സ്വപ്നങ്ങൾ അപഹരിക്കപ്പെടാനുള്ളതല്ല
ചരിത്രത്തെ വായിച്ചെടുക്കാൻ ചരിത്രകാരന്മാർ വിവിധങ്ങളായ വഴികൾ തേടും. അതിനായി അവർ പല കണ്ണടകൾ വയ്ക്കും. പക്ഷേ ചരിത്രത്തെ വളരെ നിഷ്പക്ഷമായി സമീപിക്കാൻ കുറച്ചു ആളുകൾക്ക് മാത്രമേ കഴിയാറുള്ളൂ. അക്കാഡമിക് ചരിത്രകാരന്മാരിൽ നിന്നും വ്യത്യസ്തമായി ഒ.കെ ജോണിയെന്ന മാധ്യമ പ്രവർത്തകൻ ചരിത്രത്തെ രേഖപ്പെടുത്തുന്നത് അത്തരത്തിൽ നിഷ്പക്ഷമായാണ്. കാവേരിയുടെ കരകളിലൂടെ സഞ്ചരിച്ച് അദ്ദേഹം കാവേരിയുടെ ചരിത്രവും കാവേരി തടങ്ങളിലെ ജീവിതവും ഇതിനു മുമ്പേ അത്തരത്തിൽ പക്ഷപാതമില്ലാതെ നമുക്ക് കാണിച്ചു തന്നതാണ്.(കാവേരിയോടൊപ്പം എന്റെ യാത്രകൾ-മാതൃഭൂമി ബുക്സ്)ആ പുസ്തകം കാവേരിയെ അതിന്റെ സഞ്ചാരവഴിയില്‍ തിരയുകയും അന്വേഷണവഴിയില്‍ കണ്ടെത്തുകയും ചെയ്യുന്നുവെന്ന് മുമ്പ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.തലക്കാവേരിയിലെത്തി കാവേരിയുടെ ഉൽഭവം അറിയുന്നതിനേക്കാൾ അവിടെത്തുന്നവർക്ക് പ്രധാനം കാവേരിഹുണ്ടികയിലെ അര്‍ച്ചനയാണെന്ന് ഒ.കെ ജോണി തന്നെ ഒരിക്കൽ എഴുതി. നേരത്തെ സൂചിപ്പിച്ച നിഷ്പക്ഷ രചന സ്വായത്തമാക്കിയവർക്ക് മാത്രമേ അങ്ങനെ പറയാൻ കഴിയൂ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖന സമാഹാരമായ അപഹരിക്കപ്പെട്ട സ്വപ്നങ്ങൾ വായിക്കുമ്പോഴും ഇതേ അനുഭവമാണ് അനുവാചകന് തോന്നുക.

ദക്ഷിണേന്ത്യയിലെ ശ്രമണ മതങ്ങളെ കുറിച്ച് കഴിഞ്ഞ കാൽ നൂറ്റാണ്ടായി പഠിച്ചു കൊണ്ടിരിക്കുന്നയാളാണ് ഒ.കെ ജോണി. അതിനായി അദ്ദേഹം ഒരുപാട് സഞ്ചരിക്കുകയും ലഭിക്കാവുന്നത്രയും രേഖകൾ പരിശോധിക്കുകയും ചെയ്തു.1986ൽ മൈസൂർ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് ആരംഭിച്ചത് അദ്ദേഹത്തിന്റെ വൈജ്ഞാനികാന്വേഷണങ്ങൾക്ക് വലിയ തുണയായി. മൈസൂർ ഗസറ്റിയറുകളുടെ രചയിതാവായ ബെഞ്ചമിൻ ലെവിസ് റൈസിന്റെ എഴുത്തുകളേയും അദ്ദേഹം സമാഹരിച്ച രേഖകളേയും പഠിക്കുകയെന്നത് ചരിത്രകാരന്മാർക്ക് പോലും അതികഠിനമായ ഒരു ജോലിയാണ്. ഇവിടെയാണ് ചരിത്രകുതുകിയായ ഒ.കെ ജോണി അദ്ദേഹത്തെ വായിച്ചെടുത്തതിന്റെ പ്രാധാന്യം. വലിയ സാമ്രാജ്യങ്ങൾ പാഠപുസ്തകഭാഗം മാത്രമായി മാറുന്ന കാലത്താണ് ഒ.കെ ജോണിയെന്ന മാധ്യമ പ്രവർത്തകൻ ചരിത്രം എങ്ങനെ എഴുതണമെന്ന് നമുക്ക് കാണിച്ചു തരുന്നത്. അദ്ദേഹവുമായി യോജിക്കാം വിയോജിക്കാം. പക്ഷേ നിഷ്പക്ഷമായ വസ്തുതാകഥനത്തെ നിഷേധിക്കാൻ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ കടന്നു പോകുന്ന ആർക്കും സാധിക്കുകയില്ല.

