A Unique Multilingual Media Platform

The AIDEM

Articles Economy

ആരുടെ അമൃതകാലം?

  • February 23, 2022
  • 1 min read
ആരുടെ അമൃതകാലം?

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ഇനിയങ്ങോട്ടുള്ള 25 വർഷത്തെ ശുഭകാലത്തിന്‍റെ (‘അമൃത് കാൽ’) രൂപരേഖയാണ് അതെന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു ഈ കാലയളവിനെ ‘അമൃത് കാൽ’ എന്ന് ആദ്യം വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ ഇനിയുള്ള കാൽനൂറ്റാണ്ടു കാലം സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവമായിരിക്കും (‘ആസാദി കാ അമൃത് മഹോത്സവ്’) എന്ന് ആദ്ദേഹം പറഞ്ഞു. ബിജെപി വിഭാവനം ചെയ്യുന്ന ‘പുതിയ’  ഇന്ത്യയെ വിവരിക്കാൻ ആത്മനിർഭരത പോലെ ഒരു പുതിയ രൂപകം (metaphor) കൂടെ സംഭാവന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അതുകൊണ്ട് ധനകാര്യമന്ത്രിയുടെ നാലാമത് ബജറ്റ് പ്രസംഗത്തിൽ അമൃത് കാലത്തിന് ഒരു സുപ്രധാന ഇടം കിട്ടിയതിൽ അത്ഭുതപ്പെടാനില്ല. ബജറ്റെന്നത് ആത്യന്തികമായും വരവുചിലവുകളുടെയും നീക്കിവയ്ക്കലുകളുടെയും രേഖയാണെന്നത് ശരിയാണ്. എങ്കിലും രാഷ്ട്രീയ സമ്പത് വ്യവസ്ഥയിലെ (political economy) രാഷ്ട്രീയത്തിന് പൊതുബോധ നിർമ്മിതിയെ, അതിന് ചേർന്ന റെട്ടറിക്കിനെ, അവഗണിക്കാനൊക്കില്ല. വിഷയം ധനകാര്യമായാലും ബജറ്റവതരണങ്ങളും നയപ്രഖ്യാപന പ്രസംഗങ്ങളുമൊക്കെ രൂപകങ്ങളും, കവിതകളും, മുദ്രാവാക്യങ്ങളും, പലപ്പോഴും മൗനം കൊണ്ടു തന്നെയും സമൃദ്ധമായിരിക്കുന്നത് അതുകൊണ്ടാണ്.

പടിക്ക് പുറത്താകുന്ന പോപ്പുലിസം

ഇത്തവണത്തെ ബജറ്റിനെ കുറിച്ച് ധാരാളമായി പറഞ്ഞു കേൾക്കുന്ന ഒരു കാര്യം ഒരു തിരഞ്ഞെടുപ്പ് കാലമായിട്ട് പോലും അത് ജനപ്രിയ (populist) പ്രഖ്യാപനങ്ങളിൽ നിന്ന് മാറിനിന്നു എന്നാണ്. അമൃതകാലത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലിനപ്പുറം ബഹുഭൂരിപക്ഷം സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ഒന്നും തന്നെ ഈ ബജറ്റിൽ ഇല്ല. ജനപ്രിയതയിൽ അഭിരമിക്കുന്നതിന് പകരം ലക്ഷ്യബോധത്തോടെ കാര്യനിർവഹണശേഷിയിൽ ഊന്നി മുന്നോട്ട് പോകുന്ന ഒരു സർക്കാരിന്‍റെ ധീരതയായി ഇതിനെ കാണുന്നവരുണ്ട്.

സർക്കാരിന്‍റെ അടിയന്തിരമായ ഇടപെടൽ ആവശ്യമായ രൂക്ഷമായ പ്രതിസന്ധികളൊന്നും ഇന്നാട്ടിലെ ജനങ്ങളുടെ ജീവിതത്തിൽ ഇല്ലായിരുന്നുവെങ്കിൽ ഈ വാദം അംഗീകരിക്കാമായിരുന്നു. പക്ഷെ, അതല്ലല്ലോ സ്ഥിതി. സാധാരണഗതിയിൽ ഇങ്ങനെയൊരു സാഹചര്യത്തിൽ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ നിന്ന് മുഖം തിരിക്കാൻ ഒരു ജനാധിപത്യസർക്കാരിന് ബുദ്ധിമുട്ടായിരിക്കും. പ്രത്യയശാസ്ത്ര വിശ്വാസങ്ങൾ എന്തായാലും എതിരാളികളാൽ ജനപ്രിയമെന്ന് അപഹസിക്കപ്പെടുകയും അനുകൂലികൾ ജനോപകാരമെന്ന് വാഴ്ത്തുകയും ചെയ്യുന്ന പദ്ധതികൾ കാലാകാലങ്ങളിൽ പ്രഖ്യാപിക്കാൻ മിക്ക ഗവൺമെന്റുകളും നിർബന്ധിതരാകുന്നത് അങ്ങിനെയാണ്.

