ഏകാധിപത്യത്തിന്റെ അസ്തമയവും വിപ്ലവത്തിന്റെ വിവക്ഷയും
ഫിദല്‍ കാസ്ട്രോയുടെ ശതാബ്ദി സന്ദര്‍ഭത്തില്‍, അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ദി ഓട്ടം ഓഫ് ദി പാട്രിയാർക്ക്’ എന്ന രചനയുടെ പുനർവായന.
“A revolution is not a bed of roses. A revolution is a struggle between the future and the past.”—Fidel Castro
ലാറ്റിനമേരിക്കൻ ജനതയുടെ ചരിത്രം ചോരയും കണ്ണീരും നിറഞ്ഞതാണ് എന്നത് എടുത്തു പറയേണ്ടതില്ലല്ലോ. ഒരു വശത്ത് സാമ്രാജ്യത്വത്തിന്റെ കോളനിവാഴ്ചയും മറുവശത്ത് ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കുന്ന സ്വേച്ഛാധിപതികളും ചേരുമ്പോള്‍ അത് പൂര്‍ത്തിയാകുന്നു. ഇരുപതാം നൂറ്റാണ്ടിലെ ലാറ്റിനമേരിക്കൻ സാഹിത്യം ഈ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളോട് അതിശക്തമായി പ്രതികരിച്ചതു വഴി വ്യത്യസ്തമായ നിരവധി രചനകള്‍ സാഹിത്യത്തിന്റെ ഭാഗമായി. ‘ഡിക്ടേറ്റര്‍ നോവലു’കളായിത്തന്നെ അവ അറിയപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല.

1946ല്‍ ആണ് ‘ദി പ്രസിഡണ്ട്’ എന്ന കൃതി (മിഗേൽ ആഞ്ചൽ അസ്റ്റൂറിയസ്) പ്രസിദ്ധീകൃതമാകുന്നത്. ഏകദേശം മൂന്നു പതിറ്റാണ്ട് കഴിഞ്ഞാണ് ‘ഐ ദി സുപ്രീം’ (അഗസ്റ്റോ റോവ ബാസ്റ്റോസ്) എന്ന രചന പുറത്തു വരുന്നത് എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. തീവ്രമായ രാഷ്ട്രീയപരിണാമങ്ങളിലൂടെ ലാറ്റിന്‍ അമേരിക്ക കടന്നുപോകുന്ന ഘട്ടമായി കൂടി അതിനെ മനസ്സിലാക്കാം. എഡ്വാർഡോ ഗലിയാനോയുടെ ‘ഓപ്പന്‍ വെയ്ന്‍സ് ഓഫ് ലാറ്റിന്‍ അമേരിക്ക’ (Open Veins Of Latin America – Eduardo Galeano) പോലൊരു ഗംഭീര പഠന കൃതി സൃ,ഷ്ടമായ സാഹചര്യവും ഇവിടെ പ്രത്യേകം ഓര്‍ക്കാം. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ 1975-ൽ പുറത്തിറക്കിയ’ദി ഓട്ടം ഓഫ് ദി പട്രിയാർക്ക്’ (The Autumn of the Patriarch) എന്ന നോവലും ഈ പശ്ചാത്തലത്തിലാണ് പുറത്തു വരുന്നത്. അധികാരത്തിന്റെ ഭീകരതയെയും ഏകാധിപതികളുടെ മാനസിക ലോകത്തെയും വലിയ രീതിയില്‍ തുറന്നുകാട്ടാനാണ് മാര്‍കേസ് ശ്രമിച്ചത് എന്നതില്‍ സന്ദേഹമില്ല.
