A Unique Multilingual Media Platform

Articles Kerala Politics

സാദിക്കലി ശിഹാബ് തങ്ങളും ഗോവിന്ദൻ മാഷും  ന്യൂനപക്ഷ രാഷ്ട്രീയ സാധ്യതകളും 

  • July 19, 2026
  • 1 min read
സാദിക്കലി ശിഹാബ് തങ്ങളും ഗോവിന്ദൻ മാഷും  ന്യൂനപക്ഷ രാഷ്ട്രീയ സാധ്യതകളും 

വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സംസ്ഥാന സർക്കാരിൻറെ ആദ്യ നാഴിക കല്ലുകൾ പലതലങ്ങളിലും തരങ്ങളിലും അടയാളപ്പെടുത്തി വരികയാണ്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കാലത്തേക്കും ആ സമയത്ത് നിർണായകമായി ഉയർന്നുവന്ന ഘടകങ്ങളെ പറ്റിയും അവ എങ്ങനെ കേരളത്തിൻറെ സമകാലിക- ഭാവി രാഷ്ട്രീയ സംഭവവികാസങ്ങളെ സ്വാധീനിക്കും എന്നും പരിശോധിക്കുകയാണ് ഈ ലേഖന പരമ്പരയുടെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിനേ സ്വാധീനിച്ച രാഷ്ട്രീയ ഘടകങ്ങളും , അവയിൽ തന്നെ സവിശേഷമായി നേതാക്കളുടെ വ്യക്തിപരമായ നിലപാടുകളും ഇടപെടലുകളും എന്ത് തരം ശക്തി ദൗർബല്യങ്ങൾ പ്രതിഫലിപ്പിച്ചു എന്നും പരിശോധിക്കുന്നതിനോടൊപ്പം ഇവ എങ്ങനെ കേരളത്തിൻറെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹിക സ്ഥിതിവിശേഷത്തെയും ഭാവി ഗതി വിഗതികളെയും രൂപപ്പെടുത്തും എന്ന് ഉറക്കെ ചിന്തിക്കുക കൂടിയാണ് ഈ ലേഖനങ്ങൾ.

നാല് ഭാഗങ്ങളായുള്ള ഈ ലേഖന പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വി ഡി സതീശൻ, പിണറായി വിജയൻ, സാദിക്കലി ശിഹാബ് തങ്ങൾ, ഗോവിന്ദൻ മാഷ്, വെള്ളാപ്പള്ളി നടേശൻ, പി മുജീബ് റഹ്മാൻ, രാജീവ് ചന്ദ്രശേഖർ, സാബു ജേക്കബ് എന്നീ നേതാക്കളെയാണ്. 

 

നിയമസഭാ തിരഞ്ഞെടുപ്പും പുതിയ ഭരണവും ചില രാഷ്ട്രീയ – വ്യക്തിഗത വിജയ പരാജയങ്ങളുടെ കണക്കെടുപ്പും – ll

 

തിരഞ്ഞെടുപ്പ് കാലത്ത് സജീവ ചർച്ചയായ ധാരകളിൽ പ്രധാനമായിരുന്നു ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗതി വിഗതികൾ. ഈ ചർച്ചയെ പ്രതിനിധാനം ചെയ്യുകയും മുന്നോട്ട് നയിക്കുകയും ചെയ്ത രണ്ട് പ്രധാന നേതാക്കൾ ആയിരുന്നു മുസ്ലിം ലീഗ് നേതാവ് സയ്യെദ് സാദിക്കലി ശിഹാബ് തങ്ങളും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും . വെൽഫെയർ പാർട്ടി, ജമാഅത്തെ ഇസ്ലാമി, സമസ്ത എന്നിങ്ങനെയുള്ള സംഘടനകളും ഈ ചർച്ചയിൽ വലിയ പങ്കു വഹിച്ചിരുന്നു. പക്ഷേ തിരഞ്ഞെടുപ്പിന് അപ്പുറം കേരള രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും ഭാവിയെ കുറിച്ചുള്ള ദൂരവ്യാപകമായ  ചർച്ചകൾക്ക് പാത്രിഭവിക്കേണ്ടതാണ് സാദിഖ്  അലി ശിഹാബ് തങ്ങളുടെയും എം വി ഗോവിന്ദന്റെയും റോളുകൾ . ഇതൊരു താരതമ്യ പഠനമല്ല ; കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ഒരു  സമകാലിക- ഭാവി ധാരയെയും  ആ ധാരയിൽ സജീവമായി ഇടപെട്ട രണ്ട് നേതാക്കളെ വ്യത്യസ്തമായി തന്നെ കണ്ടുകൊണ്ട് ചർച്ച ചെയ്യുകയാണ്.