പക്ഷെ, മോദി സർക്കാരിന്‍റെ രണ്ടാമൂഴത്തിൽ അവരതിന് മിനക്കെടുന്നില്ല. ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സാമ്പത്തിക ഉദാരവൽക്കരണത്തിലൂടെ ഉടച്ചുവാർക്കാനുള്ള കാൽ നൂറ്റാണ്ട് പിന്നിട്ട ശ്രമങ്ങളിലുള്ള ഗുണപരമായ ഒരു മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട് എന്ന് തോന്നുന്നു. അടിസ്ഥാനപരമായി അന്താരാഷ്ട്ര ഫിനാൻസ് മൂലധനവും കോർപറേറ്റുകളുമടക്കമുള്ള വരേണ്യവർഗ്ഗത്തിന് സമ്പദ്‌വ്യവസ്ഥയിലുള്ള അധീശത്വം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതിയായിരുന്നു നിയോലിബറൽ സാമ്പത്തിക ഉദാരവൽക്കരണം. സ്വകാര്യ മൂലധനത്തിന്‍റെയും വിപണിയുടെയും മേൽ ഭരണകൂടത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും നിയന്ത്രണങ്ങൾ പരമാവധി ഇല്ലാതാക്കാനുള്ള ശ്രമം.

ഇതിന് ഏറ്റവും വലിയ വിലങ്ങുതടി മേൽ സൂചിപ്പിച്ചത് പോലെ ‘പോപ്പുലിസ’വുമായി എന്തെങ്കിലും രീതിയിൽ സന്ധി ചെയ്യാതിരിക്കാൻ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കുള്ള പരിമിതികളായിരുന്നു. മതാധിഷ്ഠിതമായ തീവ്രദേശീയതയിലൂന്നി ഒരു രാഷ്ട്രീയപാർട്ടിക്ക് അധികാരത്തുടർച്ച നിലനിർത്താനൊക്കുമെന്ന നില വന്നത് ഇതിൽ മാറ്റമുണ്ടാക്കി. സർക്കാരിന് സാമ്പത്തികകാര്യങ്ങളിലെ പോപ്പുലിസത്തിനോട് മുഖം തിരിക്കാൻ എളുപ്പമായി.

കറകളഞ്ഞ നിയോലിബറലിസം

2019-20 ലെ സാമ്പത്തിക സർവ്വേ കറകളഞ്ഞ നിയോലിബറലിസത്തിന്‍റെ കൈപുസ്തകമായി പരിഗണിക്കാൻ പറ്റുന്ന ഒന്നായിരുന്നു. തിരുവള്ളുവരുടെ തിരുൾക്കുറലും, കൗടില്യന്‍റെ അർത്ഥശാസ്ത്രവും ആഡംസ്മിത്തിന്‍റെ രാഷ്ട്രങ്ങളുടെ സമ്പത്തും മാർഗരറ്റ് താച്ചറുടെ പ്രസംഗങ്ങളും സുലഭമായി ഉദ്ധരിച്ച ആ റിപ്പോർട്ട് അടിസ്ഥാനപരമായി വാദിപ്പിച്ചുറപ്പിക്കാൻ ശ്രമിച്ചത് അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ഒരു അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിൽ തുറന്ന വിപണിയുടെ അദൃശ്യ കരത്തിനുള്ള (‘Invisible Hand of the Market’) നിർണ്ണായകമായ പങ്കായിരുന്നു. രണ്ടാം മോദി സർക്കാരിന്‍റെ മുഖമുദ്രയായി തീർന്ന ആത്മനിർഭർ അഭിയാനിന്‍റെ വേരുകൾ ഈ സർവ്വേയിൽ ആയിരുന്നു എന്ന് പറയാം.

കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ മറപിടിച്ച് കൽക്കരി, മിനറൽസ്, പ്രതിരോധം, വ്യോമയാനം, കൃഷി, ഊർജവിതരണം, സ്പേസ്, ആണവോർജം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകൾ സ്വകാര്യമൂലധത്തിന് തുറന്ന് കൊടുക്കാനുള്ള നയപരമായ തിരുമാനങ്ങളായിരുന്നു ആത്മനിർഭർ അഭിയാന്‍റെ കാതൽ. കൂടെ മേമ്പൊടിക്ക് മഹാമാരിയിൽ വലഞ്ഞ സാധാരണ മനുഷ്യർക്ക് ആശ്വാസം പകരുന്നെന്ന പ്രതീതി ജനിപ്പിക്കാനുതകുന്ന ചില പ്രഖ്യാപനങ്ങളും. വിദ്യാഭ്യാസയം, ഇഐഎ 2020, കാർഷിക നിയമങ്ങൾ, ലേബർ കോഡുകൾ തുടങ്ങിയ നവലിബറൽ ഉദാരവൽക്കരണത്തിന്‍റെ ഗതിവേഗം കൂട്ടുന്ന നിയമനിർമാണങ്ങൾ നടത്താനും ഈ സർക്കാരിന് കോവിഡ് തടസമായില്ലെന്നതും ശ്രദ്ധേയമാണ്. കാർഷികബില്ലുകൾ കർഷക പ്രതിഷേധത്തെ തുടർന്ന് പിന്നീട് പിൻവലിക്കേണ്ടി വന്നെങ്കിലും.