സൗഹൃദവും ആത്മപരിശോധനയും
ഇപ്പോള്‍, ഫിദൽ കാസ്ട്രോയുടെ ശതാബ്ദി വേളയിൽ (Centenary of Fidel Castro) മാര്‍കേസ് നോവലിന്റെ പുനര്‍വായന, പല ഓര്‍മകകളെയും പുനരാനയിക്കാന്‍ പ്രാപ്തമാണ്. മാത്രമല്ല അതിന് സവിശേഷ രാഷ്ട്രീയ പ്രസക്തിയും കൈവരുന്നതു കാണാം. അതിന്റെ സുപ്രധാന കാരണം, കാസ്ട്രോയും മാർകേസും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട അഗാധമായ സൗഹൃദമുണ്ടായിരുന്നു എന്നതാണ്. ഒരു വശത്ത്, അമേരിക്കൻ സാമ്രാജ്യത്വത്തെയും ഏകാധിപതിയായ ഫുൾജെൻസിയോ ബാറ്റിസ്റ്റയെയും പുറത്താക്കി ക്യൂബൻ ജനതയ്ക്ക് വിമോചനം നൽകിയ വിപ്ലവകാരിയായ ഫിദൽ കാസ്ട്രോ; മറു വശത്ത്, കാസ്ട്രോയുടെ അടുത്ത സുഹൃത്തായ മാർകേസ് വരച്ചുകാട്ടുന്ന, അധികാരത്തിന്റെ ദന്തഗോപുരത്തിൽ ജീവിച്ച് സ്വയം നശിച്ചു പോകുന്ന ഒരു സ്വേച്ഛാധിപതി.

ഈ രണ്ട് അവസ്ഥകളെ മുൻനിർത്തിക്കൊണ്ട്, മാർകേസിന്റെ നോവലിനെയും കാസ്ട്രോയുടെ സങ്കീർണ്ണമായ അധികാര ജീവിതത്തെയും വിശകലനം ചെയ്യാന്‍ ഒരു ശ്രമം നടത്തുകയാണ് ഈ ലേഖനത്തില്‍. മാർകേസിന്റെ വിഖ്യാതമായ ‘വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്’ (One Hundred Years of Solitude) എന്ന നോവലിന് ശേഷം ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു രചന കൂടിയായിരുന്നു ‘ദി ഓട്ടം ഓഫ് ദി പട്രിയാർക്ക്’. ലാറ്റിനമേരിക്കയിലെ പല സ്വേച്ഛാധിപതികളുടെയും—പ്രത്യേകമായി ഏതെങ്കിലും ഒരു നിശ്ചിത വ്യക്തിയെ അല്ല, മറിച്ച് ലാറ്റിനമേരിക്കയെ ആകെ പിടിച്ചുലക്കുന്ന “ഏകാധിപത്യം” എന്ന പൊതു അവസ്ഥയെയും അതിന്റെ മനഃശാസ്ത്രത്തെയുമാണ് മാർകേസ് വലിയൊരളവ് നോവലില്‍ ആവിഷ്കരിക്കുന്നത്.

“The dictator is the only mythical figure that Latin America has produced; his stature is monumental and his solitude total.”
എന്ന് ഇതിനെക്കുറിച്ച് മാർകേസ് പിൽക്കാലത്ത് നിരീക്ഷിച്ചിട്ടുമുണ്ട്. മാർകേസ് കണ്ട ഭരണാധികാരികളിൽ ഭൂരിഭാഗവും ജനങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുകയും, സാമ്രാജ്യത്വ ശക്തികൾക്ക് രാജ്യത്തിന്റെ വിഭവങ്ങൾ അടിയറവ് വെക്കുകയും ചെയ്തവരായിരുന്നു. ഈ ചരിത്രപരവും രാഷ്ട്രീയവുമായ അനുഭവമാണ് നോവലിന്റെ പ്രധാന പ്രമേയം എന്ന് വ്യക്തമാണല്ലോ. ലളിതമായി പറഞ്ഞാല്‍, നോവലിന്റെ ഇതിവൃത്തം എന്നത്, കരീബിയൻ കടൽത്തീരത്തുള്ള ഒരു അജ്ഞാത ലാറ്റിനമേരിക്കൻ രാജ്യത്തെ നൂറിലധികം വയസ്സുള്ള ഒരു അജ്ഞാത ജനറലിന്റെ (The General) ജീവിതവും മരണവുമാണ്. അയാൾ എത്രകാലം ഭരിച്ചു എന്നതിനോ, എപ്പോൾ ജനിച്ചു എന്നതിനോ വ്യക്തമായ കണക്കുകളില്ല. കൊട്ടാരത്തിൽ ജനറലിന്റെ ഭൗതിക ശരീരം അഴുകിത്തുടങ്ങുമ്പോൾ, കൊട്ടാരത്തിനകത്ത് പ്രവേശിച്ച് ചുറ്റും പറക്കുന്ന കഴുകന്മാരിലൂടെയാണ് നോവൽ ആരംഭിക്കുന്നത്.
