കഴിഞ്ഞ കുറച്ചു വർഷങ്ങളായി സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും സജീവമായി തന്നെ കൊട്ടിയൂരിനെ കുറിച്ചുള്ള പ്രതിപാദനങ്ങൾ കുറെ അധികം കടന്നുവന്നിട്ടുണ്ട്. ഈ പ്രതിപാദനങ്ങൾ ഒക്കെ ശ്രദ്ധിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ കൊട്ടിയൂർ സന്ദർശിക്കണം എന്ന ബോധ്യം മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ ഒത്തു വന്നത് ഈ വർഷമാണെന്ന് മാത്രം. അങ്ങനെ പുറപ്പെട്ടു ചെന്നപ്പോൾ സവിശേഷമായ ഒരു അനുഭവം തന്നെയായി ആ യാത്ര. മതനിരപേക്ഷമായ ആത്മീയ അനുഭവങ്ങൾ അന്വേഷിക്കുന്നവർക്കുള്ള ഒരു യഥാർത്ഥ പുണ്യഭൂമിയായി തന്നെയാണ് കൊട്ടിയൂർ എൻറെ അനുഭവങ്ങളിലേക്ക് എത്തിയത്.
കൊട്ടിയൂരില്‍ ബസ്സിറങ്ങുമ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. അല്ലെങ്കിലും, പുറപ്പെടുമ്പോള്‍ ഒരു മഴയാത്ര (Monsoon trip) തന്നെയായിരുന്നു മനസ്സില്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മൺസൂൺ തുടങ്ങുമ്പോള്‍, മാല്‍ഗുഡിയെന്ന അഗുംബ(കര്‍ണാടക) യിലേക്ക് നടത്തിയ യാത്ര പോലെ ഒന്ന്. ഭക്ത ജനങ്ങളുടെ ഒഴുക്കുണ്ട്.

വൈശാഖമായാല്‍, കേരളത്തില്‍ നിന്ന് മാത്രമല്ല, കര്‍ണാടകയില്‍ നിന്നും, തമിഴ് നാട്ടില്‍നിന്നും ഭക്ത ജനങ്ങള്‍ കൊട്ടിയൂരില്‍ വന്നടിഞ്ഞു കൊണ്ടിരിക്കും. 27 ദിവസം നീണ്ടു നില്‍ക്കുന്ന വൈശാഖ ഉത്സവം. സഹ്യാദ്രിയിലെ നിബിഡ വനത്തിന്റെയും പച്ചയണിഞ്ഞ കുന്നുകളുടെയും നടുവിലാണ് കൊട്ടിയൂര്‍ എന്ന മലയോരഗ്രാമം. ബാവലിപ്പുഴ കടക്കുമ്പോള്‍ കേരളത്തിന്റെ ഭൂപടത്തില്‍ നിന്നും നാം മറ്റൊരു രാജ്യത്തു എത്തപ്പെട്ട പോലെയാണ്. ഇക്കര കൊട്ടിയൂരില്‍ മണിയടിച്ചാല്‍ അക്കര കൊട്ടിയൂരില്‍ പിന്നെ കാട് മാത്രം. വൈശാഖം മുഴുവന്‍ ആ കാട് സംസാരിക്കും. ജാതി പറയാതെ, മതം പറയാതെ, മനുഷ്യന്‍ മാത്രമാണ് പിന്നെയാ മലയോര ഗ്രാമത്തില്‍…
മേല്‍ക്കൂരയില്ലാത്ത ക്ഷേത്രം