അതോടൊപ്പം പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായി. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (NMP) ഈ ദിശയിലുള്ള പുതിയ പ്രഖ്യാപനം. നാല് വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ‘ബ്രൗൺഫീൽഡ്’ ആസ്തികൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വകാര്യമേഖലക്ക് പാട്ടത്തിന് നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. തൊട്ടു മുൻപിലെ വർഷം പ്രഖ്യാപിച്ച നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ പൈപ്പ്ലൈനിന് (NIP) ആവശ്യമായ പണം കണ്ടെത്തുക NMP യിലൂടെ ആയിരിക്കും.

ധനകാര്യ മന്ത്രാലയത്തിന്‍റെ പോപ്പുലിസത്തിൽ നിന്നുള്ള അകന്നുപോകൽ ദൃശ്യമാകുന്നത് നയപ്രഖ്യാപനങ്ങളിൽ മാത്രമല്ല. അവർ ഇപ്പോൾ സ്വീകരിച്ച് വരുന്ന പ്രൊജക്റ്റ് മാനേജ്മെന്റ് ശൈലികളിലും പ്രകടമാണ്. പുതിയ സാമ്പത്തിക സർവ്വേ എടുത്തു പറയുന്ന ഒരു കാര്യം കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും സമ്പദ്‌വ്യവസ്ഥയെ കര കയറ്റാൻ ഗവൺമെന്റ് ഉപയോഗപ്പെടുത്തിയത് ഒരു ‘ബാർബെൽ സ്ട്രാറ്റജി’ ആണ് എന്നാണ്. ഒരു പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് തന്നെ അതിന്‍റെ ആവശ്യങ്ങളെല്ലാം മനസ്സിലാക്കുകയും മുൻകൂട്ടിയുള്ള ആസൂത്രണത്തിൽ ഊന്നുകയും ചെയ്യുന്ന സാമ്പ്രദായിക പ്രൊജക്റ്റ് മാനേജ്മെന്റ് ശൈലിയിൽ നിന്ന് മാറി അതിവേഗം മാറിമറിയുന്ന സാഹചര്യങ്ങളോട് കൂടുതൽ ചടുലതയോടും വഴക്കത്തോടും (agile) ഡാറ്റയുടെ സഹായത്തോടെ പ്രതികരിക്കുന്ന ഒരു രീതിയാണ് ഇത്. നെഹ്രുവിയൻ സോഷ്യലിസ്റ്റ് കാലത്തിലെ പഞ്ചവർഷാസൂത്രണ രീതിയിൽ നിന്നുമുള്ള വിടുതലായാണ് ഈ സമീപനം അവതരിപ്പിക്കപ്പെടുന്നത്.

മഹാമാരി ഏറ്റവും കൂടുതൽ വലച്ച ദുർബലവിഭാഗങ്ങൾക്കും ചെറുകിട ബിസിനസുകൾക്കും സുരക്ഷ തീർക്കുന്നതിനൊപ്പം അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള വൻ മൂലധന നിക്ഷേപം സാധ്യമാക്കുന്നതിലൂടെ രാജ്യത്തിന്‍റെ സാമ്പത്തികവളർച്ച ഉറപ്പ് വരുത്തുന്നതിനും ഈ ശൈലി സഹായിച്ചു എന്നാണ് അവകാശവാദം. ഈ അവകാശവാദങ്ങളെ പിൻപറ്റിയാണ് പുതിയ ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

മാറ്റങ്ങളുടെ വേഗവും തീവ്രതയും കൂടി വരുന്ന കാലഘട്ടത്തിൽ സർക്കാർ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും അതിനനുസരിച്ച പ്രവർത്തനശൈലി കൈകൊണ്ടേ പറ്റൂ എന്നതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. പക്ഷെ, സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ സമൂഹം കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് പുറത്തെ ജീവിതത്തിന്‍റെ ചൂരും ചൂടും തിരിച്ചറിയാത്ത കോർപ്പറേറ്റ് മാനേജ്മെന്റ് എത്രത്തോളം അഭികാമ്യമാണ് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഈ സമീപനത്തിന്‍റെ ഫലപ്രാപ്തിയെ കുറിച്ചുള്ള അവകാശവാദങ്ങൾ വസ്തുതകളോട് എത്രത്തോളം ചേർന്നു നിൽക്കുന്നതാണ് എന്ന ചോദ്യവും അതോടൊപ്പം ഉയരുന്നു.

