A Unique Multilingual Media Platform

The AIDEM

Articles Gender Society

സ്ത്രീകൾക്ക് തൊഴിൽ കിട്ടാൻ ഏറ്റവും പ്രയാസമുള്ള രാജ്യമാവുന്നു ഇന്ത്യ

  • September 26, 2022
  • 1 min read
സ്ത്രീകൾക്ക് തൊഴിൽ കിട്ടാൻ ഏറ്റവും പ്രയാസമുള്ള രാജ്യമാവുന്നു ഇന്ത്യ

ഇന്ത്യയിൽ തൊഴിലന്വേഷകരായ സ്ത്രീകൾക്കിടയിൽ മുസ്‌ലിം സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നതായി പുതിയ പഠനം. ലെഡ് ബൈ ഫൗണ്ടേഷന് വേണ്ടി ഡോ. റൂഹാ ശദാബ്, വൻഷികാ ശരൺ, ദീപാഞ്ജലി ലാഹിരി എന്നിവർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ ഉള്ളത്.

പ്രശസ്ത സന്നദ്ധ സംഘടനയായ ഓക്സ്‌ഫാമിന്റെ ഇന്ത്യ ഡിസ്ക്രിമിനേഷൻ റിപ്പോർട്ട് 2022 ഉം  കഴിഞ്ഞ ദിവസം പുറത്തു വന്നു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ, സ്ത്രീകൾ, മുസ്ലീങ്ങൾ എന്നീ വിഭാഗങ്ങൾ ഇന്ത്യയിൽ കടുത്ത വിവേചനം നേരിടുന്നു എന്നാണ് ഈ റിപ്പോർട്ടിലെ കണ്ടെത്തൽ.

ഈ രണ്ടു റിപ്പോർട്ടുകളിലെ പ്രധാന വിവരങ്ങൾ ദി ഐഡം വായനക്കാർക്കായി ഇവിടെ പങ്കു വെക്കുന്നു.

ലെഡ് ബൈ പഠനം: മുസ്‌ലിം സ്ത്രീകൾ നേരിടുന്ന വിവേചനം.

ഹിന്ദു സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിൽ വിപണിയിൽ മുസ്‌ലിം സ്ത്രീകൾ നേരിടുന്ന വിവേചനത്തിന്റെ തോത് അഥവാ, നെറ്റ് ഡിസ്ക്രിമിനേഷൻ റേറ്റ്, 47.1% ആണ് എന്നാണ് ലെഡ് ബൈ പഠനത്തിലെ കണ്ടെത്തൽ. അതായത്, എല്ലാ വ്യവസായങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ഒരു പരീക്ഷണ പഠനത്തിലൂടെയാണ് ഇത് കണ്ടെത്തിയത്. ഗവേഷകർ ആദ്യം ഇന്ത്യയിലെ ഏതൊരു വ്യവസായത്തിലും എൻട്രി ലെവൽ ജോലി (തുടക്കക്കാർക്ക് കിട്ടുന്ന ജോലികൾ) കിട്ടാവുന്ന ഒരേ യോഗ്യതകളുമായി ഒരു ഹിന്ദു സ്ത്രീയുടെ പ്രൊഫൈലും ഒരു മുസ്‌ലിം സ്ത്രീയുടെ പ്രൊഫൈലും ഉണ്ടാക്കി. ഫോട്ടോ വെക്കാതെ മുസ്‌ലിം പ്രൊഫൈലിന് ഹബീബ അലി എന്നും, ഹിന്ദു പ്രൊഫൈലിന് പ്രിയങ്ക ശർമ്മ എന്നും പേരിട്ടു. തുടർന്ന് 10 മാസം സമയമെടുത്തുകൊണ്ട്, ലിങ്ക്ഡിൻ, നൗക്‌രി.കോം, എന്നീ തൊഴിൽ പരസ്യം നൽകുന്ന വെബ്‌സൈറ്റുകളിൽ 1000 എൻട്രി ലെവൽ ജോലി പരസ്യങ്ങൾ തെരഞ്ഞെടുത്തു. ആ പരസ്യങ്ങളുടെ അടിസ്ഥാനത്തിൽ 1000 അപേക്ഷകൾ ഹബീബ അലിയുടെ പേരിലും, 1000 അപേക്ഷകൾ പ്രിയങ്ക ശർമ്മയുടെ പേരിലും അയച്ചു. ഹബീബ അലിക്ക് 103 അനുകൂല മറുപടികൾ മാത്രമാണ് ലഭിച്ചത്. എന്നാൽ പ്രിയങ്ക ശർമ്മക്ക് 208 അനുകൂല മറുപടികൾ ലഭിച്ചു. അതായത്, ഒരേ യോഗ്യത ഉണ്ടായിട്ടും ഹിന്ദു സ്ത്രീക്ക് ലഭിച്ചതിന്റെ പകുതിയിൽ താഴെ അനുകൂല മറുപടി മാത്രമാണ് മുസ്‌ലീം സ്ത്രീക്ക് ലഭിച്ചത് എന്നർത്ഥം.

