വിജയ യാത്രകൾ, പരാജയ യാത്രകൾ
സിനിമയെക്കുറിച്ച് പറയുമ്പോള്‍ അതില്‍ നിന്ന് ‘വിട്ട്’; യുദ്ധം, അധികാരം, ജിയോ പൊളിറ്റിക്സ്, ഇതിഹാസങ്ങളും സാഹിത്യവും, സിനിമയുടെ സാങ്കേതിക വിദ്യാ വികാസം, പ്രമേയത്തിലെ അസന്നിഗ്ദ്ധതകളും ആഖ്യാനത്തിലെ വൈചിത്ര്യങ്ങളും, രാജ്യങ്ങള്‍ തമ്മിലും സംസ്ക്കാരങ്ങള്‍ തമ്മിലുമുള്ള കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രം, പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ്, വോക്ക് കള്‍ച്ചര്‍, സംവിധായകന്റെയും അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും നിര്‍മാതാക്കളുടെയും ധാര്‍മിക നിലപാടുകളും, അരക്ഷിതത്വങ്ങളും, ഹോളിവുഡിനെ ഇന്നും ഭരിക്കുന്ന സ്റ്റുഡിയോകളും അവരുടെ ഭീമന് ബഡ്ജറ്റും വ്യാപാര തന്ത്രങ്ങളും ഇതെല്ലാം വിശദീകരിച്ചും വ്യാഖ്യാനിച്ചും കാര്യങ്ങളെ സങ്കീര്ണമാക്കുന്നവരാണ് ചില സിനിമാ നിരൂപകര്‍ എന്ന ആക്ഷേപം സ്ഥിരമായി ഉയര്‍ന്നു വരുന്നതു കാണാം. ഇവരെല്ലാം പക്ഷെ; അത്ഭുതകരമെന്നോണം, ക്രിസ്റ്റഫര്‍ നോളന്റെ ദി ഒഡീസി (The Odyssey) പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പും, എത്തിയതിനു ശേഷവും മേല്‍പ്പറഞ്ഞ “സിനിമേതര” ഘടകങ്ങളെ ചര്‍ച്ചയുടെ മുഖ്യ മണ്ഡലത്തിലേയ്ക്ക് കൊണ്ടുവരുന്നതും പഠിക്കാനും പഠിപ്പിക്കാനും മിനക്കെടുന്നതിനാണ് നാം സാക്ഷിയായിരിക്കുന്നത്. അത്രമാത്രം, ഐതിഹാസികമായ നിര്‍മ്മിതിയും ഉത്പന്നവും പ്രദര്‍ശന വിജയയാത്രയുമാണ് ഒഡീസി കൈവരിച്ചിരിക്കുന്നത് എന്നതാണ് വാസ്തവം.

ഐതിഹാസികമായ (എപ്പിക്) എന്ന വിശേഷണം ഇവിടെ തീര്‍ത്തും അനുയോജ്യമാണ്. ഗ്രീക്ക് ഇതിഹാസമായ ഒഡീസിയാണ് ഇവിടെ ഇതിവൃത്തമാകുന്നത്. മഹാഭാരതത്തെക്കുറിച്ച് പറയാറുള്ളതു പോലെ, ഇതിലെല്ലാമുണ്ട് എന്നു വിലയിരുത്താനും കണ്ടെത്താനും സാധിക്കുന്ന കഥകളും വിവരണങ്ങളുമാണല്ലോ ഹോമറുടെ ഒഡീസിയിലും ഉള്ളത്.
“നമുക്ക് സൗന്ദര്യാത്മകമായ ആനന്ദാനുഭൂതി ഇപ്പോഴും നൽകുന്നതും ചില കാര്യങ്ങളിൽ ഒരു മാനദണ്ഡവും അപ്രാപ്യമായ ആദർശവുമായി കണക്കാക്കപ്പെടുന്നതുമായ” ഒന്നായി പുരാതന ഗ്രീക്കുകാരുടെ കലയെയും ഇതിഹാസ കാവ്യത്തെയും മാർക്സ് സ്ഥാനപ്പെടുത്തുന്നു. ഈ പ്രതിഭാസത്തിന് അദ്ദേഹം ആഴത്തിലുള്ള ഒരു വിശദീകരണവും നൽകുന്നുണ്ട്: ഗ്രീക്ക് കല മനുഷ്യരാശിയുടെ വികാസത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ, അതിന്റെ ബാല്യകാല ഘട്ടത്തിൽ, യാഥാർത്ഥ്യത്തിന്റെ സവിശേഷതയായ നിഷ്കളങ്കവും അതേസമയം ആരോഗ്യകരവും സാധാരണവുമായ ധാരണയെ പ്രതിഫലിപ്പിച്ചു; (Marx cites the art and epic poetry of the ancient Greeks which “still give us aesthetic pleasure and are in certain respects regarded as a standard and unattainable ideal”. He also provides a profound explanation for this phenomenon: Greek art reflected the naive and at the same time healthy, normal perception of reality characteristic of mankind in those early stages of its development, the period of its childhood; it reflected the striving for “natural veracity,” with its unique attractiveness and special charm for all . /Marx Engels On Literature and Art. Progress Publishers. Moscow 1976; Transcribed: by Andy Blunden. (Marxists Internet Archive)
ഒഡീസിയും ഇലിയഡും സ്കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ പഠിച്ചവരെല്ലാം, ഈ സിനിമ കാണണമെന്നാഗ്രഹിച്ചു. പുസ്തകശാലകളില്‍ ഒഡീസിയുടെ ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ വില്പന വര്‍ദ്ധിച്ചു. യുട്യൂബിലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഒഡീസിയുടെ കഥയും പശ്ചാത്തലങ്ങളും വിശദീകരിക്കുന്ന വീഡിയോകളും നീണ്ട എഴുത്തുകളും തിങ്ങിനിറഞ്ഞു. പതിനഞ്ചോ മുപ്പതോ സെക്കന്റ് നീണ്ട റീലുകള്‍ മാത്രം കാണുന്നവരാണ് പുതുതലമുറക്കാര് എന്ന സ്ഥിരം പല്ലവി/ആക്ഷേപം ക്രിസ്റ്റഫര്‍ നോളന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ എല്ലാവരും മറന്നു. മൂന്നും മൂന്നരയും മണിക്കൂര്‍ നീണ്ട സിനിമ കാണാന്‍ പലരും ഒരു ദിവസം മുഴുവന്‍ നീളുന്ന തീര്‍ത്ഥയാത്രകള്‍ തന്നെ നടത്തി. എല്ലാത്തിനുമുപരി, ദ് ഒഡീസി സിനിമയെ സംബന്ധിച്ച നൂറു കണക്കിന് ലേഖനങ്ങള്‍ അന്താരാഷ്ട്ര പോര്‍ട്ടലുകളിലും മറ്റും തിങ്ങിനിറഞ്ഞു. ഇതെല്ലാം വായിക്കണമെങ്കില്‍ തന്നെ മാസങ്ങള്‍ വേണ്ടിവരുമെന്നതാണ് സ്ഥിതി.
