A Unique Multilingual Media Platform

The AIDEM

Articles Society

നമുക്കിടയിലെ ലൈംഗിക കുറ്റവാളികൾ

  • August 29, 2022
  • 1 min read
നമുക്കിടയിലെ ലൈംഗിക കുറ്റവാളികൾ

സിവിക് ചന്ദ്രന്റെ കേസിൽ നിരവധി സ്ത്രീകളാണ് അയാളിൽ നിന്ന് അവർക്കുണ്ടായ ദുരനുഭവം വിവിധ മാധ്യമങ്ങളിലൂടെ ഈ ദിവസങ്ങളിൽ പങ്കു വെക്കുന്നത്. ഏതാനും വര്ഷങ്ങള്ക്കു മുൻപ് കേരളത്തിലെ ബഹുമാന്യനായ ഒരു മാധ്യമ പ്രവർത്തകൻ സമാനമായ രീതിയിൽ ഒരു സീരിയൽ സെക്സ് ഒഫെൻഡർ ആണെന്ന് വെളിപ്പെടുകയുണ്ടായി. പ്രശസ്തരായത് കൊണ്ട് ഇവർ വലിയ വാർത്തയുമായി. എന്നാൽ നമ്മുടെ സമൂഹത്തിൽ ഇത്തരം സെക്സ് ഒഫെൻഡേർസ് ധാരാളം ഉണ്ട് എന്ന് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന ലൈംഗിക പീഡന കേസുകളുടെ വിശദാംശങ്ങൾ നോക്കിയാൽ വ്യക്തമാവും. ഇവരെല്ലാം ധാർമികമായും, നിയമപരമായും ക്രിമിനലുകൾ ആണെന്ന കാര്യത്തിൽ സംശയമേ ഇല്ല. എന്നാൽ ലൈംഗിക അതിക്രമങ്ങളിലേക്കു നയിക്കുന്ന മാനസിക വൈകല്യം, രോഗാവസ്ഥ എന്ന നിലകളിൽ കൂടി ഈ പ്രശ്നത്തെ നേരിടാൻ ഒരു വികസിത സമൂഹത്തിനു കഴിയണം എന്ന് തോന്നുന്നു.

ഇത്രയും പറയുമ്പോൾ വ്യക്തത ഉറപ്പാക്കാൻ പ്രാഥമികമായി പറഞ്ഞുവെക്കട്ടെ- നിയമപരമായ ശിക്ഷക്ക് പകരം വെക്കാൻ ചികിത്സ കൊണ്ട് കഴിയും എന്ന സമീപനമല്ല ഇവിടെ മുന്നോട്ടു വെക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ആധുനികവും സാമൂഹികവും വൈദ്യശാസ്ത്രപരവുമായ കാഴ്ചപ്പാടുകളെ നിയമപരമായ കാഴ്ചപ്പാടിനോട് ചേർത്ത് വെക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ നിയമപരമായ നടപടികൾ നിർബന്ധമായും കൈക്കൊള്ളുന്നതോടൊപ്പം എടുക്കാവുന്ന/എടുക്കേണ്ട സാമൂഹികവും, വൈദ്യശാസ്ത്രപരവുമായ ചില ഇടപെടലുകൾ ചൂണ്ടിക്കാണിക്കുകയാണ് ലക്‌ഷ്യം.

ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികളെ അഡിക്ഷൻ എന്ന വിഭാഗത്തിൽ ശാസ്ത്രീയമായി പെടുത്താൻ പറ്റില്ല എന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിലപാട്. എന്നാൽ കമ്പൽസീവ്, ഇമ്പൾസീവ് എന്നീ പെരുമാറ്റ വിഭാഗങ്ങളിൽ പെടുത്തി വൈദ്യശാസ്ത്രം ലൈംഗിക ക്രിമിനൽ പെരുമാറ്റത്തെ തരംതിരിക്കാറുണ്ട്. തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ലൈംഗിക കുറ്റകൃത്യം ചെയ്യുന്നവരാണ് സെക്ഷ്വലി കമ്പൽസീവ് ബിഹേവിയർ ഉള്ളവർ എന്നാണ് മനശ്ശാസ്ത്രം പറയുന്നത്. അത്തരക്കാരെ ലൈംഗികമായി മാത്രമല്ല, പലതരം കമ്പൽസീവ് ബിഹേവിയർ പ്രകടിപ്പിക്കുന്നവരെ വിശേഷിപ്പിക്കുന്ന പൊതുവായ ഒബ്സെസീവ് കമ്പൽസീവ് ഡിസോഡർ (ഒ.സി.ഡി.) ഉള്ളവർ എന്ന ഗണത്തിൽ പെടുത്തി ഒ.സി.ഡി. ക്കുള്ള ചികിത്സ നൽകിയാൽ സ്വഭാവമാറ്റം ഉണ്ടാക്കാം എന്ന് മനശ്ശാസ്ത്ര രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. പെട്ടെന്നുള്ള ഇമ്പൾസുകളെ (ചോദനകളെ) നിയന്ത്രിക്കാൻ പറ്റാത്തവരാണ് ഇമ്പൾസീവ് ബിഹേവിയർ മൂലം ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തുന്ന മറ്റൊരു വിഭാഗം. ഇത്തരക്കാർക്കും ചികിത്സ എടുത്താൽ ഗുണമുണ്ടാകും. അത്രത്തോളമെങ്കിലും സമൂഹത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ കുറയ്ക്കാനാകും. പക്ഷെ സെക്ഷ്വൽ അഡിക്ഷൻ എന്ന് അടച്ചു പറയാതെ, കമ്പൽസീവ് ആണോ, ഒബ്സെസീവ് ആണോ, മൂഡ് ഡിസോർഡർ ഉള്ളതിന്റെ ഭാഗമായി സാമൂഹ്യ വിരുദ്ധ ലൈംഗികത പ്രകടിപ്പിക്കുന്നതാണോ, മദ്യപിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന വികലമായ പെരുമാറ്റം ആണോ, അതോ മറ്റെന്തെങ്കിലും ആണോ, എന്നെല്ലാം കൃത്യമായി മനസ്സിലാക്കിയാലെ ശാസ്ത്രീയമായ തെറാപ്പി നൽകാനും, അത് ഫലപ്രദമാകാനും ഇടയാകുകയുള്ളൂ.

