A Unique Multilingual Media Platform

Articles Development Health Kerala Law Politics Social Justice Society South India

ജനകീയമാവണം പുതിയ വയോജന മന്ത്രാലയം

  • May 31, 2026
  • 1 min read
ജനകീയമാവണം പുതിയ  വയോജന മന്ത്രാലയം

കേരളം ഇന്ന് കടന്നുപോകുന്നത് സമാനതകളില്ലാത്ത ഒരു ജനസംഖ്യാപരമായ പരിവർത്തനത്തിലൂടെയാണ് . മികച്ച ആരോഗ്യപരിപാലനം മൂലം ശരാശരി ആയുസ്സ് വർദ്ധിച്ചതും, ജനനനിരക്ക് കുത്തനെ കുറഞ്ഞതും, യുവാക്കളുടെ വൻതോതിലുള്ള വിദേശ കുടിയേറ്റവും കേരളത്തെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ പ്രായമേറുന്ന സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. നിലവിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ 18.7 ശതമാനത്തിലധികം വയോജനങ്ങളാണ്. ഈ പശ്ചാത്തലത്തിൽ, പുതുതായി നിലവിൽ വന്ന വയോജന ക്ഷേമ മന്ത്രാലയം കേവലം ഒരു പെൻഷൻ വിതരണ വകുപ്പായി മാറാതെ, ആധുനികമായ ഒരു ‘വയോജന ഭരണസംവിധാനം’ ആയി മാറേണ്ടതുണ്ട്.

ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റിയ കേരളത്തിന്റെ സ്വന്തം ‘പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ’ മാതൃകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ പങ്കാളിത്തവും മുൻനിർത്തി ഈ പുതിയ വകുപ്പിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കാൻ സാധിക്കുന്ന സമഗ്രമായ ചില നിർദേശങ്ങൾ പരിശോധിക്കാം.

1. ഏകീകൃത വയോജന ഡാറ്റാബേസും സിംഗിൾ വിൻഡോ സംവിധാനവും:

സംസ്ഥാനത്തെ ഓരോ മുതിർന്ന പൗരന്റെയും സാമൂഹിക, സാമ്പത്തിക, ആരോഗ്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ഡിജിറ്റൽ ഡാറ്റാബേസ് മന്ത്രാലയം ആദ്യം തന്നെ രൂപീകരിക്കണം. ഒറ്റയ്ക്ക് താമസിക്കുന്നവർ, കിടപ്പിലായവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിങ്ങനെ ഇവരെ തരംതിരിക്കണം.


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലവിലുള്ള വയോജന പദ്ധതികളെല്ലാം ഈ ഒരു മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരികയും സേവനങ്ങൾ അനായാസം ലഭ്യമാക്കാൻ ഒരു ‘സിംഗിൾ വിൻഡോ’ സംവിധാനം ഒരുക്കുകയും വേണം.


2. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വവും വയോജന സഭകളും:

കേരളത്തിലെ വയോജനങ്ങളിൽ ഭൂരിഭാഗവും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. അതുകൊണ്ട് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇവരുടെ ദൈനംദിന ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താനാകും.

വയോജന വികേന്ദ്രീകൃത ആസൂത്രണം: തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക ബജറ്റിന്റെ നിശ്ചിത ശതമാനം (ഉദാഹരണത്തിന് 5 മുതൽ 10 ശതമാനം വരെ) വയോജന ക്ഷേമത്തിനായി മാത്രം മാറ്റിവെക്കണം

വാർഡ് തല വയോജന സഭകളും ഹെൽപ്പ് ലൈനും: ഗ്രാമസഭകൾ പോലെ തന്നെ ഓരോ വാർഡിലും മുതിർന്ന പൗരന്മാരുടെ ‘വയോജന സഭകൾ’ വിളിച്ചുകൂട്ടി അവരുടെ ആവശ്യങ്ങളും പരാതികളും നേരിട്ട് കേൾക്കാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണം.

