ധവളപത്രത്തിന്റെ രാഷ്ട്രീയം
കടത്തിന്റെ ആവലാതി പറഞ്ഞ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീമാൻ.വി.ഡി.സതീശൻ ധവളപത്രം പുറത്തിറക്കി. കേരളത്തിന്റെ കാലങ്ങളായുളള സഞ്ചിത കടത്തിന്റെ പെരുക്കത്തെ എൽ.ഡി.എഫിന്റെ പിടിപ്പുകേടാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന് മറ്റൊരു മാനം കൂടിയുണ്ട്. ഇത്രയും കടമുള്ളത് കൊണ്ട് ഞങ്ങളെ കൊണ്ട് പറഞ്ഞതൊന്നും അത്ര വേഗത്തിൽ ചെയ്യാൻ കഴിയില്ലെന്നുള്ള മുൻകൂർ ജാമ്യമെടുക്കലാണ് ധനമന്ത്രി കൂടിയായ വി.ഡി.എസ് പറഞ്ഞുവച്ചിരിക്കുന്നത്. അതിന്റെ കൂടെ അടുത്ത അമ്പത് വർഷം കൊണ്ട് പോലും പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാരിനെ കൊണ്ട് പോലും സാധിക്കാത്ത ഒരു പദ്ധതി കൂടി യു.ഡി.എഫിന് വേണ്ടി മുഖ്യമന്ത്രി സ്വപ്നം കാണുന്നുണ്ട്.
സംസ്ഥാനത്തെ തീരദേശങ്ങളേയും നദികളേയും കായലുകളേയും രാജ്യാന്തര വിമാനത്താവളങ്ങളേയും ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഈ പദ്ധതിയുടെ പേര് മിഷൻ സമുദ്ര.
തീരദേശ-ഉൾനാടൻ ജലഗതാഗത വകുപ്പിനും,വ്യോമയാന-ജലവിഭവവകുപ്പിനും ഇത് നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള നിർദ്ദശം പോയി കഴിഞ്ഞു.യു.ഡി.എഫ് പ്രകടനപത്രികയ്ക്ക് പുറത്ത് തന്റേതായ അഞ്ചു വമ്പൻ പദ്ധതികൾ കേരളത്തിൽ നടപ്പാക്കണമെന്നാണ് വി.ഡി സതീശൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

കിഫ്ബിയെന്ന ആശയം തോമസ് ഐസക്കിന്റേതായതു കൊണ്ട് അതിനെ മോശം പദ്ധതിയെന്ന് വരുത്തിത്തീർക്കാനുള്ള ഒരു ത്വര സാധാ ബൂത്തുകമ്മിറ്റി കോൺഗ്രസ്സുകാരനുപോലും ഉള്ളത് പോലെയാണ് അവരുടെ പ്രതികരണം കണ്ടാൽ തോന്നുക. യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതാണ് ഊ തോന്നൽ.
സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനം ശമ്പളം,പെൻഷൻ,പലിശ കൊടുക്കൽ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ഒരു സംസ്ഥാനത്തിന് ബഡ്ജറ്റിതര വരുമാനം കണ്ടെത്തിയേ തീരു.
കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട വിഹിതം പോലും ലഭിക്കാത്ത അവസ്ഥയ്ക്ക് ഉടനടി മാറ്റം വരാൻ പോകുന്നില്ല. കിഫ്ബി കഴിഞ്ഞ ഒമ്പത് വർഷമായി നടത്തിയ സകല ഇടപാടുകളും ഇഴകീറി പരിശോധിക്കാൻ നീക്കമെന്നാണ് പത്രമുത്തശ്ശി എഴുതി പിടിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്തെ അതിവിദഗ്ധന്മാർ അടുത്ത അഞ്ചു വർഷം ലഭ്യമായിട്ടുളള വെരിഫൈഡ് എ.ഐ ടൂളുകൾ ഉപയോഗിച്ച് അഹോരാത്രം പണിയെടുത്താൽ പോലും ഇത് സാധിക്കാൻ പോകുന്നില്ല. മസാല ബോണ്ടുകളുടെ വിതരണം രാജ്യാന്തര മണിമാർക്കറ്റുകളിലാണ് നടന്നിരിക്കുന്നത്. അതിന്റെ സങ്കീർണ്ണതകൾ വി.ഡി.എസിന് ബോധ്യപ്പെടാൻ കുറച്ച് സമയമെടുക്കും. മാത്രമല്ല അണികളെ സുഖിപ്പിക്കാൻ കിഫ്ബിയെ താറടിക്കാമെങ്കിലും മുന്നോട്ട് പോകാൻ സതീശനും വേറെ വഴിയില്ലെന്നതാണ് സത്യം.

