A Unique Multilingual Media Platform

Articles Kerala

എം പി : പച്ചപ്പ് സ്വപ്നം കണ്ട ആണവ ശാസ്ത്രജ്ഞന്റെ ഓർമയിൽ രണ്ട് കുറിപ്പുകൾ

  • August 12, 2026
  • 1 min read
എം പി : പച്ചപ്പ് സ്വപ്നം കണ്ട ആണവ ശാസ്ത്രജ്ഞന്റെ ഓർമയിൽ രണ്ട് കുറിപ്പുകൾ

എം പിയുമായി നടത്തിയ അവസാനസംഭാഷണത്തില്‍ നിന്നുള്ള ഓര്‍മകളാണ്. റെക്കോര്‍ഡ് ചെയ്തുവച്ച് എഴുതാതെ പോയ സംഭാഷണങ്ങളിലൊന്ന്.

വീല്‍ചെയറിലിരുന്ന് കൊണ്ട് ഒരു യുവാവിന്റെ ഊര്‍ജ്ജസ്വലതയോടെയാണ് അദ്ദേഹം പറ‍ഞ്ഞു തുടങ്ങിയത്. സമൂഹത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും മനുഷ്യരെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ സമയബോധം നഷ്ടപ്പെടുന്ന മനുഷ്യരിലൊരാള്‍!

എം പി പരമേശ്വരൻ

ഞാന്‍ കണ്ട സിനിമകളും ഞാന്‍ വായിച്ച പുസ്തകങ്ങളും എന്റെ പാൻ ഇന്ത്യൻ സഞ്ചാരങ്ങളും അത്തരം മനുഷ്യരെത്തേടിയുള്ള യാത്രകളായിരുന്നു.

എം പി എഴുതിയ നാല്പതോളം പുസ്തകങ്ങളില്‍ ഇല്ലാത്തതെന്തൊക്കെയോ 90 വയസ്സ് കഴിഞ്ഞിട്ടും ശുഭപ്രതീക്ഷാമുനമ്പില്‍ ജീവിക്കുന്ന അദ്ദേഹത്തില്‍ വാക്കുകളില്‍ തെളിഞ്ഞുവന്നിരുന്നു.

സാമൂഹ്യമാറ്റത്തിന് ഇനിയും എന്തൊക്കെ ചെയ്യാമെന്ന് അദ്ദേഹം ബോധം മറയുന്ന നിമിഷം വരെ ചിന്തിച്ചിരിക്കും. സമൂഹത്തിനൊപ്പം സഞ്ചരിക്കുന്നവരും സമൂഹത്തെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്നവരായും രണ്ടുതരം മനുഷ്യരുണ്ട്. ആദ്യം പറഞ്ഞവര്‍ രോഗിയ്ക്ക് ഭക്ഷണം കൊടുത്തും ചികില്‍സ നല്കിയും സഹായിക്കുന്നു. ഒരുതരം പാലിയേറ്റീവ് കെയര്‍ രാഷ്ട്രീയം! (അത് മോശമാണെന്ന് അഭിപ്രായമില്ല)

രണ്ടാമത്തെ വിഭാഗത്തിലുള്ളയാളാണ് എംപി. രോഗം വരാതിരിക്കാന്‍ എന്തു ചെയ്യുമെന്നായിരുന്നു എപ്പോഴും അയാളുടെ ചിന്ത. അതൊരു ഗാന്ധിയന്‍ ചിന്തയാണ്. ആ അര്‍ത്ഥത്തില്‍ മാര്‍ക്സിയന്‍ വൈരുദ്ധ്യാത്മകതയെക്കുറിച്ച് പുസ്തകം രചിക്കുമ്പോഴും എം പി ഗാന്ധിയനായിരുന്നെന്നു പറയാം.

തീവണ്ടിയും വക്കീലന്മാരും ഡോക്ടര്‍മാരുമാണ് ഇന്ത്യയെ തകര്‍ത്തെതന്ന് പറഞ്ഞാല്‍ അതിന്റെ അന്തസ്സത്ത മനസ്സിലാവാന്‍ ഗ്രാമസ്വരാജ് എന്ന ആശയം ഉള്ളിലേക്ക് ആഴത്തിലിറങ്ങണം.

അധ്വാനത്തില്‍ ആഹ്ളാദം കണ്ടെത്തുന്ന മനുഷ്യരുമായി സ്വയം താദാത്മ്യപ്പെടണം.