മാജിക്കൽറിയലിസം എന്ന മാനസികാവസ്ഥ
സാധാരണ നോവലുകളിൽ നിന്ന് വ്യത്യസ്തമായി, വളരെ ദീർഘമായ, വിരാമചിഹ്നങ്ങൾ കുറഞ്ഞ വാക്യങ്ങളിലാണ് മാർകേസ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. ഒന്നോ രണ്ടോ വാക്യങ്ങളിൽ ഒരു അധ്യായം മുഴുവൻ അവസാനിക്കുന്ന ശൈലിയുണ്ട്. വർത്തമാനകാലവും ഭൂതകാലവും, കഥാപാത്രങ്ങളുടെ ചിന്തകളും സംഭാഷണങ്ങളും പരസ്പരം കൂട്ടിക്കുഴയുന്നു. ഇത് ഏകാധിപതിയുടെ ഉന്മാദകരമായ മാനസികാവസ്ഥയെയും (hallucination) വിഭ്രാന്തികളെയും വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്നു. ഭരണാധികാരത്തിന്റെ പരകോടിയിൽ നിൽക്കുമ്പോഴും ഈ ജനറൽ തീർത്തും ഏകാകിയാണ്. ജനങ്ങളിൽ നിന്നും സ്വന്തം അനുയായികളിൽ നിന്നും അയാൾ ഒറ്റപ്പെടുന്നു. ആരെയോ പേടിച്ച്, കൊട്ടാരത്തിന്റെ വാതിലുകളിൽ ഇരുമ്പ് പൂട്ടുകൾ ഇട്ട് അയാൾ രാത്രികളിൽ അലഞ്ഞുതിരിയുന്നു.

“Over the weekend the vultures got into the presidential palace by pecking through the screens on the balcony windows…”
എന്ന നോവലിന്റെ പ്രാരംഭ വരികളില്‍, ജനറലിന്റെ ഗുരുതരമായ സുരക്ഷിത ഭീതിയുടെ എല്ലാ സൂചനകളുമുണ്ട്. വിപ്ലവത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ഒരു നേതാവിനു പകരം, ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് മൃഗങ്ങളെപ്പോലെ ജീവിച്ചു മരിക്കുന്ന ഒരു ഏകാധിപതിയുടെ ഭയാനകമായ അവസ്ഥയാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുളളത്.