Patrick Carnes

ഔട്ട് ഓഫ് ദി ഷാഡോസ്: അണ്ടർസ്റ്റാന്റിംഗ് സെക്ഷ്വൽ അഡിക്ഷൻ എന്ന പാട്രിക് കായേൻസിന്റെ (Patrick Carnes’, 1983) ന്റെ പ്രശസ്തമായ പുസ്തകമാണ് സെക്ഷ്വൽ അഡിക്ഷൻ എന്ന മാനസിക വൈകല്യത്തെ ഒരു പൊതു ചർച്ചയാക്കി വികസിത രാജ്യങ്ങളിൽ മാറ്റിയത്. സെക്ഷ്വൽ അഡിക്റ്റ് എന്ന പദം പൊളിറ്റിക്കലി കറക്ട് ആണോ എന്ന ചർച്ചയും ഇതോടൊപ്പം ഉയർന്നു വന്നു. സെക്ഷ്വലി കമ്പൽസീവ്, സെക്ഷ്വലി ഇമ്പൾസീവ്, ഹൈപ്പർ സെക്ഷ്വൽ, സെക്ഷ്വലി എക്സ്സസ്സീവ്, അല്ലെങ്കിൽ ഒബ്സെസ്സീവ് കമ്പൽസീവ് ബിഹേവിയറിന്റെ ഒരു വക ഭേദം എന്ന പല വാക്കുകൾ ഉപയോഗിച്ച് ഈ മാനസികനിലയെ വിശേഷിപ്പിക്കാനാണ് അക്കാദമിക് രംഗത്തുള്ളവർ ശ്രമിച്ചത്. സെക്ഷ്വലി കമ്പൽസീവ്/സെക്ഷ്വലി ഇമ്പൾസീവ് തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവർ എല്ലാവരും ലൈംഗിക അതിക്രമം നടത്തും എന്ന് ഇത്രയും പറയുമ്പോൾ തെറ്റിദ്ധരിക്കരുത്. കാനഡയിൽ ലൈംഗിക അതിക്രമം നടത്തി ജയിലിൽ കഴിയുന്നവരിൽ 2006 ഇൽ നടന്ന ഒരു പഠനം കാണിച്ചത്, ‘സാധാരണ’ ലൈംഗിക പെരുമാറ്റമുള്ള മനുഷ്യരേക്കാൾ സെക്ഷ്വലി കമ്പൽസീവ്/സെക്ഷ്വലി ഇമ്പൾസീവ് ആയവർ ലൈംഗിക അതിക്രമം നടത്താൻ സാധ്യത കൂടുതൽ ഉണ്ട് എന്നാണ്. കാനഡയിലെ ഒരു ജയിലിൽ 40 ലൈംഗിക അതിക്രമ കുറ്റവാളികളെയും, 40 മറ്റു കുറ്റവാളികളെയും ചേർത്ത് നടത്തിയ ഒരു പഠനമായിരുന്നു ഇത്. 40 ലൈംഗിക അതിക്രമ കുറ്റവാളികളിൽ 35 ശതമാനം പേർ തങ്ങൾ സെക്ഷ്വലി കമ്പൽസീവ്/സെക്ഷ്വലി ഇമ്പൾസീവ് തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവർ ആണ് എന്ന് വെളിപ്പെടുത്തിയപ്പോൾ മറ്റു കുറ്റവാളികളിൽ 12.5% പേർ മാത്രമാണ് സമാനമായ പ്രതികരണം നൽകിയത്. എന്നാൽ ഇതിനോട് ചേർത്ത് വെക്കേണ്ട മറ്റൊരു കണ്ടെത്തൽ കൂടി ഈ പഠനം നടത്തി. ലൈംഗിക അതിക്രമ കുറ്റവാളികളിൽ ഒരു ചെറുതല്ലാത്ത ശതമാനം ആളുകൾ കുട്ടിക്കാലത്തു ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട് എന്ന്. മറ്റു കുറ്റവാളികളിൽ അത്രത്തോളം തന്നെ ശതമാനം കുട്ടിക്കാലത്തു ലൈംഗിക അതിക്രമം നേരിട്ടിട്ടില്ല എന്നും.

എല്ലാ ലൈംഗിക അതിക്രമം നടത്തുന്നവരും, സെക്ഷ്വലി കമ്പൽസീവ്/സെക്ഷ്വലി ഇമ്പൾസീവ് തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവർ അല്ല എന്നും, ഭൂരിഭാഗം സെക്ഷ്വലി കമ്പൽസീവ്/സെക്ഷ്വലി ഇമ്പൾസീവ് തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവരും, പലപ്പോഴും ലൈംഗിക അതിക്രമം നടത്തുന്നവരല്ല എന്നും ഒരിക്കൽ കൂടി ആവർത്തിച്ചു പറയട്ടെ. എന്നാൽ സെക്ഷ്വലി കമ്പൽസീവ്/സെക്ഷ്വലി ഇമ്പൾസീവ് തുടങ്ങിയ മാനസികാവസ്ഥകൾ, കുട്ടിക്കാലത്തെ ലൈംഗിക ദുരനുഭവങ്ങൾ എന്നിവ ഒരാൾ ലൈംഗിക കുറ്റവാളി ആകാനുള്ള സാധ്യത കൂട്ടുന്നു എന്ന് ഈ പഠനം കാണിക്കുന്നു. വെറും 80 പേരെ മാത്രം സർവ്വേ നടത്തി, അവർ സ്വയം റിപ്പോർട്ട് ചെയ്ത അനുഭവങ്ങളെ ക്രോഡീകരിച്ചു നടത്തിയ ഒരു പഠനം മാത്രമാണ് ഇത് എന്നും ഓർക്കണം. അതിന്റെ എല്ലാ പരിമിതികളും ഈ പഠനത്തിന്റെ കണ്ടെത്തലുകൾക്ക് ഉണ്ടാവും. എന്നാലും ഈ പഠനം നൽകുന്ന സൂചനകൾ പ്രസക്തമാണ്.