അമേരിക്കയില്‍ പിറ്റ്സ്ബര്‍ഗ് പോലുള്ള നഗരങ്ങളില്‍ നിന്ന് സിനിമാ പ്രേമികള്‍, ലോസ് ഏഞ്ചലസിലേയ്ക്കും മറ്റും വിമാനത്തില്‍ സഞ്ചരിച്ചാണ് ദ് ഒഡീസിയുടെ എഴുപത് എം എം ഐമാക്സ് ഫിലിം പ്രദര്‍ശനം കാണാനെത്തിയത്. പലയിടത്തും ഒരു വര്‍ഷം മുമ്പു തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. കോയമ്പത്തൂര്‍ ബ്രോഡ് വേയില്‍ തന്നെ ദ് ഒഡീസിയുടെ ട്രെയിലര്‍ ഒരു വര്‍ഷമായി കാണിക്കുന്നുണ്ടായിരുന്നു.
2023ലാരംഭിച്ച കോയമ്പത്തൂര്‍ പീളമേട്ടിലുള്ള (കെഎംസിച്ചിനു തൊട്ട് കിഴക്കു വശം) ബ്രോഡ് വേ സിനിമാസിലെ മികച്ച ഐമാക്സ് സ്ക്രീനിലാണ് ഞാന്‍ ഈ സിനിമ കണ്ടത്. ദ് ഒഡീസി റിലീസ് ചെയ്തിട്ട് പത്തു ദിവസം പിന്നിട്ടപ്പോഴും ഐമാക്സ് പ്രദര്‍ശനം മെച്ചപ്പെട്ട രീതിയില്‍ കാണാവുന്ന മധ്യഭാഗത്തുള്ള സീറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ബുക്കിംഗ് ഓപ്പണ്‍ ആവുമ്പോള്‍ തന്നെ ഇത് വിറ്റു തീരുന്നു. നടപ്പാതയുടെ പിന്നിലായി ഓരത്തുള്ള സീറ്റാണ് ലഭിച്ചത്. പോപ്കോണ്‍ തീറ്റക്കാരുടെയും വെയ്റ്റര്‍മാരുടെയും നടത്തങ്ങള്‍ നമുക്ക് തടസ്സമായിത്തീരും. തിരക്കു കുറയുന്നതനുസരിച്ച് ഒരിക്കല്‍ കൂടി കാണാന്‍ ആലോചനയുണ്ട്.
യഥാര്‍ത്ഥത്തില്‍, ഇന്ത്യയിലെ തന്നെ മികച്ച ഐമാക്സ് പ്രദര്‍ശനശാലയായ ബ്രോഡ് വേയില്‍ നിന്നു കാണുമ്പോള്‍ പോലും ക്രിസ്റ്റഫര്‍ നോളന് ചിത്രീകരിച്ചതിന്റെയും പ്രോസസ്സ് ചെയ്തതിന്റെയും ഉദ്ദേശിച്ചതിന്റെയും നേരനുഭവം ലഭ്യമാകുന്നില്ല എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഐമാക്സ് എഴുപത് എംഎം ഫിലിം ഫോര്‍മാറ്റിലാണ് അദ്ദേഹം ഈ സിനിമ എടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ഇത് ഫിലിം റീലുകളായി കൊണ്ടു വന്ന് പ്രദര്‍ശിപ്പിക്കാനുള്ള തിയേറ്ററുകള്‍ നിലവിലില്ല. ലോകത്താകെ നാല്പത്തൊന്നു തിയേറ്ററുകളിലേ ഇതിനു സൗകര്യമുള്ളൂ. അതില്‍ ഇരുപത്തഞ്ചെണ്ണവും അമേരിക്കയില്‍ തന്നെയാണ്. ഇതറിയുമ്പോഴും, പക്ഷെ, ദി ഒഡീസി റിലീസാകുന്നതിനു മുമ്പായി പ്രചാരണ ടൂറിന്റെ ഭാഗമായി ക്രിസ്റ്റഫര്‍ നോളന് മുംബൈയിലെത്തിയിരുന്നു എന്നതാണ് കൗതുകകരം. സാങ്കേതികവിദ്യയുടെ പൂര്‍ണതയില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുമ്പോഴും കച്ചവടത്തോട് സഹകരിക്കുന്ന അമേരിക്കന്‍ മനസ്സാണ് അദ്ദേഹത്തിന്റേത് എന്നു ചുരുക്കം.

ചെലവു ചുരുങ്ങിയതും ജനാധിപത്യപരവുമായ ഒരു സാമൂഹ്യസ്ഥലം എന്ന രൂപത്തില്‍ സിനിമാ തിയേറ്ററുകള്‍ നിലനില്ക്കേണ്ട ആവശ്യകതയെക്കുറിച്ച് കോവിഡടച്ചിടല് കാലത്ത് ക്രിസ്റ്റഫര്‍ നോളന് തന്നെ ദ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ ലേഖനമെഴുതിയിരുന്നു. ആളുകളെ തിയേറ്ററുകളിലേയ്ക്ക് തിരിച്ചാനയിക്കുന്നതില് മറ്റേതൊരു സംവിധായകനേക്കാളും പരിശ്രമം അദ്ദേഹം എടുക്കുന്നുമുണ്ട്. എന്നാല്‍, ന്യൂയോര്‍ക്കറില്‍ വന്ന ഒരു ലേഖനത്തില്‍ പറയുന്നതു പോലെ; തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകള്‍, അതും പ്രയാസപ്പെട്ട് ബുക്ക് ചെയ്ത് മണിക്കൂറുകളോ ദിവസങ്ങളോ എടുത്ത് യാത്ര ചെയ്ത് മാത്രം കാണേണ്ട ഒന്നാക്കി സിനിമയെ മാറ്റുന്നതിലൂടെ സാധാരണ പ്രേക്ഷകര്‍ക്ക് അത് വീണ്ടും അപ്രാപ്യമാക്കി മാറ്റുകയാണ് ഇത്തരം പരീക്ഷണങ്ങള്‍ എന്ന വിമര്‍ശനവും സാംഗത്യമാണ്.
