A Unique Multilingual Media Platform

Articles Cinema Culture International

നിരാസത്തിന്റെ സിനിമ എന്ന ഊർജ്ജം

നിരാസത്തിന്റെ സിനിമ എന്ന ഊർജ്ജം

ഡിസംബർ 12ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന 30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (International Film Festival of Kerala/IFFK) വിഖ്യാത ആഫ്രിക്കൻ ചലച്ചിത്രകാരനായ അബ്ദറഹ്മാൻ സിസ്സാക്കോയെ (Abderrahmane Sissako) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കും. ലോക സിനിമയ്ക്ക് സിസ്സാക്കോ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദരം. ഈ പശ്ചാത്തലത്തിൽ ആഫ്രിക്കൻ സിനിമകളുടെ പൊതുചരിത്രവും പ്രത്യയശാസ്ത്രവും പരിശോധിക്കുകയാണ് പ്രമുഖ ചലച്ചിത്ര നിരൂപകൻ ജി.പി രാമചന്ദ്രൻ.

 

ആഫ്രിക്കയ്ക്കകത്തും പുറത്തുമായി ജീവിക്കുന്ന ആഫ്രിക്കക്കാരുടെ സിനിമകളെയാണ് പൊതുവെ ആഫ്രിക്കൻ സിനിമയായി പരിഗണിക്കുന്നത്. നൂറ്റാണ്ടുകളുടെ അടിമത്തമാണ് ആഫ്രിക്ക അനുഭവിച്ചത്. 1960കളോടെ ഏറെ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഭാഷയിലും സംസ്കാരത്തിലും ജീവിത പരിതസ്ഥിതികളിലും കൊളോണിയലിസം സൃഷ്ടിച്ചുവെച്ച മുദ്രകളും ഭാണ്ഡക്കെട്ടുകളും പരിഹരിക്കാൻ ഇനിയും നൂറ്റാണ്ടുകളെടുത്തേക്കും. കറുപ്പ് എന്നാൽ തിന്മ എന്നും വെളുപ്പ് എന്നാൽ നന്മ എന്നുമുള്ള വിവേചനം പോലും വെളുത്ത വംശജരുടെ വർണവെറിയെയാണ് ആന്തരീകരിക്കുന്നതെന്ന് ബോധ്യപ്പെടാതെ ലോകം മുഴുവനും അംഗീകരിച്ചു പോരുകയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കൊളോണിയൽ കാലഘട്ടത്തിലെ ആഫ്രിക്കൻ സിനിമ എന്നാൽ പാശ്ചാത്യ സിനിമാ സംവിധായകർ ആഫ്രിക്കയെക്കുറിച്ചെടുത്ത സിനിമ എന്നാണ് വിശദീകരിക്കപ്പെടുക. അന്ന് ആ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ചരിത്രവും സംസ്ക്കാരവും ഇല്ലാത്ത ഒരു താഴ്ന്ന തരം ജനതയായി ആഫ്രിക്കൻ വംശജർ ഈ സിനിമകളിൽ സ്ഥാനപ്പെടുത്തപ്പെട്ടു. ടാർസൻ, ഫാന്റം, ദ ആഫ്രിക്കൻ ക്യൂൻ, കിംഗ് സോളമൻസ് മൈൻസ്, വൈൽഡ് സ്റ്റോറീസ് എന്നിങ്ങനെ സീരിയലൈസ് ചെയ്യപ്പെട്ട അനവധി ആഫ്രിക്കൻ കഥകൾ സിനിമകളായി തുരുതുരാ പുറത്തു വന്നപ്പോൾ അതിലൊക്കെ കാട്ടുമനുഷ്യരും ആദിവാസികളും ആഫ്രിക്കക്കാരും കറുത്ത തൊലി നിറമുള്ളവരും നിരന്തരമായി അപഹസിക്കപ്പെട്ടു. ആ പരിഹാസമായിരുന്നു അത്തരം ചിത്രങ്ങളുടെയെല്ലാം വിജയ ഫോർമുല.

എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായ ഉസ്മാൻ സെംബീനേ. ആഫ്രിക്കൻ സിനിമയുടെ പിതാവ് എന്നും അദ്ദേഹം അറിയപ്പെടുന്നു.

