A Unique Multilingual Media Platform

The AIDEM

Literature Politics Society

മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 4

  • August 29, 2022
  • 1 min read
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 4

സീൻ 4

(ഒരു സാധാരണ ഉപരി മദ്ധ്യവർഗ്ഗ കുടുംബം. സ്റ്റേജിന്റെ മുമ്പിലായി വരാന്തയിലേക്ക് നയിക്കുന്ന ഒരു ചെറിയ പോർട്ടിക്കോയും, സ്വീകരണമുറിയിലേക്ക് തുറക്കുന്ന, ഇരുവശങ്ങളിലേക്ക് നീങ്ങുന്ന വാതിലുമുണ്ട്. വാതിലും കർട്ടണുകളും തുറക്കുമ്പോൾ കാണുന്ന സ്വീകരണമുറിയാണ് വേദിയിൽ നിറഞ്ഞുനിൽക്കുന്നത്. രംഗം തുടങ്ങുമ്പോൾ, സത്യം എന്ന വീട്ടുജോലിക്കാരൻ, വരാന്തയിലേക്കുള്ള രണ്ട് ചവിട്ടുപടികൾ കയറുകയാണ്. ചൂരൽക്കസേരകളും സോഫകളും പൊടിതട്ടി, അയാൾ ഇടതുഭാഗത്തേക്ക് മറയുന്നു. സാരി ധരിച്ച്, മുടി പിന്നിലേക്ക് കെട്ടിവെച്ച അനിത, പ്രധാനവാതിൽ തുറന്ന് വരാന്തയിലേക്ക് വരുന്നു)

(വെളിയിൽ, അല്പം ദൂരെനിന്ന് ഒരു ശബ്ദം കേൾക്കാം)

“നസീമുദ്ദീൻ നീ എവിടെയാണ്..നസീമുദ്ദീൻ”..പ്രായം ചെന്ന ഒരാൾ കരയുന്ന ശബ്ദം കേൾക്കുന്നുണ്ട്.

അനിത: സത്യം, അത് അച്ഛന്റെ ശബ്ദമാണോ?

(അവരുടെ ശ്വശുരൻ, ശുക്ലാജി, കഞ്ഞിപിഴിഞ്ഞ ധോത്തിയും, നെറ്റിയിൽ ഒരു പൊട്ടുമായി, സഹായിയുടെ കൈപിടിച്ച് പതുക്കെപ്പതുക്കെ നടന്നുവന്ന് ഇടതുഭാഗത്തുള്ള സോഫയിലിരിക്കുന്നു. സത്യം ഒരു സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രത്തിൽ വെള്ളം കൊണ്ടുവന്ന്, സോഫയുടെ കൈപ്പിടിയിൽ വെക്കുന്നു).

അനിത ഒരു ഗ്ലാസ്സെടുത്ത് ശുക്ലാജിക്ക് നൽകുന്നു)

അനിത: എന്ത് പറ്റി അച്ഛാ?

ശുക്ലാജി: എല്ലാം നശിച്ചു മോളേ..നശിച്ചു..നസീം പോയി.

അനിത: അച്ഛാ, നസീം ചാച്ച അപ്രത്യക്ഷമായെന്നുവെച്ച് നമ്മൾ എങ്ങിനെയാണ് നശിക്കുന്നത്?

ശുക്ലാജി: നിനക്ക് മനസ്സിലാവുന്നില്ലേ..എല്ലാം മാറിക്കഴിഞ്ഞു.

അനിത: ഓ, ഇലക്ഷനുവേണ്ടി, നസീം ചാച്ച നമ്മുടെ പാർട്ടിയിൽ നിക്ഷേപിച്ച പണത്തിന്റെ കാര്യമോർത്താണോ അങ്ങ് പരിഭ്രമിക്കുന്നത്? (ഒന്ന് നിർത്തി), ശരിയാണ്, മറ്റ് മുസ്ലിങ്ങളെപ്പോലെ അദ്ദേഹവും പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ബേക്കറികളും ബിസ്ക്കറ്റ് ഫാക്ടറികളും നല്ല പൈസ വാരിക്കൂട്ടിയിട്ടുമുണ്ട്. പക്ഷേ അതിന്റെ നല്ലവശത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ..അദ്ദേഹത്തിന്റെ ബിസിനസ്സും, സ്വത്തും, ഭൂമിയുമെല്ലാം ഇനി നമ്മുടെ ന്യൂ സോഷ്യലിസ്റ്റ് പാർട്ടിയിലെ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യാമല്ലോ.