രാജേഷ് രാജാമണി നിരീക്ഷിക്കുന്നതു പോലെ, ജീവിതത്തെക്കാള്‍ വലുതും മഹനീയവുമായിരിക്കുമ്പോള് തന്നെ നിങ്ങളുടെ വൈകാരിക മനസ്സിനോട് ഏറ്റവും അടുപ്പം ഉണ്ടാക്കാനാവുന്നതുമായ ഇതിഹാസത്തെ ക്രിസ്റ്റഫര്‍ നോളന് കൈകാര്യം ചെയ്യുന്നതിന്റെ ജാജ്വല്യമാനതയെ എടുത്തു പറയുക തന്നെ വേണം. സിനിമ എന്ന കലാ സാങ്കേതിക രൂപത്തിന്റെ അസാധാരണമായ ശക്തിചൈതന്യത്തെയും ദി ഒഡീസി പ്രതിനിധീകരിക്കുന്നു. വെബ് സീരീസുകള്‍ക്കും യുട്യൂബ് വീഡിയോകള്‍ക്കും റീല്‍സുകള്‍ക്കും നല്കാനാവാത്ത പരമോന്നതമായ കാഴ്ചാനുഭവമാണ് സിനിമയുടേത് എന്നു തെളിയിക്കുന്ന നിര്‍മിതിയാണ് ദി ഒഡീസിയുടേത്. എഴുത്തുകാരനായ മനു ജോസഫ് പറയുന്നത്, സിനിമ ഒരു ഘട്ടം വരെ നിലനിര്‍ത്തിയിരുന്ന അസമത്വത്തെ ക്രിസ്റ്റഫര്‍ നോളന് തിരിച്ചുകൊണ്ടു വരുകയുമായിരുന്നു. റീല്‍സും സ്മാര്‍ട്ഫോണ്‍ തിരശ്ശീലയും പോലുള്ള ‘താഴ്ന്ന’ തരം എതിരാളികള്‍ക്കു മുമ്പില്‍ പകച്ചു നിന്നിരുന്ന സിനിമയെ അതിന്റെ ഭീമാകൃതിയിലും ബൃഹദ് സ്വഭാവത്തിലും വൈപുല്യത്തിലും പുനരാവിഷ്ക്കരിക്കുകയാണ് നോളന് ചെയ്യുന്നത്.
ചൈനയില്‍ ആഗസ്ത് 14നാണ് ദി ഒഡീസി പ്രദര്‍ശനത്തിനെത്തുന്നത്. അതിന്റെ പ്രചാരണത്തിനായി ചൈനയിലെത്തിയ നോളന്, രാഷ്ട്രീയ തത്വശാസ്ത്ര അധ്യാപികയും പോഡ്കാസ്റ്ററുമായ ഷോങ് ഷുവുമായി ഒരു അഭിമുഖസംഭാഷണം നടത്തിയിട്ടുണ്ട്. തത്വശാസ്ത്രപരവും ചരിത്രപരവുമായ ചോദ്യങ്ങളും ധിഷണാശാലികള്‍ക്കു യോജിച്ച വിധത്തിലുള്ള മറുപടികളും കൊണ്ട് ഏറെ ശ്രദ്ധേയമാണ് ഈ അഭിമുഖം. ഗ്രീക്ക് മിത്തോളജിയില്‍ കാണാത്ത പ്രായശ്ചിത്തം (അറ്റോണ്‍മെന്റ്) എന്ന ഘടകം നോളന്റെ സിനിമയില്‍ മുഖ്യ പ്രമേയമാകുന്നത് ഗ്രീക്ക് സംസ്ക്കാരത്തെ ക്രിസ്തീയവത്ക്കരിക്കുന്നതാണോ എന്ന് ഷോങ് ഷു ചോദിക്കുന്നു. അതിനെ നിരാകരിക്കുന്നതിനു പകരം, തന്നെപ്പോലെ ഒരു ഫിലിം മേക്കര്‍, സമൂഹത്തിന്റെയും ചരിത്രത്തിന്റെയും ഉത്പന്നമാണെന്നും അതുകൊണ്ടു തന്നെ ഇക്കാലത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ തന്റെ കാഴ്ചപ്പാടുകളിലും സൃഷ്ടികളിലും കാണുന്നതിനെ അപാകമായിക്കരുതേണ്ടതില്ല എന്നുമാണ് പറയുന്നത്.
നാല് ആഖ്യാനങ്ങളാണ് നോളന് ദി ഒഡീസിയില്‍ സമന്വയിപ്പിച്ചിരിക്കുന്നത്. യുദ്ധ വിജയത്തിനു ശേഷം, പടനായകന് അനുഭവിക്കുന്ന അസ്തിത്വപരമായ കുറ്റബോധവും ശൂന്യതാപ്രതീതിയും; കുടുംബത്തിലേയ്ക്ക് തിരിച്ചെത്താനുള്ള വൈകാരിക വാഞ്ഛ; അധികാരത്തിനും രാഷ്ട്രീയ വിജയത്തിനും വേണ്ടിയുള്ള കോരിത്തരിപ്പിക്കുന്നതും ഒടുങ്ങാത്തതുമായ പോരാട്ടം; ഇതെല്ലാം അടങ്ങുന്ന സാഹസികമായ സഞ്ചാരം എന്നിവയെല്ലാമാണ് ദി ഒഡീസിയിലുള്ളതെന്ന് രാജേഷ് രാജാമണി അടയാളപ്പെടുത്തുന്നു.