നിഷ്കളങ്ക ഗ്രാമ്യ ജീവിതത്തിന്റെ നന്മകൾ ഹൃദയത്തിൽ നിറയണം.

ഡോ. എം പി പരമേശ്വരന്റെ, ‘പുതിയ ഗ്രാമത്തിൽ നിന്ന് പുതിയ ലോകത്തിലേക്ക്’ എന്ന പുസ്തകം.

കൊളോണിയല്‍ ഹാങ്ങോവറില്‍ കുടുങ്ങി, യൂറോപ്യന്‍ മോഡേണിറ്റിയില്‍ ഉറച്ചുപോയവര്‍ക്ക് ഈ ആശയം പിന്തിരിപ്പനായിരിക്കും. (എം ടി തന്റെ ഈ പിന്തിരിപ്പൻ ചിന്ത പൊളിച്ചു തന്നത് കെ അരവിന്ദാക്ഷൻ്റെ “ഗാന്ധിയുടെ ജീവിത ദർശനം ” എന്ന പുസ്തകമാണെന്ന് കുമ്പസാരിച്ചുകൊണ്ട് ആമുഖമെഴുതിയത് വായിച്ചിരുന്നു.)

ഈയൊരു പോയിന്റില്‍ വച്ചാണ് പരിഷത്തുകാരും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമൊക്കെ എം പിയെ പുറത്തുനിര്‍ത്തുന്നത്. വലതുപക്ഷ മാധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ച് എംപിയെ പുറത്താക്കാന്‍ കൂട്ടുനിന്നത്. വി എസ് അടക്കം അതില്‍ കരുവായി മാറി. അങ്ങനെ ഏതെങ്കുിലുമൊരു സംഘടനയില്‍ നിന്നും പുറത്താവുന്നതില്‍ ഖേദമില്ലെന്നു മാത്രമല്ല, അതൊരനിവാര്യതയാണെന്ന ചിന്തയും എംപിയെ മലയാളികള്‍ക്കിടയിലെ ജൈവബുദ്ധിജീവികളിലൊരാളായി മാറ്റുന്നു.

മാര്‍ജറി സൈക്സിന്റെ നയി താലിം കഥ എംപി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. ആ പരിഭാഷ നാം ശ്രദ്ധിച്ചിരുന്നെങ്കില്‍ പരിഷത്ത് എന്ന സംഘടന ഏറ്റെടുത്തിരുന്നെങ്കില്‍ അക്ഷരമറിയാത്ത, ഭാഷാസ്നേഹമില്ലാത്ത ഒരു കുട്ടിയും കേരളത്തിലുണ്ടാകുമായിരുന്നില്ല.

ഡോ. എം. പി. പരമേശ്വരൻ ഭാര്യ ഭവാനിക്കൊപ്പം.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിഷയമാകുമായിരുന്നില്ല. മാതൃഭാഷയുടെ അടിക്കല്ലിളക്കുന്ന അണ്‍എയ്ഡഡ് ഇംഗ്ളീഷ് മീഡിയങ്ങള്‍ ഇത്രയ്ക്ക് മുളച്ചുപൊന്തുമായിരുന്നില്ല. പരിസരശുചിത്വം ഉറപ്പിക്കാന്‍ പോസ്റ്ററുകളും ബാനറുകളും ലൊട്ട് ലൊടുക്ക് പദ്ധതികളും വേണ്ടി വരുമായിരുന്നില്ല. അധ്യാപകർ വെറും കണക്കെടുപ്പുകാരായി അധഃപതിക്കുമായിരുന്നില്ല

മണ്ണിനെ പുഷ്ടിപ്പെടുത്തുന്ന കൃഷിരീതിയെ, ഇക്കോളജില്‍ ഫാമിംഗിനെ ലീബിഗിന്റെ സിദ്ധാന്തമുരുവിട്ട് നാം തള്ളിക്കളയുമായിരുന്നില്ല. ആരോഗ്യമെന്നാല്‍ ഹൈടെക് ആശുപത്രിയെന്ന പൊതുബോധം ശക്തിപ്പെടുമായിരുന്നില്ല.

കൃഷിയിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും എല്ലാവര്‍ക്കും സമൃദ്ധിയെന്ന ആശയവുമായി ബന്ധപ്പെട്ട് പദ്ധതികള്‍ രൂപീകരിക്കാനും സമൂഹത്തിലേക്ക് പടര്‍ത്താനും സത്യസന്ധമായി ശ്രമിച്ചവരെ ഉപഭോഗജീവിതത്തിന്റെ ഗുണഭോക്താക്കളായി മാറിയ ഭൂരിപക്ഷത്തിന് അംഗീകരിക്കാനാവുമോ?