ഫ്രഞ്ച് കോളനി രാജ്യങ്ങളിൽ ആഫ്രിക്കൻ വംശജർ സിനിമയെടുക്കുന്നതിന് നിരോധനം തന്നെ നിലനിന്നിരുന്നു. ഫ്രഞ്ച് ആഫ്രിക്കയിലെ ആദ്യ “ആഫ്രിക്കൻ” സിനിമയായി പരിഗണിക്കപ്പെടുന്ന ല ആഫ്രിക്ക സർ സീനെ (1955/സംവിധാനം: പോളിൻ സോമാനൗ വിയേറ) യഥാർത്ഥത്തിൽ പാരീസിലാണ് ചിത്രീകരിക്കപ്പെട്ടത്. അതുപോലെ തന്നെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് കൊളോണിയൽ വിരുദ്ധ സിനിമകൾ അപൂർവമായിട്ടേ പുറത്തുവന്നിരുന്നുള്ളൂ. ക്രിസ് മേക്കറും അലൻ റെനെയും ചേർന്ന് സംവിധാനം ചെയ്ത ലെസ് സ്റ്റാറ്റ്യൂസ് മ്യോറന്റ് ഓസി എന്ന സിനിമ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. ഈ ചിത്രം പത്തു വർഷക്കാലത്തോളം ഫ്രാൻസിൽ നിരോധിക്കപ്പെട്ടിരുന്നു. ആഫ്രിക്കൻ കല യൂറോപ്യൻമാർ മോഷ്ടിക്കുന്നതാണ് ചിത്രത്തിന്റെ പ്രതിപാദ്യം. കോട്ടെ ഡി ഐവറിയിലും അപ്പർ വോൾട്ടയിലും നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെക്കുറിച്ചുള്ള ആഫ്രിക്കെ ഫിഫ്റ്റി (സംവിധാനം: റെനെ വോത്തിയർ) മറ്റൊരുദാഹരണമാണ്.

ആഫ്രിക്കൻ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരിലൊരാളായ ഉസ്മാൻ സെംബീനേയുടെ ല നോയർ ദെ അഥവാ കറുത്ത പെൺകുട്ടി (1966) ആണ് അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിയ ആദ്യത്തെ പ്രധാനപ്പെട്ട ആഫ്രിക്കൻ സിനിമ. സെനെഗാളാണ് സെംബീനേയുടെ രാജ്യം. ആഫ്രിക്കൻ സിനിമയുടെ പിതാവായി സെംബീനെ വിശേഷിപ്പിക്കപ്പെടുന്നു. മുസ്ലിം വോളോഫ് വംശജനായ സെംബീനെ ഒരു മീൻ പിടുത്ത തൊഴിലാളിയുടെ മകനാണ്. വോളോഫ് എന്ന മാതൃഭാഷക്കു പുറമെ അറബും ഫ്രഞ്ചും പഠിച്ച സെംബീനെ പ്രിൻസിപ്പാളുമായി കലഹിച്ചതിനെ തുടർന്ന് പതിമൂന്നാം വയസ്സിൽ പുറത്താക്കപ്പെട്ടു. പിന്നീട് അദ്ദേഹം പല പണികളും ചെയ്തു. 1944ൽ അദ്ദേഹം ഫ്രഞ്ച് പട്ടാളത്തിലും ചേർന്നിരുന്നു. 1947ൽ രാജ്യത്ത് തിരിച്ചെത്തിയ സെംബീനെ റെയിൽവെ സമരത്തിൽ പങ്കെടുത്തു.

അദ്ദേഹത്തിന്റെ മഹത്തായ നോവൽ ഗോഡ്സ് ബിറ്റ്സ് ഒാഫ് വൂഡ് ഈ റെയിൽ സമരത്തെ അവലംബിച്ചെഴുതിയതാണ്. പിന്നീട് ഫ്രാൻസിലെത്തിയ സെംബീനെ അവിടെ തൊഴിലാളിയായി പണിയെടുക്കുകയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പാർടിയിലും പ്രവർത്തിക്കുകയും ചെയ്തു. വിയറ്റ്നാമിൽ അമേരിക്ക നടത്തിയ യുദ്ധത്തിനാവശ്യമായ സാധനങ്ങൾ കൊണ്ടുപോകാനുള്ള കപ്പൽ തടഞ്ഞ സമരത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. ഫ്രഞ്ച് ഭാഷയിലും മാതൃഭാഷയിലും നിരവധി നോവലുകളും സാഹിത്യകൃതികളും ഇക്കാലത്ത് അദ്ദേഹം എഴുതി. സാഹിത്യകാരൻ എന്ന നിലയിൽ വിവിധ രാജ്യങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട കൂട്ടത്തിൽ മോസ്കോയിലെത്തിയ സെംബീനെ അവിടെ ഒരു വർഷം താമസിച്ച് ഗോർക്കി സ്റ്റുഡിയോവിൽ നിന്ന് സിനിമ പഠിക്കുകയും ചെയ്തിരുന്നു. 1960ൽ സെനെഗാളിൽ തിരിച്ചെത്തിയ സെംബീനെ കൂടുതൽ ജനങ്ങളോട് സംവദിക്കുന്നതിന് യുക്തമായ മാധ്യമം സിനിമയാണെന്ന് തിരിച്ചറിയുകയും ചലച്ചിത്രസംവിധാനത്തിലേക്ക് തിരിയുകയുമായിരുന്നു.