ഭരണവും പ്രതിരോധവും (ഉണര്‍ച്ചയും തളര്‍ച്ചയും)
ലാറ്റിനമേരിക്കൻ ചരിത്രത്തിൽ, ഏകാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഫിദൽ കാസ്ട്രോയുടെ ഭരണത്തെക്കറിച്ചും ചിന്തിക്കേണ്ടി വരുന്നു എന്നത് സ്വാഭാവികം മാത്രമാണ്. 1959-ൽ ക്യൂബൻ വിപ്ലവത്തിലൂടെ ബാറ്റിസ്റ്റയുടെ ക്രൂരമായ ഏകാധിപത്യത്തെ അട്ടിമറിച്ചാണ് കാസ്ട്രോ അധികാരത്തിൽ വരുന്നത്. കാസ്ട്രോയുടെ ഭരണവും രാഷ്ട്രീയ സ്വാധീനവും ലോകചരിത്രത്തിൽ, അദ്ദേഹത്തിന്റെ മുന്നേറ്റങ്ങള്‍ വകയിരുത്തിക്കൊണ്ടു തന്നെ, വിമര്‍ശനാത്മകമായിക്കൂടിയാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹിക സമത്വം, ദാരിദ്ര്യ നിർമ്മാർജ്ജനം, സമ്പൂർണ്ണ സാക്ഷരത, സൌജന്യവും അത്യാധുനികവുമായ ആരോഗ്യപരിപാലനം എന്നിവയിൽ ക്യൂബ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയായിരുന്നു. അതുപോലെ, സാമ്രാജ്യത്വ വിരുദ്ധതയുടെ കാര്യത്തില്‍ എക്കാലവും കാസട്രോ വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരിയായി തുടര്‍ന്നു. അമേരിക്കയുടെ മൂക്കിൻ തുമ്പിൽ കിടന്ന് പതിറ്റാണ്ടുകളോളം സാമ്രാജ്യത്വ ഉപരോധങ്ങളെയും (Embargo) അട്ടിമറി ശ്രമങ്ങളെയും അതിജീവിച്ച നേതാവാണ് കാസ്ട്രോ. യു എൻ ജനറൽ അസംബ്ലിയിൽ കാസ്ട്രോ 1960ൽ നടത്തിയ 269 മിനിറ്റ് നീണ്ട പ്രശസ്തമായ പ്രസംഗത്തിൻ്റെ കാതൽ, അമേരിക്കൻ സാമ്രാജ്യത്വ സമീപനത്തോടുള്ള വിമർശനമായിരുന്നു എന്നത് ഇവിടെ പ്രത്യേകം ഓർക്കാം. മാത്രമല്ല, ദക്ഷിണാഫ്രിക്കയിലെ അപാർതീഡ് (Apartheid) ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ അംഗോളയ്ക്ക് സൈനിക പിന്തുണ നൽകിയതും, ലോകത്ത് എല്ലായിടത്തും ദുരിതാശ്വാസത്തിന് ഡോക്ടർമാരെ അയച്ചതും കാസ്ട്രോയുടെ സ്വാധീനം വർദ്ധിപ്പിച്ച ഘടകങ്ങളാണ്. അതേസമയം മാർകേസിന്റെ നോവലിലെ ‘ജനറൽ’ എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന ചില ഘടകങ്ങൾ കാസ്ട്രോയുടെ ഭരണത്തിലും വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏകകക്ഷി ഭരണവും അഭിപ്രായസ്വാതന്ത്ര്യ നിഷേധവും ആണ് കാസ്ട്രോയ്ക്ക് എതിരായി ഉയര്‍ന്നു വന്ന പ്രധാന വിമര്‍ശനങ്ങള്‍ എന്ന് പറയാം. അരനൂറ്റാണ്ടോളം കാലം, അധികാരം ഒരു വ്യക്തിയിലും ഒരു പാർട്ടിയിലും കേന്ദ്രീകരിക്കപ്പെട്ടു എന്ന സവിശേഷ സാഹചര്യം കൂടിയാണത്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെയും വിമർശകരായ മാധ്യമപ്രവർത്തകരെയും ജയിലിലടയ്ക്കുകയും അടിച്ചമർത്തുകയും ചെയ്തത് കാസ്ട്രോയുടെ മഹത്വത്തിന് മങ്ങല്‍ ഏല്‍പ്പിച്ച ഘടകങ്ങളാണ്. പത്രസ്വാതന്ത്ര്യം നിഷേധിച്ചതും രാഷ്ട്രീയ തടവുകാരെ സൃഷ്ടിച്ചതും മനുഷ്യാവകാശ ലംഘനങ്ങളായി ഗണിക്കപ്പെടുന്നതിനാല്‍, അന്താരാഷ്ട്ര തലത്തിൽ കാസ്ട്രോയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു എന്ന് ചുരുക്കം. കൂടാതെ ക്യൂബ അഭിമുഖീകരിച്ച പലായനവും സാമ്പത്തിക പ്രതിസന്ധിയും കാസ്ട്രോയെ വലിയ പ്രതിസന്ധിയിലാക്കി. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ അഭാവവും സാമ്പത്തിക ഒറ്റപ്പെടലും കാരണം ലക്ഷക്കണക്കിന് ക്യൂബൻ ജനത ജീവൻ പണയം വെച്ച് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി കണക്കാക്കപ്പെടുന്നു.