പുതിയ അമേരിക്കന്‍ സിനിമയിലെ പ്രമുഖ സംവിധായകനായ ക്രിസ്റ്റഫര്‍ നോളന് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചലച്ചിത്രകാരന് എന്നെല്ലാം വിളിക്കപ്പെടുന്ന, എല്ലാ അര്‍ത്ഥത്തിലും വന്‍ വിലമതിപ്പുള്ള കലാകാരനാണ്. കഠിനങ്ങളായ പ്രമേയങ്ങളും സങ്കീര്‍ണങ്ങളായ ആഖ്യാനങ്ങളും കൊണ്ട് ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ സിനിമകള്‍. നിരവധി ഓസ്കാര്‍ അവാര്‍ഡുകളും മറ്റും ലഭിച്ചിട്ടുള്ള ക്രിസ്റ്റഫര്‍ നോളന്റെ സിനിമകള്‍; കലയും കച്ചവടവും സാങ്കേതിക മുന്നേറ്റവും സയന്‍സ് ഫിക്ഷനും ബഹിരാകാശവും കോമിക്ക് കഥകളും ഭാവിലോകങ്ങളും രാഷ്ട്രീയവും എല്ലാം കൂടിച്ചേരുന്നതാണ്.
ഫോളോവിംഗ് (1998), മെമെന്റോ (2000) എന്നീ സ്വതന്ത്ര സംരംഭങ്ങള്‍ക്കു ശേഷം ക്രിസ്റ്റഫര്‍ നോളന്, ഹോളിവുഡ് സ്റ്റുഡിയോ വ്യവസ്ഥയുടെ അവിഭാജ്യഭാഗമായി മാറി. ഇന്‍സോംനിയ, ബാറ്റ്മാന് ത്രയം, ഇന്സെപ്ഷന്, മാന്‍ ഓഫ് സ്റ്റീല്‍ എന്നിവയ്ക്കെല്ലാം ശേഷമെടുത്ത ഇന്റര്‍സ്റ്റെല്ലര്‍ (2014) വിസ്മയകരമായ ഒരു സിനിമയാണ്.

നക്ഷത്രങ്ങളുടെയിടയില്‍ എന്നര്‍ത്ഥം വരുന്ന ഇന്‍ര്‍സ്റ്റെല്ലറില്‍ സയന്‍സ് ഫിക്ഷനും ബഹിരാകാശ ജീവിതവും സമയയാത്രയും സമ്മേളിക്കുന്ന അപൂര്‍വ്വമായ ഒരു കഥയാണ് പറയുന്നത്. അല്‍ഫോന്‍സോ കുറോണ്‍ സംവിധാനം ചെയ്ത ഗ്രാവിറ്റി (2013) പോലെ ലോക സിനിമാ പ്രേക്ഷകരില്‍ അത്ഭുതവും ആദരവും ജനിപ്പിച്ച സിനിമയാണ് ഇന്റര്സ്റ്റെല്ലറ്റും. മെട്രോപോളീസ് (1927) മുതല്‍ 2001 എ സ്പെയ്സ് ഒഡീസി (1968), സ്റ്റാര്‍ വാര്‍സ്(1982), ഏലിയന്‍ (1977) എന്നീ സിനിമകളുടെയും തര്‍ക്കോവ്സ്കിയുടെ മിററി(1975)ന്റെയും സ്വാധീനത്തെക്കുറിച്ച് സൂചിപ്പിക്കുന്ന നോളന് ഗ്രാവിറ്റിയെക്കുറിച്ച് എന്നാല്‍ എവിടെയും പരാമര്ശിക്കുന്നതേ ഇല്ല.
മനുഷ്യരാശി അനിവാര്യമായ ഒരു സമ്പൂര്‍ണവിനാശത്തിലേയ്ക്കു പോകുകയാണെന്നതാണ് ഈ സിനിമയുടെ മുന്നുപാധി. അതിനുള്ള പ്രതിവിധിയായി മനുഷ്യന് എന്ന ജീവിവര്‍ഗ്ഗത്തെ ബഹിരാകാശത്ത് മറ്റൊരു ജൈവ ലോകമുണ്ടാക്കി അവിടെ ജനിപ്പിച്ച് വളര്‍ത്തിയെടുക്കാനുമുള്ള പരിശ്രമമാണ് ഈ സിനിമയിലുള്ളത്. കേള്‍ക്കുമ്പോള്‍ അസംബന്ധമെന്നു തോന്നുമെങ്കിലും ക്രിസ്റ്റഫര്‍ നോളന്റെ അസാമാന്യമായ പരിചരണം കൊണ്ട് ത്രസിപ്പിക്കുന്ന ഒരു ചലച്ചിത്രാനുഭവമാക്കി മാറാന്‍ ഇന്റര്‍സ്റ്റെല്ലറിന് സാധിക്കുന്നുണ്ട്. തിയററ്റിക്കല്‍ ഫിസിസിസ്റ്റായ നോബല്‍ ജേതാവ് കിപ് തോര്‍ണ്‍ ഇന്റര്‍സ്റ്റെല്ലറിന്റെ ശാസ്ത്ര ഉപദേശകനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. മനുഷ്യരാശിയുടെ മുഴുവന്‍ സംരക്ഷണവും അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന ഹോളിവുഡ് മഹാഖ്യാനം തന്നെയാണ് ഇന്റര്‍സ്റ്റെല്ലറിലുമുള്ളത്.
മനുഷ്യരാശിയുടെ വംശനാശമാണ് ഇന്റര്‍സ്റ്റെല്ലറിന്റെ പ്രമേയമെങ്കിലും മറ്റൊരു വംശനാശത്തെ അത് തല്ക്കാലത്തേയ്ക്ക് പിടിച്ചു നിര്‍ത്തി. ഡിജിറ്റല്‍ വിപ്ലവത്തെത്തുടര്‍ന്ന് ഏതാണ്ട് ഇല്ലാതായ ഫിലിംസ്റ്റോക്കിലാണ് ഇന്റര്‍സ്റ്റെല്ലര്‍ ചിത്രീകരിച്ചത്. അതും എഴുപത് എംഎം ഐമാക്സില്‍. ഈ ഫോര്‍മാറ്റിലും അത് ലഭ്യമല്ലാത്തിടത്ത് മുപ്പത്തഞ്ച് എം എം ഫിലിമിലും ഐമാക്സ് ഡിജിറ്റലിലും എല്ലാം പ്രദര്‍ശിപ്പിച്ച ഇന്റര്‍സ്റ്റെല്ലര്‍ സാധാരണ ഡിജിറ്റല്‍ പതിപ്പായും പിന്നീട് നെറ്റ്ഫ്ളിക്സ് വഴി ഒടിടിയിലും വ്യാപകമായി പ്രദര്‍ശിപ്പിച്ചു. മുടക്കമുതലിന്റെ ഏതാണ്ട് അഞ്ചിരട്ടി പണം തിരിച്ചെടുക്കുകയും ചെയ്തു. ഇന്ത്യയിലെ നെറ്റ്ഫ്ളിക്സ് ചാനലില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇന്റര്‍സ്റ്റെല്ലര്‍ പിന്‍വലിച്ചിരുന്നു. ബിറ്റ് ടോറന്റ് വഴി ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ ഡൗണ്‍ലോഡിംഗ് നടത്തപ്പെട്ട സിനിമകളിലൊന്നുമാണ് ഇന്റര്‍സ്റ്റെല്ലര്‍. ഇന്റര്‍സ്റ്റെല്ലര്‍ വളരെ കുറഞ്ഞ ദിവസം തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പുന:പ്രദര്‍ശനം നടത്തുകയുമുണ്ടായി.
ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കന്‍ ഭരണകൂടം അണുബോംബ് വര്‍ഷിച്ചതും മുപ്പത് ലക്ഷം മനുഷ്യര്‍ മരിച്ചതും കോടിക്കണക്കിന് ആളുകള്‍ അംഗവൈകല്യം ബാധിച്ചും റേഡിയേഷന് കീഴ്പ്പെട്ടും ദുരിതജീവിതം നയിച്ചതും ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പെന്‍ ഹയ്മര്‍(2023) എന്ന സിനിമയില്‍ കാണിക്കുന്നതേ ഇല്ല. അതു മാത്രമല്ല, ഈ സിനിമ ലോകത്താകെ പ്രദര്ശിപ്പിപ്പിച്ച ആദ്യഘട്ടത്തില്‍ ജപ്പാനില്‍ റിലീസ് ചെയ്തതുമില്ല. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ യുദ്ധക്കുറ്റകൃത്യത്തെ അദൃശ്യമാക്കി വെച്ചുകൊണ്ട് ബോംബ് കണ്ടു പിടിച്ച ശാസ്ത്രജ്ഞനെ മഹത്വവത്ക്കരിക്കാനും കുറ്റവിമുക്തനാക്കാനുമുള്ള വിദഗ്ദ്ധമായ പരിശ്രമമാണ് സംവിധായകന് നടത്തുന്നത്. ഓപ്പെന്‍ ഹയ്മര്‍ ഒരിക്കല്‍ പോലും ഹിരോഷിമ, നാഗസാക്കി അണുബോംബ് വര്‍ഷത്തില്‍ പരസ്യമായി ക്ഷമാപണം നടത്തിയിട്ടില്ല. എന്നാലദ്ദേഹത്തിന് തന്റെ പ്രവൃത്തിയില്‍ കുറ്റബോധമുണ്ടായിരുന്നു എന്നാണ് സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ക്ക് കിട്ടുന്ന അടിസ്ഥാന ബോധ്യം. നായകത്വത്തിന്റെ ഈ സവിശേഷാനുകൂല്യം പൊലിപ്പിക്കുന്നതിനു വേണ്ടിയുമായിരിക്കണം; ഹിരോഷിമ, നാഗസാക്കി അണുബോംബ് വര്‍ഷത്തിന്റെ മാനുഷിക ജൈവ ദുരന്തത്തെ അദൃശ്യമാക്കി നിര്‍ത്തിയത്.
ഓപ്പെന്‍ ഹയ്മര്‍ അമേരിക്കക്കാരനാണെങ്കിലും ജര്‍മന്‍ വേരുകളുള്ള ജൂതവംശജന്‍ ആണെന്നതും കമ്യൂണിസ്റ്റ് ആശയത്തോട് ഭാഗികമായ ആഭിമുഖ്യം കാണിച്ചുവെന്നതും അടക്കം ശാസ്ത്രവും ചരിത്രവും രാഷ്ട്രീയവും വംശീയതയുമെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ടാണ്, സങ്കീര്‍ണമായ ഇതിവൃത്തത്തില്‍ നിന്ന് അതിവിദഗ്ദ്ധമായ തിരക്കഥ നോളന് തയ്യാറാക്കിയിരിക്കുന്നത്. ചരിത്രത്തോടും ഭൗമരാഷ്ട്രീയത്തോടും ഒരു വ്യക്തി(ശാസ്ത്രജ്ഞന്) എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്നതാണ് ഓപ്പെന്‍ ഹയ്മര്‍ എന്ന സിനിമയുടെ പ്രാഥമികമായ രചന എന്ന് തിരക്കഥയെ ക്രിസ്റ്റഫര്‍ നോളന് നിര്‍വചിച്ചു.
നോബല്‍ സമ്മാനം ലഭിക്കേണ്ട അത്രയും പ്രധാനപ്പെട്ട കണ്ടെത്തലാണ് ഓപ്പെന്‍ ഹയ്മര്‍ നടത്തിയതെങ്കിലും അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചില്ലെന്നു മാത്രമല്ല, സ്വന്തം ഭരണകൂടത്താലും പൊതുബോധത്താലും വേട്ടയാടപ്പെടുകയാണ് ഉണ്ടായത്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ കൂട്ടമരണം സംഭവിച്ചതിനല്ല പക്ഷെ, അദ്ദേഹം വിചാരണ ചെയ്യപ്പെട്ടത്; മറിച്ച് കമ്യൂണിസ്റ്റ് അനുഭാവം ഉണ്ടായിരുന്നു എന്ന ആരോപണത്തിന്മേലാണ്. അതായത്, യുദ്ധവിനാശകരമായ അണുബോംബാണ് അദ്ദേഹം കണ്ടു പിടിച്ചത് എന്നതിനാലല്ല അദ്ദേഹത്തിന് നോബല്‍ ലഭിക്കാതെ പോയത് എന്നും കമ്യൂണിസ്റ്റനുഭാവി ആയതിനാലാണെന്നുമാണ് സിനിമയിലൂടെ സംവിധായകന് വിലപിക്കുന്നത്. ഈ വിലാപം അമേരിക്കന്‍ പൊതുബോധവും ലോകപൊതുബോധവുമാക്കി സംക്രമിപ്പിക്കാനുള്ള വിദഗ്ദ്ധമായ ചേരുവയാണ് ഓപ്പെന്‍ ഹയ്മര്‍ എന്ന സിനിമ. നാഗരികതയുടെ അന്ത്യത്തെക്കുറിച്ചാണ് ഓപ്പണ്‍ഹൈമറില്‍ താന്‍ ചിന്തിച്ചതെന്നും ദി ഒഡീസിയില്‍ അതിന്റെ പ്രാരംഭത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ക്രിസ്റ്റഫര്‍ നോളന്റെ ദി ഒഡീസിയിലെ പ്രധാനപ്പെട്ട ഒരു അഭാവം, കൗമാരക്കാരിയായ നാസിക്കായുടേതാണ്. ഹോമറുടെ ബൃഹത്തായ ഇതിഹാസം മുഴുവനും സിനിമയിലേക്കു കൊണ്ടുവരാനാകില്ല എന്നത് വാസ്തവം തന്നെയാണ്. എന്നാലും എന്തുകൊണ്ടായിരിക്കും, സ്കെറിയായിലെ ആല്സിനൂസ് രാജാവിന്റെ കീഴില്‍ ജീവിക്കുന്ന ഒറ്റപ്പെട്ടവരെങ്കിലും സമാധാനപ്രിയരായ ജനങ്ങളുടെ വിശിഷ്യാ രാജകുമാരി നാസിക്കയുടെ ഹൃദ്യവും സമയോചിതവുമായ ആതിഥ്യത്തെയും സഹായത്തെയും നോളന് വേണ്ടെന്നു വെച്ചത്?
സഖികളോടൊത്ത് കുളിക്കാന്‍ പോയ നാസിക്ക, അവിടെ കുറ്റിക്കാട്ടില്‍ നഗ്നനും നിരാലംബനും ആയി കിടക്കുന്ന ഒഡീസിയസ്സിനെ കണ്ടുമുട്ടുന്നതും; കുളിപ്പിച്ച്, വസ്ത്രം അണിയിച്ച്, ഭക്ഷണങ്ങളും വീഞ്ഞും വേണ്ടത്ര കൊടുത്ത് അനുചരരെയും കൂട്ടി യാത്രയാക്കുന്നത് എന്തൊരു മനോഹരമായ അദ്ധ്യായമാണ്?

കൊട്ടാരത്തിലെത്തുന്ന ഒഡീസിയസ്സിനെ സ്വീകരിച്ച് ആല്നിനൂസ് രാജാവ് തന്റെ പരിചാരകനായ പോണ്ടിനൂസ്സിനോട് : ‘ ഒരു സ്വര്ണ്ണഭരണിയില് മദ്യം നിറച്ച് ഇവിടെ ആഗതരായിട്ടുള്ള സര്‍വ്വജനങ്ങള്‍ക്കും വിളമ്പുക. സ്യൂസ് ഭഗവാനുള്ള പൂജാര്ച്ചനകള് ഞങ്ങള്‍ തന്നെ നിര്‍വഹിച്ചുകൊള്ളാം’. കൊട്ടാരവാസത്തിനിടയില് ഒഡീസിയസ്സും നാസിക്കയും തമ്മിലുള്ള സംഭാഷണം: നാസിക്ക: ‘പ്രഭോ! അങ്ങയ്ക്ക് ആനന്ദപ്രദമായ ഒരു യാത്ര ഞാന്‍ ആശംസിക്കുന്നു. സ്വന്തം നാട്ടില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നതിനു ശേഷം അങ്ങു വല്ലപ്പോഴുമെങ്കിലും ഈയുള്ളവളെ സ്മരിക്കുമെന്ന് ഞാന്‍ വിശ്വസിക്കട്ടെ. എന്തെന്നാല്‍ ഈ സംഭവവികാസങ്ങള്‍ക്കെല്ലാം ആദികാരണം ഞാനാണെന്ന് അവിടുന്നു വിസ്മരിക്കയില്ലല്ലോ?’, ഒഡീസിയസ്സ് പ്രതിവചിച്ചു: ‘സമുദ്രരാജാവിന്റെ പുത്രിയായ നാസിക്കാ കുമാരി! സ്യൂസ് ഭഗവാന് എന്നെ വീണ്ടും എന്റെ നാടും ബന്ധുജനങ്ങളെയും കാണുവാന്‍ മാത്രം അനുഗ്രഹമരുളുന്ന പക്ഷം ഞാന്‍ കുമാരിയെ എപ്പോഴും എന്റെ പ്രാര്‍ത്ഥനകളില്‍ സ്മരിക്കുമെന്ന് ദൃഢമായി വിശ്വസിച്ചാലും! എന്തെന്നാല്‍ കുമാരി എനിക്കു പുനര്ജന്മം പ്രദാനം ചെയ്തതായിട്ടാണ് ഞാന്‍ കരുതുന്നത്’. (സി മാധവന് പിള്ളയുടെ വിവര്‍ത്തനം. എസ്പിസിഎസ് പ്രസാധനം) നാസിക്കയ്ക്ക് ഒഡീസിയസ്സിനോട് ആരാധന തോന്നുന്നുണ്ട് എന്നതും, തന്റെ പ്രതിശ്രുതവരന്റെ മാതൃക അദ്ദേഹമായിരിക്കുമെന്നും ഹോമര്‍ വിവരിക്കുന്നുണ്ട്.

എന്നാല്‍ ഈ പ്രേമം, സാധാരണ പോലെ കാമത്തിലേയ്ക്ക് വഴി മാറുന്നില്ല. മനുഷ്യ ഭാവനയുടെ ഏറ്റവും സൗന്ദര്യാത്മകവും വിശുദ്ധവുമായ സങ്കല്പനങ്ങളാണ് ഇവിടെ വിവരിക്കപ്പെടുന്നതെന്നു ചുരുക്കം.