ഫ്രാൻസിൽ വീട്ടു വേലക്കാരിയായി ജോലി ചെയ്യുന്ന ഒരു ആഫ്രിക്കൻ വംശജയുടെ കഥയാണ് ബ്ലാക്ക് ഗേൾ എന്ന ആദ്യ ഫീച്ചർ. നിരവധി അവാർഡുകൾ ഈ ചിത്രത്തിന് ലഭിച്ചു. മണ്ഡാപി, സാല, സെഡ്ഡോ, ക്യാമ്പ് ദെ തിയറോയെ, ഗോൾവാർ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകൾ. സാമ്രാജ്യത്വത്തിന്റെ ചരിത്രം, മതത്തിന്റെ പരാജയങ്ങൾ, പുതിയ ആഫ്രിക്കൻ ബൂർഷ്വായെക്കുറിച്ചുള്ള വിമർശനം, ആഫ്രിക്കൻ സ്ത്രീത്വത്തിന്റെ കരുത്ത് എന്നിവയാണ് അദ്ദേഹം നിരന്തരമായി പരിചരിക്കുന്ന ആശയങ്ങൾ. ആഫ്രിക്കൻ സ്ത്രീകളുടെ ശിശ്നഛേദന കർമവും അതു സംബന്ധിച്ചുള്ള ചടങ്ങുകളും അന്ധവിശ്വാസങ്ങളുമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രമായ മൂലാദേ (2004)യുടെ മുഖ്യ ഇതിവൃത്തം. കാനിലടക്കം നിരവധി മേളകളിൽ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. സാധാരണക്കാരിൽ സാധാരണക്കാർക്കു വേണ്ടിയുള്ളതാണ് സെംബീനെയുടെ സിനിമകൾ. വെളിച്ചത്തിന്റെ മഹാമാർഗത്തിലേക്ക് ദരിദ്രരെ വഴി തെളിയിച്ചുകൊണ്ടുപോയ ചൂട്ടു വിളക്കുകളാണവ.

ബർക്കിനാ ഫാസോ, ടുണീഷ്യയിലെ കാർത്താഗോ എന്നീ നഗരങ്ങളിൽ മാറി മാറി നടക്കുന്ന ചലച്ചിത്രമേളകളിൽ ആഫ്രിക്കൻ സിനിമകൾ കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഫെപ്പാസി (ഫെഡറേഷൻ ഒാഫ് ആഫ്രിക്കൻ ഫിലിം മേക്കേഴ്സ്) എന്ന സംഘടന ആഫ്രിക്കൻ സിനിമയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. മെഡ് ഹോണ്ടോ സംവിധാനം ചെയ്ത ഓ സൊളേൽ ഓ (1969) ഫ്രാൻസിൽ കറുത്ത തൊലിനിറത്തോടെ ജീവിക്കുന്നതിന്റെ വൈഷമ്യങ്ങൾ കൂടുതൽ തീവ്രതയോടെ ആവിഷ്ക്കരിക്കുന്നു. ദിബ്രിൽ ദ്യോപ്പ് മാമ്പെറ്റിയുടെ തൂക്കി ബൂക്കി (1973) ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. ദാക്കറിലെ യുവകമിതാക്കൾ പാരീസിലേക്ക് എന്തു വിലകൊടുത്തും നടത്താൻ തുനിയുന്ന ഒരു യാത്രയുടെ തയ്യാറെടുപ്പുകളെക്കുറിച്ചാണ് ഈ ചിത്രം. സൂളിമേൻ സിസ്സെ സംവിധാനം ചെയ്ത യീലേൻ (മാലി/1987), ചീക്ക് ഓമർ സീസോക്കോ സംവിധാനം ചെയ്ത ഗ്യൂംബ (മാലി (1995) എന്നീ സിനിമകൾ പാശ്ചാത്യ പ്രേക്ഷകരിൽ വലിയ താൽപര്യം ജനിപ്പിക്കുകയുണ്ടായി. ഴാങ് പിയെറേ ബെക്കാലോ സംവിധാനം ചെയ്ത ക്വാർട്ടിയർ മൊസാർട്ട് (കാമറൂൺ/1992) ആഗോളവൽക്കരിക്കപ്പെട്ട ആഫ്രിക്കൻ മഹാനഗരം എന്ന പുതിയ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു.

