പ്രൊഫ. കെ.എൻ പണിക്കർ പണ്ടേ എഴുതി; ‘ കേരള’ അല്ല ‘കേരളം’
ഇക്കഴിഞ്ഞ മാർച്ച് 9ന് തിരുവനന്തപുരത്ത് അന്തരിച്ച പ്രൊഫസർ. കെ.എൻ. പണിക്കർ കേരളത്തിന്റെ “പിതാവ്” ആണെന്ന് ഞാൻ പറഞ്ഞാൽ പലരും ചിരിക്കുമെന്നുറപ്പാണ്. കാരണം ഐതിഹ്യം അനുസരിച്ച് മഴു കടലിലെറിഞ്ഞ് അറബിക്കടലിൽ നിന്ന് കേരളം സൃഷ്ടിച്ച പരശുരാമനാണ് ആ ബഹുമതിക്ക് അർഹനെന്നായിരിക്കും അവരുടെ വാദം. മറ്റു ചിലരാകട്ടെ, കേരളത്തിൻ്റെ ഉത്ഭവകഥകളാകും പരാമർശിക്കുക. 1939-ൽ വി.പി. മേനോൻ ന്യൂഡൽഹിയിൽ സ്ഥാപിച്ച ‘കേരള ക്ലബ്ബിലെ’ ചർച്ചകൾക്കിടെ ഞങ്ങൾ പരസ്പരം പറയാറുണ്ട്. ഈ ക്ലബ്ബ് സ്ഥാപിക്കുമ്പോൾ കേരളം എന്നൊരു സംസ്ഥാനം നിലവിലില്ലായിരുന്നു എന്ന്. അന്ന് മഹാരാജാക്കന്മാർ ഭരിച്ചിരുന്ന തിരുവിതാംകൂറും കൊച്ചിയും പിന്നെ ബ്രിട്ടീഷുകാർ നേരിട്ട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി ഭരിച്ചിരുന്ന മലബാറും ഉൾപ്പെടെ മൂന്ന് മേഖലകൾ മാത്രമാണുണ്ടായിരുന്നത്.

ഒറ്റപ്പാലത്തെ എന്റെ സുഹൃത്ത് പ്രൊഫസർ രാജശേഖരൻ നായർ ഉൾപ്പെടെയുള്ള രാമകൃഷ്ണ മിഷന്റെ അനുയായികളുടെ അഭിപ്രായത്തിൽ സ്വാമി വിവേകാനന്ദന്റെ ശിഷ്യൻമാർ കൊണ്ടുവന്ന ആത്മീയ ഉണർവാണ് കേരളത്തെ രൂപപ്പെടുത്തിയതെന്നാണ്. അത്തരത്തിലൊരു വിവേകാനന്ദ ശിഷ്യനാണ് കേരളത്തിൽ മിഷൻ പരിചയപ്പെടുത്തിയതും പെരിയാറിന്റെ തീരത്ത് ഒരു ആശ്രമം സ്ഥാപിച്ച് വിശാലമായ ഒരു സാംസ്കാരിക സ്വത്വത്തിന്റെ വിത്തുകൾ പാകിയതും.
എങ്കിലും, ഈ നാടിനെ ഒരു ഏകീകൃത ബൗദ്ധിക-സാംസ്കാരിക രൂപമായി നിരന്തരം വിഭാവനം ചെയ്ത ഒരേയൊരാൾ പ്രൊഫസർ കെ.എൻ. പണിക്കർ ആണെന്ന് ഞാൻ പറയും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ നാട് വെറും “കേരള” (Kerala) ആയിരുന്നില്ല, മറിച്ച് “കേരളം” (Keralam) ആയിരുന്നു—സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റാനുള്ള ഇന്നത്തെ ആവശ്യം പാർലമെന്റിന്റെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിന് എത്തുന്നതിന് എത്രയോ മുൻപ് തന്നെ അദ്ദേഹം തന്റെ എഴുത്തുകളിലൂടെ കേരളം എന്ന പദം നിരന്തരം ഉപയോഗിച്ചിരുന്നു.
കൂടുതലും ഇംഗ്ളീഷിലാണ് എഴുതിയിരുന്നതെങ്കിലും, പണിക്കർ തന്റെ കൃതികളിൽ അധികവും “കേരളം” (Keralam) എന്ന പദം തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഏകദേശം 35 വർഷങ്ങൾക്ക് മുൻപ് തൂലിക പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘Culture, Ideology, Hegemony: Intellectuals and Social Consciousness in Colonial India’ എന്ന പുസ്തകം വായിക്കുമ്പോഴാണ് ഞാൻ ഇത് ആദ്യമായി ശ്രദ്ധിക്കുന്നത്. ആ പുസ്തകത്തിൽ പലതവണ സംസ്ഥാനത്തിന്റെ പേര് വരുന്നുണ്ട്, ഓരോ തവണയും “കേരളം” (Keralam) എന്ന് തന്നെയാണ് എഴുതിയിരുന്നത്.