അക്കര കൊട്ടിയൂരില്‍ ആരും ക്ഷേത്രമന്വേഷിച്ചു പോകേണ്ടതില്ല . ശ്രീകോവിലോ , മനോഹരമായ ദാരു ശില്പങ്ങളോ, പ്രാചീന ക്ഷേത്രങ്ങളില്‍ സാധാരണ കാണുന്ന കരിങ്കല്‍ ശില്പങ്ങളോ തേടിപ്പോകരുത്. അവിടെ കല്ലും, മണ്ണും. വെള്ളവും, പുഴയും മാത്രം. മണിത്തറയിലെ സ്വയംഭൂ ശിലക്ക് മുകളില്‍ മേല്‍ക്കൂര പോയിട്ട്, ഒരോലക്കുടപൊലുമില്ല. ദൈവം ശുദ്ധ വായു ശ്വസിക്കണമെന്നു കരുതിയ, പ്രകൃതിയെ ചേര്‍ത്തു പിടിക്കുന്ന ആരെല്ലാമോ ആയിരിക്കാം ഈ ക്ഷേത്രത്തിനു രൂപ കല്പന ചെയ്തതും, പണിതതും. അതുകൊണ്ട് തന്നെ ഇവിടെ കൃത്യമായ ഒരു ‘ദര്‍ശന സമയം’ ഇല്ല. പുലര്‍ച്ചമുതല്‍ സന്ധ്യ വരെ ആര്‍ക്കും വരാം. തിരക്ക് നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ ഇല്ല. പോലീസിനെയോ, ദേവസ്വം ജീവനക്കാരെയോ കണ്ടില്ല. ഇവിടത്തെ ദൈവത്തിനു സെക്യൂരിറ്റി ആവശ്യമില്ലെന്ന് തോന്നുന്നു. ദൈവം തന്നെ എല്ലാവരുടെയും സെക്യൂരിറ്റി. വൈശാഖം വരുമ്പോള്‍ മാത്രമാണ് അക്കര കൊട്ടിയൂര്‍ ജനനിബിഡമാകുന്നത്, നഗരമാകുന്നത്. താല്‍കാലിക പാലം നിര്‍മ്മിക്കപ്പെടുന്നു. ഓലക്കുടിലുകള്‍ നിര്‍മ്മിക്കപ്പെടുന്നു. പിന്നെ കച്ചവടങ്ങള്‍, അന്നദാനം എന്നിവ ആരംഭിക്കുന്നു. ലക്ഷക്കണക്കിന് ഭക്ത ജനങ്ങള്‍ അക്കര കൊട്ടിയൂരിലെക്കൊഴുകുന്നു. 27 ദിവസത്തേക്ക് മാത്രമാണിതെല്ലാം . ഉത്സവം കഴിഞ്ഞാല്‍ കേവലം 24 മണിക്കൂറിനുള്ളില്‍ ഇതെല്ലാം പൊളിക്കണമെന്നാണ് ആചാരം. ഒരാണി പോലും അവശേഷിപ്പിക്കാതെ വീണ്ടും പഴയതുപോലെ. അടുത്ത വൈശാഖ ഉത്സവത്തിന് വീണ്ടും കാണാമെന്നു പറഞ്ഞു പിരിയുന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ ബാവലിപ്പുഴ വീണ്ടും ഒഴുകുന്നു. ക്ഷേത്രം ഒരു സ്ഥാപനമാകരുതെന്നും, ആരും അവകാശവാദവുമായി വരരുതെന്നും അക്കര കൊട്ടിയൂര്‍ വൈശാഖ ഉത്സവം രൂപകല്‍പ്പന ചെയ്ത സുമനസ്സുകള്‍ കരുതിക്കാണണം. ഇതല്ലേ യഥാര്‍ത്ഥ മതേതരം? ആര്‍ക്കും വരാം, ഇതെന്റെതാണെന്ന അഹങ്കാരം വരരുത്. വരൂ, ആഘോഷിക്കൂ, തൊഴുതു, കരഞ്ഞു, ചിരിച്ചു തിരിച്ചു പോകൂ. സ്വന്തമാക്കാതെ ആരാധിക്കുക , സ്നേഹിക്കുക. കയ്യടക്കാതെ ആരാധിക്കുക. അടുത്ത കൊല്ലം കാട് വീണ്ടും വിളിക്കും.

