അനുയാത്ര – മരിച്ചവരോടും ഇനിയും മരിക്കാത്തവരോടുമൊപ്പം !
മനുഷ്യബന്ധങ്ങളുടെ നിഗൂഢതകൾ, ബൗദ്ധികതയുടെയും വൈകാരികതയുടെയും അത്ഭുതകരമായ വൈവിധ്യങ്ങൾ, മനുഷ്യ മസ്തിഷ്കം എന്ന അത്ഭുതപ്രതിഭാസം, ഉപരിപ്ലവക്കാഴ്ചയിലെ അനുമാനങ്ങളും ശരികളും പാടേ തകിടം മറിയുന്ന വിഭ്രമം; മനസ്സുകളോടൊപ്പമുള്ള അനുയാത്രകളേകുന്ന അനുഭവങ്ങളേറെ .
മനുഷ്യന് ഒറ്റയാവാൻ വയ്യ. ഒറ്റയാവുന്നതോടെ ശൂന്യതയിൽ മറയുന്നതാണ് അവൻ്റെ സ്വത്വബോധം. അവൻ്റെ സ്വാതന്ത്ര്യ ബോധം, മനുഷ്യാന്തസ്സ്, എല്ലാം ! ഒരപകടത്തിൽ നിന്ന് അല്ലെങ്കിൽ മരണത്തിൽ നിന്നുതന്നെ കുതറി മാറുക എന്നത് ജൈവികമായ അടിയന്തിര ചോദന. അവിടെ മിക്കവാറും അയാളിലെ അഹം ആണ് പ്രവർത്തിക്കുക. എന്നിട്ടും അവൻ,അവൾ, സ്വന്തം ജീവൻ ചിലപ്പോൾ തന്നത്താൻ തല്ലിക്കെടുത്തുന്നു. അല്ലെങ്കിൽ അതിനായി ശക്തമായി ആഗ്രഹിക്കുന്നു. മുതിരുന്നു. ഒരു ചേർത്തു പിടിക്കലിൽ , പൊട്ടിക്കരച്ചിലിൽ ആ നിശ്ചയമതാ ഒറ്റ നിമിഷം കൊണ്ടൊലിച്ചു പോവുന്നു. ജീവിതം തുടരാൻ ഒരാൾക്ക് അപരർ കൂടി വേണം.. അവരിലാരെങ്കിലുമൊക്കെ, ചുരുങ്ങിയത് ഒരാളെങ്കിലും, തൻ്റെ ജീവനോടു പറ്റിച്ചേർന്നു നിൽക്കണം. അല്ലാതെയായാൽ അയാൾ തളർന്നുപോകും.

ഇത്തിക്കണ്ണികൾ ചുറ്റി വളർന്ന് മുരടിച്ചു നിൽക്കുന്ന മാവു പോലൊരാൾ. അപ്പോഴും പ്രതീക്ഷകൾ എവിടെയൊക്കെയോ അയാൾ കണ്ടെത്തുന്നു. ചിലപ്പോൾ ഓടിയിട്ടും ഓടിയിട്ടും തുടങ്ങിയിടത്തു തന്നെ നിൽക്കുന്നല്ലോ എന്നോർത്ത് മനം മടുത്ത് പിന്തിരിയാൻ , എല്ലാം അവസാനിപ്പിക്കാൻ ചിലപ്പോഴെങ്കിലും ചിന്തിച്ചയാൾ ! വൃദ്ധനല്ല , ഇരുപതുകളുടെ രണ്ടാം പകുതി വരെ മാത്രം ആയുസ്സു താണ്ടാനായ ഒരാൾ! ജീവിക്കുന്നെങ്കിൽ അതേററവും നന്നായി, ഏറ്റവും പരിഷ്കൃതമായി ഏറ്റവും ധാർമ്മികമായിത്തന്നെ വേണം എന്നാഗ്രഹിച്ചയാൾ. ഏറ്റവും മേന്മയേറിയവ തനിക്കായും പ്രിയപ്പെട്ടവർക്കായും തെരഞ്ഞെടുക്കാൻ വൈഭവം കാണിച്ചവൻ, ടെക്നോളജിയെ എളുപ്പം മെരുക്കാനായ ആൾ, ലോകത്തെ വൃത്യസ്തമായി, ആറാമിന്ദ്രിയം കൊണ്ടെന്ന പോലെ കാണാനും മനസ്സിലാക്കാനുമായ ആൾ. ഉള്ളിൽ മറ്റൊരാൾ കൂടി ഉണ്ടോ എന്ന് അത്ഭുതം കൂറിപ്പിക്കും വിധം അജ്ഞാതങ്ങളിലേക്ക് ചിലപ്പോഴൊക്കെ ആരുമറിയാതെ മൗനസഞ്ചാരം നടത്തുന്ന ആൾ!

