A Unique Multilingual Media Platform

The AIDEM

Articles Society

എറണാകുളത്തിനുവേണ്ടി അപ്പം ഉണ്ടാക്കേണ്ടി വരുന്ന കൂറ്റനാടുകൾ

  • March 18, 2023
  • 1 min read
എറണാകുളത്തിനുവേണ്ടി അപ്പം ഉണ്ടാക്കേണ്ടി വരുന്ന കൂറ്റനാടുകൾ

കൂറ്റനാട് രണ്ടു കുട്ട നിറയെ അപ്പവും ആയിട്ട് രാവിലെ ഷോർണൂർ എത്തി ട്രെയിൻ കയറി എറണാകുളത്ത് എത്തുന്നു. അവിടെനിന്ന് അപ്പം വിറ്റ് ഒരു ചായയും കുടിച്ച് ഉച്ചയോട് കൂടി തിരിച്ചു വീട്ടിൽ എത്തി ആഹാരം കഴിക്കണം. ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം ഇത് ആരു പറഞ്ഞതാണ് എന്ന് എടുത്തു പറയേണ്ടതില്ല! വാർത്തയായി, രാഷ്ട്രീയ ചർച്ചകളായി,  ട്രോളുകളായി ധാരാളം പ്രചരിക്കപ്പെട്ട സിപി ഐ എം സംസ്ഥാന സെക്രട്ടറിയുടെ  മേൽപ്പറഞ്ഞ പ്രസ്താവനയിൽ കൂറ്റനാട് പോലെയുള്ള ഗ്രാമങ്ങൾ നിലനിൽക്കുന്നത് എറണാകുളത്തിനു വേണ്ടിയിട്ടാണ് എന്നൊരു സന്ദേശം പ്രബലമാണ്. എറണാകുളത്തിന് വേണ്ടുന്നത് എന്തും നിർമ്മിക്കാൻ കൂറ്റനാടിന് സാധിച്ചാൽ കൂറ്റനാട്ടെ എല്ലാ വീടുകളിലും സാമ്പത്തിക ഭദ്രത ഉണ്ടാവും എന്ന സന്ദേശം അതിൽ ഉള്ളടങ്ങിയിട്ടുണ്ട്. അപ്പമാണ് വേണ്ടതെങ്കിൽ അപ്പം, ആളാണ് വേണ്ടതെങ്കിൽ ആൾ, അത് ഉയർന്ന വൈദഗ്ധ്യം ഉള്ളവർ തൊട്ട് തോട്ടിപ്പണി വരെ ചെയ്യാൻ സന്നദ്ധരായ ആൾക്കാർ, കുറഞ്ഞ ചിലവിൽ ലഭ്യമായ ഒരു ഇടം ആണല്ലോ ഗ്രാമം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ട്രോൾ