3. കുടുംബശ്രീയും വയോജന പരിചരണവും: 

കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ മുഖമുദ്രയായ കുടുംബശ്രീക്ക് സംസ്ഥാനത്തെ ഓരോ വീടുമായും ശക്തമായ ബന്ധമുണ്ട്. ഈ വിപുലമായ ശൃംഖലയെ വയോജന പരിചരണത്തിനായി ഉപയോഗിക്കുന്നത് വഴി ഒരേസമയം വയോധികർക്ക് മികച്ച പരിചരണവും, പ്രാദേശികമായി സ്ത്രീകൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിക്കും.

നിലവിൽ ചില തദ്ദേശ സ്ഥാപനങ്ങളിൽ മാത്രം പേരിന് മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നാണ് കുടുംബശ്രീയുടെ ‘ഹർഷം’ പദ്ധതി. ഈ നിഷ്ക്രിയത്വം അവസാനിപ്പിച്ച് പദ്ധതിയെ അടിമുടി പരിഷ്കരിക്കണം. കേരളത്തിന്റെ ഏതൊരു കോണിലുള്ള സാധാരണക്കാരനായ വയോധികനും ഈ സേവനം ലഭ്യമാകുന്ന രീതിയിൽ വിപുലമായ ഒരു ശൃംഖലയായി ഇതിനെ മാറ്റണം.


ഓരോ തദ്ദേശ സ്വയംഭരണ വാർഡിലും വിശ്വസ്തരായ കുറഞ്ഞത് രണ്ട് കെയർ ഗിവർമാരെയെങ്കിലും 24 മണിക്കൂറും ലഭ്യമാക്കുന്ന രീതിയിലേക്ക് പദ്ധതിയെ പുനഃക്രമീകരിക്കേണ്ടതുണ്ട്.


കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ തിരുവനന്തപുരത്ത് ‘ഹർഷം’ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു(6 ജൂലൈ 2018).

വയോജന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനെ പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രൊഫഷണൽ  കെയർ ഗിവർമാർക്ക് ശാസ്ത്രീയമായ പരിശീലനം നൽകണം. വാർദ്ധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ കൈകാര്യം ചെയ്യൽ, പ്രഥമശുശ്രൂഷ, മരുന്നുകൾ കൃത്യസമയത്ത് നൽകൽ, ബി.പി, ഷുഗർ എന്നിവ പരിശോധിക്കാനുള്ള പരിശീലനം, ഇൻസുലിൻ നൽകൽ, മാനസീകമായ പിന്തുണ നൽകൽ എന്നിവ ഇതിൽ ഉൾപ്പെടുത്തണം.

കെയർ പോർട്ടൽ’ സംവിധാനം: സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഓരോ പഞ്ചായത്തിലും ലഭ്യമായ കുടുംബശ്രീ കെയർ ഗിവർമാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. വിദേശത്തോ മറ്റു ജില്ലകളിലോ ജോലി ചെയ്യുന്ന മക്കൾക്ക് നാട്ടിലുള്ള തങ്ങളുടെ മാതാപിതാക്കളെ പരിചരിക്കാൻ ഈ ആപ്പ് വഴി വിശ്വസ്തരായ കെയർ ഗിവർമാരുടെ സേവനം മണിക്കൂർ അടിസ്ഥാനത്തിലോ ദിവസ അടിസ്ഥാനത്തിലോ ബുക്ക് ചെയ്യാൻ സാധിക്കണം.

4. കമ്മ്യൂണിറ്റി അധിഷ്ഠിത വയോജന പരിചരണവും പാലിയേറ്റീവ് ഗ്രിഡും:

ആശുപത്രികളിലോ വൃദ്ധസദനങ്ങളിലോ വയോജനങ്ങളെ പ്രവേശിപ്പിക്കുന്നതിനേക്കാൾ അവർ ആഗ്രഹിക്കുന്നത് സ്വന്തം വീട്ടിലും പരിചിതമായ അന്തരീക്ഷത്തിലും ജീവിക്കാനാണ്. പാലിയേറ്റീവ് കെയറിലെ ലിങ്ക് വളന്റിയർമാരെപ്പോലെ, ഓരോ അയൽപക്കത്തും ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സഹായിക്കാൻ വളന്റിയർമാരെ കണ്ടെത്താം. ആഴ്ചയിലൊരിക്കൽ ഇവരുടെ വീടുകൾ സന്ദർശിക്കുക, മരുന്നുകളും അവശ്യസാധനങ്ങളും എത്തിക്കുക, സംസാരിച്ചിരിക്കുക എന്നിവ ഈ വളന്റിയർമാർക്ക് ചെയ്യാനാകും.

ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ അവതരിപ്പിച്ച ‘കേരള കെയർ പാലിയേറ്റീവ് ഗ്രിഡ്’ സംവിധാനം ആവശ്യത്തിന് തയ്യാറെടുപ്പുകളോ മുൻകരുതലുകളോ ഇല്ലാതെ അതിവേഗം നടപ്പിലാക്കിയതുകൊണ്ട് തന്നെ നിലവിൽ നിരവധി പ്രായോഗിക പരിമിതികൾ നേരിടുന്നുണ്ട്. ഈ സാങ്കേതിക സംവിധാനത്തെ അടിമുടി പരിഷ്കരിക്കുകയും ഫീൽഡ് തലത്തിലുള്ള ജീവനക്കാർക്കും വളന്റിയർമാർക്കും കൃത്യമായ പരിശീലനം നൽകി കൂടുതൽ ജനകീയമാക്കുകയും വേണം. ഈ അടിസ്ഥാനപരമായ പോരായ്മകൾ പരിഹരിച്ചതിന് ശേഷം മാത്രമേ വാർദ്ധക്യകാല പരിചരണത്തെ ഈ ഗ്രിഡിലേക്ക് വിജയകരമായി കൂട്ടിച്ചേർക്കാനും കിടപ്പിലായ രോഗികൾക്ക് തടസ്സമില്ലാത്ത പരിചരണം ഉറപ്പാക്കാനും സാധിക്കൂ.

5. ‘സിൽവർ ഇക്കണോമി’യും സജീവ വയോജന നയവും: 

വാർദ്ധക്യത്തെ ഒരു ബാധ്യതയായി കാണുന്ന പരമ്പരാഗത ചിന്താഗതി മാറണം. ആരോഗ്യമുള്ള മുതിർന്ന പൗരന്മാരുടെ അറിവും പരിചയസമ്പത്തും സമൂഹത്തിന് പ്രയോജനപ്പെടുത്തുന്ന ‘ആക്ടീവ് ഏജിങ്’ പ്രോത്സാഹിപ്പിക്കണം. മുതിർന്നവർക്കായുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ഉത്പാദിപ്പിക്കുന്ന ‘സിൽവർ ഇക്കണോമി’ മേഖലയിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാം. വയോജനങ്ങൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് പാർട്ട് ടൈം ജോലികൾ ചെയ്യാനും കൗൺസിലിങ്, അധ്യാപനം തുടങ്ങിയ മേഖലകളിൽ സന്നദ്ധസേവനം നടത്താനുമുള്ള അവസരങ്ങൾ മന്ത്രാലയം ഒരുക്കണം.

6. വാർദ്ധക്യകാല ആരോഗ്യ പരിപാലനവും മാനസികാരോഗ്യവും: 

കേരളത്തിലെ വയോജനങ്ങളിൽ വലിയൊരു പങ്കും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്.

എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും പ്രത്യേക ജെറിയാട്രിക്  ക്ലിനിക്കുകൾ ഉറപ്പാക്കണം.


വയോജനങ്ങളിലെ വിഷാദരോഗം, ഡിമെൻഷ്യ തുടങ്ങിയവ നേരത്തെ കണ്ടെത്താനും പരിഹരിക്കാനുമുള്ള കൗൺസിലിങ് കേന്ദ്രങ്ങൾ വാർഡുതലത്തിൽ ആരംഭിക്കണം.


കുടുംബശ്രീ പ്രവർത്തകർ വയോജനങ്ങളുടെ വീടുകൾ നിരന്തരം സന്ദർശിക്കുന്നതിലൂടെ, വയോധികർ അനുഭവിക്കുന്ന അവഗണനകൾ, അതിക്രമങ്ങൾ, അല്ലെങ്കിൽ മാനസിക വിഷമതകൾ എന്നിവ നേരത്തെ കണ്ടെത്താനും അത് വാർഡ് മെമ്പർമാരെയോ വയോജന മന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈനുകളെയോ അറിയിക്കാനും (Early Intervention) സാധിക്കും.