തൊഴിൽ: മിത്തും യാഥാർഥ്യവും

ബജറ്റിലെ സമകാലീന യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത റെട്ടറിക്കുകളുടെ ഏറ്റവും നല്ല ഉദാഹരണം തൊഴിലവസരങ്ങളെ കുറിച്ചുള്ള വാഗ്ദാനങ്ങളാണ്. 14 മേഖലകളിലെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ അഞ്ചു വർഷം കൊണ്ട് 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. 2020 ഏപ്രിലിൽ പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട സ്‌കീമുകളിൽ ഒന്നാണ് പിഎൽഐ. വിദേശ ആഭ്യന്തര കമ്പനികൾക്ക് അവയുടെ പ്രകടന മികവിന്‍റെ അടിസ്ഥാനത്തിൽ വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങൾ ഈ പദ്ധതികളിലൂടെ ലഭ്യമാണ്.

രാജ്യത്തെ തൊഴിലില്ലായ്മയെ നേരിടുന്നതിൽ ഉദ്പാദനമേഖലക്കുള്ള വലിയ പങ്കുണ്ടെന്നതും ഇന്നത്തെ സാഹചര്യത്തിൽ സ്വകാര്യ മൂലധനം അതിന് ഒഴിച്ചു കൂടാനാകാത്തതാണെന്നും നിഷേധിക്കാനാകാത്ത യാഥാർഥ്യങ്ങളാണ്. പക്ഷെ അഞ്ചു കോടിയിലേറെ തൊഴിൽരഹിതരുള്ള രാജ്യത്ത്, 60 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പിഎൽഐ സ്കീമുകൾ തീർത്തും അപര്യാപ്തമാണെന്നത് പകൽപോലെ വ്യക്തമാണ്.

ബജറ്റിന് ഏതാനും ദിവസം മുൻപാണ് ബീഹാറിൽ റെയിൽ‌വേ റിക്രൂട്ട്‌മെന്റ് ബോർഡിന്‍റെ (ആർആർബി) പരീക്ഷകളിലെ അപാകതകൾക്കെതിരെ യുവാക്കളുടെ പ്രതിഷേധ സമരങ്ങൾ ബിഹാറിലെങ്ങും വലിയ തോതിൽ ആക്രമാസക്തമായത്. നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളിലേക്കുള്ള 35,281 ഒഴിവുകൾക്കായി നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലായിരുന്നു ആ സമരങ്ങളുടെ തുടക്കം. 1.25 കോടി ഉദ്യോഗാർത്ഥികളായിരുന്നു ഈ ജോലികൾക്ക് അപേക്ഷിച്ചത്!

രാജ്യത്തെ തൊഴിലില്ലായ്മയുടെ തീവ്രതയും വ്യാപ്തിയും വ്യക്തമാക്കുക മാത്രമല്ല, മൂന്നു പതീറ്റാണ്ടുകൾ പിന്നിട്ട സാമ്പത്തിക ഉദാരവൽക്കരണത്തിന് ശേഷം രാജ്യം എത്തിനിൽക്കുന്ന സ്ഥിതിവിശേഷത്തിലെ ഒരു പ്രധാന ഐറണി തുറന്നുകാട്ടുക കൂടി ചെയ്യുന്നുണ്ട് ഈ സംഭവം.അധീശവർഗ താല്പര്യങ്ങളും ഭരണകർത്താക്കളും നിരന്തരമായി പറഞ്ഞു കൊണ്ടിരുന്നത് ഇന്ത്യയുടെ പിന്നോക്കാവസ്ഥക്കും തൊഴിലില്ലായ്‌മ അടക്കമുള്ള പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി ഈ നവലിബറൽ സാമ്പത്തിക പരിഷ്‌ക്കാരങ്ങളാണ് എന്നായിരുന്നു. പൊതുമേഖലക്കുള്ള പ്രാധാന്യം ആകാവുന്നിടത്തോളം ചുരുക്കി സമ്പദ്‌വ്യവസ്ഥയെ കമ്പോള മുതലാളിത്തത്തിന്‍റെയും സ്വകാര്യമൂലധന താല്പര്യങ്ങളുടെയും പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടു വരാനുള്ള ശ്രമങ്ങളായിരുന്നു ഈ പരിഷ്‌കാരങ്ങളുടെ കാതൽ. പക്ഷെ, ഇന്നും നമ്മുടെ യുവാക്കളെ സംബന്ധിച്ചിടത്തോളം ജീവിത സുരക്ഷ കൈവരിക്കാൻ സഹായിക്കുന്ന തൊഴിലുകളുടെ പ്രധാന ഉറവിടം സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ തന്നെയായി തുടരുന്നു എന്ന് കാട്ടി തരുന്നു ബീഹാറിൽ നിന്നുള്ള പ്രതിഷേധങ്ങൾ.

സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐ ഐ) പ്രസിദ്ധീകരിക്കുന്ന കണക്കുകളനുസരിച്ച് രാജ്യത്തെ തൊഴിൽ പങ്കാളിത്തത്തിന്‍റെ നിരക്ക് (Labor Participation Rate – LPR ) നഗരങ്ങളിലും ഗ്രാമങ്ങളിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുറഞ്ഞു വരികയാണ്. ഒരു സമ്പത് വ്യവസ്ഥയിൽ തൊഴിൽ സന്നദ്ധരായവരിൽ എത്ര പേർക്ക് തൊഴിൽ ലഭിക്കുന്നു എന്നതിന്‍റെ സൂചകമാണ് LPR. 2016 ന്‍റെ ആദ്യ മാസങ്ങളിൽ 47.7% ആയിരുന്ന LPR ഇപ്പോൾ 40% ആയി കുറഞ്ഞിരിക്കുന്നു. 2020 ഏപ്രിൽ തൊട്ട് കോവിഡ് ലോക്ക്ഡൗണിന്‍റെ ആദ്യമാസങ്ങളിൽ അസാധാരണമായ തൊഴിൽ നഷ്ടങ്ങൾ പിന്നീട് ഒരു പരിധിവരെ നികത്തപ്പെട്ടുവെങ്കിലും LPR ലെ ക്രമാനുഗതമായ ഇടിവ് ഇപ്പോഴും തുടരുന്നു.

ഉദാരവൽക്കരണം സാമ്പത്തിക വളർച്ച കൈവരിക്കാൻ സഹായിച്ചിട്ടുണ്ടാകാം. പക്ഷെ തൊഴിലുകൾ സൃഷ്ടിക്കുന്നതിൽ അത് ഒരു വിജയമായിരുന്നില്ല. നിയോലിബറൽ ഉദാരവൽക്കരണം കൊണ്ടുവന്നത് തൊഴിൽനഷ്ട വികസനത്തിലേക്കെത്തിനിൽക്കുന്ന (job-loss growth) തൊഴിലില്ലാ വികസനം (jobless growth) എന്ന ഒരു വിമർശനമുണ്ട്. ഇത് ശരിവെക്കുന്ന കണക്കുകൾ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ തന്നെ ലഭ്യമാണ്. ഉദാഹരണത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുള്ള KLEMS ഡാറ്റാബേസിലെ തൊഴിൽ സംബന്ധമായ ഡാറ്റ.

2018-19 വരെയുള്ള ഡാറ്റയാണ് ഈ ഡാറ്റാബേസിൽ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 1991 ൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കമിടുന്നതിന് തൊട്ട് മുൻപിലെ ദശകത്തിൽ രാജ്യത്തെ ആകെ തൊഴിലുകളുടെ ശരാശരി പ്രതിവർഷ വളർച്ചാനിരക്ക് (CAGR ) 1.8 ശതമാനമായിരുന്നത് അടുത്ത രണ്ട് ദശകങ്ങളിൽ യഥാക്രമം 1.45%-ഉം 1.07%-ഉം ആയി കുറഞ്ഞു. 2010 തൊട്ട് സ്ഥിതി കൂടുതൽ വഷളായി. മൊത്തം തൊഴിലുകളുടെ CAGR വീണ്ടും കുത്തനെയിടിഞ്ഞ് പൂജ്യത്തിനടുത്തെത്തി. കൃഷിയിലും അനുബന്ധ മേഖലകളിലുമാണ് ഈ തളർച്ച കൂടുതൽ വ്യക്തമെങ്കിലും കാർഷികേതര മേഖലകളിലും മന്ദത ദൃശ്യമാണ്. കാർഷിക മേഖലയിലെ തൊഴിലുകളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറയാൻ തുടങ്ങുന്നത് 2005-06 തൊട്ടാണ്. 2011-12 ന് ശേഷം കാർഷിക മേഖലയിലെ തൊഴിൽ നഷ്ടങ്ങളെ നികത്താൻ മറ്റ് മേഖലകൾക്കാകാതെവന്ന് ആകെ തൊഴിലുകളുടെ എണ്ണത്തിലും ഇടിവുണ്ടാകാൻ തുടങ്ങുന്നു.

അതേസമയം തൊഴിലെടുക്കാൻ സന്നദ്ധരായവരിൽ ഒരു വലിയ പങ്ക് ഇപ്പോഴും ജോലി കണ്ടെത്തുന്നത് കാർഷിക മേഖലയിൽ തന്നെയാണ്. പക്ഷെ രാജ്യത്തെ Gross Value Added (GVA) -ന്‍റെ ഒരു ചെറിയ പങ്ക് മാത്രമേ ഈ മേഖലക്കുള്ളൂ. 2018-19 ലെ കണക്കുകൾ നോക്കുക. GVA-യുടെ 15.3% മാത്രം സംഭാവന ചെയ്യുന്ന കാർഷിക മേഖലയിലാണ് ഇന്ത്യയിലെ തൊഴിലാളരിൽ 42 ശതമാനവും ജോലി ചെയ്യുന്നത്. തൊഴിൽരഹിതരുടെ എണ്ണം ഒരു വശത്ത് കൂടുമ്പോൾ, തൊഴിലുള്ളവരിൽ ഒരു വലിയപങ്ക് സാമ്പത്തിക വളർച്ചയുടെ ഗുണങ്ങൾ ലഭ്യമാകുന്ന മേഖലകളിലല്ല തൊഴിൽ ചെയ്യുന്നത് എന്നർത്ഥം.