ഇവിടെ കൂറ്റനാട് ഉണ്ടാക്കുന്ന അപ്പം വിൽക്കുന്നതിന് വേണ്ടിയിട്ട്  ഒരാൾക്ക് പോകേണ്ടിവരുന്നത് എറണാകുളത്തേക്ക് ആണ്. ഇത്തരത്തിലുള്ള ഗ്രാമീണമായ സ്വാദുകൾ എറണാകുളം നഗരത്തിൽ കിട്ടാനുമില്ല. മാത്രവുമല്ല ആഗോള വൈവിധ്യമുള്ള സ്വാദുകളുടെ പ്രളയത്തിൽ നാടൻ സ്വാദുകൾക്ക്  മഹാപ്രളയങ്ങളിലെ തുരുത്തുകളുടെ മൂല്യവും ഉണ്ട്. ഈ കാരണങ്ങളാൽ ഒക്കെ തന്നെ കൂറ്റനാട് നിന്ന് മാത്രമല്ല, ഏതു കോണിൽ ഉണ്ടാക്കുന്ന അപ്പവും ഫ്രഷ് ആണെങ്കിൽ എറണാകുളത്ത് വിറ്റ് പോകാനുള്ള സാധ്യത കൂറ്റനാട് ചന്തയേക്കാൾ ഉണ്ട്. ഇവിടെ, കൂറ്റനാട്ടുകാർക്ക് അപ്പം വിൽക്കാൻ പോകാനുള്ള ഉപദേശം കിട്ടുന്നത് വളരെ അടുത്തുള്ള ചെറു പട്ടണങ്ങളായ ഒറ്റപ്പാലത്തേക്കോ പട്ടാമ്പിയിലേക്കോ ഷൊർണൂരിലേക്കോ അല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം തെറ്റില്ലാത്ത ടൌണുകളാണ് ഈ പറഞ്ഞ സ്ഥലങ്ങളെങ്കിലും അവിടെയൊന്നും പടുകൂറ്റൻ കെട്ടിടങ്ങളോ അവയിൽ താമസിക്കാൻ ഇന്ത്യ എമ്പാടും നിന്ന് ബിസ്സിനസ്സ്കാരോ സോഫ്റ്റ്‌വെയർ അടക്കമുള്ള ആധുനിക വിപണിക്കുതകുന്ന തൊഴിലാളികളോ താമസിക്കുന്നില്ല. മാത്രവുമല്ല ഈ പ്രദേശങ്ങളിലെ ആൾക്കാരുടെ വാങ്ങൽ ശേഷി എറണാകുളത്തെ ആൾക്കാരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ തുച്ഛമാണ് എന്ന് കാണാം. കൂടുതൽ ആൾക്കാർ ഉണ്ടാവുമ്പോൾ  കൂടുതൽ സാമ്പത്തിക ക്രയവിക്രയങ്ങൾ നടക്കും. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും നഗരങ്ങളുടെ വാങ്ങൽ ശേഷി ഗ്രാമങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതലുണ്ട്. അതുകൊണ്ട് എറണാകുളത്ത് അപ്പം വിൽക്കാൻ വേണ്ടി കൊണ്ടുപോകുന്നതിനുള്ള യുക്തിയെക്കുറിച്ച് പ്രത്യേക വിശദീകരണം ഒന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എറണാകുളത്ത് ആളുകൾ കൂടുതലുള്ള സ്ഥലമാണ്. നഗരങ്ങളെ നിർണയിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട മാനദണ്ഡങ്ങളിൽ ഒന്ന് കൂടുതൽ ആൾക്കാർ ഉള്ള സ്ഥലങ്ങൾ എന്നുള്ളതാണ്. നഗരങ്ങൾ സ്വാഭാവികമായി ജനസംഖ്യ സ്വയം ഉത്പാദിപ്പിക്കുകയല്ല മറിച്ച്  സമീപസ്ഥലങ്ങളായ ഗ്രാമങ്ങളിൽ നിന്ന് തങ്ങളുടെ നഗരങ്ങളിലേക്ക് ജോലിക്ക് വേണ്ടി ആൾക്കാരെ ആകർഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നഗര ജനസംഖ്യയുടെ ഏറിയ പങ്ക് ഗ്രാമങ്ങളിൽ നിന്ന് എത്തി നഗരങ്ങളിൽ താമസം ഉറപ്പിച്ചവരാണ്.

കൂറ്റനാട് റോഡരികിലെ പഴയ ജൈനക്ഷേത്രം

 