പ്രായശ്ചിത്തം പോലെ അത്യുദാത്തമായ മാനുഷിക വികാരം പ്രതിപാദ്യഘടകമാക്കുന്ന നോളന് എന്തു കൊണ്ടായിരിക്കും പ്രണയവും ആശാന് പറഞ്ഞതു പോലെ മാംസനിബദ്ധമല്ലാത്ത രാഗവും വിട്ടുകളഞ്ഞത്? ഈ ഘട്ടത്തിനു ശേഷം ഒഡീസിയസ്സ് എത്തുന്നത് ലോട്ടസ്സു തീറ്റക്കാരുടെ ദ്വീപിലും നെറ്റിയിലെ ഒറ്റക്കണ്ണന്‍ സൈക്ലോപ്സിന്റെ ഗുഹയിലുമാണ്. ഈ ഭാഗങ്ങള്‍ നോളന് വിശദമായി ചിത്രീകരിക്കുന്നുണ്ട്. കിംഗ് കോഗ്, ഹള്‍ക്ക് മാന്‍ അടക്കമുള്ള ഹോളിവുഡ് സിനിമകളിലെ മനുഷ്യേതരരരും അന്യഗ്രഹജീവികളും ആയവരുടെ മാതൃകയിലാണ് സൈക്ലോപ്സിനെ നോളന് നിര്‍മ്മിക്കുന്നത്. തീര്‍ത്തും വികൃത രൂപം. കഥയുമായി ഇത് നീതി പുലര്‍ത്തുന്നുണ്ട്. എന്നാല്‍, ഹോളിവുഡിന്റെ സൗന്ദര്യ സങ്കല്പത്തിന്റെ മുഖ്യ പരിമിതി ഇവിടെയും വെളിപ്പെടുന്നുണ്ടെന്നത് പറയാതിരിക്കാനാവില്ല. ഗൊദാര്‍ദിന്റെ സുപ്രസിദ്ധമായ ആല്ഫാവില്ലി(1965)ലെന്നതു പോലെ, മനുഷ്യേതര ബൗദ്ധിക ജീവികളെ മനുഷ്യരുടെ തന്നെ രൂപത്തില്‍ ചിന്തിക്കാന്‍ ഹോളിവുഡിന് സാധാരണ സാധിക്കാറില്ല. ഏലിയനിലും അവതാറിലും അടക്കം എത്രയെത്ര തരം മനുഷ്യേതരരെ ആണ് നാം കണ്ടുമുട്ടിയിട്ടുള്ളത്. മനുഷ്യരൂപം തന്നെയാണ് മനുഷ്യരുടെ ജീവ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ പരമോന്നത മാതൃക എന്ന നിലയിലാണ് ഗൊദാര്‍ദ് ആല്ഫവില്ലില് അപ്രകാരം കാണിക്കുന്നതെങ്കില്‍, അത് ബോധ്യപ്പെടാനുള്ള സൗന്ദര്യ വിവേകം ഹോളിവുഡിനില്ലെന്നു വേണം കരുതാന്‍.
ഭൂഗോളത്തിനു പുറത്തുള്ള പ്രവിശ്യയായ ആല്‍ഫാവില്‍; സമകാലിക ഭാവിയില്‍ (contemporary future) സ്ഥിതി ചെയ്യുന്ന സ്ഥലമായും വിവക്ഷിക്കപ്പെട്ടിട്ടുണ്ട്. അതായത്, സാങ്കേതികതയിലും അമിതാധികാരത്തിലും ഊന്നുന്ന ഒരു പൊതുബോധം ഇത്തരത്തിലുള്ള വൈകാരിക നാശത്തിലും മനുഷ്യത്വ ശൂന്യതയിലുമാണെത്തുക എന്നാണ് ഗൊദാര്‍ദ് പ്രവചിക്കുന്നത്. പുതിയ ഫ്രാന്‍സിലെ ഉപഭോഗഭ്രാന്തില്‍ മുങ്ങി നില്ക്കുന്ന മനുഷ്യരെയാണ് ആല്‍ഫാവില്‍ പൗരന്മാരായി അദ്ദേഹം അവതരിപ്പിക്കുന്നത്. യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുകയോ കൃത്രിമപ്പണിയിലൂടെ മാറ്റിമറിക്കുകയോ അല്ല ഗൊദാര്‍ദ് ചെയ്യുന്നത്. സാധാരണമെന്നു തോന്നിപ്പിക്കുന്ന സാഹചര്യങ്ങളിലെ അസാധാരണവും മറച്ചു വെയ്ക്കപ്പെട്ടതുംആയ അന്തര്‍ യാഥാര്‍ത്ഥ്യങ്ങളും അപര യാഥാര്‍ത്ഥ്യങ്ങളും വെളിപ്പെടുത്തുകയാണദ്ദേഹം. ഹോളിവുഡിലെ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണാറുള്ളതു പോലെ വിചിത്രവും വികൃതവുമായ സാങ്കേതിക നൂലാമാലകള്‍ക്കു പകരം, നമുക്ക് കണ്ടു പരിചയമുള്ള വസ്തുക്കള്‍ കൊണ്ടു തന്നെ ഒരപരയാഥാര്ത്ഥ്യം രൂപീകരിക്കുകയാണദ്ദേഹം.
മാംസനിബദ്ധമായ രാഗത്തെ മാത്രമല്ല, മാംസബദ്ധമായ കാമത്തെയും നോളന് വിട്ടുകളഞ്ഞു എന്ന്, ക്രിസ്റ്റഫര്‍ നോളന് ആസ്പദമാക്കുന്നതെന്നു കരുതപ്പെടുന്ന പരിഭാഷ എഴുതിയ എമിലി വില്‍സണ്‍ തന്നെ സിനിമയെ രൂക്ഷമായി വിമര്‍ശിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വേണം ഇതാലോചിക്കാന്‍. 2017ലിറങ്ങിയ തന്റെ പരിഭാഷാ പുസ്തകത്തിന്റെ വില്പന ഈ സിനിമ ഇറങ്ങിയതോടെ അഭൂതപൂര്‍വ്വമായ വിധത്തില്‍ വര്‍ദ്ധിച്ചു എന്നത് വാസ്തവമാണെങ്കിലും, എമിലി വില്‍സന്റെ ആശങ്കകള്‍ അവര്‍ മൂടി വെച്ചില്ല. ലണ്ടന്‍ റിവ്യൂ ഓഫ് ബുക്ക്സില്‍ എഴുതിയ ഏന് അണ് കോംപ്ലിക്കേറ്റഡ് മാന്‍ എന്ന ലേഖനത്തില്‍, ഒഡീസിയസ്സ് ഉറങ്ങുന്നതായോ ലൈംഗികബന്ധത്തിലേര്പ്പെടുന്നതായോ കാണിക്കുന്നില്ല എന്ന് പരിഹസിക്കുന്നുണ്ട്.