സമ്പത്തിന്റെ കിനിഞ്ഞിറങ്ങലെന്ന കടങ്കഥ

ഉദാരവൽക്കരണമുണ്ടാക്കുന്ന വലിയ അസമത്വങ്ങൾക്ക് അതിന്‍റെ പ്രണേതാക്കൾ നൽകുന്ന ന്യായീകരണം  അതുമൂലം ഉണ്ടാകുന്ന വളർച്ച സമ്പത്തിന്‍റെ താഴെതട്ടിലേക്കുള്ള കിനിഞ്ഞിറങ്ങൽ (trickle-down effect) കാരണം എല്ലാ ജനങ്ങൾക്കും കാലക്രമേണ ലഭ്യമായി തീരും എന്നാണ്. അതുകൊണ്ടാണ് നമ്മുടെ സാമ്പത്തിക സർവേകളും ബജറ്റുകളുമൊക്കെ  “Given India’s stage of development, India must continue to focus on economic growth to lift the poor out of poverty by expanding the overall pie” എന്നും “Economic growth has a far greater impact on poverty alleviation than inequality” എന്നുമൊക്കെ ഇങ്ങനെയല്ലെങ്കിൽ മറ്റൊരു തരത്തിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നത്.

എന്നാൽ സമ്പത്തിന്‍റെ കിനിഞ്ഞിറങ്ങൽ ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. തൊഴിലവസരങ്ങൾ കൂടുതലായുണ്ടാകുന്നില്ലെന്ന് മാത്രമല്ല ഉള്ള അവസരങ്ങൾ തന്നെ കുറഞ്ഞുവരികയാണ്. ധനികർ കൂടുതൽ ധനികരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്നുവെന്നത് ഒരു ക്ലിഷേ (cliche) ആയി കഴിഞ്ഞ പ്രയോഗമായിരിക്കാം. പക്ഷെ അതിലും നല്ല വേറൊരു പ്രയോഗമില്ല ഈ അവസ്ഥയെ വിശദീകരിക്കാൻ. ഏത് രൂപത്തിൽ പുനരവതരിക്കുമ്പോഴും മാറ്റമില്ലാതെ തുടരുന്ന മുതലാളിത്തത്തിന്‍റെ അടിസ്ഥാനയുക്തിയെ ആണ് ആ വാചകം വെളിവാക്കുന്നത്.

മഹാമാരി പിടിച്ചുലച്ച സമ്പദ് വ്യവസ്ഥ സർക്കാരും സെൻട്രൽബാങ്കുകളും നൽകിയ ഊന്നുവടികളിലൂന്നി നിവർന്നെഴുന്നേറ്റു തുടങ്ങുമ്പോൾ ഇതൊന്നുകൂടി വ്യക്തമാകുന്നുണ്ട്. 2021-ൽ രാജ്യത്തെ 84% കുടുംബങ്ങൾ തങ്ങളുടെ വരുമാനത്തിൽ കുറവ് കണ്ടപ്പോൾ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം 102 ൽ നിന്ന് 142 ആയി ഉയർന്നു എന്നാണ് കുറച്ച് ദിവസം മുൻപ്  ജനുവരിയിൽ ഓക്സ്ഫാം പ്രസിദ്ധീകരിച്ച “Inequality Kills’’ എന്ന റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ വര്ഷം ലോകബാങ്കിൽനിന്നുള്ള കണക്കുകളെ വിശകലനം ചെയ്ത് Pew research നടത്തിയ ഒരു പഠനം കണ്ടെത്തിയത് കോവിഡും ലോക്ഡൗണും കാരണം പ്രതിദിനം 150 രൂപയിൽ താഴെ മാത്രം വരുമാനമുള്ള ദരിദ്രരുടെ എണ്ണത്തിൽ 127 ശതമാനത്തോളം വർദ്ധനവ് രാജ്യത്തുണ്ടായിരിക്കാനിടയുണ്ട് എന്നാണ്. അതേ സമയം മധ്യവർഗത്തിന്‍റെ എണ്ണത്തിൽ മൂന്നിലൊന്ന് കുറവും ഉണ്ടായി.

ബാധ്യതയാകുന്ന  ജനക്ഷേമം

മഹാമാരി തകിടം മറിച്ച ജീവിതത്തിലേക്ക് തിരിച്ച് വരാൻ പെടാപാട് പെടുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഈ സാധാരണ മനുഷ്യരുടെ നേരെ മുഖം തിരിക്കുകയാണ് ഇത്തവണത്തെ ബജറ്റും. ഈ മനുഷ്യരുടെ ഉപഭോഗശേഷി അടിയന്തിരമായി ഉയർത്തികൊണ്ടുവന്ന് സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തം ഉറപ്പുവരുത്താതെ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരമായ പുനരുജ്ജീവനം ഉറപ്പു വരുത്താനൊക്കില്ല എന്ന ലളിതസത്യം മനസ്സിലാക്കുക നിയോലിബറൽ യുക്തിക്ക് അസാധ്യമാണെന്ന് കഴിഞ്ഞ കുറേ കാലങ്ങളായി കണ്ടുവരുന്നതാണല്ലോ. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് (MGNREGS) പോലുള്ള പദ്ധതികൾക്കും വിഹിതവും സബ്‌സിഡികളും വെട്ടി കുറച്ചതിലും ഈ മനോഭാവം ദൃശ്യമാണ്.