നഗരങ്ങളിൽ പണിയെടുക്കുന്നതിനു വേണ്ടിയുള്ള തൊഴിലാളികൾ, ആഹാരത്തിനു വേണ്ട ധാന്യങ്ങളും പച്ചക്കറികളും വിളയിക്കുന്നതിനുള്ള കൃഷിയിടങ്ങൾ, നഗരങ്ങൾക്ക് മാലിന്യം നിക്ഷേപിക്കുന്നതിനുള്ള വിശാലമായ സ്ഥലങ്ങൾ,  നഗരവാസികൾക്ക്  ഒഴിവു സമയങ്ങളിൽ ആസ്വദിക്കാൻ പറ്റുന്ന കുന്നുകളും മലകളും പുഴകളും ഉള്ള ഇടങ്ങൾ, സ്വാദുള്ള ആഹാരം ഉണ്ടാക്കുന്നതിനുള്ള അടുക്കളകൾ എന്നിങ്ങനെ ഗ്രാമങ്ങൾ നിലനിൽക്കുന്നത് തന്നെ നഗരങ്ങൾക്ക് വേണ്ടിയിട്ടാണെന്നുള്ള ഒരു നരേറ്റിവ് തളിർത്ത് തിടം വച്ച് നിൽപ്പുണ്ട്. അപ്പക്കച്ചവടത്തിൽ അടക്കം ഉയർന്നുവരുന്ന വിമർശനങ്ങളും ട്രോളുകളും എല്ലാം തന്നെ കൂറ്റനാട് നിന്ന് എറണാകുളത്തേക്ക് പോകുന്നതിനുള്ള സമയത്തെ സംബന്ധിക്കുന്നതും, വണ്ടിക്കൂലിയെ സംബന്ധിക്കുന്നതും ഒക്കെ ആയി പോകുന്നത് വിമർശിക്കുന്നവരിൽ അടക്കം ഗ്രാമങ്ങൾ നിലനിൽക്കുന്നത് നഗരങ്ങൾക്ക് വേണ്ടിയാണെന്നുള്ള ഒരു തോന്നൽ പ്രബലം ആണെന്നുള്ളതിനുള്ള തെളിവാണ്. ചുരുക്കം പറഞ്ഞാൽ ഭരണ പ്രതിപക്ഷ ഭേദമന്യേ ഒരു കാര്യം അംഗീകരിക്കപ്പെടുന്നു.  എറണാകുളത്തുകാർക്ക് വിലപ്പെട്ട സമയം കളയാൻ ഇല്ലാത്ത ചില കാര്യങ്ങൾ എറണാകുളത്തെ അതിവിപുലമായ വിപണിയെ ലക്ഷ്യമാക്കി ഉണ്ടാക്കുന്നതിനും, ചില സാധനങ്ങൾ ലഭ്യമാക്കുന്നതിനും (തൊഴിലാളിയെയടക്കം)  അതുവഴി കാശുണ്ടാക്കാൻ സാധിക്കുകയും ചെയ്യുക  എന്നുള്ളത്  കൂറ്റനാട് പോലെയുള്ള അസംഖ്യം ഗ്രാമങ്ങളുടെ  അമൂല്യമായ അവസരമാണ്!

 

സാമ്പത്തികമായ  കാഴ്ചപ്പാടിലൂടെ വീക്ഷിച്ചാൽ ഈ വാദത്തിന് സാംഗത്യമുണ്ട്. നഗരങ്ങളിൽ സ്ഥലത്തിൻറെ അപര്യാപ്തതയും  നഗരവൽക്കരണത്തിന്റെ അനിയന്ത്രിതമായ  വളർച്ചയും  നഗരങ്ങളോടു സമീപസ്ഥങ്ങളായ  ഗ്രാമങ്ങളെയും നഗരവൽക്കരിക്കുന്നതിൽ വലിയൊരു അളവ് പങ്കുവെച്ചിട്ടുണ്ട്.  ഇതുവഴി ഗ്രാമത്വം നഷ്ടമായ അനവധി ഗ്രാമങ്ങൾ എറണാകുളത്തിന് ചുറ്റും നമുക്ക് കാണാൻ സാധിക്കും.  ആത്യന്തിക ഫലമായി എല്ലാ ഗ്രാമവാസികളും എന്നാണ് തങ്ങൾക്ക് നഗരവാസികളാകാൻ സാധിക്കുക എന്നുള്ള ചോദ്യം സ്വയം ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. ഇത്തരം തോന്നലുകൾക്ക് യുക്തിഭദ്രതയും  ആത്മവിശ്വാസവും പകരുന്ന ഏതൊരു പ്രസ്താവനയും  നയങ്ങളും ഗ്രാമത്വം എന്ന സങ്കൽപ്പത്തിനു നേരെയുള്ള മൃദുവായ ബുൾഡോസിംഗ് തന്നെയാണ്. മാത്രവുമല്ല, ഇത്തരത്തിലുള്ള വാദങ്ങൾ ഗ്രാമങ്ങളിൽ അവശേഷിക്കുന്ന ഗ്രാമത്വത്തെ  അന്യവൽക്കരിക്കുകയും  നഗരങ്ങളെ ആശ്രയിച്ചുള്ള നിലനിൽപ്പ്  മാത്രമാണ് ഗ്രാമങ്ങൾക്ക്  നിലനിൽപ്പിനെ സംബന്ധിക്കുന്ന യുക്തിയായി മാറേണ്ടത് എന്ന വലിയ ഒരു താക്കീത് നൽകുകയും ചെയ്യുന്നുണ്ട്.  ഇതിന് ഒരു താക്കീതിന്റെ സ്വരം ഉണ്ടാവുന്നത്  അധികാരത്തിന്റെ ഏറ്റവും സുപ്രധാനമായ തലങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട രാഷ്ട്രീയ നേതൃത്വം  ഇത്തരത്തിലുള്ള മൃദു തിട്ടൂരങ്ങൾ  ഇറക്കുമ്പോഴാണ്. ബുൾഡോസറുകൾ കൊണ്ട് ഗ്രാമങ്ങൾ ഇടിച്ചു നിരത്തുന്നതിനേക്കാൾ  ഇത്തരത്തിലുള്ള മൃദു തിട്ടൂരങ്ങൾക്ക്  ഗ്രാമവാസികളുടെ തന്നെ  മനസ്സിൽ  തങ്ങളുടെ ഗ്രാമത്തിന്റെ നിലനിൽപ്പിനെ  സംബന്ധിക്കുന്ന  അടിസ്ഥാന ഘടകങ്ങളെ പറ്റിയുള്ള  കാഴ്ചപ്പാടുകളെ ഇടിച്ചു നിരത്താൻ പ്രാപ്തമാണ്.  നഗരങ്ങൾക്ക് വേണ്ടി അന്യവൽക്കരിക്കപ്പെടുന്ന ഗ്രാമങ്ങൾ എന്ന ആശയം നമ്മുടെ ചർച്ചകളിലേക്ക് കടന്നു വരുന്നില്ല എന്നുള്ളത് ഈ നരേറ്റിവിന് നമ്മുടെ സമൂഹത്തിന്റെ അബോധ തലത്തിൽ ആഴത്തിൽ വേരുകൾ ഉണ്ടെന്നുള്ളതിന് തെളിവാണ്.

കൊച്ചി നഗരത്തിൻറെ രാത്രി കാഴ്ച്ച

എന്നാൽ നഗരങ്ങൾക്ക് അന്യമായ പലതും ഗ്രാമങ്ങളിൽ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായത് നഗരവാസികൾക്ക് ഗ്രാമങ്ങളെ കുറിച്ചുള്ള ഗൃഹാതുരത്വ ബോധമാണ്. ഭൂതകാലങ്ങളിൽ ഗ്രാമാനുഭവങ്ങളുടെ നിക്ഷേപങ്ങൾ ഉള്ള ഒരു വലിയ സമൂഹമാണ് നഗരങ്ങളിലെ തൊഴിലാളികൾ ആയി  എത്തിച്ചേരുന്നത്.  ചുമടെടുപ്പും,  ഡ്രൈവിങ്ങും മുതൽ ഉയർന്ന ജോലികൾ വരെ ഈ കൂട്ടത്തിൽ പെടുന്നു. എന്നാൽ ഈ തൊഴിലാളികൾക്ക് ഗ്രാമങ്ങളിൽ ലഭ്യമായ പലതും നഗരങ്ങളിൽ ലഭ്യമല്ല. കാഴ്ചകൾ, ശബ്ദങ്ങൾ, സ്പർശങ്ങൾ, ഗന്ധങ്ങൾ, സ്വാദുകൾ, പെതു ഇടങ്ങൾ, ആഘോഷങ്ങൾ എന്നിങ്ങനെ ഗ്രാമങ്ങളിൽ നിന്നും വലിയ നിക്ഷേപങ്ങൾ സ്വീകരിച്ച ഒരു ജനതക്ക് നഗരങ്ങളിൽ വലിയ ഗൃഹാതുരത്വത്തിന് ഇത് കാരണമാകുന്നു. ഈ നിക്ഷേപങ്ങളുടെ സ്വാധീനത്തിലാണ് തങ്ങളുടെ ഗ്രാമ അനുഭവങ്ങൾ നഗരങ്ങളിൽ പുനരാവിഷ്കരിക്കുന്നതിന് നഗരവാസികൾ ശ്രമിക്കുന്നത്. അയ്യപ്പൻ വിളക്കും, പള്ളിപ്പരിപാടികളും, ഓണക്കളികളും, നാടൻ ശൈലിയിലുള്ള ചായക്കടകളും ഒക്കെ നഗരങ്ങളിൽ അങ്ങനെ പുനർനിർമ്മിക്കപ്പെടുന്നു. ഇത്തരത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് സ്വാദ്. ഗ്രാമത്തിന്റെ സ്വാദിന് നഗരങ്ങളിൽ പ്രത്യേക സാമ്പത്തിക മൂല്യമുണ്ടാവുന്നു. നഗരവാസിയുടെ ആന്തരിക നിക്ഷേപമായ ഗ്രാമ അനുഭവത്തിലേക്ക് നേരിട്ട് സംവേദിക്കുന്നു എന്നുള്ളതാണ് ഇത്തരത്തിൽ ഗ്രാമീണമായ എന്തും നഗരങ്ങളിൽ സാമ്പത്തിക മൂല്യം കണ്ടെത്തുന്നത്. വീട്ടിലെ ഊണ്, അമ്മച്ചിയുടെ അടുക്കള, നാടൻ പഴങ്കഞ്ഞി, നാടൻ കപ്പ, പഴം എന്നിങ്ങനെ സ്വാദിന്റെ ഗ്രാമീണനിക്ഷേപം സാമ്പത്തിക മൂല്യമാക്കി മാറ്റാൻ വെമ്പുന്ന ഒരു വലിയ സാമ്പത്തിക പ്രൊജക്റ്റ് നമ്മുടെ നഗരങ്ങളെ ചുറ്റിപറ്റി ഉണ്ടാവുന്നുണ്ട്. ഇനിയെന്താണ് ഗ്രഹാതുരത്വം ഉള്ളിൽ പേറുന്ന നഗരവാസിയിൽ നിന്ന് ഊറ്റാനുള്ളത് എന്ന് ചിന്തിക്കുന്ന ഒരു തിങ്ക് ടാങ്ക് തന്നെ ബിസ്സിനസ്സ് ലോകത്തുണ്ട് എന്ന് കാണാം. ഈ തിങ്ക് ടാങ്കുകളുടെ ബിസിനസ് മോഹങ്ങളിൽ ആണ്  നഗരവാസിയുടെ ഭൂതകാലസ്മരണകളിലെ ഗ്രാമ നിക്ഷേപങ്ങളെ പുനർനിർമ്മിക്കുന്നതിനുള്ള ശ്രമം ഒരു ഇക്കണോമിക് പ്രൊജക്റ്റായി മാറുന്നത്.

ഗ്രാമത്തിൽ നിന്നുള്ള ഒരു കാഴ്ച്ച (ഇൻറർനെറ്റ് ചിത്രം)

ഇത്തരം ശ്രമങ്ങളിൽ ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ ഒരു ബന്ധം ഉടലെടുക്കുന്നുണ്ട്. ഈ ബന്ധം പ്രധാനമായും ധാരാളം പണം കയ്യിലുള്ള ഒരാളും ദൈനംദിന ജീവിതത്തിന് ചില്ലറ സാധനങ്ങൾ വിറ്റു ജീവിക്കേണ്ടിവരുന്ന ഒരു സാധാരണ കച്ചവടക്കാരനും തമ്മിലുള്ള ബന്ധമാണ്. വലിയ  വില വാങ്ങൽ ശേഷി ഒന്നും ഇത്തരത്തിലുള്ള കച്ചവടക്കാർക്ക് ഉണ്ടാവുകയില്ല. എന്നാൽ തങ്ങൾക്ക് ആശ്രയിക്കാൻ പറ്റുന്ന വലിയ ഒരു സ്രോതസ്സ് എന്ന നിലയിൽ കച്ചവടക്കാരന് തൊഴിലാളിയോട്  വലിയ വിധേയത്വവും കൂറും ഉണ്ടാവും. സൂക്ഷ്മമായി ദർശിച്ചാൽ ഗ്രാമത്തിൽ നിർമ്മിക്കപ്പെടുന്ന ഉത്പന്നങ്ങൾ നഗരത്തിൽ വിറ്റഴിക്കാൻ വേണ്ടി പോകുന്ന പ്രക്രിയ ഈ പറഞ്ഞ ബന്ധത്തിന് സമാനമാണ്.

 

ഗ്രാമീണരെ സംബന്ധിച്ചിടത്തോളം തങ്ങൾ ദൈനംദിന ജീവിതത്തിനു വേണ്ടി ഉപയോഗിക്കുന്നതിലും അല്പം കൂടുതലായി ഉണ്ടാക്കുക എന്നുള്ളതിൽ ഉപരിയായി വലിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനോ വലിയ കച്ചവടം മാറുന്നില്ല. അത്തരത്തിൽ സാങ്കേതിക വിദ്യയുടെയും മുതൽമുടക്കിന്റെയും അടിസ്ഥാനത്തിൽ ചെയ്യാനുള്ളതെല്ലാം നഗരങ്ങളിലേക്ക്  പറിച്ചുനടപ്പെടും എന്നുള്ളതാണ് അതിന് കാരണം. അതുകൊണ്ടുതന്നെ ഗ്രാമങ്ങൾ സ്വന്തം ആവശ്യത്തിനുണ്ടാക്കുന്നതിൽ നിന്ന് അല്പം കൂടുതൽ ഉണ്ടാക്കുക എന്നുള്ളതിന് അപ്പുറത്തേക്ക് ഗ്രാമങ്ങളുടെ നിർമ്മാണ പ്രക്രിയ പോകുന്നില്ല എന്നുള്ളതാണ്. അത് കുടുംബശ്രീ യൂണിറ്റുകൾ ഒരുമിച്ചു കൂടിയാലും ശരി, ചെറിയ ചെറിയ സംഘങ്ങൾ ആയാലും ശരി വലിയ തോതിലുള്ള ഉൽപാദന സാധ്യതകൾ ഉണ്ടായാൽ അത് നഗരപ്രദേശങ്ങൾ വലിച്ചെടുക്കും എന്നുള്ളതാണ് വാസ്തവം. അതുകൊണ്ട് ചില്ലറ വില്പനയ്ക്ക് ഉതകുന്ന ഉത്പന്നങ്ങൾ നിർമ്മിക്കുകയും അവ വാങ്ങുന്നതിന് വേണ്ടിയെത്തുന്ന വലിയ മുതലാളിയായി നഗരങ്ങൾ മാറുകയും ചെയ്യുമ്പോൾ ഈ ബന്ധം ശ്രേണീബദ്ധമായി മാറുന്നു. നഗരങ്ങൾ മുകളിലും ഗ്രാമങ്ങൾ താഴെയും ആയിട്ടുള്ള ഈ ബന്ധം ഗ്രാമങ്ങൾക്ക് നഗരങ്ങളോടുള്ള ആശ്രിതത്വമായി പരിണമിക്കുന്നു.

 

നാട്ടിൽ കിട്ടാത്ത പലതും കിട്ടുന്നതും, എന്നാൽ നാട്ടിൽ കിട്ടാത്തതെന്തും കിട്ടുന്നതും, കൂടാതെ നാട്ടിൽ കിട്ടുന്ന പലതിന്റെയും മുന്തിയ ഇനം കിട്ടുന്നതുമായ  ഒന്നായി എറണാകുളം മാറുന്നത് ഇങ്ങനെയാണ്. വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറിന് നാട്ടിൽ സാമ്പത്തിക മൂല്യമില്ല. എന്നാൽ വീട്ടിലെ അച്ചാറിന് എറണാകുളത്ത് മൂല്യം ഉണ്ടാവുന്നു. ഇതിന് കാരണം എറണാകുളം വരെ എത്തുമ്പോൾ അച്ചാറിന്റെ സ്വാദോ പോഷകാംശമോ വർദ്ധിക്കും എന്നുള്ളത് കൊണ്ടല്ല, മറിച്ച്, എറണാകുളത്ത് കൂടുതൽ പണം കൊടുത്തത് വാങ്ങാൻ കഴിവുള്ള ഹോട്ടലുകളും ആൾക്കാരും ഉണ്ടാവും എന്നുള്ളതാണ്. നാട്ടിലെ ഫ്യൂഡൽ പ്രഭുത്വം വിട്ടുമാറാത്ത മുതലാളിമാരുടെ മുന്നിൽ വളഞ്ഞു നിൽക്കാതെയും, ശരാശരി വരുമാനം തൊട്ട് താഴെക്കിടയിൽ ഉള്ളവരുടെ വരെ വിലപേശൽ സഹിക്കാതെയും അച്ചാർ വിറ്റു പോകുന്നതിന് എറണാകുളം നല്ലൊരു ഇടം തന്നെയാണ്. അച്ചാറിന്റ കാര്യത്തിൽ മാത്രമല്ല പച്ചക്കറിയുടെ കാര്യത്തിലും മുറുക്കിന്റെ കാര്യത്തിലും, തൊഴിലാളികളുടെ കാര്യത്തിലും അപ്പത്തിന്റെ കാര്യത്തിലും എല്ലാം ഇത് ഒരുപോലെയാണ്. ഇത്തരത്തിൽ തങ്ങളെ തേടി സാധനങ്ങൾ എത്തിക്കോളും എന്നത് നഗരങ്ങളിൽ ജീവിക്കുന്ന ആൾക്കാരുടെ ഇടയിൽ ഒരു ആത്മവിശ്വാസമായി വളർന്നിട്ടുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം. ഇതേ ആത്മവിശ്വാസം എറണാകുളത്തിന്റെ ഓരോ നിശ്വാസത്തിലും നമുക്ക് കാണാൻ സാധിക്കും. മാത്രവുമല്ല, ഈ വിശ്വാസം എറണാകുളത്ത് താമസിക്കുന്നവർക്കു മാത്രമല്ല, എറണാകുളത്തിന് പുറത്തുള്ളവരിലേക്കും രൂഢമൂലമാണ്. ഗ്രാമങ്ങളിൽ കിട്ടാത്ത രുചികൾ, കാഴ്ചകൾ, അനുഭവങ്ങൾ, മര്യാദകൾ അങ്ങനെ എന്തും നഗരങ്ങളിൽ കിട്ടും എന്നുള്ള വിശ്വാസവും ഈ നഗരങ്ങളോടനുബന്ധിച്ചുള്ള പ്രദേശങ്ങളിൽ വ്യാപകമാണ്. അതുകൊണ്ടുതന്നെയാണ് ഗ്രാമങ്ങളിൽ കിട്ടാത്ത എന്തിന്റെയും അവസാന സ്രോതസ്സ് അന്വേഷിച്ചു എറണാകുളത്തേക്ക് ആൾക്കാർ എത്തിച്ചേരുന്നത്. അവിടെയും കിട്ടിയില്ലെങ്കിൽ അതിനേക്കാൾ വലിയ നഗരങ്ങളായ  ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും ആൾക്കാർ പോകും.