സത്യം (ഇടയിൽക്കയറി): മാഡം പറഞ്ഞത് ശരിയാണ്. ഇനി അത് പാവങ്ങളുടെ കൈയ്യിലെത്തും.

അനിത: നോക്കൂ അച്ഛാ..സത്യം പോലും അക്കാര്യം സമ്മതിക്കുന്നു. മുസ്ലിങ്ങൾ ഉപേക്ഷിച്ചുപോയ എല്ലാ സ്വത്തും ഇനി നമ്മുടെ കൈയ്യിലെത്തും. നീതിപൂർവ്വമായി വിതരണം ചെയ്യാൻ.

ശുക്ലാജി (മരുമകളെ ദേഷ്യവും, വേദനയും, പരിഹാസവും കലർന്ന ഭാവത്തോടെ നോക്കിക്കൊണ്ട്): നീ പറയുന്നത്, നമ്മളെല്ലാവരും ഇനി അയാളെപ്പോലെ ആവണമെന്നാണോ..ഓ..എന്താണ് അയാളുടെ പേര്..(വിരൽ ഞൊടിക്കുന്നു)..മദ്ധ്യേന്ത്യയിലെ കൊള്ളക്കാരെയും നക്സലൈറ്റുകളെയും പോലെയുള്ളവൻ…ആ പേര് എന്റെ നാവിൻ‌തുമ്പത്തുണ്ട്..ഹാ..റോബിൻ‌ഹുഡ്..പണക്കാരെ കൊള്ളയടിച്ച് പാവപ്പെട്ടവരെ സഹായിക്കുന്നവൻ..

അനിത (ഭർത്തൃപിതാവിന്റെ പ്രതികരണം കണ്ട് അത്ഭുതത്തോടെ): നമ്മളാരേയും കൊള്ളയടിക്കുന്നില്ല. ഒരുപക്ഷേ നമ്മുടെ കൊള്ളരുതായ്മകൾകൊണ്ട് മുസ്ലിങ്ങൾ പോയി. അത് ലജ്ജാകരവും നാണക്കേടുമാണ്. പക്ഷേ ഇപ്പോൾ അവരിവിടെ ഇല്ലാത്ത സ്ഥിതിക്ക്, കഴിഞ്ഞുപോയതിനെക്കുറിച്ച് സങ്കടപ്പെടാതെ നമ്മൾ ഭാവിയിലേക്ക് നോക്കണം.

(ശുക്ലാജി എഴുന്നേറ്റ് ശക്തിയായി ചുമക്കുന്നു. അനിത അദ്ദേഹത്തിന്റെ ഒരു കൈപിടിച്ച് താങ്ങുന്നു. സത്യം മറുകൈയ്യും പിടിക്കുന്നു. അവർ അദ്ദേഹത്തെ പതുക്കെ വിരുന്നുമുറിയിലേക്ക് കൊണ്ടുപോകുന്നു. അവരകത്തേക്ക് പ്രവേശിച്ചയുടൻ ഡോർബെൽ മുഴങ്ങുന്നു. ആരാണെന്ന് നോക്കാൻ സത്യം പുറത്തേക്ക് പോവുന്നു. എരുമത്തൊഴുത്തിന്റെ അവകാശം കിട്ടിയ, പുതിയ ദളിത്  കൗൺസിലറായ ചോട്ടേലാലായിരുന്നു അത്).

ചോട്ടേലാൽ (വിനീതമായ കൈകൂപ്പിക്കൊണ്ട്): ശുക്ലാജി ഉണ്ടോ അകത്ത്?

സത്യം (പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ട് അത്ഭുതത്തോടെ): വെയ്റ്റ് ചെയ്യ് (അകത്തുപോവുന്നു. ചോട്ടേലാൽ വരാന്തയുടെ വലതുഭാഗത്തുള്ള സോഫയിൽ ഇരുന്നുകൊണ്ട് പരിഭ്രമിച്ച് ചുറ്റും നോക്കുന്നു. ഒരു കാർ വരുന്ന ശബ്ദം കേൾക്കാം. ബ്രജേഷ് രംഗത്തേക്ക് വന്ന് ചോട്ടേലാലിനെ അത്ഭുതത്തോടെ നോക്കുന്നു. ചോട്ടേലാലാകട്ടെ, പരിഭ്രമിച്ച് എഴുന്നേറ്റ് വീണ്ടും ഇരിക്കുന്നു. ബ്രജേഷ് വിരുന്നുമുറിയിലേക്ക് പോയി അച്ഛൻ ശുക്ലാജിയുടെയടുത്ത് ഇരിക്കുന്നത് കാണാം).

ബ്രജേഷ് (ശുക്ലാജിയോട്): കൗൺസിലർ പുറത്ത് കാത്തിരിക്കുന്നുണ്ട്.

ശുക്ലാജി: എന്താണയാളുടെ പേര്?

ബ്രജേഷ്: എനിക്കോർമ്മവരുന്നില്ല (സത്യത്തിനോട്) സത്യം, അച്ഛനെ കാണാൻ കാത്തിരിക്കുന്നയാളുടെ പേരെന്താണ്?

സത്യം: ചോട്ടേലാൽ.

(ആകെ രോഷംകൊണ്ടപോലെ ശുക്ലാജി എഴുന്നേൽക്കുന്നു)

ശുക്ലാജി: മരുമകളേ, നീ എന്നോട് ചോദിച്ചല്ലോ, എന്ത് മാറ്റമാണ് ഉണ്ടായതെന്ന്. ഞാൻ നിനക്ക് കാണിച്ചുതരാം. (സത്യത്തിനോട്) ചോട്ടേലാലിനോട് വരാൻ പറയൂ.

(ആകെ പരിഭ്രാന്തനായ ചോട്ടേലാൽ സംശയിച്ച് സംശയിച്ച് നടന്നുവരുന്നു. ബഹുമാനം കാണിക്കാനെന്നവണ്ണം അയാൾ തൊപ്പിയൂരുന്നു. ശുക്ലാജി സംസാരിക്കുന്നത് അതിഥിയോടാണെങ്കിലും, പുത്രവധു കേൾക്കാനെന്നവണ്ണമാണ് അദ്ദേഹത്തിൻ്റെ സംസാരം)

ശുക്ലാജി: കഴിഞ്ഞയാഴ്ച വരെ നീ ഗേറ്റിന് പുറത്തായിരുന്നു നിന്നിരുന്നത്. സത്യം വന്ന് വാതിൽ തുറന്നാലേ നീ അകത്ത് വരാൻ ധൈര്യപ്പെടുമായിരുന്നുള്ളു. അതായിരുന്നു പതിവ്. പക്ഷേ ഇപ്പോൾ എല്ലാം മാറിമറിഞ്ഞതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ നിന്നെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ നീ അതിനെക്കുറിച്ച് ആലോചിച്ചുനോക്ക്. ശരിയാണ്, ഞാൻ നിന്നെ അകത്തേക്ക് വിളിച്ചു. പക്ഷേ, സത്യത്തിന്റെ അനുവാദം ചോദിക്കാതെതന്നെ നീ പുറത്തെ കസേരയിൽ ഇരുന്നില്ലേ? അനിതാ, കാണുന്നുണ്ടോ മാറ്റങ്ങൾ?

ബ്രജേഷ്(മൊബൈലിൽ തിരക്കിട്ട് ശ്രദ്ധിച്ചുകൊണ്ട്): അച്ഛാ, കോടതിയിൽ വലിയ നാടകങ്ങൾ നടക്കുന്നുണ്ട്..റഹ്മാനി സഹോദരന്മാർ..

ശുക്ലാജി (രൂക്ഷമായി ഇടപെട്ടുകൊണ്ട്): റഹ്മാനി സഹോദരന്മാരെ മറന്നുകള..നാടകം ഇവിടെയാണ് നടക്കുന്നത്. ചോട്ടേലാൽ എന്ന ഈ മനുഷ്യൻ, ഇന്നലെവരെ നമ്മുടെ വരാന്തയിൽ കയറാൻ ധൈര്യപ്പെടാതിരുന്ന മനുഷ്യൻ, ഇന്ന് എന്റെ എന്റെ കസേരയിലിരുന്നു..നിന്റെ അച്ഛന്റെ കസേരയിൽ. ഇപ്പോൾ നമ്മുടെ വിരുന്നുമുറിയിലും അയാളെത്തി.