യു.കെ. യിൽ നിലവിലുള്ള രണ്ടു നിയമങ്ങളാണ്, Violent and Sex Offenders Register (ViSOR) 2003 ഉം Sexual Offence Prevention Orders (SOPO) ഉം. പോലീസിനും, ജയിൽമോചിതനായ കുറ്റവാളികളുടെ നിരീക്ഷണ-പുനരധിവാസം നടത്തുന്ന സ്ഥാപനങ്ങൾക്കും ഹൈ-റിസ്ക് ഒഫെൻഡർമാരെ (വീണ്ടും കുറ്റം ചെയ്യാനുള്ള സാധ്യത കൂടുതലുള്ള ജയിൽമോചിതരെയും, ഒപ്പം സമൂഹത്തിൽ സമാന പ്രവണതകൾ നേരത്തെ കാണിച്ചിട്ടുള്ള മൈനർ കുറ്റകൃത്യങ്ങൾ ചെയ്തവരെയും) കണ്ടെത്താനും, അവർ കുറ്റം ആവർത്തിക്കാതിരിക്കാൻ സഹായിക്കാനുമാണ് ഈ നിയമങ്ങൾ.

1980 കളിലും 90 കളിലുമാണ് ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ നേരത്തെ തന്നെ റിസ്ക് അസ്സെസ്സ്മെന്റ് നടത്താനും, അവർ കുറ്റം ആവർത്തിക്കാതിരിക്കാനുള്ള മനശ്ശാസ്ത്ര തെറാപ്പികൾ നടത്താനുമുള്ള ശാസ്ത്രീയ നടപടിക്രമങ്ങൾ ഉരുത്തിരിഞ്ഞു വരാൻ തുടങ്ങിയത്. അസോസിയേഷൻ ഫോർ ദി ട്രീറ്റ്മെന്റ് ആൻഡ് പ്രിവൻഷൻ ഓഫ് സെക്ഷ്വൽ അബ്യുസ് പോലുള്ള സംഘടനകളും ഈ കാലത്തു നിലവിൽ വന്നു. ലോകവ്യാപകമായി ഗവേഷകരെയും, മനശ്ശാസ്ത്ര ചികിത്സകരെയും കോർത്തിണക്കി, നിരന്തരമായ ഗവേഷണങ്ങളുടെയും, കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ, ലൈംഗിക കുറ്റകൃത്യങ്ങൾ നടക്കാനുള്ള സാധ്യത നേരത്തെ കണ്ടെത്തി തടയാനും, കുറ്റവാളികളെ ചികിത്സിക്കാനും, ഉള്ള പ്രോട്ടോക്കോളുകൾ അങ്ങനെ വികസിപ്പിക്കപ്പെട്ടു. നിയമപരമായ ശിക്ഷക്ക് പകരമല്ല, അവക്കൊപ്പമാണ് ഇത്തരം ചികിത്സകൾ നടത്തുന്നത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കട്ടെ.

2009 ഇൽ മൈറിഡ് ഡോലാൻ (Mairead Dolan, 2009) യു.കെ. യിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്, കോഗ്നിറ്റിവ് ബിഹേവിയറൽ തെറാപ്പി അഥവാ സി.ബി.ടി. യും ഒപ്പം ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണിന്റെ അളവ് കുറയ്ക്കാനുള്ള ചില മരുന്നുകളും ആണ് ലൈംഗിക കുറ്റവാളികളുടെ തെറാപ്പികൾക്ക് ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര-മനശ്ശാസ്ത്ര പദ്ധതി എന്നാണ്. 2004 ഇൽ കാനഡയിൽ നടന്ന The Violence Risk Scale – Sexual Offender version (VRS-SO) എന്ന പഠനം ഈ ചികിത്സാ പദ്ധതി ഫലപ്രദമാണ് എന്ന് കാണിച്ച ഒരു ഗവേഷണമായിരുന്നു. ഒരു ലൈംഗിക കുറ്റവാളി പിടിക്കപ്പെട്ടു ശിക്ഷ അനുഭവിച്ചു തിരിച്ചു വരുമ്പോൾ വീണ്ടും ആ കുറ്റകൃത്യം ആവർത്തിക്കുന്നില്ല എന്നുറപ്പാക്കാനാണ് പ്രധാനമായും ഇത്തരം തെറാപ്പികൾ ഉപയോഗിക്കുന്നത്.

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച പഠനങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഇത്തരം കുറ്റവാളികളെ വിലയിരുത്താനുള്ള പാത്ത് വേ എന്ന് പേരുള്ള മനശ്ശാസ്ത്ര മോഡൽ ശ്രദ്ധേയമാണ്. ആളുകളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ശേഷിയില്ലായ്മ, ലൈംഗിക വൈകൃതങ്ങളോടുള്ള ആഭിമുഖ്യം, കാര്യങ്ങൾ യുക്തിപൂർവം മനസ്സിലാക്കുന്നതിൽ ഉള്ള വൈകല്യങ്ങൾ, വികാരങ്ങൾക്ക് മേലുള്ള നിയന്ത്രണമില്ലായ്‌മ എന്നീ നാല് അടിസ്ഥാന വൈകല്യങ്ങൾ ഈ കുറ്റവാളികൾക്ക് പൊതുവെ കണ്ടുവരുന്നു എന്നാണ് ഈ മോഡൽ പറയുന്നത്.

പല വികസിത രാജ്യങ്ങളിലും Prison-based democratic therapeutic communities (TCs) പ്രവർത്തിക്കുന്നുണ്ട്. ജയിലിൽ കഴിയുന്ന ലൈംഗിക കുറ്റവാളികളുടെ ഗ്രൂപ്പ് തെറാപ്പി സെഷനുകൾ ഇവിടെ നടത്തുന്നു. അവർ പുറത്തിറങ്ങുമ്പോൾ കുറ്റകൃത്യം ആവർത്തിക്കാതിരിക്കാൻ ഇത് വളരെ ഫലപ്രദമാണ് എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. 18 മാസമോ അതിൽ കൂടുതലോ ഈ തെറാപ്പി എടുക്കുന്നവർ പിന്നീട് സമാനമായ കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത തുലോം കുറയുന്നതായാണ് 2022 ഇൽ കേറ്റി ഡങ്കൻ, ബെലിൻഡ വിൻഡർ, നിക്കോളാസ് ബ്ലാഗ്‌ഡെൻ, ക്രിസ്റ്റീൻ നോർമൻ എന്നിവർ യു.കെ. യിൽ നടത്തിയ പഠനം കണ്ടെത്തിയത്. എന്നാൽ ഈ തെറാപ്പികളിൽ നിന്ന് തെന്നിമാറിയവരിൽ വലിയൊരു വിഭാഗം വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു എന്നും ഈ പഠനം കണ്ടെത്തി.

പരിയാരം മെഡിക്കൽ കോളേജിലെ കമ്മ്യുണിറ്റി മെഡിസിൻ വിഭാഗം മേധാവിയും, കേരളത്തിലെ ലൈംഗിക തൊഴിലുമായും, ഒരു സമൂഹമെന്ന നിലക്ക് കേരളത്തിന്റെ ലൈംഗികതയോടുള്ള സമീപനങ്ങളെക്കുറിച്ചും ബന്ധപ്പെട്ട വിഷയങ്ങളിൽ വര്ഷങ്ങളോളം പ്രവർത്തിച്ച ആളുമായ ഡോ. ജയശ്രീയോട് ദി ഐഡം ഈ വിഷയം സംസാരിച്ചു. ഡോക്ടറുടെ പ്രതികരണം ഇതാണ്, “ജയിലുകളെ കുറിച്ചുള്ള ആധുനിക സങ്കല്പം തന്നെ ചെയ്ത തെറ്റിൽ കുറ്റബോധമുള്ള കുറ്റവാളികൾക്കെങ്കിലും വീണ്ടും കുറ്റകൃത്യം നടത്താതിരിക്കാനുള്ള, ശിക്ഷ കഴിഞ്ഞാൽ സമൂഹത്തിൽ പുനരധിവസിക്കപ്പെടാനുള്ള അവസരം ഒരുക്കാൻ ജയിലുകൾ സഹായിക്കണം എന്നതാണ്. കേരളത്തിൽ ജയിലുകളിൽ ലൈംഗിക കുറ്റവാളികളുടെ മാനസിക നില പരിശോധിക്കാനോ, ഒരിക്കൽ പുറത്തുവന്നാൽ അവർ കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടോ എന്ന് വിലയിരുത്താനോ, വൈദ്യശാസ്ത്ര-മനശ്ശാസ്ത്ര ചികിത്സയിലൂടെ പുനരധിവസിക്കപ്പെടാവുന്നവർ അക്കൂട്ടത്തിൽ ഉണ്ടോ എന്ന് പരിശോധിക്കാനോ, അത്തരം പുനരധിവാസം നടത്താനോ ഇന്നേ വരെ ഒരു സംവിധാനവും ഉണ്ടായിട്ടില്ല. എല്ലാ ലൈംഗിക കുറ്റവാളികളെയും ചികിത്സിച്ചു സുഖപ്പെടുത്താം എന്ന ലളിതവത്കരണമല്ല, മറിച്ച് വൈദ്യ ശാസ്ത്ര-മനഃശാസ്ത്ര ഇടപെടലുകൾ ഉണ്ടായാൽ ചിലരെങ്കിലും കുറ്റം ആവർത്തിക്കുന്നത് തടയാം എന്നതാണ് ഈ ചർച്ചയുടെ പ്രസക്തി. ചില സൈക്കോപാത്തുകൾ; അവരുടെ തലച്ചോറിൽ തന്നെ കുറ്റവാസന രൂഢ മൂലമായിരിക്കും. അത് ചികിത്സിച്ചു മാറ്റാൻ പറ്റുകയുമില്ല. അത്തരക്കാരെ ജീവിതകാലം മുഴുവൻ ജയിലിൽ അടക്കുക മാത്രമാണ്, അവർ വീണ്ടും കുറ്റം ചെയ്യാതിരിക്കാനുള്ള വഴി. എന്നാൽ ലൈംഗിക അതിക്രമം നടത്താനുള്ള സ്വന്തം പ്രവണതയിൽ കുറ്റബോധം ഉള്ളവരെ ചികിത്സിക്കാനും, പുനരധിവസിപ്പിക്കാനും സംവിധാനങ്ങൾ വേണം. സമൂഹത്തിൽ കൂടുതൽ കുറ്റവാളികൾ ഉണ്ടാവാതിരിക്കാൻ അത് സഹായിക്കും.”