വാളെടുത്തവൻ വാളാലേ എന്ന കേരള പഴമൊഴി ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത് പശ്ചിമബംഗാളിലാണ്. കോൺഗ്രസ്സിൽ നിന്നും മറുകണ്ടം ചാടി, ഇടതുപക്ഷത്തു നിന്നവരെയൊക്കെ കൈകരുത്ത് നേരിട്ട് പതിനഞ്ച് കൊല്ലം വംഗദേശത്ത് ഭരണം കൈയ്യാളിയ ദീദി ഇപ്പോൾ നടുറോഡിലാണ്.കൂടെ അനന്തിരവനും കൂട്ടുണ്ട്. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന യുവതുർക്കി ഋതബ്രത ബാനർജിയെ വലിച്ചെടുത്ത് പ്രധാന ചുമതലകൾ ഏൽപ്പിച്ചപ്പോൾ അതിത്രയും വലിയ കെണിയാകുമെന്ന് അമ്മായിയും മരുമകനും അറിഞ്ഞിട്ടുണ്ടാകില്ല.നല്ല ഷർട്ടിട്ടു, ഐഫോൺ ഉപയോഗിച്ചു ഏതോ സ്ത്രീയുമായി പ്രണയത്തിലേർപ്പെട്ടു എന്ന കുറ്റങ്ങൾ ചാർത്തി അയാളെ പുറത്താക്കിയ സി.പി.എമ്മിനും ഇപ്പോൾ ദുഖിക്കാം. ആധുനികകാല രാഷ്ട്രീയത്തിന് വേണ്ട എല്ലാ കളികളും നന്നായി അറിയാവുന്ന ഈ നാൽപത്തിയെട്ടുകാരൻ മമതയ്ക്ക് നൽകിയിരിക്കുന്ന ഷോക്ക് ചെറുതല്ല.
തൃണമൂൽ കോൺഗ്രസ്സ് എന്ന ആശയരഹിത പാർട്ടി ബംഗാളിൽ അപ്രസക്തമാകുമ്പോൾ അതിന്റെ നേട്ടം കൊയ്യേണ്ടത് അവിടത്തെ ഇടതുപക്ഷ പാർട്ടികളാണ്.
അടുത്ത തെരഞ്ഞെടുപ്പാകുമ്പോൾ സി.പി.എമ്മും ബി.ജെ.പിയും നേർക്കുനേർ വരും. മതാന്ധതയും മതനിരപേക്ഷതയും തമ്മിലുള്ള ഏറ്റുമുട്ടലായി അതുമാറുകയും ചെയ്യും.അതിന് തയ്യാറാകാൻ ബംഗാളിലെ ഇടതുപക്ഷം വല്ലാതെ വിയർപ്പൊഴുക്കേണ്ടതുണ്ട്.ഇപ്പോഴുള്ള ദുർബലമായ നേതൃത്വത്തിന് നിർബന്ധിത വിരമിക്കൽ നൽകി ജനങ്ങൾക്കിഷ്ടമുള്ള മീനാക്ഷി മുഖർജിയെ പോലുള്ളവരെ സംസ്ഥാന സെക്രട്ടറിയായൊക്കെ പരീക്ഷിക്കാൻ സി.പി.എം കേന്ദ്ര നേതൃത്വം തയ്യാറാകണമെന്ന് മാത്രം.

