A Unique Multilingual Media Platform

Articles Law Media watch National Protest Uncategorized

വോട്ടില്ല, പാസ്‌പോർട്ടില്ല; സ്വന്തം രാജ്യത്ത് അന്യനായി ‘ദി ടെലഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാൽ

  • June 28, 2026
  • 1 min read
വോട്ടില്ല, പാസ്‌പോർട്ടില്ല; സ്വന്തം രാജ്യത്ത് അന്യനായി ‘ദി ടെലഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാൽ

‘ദി ടെലഗ്രാഫ്’ പത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്ന് തനിക്ക് വോട്ടവകാശം നഷ്ടപ്പെട്ടതിനെക്കുറിച്ചും, പാസ്‌പോർട്ട് പുതുക്കൽ തടസ്സപ്പെട്ടതിനെക്കുറിച്ചും, തന്റെ പൗരത്വം തെളിയിക്കാൻ മാസങ്ങളായി നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ചും ഇവിടെ സംസാരിക്കുന്നു. അദ്ദേഹത്തിന്റെ ഈ അനുഭവം ഒരു വ്യക്തിയുടെ മാത്രം കഥയല്ല, മറിച്ച് സമകാലിക ഇന്ത്യയിൽ പൗരത്വം നേരിടുന്ന വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയുടെ നേർച്ചിത്രമാണ്.  രാജഗോപാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നാണ് ‘ദി ഐഡം’ ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹം ഇങ്ങനെ പറയുന്നു. “ഞാൻ ഒരിക്കൽ ഒരു പത്രാധിപരായിരുന്നു. ഇന്ന്, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഇട്ട് തട്ടികളിക്കുന്ന, വോട്ടവകാശവും പാസ്‌പോർട്ടുമില്ലാത്ത വെറുമൊരു കാൽപന്ത്!”


ഈ വർഷം മാർച്ചിൽ കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിന്ന് എന്റെ പേര് നീക്കം ചെയ്യപ്പെട്ടു. ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (Special Intensive Revision) പ്രക്രിയയ്ക്കിടയിൽ 2002-ലെ വോട്ടർപട്ടികയിൽ എന്റെയോ അന്തരിച്ച എന്റെ പിതാവിന്റെയോ പേര് കണ്ടെത്താൻ കഴിഞ്ഞില്ല എന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. ഒരു ഗാന്ധിയനും വിരമിച്ച പ്രൊഫസറും കേരളത്തിലെ ഗാന്ധി സ്മാരക നിധിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എന്റെ പിതാവ് 2016-ലാണ് അന്തരിച്ചത്.


ജനാധിപത്യത്തോട് അത്രമേൽ ആദരവുള്ള, കൃത്യമായി വോട്ട് ചെയ്തിരുന്ന അദ്ദേഹത്തെപ്പോലൊരു വോട്ടറുടെ പേര് എങ്ങനെയാണ് പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.


പശ്ചിമ ബംഗാളിലെ മറ്റ് 27 ലക്ഷത്തോളം താമസക്കാരെപ്പോലെ, “ലോജിക്കൽ ഡിസ്ക്രെപൻസി” (യുക്തിസഹമല്ലാത്ത പൊരുത്തക്കേടുകൾ) എന്ന് വിശേഷിപ്പിക്കപ്പെട്ട ഒന്നിന്റെ പേരിലാണ് ഞാനും പുറത്താക്കപ്പെട്ടത്. എന്റെ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടും കൃത്യമായ ഒരു കാരണവും അധികൃതർ വ്യക്തമാക്കിയില്ല. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലുകളിലൊന്നിന്റെ മുൻപിൽ ഇപ്പോൾ എന്റെ അപ്പീൽ നിലവിലുണ്ട്. ഇതിന്റെ ഫലമായി, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.