ആദ്യം എനിക്ക് തോന്നിയത്, ഇതൊരു എഡിറ്റിംഗ് പിശകാണെന്നാണ്. എന്നാൽ വായന തുടരവെ, കേരളം എന്ന പദം ആവർത്തിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഇത് ബോധപൂർവ്വം ചെയ്യുന്നതാണെന്നത് വ്യക്തമായത്. കേരളത്തിൻ്റെ സാംസ്കാരിക സ്വത്വം, ചരിത്രപരമായ ഓർമ്മകൾ, ഭാഷാപരമായ ആധികാരികത എന്നിവയെക്കുറിച്ചുള്ള പണിക്കരുടെ അടിയുറച്ച നിലപാടാണ് ഇതിലൂടെ തെളിഞ്ഞുകണ്ടത്.
പ്രൊഫസർ പണിക്കരെ ആദ്യമായും അവസാനമായും ഞാൻ നേരിട്ട് കണ്ടത് ഡൽഹിയിലെ കേരള ക്ലബ്ബിൽ നടന്ന ഒരു യോഗത്തിൽ അദ്ദേഹം പ്രസംഗിക്കുന്നതിനിടെയാണ്. അന്ന് അദ്ദേഹം ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ മോഡേൺ ഹിസ്റ്ററി പ്രൊഫസറായിരുന്നു. ചരിത്രപരമായി സങ്കീർണ്ണത നിറഞ്ഞ ചോദ്യങ്ങൾക്ക് ഏറ്റവും ലളിതമായി മറുപടി നൽകിയ അദ്ദേഹത്തിൻ്റെ രീതിയാണ് എന്നെ ഹഠാദാകർഷിച്ചത്. പാണ്ഡിത്യ പ്രകടനമോ, ബൗദ്ധികമായ അഹങ്കാരമോ, കഠിനമായ വാക്കുകൾ (jargon) ഉപയോഗിച്ച് സദസ്സിനെ അത്ഭുതപ്പെടുത്താനുള്ള ശ്രമമോ അദ്ദേഹം നടത്തിയില്ല. പകരം, അറിവ് പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഒരു അധ്യാപകനെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്.

വർഗീയത, മതേതരത്വം, ദേശീയത എന്നിവയായിരുന്നു അന്ന് പൊതുചർച്ചകളിൽ നിറഞ്ഞുനിന്നിരുന്ന വിഷയങ്ങൾ. ഈ സംഭവവികാസങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടെ, ഞാൻ വീണ്ടും പണിക്കരുടെ രചനകളിലേക്ക് മടങ്ങിയെത്തി. “ഭാരത് പുത്ര” എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന എന്റെ പംക്തിയിൽ ഞാൻ അദ്ദേഹത്തെ അടിക്കടി ഉദ്ധരിക്കാറുണ്ടായിരുന്നു. വാസ്തവത്തിൽ, ഉദ്ധരണികൾ തേടിത്തേടി അദ്ദേഹമെനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായിത്തീർന്നു.
വർഗീയത, കൊളോണിയൽ പ്രത്യയശാസ്ത്രം, കേരളത്തിലെ കർഷക പ്രസ്ഥാനങ്ങൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികൾ ആ കാലഘട്ടത്തിൽ കൃത്യമായ ബൗദ്ധിക വ്യക്തത നൽകുന്നവയായിരുന്നു. വർഗീയതയെ വെറുമൊരു രാഷ്ട്രീയ പ്രതിഭാസമായിട്ടല്ല പണിക്കർ കണ്ടത്, മറിച്ച് അതിന്റെ ചരിത്രപരമായ വേരുകളെയും പ്രത്യയശാസ്ത്ര ഘടനകളെയും അതിനെ നിലനിർത്തുന്ന സാമൂഹിക ശക്തികളെയും അദ്ദേഹം വിശകലനം ചെയ്തു.
19-ാം നൂറ്റാണ്ടിലെ ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകളും അറിവിൻ്റെ അക്ഷയപാത്രമായിരുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും പ്രഗത്ഭ ചരിത്രകാരനുമായ ഇ.എം.എസ്. നമ്പൂതിരിപ്പാട്, പണിക്കരുടെ പാണ്ഡിത്യത്തെ വളരെയധികം ബഹുമാനിച്ചിരുന്നു. പണിക്കരുടെ ഒരു പുസ്തകത്തിന് ഇ.എം.എസ്. അവതാരിക എഴുതിയിരുന്നു എന്നത് ആ ചരിത്രകാരന്റെ ബൗദ്ധികമായ ഔന്നത്യം എത്രത്തോളമാണെന്നതിനുള്ള തെളിവാണ്.
രാജാറാം മോഹൻ റോയി, ബങ്കിം ചന്ദ്ര ചാറ്റർജി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ നവോത്ഥാനവുമായി ബന്ധപ്പെട്ട സാമൂഹിക-സാംസ്കാരിക മാറ്റങ്ങളെക്കുറിച്ച് പണിക്കർ വിപുലമായി എഴുതി. ജാതീയമായ അടിച്ചമർത്തലുകൾക്കും തീണ്ടലും തൊടീലും അടക്കം സാമൂഹികമായ ഒറ്റപ്പെടലുകൾക്കുമെതിരായ പോരാട്ടങ്ങളിലൂടെ കേരളത്തിൻ്റെ നവോത്ഥാനമുന്നേറ്റം എങ്ങനെയായിരുന്നുവെന്ന് അദ്ദേഹം തന്റെ പഠനങ്ങളിലൂടെ വ്യക്തമാക്കി.
പണിക്കരുടെ ഒരു ഉപന്യാസം വായിക്കവേയാണ് ഒ. ചന്തുമേനോന്റെ വിഖ്യാത നോവലായ ഇന്ദുലേഖയുടെ വ്യാപ്തി എൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. 1887-ൽ അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് ആദ്യത്തെ മലയാള നോവൽ എങ്കിലും 1889-ൽ പ്രസിദ്ധീകരിച്ച ഇന്ദുലേഖയാണ് സാഹിത്യപരമായ തികവും സാമൂഹിക ഉൾക്കാഴ്ചയും ഒത്തുചേർന്ന ആദ്യത്തെ യഥാർത്ഥ മലയാള നോവലായി നിരൂപകർ കണക്കാക്കുന്നത്.
പണിക്കരെ സംബന്ധിച്ചിടത്തോളം ഇന്ദുലേഖ വെറുമൊരു പ്രണയകഥയായിരുന്നില്ല. ഉന്നത വിദ്യാഭ്യാസവും ബുദ്ധിശക്തിയുമുള്ള ഇന്ദുലേഖ എന്ന നായർ യുവതിയും പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച മാധവനും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് നോവലിൽ പ്രതിപാദിക്കുന്നത്. വിദ്യാഭ്യാസം, യുക്തിചിന്ത, ആത്മാഭിമാനം എന്നിവയാൽ രൂപപ്പെട്ട പുതിയൊരു സാമൂഹിക ക്രമത്തിന്റെ ഉദയത്തെയാണ് അവരുടെ ബന്ധം സൂചിപ്പിക്കുന്നത്. യാഥാസ്ഥിതിക ബ്രാഹ്മണ്യ ആചാരങ്ങളും കാലഹരണപ്പെട്ട നാടുവാഴിത്ത രീതികളും അടക്കിവാണിരുന്ന ഒരു സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ നടക്കുന്നത്. ആ പാരമ്പര്യങ്ങളുടെ പ്രതീകമായ പ്രായം ചെന്ന ഒരു നമ്പൂതിരി ബ്രാഹ്മണന്റെ വിവാഹാഭ്യർത്ഥനയ്ക്ക് വഴങ്ങാൻ ഇന്ദുലേഖ വിസമ്മതിക്കുന്നു. പകരം, പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള തന്റെ അവകാശത്തിൽ അവൾ ഉറച്ചുനിൽക്കുന്നു.

യഥാർത്ഥത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിന്റെ സാമൂഹിക മാറ്റത്തെ നിർവചിച്ച പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടൽ നോവലിൽ പ്രതിഫലിക്കുന്നുണ്ട്. പരിവർത്തനഘട്ടത്തിലുള്ള സമൂഹത്തിന്റെ ശക്തമായ പ്രതിഫലനമായാണിതെന്നാണ് പണിക്കർ വിശേഷിപ്പിക്കുന്നത്.