കർഷകർക്ക് വരുമാന പിന്തുണ നല്കുന്ന പദ്ധതിയായ പിഎം-കിസാൻ സ്കീമിന് 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റിനെ അപേക്ഷിച്ച് നേരിയ 0.7% വർധനവ് മാത്രമാണുള്ളത്. തൊഴിലുറപ്പ് പദ്ധതിക്കുള്ള (MGNREGS) 2022-23 ലെ നീക്കിയിരിപ്പായ 73,000 കോടി രൂപ 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 25.5% കുറവാണ്. 2020-21 നെ അപേക്ഷിച്ച് 34.3% കുറവ്.

നടത്തിപ്പിൽ വലിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും കാർഷിക പ്രതിസന്ധി തകർത്ത ഗ്രാമീണ മേഖലയിലെ ദരിദ്രജനങ്ങളുടെ ജീവനാഡിയാണ് ആവശ്യക്കാർക്ക് നൂറു ദിവസത്തെ തൊഴിൽ ഉറപ്പ് നല്കുന്ന MGNREGS. മഹാമാരിയുടെ അടച്ചിരിപ്പ് കാലം തെരുവുകളിലേക്ക് തള്ളിവിട്ട ലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവിതത്തെ പിടിച്ചു നിർത്താൻ ഒരു പരിധിവരെയെങ്കിലും സഹായിച്ചത് ഈ പദ്ധതികളായിരുന്നു. പീപ്പിൾസ് ആക്ഷൻ ഫോർ എംപ്ലോയ്‌മെന്റ് ഗ്യാരന്റി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2021-22 സാമ്പത്തികവര്ഷത്തിന്‍റെ ആദ്യ പകുതിയിൽ തന്നെ മൊത്തം അനുവദിച്ച ഫണ്ടിന്‍റെ ഏതാണ്ട് 90% ഇതുവരെ വിനിയോഗിച്ചിട്ടുണ്ട്. മുൻവർഷത്തെ ബാധ്യതയായ മൊത്തം ബജറ്റിന്‍റെ 23.53% വരുന്ന 17,180 കോടി ഉൾപ്പെടെയാണിത്.

തൊഴിലുറപ്പ് പദ്ധതി അനാവശ്യവും ഉദ്പാദനക്ഷമവും അല്ലാത്ത ഒന്നാണ് എന്ന നിലപാടാണ് കേന്ദ്രസർക്കാർ ആദ്യം തൊട്ടേ സ്വീകരിച്ച് വന്നിട്ടുള്ളത്. 2015 ൽ പ്രധാനമന്ത്രി മോഡി കോൺഗ്രസ് ഭരണകാലത്തെ കളിയാക്കിയത് ഇങ്ങനെയായിരുന്നു. “സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷമുള്ള നിങ്ങളുടെ പരാജയങ്ങളുടെ സ്മാരകമായി MNREGA നിലനിർത്തണമെന്നാണ് എന്റെ രാഷ്ട്രീയ യുക്തി എന്നോട് പറയുന്നത്. 60 വർഷത്തിനു ശേഷവും നിങ്ങൾ ആളുകളെ കുഴി മാന്തിക്കുകയാണ്”. പക്ഷെ, മേൽ സൂചിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത് പോലെ സർക്കാരിന് തൊഴിലില്ലായ്മക്ക് ബദൽ നിർദ്ദേശങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല, അതിന്‍റെ രൂക്ഷതയേറുക കൂടിയാണ് എന്നതാണ് സമകാലീന യാഥാർഥ്യം.

സബ്‌സിഡികളുടെ കാര്യത്തിലും ഇതേ പ്രവണത കാണാം. ഭക്ഷ്യ വസ്തുക്കൾക്കുള്ള സബ്‌സിഡിയിൽ 27.1%, വളങ്ങൾക്കുള്ള സബ്‌സിഡിയിൽ 24.9%, പെട്രോളിയം ഉത്പന്നങ്ങളിൽ 10.8%, മറ്റു സബ്‌സിഡികൾ 31.0% എന്നിങ്ങനെയാണ് സബ്സിഡികളിൽ വന്നിട്ടുള്ള കുറവ്. സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫ. പ്രഭാത് പട്നായിക് ചൂണ്ടികാണിച്ചപോലെ ഈ കുറവ് ദരിദ്രജനങ്ങളെ ബാധിക്കുക പരോക്ഷ നികുതിയിലുള്ള വർദ്ധനവിന് തുല്യമായാണ്.

പൊതുജനാരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒരു ആശങ്കയായിരിക്കുന്ന ഒരു കാലമായിട്ടുകൂടി ആരോഗ്യത്തിനും കുടുംബക്ഷേമത്തിനുള്ള നീക്കിയിരുപ്പിൽ നാമമാത്രമായ 0.2% വർദ്ധനവാണുള്ളത്.