ഇവിടെയും തീരുന്നില്ല ഈ പഠനം വ്യക്തമാക്കുന്ന മുസ്‌ലിം വിരുദ്ധത. തൊഴിൽ ഏജൻസികൾ ഹിന്ദു സ്ത്രീയോട് കൂടുതൽ സൗഹാർദ്ദത്തോടെ പെരുമാറി. 41.3% തൊഴിൽ ഏജൻസികൾ ഹിന്ദു സ്ത്രീയെ നേരിട്ട് വിളിച്ചു സംസാരിച്ചു. എന്നാൽ 12.6% തൊഴിൽ ഏജൻസികൾ മാത്രമാണ് മുസ്‌ലിം സ്ത്രീയെ ഫോണിൽ വിളിച്ചു സംസാരിച്ചത്. ഏറ്റവും അപ്രതീക്ഷിതമായ മറ്റൊരു പഠന ഫലം കൂടിയുണ്ട്. മുസ്‌ലിം സ്ത്രീകളോടുള്ള തൊഴിൽ വിപണിയുടെ വിവേചനം ഉത്തരേന്ത്യയിൽ കുറവും (40%) തെക്കേ ഇന്ത്യയിൽ കൂടുതലുമാണ് (60%).

ഇന്ത്യ ഡിസ്ക്രിമിനേഷൻ റിപ്പോർട്ട് 2022: സ്ത്രീകളും ദളിതരും വിവേചനം നേരിടുന്നു

സമാനമായ കണ്ടെത്തൽ നടത്തുന്ന രണ്ടാമത്തെ പഠനം, ഓക്സ്‌ഫാമിന്റെ ഇന്ത്യ ഡിസ്ക്രിമിനേഷൻ റിപ്പോർട്ട് 2022 ആണ്. ഈ റിപ്പോർട്ട് കണ്ടെത്തിയ പ്രധാനപ്പെട്ട കാര്യം, സ്ത്രീകളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ വിപണിയിൽ ജോലി കിട്ടുന്നതിൽ ഒരു ഘടകം ആവുന്നില്ല എന്നാണ്.

ഓക്സ്‌ഫാമിന്റെ പഠനത്തിൽ പറയുന്നത് ഇതാണ്. 2019-20 ലെ കണക്കനുസരിച്ച്, നഗര പ്രദേശത്ത് ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരുടെ കണക്കെടുത്തപ്പോൾ അതിൽ മുസ്ലീങ്ങളും, മുസ്ലീങ്ങൾ അല്ലാത്തവരും തമ്മിൽ, 68% വ്യത്യാസമാണ് കണ്ടെത്തിയത്.

