ചുറ്റിക്കളി വിഴിഞ്ഞം വഴി
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി സതീശൻ തന്റെ കന്നി ബഡ്ജറ്റിനെ സമുദ്ര സ്വപ്നങ്ങളാൽ സമ്പന്നമാക്കിയ ആളാണ്.കേരളത്തിന്റെ തീരത്തെ ഒന്നായി കണ്ട് മിഷൻ സമുദ്ര എന്ന ആശയവും അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ചു.ഇതിന്റെയെല്ലാം അടിസ്ഥാനം വിഴിഞ്ഞം തുറമുഖമാണ്.എന്നാൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി ഉടമകളായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ നാൽപ്പത്തി ഒമ്പത് ശതമാനം ഓഹരികൾ കപ്പൽ ഗതാഗത മേഖലയിലെ ബഹുരാഷ്ട്ര കുത്തകയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയ്ക്ക് വിൽക്കാൻ തീരുമാനിച്ചത് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഇരുട്ടിൽ നിറുത്തിയാണ്.25 ശതമാനത്തിൽ കൂടുതൽ ഓഹരികൾ മറ്റാർക്കെങ്കിലും കൈമാറണമെങ്കിൽ ആദ്യം സംസ്ഥാന സർക്കാരിന്റേയും അതിനു ശേഷം കേന്ദ്ര സർക്കാരിന്റേയും അനുമതി വാങ്ങിയിരിക്കണമെന്ന കരാർ വ്യവസ്ഥയെ കാറ്റിൽ പറത്തി കൊണ്ടാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഓഹരികൾ വിൽക്കാനുള്ള കരാർ മെഡിറ്ററേനിയൻ ഷിപ്പിംഗം കമ്പനിയുമായി ഒപ്പുവച്ചെന്ന് സെബിയെ അറിയിക്കുന്നത്. ഇത്തരത്തിൽ തങ്ങൾ പ്രവർത്തിച്ചത് സുതാര്യമായാണെന്ന് വരുത്തിത്തീർക്കാൻ ഒരു പത്രക്കുറിപ്പിറക്കുകയും ചെയ്തു.

നിയമസഭയിൽ ചോദ്യം വന്നപ്പോൾ ബഹുമാന്യനായ മുഖ്യമന്ത്രി പറഞ്ഞത് പത്രവാർത്തകളിൽ കൂടിയാണ് ഇത്തരം ഒരു ഡീൽ നടന്നു എന്നത് താനറിഞ്ഞതെന്നാണ്.കേരള സർക്കാർ വിട്ടു കൊടുത്ത ഭൂമിയിലും കടലിലും ആദ്യ പ്രവർത്തികൾക്കായി നൽകിയ പണത്തിന്റെ മേലിലും നിന്നു കൊണ്ടാണ് അദാനി തന്റെ ദക്ഷിണേന്ത്യൻ ആസ്ഥാനത്തിന് തറക്കല്ലിട്ടത്.പക്ഷേ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ കോർപ്പറേറ്റ് അധീശത്വം കാണിച്ചു കൊണ്ട് ഇത്തരം ഒരു കച്ചവടം നടത്തി ഏകദേശം 13000 കോടി രൂപയുടെ ലാഭം നേടിയപ്പോൾ കേരളത്തിന് കാൽക്കാശിന്റെ ഗുണമുണ്ടായില്ലെന്ന് മാത്രം.കേരള സർക്കാരിന് നാമമാത്ര പങ്കാളിത്തമെങ്കിലും ഉള്ള സ്ഥിതിയ്ക്ക് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ സ്വഭാവമുള്ള കമ്പനി എന്തു ധൈര്യത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിക്കാതെ മുന്നോട്ട് പോയത് എന്നുള്ളതിന്റെ രാഷ്ട്രീയവും ഇവിടെ പ്രസക്തമാണ്.