മാര്‍കേസിന്റെ ജനറല്‍ എന്ന കഥാപാത്രത്തില്‍, ബാസ്റ്റിറ്റ്യൂട്ടയും കാസ്ട്രോയും വിവിധ അളവുകളില്‍ അന്തര്‍ലീനമായിരിക്കണം, സ്വാഭാവികമായും..! വിദേശശക്തികളുടെ (USA) പിന്തുണയും ക്രൂരമായ അടിച്ചമർത്തലും മാര്‍കേസിന്റെ ജനറലിന്റെ മുഖമുദ്രയാകുമ്പോള്‍, കാസ്ട്രോയില്‍ ജനകീയ വിപ്ലവവും പിന്നീട് ഏകകക്ഷി കേന്ദ്രീകൃത ഭരണവുമാണ് സംഭവിക്കുന്നത്. ജനറല്‍ രാജ്യത്തിന്റെ കടല്‍ പോലുളള വിഭവങ്ങള്‍ വിദേശശക്തികള്‍ക്ക് (അമേരിക്കക്ക്) വില്‍ക്കുമ്പോള്‍, കാസ്ട്രോ അത്തരം കടന്നാക്രമണങ്ങളെയും സാമ്രാജ്യത്വത്തെയും ജീവിതാവസാനം വരെത്തന്നെ ചെറുക്കുകയാണ്. ജനനന്മയെ പാടെ വിഗണിച്ച്, അന്ധമായ അധികാര തൃഷ്ണയില്‍ മുഴുകുകയായിരുന്നു മാര്‍ക്വെസിന്റെ ജനറല്‍. അതേസമയം ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വലിയ മുന്നേറ്റം ക്യൂബയുടെ പ്രത്യേകതയാകുന്നുണ്ട്. ജനറല്‍, ജനങ്ങളെ ഏറെ ഭയപ്പെടുകയും കൊട്ടാരത്തില്‍ ഒളിച്ച് താമസിക്കുകയും ചെയ്യുമ്പോള്‍, ഫിഡല്‍ കാസ്ട്രോ ജനങ്ങളോട് നേരിട്ട് സംവദിച്ചിരുന്നു. അതേസമയം ഒരിക്കലും കാസ്ട്രോയും വിമര്‍ശനങ്ങള്‍ അനുവദിച്ചിരുന്നില്ല എന്നതിലാണ് അദ്ദേഹവും ക്രമേണ ഏകാധിപത്യത്തിന്റെ പരിവേഷത്തിലേക്ക് വരുന്നത്.

നോവലില്‍ ജനറലിന്റെ അന്ത്യം എന്നത് തികച്ചും അജ്ഞാതനായി അഴുകിപ്പോകുന്ന ഭൗതിക ശരീരമായി അവശേഷിക്കുന്നു. ഫിദല്‍ കാസ്ട്രോ ലോകമെമ്പാടും ആദരിക്കപ്പെടുകയും, അതേസമയം അദ്ദേഹം പുലര്‍ത്തിയ ഏകാധിപത്യപ്രവണതകളാല്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന സങ്കീര്‍ണ്ണ വ്യക്തിത്വമായി മാറുന്നു.