ഇതേ കാലയളവിൽ ശമ്പളമുള്ള സ്ഥിരജോലി ചെയ്യുന്നവരും, സ്വയംതൊഴിൽ ചെയ്യുന്നവരുമായ പുരുഷൻമാരുടെയും സ്ത്രീകളുടെയും കണക്കെടുത്തപ്പോൾ, പുരുഷന്മാർ 60 ശതമാനവും, സ്ത്രീകൾ വെറും 19 ശതമാനവുമാണ്. നഗര പ്രദേശത്ത്, ശമ്പളമുള്ള ജോലികൾ ചെയ്യുന്ന ആണുങ്ങൾ 98 പേർ ഉള്ളിടത്ത്, പെണ്ണുങ്ങൾ 2 പേർ മാത്രമാണുള്ളത്. സ്വയം തൊഴിൽ ചെയ്യുന്ന പുരുഷന്മാർ സ്ത്രീകളെക്കാൾ രണ്ടിരട്ടി വരുമാനം നേടുന്നു. സ്ത്രീകൾ നേരിടുന്ന വിവേചനം കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഏതാണ്ട് പൂർണ്ണമാണ്, അതായത് 100% ത്തിന്റെ തൊട്ടടുത്താണ്, എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ നേരിടുന്ന തൊഴിൽ വിപണിയിലെ വിവേചനമാണ് ഈ പഠനം നടത്തുന്ന മറ്റൊരു കണ്ടെത്തൽ. സ്വയം തൊഴിൽ രംഗത്ത് വരുമാനത്തിന്റെ കാര്യത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർ മറ്റു വിഭാഗക്കാരെക്കാൾ 41.2 ശതമാനം പുറകിലാണ്. കാഷ്വൽ വർക്ക് അഥവാ അല്ലറ-ചില്ലറ ജോലികൾ ചെയ്യുമ്പോൾ 79.3% കുറവ് കൂലിയാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർക്ക് ലഭിക്കുന്നത്.

ഇന്ത്യയിൽ സ്ത്രീകൾക്ക് പൊതുവെയും, മുസ്‌ലിം സ്ത്രീകൾക്ക് പ്രത്യേകിച്ചും, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്ളവർക്കും തൊഴിൽ ലഭിക്കുക എളുപ്പമല്ല എന്നതാണ് ഈ കണ്ടെത്തലുകളുടെ ആകെത്തുക. സമൂഹത്തിലെ വലിയൊരു പങ്കു വരുന്ന ഈ വിഭാഗങ്ങൾ രാജ്യത്തിൻറെ സാമ്പത്തിക വികസന പ്രക്രിയയിൽ നിന്ന് മാറ്റിനിർത്തപ്പെടുമ്പോൾ, അത് സമൂഹത്തിനാകെയുള്ള നഷ്ടം കൂടിയായി മാറുകയാണ് എന്നും ഈ റിപ്പോർട്ടുകൾ വിലയിരുത്തുന്നു.

ഇന്ത്യയിൽ സ്ത്രീകളും, മുസ്ലീങ്ങളും, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്ളവരും വിവേചനം നേരിടുന്നുണ്ടെന്നത് കണക്കുകൾ ഇല്ലാതെ തന്നെ അനുഭവവേദ്യമാണെങ്കിലും ആ വിവേചനത്തെ അളക്കാൻ ശ്രമങ്ങൾ ഏറെ നടന്നിട്ടില്ല. അതിനെ അളക്കാൻ ശ്രമിക്കുന്നു എന്നതാണ് ഈ പഠനങ്ങളുടെ പ്രസക്തി.

സ്ത്രീതൊഴിൽ പങ്കാളിത്തത്തിൽ ഇന്ത്യ ബംഗ്ലാദേശിനും പാക്കിസ്ഥാനും പുറകിൽ

2014 ഇൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ.) പുറത്തിറക്കിയ തെക്കനേഷ്യയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം സംബന്ധിച്ച രേഖ പറയുന്നത് 1999 നും 2014 നും ഇടയിൽ, ബംഗ്ലാദേശിലും, പാകിസ്താനിലും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഗണ്യമായി കൂടിയപ്പോൾ, ഇന്ത്യയിൽ അത് സാരമായി കുറഞ്ഞു എന്നാണ്.