ഡിക്ടേറ്റഡ്, ഡിലീറ്റ്, ഡിപ്പോർട്ട് എന്ന തലതിരിഞ്ഞ ആശയവുമായി മുന്നോട്ട് പോകുന്ന സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ തീക്കൊള്ളി കൊണ്ട് തലചൊറിഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വതന്ത്ര്യാനന്തര കാലത്ത് ഒഴുകിയ രക്തപുഴകൾ ബംഗാളിൽ ആവർത്തിക്കുമോ എന്നത് വലിയ താമസം കൂടാതെ കാണാം.അധികാരം എന്നത് ഒരു ജനതയെ തിരിച്ചറിയാനുള്ള അളവുകോൽ അല്ലെന്നത് തെളിയിക്കപ്പെട്ട ഒന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷനേയും കേന്ദ്ര സേനകളേയും ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നത് പോലെയാകില്ല ജനങ്ങളുടെ ജീവിതമാർഗ്ഗത്തിൽ കൈകടത്തി കൊണ്ടുള്ള തീരുമാനങ്ങൾ.
ഗോവധനിരോധനം എന്ന കരിനിയമം ബംഗാളിൽ ഉണ്ടാക്കിയിരിക്കുന്നത് മുസ്ലിം-ഹിന്ദു യുദ്ധമല്ല, മറിച്ച് ഏകീകരണമാണ്.
കറവവറ്റിയ പശുക്കളെ വിറ്റ് പുതിയവയെ വാങ്ങി ജീവിതം നടത്തിയിരുന്ന ഹിന്ദുവും അത്തരം പശുക്കളെ വാങ്ങി മാംസവും തുകലും വിറ്റ് ജീവിച്ചിരുന്ന മുസ്ലിമുകളും ഇപ്പോൾ വരുമാനം മുട്ടിനിൽക്കുന്നു.കേൾക്കുമ്പോൾ അതിത്രയും ഭീകരമാണോയെന്ന് നമുക്ക് തോന്നാം. മിനിമം കൂലി പോലും ലഭിക്കാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്തി പണിയെടുക്കുന്ന ബംഗാളിയ്ക്ക് അതൊരു കനത്ത പ്രഹരം തന്നെയാണ്.ഇത്തരം കരാള നിയമങ്ങളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പി സർക്കാരിനെതിരെ ബംഗാളി ഭദ്രലോകവും കൂടി എതിരാകാൻ വലിയ കാലതാമസമില്ല.ബംഗാളിന്റെ പ്രതീകമായ ടാഗോറിന് പകരം ഗോൾവാൽക്കറെ പ്രതിഷ്ഠിക്കാനും കാവിയുടുത്ത ഭാരതാംബയെ തെരുവോരങ്ങളിൽ പ്രദർശിപ്പിക്കാനും സുവേന്ദുവിന് മേൽ നാഗ്പൂരിന്റെ സമ്മർദ്ദമേറും. കാരണം ആർ.എസ്.എസിന് അത് ചെയ്യാതിരിക്കാനാകില്ല.

തമിഴ്നാട്ടിലെ ഒരു പുതിയ നാടകം കൂടി എഴുതി കുറിപ്പ് അവസാനിപ്പിക്കാം. തമിഴ്നാട്ടിലെ മുൻ ബി.ജെ.പി പ്രസിഡന്റ് ബി.ജെ.പി വിട്ട് വി ദി ലീഡേഴ്സ് എന്ന പുതിയ കൂട്ടായ്മ ഉണ്ടാക്കാൻ പോകുന്നു. അതിന് മുമ്പ് അദ്ദേഹം ഡൽഹിയിലെത്തി അമിത്ഷായെ കണ്ടിരുന്നു. ബി.ജെ.പി എന്ന തരത്തിൽ തമിഴ്നാട്ടിൽ നേരിട്ട് കടന്നുകൂടാൻ കഴിയാത്തത് കൊണ്ട് സൃഷ്ടിക്കാൻ പോകുന്ന പുതിയ വനവാസി കല്യാൺ മഞ്ചാണ് അണ്ണാമലൈയുടെ പുതിയ ഔട്ട്ഫിറ്റ്.

പിൻവാതിലിൽ കൂടി ഹിന്ദുത്വ ആശയ പ്രചാരണത്തിനുള്ള കുബുദ്ധി. പല സംസ്ഥാനങ്ങളിലും ഇത്തരം നിഷ്ക്കളങ്ക കളികൾ സംഘപരിവാരം കഴിഞ്ഞ നൂറ് വാർഷങ്ങളായി നടത്തി വരുന്നുണ്ട്. മഹാഭാരതത്തിന്റേയും രാമായണത്തിന്റേയും ചെറിയ രൂപങ്ങൾ അച്ചടിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സൗജന്യമായി വിതരണം ചെയ്ത ഗീതപ്രസ്സിന്റെ കാലത്ത് തുടങ്ങിയതാണ് ഈ മാരീച തന്ത്രം.കോൺഗ്രസ്സിലെ ഹിന്ദുത്വവാദികൾ കൂടി പ്രോൽസാഹിപ്പിച്ചപ്പോൾ അത് വമ്പൻ ഹിറ്റായി. ആ ഹിറ്റിന്റെ ഉപോൽപ്പന്നമാണ് നരേന്ദ്രമോഡിയും കൂട്ടുകാരും.
ദ്രവീഡിയൻ രാഷ്ട്രീയത്തിന് താൽക്കാലിക അവധി നൽകി വിസിൽ രാഷ്ട്രീയത്തിന് തമിഴ് ജനത ഇടം കൊടുത്തിട്ടും ഹിന്ദുത്വ രാഷ്ട്രീയത്തെ അവർ അകറ്റി നിറുത്തുന്നത് സംഘപരിവാരത്തിനെ വിറളി പിടിപ്പിച്ചിരിക്കുന്നു.
അതിന് ഒരു അവസാനം കാണാനാണ് അണ്ണാമലൈ എന്ന കുടില രാഷ്ട്രീയക്കാരനെ പുതിയ വേഷം കെട്ടിച്ച് സംഘപരിവാരം തമിഴ്മണ്ണിൽ വിളവെടുക്കാൻ വിട്ടിരിക്കുന്നത്.