നരേന്ദ്ര മോഡിയുടെ രാഷ്ട്രീയത്തിന് അർത്ഥം നൽകി സഹായിക്കുന്നത് കൊണ്ട് ആ രാഷ്ട്രീയത്തിന് വേരുകളില്ലാത്ത സംസ്ഥാനത്തിൽ എന്തും കാണിക്കാമെന്ന ധാർഷ്ട്യമാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കാണിച്ചിരിക്കുന്നത്.അതിനായുള്ള പ്രവർത്തികൾ അവർ വളരെ മുമ്പേ തുടങ്ങിയിരുന്നു.ഇന്ന് വരെ വിഴിഞ്ഞം തുറമുഖത്ത് അടുത്ത 1006 കപ്പലുകളിൽ ആയിരമെണ്ണവും മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടേതായിരുന്നു.ഈ കമ്പനിയാകട്ടെ സമുദ്രയാന മേഖലയിൽ കുപ്രസിദ്ധമാണ് താനും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എന്നൊരു സ്ഥാപനം കേരള സർക്കാർ നടത്തുന്നത് എന്തിന് എന്ന ചോദ്യവും ഇവിടെ ഉയരുന്നു.എന്താണിവരുടെ റോൾ എന്നത് തുറമുഖവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ കേരളത്തോട് പറയണം.അടുത്തതായി വരാൻ പോകുന്ന മിഷൻ സമുദ്രയും കരിമണൽ ഖനനവുമെല്ലാം വിദേശ കുത്തകകൾക്ക് നൽകാനുള്ള വഴിയാണോ പുതിയ മന്ത്രിസഭ തേടുന്നത്?രാഷ്ട്രീയ കേരളത്തിന് ഉത്തരം വേണ്ട ചോദ്യമാണിത്.

പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതിൽ നിന്നെല്ലാം യുടേൺ എടുക്കുന്നത് വി.ഡി സതീശൻ ഒരു വിനോദമാക്കിയിരിക്കുന്നു.സംഘപരിവാർ അജണ്ട നടപ്പിലാക്കാനായി കൊണ്ടു വന്ന പി.എംശ്രീയെന്ന അശ്രീകരത്തെ തലയിൽ ചുമക്കുകയാണ് ഇപ്പോൾ കോൺഗ്രസ്സുകാർ.തങ്ങൾ അധികാരത്തിലെത്തിയാലുടൻ അറബിക്കടലിൽ എറിഞ്ഞു കളയുമെന്ന പറച്ചലിൽ വിശ്വസിച്ച് യുഡിഎഫിന് വോട്ടു ചെയ്ത മതന്യൂനപക്ഷങ്ങൾ ഇപ്പോൾ മൂക്കത്ത് വിരൽ വയ്ക്കുകയാണ്.വിദ്യാഭ്യാസ വകുപ്പ് മുസ്ളീം ലീഗിനെ ഏൽപ്പിച്ചപ്പോൾ പി.എം ശ്രീ പോലുള്ള പദ്ധതികളിൽ നിന്നും സർക്കാർ പിന്നോട്ട് പോകുമെന്ന് ധരിച്ചവർ ഇനിയെന്ത് എന്ന ആകാംക്ഷയിലാണ്.ലൈഫ് പദ്ധതിയിൽ നൽകുന്ന വീടുകളുടെ മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രമോ കേന്ദ്ര സർക്കാരിന്റെ ചിഹ്നമോ വയ്ക്കുന്നതിൽ എന്ത് തെറ്റാണെന്നാണ് കെ.എം ഷാജിയെന്ന യുവമന്ത്രിയുടെ ചോദ്യം.
രാഷ്ട്രീയം ബോധമില്ലായ്മ മാത്രമല്ല ഇവിടെ പ്രശ്നം.കേരളം പോലൊരു ഒരു സംസ്ഥാനത്തേയ്ക്ക് സംഘപരിവാർ രാഷ്ട്രീയത്തെ ഒളിച്ചു കടത്താൻ രാഹുൽഗാന്ധി നേതൃത്വം നൽകുന്ന മുന്നണിയിലെ ഒരു മന്ത്രി തന്നെ പച്ചക്കൊടിയുമായി നിൽക്കുന്ന ഈ കാഴ്ച തീർത്തും അരോചകമാണ്. അരാഷ്ട്രീയതയുടെ നിഷ്ക്കളങ്കത നടിച്ച് സംഘരാഷ്ട്രീയത്തിന് കുട പിടിക്കാൻ ഷാജിയ്ക്ക് ധൈര്യം നൽകുന്നത് പാണക്കാട് നിന്നാണോ എന്നേ ഇക്കാര്യത്തിൽ ഇനി വ്യക്തമാകാനുള്ളൂ.