ഐ.എൽ.ഒ. യുടെ തന്നെ ഏറ്റവും പുതിയ കണക്കു പ്രകാരം, 2014 ഇൽ ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 22% ആയിരുന്നത്, 2021 ആകുമ്പോൾ 19% ആയി കുറഞ്ഞിരിക്കുന്നു എന്നാണ്.

അതെ സമയം ബംഗ്ലാദേശിന്റെയും പാക്കിസ്ഥാന്റെയും കാര്യം നോക്കുക- 2014 ഇത് തന്നെ ബംഗ്ലാദേശിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 32% ആണ്. 2021 അത് 35% ആയി കൂടി. പാകിസ്ഥാനിൽ 2014 ഇൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 23% ആയിരുന്നത് അൽപ്പം കുറഞ്ഞു 21% ആയി. എന്നാൽ ഇന്ത്യയുടേത് കൂടുതൽ വേഗതയോടെ കുറഞ്ഞു 19% ത്തിൽ എത്തി നിൽക്കുന്നു.

ഇത് ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ്. ഇതിനേക്കാൾ മോശം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തമുള്ളത്, ചില അറബ് രാജ്യങ്ങളിൽ മാത്രമാണ്. 2020 ലെ Our World In Data– യുടെ കണക്കനുസരിച്ച്, ഇന്ത്യയിൽ തൊഴിലെടുക്കുന്ന സ്ത്രീകളിൽ 76% വും അനൗപചാരിക തൊഴിൽ മേഖലകളിലാണ്. അതായത് അവർക്ക് സംഘടിതരാവാനോ, മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെടാനോ ഉള്ള അവസരവും വളരെ കുറവാണ്.

അതേസമയം, ഇന്ത്യയിൽ ഗ്രാമീണമേഖലയിൽ വീട്ടമ്മമാരായ 34% സ്ത്രീകളും, നഗരങ്ങളിൽ വീട്ടമ്മമാരായി ജീവിക്കുന്ന 28% സ്ത്രീകളും മറ്റൊരു ജോലി ലഭിച്ചാൽ അത് ഏറ്റെടുക്കാൻ തയ്യാർ ഉള്ളവരാണ് എന്നും പഠനങ്ങൾ കാണിച്ചിട്ടുണ്ട്. സ്ത്രീകളുടെ സന്നദ്ധതയില്ലായ്മയല്ല പ്രശ്നം, പല കാരണങ്ങളാൽ അവർക്കതിന് അവസരമില്ല എന്നാണ് വ്യക്തമാവുന്നത്.

ഇന്ത്യൻ തൊഴിൽമേഖലയിൽ സ്ത്രീ പങ്കാളിത്തം കുറയാനുള്ള കാരണങ്ങൾ

സ്ത്രീപങ്കാളിത്തം തൊഴിൽ മേഖലയിൽ കുറയുന്നതിന്റെ കാരണങ്ങൾ തേടുമ്പോഴാണ് ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തിലെ കടുത്ത സ്ത്രീ വിരുദ്ധത വ്യക്തമാവുന്നത്. അൺ പെയ്ഡ് കെയർ വർക്ക് അഥവാ കൂലിയില്ലാത്ത സേവനങ്ങൾ എന്ന നിലയ്ക്കുള്ള പല ജോലികളും ഏതു സമൂഹത്തിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ചെയ്യേണ്ടി വരാറുണ്ട്. കുട്ടികളെ നോക്കുക, പ്രായമായവരെ പരിചരിക്കുക, അടുക്കളപ്പണി, തുടങ്ങിയ പലതരം സേവനങ്ങൾ. ഈ സേവനങ്ങൾ നൽകാൻ സ്ത്രീയും പുരുഷനും പല രാജ്യങ്ങളിൽ ചെലവിടുന്ന സമയം താരതമ്യം ചെയ്യുന്ന ഡേറ്റാ-ദൃശ്യചിത്രങ്ങൾ അവർ വേൾഡ് ഇൻ ഡേറ്റ (Our World In Data) എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു.