ലൈംഗിക കുറ്റവാളികൾക്ക് നൽകുന്ന ശാസ്ത്രീയമായ തെറാപ്പികൾ (മരുന്നും കൗൺസിലിംഗും ഉൾപ്പെടെ) അവർ കുറ്റം ആവർത്തിക്കാതിരിക്കാൻ സഹായിക്കും എന്ന് ലോകവ്യാപകമായി പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. എന്നാൽ മുകളിൽ പറഞ്ഞത് പോലെ തെറാപ്പി എല്ലാവര്ക്കും ഒരുപോലെ കൊടുത്തിട്ട് കാര്യമില്ല. തെറാപ്പി കൊണ്ട് ഗുണമുള്ളവരെ തിരിച്ചറിഞ്ഞു നൽകണം. കാരണം, നമുക്ക് ഇതിനായി കൈവശമുള്ള സാമ്പത്തിക-മനുഷ്യ വിഭവ സ്രോതസ്സുകൾ പരിമിതമാണ് എന്ന് ഈ രംഗത്തുള്ള മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് സൈക്കോപാത്തുകളായ ആളുകൾ ഉണ്ട്. അവരിൽ സ്വഭാവമാറ്റം വരുത്താൻ വളരെ പ്രയാസമായിരിക്കും. അവരെ സമൂഹത്തിൽ നിന്ന് പൂർണ്ണമായി അകറ്റി നിർത്തുക (ജയിലിൽ അടയ്ക്കുക) മാത്രമായിരിക്കും പോംവഴി. അവർക്കു തെറാപ്പി നിഷേധിക്കണം എന്നല്ല, എന്നാൽ മാറ്റം വരാൻ സാധ്യത ഉള്ളവർക്കായിരിക്കണം മുൻഗണന.

രോഗനിർണ്ണയത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ഇന്റർനാഷണൽ ക്‌ളാസിഫിക്കേഷൻ ഓഫ് ഡിസീസസിന്റെ 2019 ഇൽ പുറത്തിറങ്ങിയ 11-ആം പതിപ്പിലാണ് ആദ്യമായി കമ്പൽസീവ് സെക്ഷ്വൽ ബിഹേവിയർ ഡിസോർഡർ എന്നതിനെ രോഗം എന്ന വിഭാഗത്തിൽ പെടുത്തിയത്. ഇതിന്റെ പേരിൽ ലോകം മുഴുവൻ ചർച്ചകൾ തുടരുമ്പോൾ മാനവ വികസന സൂചികകളുടെ കാര്യത്തിൽ വികസിത രാജ്യങ്ങളോട് കിടനിൽക്കുന്ന കേരളവും സമൂഹത്തിൽ ഈ ചർച്ച തുടങ്ങിവെക്കേണ്ടതാണ്. നമ്മുടെ ജയിൽ സംവിധാനങ്ങളുടെ ഭാഗമായി, ശിക്ഷാ വിധികളുടെ ഭാഗമായി, ശിക്ഷ വിധിക്കുന്ന വിധിന്യായങ്ങളുടെ ഭാഗമായി, അല്ലെങ്കിൽ കുടുംബങ്ങൾക്കകത്തും, സമൂഹത്തിനകത്തും ഉണ്ടാവേണ്ട കുറ്റകൃത്യം തടയാനുള്ള ജാഗ്രതയുടെ ഭാഗമായി എല്ലാം ഈ ചർച്ചക്ക് പ്രസക്തിയുണ്ട്.

About Author

വി. എം. ദീപ

ദി ഐഡം എക്സിക്യൂട്ടീവ് എഡിറ്റർ. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം പ്രവർത്തിച്ചിട്ടിട്ടുണ്ട്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Anumol Linz
Anumol Linz
1 year ago

It is true that all sexual abuse is not
Due to psychological disorders Biofocating psychopaths and sexual criminals is right way to prevent abuses and ofcourse mislabeling also should be avoided. Our system needs to equipped more in this field.
Well written article.Very informative. Aprreciating AIDEM addressing socially relevant topics apart from politics and curent affairs.