 

സാദിക്കലി ശിഹാബ് തങ്ങൾ

മുസ്ലിം ലീഗിന്റെ കാര്യം എടുത്താൽ, യുഡിഎഫിന്റെ വിജയത്തിൽ ലീഗിനുള്ള പങ്ക് എക്കാലവും ചോദ്യം ചെയ്യാൻ സാധിക്കാത്ത ഒന്നാണ്. പക്ഷെ പത്ത് വർഷം ഭരണത്തിൽ നിന്ന് പുറത്തു നിൽക്കേണ്ടി വന്നത് പാർട്ടിയുടെയോ, പ്രവർത്തകരുടെയോ, നേതാക്കളുടെയോ പോരായ്മകൾ കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ അല്ല എന്ന ലീഗ് അണികളുടെ പരാതി പാണക്കാട് തങ്ങൾക്ക് ഇനിയും കാണാതിരിക്കാൻ പറ്റില്ല എന്ന സ്ഥിതിയാണ് തിരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായിരുന്നത്. കോൺഗ്രസ്സിനെ പിന്തുണക്കുന്നത് കൊണ്ട് നഷ്ടമല്ലാതെ ലാഭമൊന്നും ഇല്ല എന്ന്, കച്ചവടക്കാരുടെ പാർട്ടിയായി മാറിക്കഴിഞ്ഞ ലീഗിന്റെ, പ്രവർത്തകർ പറയുന്നതിൽ കാര്യമില്ലാതില്ല എന്നു കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾക്കും അറിയാം. അത് കൊണ്ട് തന്നെ നേതാക്കളെയും അണികളെയും അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് തടയേണ്ട ചുമതല സാദിക്കലി ശിഹാബ് തങ്ങൾ നേരിട്ട് ഏറ്റെടുത്തു. അത് ഈ തിരഞ്ഞെടുപ്പിൽ മാത്രമല്ല, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലീഗ്സംസ്ഥാന പ്രസിഡന്റ് നന്നായി ചെയ്തു.

സാദിക്കലി ശിഹാബ് തങ്ങൾ

ഫാസിസ്റ്റ് ശക്തികളെ ചെറുത്ത് തോൽപ്പിക്കാൻ കേന്ദ്രത്തിൽ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളെ ന്യൂനപക്ഷങ്ങളും ഏറ്റെടുത്ത സാഹചര്യത്തിൽ, മറ്റൊരു വഴിക്ക് ചിന്തിക്കാൻ ലീഗിന് ആകുമായിരുന്നില്ല. മാത്രമല്ല, ഗാന്ധി സഹോദരങ്ങളുടെ വായനാടിലുള്ള സാന്നിധ്യം ലീഗിന് വളരെ ഗുണകരമാണ് എന്ന സത്യം നേരത്തെ തന്നെ തിരിച്ചറിഞ്ഞ നേതൃത്വം, ആ ബന്ധം അരക്കിട്ടുറപ്പിക്കാൻ ബാധ്യസ്ഥരാണ്. ഇതിലെ തമാശ എന്തെന്നാൽ, പലരും കരുതുന്നത് ഈ വയനാട് സ്ഥാനാർത്ഥിത്വം ലീഗിന്റെ സഹായത്താൽ കോൺഗ്രസിന് കിട്ടുന്ന സീറ്റാണ് എന്നാണ്!