ഏറ്റവും വിപ്ലവകരമായി തോന്നിയ സംഗതി നെയ്യാട്ടമാണ്. ഭക്ത ജനങ്ങള്‍ നെയ്ക്കുടവുമായി നേരെ ചെല്ലുന്നു. സ്വയം അഭിഷേകം ചെയ്യുന്നു. നെയ്യ് ഒഴിക്കുമ്പോള്‍, താങ്കളുടെ ജാതിയെന്തു, മതമെന്തെന്നു സ്വയംഭൂ ഒരിക്കലും ചോദിച്ചതായി അറിവില്ല. ഇടനിലക്കാരന്‍ പൂജാരിയില്ല, രസീത് വേണ്ട, ദക്ഷിണയും വേണ്ട.
ദക്ഷന്റെ തലയുരുണ്ട മണ്ണ്
എല്ലാ ക്ഷേത്രങ്ങളെയും പോലെ, കൊട്ടിയൂര്‍ ക്ഷേത്രത്തിനു പിറകിലും മിത്തും(പുരാണം), കെട്ടുകഥകളും, കേട്ടു കേള്‍വികളും, ചരിത്രവുമെല്ലാം കെട്ടു പിണഞ്ഞു കിടപ്പുണ്ട്. അതില്‍ പ്രധാനം ദക്ഷന്റെതാണ്. ദക്ഷന്റെ മകളാണ് സതി. പരമശിവനെ സതി തീവ്രമായി പ്രണയിക്കുന്നു. എന്നാല്‍ ദക്ഷന്‍ അവരുടെ പ്രണയത്തെ ശക്തമായി എതിര്‍ക്കുന്നു. ജാതിയും മതവും, ആചാരങ്ങളും ഒന്നുമനുഷ്ടിക്കാതെ, ചുടല ഭസ്മം പൂശി, ശ്മശാനത്തില്‍, തന്‍റെ ഭൂത ഗണങ്ങളോടൊപ്പം, സദാ സമയവും കഞ്ചാവിന്റെ ലഹരിയില്‍ മുങ്ങി നടക്കുന്ന ശിവനെ തന്‍റെ മകള്‍ വിവാഹം ചെയ്യുന്നതില്‍ കടുത്ത എതിര്‍പ്പായിരുന്നു ദക്ഷന്. എന്നാല്‍ ശിവനുമായി അഗാധ പ്രണയത്തിലായിരുന്ന സതിയെ മനമില്ലാ മനസ്സോടെയെങ്കിലും വിവാഹം ചെയ്തു കൊടുക്കാന്‍ ദക്ഷന്‍ നിര്‍ബന്ധിതനായി. ദക്ഷന്‍ വളരെ പ്രധാനപ്പെട്ട ഒരു യാഗം നടത്തുന്നു. യാഗത്തിന് ശിവനെയും സതിയും ക്ഷണിക്കുന്നില്ല. യാഗത്തിന് ക്ഷണിച്ചില്ലെങ്കിലും പോകാനൊരുങ്ങുന്ന സതിയെ ശിവന്‍ തടയുന്നുണ്ടെങ്കിലും അത് വക വെക്കാതെ യാഗത്തിന് പോകുന്ന സതിയെ ദക്ഷന്‍ യാഗ സദസ്സില്‍ വെച്ച് ശിവനെയും, സതിയെയും അപമാനിക്കുന്നു. ഇതില്‍ മനം നൊന്തു സതി യാഗ കുണ്ഡത്തില്‍ ചാടി ജീവനൊടുക്കുന്നു. വിവരമറിഞ്ഞ് ശിവന്‍ കോപാകുലനായി. ജടയില്‍ നിന്ന് വീരഭദ്രന്‍ പിറന്നു. യാഗശാല ചുട്ടെരിച്ചു. ദക്ഷന്റെ തലയറുത്ത് തീയില്‍ എറിഞ്ഞു. പിന്നീട് വിഷ്ണുവിന്റെ അപേക്ഷ മാനിച്ചു ആടിന്റെ തല വെച്ചുകൊടുത്തു ജീവിപ്പിച്ചു.
ആദിവാസി ഗോത്രങ്ങളുടെ പങ്ക്
വൈശാഖ മഹോത്സവം തുടങ്ങുന്നത് ദേവസ്വത്തിന്റെയോ, ക്ഷേത്ര ട്രുസ്ടിന്റെയോ യോഗം ചേര്‍ന്നല്ല. ആദിവാസി ഗോത്ര തലവന്‍, കുറിച്ച്യന്‍ സ്ഥാനികന്‍ വന്നു ‘ആരംഭിക്കാം’ എന്ന് പ്രഖ്യാപിക്കണമെന്നതാണ് ആചാരം. കുറുച്ച്യന്‍ വന്നില്ലെങ്കില്‍ ഉത്സവമില്ല. ഉത്സവത്തിനുള്ള ഒടപ്പൂ കൊണ്ടുവരുന്നത് മലയര്‍ ആണ്. 21 ദിവസം മുന്‍പ്, കൊട്ടിയൂരിലെ കാട്ടില്‍ നിന്ന് പ്രത്യേക ഒടപ്പാല്‍ മുറിച്ചു കെട്ടി, എഴുന്നള്ളിച്ച്ചു കൊണ്ടുവരും, ആദിവാസികളായ മലയര്‍. അതില്ലാതെ അഭിഷേകമില്ല. വാദ്യം നായാടികളുടെതാണ്. തിരുവഞ്ചിറയിലെ വാള്‍ എഴുന്നള്ളിക്കുന്നത് മണത്തണമൂപ്പന്‍റെ അവകാശമാണ്. പ്രസാദ ഊട്ടിനുള്ള കലം വെക്കുന്നത് പുലയരാണ്. ചുരുക്കി പറഞ്ഞാല്‍ കൊട്ടിയൂര്‍ വൈശാഖ ഉത്സവത്തിന്റെ നേരവകാശികള്‍ ആദിവാസികളും, ദളിതരും, ഗോത്രവര്‍ഗക്കാരുമാണ്. ഇതിനിടയില്‍ ബ്രാഹ്മണന്‍ വേദം ചൊല്ലും. തന്ത്രി കര്‍മം ചെയ്യും. പക്ഷെ അയാള്‍ മാത്രമല്ല പൂജാരി. കാട് മുഴുവന്‍ പൂജാരിമാരാണ്. നൂറ്റാണ്ടുകളായി കൊട്ടിയൂരിന്റെ രീതി ഇങ്ങിനെയൊക്കെയാണ്. ഈ രീതി മാറിക്കൂടെന്നില്ല. ജാതി മത ഭേദമന്യേ, ആര്‍ക്കും കേറിച്ചെല്ലാവുന്ന കീഴാള വര്‍ഗത്തിന്റെ ഈ ആരാധനാലയത്തെ ഹൈജാക്ക് ചെയ്യാന്‍, പൂണൂല്‍ ധാരികളായ സവര്‍ണ ബ്രാഹ്മണര്‍ അവസരം നോക്കിയിരിക്കുന്നത് സൂക്ഷിച്ചു നോക്കിയാല്‍ കാണാം.
ഇളനീരാട്ടം
കൊട്ടിയൂരിലെ മനോഹരമായ മറ്റൊരു കാഴ്ച ഇളനീരാട്ടമാണ്. നൂറു കണക്കിന് ഭക്തര്‍ ഇളനീര്‍ കുടവുമായി വരിവരിയായി നില്‍ക്കുന്നു. സ്വയം ഭൂവില്‍ അവര്‍ തന്നെ ഇളനീര്‍ അഭിഷേകം ചെയ്യുന്നു. ഇളനീര്‍ ഒഴുകി ബാവലിപ്പുഴയില്‍ ചേരുന്നു. പുഴ മധുരിക്കുന്നു. കൊട്ടിയൂരില്‍ ‘വി.ഐ.പി ‘ ക്യു കാണില്ല. ദൈവത്തിനു മുന്നില്‍ എല്ലാവരും ഒന്നുകില്‍ വി.ഐ.പി മാര്‍, അല്ലെങ്കില്‍ സാധാരണക്കാര്‍. എല്ലാതരം മനുഷ്യരെയും ക്യുവില്‍ കാണാം.