ഭൂതകാലത്തെ നമ്മുടെ കൺമുന്നിൽ കാണിക്കുകയാണ് അപഹരിക്കപ്പെട്ട സ്വപ്നങ്ങൾ എന്ന പുസ്തകത്തിലെ ലേഖനങ്ങളിലൂടെ ഒ.കെ ജോണി ചെയ്യുന്നത്. നിരവധിയായ വിധവകളെ സതിയനുഷ്ഠിപ്പിക്കുന്ന സമ്പ്രദായത്തേയും സല്ലേഖനവ്രതത്തിലൂടെ മരണത്തെ പുൽകിയ ജൈനന്മാരുടേയും ജീവിതം വരച്ചു കാണിക്കുന്ന ആദ്യ അധ്യായം തന്നെ നമ്മളെ പുസ്തകത്തിലേക്ക് അടുപ്പിക്കും. ശ്രാവണബലഗോളയെന്ന വിദൂര കർണ്ണാടക ഗ്രാമത്തെ കുറിച്ചും അവിടത്തെ ഗോമടേശ്വര പ്രതിമയെ കുറിച്ചുമൊക്കെ പലയിടത്തായി നമ്മൾ വായിച്ചിട്ടുണ്ട്. പക്ഷേ ആ ഗ്രാമത്തിലേക്ക് ഗ്രന്ഥകാരൻ നമ്മെ കൈപിടിച്ചു നടത്തിക്കുമ്പോൾ നമ്മൾ തൊടുന്നത് ശ്രമണ മതങ്ങളുടെ ഉൾക്കാമ്പിലേക്കാണ്. പരമമായ പാണ്ഡിത്യത്താൽ സിംഹാസനാവരോധിതരായ ജൈന പണ്ഡിതരെ നമ്മൾ വേണ്ട വിധത്തിൽ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്ന് ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ നമുക്ക് ബോധ്യമാകും.പ്രഥമ ജൈനതീർത്ഥങ്കരനായ ആദിനാഥന്റെ മക്കളായ ബാഹുബലിയും ഭരതനും പുരാണകഥാപാത്രങ്ങളായി മാറ്റിയെഴുതിപ്പെടുന്ന പുതിയ ഇന്ത്യയിൽ അങ്ങനെയല്ല ചരിത്രമെന്ന് തെളിവുകൾ നിരത്തിയാണ് ഒ.കെ ജോണിയെഴുതുന്നത്. ഗംഗരാജാവായിരുന്ന രാച്ചല്ല സത്യവാക്യയുടെ സേനാനായകനും എഴുത്തുകാരനും പണ്ഡിതനുമായിരുന്ന ചാമുണ്ഡരായ പതിനാറു നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രതിഷ്ഠിച്ച ഗോമടേശ്വരന്റെ ഒറ്റക്കല്ലിൽ തീർത്ത പ്രതിമ ഇന്ന് അത്ഭുതത്തോടെ കാണുന്ന പുതിയ തലമുറയ്ക്ക് അതിന്റെ ചരിത്രവും വിവിധങ്ങളായ അർത്ഥതലങ്ങളും പാഠഭേദങ്ങളും ഒട്ടും സങ്കീർണ്ണമല്ലാതെ ഒ.കെ ജോണി എഴുതിയിട്ടുണ്ട്. ഗോമടേശ്വരചരിതം വായിക്കാതെ തന്നെ അന്നത്തെ ജൈന ജീവിത പരിസരങ്ങളെ മനസ്സിലാക്കാൻ ഈ എഴുത്തു വലിയ സഹായമാണ് ചെയ്യുന്നത്.