ആഗോള ഗവേഷണങ്ങൾ ക്രോഡീകരിക്കുകയും, അവയെ ദൃശ്യ താരതമ്യങ്ങളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്ന വെബ്‌സൈറ്റ് ആണ് അവർ വേൾഡ് ഇൻ ഡേറ്റ. ആ പഠനം വ്യക്തമാക്കുന്നത് ആകെ പത്തു മണിക്കൂർ ഇത്തരം സേവനങ്ങൾ നൽകുന്നു എന്ന് സങ്കല്പിച്ചാൽ അതിൽ 9.83 മണിക്കൂറും ഈ സേവനങ്ങൾ നൽകുന്നത് ഇന്ത്യയിൽ സ്ത്രീകളാണ് എന്നാണ്. ഇത് ലോകത്തെ തന്നെ ഏറ്റവും മോശം കണക്കാണ്.

അതായതു സ്ത്രീകൾക്ക് തൊഴിൽ നൽകാതിരിക്കുന്നതിലും, അവരെക്കൊണ്ടു കൂലിയില്ലാപ്പണി ചെയ്യിക്കുന്നതിലുമാണ് ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ മുന്നിൽ നിൽക്കുന്നത്.

അസിം പ്രേംജി സർവകലാശാലയുടെ സ്സ്റ്റേറ്റ് ഓഫ് വർക്കിങ്ങ് ഇന്ത്യ 2021 റിപ്പോർട്ടിൽ ഇന്ത്യൻ തൊഴിൽ മേഖലയെ കോവിഡ് എങ്ങനെ ബാധിച്ചു എന്ന് പരിശോധിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ടു തൊഴിൽ നഷ്ടമായ പുരുഷന്മാരിൽ 7 ശതമാനം പേർക്ക് മാത്രമാണ് പിന്നീട് ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയാതെ വന്നത്. എന്നാൽ, കോവിഡുമായി ബന്ധപ്പെട്ടു തൊഴിൽ നഷ്ടമായ സ്ത്രീകളിൽ 46.6% പേർക്കും പിന്നീട് പല കാരണങ്ങളാൽ ജോലിയിൽ തിരികെ പ്രവേശിക്കാനായില്ല എന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ മഹാമാരി ഉണ്ടാക്കിയ വിടവ് നിസ്സാരമല്ല എന്നർത്ഥം.

മറ്റൊരു ശ്രദ്ധിക്കേണ്ട വിവരം കൂടി ഈ റിപ്പോർട്ടിലുണ്ട്. 2011 മുതൽ 2017 വരെയുള്ള കാലത്ത് ഇന്ത്യയിൽ തൊഴിൽ എടുക്കാൻ പ്രായവും യോഗ്യതയും നേടിയവരുടെ എണ്ണത്തിന് ആനുപാതികമായി, തൊഴിൽ ഉള്ളവരുടെ എണ്ണം ക്രമേണ കൂടുന്നുണ്ടായിരുന്നു. ഈ വർധനയ്ക്ക് ഒരു പ്രധാനകാരണം ഗ്രാമീണ മേഖലയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കൂടി വന്നിരുന്നു എന്നതാണ്. മൊത്തത്തിൽ തൊഴിൽ മാന്ദ്യം നിലനിന്നപ്പോഴും അതായിരുന്നു ഒരു രജത രേഖ. ഗ്രാമീണ സ്ത്രീകളുടെ ആ കടന്നുവരവും കോവിഡ് കാലത്ത് ഇല്ലാതായി എന്ന് നിരാശാജനകമായ സ്ത്രീ തൊഴിൽ നഷ്ടത്തിന്റെ കണക്ക് കാണിക്കുന്നു.