 

ഇങ്ങനെ നഗരം ഭൗതികമായിമാത്രമല്ല, ആളുകളുടെ മനസ്സിലും പെരുകി പെരുകി വരുകയും ഗ്രാമങ്ങൾ അവയെ ആശ്രയിച്ച് മാത്രം നിലനിൽക്കുന്ന ഇടങ്ങളായി മാറുകയും ചെയ്യുന്നു എന്ന വിശ്വാസത്തിന് പൊതുസമ്മതി ഉണ്ടാവുന്നു. യഥാർത്ഥത്തിൽ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് അസംസ്കൃത വസ്തുക്കളും, മനുഷ്യ വിഭവങ്ങൾ അടക്കം, അതിലൂടെ നഗരങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഉൽപ്പന്നങ്ങളും ഗ്രാമ നഗര പാരസ്പര്യത്തെ അനിവാര്യമാക്കുന്നുണ്ടെങ്കിലും പാരസ്പര്യത്തേക്കാൾ ഉപരി  ഗ്രാമങ്ങൾക്ക് നഗരങ്ങളോടുള്ള ആശ്രയത്വത്തിനാണ് പൊതുസമ്മതി ഉണ്ടാവുന്നത്.  നഗരങ്ങൾക്ക് വേണ്ടിയിട്ടുള്ള കറവപ്പശുക്കളായി ഗ്രാമങ്ങൾ വീക്ഷിക്കപ്പെടുന്ന ഒരു സംസ്കാരം ഉണ്ടാവുന്നതിങ്ങനെയാണ്.

 

ഇവിടെ കൂറ്റനാട് എന്ന് പറയുന്നത് ഒരു പ്രതീകം മാത്രമാണ്. എറണാകുളത്തുനിന്ന് നൂറോ നൂറ്റമ്പതോ കിലോമീറ്റർ അപ്പുറം വരെയുള്ള ചെറിയ ഗ്രാമങ്ങൾക്ക് എറണാകുളം ഒരു വലിയ വിപണിയും തൊഴിൽ ഉറവിടവും കൂടിയാണ്. ആ ഗ്രാമങ്ങളിൽ നിന്ന് ധാരാളം ആളുകൾ എറണാകുളം പോലുള്ള പ്രദേശങ്ങളിൽ പോയി ജോലിയെടുത്ത് പണം ഉണ്ടാക്കി ഈ പറഞ്ഞ ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളുടെ ദൈനംദിന നടത്തിപ്പിന് വേണ്ടി എത്തിക്കുന്നുണ്ടാവാം. ഗ്രാമങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ, മനുഷ്യ വിഭാഗങ്ങളടക്കം, എറണാകുളത്തേക്ക് എത്തിച്ചേരുകയും എറണാകുളത്തുനിന്ന് സാങ്കേതികതയിലൂടെയും അതിസാങ്കേതികതയിലൂടെയും നിർമ്മിക്കപ്പെടുന്ന ഉൽപ്പന്നങ്ങളും തൊഴിലാളികൾ പണിയെടുക്കുന്നതിന്റെ പലമായുള്ള വേതനവും ഗ്രാമങ്ങളിലേക്ക് തിരികെ പോവുകയും ചെയ്യുന്നുണ്ട്.