ഈ പശ്ചാത്തലത്തിൽ വേണം, ആഫ്രിക്കയിലെ ഏറ്റവും ശ്രദ്ധേയനായ രണ്ടാം തലമുറ സംവിധായകനായ അബ്ദറഹ്മാൻ സിസ്സാക്കോയെ പരിചയപ്പെടേണ്ടത്. അദ്ദേഹത്തിന്റെ സിനിമകൾ, 1960കളിലെ ആദ്യകാല ആഫ്രിക്കൻ സംവിധായകരുടെ ധീരമായ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. തീർച്ചയായും ആദ്യകാല സിനിമകളിൽ നിന്ന് അവ ഒരു പാട് മുന്നോട്ടു പോയിട്ടുണ്ട്. പുതിയ കാലത്ത് പ്രസക്തമാവുന്ന ഇതിവൃത്തമുള്ള ബമാക്കോ ഇരുത്തം വന്ന ഒരു സംവിധായകന്റെ കൈയൊതുക്കമുള്ള സൃഷ്ടിയാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം, കോളനിവൽക്കരണത്തിനെതിരായ ചെറുത്തു നിൽപ്, പുതിയ ഭാഷ കണ്ടെത്താനുള്ള ശ്രമം – നിരാസത്തിന്റെ സിനിമയുടെ വക്താക്കൾക്കുണ്ടായിരുന്ന ഊർജ്ജം സിസാക്കോയിലൂടെയും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലൂടെയും നമുക്ക് കണ്ടെത്താനാവും. പ്രാദേശിക ചരിത്രഗാഥകൾ അടുത്ത തലമുറക്ക് കൈമാറിയിരുന്ന ഗോത്രഗായകരെപ്പോലെ, തന്റെ കാലത്തെ അടയാളപ്പെടുത്തുകയാണ് ചലച്ചിത്രകാരന്റെ കടമ എന്ന ചിന്താഗതിയാണ് അക്കാലത്തുണ്ടായിരുന്നത്.

അബ്ദറഹ്മാൻ സിസ്സാക്കോ

ആഫ്രിക്കൻ സംവിധായകനായ അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ സിനിമകളിലൂടെ ഗാഢമായി സഞ്ചരിച്ച്, പ്രിയ സുഹൃത്തും എഴുത്തുകാരനുമായ മുഹമ്മദ് ശമീം എഴുതിയ സൊകോളോ മുതല്‍ തിംബുക്തു വരെ ഒരു സഹാറന്‍ യാത്ര -അബ്ദറഹ്മാന്‍ സിസ്സാക്കോവിന്റെ സിനിമകളിലൂടെ എന്ന പുസ്തകം സിസ്സാക്കോവിന് മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌കെ) ആജീവനാന്ത സംഭാവനാ പുരസ്‌കാരം (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്) സമ്മാനിക്കുമ്പോള്‍ തീര്‍ച്ചയായും വായിക്കേണ്ട ഒന്നാണ്.

സിസ്സാക്കോവിന്റെ സിനിമകളിലേയ്ക്ക് വീണ്ടും പോകാനാവുന്നു എന്നതോടൊപ്പം; ധ്യാനാത്മകതയുടെ ശീലുള്ള ഭാഷാ ശൈലിയും സാംസ്ക്കാരിക അവബോധവും നിറയുന്ന, ആർദ്രമായ എഴുത്തിലൂടെയും അലയാൻ സാധിച്ചു എന്നതാണ് പ്രത്യേകത. കാവ്യാത്മകധ്യാനമാണ് സിസ്സാക്കോവിന്റെ ശൈലി എന്നും ആഫ്രിക്കയെക്കുറിച്ചുള്ള ധ്യാനാത്മകമായ അവതരണമാണ് അദ്ദേഹത്തിന്റെ സിനിമകൾ എന്നും ശമീം സാക്ഷ്യപ്പെടുത്തുമ്പോൾ, സമാനമായ ശൈലി സ്വായത്തമാക്കാൻ അദ്ദേഹം നടത്തിയ ജീവിതാനുഭവയാത്രകളുടെ കൂടി പിൻബലം അതിന് ലഭിക്കുന്നു. തന്റെ പരന്ന വായനയുടെയും ആത്മീയാന്വേഷണങ്ങളുടെയും നിറവും ഈ പുസ്തകത്തിന്റെ ധന്യതയാണ്.