കാസ്ട്രോയുടെ ‘സാഹിത്യജീവിതം’
ഗബ്രിയേൽ ഗാർസിയ മാർകേസും ഫിദൽ കാസ്ട്രോയും തമ്മിലുള്ള സൗഹൃദം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ബുദ്ധിജീവി-രാഷ്ട്രീയ ബന്ധങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 1959-ൽ ക്യൂബൻ വിപ്ലവം നടക്കുമ്പോൾ പത്രപ്രവർത്തകനായെത്തിയ മാർകേസ് പിന്നീട് കാസ്ട്രോയുടെ ജീവിതകാലം മുഴുവൻ അടുത്ത സുഹൃത്തായി തുടന്നു എന്നതാണ് വാസ്തവം. കാസ്ട്രോയെക്കുറിച്ച് മാർകേസ് എഴുതിയ പ്രശസ്തമായ നിരീക്ഷണം ഇപ്രകാരമാണ്
“He is a man of ironclad discipline, inexhaustible patience, colossal ideas and insatiable illusions… This is the Fidel Castro that I believe I know.”
മാർകേസ് തന്റെ എഴുത്തുകളിൽ കാസ്ട്രോയുടെ എഡിറ്റോറിയൽ നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു എന്നത് രസകരമായ ഒരു വസ്തുതയത്രേ! എന്നാൽ അതേസമയം, സുഹൃത്തായ കാസ്ട്രോയുടെ ക്യൂബയിൽ നടന്ന പല മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും പരസ്യമായി പ്രതികരിച്ചില്ലെന്ന വിമർശനം മാർകേസും നേരിട്ടിട്ടുണ്ട്. ദി ഓട്ടം ഓഫ് ദി പട്രിയാആർക്ക് വായിച്ച കാസ്ട്രോ, അതിലെ ഏകാധിപതിയുടെ മനശാസ്ത്രത്തെ വിലയിരുത്തുകയുണ്ടായി. താൻ പോരാടിയ ബാറ്റിസ്റ്റയെപ്പോലുള്ള ഭരണാധികാരികളുടെ ആകെത്തുകയാണ് ആ നോവലിലെ കഥാപാത്രമെന്ന് കാസ്ട്രോ വിശ്വസിച്ചപ്പോൾ, ഏതൊരു വിപ്ലവ ഭരണകൂടവും അധികാരത്തിൽ അമർന്നിരുന്നാൽ അതൊരു സ്വേച്ഛാധിപത്യമായി മാറാം എന്ന മുന്നറിയിപ്പ് ആ നോവൽ പരോക്ഷമായി നൽകുന്നുണ്ടായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ‘ദി ഓട്ടം ഓഫ് ദി പട്രിയാർക്ക്’ വെറുമൊരു മാനസിക വിശകലനം മാത്രമല്ല; അത് സാമ്രാജ്യത്വത്തിന്റെ ഭയാനകമായ ചിത്രീകരണം കൂടിയായി വേണം കാണാന്‍. നോവലിൽ ഒരു ഘട്ടത്തിൽ, വിദേശ കടം വീട്ടാൻ കഴിയാതെ വരുമ്പോൾ, വിദേശ പ്രതിനിധികൾ (അമേരിക്കക്കാർ), ജനറലിനോട് ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ കരീബിയൻ കടൽ തന്നെ വിട്ടുനൽകാനാണ്! അവർ കടൽ അളന്ന്, കയറ്റി കൊണ്ടുപോകുന്ന വിചിത്ര സാഹചര്യം നോവലിസ്റ്റ് ചിത്രീകരിക്കുന്നത് ഇങ്ങനെയാണ് –

“They carried off the Caribbean in numbered automatic dredges… and left us with this huge plain of harsh lunar dust.”
ഒരര്‍ഥത്തില്‍, ഈ രംഗം മാജിക്കൽ റിയലിസത്തിന്റെ അത്യുജ്ജ്വലമായ ഒരു പ്രയോഗമാണ്. മൂന്നാം ലോക രാജ്യങ്ങളുടെ പ്രകൃതിവിഭവങ്ങൾ വൻകിട മുതലാളിത്ത രാജ്യങ്ങൾ എപ്രകാരം കൊള്ളയടിക്കുന്നു എന്നതിന്റെ പ്രതീകാത്മകമായ ചിത്രീകരണമാണിത്. കാസ്ട്രോയുടെ പ്രസക്തി ശക്തമാകുന്ന ഒരു ഘട്ടം ഇവിടെയാണ്.

