A Unique Multilingual Media Platform

The AIDEM

Articles Climate Enviornment Interviews

കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയുടെ ആത്മാർത്ഥത എത്രത്തോളം?

  • November 17, 2022
  • 1 min read
കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയുടെ ആത്മാർത്ഥത എത്രത്തോളം?

ഐക്യരാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യ, രാജ്യത്തിന്റെ ദീർഘ കാലത്തേക്കുള്ള, കാർബൺ വികിരണം കുറക്കാനുള്ള വികസന സമീപന രേഖ (India’s Long Term Low-Carbon Development Strategy) സമർപ്പിച്ചിരിക്കുകയാണ്. ഇന്ത്യ ഗവണ്മെന്റിന്റെ പരിസ്ഥിതി-വന-കാലാവസ്ഥാ മാറ്റ മന്ത്രാലയമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 

2015 ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ ഉണ്ടായ കരാർ പ്രകാരമാണ് അതിൽ ഒപ്പിട്ട ഓരോ രാജ്യവും ദീർഘകാലത്തേക്കുള്ളതും കാർബൺ വികിരണം കുറവുള്ളതുമായ, ഒരു വികസന സമീപന രേഖ തയ്യാറാക്കി സമർപ്പിക്കണം എന്ന തീരുമാനം ഉണ്ടായത്. കാലാവസ്ഥാ മാറ്റവും കാർബൺ വികിരണം കുറയ്ക്കലും സംബന്ധിച്ച നാല് അടിസ്ഥാന നിലപാടുകളിൽ നിന്നുകൊണ്ടാണ് ഇന്ത്യ ഈ വികസന രേഖ തയ്യാറാക്കിയിരിക്കുന്നത്. 

അതേസമയം, ഈ പ്രഖ്യാപനങ്ങൾ ഇന്ത്യ കാര്യക്ഷമമായും ആത്മാർത്ഥമായും നടപ്പാക്കുമോ എന്ന സംശയം അന്താരാഷ്ട്ര നിരീക്ഷണ ഏജൻസികൾ വരെ പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല, അതിലും പ്രധാനപ്പെട്ട കാര്യം, കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ, അതിനു കൂടുതൽ കാരണക്കാരായ വികസിത-സമ്പന്ന രാജ്യങ്ങൾ, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെ ഭീമമായ ധനസഹായം നൽകി സഹായിക്കേണ്ടി വരും. നേരത്തെ ഉണ്ടായ കാലാവസ്ഥാ ഉച്ചകോടികളിൽ നടത്തിയ ഇത്തരം സഹായ പ്രഖ്യാപനങ്ങൾ തന്നെ പൂർണ്ണമായും നൽകിയിട്ടില്ല.

ഇന്ത്യ, ചൈന, ബ്രസീൽ, ദക്ഷിണ ആഫ്രിക്ക എന്നീ വികസ്വര രാജ്യങ്ങൾ ചേർന്ന് ബേസിക് എന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചാണ് കാലാവസ്ഥാ ഉച്ചകോടിയിൽ തങ്ങളുടെ ആവശ്യങ്ങൾക്കായി സമ്മർദ്ദം ഉയർത്തുന്നത്. വികസിത രാജ്യങ്ങളുടെ ഫോസിൽ ഇന്ധന ഉത്പാദനവും, ഉപഭോഗവും കൂടി വരുന്നതിനെയും, അവർ വികസ്വര രാജ്യങ്ങൾക്കു ധനസഹായം നൽകാമെന്ന പ്രതിജ്ഞ നിറവേറ്റാത്തതിനെയും ബേസിക് സഖ്യം ഈ സമ്മേളനത്തിലും നിശിതമായി വിമർശിച്ചിട്ടുണ്ട്. കാലാവസ്ഥാ ധനസഹായം വികസ്വര രാഷ്ട്രങ്ങൾക്ക് കിട്ടാൻ എളുപ്പമാക്കി കൊണ്ട്, ബഹുരാഷ്ട്ര വികസന ബാങ്കുകളുടെ ഘടന പരിഷ്കരിക്കണം എന്ന ആവശ്യവും അവർ ഉന്നയിച്ചിട്ടുണ്ട്.

 

ലോക കാലാവസ്ഥാ സമ്മേളനങ്ങളിൽ ഇത്തരം നയരേഖകളുടെ പ്രസക്തി എന്താണ്? 

ഒന്നാമതായി, ഇന്ത്യയെ പോലെ വളരെ ദരിദ്രജനവിഭാഗങ്ങൾ ഉള്ള ഒരു രാജ്യത്തിന് അങ്ങനെ പെട്ടെന്ന് ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കാനൊന്നും സാധിക്കില്ല എന്നൊരു പ്രശ്നമുണ്ട്. അതെ സമയം ഉച്ചകോടിയിൽ ലോകത്തെ ഭീഷണിയിൽ നിർത്തുന്ന കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ കഴിവുള്ളതെല്ലാം ചെയ്യാൻ ഓരോ രാജ്യവും പ്രതിജ്ഞാബദ്ധരാണ് എന്ന ഉത്തരവാദിത്വവും ഉണ്ട്. അപ്പോൾ താഴെ പറയുന്ന ചില അടിസ്ഥാന നിലപാടുകളിൽ നിന്നുകൊണ്ട്, കൽക്കരിയും മറ്റും ഉപേക്ഷിച്ചു ഹരിതോർജ്ജത്തിലേക്കും മറ്റും ചുവടു മാറാൻ ഇന്ത്യ പോലൊരു രാജ്യത്തിന് ആവശ്യമായി വരുന്ന ഭീമമായ തുകക്ക് വേണ്ടി വികസിത രാജ്യങ്ങളോട് വിലപേശാൻ സഹായിക്കുന്ന ഒരു രേഖ എന്ന നിലയ്ക്കാണ് ഇന്ത്യയുടെ ഈ ദീർഘകാല നയരേഖയെ കാണാനാവുക. അതുകൊണ്ടാണ് താഴെ പറയുന്ന നിലപാടുകൾ ഈ രേഖയിൽ ഇന്ത്യ എടുക്കുന്നത്.  

  1. ആഗോളതാപനം കൂടാൻ ഇന്ത്യ വലിയ പങ്കൊന്നും വഹിച്ചിട്ടില്ല 
  2. ഇന്ത്യയുടെ വികസനത്തിന് വലിയ ഊർജ്ജം ആവശ്യമായി വരും 
  3. നിലവിലുള്ള രാജ്യത്തെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട്, കാർബൺ വികിരണം കുറയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, സക്രിയമായി തന്നെ അതിനു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. 
  4. കാലാവസ്ഥാ മാറ്റാതെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യ നേടണം എന്ന് അംഗീകരിക്കുന്നു, തിരിച്ചറിയുന്നു. 

 

വികസന നയരേഖയിലെ പ്രശ്നങ്ങൾ 

ആഗോള താപനിലയുടെ വർധന 2 ഡിഗ്രിക്കു താഴെ നിൽക്കുന്നു എന്നുറപ്പു വരുത്താൻ, ഇന്ത്യക്ക് ഉത്തരവാദിത്വമുള്ള കാര്യങ്ങളെല്ലാം നമ്മുടെ രാജ്യം നിറവേറ്റി കഴിഞ്ഞു എന്നാണ് ഈ വികസന രേഖ പറയുന്നത്. എന്നാൽ, കാർബൺ വികിരണത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാം സ്ഥാനത്ത് അമേരിക്കയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാർബൺ അന്തരീക്ഷത്തിലേക്ക് വിടുന്നത് ഇന്ത്യയാണ് എന്നർത്ഥം. ഗ്ലോബൽ കാർബൺ പ്രോജക്റ്റ് 2021 റിപ്പോർട്ടിലെ കണക്കാണിത്‌. 

എന്നാൽ ആളോഹരി കാർബൺ വികിരണം കണക്കാക്കിയാൽ ഇന്ത്യയുടെ കാർബൺ വികിരണം ലോക ശരാശരിയേക്കാൾ കുറവാണ് എന്ന് ഐക്യ രാഷ്ട്രസഭയുടെ വികിരണ വിടവ് സംബന്ധിച്ച പുതിയ റിപ്പോർട്ട് (Emissions Gap Report 2022-EGR) കാണിക്കുന്നു.

ചൈനയുടെ കാര്യവും സമാനമാണ്. അങ്ങനെ നോക്കുമ്പോൾ അമേരിക്കയാണ് ഏറ്റവും വികിരണം നടത്തുന്നത് എന്ന് പറയേണ്ടി വരും. അപ്പോൾ പോലും ഇന്ത്യ ലോകത്തെ വലിയ കാർബൺ വികിരണം നടത്തുന്ന ഏഴു രാജ്യങ്ങളിൽ പെടുന്നു. 

ഗ്ലാസ്‌ഗോവിൽ നടന്ന 26 ആം കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പഞ്ചാമൃത പ്രതിജ്ഞ എടുത്തിരുന്നു. 2070 ആകുമ്പോഴേക്കും ഇന്ത്യ നെറ്റ് സീറോ (അതായത്, പുറത്തു വിടുന്ന കാർബണിന്റെ അളവ് പ്രതിവർഷം കൂടുന്നില്ല എന്ന അവസ്ഥ) സങ്കല്പനം യാഥാർഥ്യമാക്കും എന്ന പ്രഖ്യാപനവും അതിന്റെ ഭാഗമായിരുന്നു. അന്നത്തെ ഇന്ത്യയുടെ പ്രഖ്യാപനങ്ങൾ പുതുക്കുകയാണ് പ്രധാനമായും ഈ പുതിയ പ്രഖ്യാപനത്തിൽ ചെയ്തിട്ടുള്ളത്. താഴെ പറയുന്ന കാര്യങ്ങൾ നടപ്പാക്കും എന്ന് പ്രഖ്യാപിക്കുന്ന ദേശീയ നിർണീത സംഭാവനാ രേഖയും (ഒരു രാജ്യം തങ്ങൾ കാലാവസ്ഥാ മാറ്റം ചെറുക്കാൻ എന്തെല്ലാം ചെയ്യും എന്ന് വ്യക്തമാക്കുന്ന രേഖ) ഇന്ത്യ ഇപ്പോൾ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 


Related Story: COP27ൽ വികസ്വര രാജ്യങ്ങൾക്ക് നേരിയ ആശ്വാസം


ഹരിത ഊർജ്ജത്തിലേക്കു മാറുക എളുപ്പമാണോ? 

2030 ആകുമ്പോഴേക്കും ഇന്ത്യയുടെ 50% വൈദ്യുതി, ഫോസിൽ ഇതര ഇന്ധനങ്ങൾ (non-fossil fuel) ഉപയോഗിച്ചായിരിക്കും എന്നാണ് പുതിയ പ്രഖ്യാപനം. ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ ഇന്ത്യ പറഞ്ഞത്, 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ 40% വൈദ്യുതി, പുനരുപയോഗിക്കാവുന്ന ഊർജ്ജം (renewable energy) ഉപയോഗിച്ചായിരിക്കും എന്നായിരുന്നു. അതായത് ഈജിപ്ത് ഉച്ചകോടിയിൽ എത്തിയപ്പോൾ 40% എന്ന പ്രതിജ്ഞ ഇന്ത്യ 50% എന്നാക്കി വർധിപ്പിച്ചു. മാത്രമല്ല, പുനരുപയോഗിക്കാവുന്ന ഊർജ്ജം (renewable energy) ഉപയോഗിക്കും എന്ന പ്രതിജ്ഞയെ ഫോസിൽ ഇതര ഇന്ധനങ്ങൾ (non-fossil fuel) ഉപയോഗിക്കും എന്നാക്കി പുതുക്കി. 

പക്ഷെ, ഇന്ത്യയുടെ ഊർജ്ജമേഖലയുടെ ഇന്നത്തെ യാഥാർഥ്യം എന്താണ്? നാം ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ 70% ത്തിലധികം കൽക്കരി പോലുള്ള ഫോസിൽ ഇന്ധനങ്ങളാണ്. ഇന്ത്യയുടെ 55% ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നത് ഫോസിൽ ഇന്ധനമായ കൽക്കരിയാണ്. കൽക്കരി ഉപയോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയും ചൈനയുമാണ് ലോകത്തിനു മുന്നിൽ ഏറ്റവും വലിയ താപനകാരികളായി നിൽക്കുന്നത്. ആ ഉപയോഗം വര്ഷം പ്രതി കൂടിക്കൊണ്ടിരിക്കുകയുമാണ്. 

എന്നാൽ  1850 മുതൽ 2019 വരെ നടന്ന കാർബൺ വികിരണത്തിന്റെ കണക്കെടുത്താൽ ചിത്രം മാറുന്നു. ഈ ചരിത്രപരമായ കാലയളവിൽ അമേരിക്കയും, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമാണ് ഏറ്റവും വലിയ കാർബൺ വികിരണ കർത്താക്കൾ. ഇനി പ്രാദേശിക അടിസ്ഥാനത്തിൽ അല്ലാതെ ആളോഹരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ കാർബൺ വികിരണം കണക്കാക്കിയാലും, അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമാണ് ഏറ്റവും കൂടുതൽ ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളി വിട്ടവർ.  

ഇതിൽ നിന്ന് മാറി ഹരിത ഊർജ്ജ ഉത്പാദനത്തിലേക്ക് നീങ്ങണമെങ്കിൽ ലോക വികസിത രാജ്യങ്ങൾ ഇന്ത്യയെ ഭീമമായ ധനസഹായത്തിലൂടെ പിന്തുണക്കേണ്ടി വരും. ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ല, എല്ലാ വികസ്വര രാജ്യങ്ങളുടെയും പ്രശ്നമാണ്. അതുകൊണ്ടാണ് ‘ലോസ് ആൻഡ് ഡാമേജ്’ (loss and damage) ധനസഹായം വികസിത രാജ്യങ്ങൾ നൽകണമെന്ന് വികസ്വര-അവികസിത രാജ്യങ്ങൾ കാലാവസ്ഥാ ഉച്ചകോടിയിൽ ബഹളം വെച്ചുകൊണ്ടിരിക്കുന്നത്. 

ആഗോളതാപനത്തിനു ഇടയാക്കുന്ന കാർബൺ വികിരണം ഏറ്റവും കൂടുതൽ നടത്തുന്നത്, നടത്തിയത്, വികസിത രാജ്യങ്ങളാണ്. എന്നാൽ ആഗോളതാപനം കൊണ്ടുണ്ടാകുന്ന വെള്ളപ്പൊക്കവും, കൊടുങ്കാറ്റും, വരൾച്ചയും ഏറ്റവും കൂടുതൽ ബാധിക്കുന്നതു നിലവിൽ ഏഷ്യയെയും ആഫ്രിക്കയേയുമാണ്. ഇതൊക്കെ കൊണ്ടാണ് ‘ലോസ് ആൻഡ് ഡാമേജ്’ ധനസഹായം ഉച്ചകോടിയിൽ ഒരു കേന്ദ്രവിഷയമാവുന്നത്. 

പുനരുപയോഗിക്കാവുന്ന ഊർജ്ജം (renewable energy) ഉപയോഗിക്കും എന്ന പ്രതിജ്ഞയെ ഫോസിൽ ഇതര ഇന്ധനങ്ങൾ (non-fossil fuel) ഉപയോഗിക്കും എന്നാക്കി പുതുക്കുമ്പോൾ, വൻകിട ജലവൈദ്യുത പദ്ധതികൾ ഇന്ത്യക്കു സ്വീകാര്യമായി മാറുകയാണ്. കാരണം അവ പുനരുപയോഗിക്കാവുന്ന ഊർജ്ജം എന്ന പട്ടികയിൽ വരുന്നില്ല. പക്ഷെ, ഫോസിൽ ഇതര ഇന്ധനങ്ങൾ എന്ന പട്ടികയിൽ വരും. അതുപോലെ പുതിയ വികസന നയരേഖ ഊർജ്ജ രംഗത്ത് ഊന്നൽ നൽകുന്ന മറ്റൊരു ഊർജ്ജസ്രോതസ്സ് ആണവോർജ്ജമാണ്. ആണവോർജ്ജം ഹരിതോർജ്ജമാണ് എന്നാണ് ഇന്ത്യ ഗവണ്മെന്റ് ഇത് വഴി പ്രഖ്യാപിക്കുന്നത്. എന്നാൽ ഗ്രീൻ പീസ് പോലുള്ള പരിസ്ഥിതി സംഘടനകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളത് ആണവോർജ്ജം ഹരിതോർജ്ജമായി കണക്കാക്കാനാവില്ല എന്നാണ്. ഉക്രൈൻ യുദ്ധത്തിൽ നാം കണ്ടതുപോലെ ഒരു ആണവോർജ്ജ നിലയം എപ്പോഴും ഒരു വൻ അപകട സാധ്യത ഉള്ളിൽ വഹിക്കുന്നുണ്ട്. സൗരോർജ്ജവുമായി താരതമ്യം ചെയ്യുമ്പോൾ ആണവോർജ്ജം ഉത്പാദിപ്പിക്കാനുള്ള ചെലവ് ഏതാണ്ട് മൂന്നിരട്ടിയാണ്. ആണവ നിലയങ്ങൾ ഉണ്ടാക്കുന്ന റേഡിയേഷൻ ഉള്ള അവശിഷ്ടങ്ങളും ഒരു മാരകമായ പ്രശ്നമാണ്. 


Related Story: ““സുസ്ഥിര വികസനവും തുല്യനീതിയും പരിഗണിക്കാതെ കാലാവസ്ഥാ ഉച്ചകോടി ഫലം കാണില്ല” 


ഇന്ത്യയുടെ കാർബൺ പുറത്തു വിടലും വനവത്കരണവും 

2030 ആകുമ്പോഴേക്കും ഇന്ത്യൻ ജി.ഡി.പി. യുടെ എമിഷൻ ഇന്റൻസിറ്റി (ഓരോ യൂണിറ്റ് ജി.ഡി.പി. ഉത്പാദിപ്പിക്കുമ്പോഴും അന്തരീക്ഷത്തിലേക്ക് എത്ര കാർബൺ പുറത്തു വിടുന്നു എന്ന തോത്) 2005 ൽ എത്രയായിരുന്നുവോ, അതിൽ നിന്ന് 45% താഴെ ആയി കുറയ്ക്കും എന്നതാണ് ഇന്ത്യ ഈജിപ്ത് കാലാവസ്ഥാ ഉച്ചകോടിയിൽ സമർപ്പിച്ച ദീർഘകാല വികസന നയരേഖയിലെ മറ്റൊരു പ്രഖ്യാപനം. ഗ്ലാസ്‌ഗോവിൽ ഇന്ത്യ പ്രഖ്യാപിച്ചത് ഇന്ത്യൻ ജി.ഡി.പി. യുടെ എമിഷൻ ഇന്റൻസിറ്റി 2005 ലേതിനേക്കാൾ 35% വരെ കുറയ്ക്കും എന്നായിരുന്നു. ആ ലക്ഷ്യമാണിപ്പോൾ കൂടുതൽ വലുതാക്കിയിരിക്കുന്നത്.  

പരിസ്ഥിതിക്കായുള്ള ജീവിതശൈലി (Lifestyle for Environment -LIFE) എന്ന ഒരു വലിയ ജനകീയ മുന്നേറ്റത്തിലൂടെ മിതമായ ഉപഭോഗവും, പരിസ്ഥിതി സംരക്ഷണവും അടിസ്ഥാനമാക്കി, സുസ്ഥിരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കും എന്നതാണ് ഇന്ത്യയുടെ മറ്റൊരു വലിയ പ്രഖ്യാപനം. ഇത് ഗ്ലാസ്‌ഗോ ഉച്ചകോടിയിലും പറഞ്ഞതാണ്. ഇന്ത്യ വനമേഖല കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ് എല്ലാ കാലാവസ്ഥാ സമ്മേളനങ്ങളിലും സർക്കാരുകൾ അവകാശപ്പെടുന്നത്. എന്നാൽ ഗ്ലോബൽ ഫോറസ്റ്റ് വാച്ച് എന്ന കാടുകളെ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടന പറയുന്നത്, 2002 നും 2021 നും ഇടയിൽ 371 കിലോ ഹെക്ടർ പ്രാഥമിക വനങ്ങൾ ഇന്ത്യ വെട്ടിത്തെളിച്ചു എന്നാണ്. (Refer: Global Forest Watch) ഈ കാലത്ത് ഇന്ത്യക്ക് 3.6% വനം നഷ്ടമായി എന്നും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇക്കാലത്ത് ഏറ്റവും രൂക്ഷമായ വനനശീകരണം നടന്നത്.  

ലോക രാഷ്ട്രങ്ങൾ എത്രത്തോളം ഫലപ്രദമായി കാലാവസ്ഥാ മാറ്റത്തിനു തടയിടാനും നേരിടാനുമുള്ള നടപടികൾ എടുക്കുന്നുണ്ട് എന്ന് നിരീക്ഷിക്കുന്ന ശാസ്ത്ര സംഘടനകളുടെ ഒരു കൂട്ടായ്മയാണ് ക്ലൈമറ്റ് ആക്ഷൻ ട്രാക്കർ. അവർ പറയുന്നത് ഇന്ത്യയുടെ പ്രതിജ്ഞകൾ അപര്യാപ്തവും സമഗ്രതയില്ലാത്തതുമാണ് എന്നാണ്. യു.കെ. പോലെ വളരെ ചുരുക്കം രാജ്യങ്ങളെ മാത്രമേ, സ്വീകാര്യമായ നയങ്ങളും പ്രവർത്തനങ്ങളും നടത്തുന്നവരുടെ ഗണത്തിൽ ക്ലൈമറ്റ് ആക്ഷൻ ട്രാക്കർ പെടുത്തിയിട്ടുള്ളൂ. അതെ സമയം ഇന്ത്യയിലെ വാണിജ്യ ബാങ്കുകളോട് റിസർവ് ബാങ്ക് നിർബന്ധമായും നിശ്ചിത ശതമാനം വായ്പ പുനരുപയോഗ ഊർജ്ജ മേഖലയ്ക്ക് നൽകണം എന്ന നിർദ്ദേശം നല്കിയതുൾപ്പെടെ ചില ഫലപ്രദമായ നടപടികളും ഇന്ത്യ കൈക്കൊണ്ടിട്ടുണ്ട്. 

ഐക്യ രാഷ്ട്രസഭയുടെ വികിരണ വിടവ് സംബന്ധിച്ച റിപ്പോർട്ട് (Emissions Gap Report 2022) പറയുന്നത് നിലവിലുള്ള നയപരിപാടികൾ തുടർന്നാൽ 2030 ആകുമ്പോൾ ഇന്ത്യയുടെ ഹരിത ഗൃഹ വാതക വികിരണം (കാർബൺ വികിരണം) ഇപ്പോഴത്തേതിനേക്കാൾ 69% കൂടും എന്നാണ്. ഏതായാലും, ഈ ഉച്ചകോടിക്ക് മുന്നോടിയായും, അടുത്ത കാലത്തായും ഇന്ത്യ കൈക്കൊണ്ട ചില നല്ല നടപടികൾ താഴെ പറയുന്നവയാണ്.

 

ഇന്ത്യ ചെയ്ത കാര്യങ്ങൾ 

  • ഇലക്ട്രിക് വാഹനങ്ങൾ
  • താപോർജ്ജ നിലയങ്ങളിൽ പരമ്പരാഗത ഇന്ധനത്തോടൊപ്പം 7% ബയോ മാസ് പെല്ലറ്റുകൾ ഉപയോഗിക്കൽ
  • പെട്രോളിൽ 20% എഥനോൾ ചേർത്തുള്ള ഉപയോഗം
  • സ്വകാര്യ വനങ്ങളും കാർഷിക വനങ്ങളും വനമായി അംഗീകരിക്കൽ
  • കാർഷിക ജലസേചന പാമ്പുകളെ സൗരോർജ്ജ പമ്പുകളാക്കി മാറ്റൽ
  • എൽ.പി.ജി. ഗ്യാസ് പാചകത്തിനുപയോഗിക്കുന്നതിലൂടെ ക്ളീൻ കുക്കിങ്
  • പുരപ്പുറത്തെ സൗരോർജ്ജ ഉത്പാദനം 