ആലിംഗന പുഷ്പാഞ്ജലി
വൈശാഖ ഉത്സവത്തിന്റെ അവസാന നാള്‍ നടക്കുന്ന ചടങ്ങാണ് ആലിംഗന പുഷ്പാഞ്ജലി. അക്കര കൊട്ടിയൂരപ്പനും, ഇക്കര കൊട്ടിയൂരപ്പനും , അതായത് ശിവനും, വിഷ്ണുവും, പരസ്പരം ആലിംഗനം ചെയ്യുന്നു. പുരാണം പറയുന്നതിങ്ങിനെയാണ്: ദക്ഷയാഗം കഴിഞ്ഞു സതീ ദേവിയുടെ ശരീരം ചുമന്നു നടന്ന ശിവനെ സമാധാനിപ്പിക്കാന്‍ വിഷ്ണു സുദര്‍ശന ചക്രം കൊണ്ട് സതിയുടെ ശരീരം 51 ഖണ്ഡങ്ങളാക്കി വീശിയെറിയുന്നു. ആ ഖണ്ഡങ്ങള്‍ വീണിടത്താണ് ശക്തി പീഠങ്ങള്‍ ഉണ്ടായത്. സതിയുടെ ശരീര ഭാഗം വീണ കൊട്ടിയൂരില്‍ സ്വയം ഭൂ ഉണ്ടായി. അതായത് കൊട്ടിയൂര്‍ ഉണ്ടായത് ഒരു കലഹത്തില്‍ നിന്നാണെങ്കില്‍ , ഒരു വേര്‍ പിരിയലില്‍ നിന്നാണെങ്കില്‍, വൈശാഖ ഉത്സവം അവസാനിക്കുന്നത് ആലിംഗനത്തിലാണ്. ശാന്തിയുടെയും, സമാധാനത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ടാണ് ഉത്സവം അവസാനിപ്പിച്ച്, ഉപചാരം പറഞ്ഞു അക്കരയും, ഇക്കരയുമുള്ള ദൈവങ്ങള്‍ ഒരു വര്‍ഷത്തേക്ക് വിട പറയുന്നത്.
വൈശാഖ ഉത്സവം കഴിഞ്ഞാല്‍, താല്‍ക്കാലികമായി നിര്‍മ്മിക്കപ്പെട്ട ഓലക്കുടിലുകളും, പാലവുമെല്ലാം പോളിച്ചുമാറ്റപ്പെടും. താല്‍ക്കാലികമായി പൊന്തിവന്ന കച്ചവട സ്ഥാപനങ്ങള്‍ അപ്രത്യക്ഷമാകും. അവകാശവാദങ്ങളില്ലാതെ ഭക്തരെല്ലാം പിരിഞ്ഞു പോകും. ബാവലിപ്പുഴ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ വീണ്ടും ഒഴുകും. സ്വയം ഭൂ പതിവുപോലെ മഴയില്‍ നനഞ്ഞും വെയിലില്‍ പൊള്ളിയും തുടരും. കൊട്ടിയൂരിലെ കാടുകള്‍ അടുത്ത വൈശാഖ ഉത്സവത്തിനായി കാത്തു നില്‍ക്കും.






*“A fascinating reflection on Kottiyoor as a living example of how faith, tradition, and communal harmony can coexist. The article beautifully shows that secularism is not merely a political principle but can also be deeply rooted in local cultures and shared human values. A thought-provoking and enriching read.”*