തെരഞ്ഞെടുപ്പിന് മുമ്പ് വരെ കേട്ടിരുന്ന ഒരു പ്രയോഗമാണ് ടീം യു.ഡി.എഫ്. സാധാ കോൺഗ്രസ്സുകാരൻ കോരിത്തരിച്ചു നിന്ന് ശ്രവിച്ച വാക്കാണത്.അധികാരത്തിലെത്തിയ ഉടൻ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനസാധ്യത തുറന്നിട്ടു കൊണ്ട് സാക്ഷാൽ മുഖ്യമന്ത്രി തന്നെ ടീം യു.ഡി.എഫിനെ പൊളിച്ചു.സ്വന്തം കാബിനറ്റിവെ എക്സൈസ് വകുപ്പ് മന്ത്രി പോലും അറിയാതെ മുഖ്യമന്ത്രി സ്വന്തം നിലയിൽ ഫൈനാൻസ് ബില്ലായി ഇത് അവതരിപ്പിച്ചപ്പോൾ ടീം യു.ഡി.എഫിലെ രണ്ടാമത്തെ പ്രബലകക്ഷിയായ മുസ്ളീം ലീഗ് കരയണോ ചിരിക്കണോ എന്നറിയാതെയിരിക്കുകയാണ്.കേരള കോൺഗ്രസ്സ് ജോസഫിനും പിറവം പാർട്ടി മാത്രമായ ജേക്കബ്ബ് കോൺഗ്രസ്സിനും ഇതൊന്നും ബാധകമല്ലാത്തത് കൊണ്ട് സി.പി ജോണിനും മൗനം.ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രിയെന്ന് സ്വയം പുകഴ്ത്തുന്ന ഒരു ശീലമുണ്ടെന്നത് ഒഴിച്ചാൽ ജോണിനെ കൊണ്ട് സതീശന് വേറെ തലവേദകളില്ല.മാത്രമല്ല ഇന്ദിരാ ഗ്യാരണ്ടിയിലെ മുഖ്യയിനമായ പ്രിയദർശിനി ബസ്സിന്റെ ഫുട്ബോർഡിലാണ് ഇപ്പോൾ ജോൺ.

തെരഞ്ഞെടുപ്പിൽ ഓടി നടന്ന് തോറ്റതിന്റെ ക്ഷീണത്തിലായത് കൊണ്ട് പിണറായി വിജയന്റെ ധാർഷ്ട്യ വേഷങ്ങൾക്കും ഗോവിന്ദൻ മാഷിന്റെ സൈദ്ധാന്തിക അവലോകനങ്ങളും കേൾക്കുന്നതിൽ നിന്നും കേരളത്തിലെ ജനങ്ങൾ മുക്തി നേടിയിട്ടുണ്ട്.തോൽവിയുടെ കാരണങ്ങൾ ബാക്കിയെല്ലാവർക്കും മനസ്സിലായെങ്കിലും ഈ രണ്ട് സ്വയാവരോധിത നേതാക്കൾക്കും മനസ്സിലായിട്ടില്ലെന്നാണ് കരക്കമ്പി.മാത്രമല്ല പോളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും പാണ്ടൻ നായയുടെ പല്ലിൻ ശൗര്യം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഖാക്കൾ തല്ലിക്കെടുത്തിയെന്നും ഡൽഹി പാപ്പരാസികൾ പറയുന്നു.താഴത്തെ കമ്മിറ്റികളിലെ സഖാക്കളോട് മനസ്സിലുള്ളത് തുറന്ന് പറയാൻ പറയുമ്പോൾ അവർ വായിൽ വരുന്നത് പറയുമെന്ന് ഗോവിന്ദൻ മാഷ് തീരെ വിചാരിച്ചില്ല.
പക്ഷേ ദേശീയ ജനറൽ സെക്രട്ടറിയായ എം.എ ബേബി ചില കുറിയ്ക്ക് കൊള്ളുന്ന വാചകങ്ങൾ മേമ്പൊടിയായി ചേർത്തപ്പോഴാണ് വിജയ-ഗോവിന്ദന്മാർ തങ്ങൾ പെട്ടിരിക്കുന്ന പെടലിന്റെ ആഴം മനസ്സിലാക്കിയത്.ആഗസ്റ്റിൽ നടക്കാനിരിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ രാജാവ് നഗ്നനാണെന്ന് പറയാൻ കെ.എൻ ബാലഗോപാൽ ഉൾപ്പടെ തയ്യാറെടുത്തിരിക്കുന്നു എന്നത് ശുഭസൂചകമായി കരുതാം.