ജൈന ജീവിത പഠനത്തിൽ ഗ്രന്ഥകർത്താവിനുള്ള താൽപര്യം ‘ആത്മകഥയുടെ ആദ്യതാൾ’ എന്ന അദ്ധ്യായത്തിലും കാണാം. ജൈന പണ്ഡിതനായ ബനാറസി ദാസിന്റെ (1586-1643) ആത്മകഥയെ കുറിച്ച് സാമാന്യം വിശദമായി പ്രതിപാദിക്കുന്ന ഈ അദ്ധ്യായം പതിനേഴാം നൂറ്റാണ്ടിലെ ജൈനജീവിത പരിസരങ്ങളെയാണ് കാണിച്ചു തരുന്നത്. ഹിന്ദിയുടെ പ്രാഗ് രൂപമായ ബ്രജ് ഭാഷയിൽ എഴുതപ്പെട്ട അർദ്ധകഥാനക് എന്ന ഈ ആത്മകഥ, ആത്മകഥാസാഹിത്യശാഖയിലെ ആദ്യകൃതിയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അങ്ങനെയായിരിക്കുമ്പോഴും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സാഹിത്യ-സാംസ്കാരിക ജീവിതത്തിന് അടിത്തറയിട്ട തമിഴ്,കന്നഡ ഭാഷകളേയും പരിപോഷിപ്പിക്കുന്നതിൽ ജൈനശ്രേഷ്ഠർ വഹിച്ച പങ്കിനെ കുറിച്ചും ഈ അദ്ധ്യായത്തിൽ പറഞ്ഞു പോകുന്നുണ്ട്. തമിഴ് പണ്ഡിതനായ എം.എസ് രാമസ്വാമി അയ്യങ്കാരേയും കന്നഡസാഹിത്യ ചരിത്രമെഴുതിയ ഇ.പി റൈസിനെ പോലുള്ള യൂറോപ്യൻ ഗവേഷകരേയും ഒ.കെ ജോണി ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. ജൈനമതസങ്കൽപ്പത്തിൽ ഒരു മനുഷ്യായുസ്സ് എന്നത് നൂറ്റിപ്പത്ത് വയസ്സാണ്. ഈ ആത്മകഥ അദ്ദേഹം എഴുതുമ്പോൾ അദ്ദേഹത്തിന്റെ പ്രായം അമ്പത്തഞ്ചായിരുന്നു എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ ആയുസ്സിന്റെ പകുതിയിലെഴുതിയ പുസ്തകമായത് കൊണ്ടാണ് പകുതി ജീവിതത്തിന്റെ കഥ എന്ന് അർത്ഥം വരുന്ന അർദ്ധകഥാനക് എന്ന് പേരു നൽകിയത് എന്ന അറിവ്, ചരിത്രത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്കുള്ള വലിയ വെളിച്ചമാണ്. നിത്യവൃത്തിക്കായി കച്ചവടത്തിലേർപ്പെടുകയും അതിൽ കഷ്ടനഷ്ടങ്ങൾ വരുകയും ചെയ്ത ഒരു സാധാരണക്കാരനായ കവിയായിരുന്നു ബനാറസിദാസ്. വലിയ വായനാ സമൂഹം രൂപപ്പെട്ടിട്ടില്ലാതിരുന്ന കാലത്ത് തന്റെ മുന്നിലുള്ളവർക്ക് വേണ്ടി എഴുതിയ ബനാറസിദാസിനെ ഇന്നത്തെ ആത്മാനുരാഗികളായ ആത്മകഥാകാരന്മാർ മനസ്സലാക്കിയെങ്കിൽ എന്ന വിചാരവും ഒ.കെ ജോണി പറഞ്ഞു വയ്ക്കുന്നതിൽ എനിക്കൊട്ടും കൗതുകം തോന്നുന്നില്ല.

വർത്തമാനകാലത്ത് കേരളത്തിൽ ജീവിച്ചിരിക്കുന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനും യാത്രികനുമായ മാങ്ങാട് രത്നാകരനെ പറ്റിയുമുണ്ട് ഒരു അദ്ധ്യായം. വേണ്ട വിധത്തിൽ കേരളം മനസ്സിലാക്കാത്ത യാത്രികനാണ് മാങ്ങാട് രത്നാകരൻ. ഞാനും അദ്ദേഹത്തോടൊപ്പം പല യാത്രകളും നടത്തിയിട്ടുണ്ട്. എല്ലാവരും യാത്ര ചെയ്യുമ്പോൾ കാഴ്ചകൾ കാണുകയാണെങ്കിൽ മാങ്ങാട് രത്നാകരൻ കാഴ്ചയെ അനുഭവിക്കുകയാണ് ചെയ്യുന്നത്. കാലിന് തീ പിടിച്ചവനെ പോലെ നിൽക്കക്കള്ളിയില്ലാതെ പുറപ്പെട്ടു പോകുന്നവനാണ് രത്നാകരനിലെ സഞ്ചാരിയെന്ന് ഒ.കെ ജോണി എഴുതിയിരിക്കുന്നത് നൂറ് ശതമാനം സത്യമാണെന്നുള്ളതിന് ഞാൻ തന്നെയാണ് സാക്ഷി. ഈയിടെ കൊൽക്കട്ടയിലും പുരിയിലും കൊണാർക്കിലുമൊക്കെ ഞങ്ങൾ ഒരുമിച്ചാണ് അലഞ്ഞു തിരിഞ്ഞത്. നമ്മൾ കാണുന്ന കാഴ്ചകളെ വളരെ വ്യത്യസ്തമായി കാണുകയും അതേ കുറിച്ച് പിന്നീട് എഴുതുമ്പോൾ ആ സ്ഥലത്തിന്റെ ഗന്ധത്തെ പോലും വായനക്കാരനിലേക്ക് എത്തിക്കുകയും ചെയ്യുന്ന മാങ്ങാടിന്റെ രചനാ കൗശലം ഇപ്പോഴുള്ള യാത്രികർക്കില്ലെന്നത് ഒരു ദു:ഖസത്യമാണ്.വസ്തുതാ വിവരണമല്ല സഞ്ചാര സാഹിത്യമെന്ന് ഇന്നുള്ള യാത്രികർ മനസ്സിലാക്കണമെങ്കിൽ അവർ മാങ്ങാട് രത്നാകരനെ വായിക്കുക തന്നെ വേണം.