ഒരിക്കലുമില്ല.

അദ്ദേഹത്തിലെ ക്രാന്തദര്‍ശിയെ കച്ചവടക്കാര്‍ക്ക് പ്രോല്‍സാഹിപ്പിക്കാനാവുമോ?

അതല്ലേ സൈദ്ധാന്തികമായി ചേർന്നുനിന്നവരും സുഹൃത്തുക്കളമൊക്കെ പ്രായോഗികമായി ചിന്തിച്ച എംപിയെ ഒറ്റപ്പെടുത്തിയത്?

ഡോ.എം. പി. പരമേശ്വരൻ

കിഴക്കു പടിഞ്ഞാറ് ചരി‍‍ഞ്ഞു കിടക്കുന്ന ഒരു നാടിനെ തെക്കുവടക്ക് വെട്ടിമുറിച്ചു തീര്‍ക്കുന്നതില്‍ സങ്കടപ്പെടുന്ന മനുഷ്യരുടെ കൂട്ടായ്മയാണ് എംപി സ്വപ്നം കണ്ടിരുന്നതെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

ഏതെങ്കിലും സംഘടന ആ കൂട്ടായ്മയില്‍ അംഗത്വമെടുക്കുമോ?

ഇല്ലേയില്ല.

മാര്‍ക്സിന്റെ സാമൂഹ്യസ്വപ്നങ്ങളെ ഗാന്ധിയുമായി ഘടിപ്പിക്കാനുള്ള പാലം പണിയലായിരുന്നു എംപിയുടെ എഴുത്തും ജീവിതവുമെന്ന് ഞാന്‍ വിചാരിക്കുന്നു.

അതിനിപ്പോഴും പ്രസക്തിയുണ്ട്. ആ സ്വപ്നം ഏറ്റെടുക്കുന്നവരിലൂടെ അദ്ദേഹം ജീവിച്ചുകൊണ്ടേയിരിക്കും.

മുമ്പേ പറക്കുന്ന പക്ഷികൾ ….

മലയാളം എഴുത്തുകാരുടെ ഗ്രൂപ്പില്‍ വൈശാഖന്‍ തമ്പിയെ വിമര്‍ശിച്ചെഴുതിയതിൻ്റെ കാരണങ്ങൾ വിശദീകരിച്ചു കൊണ്ടാണ് കവിയായ സതീഷ് സാറിനെ പരിചയപ്പെടുന്നത്.

“നിങ്ങള്‍ എം പി യെ ഒന്നു കണ്ട് സംസാരിക്കണം.”

എംപിയുടെ അടുത്ത ബന്ധുകൂടിയായ അദ്ദേഹം പറഞ്ഞു.

കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങര്‍ലി വീട്ടിലെത്തി.

വീല്‍ചെയറിലിരുന്ന അദ്ദേഹവുമായി മണിക്കൂറുകള്‍ കഥകള്‍ പറഞ്ഞിരുന്നു. പുതിയ അന്വേഷണക്കുറിപ്പുകള്‍ ഫോട്ടോസ്റ്റാറ്റായി കൈമാറി.

റഷ്യയിൽ ആണവശാസ്ത്രജ്ഞനായി ജോലി ചെയ്ത കാലത്തുനിന്ന് തുടങ്ങി. പരിസ്ഥിതിയും ശാസ്ത്രവും ആണവോര്‍ജ്ജവും  പച്ചക്കറി കൃഷിയും വരെ സംഭാഷണം നീണ്ടു പോയി. സത്യം അന്വേഷിച്ചും പഠിച്ചും കാലത്തിനു മുമ്പേ പറക്കുന്നവർ പലപ്പോഴും സംഘടനകളാലും ആൾക്കൂട്ടങ്ങളാലും തിരസ്കരിക്കപ്പെടും എന്ന് മനസ്സിലായി. നാലാം ലോകമെന്ന മുദ്രകുത്തി എത്ര വേഗത്തിലാണ് നമ്മുടെ മാധ്യമങ്ങൾ എംപിയുടെ മാർക്സിയൻ പ്രായോഗിക പരീക്ഷണങ്ങളെ വേലിക്ക് പുറത്തു നിർത്തിയത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ.മാധവ് ഗാഡ്ഗിൽ അനുസ്മരണ ചടങ്ങിൽ സംസാരിക്കുന്ന ഡോ എം പി പരമേശ്വരൻ.