ബജറ്റ് വിദ്യാഭ്യാസ മേഖലയ്ക്കായി 1,04,278 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11.86% വർദ്ധനവ്. പുതിയ വിദ്യാഭ്യാസ (NEP) ശുപാർശ ആയ ജിഡിപിയുടെ 6% -ന്‍റെ പകുതിയോളമേ ഇത് വരൂ. രണ്ടു വർഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ രാജ്യത്തു പൊതുവെയും ഗ്രാമീണമേഖലയിൽ പ്രത്യേകിച്ചും ഉണ്ടാക്കിയ വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മറികടക്കാൻ ഈ തുകയും പി.എം ഇ-വിദ്യ പോലുള്ള പദ്ധതികളും എത്രത്തോളം സഹായകമാകും എന്ന് കണ്ടറിയേണ്ടതുണ്ട്.

വരവും ചിലവും – രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പാടുകൾ

ബജറ്റിലെ മുൻവർഷത്തെ അപേക്ഷിച്ച് കൂടുതലായി തോന്നുന്ന വകയിരുത്തലുകൾ പോലും പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോൾ വാസ്തവത്തിൽ കുറവാണ്. ബജറ്റിൽ കണക്കാക്കിയ സർക്കാർ ചിലവുകളെ കുറിച്ച് പ്രഭാത് പട്നായിക് നടത്തുന്ന ഒരു വിമർശനം ഏറെ പ്രസക്തമാണ്. 2022-23 ലേക്കുള്ള സർക്കാർ ചിലവായി കണക്കാക്കിയ 39.45 ലക്ഷം കോടി രൂപ മുൻ വർഷത്തേക്കാൾ 4.6% കൂടുതലാണെങ്കിലും അത് ഇപ്പോഴത്തെ പണപ്പെരുപ്പത്തിന്‍റെ നിരക്കിനേക്കാളും കുറവാണ്. അതായത് സാമ്പത്തിക സർവേ ലക്ഷ്യമിടുന്ന യഥാർത്ഥ ജിഡിപിയുടെ വളർച്ചാ നിരക്കായ 8-8.5% -ക്കാൾ കുറവായിരിക്കും അതെന്നർത്ഥം.അപ്പോൾ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ സർക്കാരിന്‍റെ ചെലവുകൾ തീർത്തും തുച്ചമായ പങ്കു മാത്രമാണ് വഹിക്കാൻ പോകുന്നത് എന്നാണ് പട്നായികിന്‍റെ വിമർശനം.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായുള്ള പൊതുനിക്ഷേപം കുത്തനെ വർദ്ധിപ്പിക്കുമെന്ന വാഗ്ദാനവും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 7.5 ലക്ഷം കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 24.5% കൂടുതൽ. ഈ ധനസമാഹരണം എങ്ങിനെ നടത്തുമെന്ന് പക്ഷെ വ്യക്തമല്ല. വില പെരുപ്പത്തിനിടയാക്കുന്ന പരോക്ഷ നികുതികളും സെസുകളും കൂടാതെ ഈ വലിയ ലക്‌ഷ്യം കൈവരിക്കാൻ സാധിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ പൈപ് ലൈനിന് (NIP) സർക്കാർ കണ്ടത്തിയിട്ടുള്ള ഒരു മാർഗ്ഗം നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (NMP) വഴി സർക്കാർ ഉടമസ്ഥതയിലുള്ള ആസ്തികൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വകാര്യമേഖലക്ക് പാട്ടത്തിന് നൽക്കുകയാണ് എന്ന വൈരുദ്ധ്യവും നിലനിൽക്കുന്നുണ്ട്.

2011 ന് ശേഷം സ്ഥിര മൂലധന രൂപീകരണത്തിൽ (Gross fixed capital formation) സ്വകാര്യ മേഖലയുടെ പങ്ക് കുത്തനെ കുറയുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. അടിസ്ഥാന സൗകര്യത്തിനായി ഈ ബജറ്റ് വിഭാവനം ചെയ്യുന്ന വലിയ പൊതുനിക്ഷേപം വൻതോതിലുള്ള സ്വകാര്യ നിക്ഷേപം ആകർഷിക്കുമെന്നാണ് സർക്കാരിന്‍റെ കണക്ക് കൂട്ടൽ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ അടിസ്ഥാനസൗകര്യ വികസനത്തിനായി സ്ഥിര നിക്ഷേപം നടത്താൻ സ്വകാര്യമൂലധനം എത്രത്തോളം ഏതൊക്കെ ഉപാധികളുടെ അടിസ്ഥാനത്തിൽ തയ്യാറാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

അമൃതകാലം എപ്പോഴെന്നല്ല, ആർക്കായിരിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.

About Author

അജിത് ബാലകൃഷ്ണൻ

ഐടി വിദഗ്ദ്ധൻ, രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകൻ.