടാല്‍ കോഴി കൂവുകയും അപ്പോള്‍ നേരം വെളുക്കുകയും ചെയ്യുമെന്നാണവള്‍ വിചാരിക്കുന്നത്. പുതുമൈപ്പെണ്ണി(1984)ലെ സീത(രേവതി)യും അവളുടെ ഭര്‍ത്താവ് രാമചന്ദ്രനെ(പാണ്ഡ്യന്‍) കാത്തുനില്‍ക്കുകയാണ്. ഇക്കുറി അയാള്‍ വരേണ്ടത് തടവുശിക്ഷയ്ക്കു ശേഷം ജയിലില്‍ നിന്നാണ്. ഈ കാത്തിരിപ്പു വേളയില്‍ അയാള്‍ക്കു നേരെ ചൊരിയുന്ന അധിക്ഷേപങ്ങളെല്ലാം ഏറ്റു വാങ്ങുന്നത് അവളാണ്. 

മുതല്‍ മരിയാദൈയിലെ മയില്‍ സാമി(ശിവാജി ഗണേശന്‍) സ്‌നേഹ രഹിത ദാമ്പത്യത്തില്‍ കുടുങ്ങിപ്പോയവനാണ്. വഞ്ചിക്കാരിയായ കുയിലു(രാധ)മായി അയാള്‍ക്കുണ്ടാകുന്ന വൈകാരിക അടുപ്പമാണ് കഥയുടെ മര്‍മ്മം. കടലോരകവിതൈകളി(1986)ല്‍ ചിന്നപ്പദാസും (സത്യരാജ്) ജെന്നിഫെറും (രേഖ) തമ്മിലുള്ള നിശ്ശബ്ദ പ്രണയം നാല്പതു വര്‍ഷവും സഫലമാകാതെ തുടര്‍ന്നു. 


ഇമേജുകളും ചലനങ്ങളും ശബ്ദങ്ങളും സംഗീതവും കൊണ്ടും, നിലപാടുകളും സ്‌നേഹവും പ്രണയവും പ്രതികാരവും കൊണ്ടും; ഭാരതി രാജ തനിക്ക് ഏറെ പരിചയമുണ്ടായിരുന്ന തമിഴ് ഗ്രാമീണ ജീവിതത്തെയും ഭൂപ്രകൃതിയെയും സിനിമയിലൂടെ അനശ്വരമാക്കി. 


അപ്രകാരം അദ്ദേഹം സൃഷ്ടിച്ചെടുത്ത സിനിമാത്തമിഴകം; തമിഴ്‌നാട്ടിലും തമിഴ് സിനിമയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന ചടുലമായ മാറ്റങ്ങള്‍ക്ക് പ്രേരകമായ രാസത്വരകങ്ങളാണ്. അതോടൊപ്പം, മറഞ്ഞ കാലത്തിന്റെയും ലോകത്തിന്റെയും അടയാളങ്ങളായി അവ നമ്മെ സമയസഞ്ചാരത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. 

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x