ലാറ്റിനമേരിക്കൻ രാജ്യങ്ങളെ അമേരിക്കൻ കമ്പനികൾ വാങ്ങിക്കൂട്ടുമ്പോൾ, ക്യൂബയുടെ വിഭവങ്ങളും കടലും ജനങ്ങളുടേതാണെന്ന് പ്രഖ്യാപിക്കാൻ കാസ്ട്രോയ്ക്കായി. എന്നാൽ, അതിന്റെ പേരിൽ രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കപ്പെട്ടത് കാസ്ട്രോ ഭരണത്തിലെ കറുത്ത ഏടായി ശേഷിക്കുന്നു.
സാഹിതീയമായ സാക്ഷ്യപത്രം
നോവലിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, ഇത് ഒരു ‘പട്രിയാർക്കിന്റെ’ (ആധിപത്യരൂപത്തിന്റെ) അസ്തമയമാണ് ഏകാധിപത്യം എന്നത് ഒരു ഘട്ടത്തില്‍ എത്ര ശക്തമായി നിലകൊണ്ടാലും അതിന് സ്വാഭാവികമായ ഒരു തകർച്ചയുണ്ട്. അത് സ്വയം നശിക്കുകയോ ജനങ്ങളാൽ നിഷ്കാസിതമാകുകയോ ചെയ്യുന്നു. മാർകേസ് എഴുതുന്നു-
“…and he knew without any doubt that he was going to die without anyone to mourn for him, without anyone to say thank you for the long years of his service…”
ജനങ്ങളെ പേടിച്ച്, സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാതെ, പ്രണയമോ സൗഹൃദമോ അറിയാതെ മരിച്ചു വീഴുന്ന ജനറലിന്റെ അവസ്ഥ ഏകാധിപതികൾക്കുള്ള താക്കീതു കൂടിയായി മാറുന്നു. അതേസമയം, ഫിദൽ കാസ്ട്രോയുടെ ശതാബ്ദി നമ്മെ ഓർമ്മിപ്പിക്കുന്നത് മറ്റൊരു സങ്കീർണ്ണതയാണ്- ഒരു വ്യക്തി എത്ര വലിയ വിപ്ലവകാരിയായാലും, അധികാരത്തിൽ തുടരുമ്പോൾ, ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ബലികഴിച്ചാൽ, ചരിത്രം ആ വ്യക്തിയെ ഒരേസമയം വിപ്ലവകാരിയായും ഒപ്പം ഏകാധിപതിയായും അടയാളപ്പെടുത്തും.
കാസ്ട്രോ ഒരിക്കൽ പ്രഖ്യാപിച്ചത് ഇപ്രകാരമായിരുന്നു:
“Condemn me, it does not matter. History will absolve me.”
ചരിത്രം തന്നോടു പൊറുക്കുമെന്നോ മാപ്പു നല്‍കുമെന്നോ ഉളള കാസ്ട്രോയുടെ പ്രത്യാശ കൂടിയാണ് ഈ വാക്യത്തില്‍ ഉളളത്. എന്നാല്‍, ചരിത്രം കാസ്ട്രോയെ പൂർണ്ണമായി കുറ്റവിമുക്തനാക്കിയോ അതോ ഒരു ഏകാധിപതിയായി വിചാരണ ചെയ്തുവോ എന്നത് ഇപ്പോഴും തുടരുന്ന ഒരു തർക്കമോ കുഴയ്ക്കുന്ന പ്രശ്നമോ ആണ് എന്ന് പറയാം. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ദി ഓട്ടം ഓഫ് ദി പട്രിയാർക്ക്’ എന്ന നോവൽ, അധികാരത്തിന്റെ ദുർവ്യയം മനുഷ്യനെ എങ്ങനെ ഒരു ഭീകര ജീവിയാക്കി മാറ്റുന്നു എന്നതിന്റെ സാഹിത്യപരമായ സാക്ഷ്യപത്രം കൂടിയാണ്.