എന്റെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷയ്ക്ക് തടസ്സം നേരിട്ടതാണ് ഇതിലും സങ്കടകരമായ കാര്യം. 2026 മാർച്ച് 19-ന് ഞാൻ എൻ്റെ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയതാണ്. എന്നാൽ വോട്ടർപട്ടികയിൽ എന്റെ പേരില്ലാത്തതിനാൽ പോലീസ് വെരിഫിക്കേഷൻ ക്ലിയർ ആയില്ല. പകരമായി മറ്റ് പല രേഖകളും സമർപ്പിച്ചെങ്കിലും അവയൊന്നും പര്യാപ്തമല്ലെന്നാണ് എനിക്ക് ലഭിച്ച മറുപടി. സത്യത്തിൽ, പാസ്‌പോർട്ട് പുതുക്കുന്നതിനായി ബയോമെട്രിക്സ് നൽകിയിട്ട് ഇന്ന് (2026 ജൂൺ 27) 100 ദിവസങ്ങൾ തികയുകയാണ്. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത് ചൂണ്ടിക്കാട്ടി കൊൽക്കത്ത പോലീസ് പ്രതികൂല റിപ്പോർട്ട് (adverse report) നൽകിയതായി കഴിഞ്ഞ ആഴ്ച പാസ്‌പോർട്ട് അതോറിറ്റി എന്നെ ഔദ്യോഗികമായി അറിയിച്ചു. കൊൽക്കത്തയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ “ഉടൻ തന്നെ” നേരിട്ട് ഹാജരാകാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ അവിടെ പ്രവേശിക്കുക പ്രയാസമാണ്, അപ്പോയിന്റ്‌മെന്റിനായി ശ്രമിച്ചപ്പോൾ എനിക്ക് ലഭിച്ച തീയതിയാകട്ടെ 2026 ജൂലൈ 17-ഉം ആണ്.

ഇതിനിടയിൽ, കാലിഫോർണിയയിൽ മാധ്യമപ്രവർത്തകയായ ഞങ്ങളുടെ മകളുടെ വിവാഹം ഏപ്രിൽ 17-ന് സാൻ ഫ്രാൻസിസ്കോയിൽ വെച്ച് നടന്നു. എനിക്ക് 10 വർഷത്തെ സാധുതയുള്ള യു.എസ് വിസ ഉണ്ടായിരുന്നുവെങ്കിൽ കൂടിയും, കൈവശം ഒരു സജീവ പാസ്‌പോർട്ട് ഇല്ലാത്തതിനാൽ ആ വിവാഹത്തിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


പ്രായോഗികമായി നോക്കിയാൽ, പൗരത്വത്തിന്റെ വലിയൊരു അനിശ്ചിതാവസ്ഥയിലാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്—പാസ്‌പോർട്ട് എന്നത് പൗരത്വത്തിന്റെ തെളിവല്ല എന്ന് അടുത്തിടെ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ പോലും.


പതിറ്റാണ്ടുകൾ പഴക്കമുള്ള കുടുംബ രേഖകൾ വീണ്ടെടുക്കാനും പുതിയ രേഖകൾ സംഘടിപ്പിക്കാനുമാണ് ഇപ്പോൾ എന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്…

വോട്ടവകാശത്തിനായുള്ള അപ്പീലിന്റെ നിലവിലെ അവസ്ഥ പരിശോധിച്ചും, പിന്നീട് പാസ്‌പോർട്ട് ട്രാക്കർ നോക്കിയുമാണ് ഇപ്പോൾ എന്റെ ഓരോ ദിവസവും തുടങ്ങുന്നത്. അതിനുശേഷം, 1965-ൽ എന്റെ അമ്മ പഠിപ്പിച്ചിരുന്ന കോളേജിലേക്കും, 1959-ൽ അമ്മ പഠിച്ചിറങ്ങിയ സ്കൂളിലേക്കും ഞാൻ കത്തുകൾ അയക്കുന്നു, അയച്ചുകൊണ്ടേയിരിക്കുന്നു —അമ്മ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖകൾ ലഭിക്കാൻ. സ്കൂൾ അധികൃതർ വളരെ സഹായമനസ്കത കാണിച്ചെങ്കിലും കോളേജിൽ നിന്ന് അനുകൂലമായ പ്രതികരണമല്ല ഉണ്ടായത്.

സമാനമായി, യാദൃശ്ചികമായി ഒരു ഗ്രൂപ്പിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ ഞാൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്റെ പിതാവ് വ്യാജമദ്യശാലകൾക്കും വർഗീയതയ്ക്കുമെതിരെ പ്രചാരണം നടത്തുന്നതിന്റെ പത്രവാർത്തകളോ ചിത്രങ്ങളോ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരക്കുകയാണ് ലക്ഷ്യം.