പശു ഒരു ചെയിന്‍ റിയാക്ടറാണെന്ന് അദ്ദേഹം ശാസ്ത്രീയമായി വിശദീകരിച്ചതു കേട്ട് ചിരിച്ചു പോയി. ആ വിവരണങ്ങളിൽ ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുന്ന കര്‍മപദ്ധതികളുമുണ്ടായിരുന്നു.

ഞാന്‍ ദീപക് സച്ദേയുടെ ഗുരു എസ് എ ധാബോല്‍ക്കറെക്കുറിച്ചു പറഞ്ഞപ്പോള്‍ “പ്ളന്റി ഫോര്‍ ഓള്‍ ” വായിക്കാന്‍ കിട്ടുമോയെന്ന് ചോദിച്ചു.

സതീഷ് സാറിനെ വിളിച്ച് അദ്ദേഹം പുസ്തകം വരുത്തി വായിച്ചതായറിഞ്ഞു.

ആ പുസ്തകം കൂടി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നുവെന്ന്  മാതൃഭൂമി എഡിറ്റോറിയല്‍ പേജിലെ അഭിമുഖത്തില്‍ വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.

ലോകത്ത് ഇന്നുവരെ എഴുതപ്പെട്ട എല്ലാ കാര്‍ഷിക പ്രബന്ധങ്ങളും, ഗ്രന്ഥാലയങ്ങളെ മാത്രം കരിച്ചുകളയുന്ന ഒരു ആണവദുരന്തത്തില്‍ അപ്രത്യക്ഷമായെന്നു വെറുതെ സങ്കല്‍പ്പിക്കുക.

ധാബോല്‍ക്കറുടെ തിയറിയും മണ്ണിലിറങ്ങി പരീക്ഷണം നടത്താനുള്ള മനസ്സും അത് കൃത്യമായി ഡോക്യുമെന്റ് ചെയ്യാനുള്ള സംവിധാനവും മതി കാര്‍ഷികമേഖലയെ വീണ്ടും അഭിവൃദ്ധിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍.

കൃഷി ചെയ്യുമ്പോഴുള്ള ഊര്‍ജ്ജനഷ്ടങ്ങളും നേട്ടങ്ങളും ശാസ്ത്രീയമായി വിശദീകരിക്കുന്ന മറ്റൊരു പുസ്തകം മലയാളത്തില്‍ ഉള്ളതായി കണ്ടിട്ടില്ല.

ധാബോല്‍ക്കറിന്റെ കണ്ടെത്തലുകള്‍, എഴുപതുകളില്‍ പൗലോ ഫ്രെയറോടൊപ്പം ജര്‍മനിയിലെ മ്യൂണിച്ചില്‍ വച്ചു നടത്തിയ കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കുവച്ചിരുന്നു.

എം പി പരമേശ്വരൻ മാധവ് ഗാഡ്‌ഗലിനൊപ്പം

നഗരകേന്ദ്രീകൃതമായ മുതലാളിത്തം അതിവേഗത്തില്‍ ആലിംഗനം ചെയ്തുകൊല്ലുന്ന ഗ്രാമങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള പ്രായോഗികമായ വഴി എം പിയുടെ ആശയങ്ങളായിരിക്കും.

വാര്‍ദ്ധക്യത്തിലും ബൗദ്ധികതീക്ഷ്ണതയും സാമൂഹ്യപ്രതിബദ്ധതയും സൂക്ഷിച്ച മലയാളം കണ്ട മഹാമനീഷിയായ എം പി കാലത്തിനു മുമ്പെ നടന്ന അന്വേഷകനായിരുന്നു, മാധവ് ഗാഡ്ഗിലിനെപ്പോലെ കേരളത്തിൻ്റെ നിലനില്പിനായി അദ്ദേഹം ചിന്താ പദ്ധതികളും പ്രായോഗിക മാർഗ്ഗങ്ങളും മുന്നോട്ടുവെച്ചിരുന്നു….

About Author

ഷബിൽ കൃഷ്ണൻ

ഫ്രീലാൻസ് ജേര്ണലിസ്റ് . പരിസ്ഥിതി, കൃഷി തൊഴിൽ , സംരംഭക ഉദ്യമങ്ങൾ എന്നിവ സവിശേഷമായി പഠിക്കുന്നു. www.proletarian.in എന്ന പോർട്ടലിന്റെ നടത്തിപ്പിൽ പങ്ക് വഹിക്കുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x