ശുക്ലാജി (ചോട്ടേലാലിനുനേരെ തിരിഞ്ഞ്, പരിഹാസത്തോടെ): അങ്ങ് ദയവായി ഇരുന്നാലും..

ചോട്ടേലാൽ (വിനയം കാണിക്കാനെന്നവണ്ണം, കൂപ്പുകൈയ്യോടെ): ഇല്ല സർ..ഞാൻ അങ്ങയുടെ അനുഗ്രഹം വാങ്ങാൻ‌വേണ്ടി മാത്രം വന്നതാണ്. ഈ വാർഡിന്റെ കൗൺസിലറായി എന്നെ തിരഞ്ഞെടുത്ത കാര്യം അങ്ങ് അറിഞ്ഞുകാണുമല്ലോ.

ശുക്ലാജി: ആരാണ് തിരഞ്ഞെടുത്തത്?

ചോട്ടേലാൽ: ദളിത് സമാജം..

ശുക്ലാജി:ഓ…അതെ,,സമാജം..(‘ജം’ എന്ന വാക്ക് ഊന്നിപ്പറയുന്നു, സംസ്കൃതത്തിലെ അതിന്റെ അർത്ഥം സൂചിപ്പിക്കാൻ. ഒരു നീണ്ട അർത്ഥഗർഭമായ മൗനം വേദിയിൽ നിറയുന്നു)

ചോട്ടേലാൽ: എനിക്ക് അങ്ങയുടെ അനുഗ്രഹം വേണം സർ.

ശുക്ലാജി (രോഷത്തോടെ): എന്തിനുള്ള അനുഗ്രഹം..പോയി ആ കസേരയിലിരിക്ക്..ഞാനാണ് പറയുന്നത്..ആ കസേരയിലിരിക്ക്!

(ചോട്ടേലാൽ മരവിച്ചതുപോലെ കസേരയിലിരിക്കുന്നു. അനിതയും ബ്രജേഷും ചേർന്ന് ശുക്ലാജിയെ കൊണ്ടുപോവുന്നു. ചോട്ടേലാൽ ഒന്നും മനസ്സിലാകാതെ നോക്കുന്നു. മുറിയുടെ അറ്റത്തുള്ള ശുക്ലാജിയുടെ ഒരു ചിത്രത്തിൽ അയാളുടെ കണ്ണുകളുടക്കി. അയാൾ പ്രതിമപോലെ ഇരുന്നു. പതുക്കെ, വലതുകാൽ, ഇടതുകാലിന്റെ മുകളിൽ കയറ്റിവെച്ച് അയാൾ സ്വസ്ഥമായി ഇരിക്കാൻ തുടങ്ങി)

(ബ്രജേഷും അനിതയും വരാന്തയിലേക്ക് ഇറങ്ങുന്നു)

ബ്രജേഷ്: രണ്ടുപേർക്കും ഇത് ഒരുപോലെ ഒരു ദുരനുഭവമായി എന്നാണ് എനിക്ക് തോന്നുന്നത്.

അനിത: രണ്ടുപേരും മാറ്റങ്ങളുമായി പൊരുത്തപ്പെട്ടാൽ നന്നായിരുന്നു. നമ്മൾ അങ്ങിനെ പൊരുത്തപ്പെടണമെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾക്കറിയാമോ, എന്റെ കൂട്ടുകാർ എന്നെ, വരുന്ന തിരഞ്ഞെടുപ്പിൽ, ന്യൂ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ നിർബന്ധിക്കുന്നുണ്ട്. ഞാനത് ഏറ്റെടുത്താൽ, നമുക്ക് ചോട്ടേലാലിന്റെ പിന്തുണ വേണ്ടിവരും. അതുപോലെ, റഷീദ് ഘോസിയുടെ എരുമത്തൊഴുത്ത് ഏറ്റെടുത്ത ആളുടേയും, അൽതാഫ് ഭായിയുടെ ബംഗ്ലാവ് ഏറ്റെടുത്തയാളുടേയും പിന്തുണയും വേണ്ടിവരും. അവരെപ്പോലെയുള്ളവരെ നമുക്ക് സംഘടിപ്പിക്കണം.

(സത്യം വരാന്തയിലേക്ക് വരുന്നു. ബ്രജേഷ് അയാളുടെ നേരെ തിരിയുന്നു).