ഞങ്ങളെല്ലാം വേണുവേട്ടനെന്ന് വിളിക്കുന്ന ചെലവൂർ വേണുവിനെ കുറിച്ചുള്ള അദ്ധ്യായത്തെ കുറിച്ചു കൂടി സൂചിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഒ.കെ ജോണിയുടെ തന്നെ വാക്കുകൾ തന്നെ ഞാനിവിടെ പകർത്തുന്നത് അതെഴുതാൻ ഏറ്റവും യോഗ്യൻ ഒ.കെ ജോണിയായത് കൊണ്ടു തന്നെയാണ്.”എഴുപതുകളുടെ പകുതിയിൽ,ഞാൻ പഠിച്ചിരുന്ന വയനാട്ടിലെ കോളേജിൽ ഒരു ഫിലിം സൊസൈറ്റി രൂപീകരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കായി കോഴിക്കോട് ബീച്ചിനടുത്തുള്ള അലങ്കാർ ലോഡ്ജിന്റെ ഭാഗമായിരുന്ന സൈക്കോ ആപ്പീസിലെത്തി പരിചയപ്പെട്ട നാൾ മുതൽ, പ്രസിദ്ധീകരണം നിലച്ചപ്പോഴും സൈക്കോ ആപ്പീസ് എന്നു തന്നെ വിളിക്കപ്പെട്ട വേണുവേട്ടന്റെ മൂന്നോളം സങ്കേതങ്ങളിൽ രണ്ടായിരത്തിന്റെ ആദ്യ പതിറ്റാണ്ടു വരെയും എത്രയോവട്ടം രാപകൽ ചെലവഴിക്കാനിടയായപ്പോഴൊക്കെയും എന്നെ വിഷാദത്തിലാഴ്ത്തിയത് വീടുവിട്ടിറങ്ങിയ വേണുവേട്ടന്റെ സ്വയം തെരഞ്ഞെടുത്ത,’ഒടുവിൽ ഒറ്റയാകുന്ന’ഈ ദ്വിമുഖ ജീവിതമായിരുന്നു.” ചിന്ത രവീന്ദ്രൻ, പി.എ ബക്കർ,ടി.വി ചന്ദ്രൻ, കെ.ആർ മോഹൻ, കെ.ജി ജോർജ്ജ് തുടങ്ങിയവരുടെയൊക്കെ ആശ്രിത കേന്ദ്രമായിരുന്നു, അഭയമായിരുന്നു എന്നത് ഒ.കെ ജോണി ഈ അദ്ധ്യായത്തിലൂടെ നമ്മളെ ഓർമ്മിപ്പിക്കുന്നത് പലതും മറക്കാതിരിക്കാനാണ്. ആസുരകാലത്ത് ഓർമ്മകൾ ഉണ്ടാകേണ്ട എന്ന കരുതുന്നവർക്ക് ഈ വരികൾ പലതും ഓർമ്മിപ്പിക്കും.

അർത്ഥവത്തായ വായന ആഗ്രഹിക്കുന്നവർ ഈ പുസ്തകത്തിലൂടെ കടന്നു പോകുക തന്നെ വേണം. വാളെടുത്തവരൊക്കെ വെളിച്ചപ്പാടാകുന്ന നേരത്ത് ശരിയായ പുസ്തകങ്ങൾ കാണാതെ പോകരുത്.