 

ഇതിനെല്ലാം ഉപരിയായി എറണാകുളം ഉൽപ്പന്ന വൈവിധ്യങ്ങളുടെ വളരെ വിപുലമായ ഒരു വിപണി തുറന്നു വയ്ക്കുന്നു എന്നുള്ളതാണ്. സാധനങ്ങളായും സേവനങ്ങളായും നിർമ്മിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങളുടെ വൈവിധ്യം സാമ്പത്തികമായ ക്രയവിക്രയങ്ങളുടെ കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാക്കി എറണാകുളത്തെ മാറ്റിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി സാമ്പത്തികമായി ഉയർന്ന ജീവിത നിലവാരം പുലർത്തുന്നവർക്ക് അനുയോജ്യമായ ഒരു ജീവിത പശ്ചാത്തലം തന്മൂലം എറണാകുളത്ത് രൂപപ്പെട്ടു വന്നിട്ടുണ്ട്. ഇത്തരത്തിൽ സാമ്പത്തികപരമായും അധികാരപരമായും ഉയർന്ന ശ്രേണിയിലുള്ളവരുടെ പ്രാതിനിധ്യം ഭരണ രാഷ്ട്രീയ നേതൃത്വത്തിനെ സംബന്ധിച്ചിടത്തോളം എറണാകുളത്തിനെ കേരളത്തിന്റെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്  കൂടുതൽ പ്രാധാന്യമുള്ള ഒരു ഇടം ആക്കി മാറ്റുന്നു. ബ്രഹ്മപുരം എറണാകുളത്ത് തന്നെയായത് ഒരുകണക്കിന് ഭാഗ്യമായി. ബ്രഹ്മപുരം കൂറ്റനാട്ടായിരുന്നെങ്കിൽ മാസങ്ങൾ നീണ്ട അലമുറകൾ പോലും അവയെ നിയമസഭയിലോ മാധ്യമങ്ങളുടെ സജീവചർച്ചയിലോ എത്തിക്കുമായിരുന്നില്ല. ഒരുപക്ഷെ ബ്രഹ്മപുരത്തിന്റെ പല ചെറുപതിപ്പുകളും നമ്മുടെ കേരളത്തിലെ പല കൂറ്റനാടുകളിലും ശബ്ദം പുറത്തറിയാതെ അവശേഷിക്കുന്നുണ്ടാവും.


Subscribe to our channels on YouTube & WhatsApp

About Author

അമൃത് ജി കുമാർ

കേരള കേന്ദ്ര സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ പ്രൊഫസറാണ്. വിമർശനാത്മക സിദ്ധാന്തവും വിദ്യാഭ്യാസവും, വിദ്യാഭ്യാസത്തിലെ നവലിബറൽ സ്വാധീനങ്ങൾ, വിദ്യാഭ്യാസ നയ വിശകലനം എന്നീ മേഖലകളിൽ പഠന ഗവേഷണങ്ങൾ നടത്തുന്നു. ആനുകാലികങ്ങളിലെ പംക്തികളിലൂടെ എഴുത്തിന്റെ മേഖലയിലും സജീവമാണ്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

ഗ്രാമ – നഗര ബന്ധങ്ങളെക്കറിച്ചുള്ള ചില മൗലിക ചിന്തകൾ ഈ ലേഖനം മുന്നോട്ട് വെക്കുന്നുണ്ട്. അത് ശ്രദ്ധേയവുമാണ്. ഗ്രാമ – നഗര ബന്ധങ്ങളെക്കുറിച്ചും വൈജാത്യങ്ങളെക്കുക്കുറിച്ചും ഉള്ള വിപുലവും സമഗ്രവുമായ ചർച്ചകൾക്ക് ഈ ലേഖനം ഒരു ആമുഖമായി പ്രയോജനപ്പെടുത്താം എന്നാണ് എന്റെ തോന്നൽ, ലേഖകന് അഭിവാദ്യങ്ങൾ 🌹