അത്ഭുതകരമായിരിക്കണം ആ മസ്തിഷ്‌കത്തിലെ കോശ സംവിധാനവും സംവേദനങ്ങളുടെയും പ്രതികരണക്ഷമതയുടെയും ന്യൂറോണൽ നെറ്റ് വർക്കുകളും. ഒരു ഓട്ടിസ്റ്റിക് സാവൻ്റ് ആയിരുന്നോ അവൻ ? ഒരു ജീനിയസിൻ്റേതെന്നവകാശപ്പെടാവുന്ന വിധം അസാധാരണമായ കഴിവൊന്നും ആ ചെറിയ ആയുഷ്ക്കാലത്തിനിടെ അവന് പ്രദർശിപ്പിക്കാനായിട്ടില്ലായിരിക്കാം. പക്ഷേ അവനിലെ ചില അസാധാരണത്വങ്ങൾ , അന്യപ്രേരണാക്ഷമത, വിക്കുള്ളവനെങ്കിലും ചില സന്ദർഭങ്ങളിൽ അതിനെ അതിജീവിച്ചു നടത്തുന്ന പ്രഖ്യാപനങ്ങൾ, ഇവയൊക്കെ ഏറ്റവും അടുത്തവരുടെ മാത്രം അനുഭവങ്ങൾ ! ഇടയ്ക്കൊക്കെ അപസ്മാര ബാധയാൽ ഞെട്ടിപ്പിക്കുകയും കുഴപ്പിക്കുകയും ചെയ്യുമായിരുന്നുവെങ്കിലും സൗഹൃദത്തിൻ്റെ കലർപ്പില്ലാ മാതൃകയായിരുന്നു ഏറ്റവുമടുത്ത സഹപാഠികൾക്കവൻ .
ഒരിക്കൽ ശരീരം മുഴുവൻ വയറുകളും മെഷീനുകളും ഘടിപ്പിച്ച് മരുന്നുകൾ നിർത്തി വെച്ച് മസ്തിഷ്കത്തിലെ അസാധാരണ ഇലക്ട്രിക്സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള പരീക്ഷണത്തിനും അവനും മാതാപിതാക്കളും തയ്യാറാവുന്നുണ്ട്. അസമയങ്ങളിൽ ഞെട്ടിപ്പിക്കുന്ന ശരീര ചലനങ്ങളോടെ ബോധമററു വീഴുന്നതിൽ നിന്നെങ്കിലും മുക്തനായാൽ ബാക്കിയെല്ലാം മറികടക്കാവുന്നതേയുള്ളുവെന്ന് അവനുറപ്പായിരുന്നു. സ്പെഷ്യൽ സ്കൂളിലേയ്ക്ക് കൗമാരത്തിൽ തള്ളപ്പെട്ടുവെങ്കിലും നിതാന്ത പരിശ്രമത്തിലൂടെ വക്കീലായി സന്നദെടുക്കാൻ തനിക്കായല്ലോ !