7. പകൽവീടുകളും സ്വകാര്യ വയോജന കേന്ദ്രങ്ങളുടെ നിയന്ത്രണവും: 

തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പകൽവീടുകൾ  കേവലം വയോജനങ്ങൾ വന്നിരിക്കുന്ന ഒരിടം മാത്രമാകരുത്. വയോജനങ്ങൾക്ക് ആവശ്യമായ പോഷകാഹാരം പാകം ചെയ്ത് നൽകുന്നതിനും, വിരമിച്ചവരുടെ കൂട്ടായ്മകൾ രൂപീകരിക്കാനും, കല, സാഹിത്യം, വിനോദങ്ങൾ എന്നിവയിലൂടെ വയോജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലോക്കൽ ക്ലബ്ബുകളുടെയും വായനശാലകളുടെയും സഹായത്തോടെ ഇവയെ സജീവമാക്കണം. കൂടാതെ, സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സ്വകാര്യ വയോജന കേന്ദ്രങ്ങളുടെയും അസിസ്റ്റഡ് ലിവിങ് (Assisted Living) സൗകര്യങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ കൃത്യമായ മാനദണ്ഡങ്ങളും ഓഡിറ്റിങ്ങും മന്ത്രാലയം നടപ്പിലാക്കണം.

കോഴിക്കോട് ജില്ലയിലെ പകൽവീടിൽ നിന്നൊരു ദൃശ്യം

8. നിയമപരമായ സുരക്ഷിതത്വം:

വയോജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ, സ്വത്തുതർക്കങ്ങൾ, മക്കൾ ഉപേക്ഷിക്കുന്ന അവസ്ഥ എന്നിവ പരിഹരിക്കാൻ വയോജന കമ്മീഷൻ നിയമം (Kerala State Elderly Commission Act) കൂടുതൽ കർശനമായി നടപ്പിലാക്കണം. ജില്ലാതലങ്ങളിൽ അതിവേഗ പരാതി പരിഹാര സെല്ലുകൾ സ്ഥാപിക്കുകയും വയോജനങ്ങൾക്ക് സൌജന്യ നിയമസഹായം ഉറപ്പാക്കുകയും വേണം. ഡിജിറ്റൽ ബാങ്കിങ് തട്ടിപ്പുകളിൽ നിന്ന് ഇവരെ സംരക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

വയോജന കമ്മീഷൻ നിയമം: മുതിർന്ന പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കേരളം (പ്രതീകാത്മക ചിത്രം).

ഒരു സമൂഹം എത്രത്തോളം സംസ്കാരസമ്പന്നമാണെന്ന് അളക്കുന്നത് അത് തങ്ങളുടെ വയോജനങ്ങളെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ജനകീയ സൂത്രണത്തിലൂടെ കേരളം നേടിയെടുത്ത വികേന്ദ്രീകരണ അനുഭവവും, പാലിയേറ്റീവ് കെയറിലെ ജനകീയ കൂട്ടായ്മയും, കുടുംബശ്രീയുടെ കരുത്തും പുതിയ വയോജന മന്ത്രാലയത്തിന്റെ നയങ്ങളുമായി ചേർത്തുവെച്ചാൽ, വാർദ്ധക്യത്തെ ഭയമില്ലാതെ ആദരവോടെയും അന്തസ്സോടെയും വരവേൽക്കാൻ കഴിയുന്ന ഒരു മാതൃകാ വയോജന സൗഹൃദ കേരളം നമുക്ക് കെട്ടിപ്പടുക്കാൻ സാധിക്കും.

About Author

ഡോ എൻ എം മുജീബ് റഹ്മാൻ

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ മെഡിക്കൽ ഡയറക്ടറാണ് ഡോ. എൻ. എം. മുജീബ് റഹ്മാൻ. ജനറൽ സർജറി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റായ അദ്ദേഹം മെഡിക്കൽ സംബന്ധിയായ ലേഖനങ്ങൾ എഴുതുകയും ദൃശ്യ-ശ്രാവ്യ (ഓഡിയോ വിഷ്വൽ) പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x