ഇന്ത്യയിൽ കുറഞ്ഞു വരുന്ന സ്ത്രീ തൊഴിൽ പങ്കാളിത്തത്തെ കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞ രശ്മി പി. ഭാസ്കരൻ പറയുന്നത് ശ്രദ്ധേയമാണ്, “സ്ത്രീ പങ്കാളിത്തം ഇല്ലാതെ ഒരു സമ്പദ്‌വ്യവസ്ഥയും വളരുകയില്ല. ബംഗ്ലാദേശിൽ തന്നെ നടന്ന മൈക്രോ ഫിനാൻസ് മുന്നേറ്റവും, തുണി വ്യവസായത്തിൽ വ്യാപകമായി സ്ത്രീകൾക്ക് ജോലി ലഭിച്ചതുമാണ് തൊഴിൽസേനയിലെ സ്ത്രീ പങ്കാളിത്തം കൂട്ടിയത്. അവിടെ വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ എണ്ണം കൂടി എന്ന് തുടങ്ങി നിരവധി മറ്റു ഘടകങ്ങളുമുണ്ട്. അതേസമയം കേരളത്തിൽ 25 വർഷമായി പ്രവർത്തിക്കുന്ന കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ടു വെച്ച മൈക്രോ ഫിനാൻസ് പിന്തുണ സ്ത്രീകളുടെ സംരംഭകത്വത്തെയോ, ഉപജീവനമാർഗ്ഗങ്ങളെയോ വളരെയൊന്നും വളർത്തിയില്ല എന്ന് പറയേണ്ടി വരും. അത് സംഭവിച്ചിരുന്നുവെങ്കിൽ കേരളം തൊഴിൽ രംഗത്തെ സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ഇത്ര പുറകിൽ ആകുമായിരുന്നില്ല. സ്ത്രീകൾ തുടങ്ങിയ കുടുംബശ്രീ സംരംഭങ്ങളിൽ ഓരോ പഞ്ചായത്തിലും ഒന്നോ രണ്ടോ മാത്രമാണ് വിജയിച്ചു എന്ന് പറയാനാവുക. 2021 ഡിസംബറിലെ കണക്കനുസരിച്ച്, കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കോവിഡിന് മുൻപുണ്ടായിരുന്ന 27% ത്തിൽ നിന്ന്, ഏതാണ്ട് 22% ആയി കുറഞ്ഞു. ഉള്ള പങ്കാളിത്തം തന്നെ എൻട്രി ലെവൽ അഥവാ ഏറ്റവും താഴെ തട്ടിലുള്ള ജോലികളിൽ മാത്രമാണ്.

“15 വയസ്സാണ് തൊഴിലെടുക്കാൻ വേണ്ട ചുരുങ്ങിയ പ്രായം എന്ന് കണക്കാക്കി, ഇന്ത്യൻ നഗരങ്ങളിൽ അതിനു മുകളിൽ ഉള്ളവരുടെ കണക്കെടുത്തപ്പോൾ, 2019 ഒക്ടോബർ-ഡിസംബർ സമയത്ത് സ്ത്രീകളുടെ തൊഴിൽ ശക്തിയിലെ പങ്കാളിത്ത നിരക്ക് (Labour force work participation rate; current weekly status) 27% എന്നാണ് കണ്ടെത്തിയത്. ലോക് ഡൌൺ കാലത്ത് ഇത് 22.3% ആയിരുന്നു. 2021 ജൂലൈ-ആഗസ്റ്റ് കാലത്ത് ഇത് ഏറ്റവും താഴെ എത്തി. 19.9%. 2022 ഏപ്രിൽ-ജൂൺ കാലത്ത് വീണ്ടും അൽപ്പം ഉയർന്നു 20.9% എന്ന നിരക്കിലും എത്തി. ഇത് സൂചിപ്പിക്കുന്നത് കോവിഡിന് ശേഷം സ്ത്രീകൾക്ക് തൊഴിൽ രംഗത്തേക്കുള്ള തിരിച്ചുവരവ് അതീവ ദുഷ്കരമാണ് എന്നാണ്. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരത്തിൽ ഏറ്റവും കൂടുതൽ ഞെരിഞ്ഞമരുന്നതും സ്ത്രീകളാണ് എന്നും.