അമ്മ! ആ അമ്മയില്ലായിരുന്നെങ്കിൽ …. ആ അമ്മയെ പക്ഷേ പലയിടങ്ങളിൽ ഞാനും കണ്ടിട്ടുണ്ട്. എൻ്റെ അനുജത്തിയിൽ അവരുണ്ട്. അവളുടെ മകനെക്കൂടി ഉൾക്കൊണ്ടു കൊണ്ടെഴുതിയ ‘നാം ജീവിതങ്ങൾ ചുട്ടെടുക്കുന്നവർ’ എന്ന കഥയിൽ അവരുണ്ട്. അമ്മയ്ക്കും രക്ഷിക്കാനാവാതെ മാതൃഭൂമിക്കഥയിലെ ഗൗതമൻ ഏതോ ബോധി വൃക്ഷത്തണലു തേടി കൊടുംചൂടിലേയ്ക്ക് ഒറ്റയ്ക്കിറങ്ങിപ്പോവുകയാണ്. അനുയാത്രയിലെ ചെറുപ്പക്കാരനാവട്ടെ, രോഗത്തിൻ്റെ കയ്പും കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും സ്നേഹത്തിൻ്റെ മധുരവും സമ്മിശ്രമാക്കിയ ജീവിതത്തിൽ നിന്ന്, കളി പറഞ്ഞും വഴക്കിട്ടും സ്വത്വമൂട്ടിയുറപ്പിച്ചും പോയിക്കൊണ്ടിരിക്കെത്തന്നെ, ജീവിതം പോലെ ദുരൂഹമായൊരു മരണത്തിലേക്ക് ഉറക്കത്തിലൂടെ ഒളിച്ചുകടക്കുകയാണ്. ആരുമറിയാതെ, മൗനം പുതച്ച് ….. ആ ഒളിച്ചുകടക്കൽ തന്നെയാണ് അവനെ മരണശേഷവും പീഡിതനാക്കിയത്. മോർച്ചറിത്തണുപ്പിലും പിന്നെ പോസ്റ്റു മോർട്ടം ടേബിളിലെ കീറിമുറിക്കലിലും അവനെയെത്തിച്ചത്. നിരാശയുടെ പാരമൃത്തിൽ മരിക്കാനുള്ള ആഗ്രഹം, അതിനുള്ള സന്നദ്ധത സ്വന്തം ബാബയോട് രഹസ്യമായി ഒരിക്കൽ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും ഒരു സർജറിയിലൂടെ മുറിച്ചു നീക്കാവുന്ന അനാവശ്യ മസ്തിഷ്ക കേന്ദ്രത്തിൻ്റെ വികൃതിയിൽ നിന്ന് താൻ മോചിതനാവും എന്നു തന്നെയവൻ വിശ്വസിച്ചു തുടങ്ങിയിരുന്നു. ഏതു പരീക്ഷണത്തിനും അവൻ തയ്യാറായിരുന്നു. പ്രിയപ്പെട്ടവർ മടിച്ചുവെങ്കിലും.

അവൻ പിരിഞ്ഞു പോവുന്നതോടെയാവട്ടെ, ജീവിതത്തിന് യാതൊർത്ഥവുമില്ലാതാവുന്നു ആ അമ്മയ്ക്ക്. . അവരുടെ ജീവിതവുമായി ഇരുപത്തൊമ്പതു നീണ്ട വർഷക്കാലം ചുറ്റിപ്പിണഞ്ഞു കിടന്ന ഒരായുസ്സ്. അപസ്മാര ബാധിതനായ, നിതൃ ഭാരമായിത്തീർന്നേക്കാമായിരുന്ന മകൻ കടന്നുപോവുന്നതിലൂടെയുണ്ടായ ശൂന്യത ഒരു സാധാരണ മകൻ്റെ നഷ്ടത്തേക്കാൾ ഏറെ തീവ്രമായി അനുഭവിക്കുന്ന ഒരമ്മ! അത് മറ്റൊന്നു കൊണ്ടും നിറയ്ക്കാൻ അവർക്കാവുമായിരുന്നില്ല. ഭർത്താവിൻ്റേയോ, മകളുടെയോ പേരമകൻ്റെയോ സാന്നിധ്യം കൊണ്ടുപോലും ! അമ്മയുടെ മാത്രമല്ല, ബാബയുടെയും അസ്തിത്വങ്ങൾക്ക് ഒരു വിലയുമില്ലാതാക്കി അന്നപ്പനെന്നു ഓമനിച്ചു വിളിക്കാറുള്ള അബിനുവിൻ്റെ മരണം. എത്ര വിചിത്രമാണ് മനുഷ്യ മനസ്സ്! എത്ര അത്ഭുതകരമായാണ് മനുഷ്യബന്ധങ്ങളുടെ വിന്യാസം !
ഈ ജീവിതാനുഭവം നോവലാക്കി വിരചിച്ചത് പക്ഷേ,അബിനുവിൻ്റെ അമ്മയായിരുന്നില്ല. അവൻ്റെ ബാബ. വേദനകളുടെയോ തിരസ്കൃതത്വത്തിൻ്റേയോ കഥയുമല്ലിത്. ഗൗതമിനെപ്പോലെ അബിനുവിനെ ആരും ഒറ്റപ്പെടുത്തിയില്ല, ചേർത്തുപിടിക്കുകയായിരുന്നു എല്ലാവരും. ഇതൊരു തോറ്റ പിതാവിൻ്റെ കഥ. പിതാവിൻ്റെ മാനസികവ്യഥകൾ പൊതുവേ വിസ്മരിക്കപ്പെടാറാണല്ലോ പതിവ്. ചിലപ്പോഴൊക്കെ ഒരു കുറ്റവാളിയുടെ , സ്വാർത്ഥൻ്റെ റോളും അകാരണമായി അയാൾ ഏറ്റെടുക്കേണ്ടിവരാറുമുണ്ട്. ഗൗതമിൻ്റെ പിതാവു പോലും അങ്ങനെയായിരുന്നു.
നോവലിലെ ബാബയ്ക്ക് കുറ്റവാളിയുടെ പരിവേഷം ചാർത്തുന്നത് സ്വന്തം ഭാര്യ തന്നെയാണ് . യഥാർത്ഥത്തിൽ അവർ അങ്ങനെത്തന്നെയാണോ ചിന്തിച്ചിരിക്കുക? തൻ്റെ ജീവിതത്തിലെ വിട്ടുമാറാത്ത കയ്പ് ആ രൂപത്തിൽ അവർ പ്രകടിപ്പിക്കുക മാത്രമായിരുന്നില്ലേ? അപ്പോൾ അബിനു അമ്മയിലെ കയ്പ് ആയിരുന്നോ? ‘അവനെന്നിലെ ധാർമ്മികതയുടെ പടവാളായിരുന്നു’ എന്ന് അവൻ്റെ വിയോഗശേഷം ഒരിക്കലവർ പറയുന്നുണ്ട്. ആ ഔന്നത്യത്തിലേയ്ക്ക് അയാൾക്കുയരാൻ കഴിഞ്ഞില്ല എന്നവർ യഥാർത്ഥത്തിൽ വിശ്വസിച്ചിരുന്നുവോ ? എന്തായിരുന്നു അയാളിലെ വീഴ്ച ? മകൻ്റെ രോഗമറിഞ്ഞിട്ടും ഗൾഫിലെ ജോലി നിലനിർത്തിയതോ? അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ചികിത്സയും പഠനവും വലിയ ഭാരമായ ആ മകൻ്റെയും മിടുക്കിയായ അവൻ്റെ അനുജത്തിയുടെയും വക്കീൽ ബിരുദം കൈയിലുണ്ടെങ്കിലും ഔദ്യോഗിക ജീവിതത്തിൽ ശ്രദ്ധിക്കാനാവാതെ പോയ അവരുടെ അമ്മയുടെയും ജീവിതം കൂടുതൽ ദുരിതമയമാവുമായിരുന്നില്ലേ? ബുദ്ധിമതിയും ആത്മബലമുളളവളും ഭാവനാശാലിയുമായ അവർക്കത് മനസ്സിലാവാതെ പോവുന്നതല്ല. .നിശ്ശബ്ദം ആരോപണങ്ങൾ ഏറ്റുവാങ്ങാനൊരാൾ ഉണ്ടായിരുന്നത് മനസ്സിനുള്ളിലെ അഗ്നിപർവതത്തിന് വൈകാരിക നിർഗമനം സാധ്യമാക്കുന്നുണ്ടായിരുന്നിരിക്കാം. സാധാരണ അമ്മമാരേക്കാൾ സ്നേഹവും കരുതലും സന്ദർഭോചിത തീരുമാനങ്ങളും ഇടപെടലുകളും പലപ്പോഴും തനിയേ നടത്തേണ്ടി വന്നിരുന്ന അവർക്ക് അങ്ങനെയാവാനേ പറ്റുമായിരുന്നുള്ളു എന്നാവാം. കയ്പുററ ദാമ്പത്യക്കഷായം ഇറക്കേണ്ടി വന്നിരുന്ന ആൾ പറയുന്നതും അതു തന്നെയാണ് .ആ കാലുകളിൽ നമസ്മരിക്കാൻ തോന്നിയ സന്ദർഭങ്ങൾ , നേരിട്ട് കണ്ടതും അകലെയിരുന്ന് അനുഭവിച്ചവയുമായി, ഏറെയുണ്ടായിരുന്നു അയാൾക്ക് !

ഒരിക്കൽ ഡിഗ്രി പരീക്ഷയ്ക്ക് ഇറങ്ങാനിരിക്കെ അപസ്മാര ബാധയാൽ വീണു പോകുന്നു അവൻ. പരീക്ഷ മുടങ്ങിപ്പോവുക എന്നതാണ് അങ്ങനെയുള്ളപ്പോൾ സ്വാഭാവികമായി സംഭവിക്കുക. ഫിറ്റ്സ് കഴിഞ്ഞാലും ദീഘനേരം മയങ്ങിക്കിടക്കുക എന്നതായിരുന്നുവല്ലോ പതിവും. ആ അമ്മയുടെ സ്നേഹവും ഉത്തരവാദിത്തബോധവും പക്ഷേ, അതിനവരെ അനുവദിക്കുന്നില്ല. പഠനവൈകല്യമുള്ളവനെ അവസാന പരീക്ഷ വരെ എത്തിച്ചതിൻ്റെ കഠിന പ്രയാസങ്ങൾ , ഉണർന്നെണീക്കുമ്പോൾ അവനുണ്ടാകാവുന്ന നിരാശ ഇതെല്ലാം നെഞ്ചിൽ ചുമന്ന ആ അമ്മയുടെ തുടർ ചലനങ്ങൾ അമ്പരപ്പിക്കുന്നത്. അവനെ ഉന്തിത്തളളി ഫ്ലാററിൽ നിന്നിറക്കി, കാറിലിരുത്തി സ്വയം ഡ്രൈവ് ചെയ്ത് കോളജ്ക്യാംപസിലെത്തുകയാണ് അവർ. ഇടക്കിടെ മകൻ്റെ മുഖത്ത് വെള്ളം തളിച്ചും കുലുക്കിയുണർത്തിയും അപ്പോഴേക്കും അവൻ്റെ ബോധം അവർ വീണ്ടെടുക്കുന്നു. ഉണർന്നവൻ ഝടുതിയിൽ വാച്ചു നോക്കുന്നു. പരീക്ഷ തുടങ്ങി പതിനെട്ടുമിനിട്ട് കഴിഞ്ഞു പോയിരിക്കുന്നു എന്നറിയുന്നു. പിന്നെ ആ മകനും പിന്നാലെ അമ്മയും പരീക്ഷകൾ നടക്കുന്ന ഹാൾ വരാന്തകളിലൂടെ ഓടുകയാണ്. ഇൻവിജിലേറ്റർ നിസ്സഹായനായി കൈമലർത്തുമ്പോൾ സ്റ്റെപ്പുകൾ ഓടിക്കയറി വീണ്ടും വരാന്തകൾ പിന്നിട്ട് പ്രിൻസിപ്പാളിൻ്റെ മുമ്പിൽ ! കുട്ടിയുടെ രോഗമറിയാവുന്ന പ്രിൻസിപ്പാൾ ഹാൾടിക്കറ്റിൻ്റെ മൂലയിലെഴുതിയ പച്ചമഷിയനുമതിയുമായി തിരിച്ച് വീണ്ടും ഓട്ടം. അരമണിക്കൂർ വൈകി എഴുതിത്തുടങ്ങേണ്ട പരീക്ഷക്കായി ഹാളിലേക്ക് കയറും മുമ്പ് ,ആ അമ്മയുടെ നേർക്കുള്ള വികാരാർദ്രമായ ഒരു തിരിഞ്ഞുനോട്ടമുണ്ട്. അതിലും വലുതെന്താണ് മകനോടൊപ്പം ഓടി തളർന്ന ആ അമ്മയ്ക്ക് കിട്ടാനുളളത് ! . അപസ്മാരമിളകി വീണപ്പോൾ മുറിവേററ നെറ്റിയിൽ താൻ രാവിലെയൊട്ടിച്ചുകൊടുത്ത സെല്ലോടേപ്പിനു മുകളിൽ ഒരുമ്മകൊടുക്കാൻ മാത്രം തോന്നിയത്രെ ആ അമ്മയ്ക്കപ്പോൾ. അത്തരം എത്രയെത്ര വൈകാരിക മുഹൂർത്തങ്ങൾ ! വക്കീലായി സർട്ടിഫിക്കറ്റ് ഏററുവാങ്ങുന്ന ധന്യമുഹൂർത്തത്തിൽ ഗ്യാലറിയിലിരുന്ന് അവന് അപസ്മാരമിളകാതിരിക്കാൻ കണ്ണടച്ച് പ്രാർത്ഥനാനിരതയാവുന്ന ആ അമ്മ, ഭയത്താൽ അധീരനാവുന്ന ബാബ, അഭിമാന തുന്ദിലയാവുന്ന പെങ്ങൾ! മക്കളുടെ കോൺവൊക്കേഷൻ സെറിമണി വീക്ഷിക്കാനെത്തുന്ന വേറെയേതു കുടുംബത്തിനാണ് ഇത്രയും വികാരനിർഭരമായ കഥ പറയാനുണ്ടാവുക! തീവ്രദുഃഖങ്ങളും ഉത്കണ്ഠകളും എങ്ങനെയൊക്കെയാണ് ജീവിതധന്യതകളാവുന്നത് ! ഒരു പ്രഹേളിക തന്നെ മനുഷ്യ ജീവിതം.

അനുയാത്ര നോവലല്ല. അടിമുടി ജീവിതാനുഭവം. നഷ്ടപ്പെട്ടവൻ്റെ പേരുപോലും മാറാനനുവദിക്കാതെ പൊള്ളലിൽ നീറിയെഴുതിയ അനുഭവം. കോവിഡ് കാലത്ത് കോവിഡ് വരാതെ വീട്ടിൽ നിന്ന് ഏറെയകലെയുള്ളിടത്തു വെച്ച് പിരിഞ്ഞു പോയ മകൻ്റെ ബാബയ്ക്ക് പിന്നീട് വോട്ടേഴ്‌സ് ലിസ്റ്റിൽ സ്വന്തം പേരു പോലും നഷ്ടപ്പെടുന്നത് വെറുമൊരവിചാരിതയല്ലാതാവുന്നില്ലേ ? വോട്ടേഴ്‌സ് ലിസ്ററിൽ പേരില്ലാത്തവൻ, ജീവിതത്തിൽ നിഷ്‌കാസിതൻ ! പക്ഷേ, എഴുത്തിലൂടെ സ്വയം വീണ്ടെടുക്കപ്പെട്ടവൻ. അബു അബിനു (അബിനുവിൻ്റെ പിതാവ്) ആയി മാറുന്ന അബ്ദുൽ ഹമീദ്.
ഇരുപത്തൊമ്പതുകൊല്ലം ജീവിച്ചിരുന്ന മകനുമൊത്തുള്ള അനുയാത്ര കോവിഡ് കാലത്ത് അവൻ്റെ മൃതദേഹവുമേററിയുള്ള മാതാപിതാക്കളുടെ അഞ്ചരമണിക്കൂർ ആംബുലൻസ് യാത്രയിലേയ്ക്ക് ചുരുങ്ങുകയല്ലിവിടെ. അതൊരു നിലയ്ക്കാത്ത യാത്രയാണ്. മാതാപിതാക്കളുടെ ജീവിതാവസാനം വരെ നീളുന്നത്. അതൊരിക്കലും കഴിയല്ലേ എന്നാഗ്രഹിക്കുന്നുമുണ്ട് ആംബുലൻസിലിരുന്ന് ആ ഹതഭാഗ്യർ . കാരണം വീടെത്തും വരെ കൂടിയേ ഉള്ളു അവനിനി ഒപ്പം . നാട്ടിൽ അവനുറങ്ങാൻ ഖബർ റെഡിയായി കഴിഞ്ഞിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അന്ത്യദർശനവും സംസ്കാരവും നടത്താനുള്ള ഏർപ്പാടുകൾ സ്നേഹമുള്ള നാട്ടുകാരും ബന്ധുക്കളും ചെയ്തു കഴിഞ്ഞിരിക്കുന്നു എന്നവർക്കറിയാം. അന്ത്യസ്നാനവും മയ്യിത്ത് നമസ്കാരവും ഒക്കെ പോകും വഴി തന്നെ നടത്തിക്കിട്ടിയതിനും ആ ഉമ്മയും ബാബയും തന്നെ സാക്ഷികൾ . യാത്ര അവസാനിക്കല്ലേ എന്നാഗ്രഹിച്ചു വെങ്കിലും അവരവിടെ എത്തിച്ചേരണമെന്നത് സമയത്തിൻ്റെ അലംഘനീയത. ആ അനുയാത്ര വർഷങ്ങൾക്കുശേഷവും അവർ മനസ്സിൽ തുടരുകയാണ് …. മനുഷ്യമനസ്സിൻ്റെ അനന്തപാതകളിലൂടെ യുവാവായ മകൻ്റെ മൃതശരീരത്തിന് കാവലായിരുന്നൊരു ആംബുലൻസ് യാത്ര!ദാമ്പത്യജീവിതത്തിലെ ഏറ്റവും കയ്പേറിയ ഒരേട്. അധികം പേർക്ക് അനുഭവിക്കേണ്ടി വരാത്ത ഒന്ന്. കഥാകാരൻ തന്നെ മുമ്പൊരിക്കൽ ഒളിച്ചോടുന്നുണ്ട്, അത്തരമൊരനുഭവത്തിൽ നിന്ന്. വരേണ്ടിയിരുന്നില്ല… കൂട്ടിനുവന്ന മകളുടെ കൂട്ടുകാരനെയും അസ്വസ്ഥനാക്കേണ്ടായിരുന്നു എന്നു ചിന്തിക്കുന്നുണ്ട് മരണം നടന്ന ഒരു സുഹൃദ്ഭവന സന്ദർശനവേളയിൽ അയാൾ.
ദുഃഖങ്ങളിൽ നിന്നൊളിച്ചോടാൻ മനുഷ്യനാവുമോ? പ്രത്യേകിച്ച് അവരവരിലേയ്ക്ക് നേർക്കുനേർ അവയെത്തുമ്പോൾ ? സഹജീവികളുടെ ദുഃഖങ്ങളിൽ അധിക നേരം ആണ്ടിരിക്കാനാവാത്തവരും സത്യസന്ധമായ അതിൻ്റെ പുനരാവിഷ്കരണത്തിൽ താൽപ്പരരാവുന്നത് എങ്ങനെയാണ്? ആവിഷ്‌കരിച്ചവർക്ക് ആശ്വാസം പകരുന്നതാണ് തുറന്നെഴുത്ത് എന്നതു ശരി. വായനക്കാരനോ ? അവൻ്റെ അല്ലെങ്കിൽ അവളുടെ ഏതു ഞരമ്പിലാണതു തൊടുന്നത്? ഏതൊക്കെയോ കുറ്റബോധങ്ങൾ, ചെയ്യാതെ പോയ എന്തൊക്കെയോ ശരികൾ , മനസ്സിലാക്കപ്പെടാതെ പോയ ഏതൊക്കെയോ മനസ്സുകളുടെ നേർക്കാഴ്ചകൾ നൽകുന്ന വേദന, അവരെയും ഉലയ്ക്കുന്നതായിക്കാം ഒരു പക്ഷേ . ഇതുവരെ പരിചിതനല്ലാത്ത, ആദ്യമായികണ്ട ആൾ വലിയ മുഖവുരയൊന്നുമില്ലാതെ കൈയിൽ തിരുകി വെച്ചു തന്ന പുസ്തകം, സാധാരണഗതിയിൽ വായിക്കാത്ത കുറേയേറെ ശേഖരങ്ങൾക്കിടയിൽ ഒരു പക്ഷേ ദീർഘ കാലം ഇരുന്നു പോയേക്കാവുന്ന ഒന്ന്, പെട്ടെന്ന് വായിച്ചു തുടങ്ങാൻ പ്രേരിപ്പിച്ചതെന്താണ്? ആദ്യ അധ്യായത്തിലെ ഏതോ വാചകം, അതിലൂടെ സാധ്യമായ സംവേദനത്തിൻ്റെ ഒരു തീപ്പൊരി. അതേതായിരുന്നു എന്നിപ്പോൾ പറയാനാവില്ല. അതു സംഭവിച്ചിട്ടുണ്ട് എന്നുറപ്പാണ്. അല്ലെങ്കിൽ ഏറെ ചെറുതല്ലാത്ത ഈ നോവൽ ഇടർച്ചയില്ലാതെ വായിച്ചു തീർക്കാനാവില്ലല്ലോ. വേദനയുടെ ഈ അപൂർവാനുഭവം തീർന്നുപോവുമോ എന്നു പേടിച്ച് മുറിച്ചു മുറിച്ചു വായിച്ചുവോ എന്നും സംശയം. വായിക്കുമ്പോൾ സ്വയം ശുദ്ധീകരിക്കപ്പെടുന്നു എന്നുതോന്നുന്നവയെയാണ് അങ്ങനെ സമീപിക്കേണ്ടിവരിക. പിന്നീട് ആവർത്തിച്ചു വായിക്കേണ്ടിയും വരിക. ആരെക്കൊണ്ടൊക്കെയോ വായിപ്പിക്കണം എന്നും തോന്നുക ! പിന്നീട് എഴുതണമെന്ന് തോന്നിപ്പിക്കുക.

വായിക്കുമ്പോൾ എൻ്റെ മനസ്സിൻ്റെ അനുയാത്ര ആരോടൊപ്പമായിരുന്നു? എവിടെയോ എത്തേണ്ടവൻ എന്ന് കുട്ടിക്കാലം മുതൽ പലരും ആവർത്തിച്ചിട്ടും എവിടെയെക്കൊയോ ഇടറിവീണവൻ, സാമാന്യ ജീവിതക്കാഴ്ചയിൽ എവിടെയും എത്താതെ പോയവൻ. അവനോടൊപ്പം ? അവൻ്റെ മനസ്സിൻ്റെ അഴിയാക്കുരുക്കുകളോടൊപ്പം ? അസംതൃപ്തികളോടൊപ്പം? അനുയാത്ര ഞാനും തുടരുന്നുണ്ട് തീർച്ച!
[അബു അബിനുവിൻ്റെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ, ‘അനുയാത്ര’ വായിച്ച അനുഭവം]