ബ്രജേഷ്: ആരാണ് മുൻ‌വശത്തെ വാതിൽ ചോട്ടേലാലിന് തുറന്നുകൊടുത്തത്?

സത്യം: ആരും തുറന്നുകൊടുത്തില്ല സർ. അയാൾ സ്വയം തുറന്നതാണ്. അയാൾ ആ താഴ് തുറന്നു…

ബ്രജേഷ്: ആ താഴ് അങ്ങോട്ട് തുറക്കുക. വളരെ നന്നായി..നസീം ചാച്ച അപ്രത്യക്ഷമായിട്ടില്ലായിരുന്നെങ്കിൽ, അയാൾ അങ്ങിനെ ചെയ്യില്ലായിരുന്നു.

അനിത: എല്ലാ മുസ്ലിങ്ങളും അപ്രത്യക്ഷരാവാതിരുന്നെങ്കിൽ എന്നല്ലേ നിങ്ങൾ ഉദ്ദേശിച്ചത്?

ബ്രജേഷ്: മുസ്ലിങ്ങളൊന്നും ഇപ്പോൾ ഇവിടെയില്ലാത്ത സ്ഥിതിക്ക്, എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചതെന്ന് നോക്കൂ. ഇന്ന് ചോട്ടേലാൽ വാതിൽ തുറന്ന്, ക്ഷണിക്കപ്പെടാതെതന്നെ പോർട്ടിക്കോവിലെത്തി. ഇന്നലെവരെ, അയാൾ ഷൂസ് ഊരാതെ വരാന്തയിലേക്ക് കാൽ കുത്തുകപോലുമില്ലായിരുന്നു. ഇന്ന്, അയാൾ ഷൂസ് ഊരിവെച്ചില്ല. ഞാൻ വന്നപ്പോൾ (കസേരയിലേക്ക് ചൂണ്ടിക്കൊണ്ട്) അയാളവിടെ, ഷൂസും ഇട്ടുകൊണ്ട് ഇരിക്കുന്നു.

അനിത: നസീം ചാച്ച ഉണ്ടായിരുന്നെങ്കിൽ എന്ത് വ്യത്യാസമാണ് ഉണ്ടാവുക?

ബ്രജേഷ്: അധികാരത്തിന്റെ സമവാക്യങ്ങൾ മാറിയത് നിനക്ക് കാണാൻ കഴിയുന്നില്ലേ? പഴയ അവസ്ഥയായിരുന്നെങ്കിൽ, അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ, നസീമിന്റെ ധനവും, അച്ഛന്റെ ആഭിജാത്യവും, മുസ്ലിമുകളുടേയും ചില ദളിതുകളുടേയും പിന്തുണയോടെ അച്ഛന്റെ വിജയം ഉറപ്പാക്കാമായിരുന്നു. ഇന്ന്, മുസ്ലിങ്ങളില്ലാതെ വന്നതോടെ, ഏറ്റുമുട്ടൽ പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നു. ഇനി, സവർണ്ണരും അവർണ്ണരും തമ്മിൽ നേരിട്ടുള്ള യുദ്ധമാണ്. ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും. നിനക്കറിയില്ലേ, എണ്ണത്തിന്റെ കാര്യമെടുത്താൽ, ഉയർന്ന ജാതിക്കാരേക്കാൾ എത്രയോ അധികമാണ് അവർ.

അനിത (വല്ലാത്ത അസ്വസ്ഥതയോടെ): ഇത്തരം ചിന്തകളുംവെച്ച് എങ്ങിനെയാണ് സോഷ്യലിസം വരിക?

ബ്രജേഷ് (ശബ്ദമുയർത്തിക്കൊണ്ട്): വിഡ്ഢിത്തം പറയാതെ. അടുത്ത തിരഞ്ഞെടുപ്പിൽ ഭരണവർഗ്ഗത്തിനെതിരെ വോട്ടുകൾ തിരിഞ്ഞാൽ, ഭരണഘടനയ്ക്കെതിരേ കലാപം ചെയ്യുകയല്ലാതെ നമുക്ക് മറ്റൊരു മാർഗ്ഗവുമുണ്ടാവില്ല.

(സ്റ്റേജിൽ വെളിച്ചം മങ്ങുന്നു)

 

തുടരും… അടുത്ത സീൻ സെപ്റ്റംബർ 5ന് വായിക്കുക.


തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ

പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.