 

ഇന്ത്യ വിഭാവനം ചെയ്യുന്ന പദ്ധതികൾ 

  • കൽക്കരിയെ ഗ്യാസാക്കി മാറ്റി മലിനീകരണവും ഉപയോഗമൂല്യവും കൂട്ടൽ 
  • അമോണിയയും, ഹൈഡ്രജനും ഭാവിയുടെ ഇന്ധനങ്ങളാക്കി മാറ്റൽ 
  • സൗരോർജ്ജം പോലുള്ള പുനരുപയോഗ ഊർജ്ജത്തിന്റെ ഉത്പാദനവും  സംഭരണവും തമ്മിൽ കോർത്തിണക്കൽ 
  • പരിസ്ഥിതിക്കായുള്ള ജീവിതശൈലി (Lifestyle for Environment -LIFE) എന്ന ഒരു വലിയ ജനകീയ മുന്നേറ്റത്തിലൂടെ പൗരന്മാരുടെ പങ്കാളിത്തമുള്ള കർമ്മപരിപാടി 
  • ആഭ്യന്തര കാർബൺ വിപണി (ആഭ്യന്തര വ്യവസായങ്ങൾ നടത്തുന്ന കാർബൺ വികിരണത്തിനു നഷ്ടപരികരമായി അവർ ഹരിതോർജ്ജ രംഗത്തേക്കും, ജനങ്ങളുടെ കാലാവസ്ഥാ ദുരിതങ്ങൾക്ക് ആശ്വാസം നൽകാനും പണം നൽകാൻ ഉള്ള സംവിധാനം)  വളർത്താനായി 2022 ഓഗസ്റ്റ് 9 ന് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ഊർജ്ജ സംരക്ഷണ (ഭേദഗതി) നിയമം
  • ഈ വിപണിയുടെ ഉണ്ടാകാൻ പോകുന്ന ക്ളീൻ എനർജി നിക്ഷേപങ്ങൾ, പ്രത്യേകിച്ചും സ്വകാര്യ മേഖലയിൽ വളരാൻ ഇടയുള്ള ഊർജ്ജ ഉപയോഗത്തിലെ കാര്യക്ഷമത 

കാലാവസ്ഥാ മാറ്റാതെ ചെറുക്കാനും, ആഗോളതാപനം കുറയ്ക്കാനും ഇന്ത്യ മുന്നോട്ടു വെക്കുന്ന ദീർഘകാല പദ്ധതി പലതുകൊണ്ടും അപര്യാപ്തമാണ് എന്നിരിക്കിലും ചില നല്ല തുടക്കങ്ങളും അതിലുണ്ട്. അവ നടപ്പാക്കുന്നതിലെ കാര്യക്ഷമതയും, ഒപ്പം വികസിത രാജ്യങ്ങൾ ഹരിതോർജ്ജ മാറ്റത്തിന് ഇന്ത്യക്ക് എത്രത്തോളം ധനസഹായം നൽകും എന്നതും ആണ് നിർണ്ണായകമാവുക.


കാലാവസ്ഥ ഉച്ചകോടിയുമായി ബന്ധപ്പെട്ട സ്‌റ്റോറികൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.

For stories related to COP 27 Climate Summit, click here.


Subscribe to our channels on YouTube & WhatsApp

About Author

ദി ഐഡം ബ്യൂറോ

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രത്യേക ലേഖനങ്ങൾ കൊടുക്കാൻ The Aidem കാണിക്കുന്ന താല്പര്യം അഭിനന്ദനീയമാണ്. എന്നാൽ എന്തുകൊണ്ടാണ് ലേഖകനെ കാണണമറയത്ത് നിർത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. പലരും ചേർന്ന് തയ്യാറാക്കുന്നതാണെങ്കിൽ അത് വെളിപ്പെടുത്താമല്ലോ. അതോടൊപ്പം ലേഖനത്തിന് ആധാരമായ വിവരങ്ങൾ എവിടെനിന്നു ലഭിച്ചു എന്ന് വ്യക്തമാക്കുകയും വേണം.