എന്റെ ഈ ശ്രമങ്ങളിൽ ചില അടുത്ത സുഹൃത്തുക്കളും പൊതുപ്രവർത്തകരും എന്നെ സഹായിച്ചിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും മാധ്യമ സ്ഥാപനങ്ങളോ പത്രപ്രവർത്തകരുടെ സംഘടനകളോ (ഞാൻ ഒന്നിന്റെയും അംഗമല്ല) എന്റെ ഈ അവസ്ഥയിൽ എന്തെങ്കിലും താല്പര്യം കാണിച്ചതായി എനിക്കറിയില്ല.


“നിരാകരണവും തിരസ്കരണവും” നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ നിത്യേന നേരിടുന്ന ഒരു യാഥാർത്ഥ്യമാണെന്നും, എന്റെ ഈ അനുഭവം ഒരു പുതിയ കാര്യമല്ലെന്നും ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ എന്നെ ഓർമ്മിപ്പിച്ചു. ആ നിരീക്ഷണം ഞാൻ പൂർണ്ണമായി അംഗീകരിക്കുന്നു.


എന്നെ ഒരു ഇരയായി ചിത്രീകരിക്കുക എന്നതല്ല എന്റെ ലക്ഷ്യം. മറിച്ച്, ഇതിലും വലിയൊരു വസ്തുതയിലേക്ക് വിരൽ ചൂണ്ടാനാണ് ഞാൻ ആഗ്രഹിക്കുന്നത്: തന്റെ ഔദ്യോഗിക ജീവിതം മുഴുവൻ മാധ്യമപ്രവർത്തനത്തിനായി മാറ്റിവെക്കുകയും, രാജ്യത്തെ അറിയപ്പെടുന്ന ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്ററായിരിക്കുകയും ചെയ്ത ഒരാൾക്ക് ഇതാണ് അവസ്ഥയെങ്കിൽ, യഥാർത്ഥത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ദുരിതം എത്രത്തോളമായിരിക്കും! ഞാൻ ഏതെങ്കിലും പത്രത്തെ സമീപിച്ചോ? ഇല്ല, കാരണം ഇത് എന്നെ മാത്രം ബാധിക്കുന്ന ഒരു വ്യക്തിപരമായ പ്രശ്നമാക്കി മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എഡിറ്റർമാർക്കും മാധ്യമപ്രവർത്തകർക്കും എന്റെ ഈ അവസ്ഥയെക്കുറിച്ച് അറിയാമോ? തീർച്ചയായും പലർക്കും അറിയാം. അവർക്ക് ഇതറിയില്ലെങ്കിൽ, അവർ ഈ പത്രപ്രവർത്തന രംഗത്ത് തുടരാൻ യോഗ്യരല്ല, നിങ്ങൾ അങ്ങനെയല്ലേ കരുതുന്നത്?

എന്നിട്ടും, ഈ വിഷയത്തിൽ പത്രങ്ങൾ പുലർത്തുന്ന പൂർണ്ണമായ മൗനം എന്നിലുടലെടുത്തിരുന്ന സംശയത്തെ ശരിവെക്കുന്നു — സുപ്രസിദ്ധമായ മുഖ്യധാരാ മാധ്യമപ്രവർത്തനത്തിന് എന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് സ്വന്തം അനുഭവത്തിലൂടെ എനിക്ക് ഇപ്പോൾ ബോധ്യമായിരിക്കുന്നു.


ഞാൻ ഇപ്പോൾ പത്രങ്ങളൊന്നും “വായിക്കാറില്ല”. ചിലതൊക്കെ വെറുതെ മറിച്ചുനോക്കുമെങ്കിലും എന്റെ താല്പര്യം ഉണർത്തുന്ന ഒന്നും അതിലൊന്നും കാണാറില്ല.


 

About Author

ആർ രാജഗോപാൽ

മുതിർന്ന മാധ്യമ പ്രവർത്തകൻ, മുൻ എഡിറ്റർ, ദി ടെലഗ്രാഫ്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x