എന്നാല്‍, എമിലി വില്‍സണിന്റെ വിമര്‍ശനത്തിലെ കാതലായ മറ്റൊരു വിഷയം വളരെ പ്രസക്തമാണ്. ദി ഒഡീസിയില്‍ വംശാതീതമോ വംശനിരപേക്ഷമോ ആയ (റെയിസ് ന്യൂട്രല്‍) രീതിയിലാണ് അഭിനേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന കാര്യത്തിന് വന്‍ പ്രചാരം ലഭിച്ചതാണ്. ഹെലന് ആയി ലുപിത ന്യോംഗ് എന്ന കറുത്ത വംശക്കാരിയും കെനിയന്‍ മെക്സിക്കനും ആയ നടിയാണ് അഭിനയിക്കുന്നത്. വലതുപക്ഷക്കാരുടെയും വംശീയവാദികളുടെയും കടന്നാക്രമണം തന്നെ ഈ തീരുമാനത്തിനെതിരെ സംഭവിച്ചു. ടെക് ഭീമനായ ഇലോണ്‍ മസ്ക് അടക്കമുള്ളവര്‍ ഈ വെള്ള വംശീയ പക്ഷത്ത് പരസ്യമായി അണിനിരന്നു. ഈ ഘട്ടത്തില്‍, എമിലി വില്‍സണ്‍ നടത്തിയ വിമര്‍ശനം തെറ്റിദ്ധരിക്കപ്പെടുകയും അവര്‍ വിശദീകരണം നടത്തുകയും ചെയ്തു. ലുപിത ന്യോംഗ്, സെന്‍ദായ, ഹിമേഷ് പട്ടേല്‍, കോറി അന്തോണിയോ ഹോക്കിന്‍സ്, ട്രാവിസ് സ്കോട്ട് എന്നിങ്ങനെ കറുത്ത വംശജരായ നിരവധി അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. ഇവരുടെ വേഷങ്ങളെല്ലാം കറുത്തവരും നല്ലവരുമായ സുഹൃത്തുക്കള്‍ എന്ന സ്റ്റീരിയോടൈപ്പിംഗാണെന്നാണ് എമിലി വില്‍സണ്‍ ആദ്യ ഘട്ടത്തില്‍ ഉന്നയിച്ച വിമര്‍ശനം.
ഒഡീസിയസ് എന്ന വീരനായകന്റെ തിരിച്ചുവരവിന്റെ മാത്രം കഥയല്ല ദി ഒഡീസി. കൗശലങ്ങളും സൂത്രങ്ങളും വശീകരണങ്ങളും മന്ത്രവാദങ്ങളും എല്ലാം കൈമുതലായുള്ള സ്ത്രീകളെയും അപ്സരസ്സുകളെയും ദൈവങ്ങളെയും രാക്ഷസരെയും എല്ലാം അയാള്‍ വഴിയില്‍ കണ്ടുമുട്ടുന്നു. ഈ വിജയയാത്ര അയാളുടെ തന്നെ അഥവാ മനുഷ്യകുലത്തിന്റെ പരാജയയാത്ര കൂടിയാണെന്ന തിരിച്ചറിവയാളിലുണ്ടാക്കുന്നു. മനുഷ്യനായി ജീവിക്കുകയാണ് പ്രധാനം എന്ന ബോധ്യത്തിലയാളെത്തുന്നതാണ് കഥാന്ത്യം.
റസ്സല്‍ മൂര്‍ ക്രിസ്റ്റിയാനിറ്റി ടുഡേയില്‍ പറയുന്നതു പോലെ, ദ് ഒഡീസി സ്വഗൃഹത്തിന്റെ പ്രാധാന്യത്തെ തന്നെയാണ് ഉദ്ഘോഷിക്കുന്നത്. സാഹസികതകളുടെ സമൃദ്ധികള്‍ക്കും യുദ്ധവിജയത്തിനു ശേഷമുള്ള ഒറ്റപ്പെടലുകളുടെയും തിരിച്ചറിവുകളുടെയും നീണ്ട സഞ്ചാരങ്ങള്‍ക്കും ശേഷം, ഇത്താക്കയിലേയ്ക്കും പെനെലോപ്പിയുടെ സമീപത്തിലേയ്ക്കും എത്താനുള്ള ഒഡീസിയസ്സിന്റെ വാഞ്ഛയാണ് സുപ്രധാനം. മാറിക്കഴിഞ്ഞ ഒഡീസിയസ്സിനാകട്ടെ രാജ്യം ഇനിമേലില്‍ ആവശ്യവുമുണ്ടായിരുന്നില്ല. അതായത്, അയാള്‍ക്ക് തിരിച്ചെത്താനുള്ളതും തിരിച്ചെത്തിയതുമായ വീട് അഥവാ സ്വദേശം അയാള്‍ പുതുതായി കണ്ടെത്തിയതും പുനരാവിഷ്ക്കരിച്ചതുമായിരുന്നു. അതിനെ സമാധാനം എന്നും വിളിക്കാം.
മനുഷ്യരും ദൈവങ്ങളും പങ്കെടുത്ത യുദ്ധത്തിനു ശേഷം ജീവിച്ചിരിക്കുന്നവരും മരിച്ചവരും നേരിടുന്ന മതിഭ്രമങ്ങളെ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതാണ് ദി ഒഡീസിയുടെ ദാര്‍ശനിക ഔന്നത്യം. തികച്ചും സങ്കീര്‍ണമായ ഈ അവസ്ഥയെ കേവലം യുദ്ധവിരുദ്ധത എന്ന നിര്‍വചനത്തിലേയ്ക്ക് ഒതുക്കുന്നത് ശരിയായ സമീപനമായിരിക്കില്ല. യുദ്ധങ്ങളില്‍ തന്ത്രപരമായ വിജയങ്ങളുണ്ടാവുമെങ്കിലും, നിണ്ടു നില്ക്കുന്നതും വിചിത്രവുമായ വിനാശങ്ങളുടെയും വിസ്മരിക്കപ്പെട്ട കാരണങ്ങളുടെയും എല്ലാം അവസ്ഥകള്‍ അതിനെ തന്നെ റദ്ദ് ചെയ്യുന്നു. പല നായകരും പ്രതിനായകരായി മാറുന്നു.