ഫിദൽ കാസ്ട്രോയുടെ ജന്മശതാബ്ദി വേളയില്‍ (2026 ആഗസ്റ്റ് 13 ആണ് ശതാബ്ദി ദിനം) ഈ നോവൽ വായിക്കുമ്പോൾ, അത് ഭരണാധികാരികൾക്ക് നൽകുന്ന സന്ദേശം വ്യക്തമാണ്- ജനങ്ങളുടെ വിമോചനത്തിന് വേണ്ടിയാണെങ്കില്‍ പോലും സ്വേച്ഛാധിപത്യത്തിന്റെയും അടിച്ചമർത്തലിന്റെയും പാത എന്നത്, വ്യക്തികള്‍ക്ക്, ജനങ്ങള്‍ക്ക് ശാശ്വതമായ സ്വാതന്ത്ര്യം നൽകുന്നില്ല. ഒ വി വിജയന്റെ ‘ധര്‍മ്മപുരാണ’ത്തിലെ പ്രജാപതിയിലൂടെ വിജയന്‍ വ്യക്തമായി നമ്മെ ബോധ്യപ്പെടുത്തിയത്, ഏകാധിപതി എന്നത് എപ്പോഴും എവിടെയും സംഭവിക്കാം എന്നതായിരുന്നു. മാര്‍കേസിന്റെ ജനറലില്‍ നിന്ന് വിജയന്റെ പ്രജാപതിയിലേക്കുളള ദൂരം ഒട്ടും വലുതല്ല എന്നും പറയാം. അപ്പോഴും മാവോ സേതൂങ്, ജോസഫ് സ്റ്റാലിൻ, പോൾ പോട്ട്, കിം ഇൽ സുങ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ കിരാത സമീപനം നമ്മള്‍ ഫിദല്‍ കാസ്ട്രോയില്‍ ഒരിക്കലും കാണുന്നില്ലെന്നത് ഒരു വാസ്തവമാണ്. മാത്രമല്ല, മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളും (അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ചും) എത്രമാത്രം വിശ്വസനീയമാകുന്നു എന്ന ചോദ്യവും കാസ്ട്രോയുടെ കാര്യത്തില്‍ പ്രസക്തമാണ്.

കാസ്ട്രോ താരതമ്യേന ‘നല്ലവനായ ഏകാധിപതി’യാകുന്നത് ഈ പശ്ചാത്തലത്തിലാണെന്ന് പറയേണ്ടി വരും.മാർകേസ് തന്റെ നോവലിലൂടെ കാണിച്ചു തരുന്ന ഏകാധിപതിയുടെ ദാരുണമായ പതനവും ചരിത്രത്തിൽ കാസ്ട്രോ ബാക്കിവെച്ച ധനാത്മകവും ഋണാത്മകവുമായ യാഥാര്‍ഥ്യങ്ങളും ഒരേസമയം നമ്മളോട് പറയുന്നത് ഏകകാര്യമാണ്; അധികാരം എപ്പോഴും ജനങ്ങളുടേതായിരിക്കണം (ജനങ്ങളുടെ നിര്‍വ്വചനം എന്നത് ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും ദുര്‍ഗ്രഹവും ആകുന്നുണ്ടെങ്കിലും) മറിച്ച്, ഏതെങ്കിലും ഒരു വ്യക്തിയുടേതോ അല്ലെങ്കില്‍ സ്വേച്ഛാധിപതിയുടേതോ ആകരുത്.






യഥാതഥ സ്ഥിതിയുമായി കാസ്ട്രോ നൂറാം വാർഷികത്തെ കൂട്ടിയിണക്കുന്ന എഴുത്ത്; ഒരേ സമയം ശതാബ്ദിയാചരണവും രാഷ്ട്രീയ – സാഹിത്യ വിശകലനവും ചെയ്യുന്ന ലേഖനം . ഗംഭീരമായി