മതാടിസ്ഥാനത്തിൽ ഉള്ള പാർട്ടി അല്ല എന്നൊക്കെ എത്ര പറഞ്ഞാലും, മുസ്ലിം സമുദായത്തിന്റെ പേരിലുള്ള പാർട്ടി തന്നെയാണ് ലീഗ്. അങ്ങനെ വരുമ്പോൾ മുസ്ലിം ഉമ്മത്തിനെ എപ്പോഴും കൂടെ നിറുത്തേണ്ടത് നിലനിൽപ്പിന്റെ പ്രശ്നം തന്നെയാണ്. പക്ഷെ പലപ്പോഴും മത സംഘടനകൾ, പ്രത്യേകിച്ച് സമസ്ത അല്ലെങ്കിൽ അവിടത്തെ നേതാക്കൾ, ലീഗിന്റെയും, യുഡിഎഫിന്റെയും നയപരിപാടികളെ വിമർശിച്ചു കൊണ്ട് രംഗത്ത് വരാറുണ്ട്. അത്തരം വിമർശനങ്ങളെ പരസ്യമായി തള്ളിക്കളയാൻ സാധിക്കാറില്ല എന്നതാണ് ലീഗിന്റെ ധർമ്മസങ്കടം. വിമർശനങ്ങളെ അതിൻ്റെ സ്പിരിറ്റിൽ എടുക്കുന്നു എന്നൊക്കെ പറഞ്ഞു എതിർത്ത് പറയാതെയുള്ള മറുപടിയാണ് സാധാരണ നൽകാറുള്ളത്. നല്ലൊരു വിഭാഗം അണികളും ഈ മതനേതാക്കളുടെ പ്രസ്താവനകളെ ഗൗരവമായി എടുക്കും എന്നത് പാണക്കാട് തങ്ങൾമാരെയും, മറ്റ് മുതിർന്ന നേതാക്കളെയും വിഷമിപ്പിക്കാറുണ്ട്. 

എന്നാൽ ഇത്തവണ മുമ്പെങ്ങുമില്ലാത്ത ഒരു ഐക്യം സമസ്തയുടെയും ലീഗിന്റെയും നേതാക്കൾക്കിടയിൽ ഉണ്ടായി എന്നതാണ് സത്യം. ജമാഅത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാൻ തയ്യാറല്ലാത്ത സമസ്ത, തിരഞ്ഞെടുപ്പിന് മുൻപായി യുഡിഫും ലീഗും അവരെ കൂടെക്കൂട്ടിയതു കണ്ടില്ലെന്നു വരെ നടിച്ചു. തിരഞ്ഞെടുപ്പിന് തൊട്ട് മുന്പായി ഫെബ്രുവരിയിൽ കാസർഗോഡ് കുനിയയിൽ വച്ച് നടന്ന സമസ്തയുടെ നൂറാം വാർഷിക ആഘോഷവും ഈ ഒത്തൊരുമക്ക് ആക്കം കൂട്ടി. സമ്മേളനത്തിന് മുന്നോടിയായി കേരളത്തിൽ മുഴുവൻ യാത്ര ചെയ്ത സമസ്തയുടെ പ്രസിഡന്റ് ജിഫ്രി തങ്ങളുടെ ജനസമ്പർക്ക പരിപാടി ഈ ഐക്യത്തെ ഊട്ടിയുറപ്പിച്ചു എന്ന് വേണം പറയാൻ. ലീഗിന്റെ നേതാക്കൾ കാണിച്ച സംയമനത്തിന് ഒപ്പം നിൽക്കുന്ന ആത്മനിയന്ത്രണം സമസ്തയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ ജിഫ്രി തങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഇത്തരത്തിൽ നോക്കുമ്പോൾ, ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായ പാർലമെന്ററി ജയത്തേക്കാൾ വലിയൊരു ജയം, അണികൾക്കിടയിൽ നിന്ന് ലീഗിനും നേതാക്കൾക്കും ലഭിച്ചു എന്ന് വേണം കരുതാൻ. അതിൽ നല്ലൊരു പങ്ക്, മുസ്ലിം ലീഗിന്റെ യുവ അധ്യക്ഷനായ സാദിക്കലിക്കുള്ളതാണ് എന്ന് പറയാതെ വയ്യ.

. ലീഗിനെ എതിർത്ത് മുന്നോട്ട് വന്ന വെള്ളാപ്പള്ളിയെയും, കമ്മ്യൂണിസ്റ്റ് നേതാക്കളെയും, മുസ്ലിം എന്ന ലേബലിൽ മറുപടി കൊടുക്കാതെ, തികച്ചും രാഷ്ട്രീയമായ മറുപടികൾക്കാണ് മുതിർന്നത്. ഈ രാഷ്ട്രീയ പക്വത പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടാകാൻ കാരണം പാണക്കാട് തറവാട്ടിലെ പുതുതലമുറ നേതാക്കളാണ് എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. ഇത്തരത്തിൽ കാണിച്ച നേതൃത്വ പാടവം കേരള സമൂഹം ശ്രദ്ധിക്കുക മാത്രമല്ല, വിലമതിക്കുകയും ചെയ്തു.

ഇത്തവണ നേടിയ വിജയത്തിൽ ലീഗിനെ സംബന്ധിച്ചിടത്തോളം ചില പ്രത്യേക നേട്ടങ്ങളുണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി യുവ നേതാക്കളിൽ നിരവധി പേർ വിജയിച്ചു കയറി എന്നതാണ്. അതിലും പ്രാധാന്യമർഹിക്കുന്ന വിജയം, ഫാത്തിമ തഹ്‌ലിയയുടേതാണ്. ലീഗിന്റെ ആദ്യ വനിതാ എംൽഎയാണ്‌ അവർ. സമസ്തയോട് ചേർന്ന് നിന്ന് കൊണ്ട് തന്നെ ഒരു വനിതയെ ജയിപ്പിച്ചടുത്തത് മലബാറിലെ സമൂഹത്തെ കുറിച്ച് അറിയുന്ന ആർക്കും അത്ഭുതം തന്നെയാണ്. ഇപ്പോഴും അവിടങ്ങളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലിം വനിതകൾ സ്ഥാനാർത്ഥികളാകുമ്പോൾ, പോസ്റ്റർ അച്ചടിക്കുക ഭർത്താക്കന്മാരുടെ ഫോട്ടോ വച്ചാണ് എന്ന് ഓർക്കുക. ഇത് കാണിക്കുന്നത് മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലെ സാമൂഹ്യ മാറ്റങ്ങളും, അത് മനസ്സിലാക്കി പെരുമാറിയ പാർട്ടിയെയുമാണ്. ഇതിനു നേതൃത്വം നൽകിയെന്ന നിലക്ക് സാദിക്കലി അഭിനന്ദനം അർഹിക്കുന്നു.

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും വരാപ്പുഴ അതിരൂപതാ ആസ്ഥാനത്ത് ബിഷപ്പ് വർഗീസ് ചക്കാലക്കലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം

ഈ തലമുറമാറ്റം പക്ഷെ എത്രകണ്ട് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും എന്ന് ലീഗ് നേതൃത്വം പരിശോധിക്കണം. മാറ്റങ്ങൾ അനിയന്ത്രിതമായി നടത്താൻ ലീഗിന് പരിമിതികളുണ്ട്. ഇപ്പോഴത്തെ ജയത്തിൽ മതിമറന്ന് പാർട്ടി പരിധികൾ ലംഘിക്കാതിരിക്കാൻ സാദിക്കലി തങ്ങളും കൂട്ടരും ശ്രദ്ധിക്കേണ്ടി വരും. അതേ സമയം, യുവത്വം ആഗ്രഹിക്കുന്ന കാലാനുസ്രതമായ മാറ്റങ്ങൾക്ക് തടയിടാനും മുതിരരുത്. മാറ്റത്തിന് വേണ്ടിയുള്ള ആഗ്രഹങ്ങൾക്കും, യാഥാസ്ഥികത കൈവിടാതിരിക്കാനുള്ള മത നേതൃത്വത്തിന്റെ ആഗ്രഹങ്ങൾക്കും ഒരേ പോലെ പ്രാധാന്യം നൽകി, സമതുലിതാവസ്ഥ കൈവരിച്ചു മുന്നോട്ട് പോകുന്നിതിലാകും സാദിക്കലി തങ്ങളുടെ യഥാർത്ഥ വിജയം.

 

എം വി ഗോവിന്ദൻ മാസ്റ്റർ

2026ലെ കേരള തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് നേരിട്ട തിരിച്ചടിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വവും വിലയിരുത്തലിന് വിധേയമാകുന്നു. സംഘടനാപരമായ കാര്യങ്ങളിൽ പരിചയസമ്പന്നനായ നേതാവാണെങ്കിലും, മാറിക്കൊണ്ടിരിക്കുന്ന കേരള സമൂഹത്തിന്റെ മനോഭാവവും യുവജനങ്ങളുടെ പ്രതീക്ഷകളും കൃത്യമായി വായിക്കുന്നതിൽ നേതൃത്വം പിന്നിലായെന്ന വിമർശനം വ്യാപകമാണ്.

ഇന്നത്തെ യുവതലമുറ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ആവശ്യപ്പെടുന്നത് ആശയപരമായ വ്യക്തത മാത്രമല്ല, സംവാദത്തിനുള്ള തുറന്ന മനസ്സും പുതിയ കാലത്തിന്റെ ഭാഷയും കൂടിയാണ്. എന്നാൽ പാർട്ടിയുടെ പൊതുസന്ദേശങ്ങളിലും പ്രതികരണങ്ങളിലുമെല്ലാം പഴയ രാഷ്ട്രീയ ശൈലിയുടെ സ്വാധീനം തുടർന്നുവെന്ന വിലയിരുത്തൽ ഉയരുന്നു. ജനങ്ങളുമായി നേരിട്ടുള്ള വൈകാരിക ബന്ധം സ്ഥാപിക്കുന്നതിലും പാർട്ടി ബുദ്ധിമുട്ടിയതായി തോന്നി. മുന്നിൽ നിൽക്കുന്ന സദസ്സിനു മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കാൻ ഗോവിന്ദൻ മാഷ് മെനക്കിടാറില്ല. പകരം പഴയ പാർട്ടി ശൈലിയിൽ താൻ പറയുന്ന വാദങ്ങൾ മിണ്ടാതിരുന്നു കേട്ടാൽ മതി എന്നാണ് സംസ്ഥാന സെക്രട്ടറിയുടെ ശൈലി. സംസ്ഥാനം മാറിക്കൊണ്ടിരിക്കുന്നു, സമൂഹം മാറിക്കൊണ്ടിരിക്കുന്നു, ജനസംഖ്യാ ഘടന മാറിയിരിക്കുന്നു, ജനതയുടെ ജീവിതാഭിലാഷങ്ങൾ മാറുന്നു, രാഷ്ട്രീയ പ്രവർത്തന ശൈലികൾ മാറിയിരിക്കുന്നു, തിരഞ്ഞെടുപ്പ് പ്രചാരണ രീതികൾ മാറിയിരിക്കുന്നു എന്നതൊന്നും മാഷ് അറിഞ്ഞിട്ടില്ലാത്ത പോലെയാണ് ഇപ്പഴും പെരുമാറ്റം.

എം വി ഗോവിന്ദൻ മാസ്റ്റർ

ഒരു തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഒരാളിൽ മാത്രം കേന്ദ്രീകരിക്കുന്നത് നീതിയല്ല. എന്നിരുന്നാലും സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയുടെ രാഷ്ട്രീയ ദിശയും പൊതുജനങ്ങളുമായുള്ള ആശയവിനിമയവും രൂപപ്പെടുത്തുന്നതിൽ എം.വി. ഗോവിന്ദന് പ്രധാന പങ്കുണ്ടായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടി ഒരു തിരുത്തൽ ശക്തിയായി, അല്ലെങ്കിൽ കുറഞ്ഞത് ഒരു കാവലാളായി നിൽക്കേണ്ടിയിരിന്നു. പക്ഷേ മാഷിന്റെ കാര്യത്തിൽ സംഭവിച്ചത്, പാർട്ടി സർക്കാരിനെ ന്യായീകരിക്കുന്ന ഒരു ശക്തിയായി മാത്രമാണ് നിലനിന്നത്. പിണറായിയെ പോലൊരു ഗൗരവക്കാരന്റെ കൂടെ പ്രവർത്തിക്കുമ്പോൾ, കൊടിയേരി ബാലകൃഷ്ണനെ പോലെ ഒരു ” good cop, bad cop” കളിക്കാൻ മാഷിന് സാധിച്ചില്ല എന്നതും, മോശം പ്രതിച്ഛായ തനിക്കും പാർട്ടിക്കും സർക്കാരിനും ഉണ്ടായിക്കെടുക്കാൻ ഹേതുവായി.

സ്ഥാനാർത്ഥികളെ തീരുമാനിച്ചതിൽ തെറ്റുകൾ സംഭവിച്ചു എന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. പാർട്ടി സെക്രെട്ടറിയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയത് തുടക്കത്തിൽ തന്നെ അനാവശ്യ എതിർപ്പുകൾ ഉണ്ടാക്കി. നാല് മുതിർന്ന നേതാക്കളാണ് വിമതരായി മത്സരിച്ചത്. അഞ്ചോ പത്തോ വർഷങ്ങൾ കഴിഞ്ഞെങ്കിലും, പാർട്ടിക്ക് ഭരണം കിട്ടാൻ സാധ്യതയുള്ള ഒരേയൊരു സംസ്ഥാനം എന്ന നിലയിൽ, കേരളത്തിൽ പാർട്ടിക്ക് സംഭവിച്ച ഈ വീഴ്ചകളെ ഒട്ടും നിസ്സാരമായല്ല ബേബി സഖാവിനെ പോലുള്ള നേതാക്കൾ കാണുന്നത്.

(ഇടത് നിന്ന്) എംവി ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, പിണറായി വിജയൻ

ഇതെല്ലം കൊണ്ട് തന്നെ, മാർക്സിസ്റ്റ് പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിൽ ഗോവിന്ദൻ മാഷിന് സ്ഥാനമുണ്ടാകുമെങ്കിലും, അത് സംസ്ഥാന സെക്രട്ടറിയുടെ റോളിൽ ആകില്ല എന്നാണ് നിരീക്ഷകർ വിശ്വസിക്കുന്നത്. ഇനിയുള്ള കാലം പാർട്ടിയിലെ ഏത് സ്ഥാനത്തിരുന്നാലും, ഗോവിന്ദൻ മാഷ് പുതിയ കാലത്തിന്റെ ഭാഷ പഠിക്കാതെ മുന്നോട്ടു പോയാൽ ബുദ്ധിമുട്ടാകും. ധാർഷ്ട്യം നിറഞ്ഞ പാർട്ടി പ്രവർത്തനത്തിന്റെ കാലം കഴിഞ്ഞു, പാർട്ടി ക്ലാസ്സുകളിലെ സിലബസ്സ് പോലും മാറ്റേണ്ടിയിരിക്കുന്നു. പ്രവർത്തിക്കുന്നതും പറയുന്നതും ഒന്നായില്ലെങ്കിൽ, കേൾക്കാനും ഒപ്പം നിൽക്കാനും ആളെ കിട്ടില്ല എന്ന് മാഷിനൊപ്പം മറ്റുള്ളവരും മനസ്സിലാക്കണം. പാർട്ടിയുടെ നയങ്ങളും സർക്കാരിന്റെ പരിപാടികളും തമ്മിൽ ചേർച്ചയില്ലാതെ വരുമ്പോൾ, വിശ്വാസത്തിലെടുക്കാൻ അണികൾ പോലും മടിക്കും.

About Author

ഷബീർ അഹമ്മദ്

സോഷ്യൽ എഞ്ചിനീയറിങ്ങിൽ താല്പര്യം ഉള്ള കൊച്ചി സ്വദേശിയായ എഞ്ചിനീയർ. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉന്നത മാനേജ്‌മന്റ് രംഗത്ത് പ്രവർത്തിച്ച ഷബീറിന്റെ എഴുത്ത് താല്പര്യങ്ങൾ, ഇന്ത്യൻ രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങൾ എന്നിവയാണ്. കായിക രംഗത്തെ കുറിച്ചും ലേഖനങ്ങൾ എഴുതാറുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x