ഏതാണ്ട് 12 വർഷങ്ങൾക്ക് മുൻപ് ഒരു യോഗത്തിൽ പ്രസംഗിക്കാനായി ഞാൻ മലപ്പുറം കോട്ടയ്ക്കൽ സന്ദർശിക്കവെ, കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ച മ്യൂസിയം കാണാൻ അവസരമുണ്ടായി. കേരളത്തിൽ ആയുർവേദത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ദീർഘദർശിയായ വൈദ്യരത്നം പി.എസ്. വാര്യർ 1902-ലാണ് ഈ സ്ഥാപനം തുടങ്ങിയത്. കൊളോണിയൽ ഭരണത്തിന് കീഴിൽ പരമ്പരാഗത വൈദ്യശാസ്ത്രം അവഗണന നേരിട്ടിരുന്ന അക്കാലത്ത്, പി.എസ്. വാര്യർ ആയുർവേദ ചികിത്സയെ ഒരു സ്ഥാപനവത്കരിച്ചു. പുരാതനമായ അറിവുകളും സാങ്കേതക വിദ്യയും സമന്വയിപ്പിച്ച് വൻതോതിലുള്ള മരുന്നുത്പാദനവും ആധുനിക പരിശീലന രീതികളും അദ്ദേഹം നടപ്പാക്കി. ഈ മ്യൂസിയം ആ സ്ഥാപനത്തിന്റെ ചരിത്രം മാത്രമല്ല, കേരളത്തിലെ ആയുർവേദത്തിന്റെ വിപുലമായ പൈതൃകം കൂടി അടയാളപ്പെടുത്തുന്നു. പ്രബുദ്ധമായ നേതൃത്വമുണ്ടായാൽ തദ്ദേശീയമായ അറിവുകൾക്കും ആധുനിക കാലഘട്ടത്തിൽ അതിജീവിക്കാനും തഴച്ചുവളരാനും കഴിയുമെന്ന് ഈ സ്ഥാപനം നമ്മെ ഓർമ്മിപ്പിക്കുന്നു.
ആ സന്ദർശന വേളയിൽ എന്നെ അത്ഭുതപ്പെടുത്തിയത് പി.എസ്. വാര്യർക്ക് ജനങ്ങൾക്കിടയിലുണ്ടായിരുന്ന അസാമാന്യമായ ജനപ്രീതിയെക്കുറിച്ചുള്ള പണിക്കരുടെ നിരീക്ഷണമാണ്. ആ പ്രദേശത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടായപ്പോൾ, അദ്ദേഹത്തിന് സംരക്ഷണമൊരുക്കാൻ പ്രാദേശിക മുസ്ലിം സമുദായം സ്വമേധയാ അദ്ദേഹത്തിന്റെ വീടിന് കാവൽ നിന്നു. അത്രത്തോളം ആഴത്തിലുള്ളതായിരുന്നു ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള ആദരവ്.
കേരളത്തിന്റെ പൊതുജീവിതത്തിൽ ഒരുകാലത്ത് നിലനിന്നിരുന്ന സാമൂഹിക സൗഹാർദ്ദത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈ സംഭവം. ആയുർവേദത്തിന്റെ ചരിത്രത്തെക്കുറിച്ചും പണിക്കർ എഴുതിയിട്ടുണ്ട്. ചില പരമ്പരാഗത വിശ്വാസങ്ങൾ ആയുർവേദത്തിന്റെ ശാസ്ത്രീയമായ വളർച്ചയ്ക്ക് തടസ്സമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, മനുഷ്യശരീരത്തിൽ മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന ധാരണ ശസ്ത്രക്രിയാരംഗത്തെ ആധുനികവത്കരണത്തിന് തടയുകയും ആ വൈദ്യശാസ്ത്ര ശാഖയുടെ വ്യാപ്തി പരിമിതപ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ വിവാഹ പരിഷ്കരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകളും ഏറെ ഉൾക്കാഴ്ച നൽകുന്നവയായിരുന്നു. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അടിച്ചമർത്തൽ രീതികൾക്കെതിരെയുള്ള പോരാട്ടങ്ങളെ അദ്ദേഹം വിശകലനം ചെയ്തു. അക്കാലത്ത് ബ്രാഹ്മണ പുരുഷന്മാർ മറ്റ് ജാതിയിലുള്ള സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നെങ്കിലും, ആ സ്ത്രീകൾക്ക് അന്തസ്സോ നിയമസാധുതയോ നൽകാൻ അവർ തയ്യാറായിരുന്നില്ല.
ജെ.എൻ.യുവിൽ പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫസർ ടി.കെ. ഉമ്മന്റെ സമകാലികനായിരുന്നു പണിക്കർ. രണ്ട് പണ്ഡിതന്മാരും ഏകദേശം ഒരേ സമയത്താണ് ഡീൻ പദവിയിലേക്ക് ഉയർന്നത്. എങ്കിലും അവരുടെ ബൗദ്ധിക യാത്രകൾ തികച്ചും വ്യത്യസ്തമായിരുന്നു. ജെ.എൻ.യു-വിലെ ചരിത്രരചനയെ സ്വാധീനിച്ച പ്രബലമായ മാർക്സിസ്റ്റ് പണ്ഡിത പാരമ്പര്യവുമായാണ് പണിക്കർ ബന്ധപ്പെട്ടു കിടന്നിരുന്നത്. എന്നാൽ പ്രൊഫസർ ഉമ്മനാകട്ടെ, നിലവിലുള്ള പ്രത്യയശാസ്ത്ര ചേരികളിൽ നിന്ന് മാറി ഒറ്റപ്പെട്ട ശബ്ദമായി നിൽക്കാനാണ് ആഗ്രഹിച്ചത്; ആ സ്വതന്ത്ര നിലപാടിന് പലപ്പോഴും അദ്ദേഹം വലിയ വില നൽകേണ്ടി വന്നു.
പ്രൊഫസർ പണിക്കർ അന്തരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹത്തേക്കാൾ പ്രായം കുറഞ്ഞ പ്രൊഫസർ ഉമ്മൻ വിടവാങ്ങിയത് വിധിയുടെ നിശ്ചയമാകാം. ജെ.എൻ.യുവിൽ നിന്ന് വിരമിച്ച ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയ പണിക്കർ അവിടെയും ബൗദ്ധികമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അദ്ദേഹം വിവിധ കമ്മിറ്റികളുടെ അധ്യക്ഷനായും സ്ഥാപനങ്ങളുടെ തലവനായും പ്രവർത്തിച്ചു. ചരിത്രം, സംസ്‌കാരം, മതേതരത്വം എന്നിവയെക്കുറിച്ചുള്ള പൊതുസംവാദങ്ങളിൽ അദ്ദേഹം നിരന്തരം ഇടപെട്ടു.
ഭൂതകാലത്തെക്കുറിച്ചുള്ള ലളിതമായ വിവരണങ്ങളെ അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു എന്നതാണ് പണിക്കരുടെ പാണ്ഡിത്യത്തിന്റെ പ്രത്യേകത. കൊളോണിയൽ ഭരണത്തെ മഹത്വവൽക്കരിക്കുന്ന സാമ്രാജ്യത്വ വ്യാഖ്യാനങ്ങളെയും സാമൂഹിക വൈരുദ്ധ്യങ്ങളെ അവഗണിക്കുന്ന ഇടുങ്ങിയ ദേശീയ ചരിത്രങ്ങളെയും അദ്ദേഹം ഒരുപോലെ തള്ളിപ്പറഞ്ഞു. പകരം സംസ്‌കാരം, പ്രത്യയശാസ്ത്രം, സാമൂഹിക മാറ്റം എന്നിവയിലൂടെ അദ്ദേഹം ചരിത്രത്തെ വിശകലനം ചെയ്തു.
എന്നെപ്പോലെയുള്ള വായനക്കാർക്ക്, ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ സങ്കീർണ്ണമായ പ്രക്രിയകളിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. അദ്ദേഹത്തിന്റെ വേർപാടിന്റെ വാർത്ത പടരുമ്പോൾ, രാജ്യത്തെമ്പാടുമുള്ള പണ്ഡിതന്മാരും വിദ്യാർത്ഥികളും മികച്ചൊരു ചരിത്രകാരനായി അദ്ദേഹത്തെ ഓർമ്മിക്കും. എന്നാൽ ഞങ്ങളിൽ ചിലർക്കെങ്കിലും, നമ്മുടെ സംസ്ഥാനത്തെ “കേരളം” എന്ന് വിളിക്കണമെന്ന് നിർബന്ധം പിടിച്ച ചിന്തകനായിരിക്കും അദ്ദേഹം. ചരിത്രം എന്നത് കേവലം ഭൂതകാലത്തെക്കുറിച്ചല്ല, മറിച്ച് നമ്മൾ നമ്മളെത്തന്നെ എങ്ങനെ വിഭാവനം ചെയ്യുന്നു എന്നതിനെക്കുറിച്ചാണെന്നും അദ്ദേഹം നമ്മെ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.