“ഇന്ത്യയിൽ ഇപ്പോൾ തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം കണക്കാക്കുന്ന രീതിയിൽ തന്നെ പ്രശ്നമുണ്ട്. വർഷത്തിൽ 100 ദിവസം ജോലി ചെയ്തവരെ പോലും ഈ കണക്കിൽ ഉൾപ്പെടുത്തുമ്പോഴാണ് ഇപ്പോഴുള്ള കണക്കുകൾ കിട്ടുന്നത്. അത് കൂടി തട്ടിക്കിഴിച്ചാൽ യഥാർത്ഥ സ്ത്രീ പങ്കാളിത്തം ഇനിയും എത്രയോ കുറവായിരിക്കും. ജോലി ചെയ്യാൻ വേണ്ട പ്രായത്തിലെത്തിയ സ്ത്രീകളിൽ നാലിലൊന്ന് പേർക്ക് മാത്രമേ തൊഴിൽ ലഭിക്കുന്നുള്ളൂ.

“ഒരു കാർഷിക സമൂഹത്തിൽ നിന്ന് മുതലാളിത്ത സേവന സമൂഹമായി മാറുമ്പോൾ പഴയ ഫ്യൂഡൽ വ്യവസ്ഥയുമായി സംഭവിക്കേണ്ട വേര്പെടൽ ഇന്ത്യയിൽ സംഭവിച്ചിട്ടില്ല. അതുകൊണ്ട്, സ്ത്രീകൾ ആ ഫ്യൂഡൽ മൂല്യങ്ങളുടെ തടവറയിൽ തന്നെയാണ്. ജോലിസ്ഥലങ്ങളിലെ കടുത്ത വിവേചനവും സ്ത്രീകളെ തൊഴിലെടുക്കുന്നതിൽ നിന്ന് മാറ്റിനിർത്തുന്നു. കോവിഡ് സമയത്തു ഡൽഹിയിലെ ചേരികളിൽ നിന്ന് നാട്ടിലേക്കു പോയ 40% സ്ത്രീകൾ പിന്നീട് ഗ്രാമങ്ങളിൽ നിന്ന് തിരിച്ചെത്തിയില്ല. അവരോടൊപ്പം പോയ കുട്ടികളും തിരിച്ചെത്തിയിട്ടില്ല. അതിന്റെ അർഥം അടുത്ത തലമുറ പെൺകുട്ടികളുടെ വിദ്യാഭ്യാസം കൂടി ബാധിക്കപ്പെട്ടു എന്നാണ്.

ഡി-മോണിട്ടൈസഷനും സ്ത്രീകളുടെ തൊഴിലിനേയും, അവരുടെ ചെറു സംരംഭങ്ങളെയും കുറച്ചൊന്നുമല്ല ബാധിച്ചത്. ഇന്ത്യയിൽ മൈക്രോ എന്റർപ്രൈസസ് എന്ന് വിളിക്കുന്ന ഗ്രാമതലത്തിലുള്ള സൂക്ഷ്മ സംരംഭങ്ങളിൽ വലിയൊരു പങ്ക് നടത്തുന്നത് സ്ത്രീകളാണ്. ഡി-മോണിട്ടൈസഷനും, ജി.എസ്.ടി. നടപ്പാക്കലും അവരെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ അത് പഠിക്കാൻ പോലും ഇന്ത്യയിലെ ഗവേഷണസ്ഥാപനങ്ങളും, സർക്കാരും ഇതുവരെ തയ്യാറായിട്ടില്ല.

സാധാരണ ബാങ്കിങ് രംഗമാണ് ലോകത്തെ ഏതു രാജ്യമെടുത്താലും സ്ത്രീകളുടെ ഒരു വലിയ തൊഴിൽ ദാതാവ്. എന്നാൽ ഇന്ത്യൻ ബാങ്കിങ് രംഗത്ത് വെറും 30% മാത്രമാണ് സ്ത്രീകൾ ഉള്ളത്. അതുമല്ല, ഈ രംഗത്തെ ഉയർന്ന ജോലികളിൽ സ്ത്രീകൾ വളരെ കുറവുമാണ്.”

About Author

ദി ഐഡം ബ്യൂറോ