ആഫ്രിക്കൻ സിനിമയിലെ ഒരു സ്ഥിരം ഘടകമാണ് പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷം. ആഫ്രിക്കയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള അടുപ്പമായും അകലമായും വ്യാഖ്യാനിക്കാവുന്ന ഈ ഘടകം സിസാക്കോയുടെ ചിത്രങ്ങളിലും സജീവമാണ്. ആഫ്രിക്കയിൽ നിന്ന് പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള ദൂരം ഇക്കാലത്ത് വളരെ കുറഞ്ഞിട്ടുണ്ട്. ആഫ്രിക്ക കൂടി പങ്കു ചേരാൻ നിർബന്ധിതമായ ആഗോളീകരണത്തിന്റെ പരിണത ഫലമായി വേണമെങ്കിൽ ഇതിനെക്കാണാം. പക്ഷെ, ആഫ്രിക്കയെ ഇതര ലോകത്തിന് പിന്നിലാക്കുന്ന സംഗതികൾ ഇപ്പോഴും അവിടെത്തന്നെ ധാരാളമുണ്ട്. ലൈഫ് ഓൺ എർത്തിൽ ഈ അന്തരം വാർത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തതയായി അവതരിപ്പിക്കുന്നു. ടെലിഫോൺ വിളിച്ചു കിട്ടാനും ഒരു ഭാഗ്യം വേണം എന്നാണ് ചിത്രത്തിലെ പബ്ലിക് ടെലിഫോൺ ഓപ്പറേറ്റർ പറയുന്നത്. സഹസ്രാബ്ദത്തിന്റെ അവസാനമാണ് ഈ ചിത്രം നിർമിച്ചത്.

പുതിയ സഹസ്രാബ്ദത്തിലേക്ക് ഔത്സുക്യത്തോടെ ഉറ്റുനോക്കുന്ന ലോകത്തെ മുഴുവനായി വരച്ചുകാട്ടാനായി ആർട്ടെ ടെലിവിഷൻ ചാനൽ പണം മുടക്കി ആരംഭിച്ച ചലച്ചിത്ര സംഘാതത്തിൽ പ്രകോപന സ്വഭാവമുള്ള ലൈഫ് ഓൺ എർത്ത് നിർമ്മിച്ചുകൊണ്ടാണ് സിസാക്കോ പങ്കു ചേർന്നത്. തന്റെ അഛന്റെ വീടു സ്ഥിതി ചെയ്യുന്ന മാലിയിലെ ഒറ്റപ്പെട്ട ഒരു ഗ്രാമമാണ് സിസാക്കോ ചിത്രത്തിനായി തെരഞ്ഞെടുത്തത്. സഹസ്രാബ്ദം അവസാനിക്കുന്നതോ തുടങ്ങുന്നതോ അവിടത്തെ ജീവിതങ്ങളെ ബാധിക്കുന്നതേയില്ല. അന്നും പതിവുപോലെ ജീവിതം കരുപ്പിടിപ്പിക്കാനിറങ്ങിത്തിരിക്കുന്ന ഗ്രാമീണരെ സംബന്ധിച്ചിടത്തോളം സഹസ്രാബ്ദാഘോഷം അപ്രസക്തമാണ്. അവിടെ ടെലിവിഷൻ ദൃശ്യങ്ങളോ ഉത്സവാലങ്കാരങ്ങളോ ആഹ്ളാദപ്രകടനങ്ങളോ ഇല്ല. ഫ്രാൻസിലെ ആഘോഷങ്ങളുടെ മാറ്റൊലി, ഏക മാധ്യമമായ റേഡിയോയിലൂടെ നാട്ടുകാർക്ക് താൽപര്യമില്ലെങ്കിലും അവിടെ എത്തുന്നുണ്ടായിരുന്നു. പുതിയ സഹസ്രാബ്ദത്തിലേക്ക് ആഫ്രിക്ക കടന്നത് പ്രത്യേകിച്ചൊരു മാറ്റവും കൂടാതെയാണെന്ന് അതിശക്തമായി അവതരിപ്പിക്കുന്ന ചിത്രമാണ് ലൈഫ് ഓൺ എർത്ത്.

വിഖ്യാത ചിന്തകനും പോരാളിയുമായ ഫ്രാൻസ് ഫാനന്റെ അടക്കം നിരീക്ഷണങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും പശ്ചാത്തലത്തിൽ ലൈഫ് ഓൺ എർത്തിനെ പരിശോധിക്കാനും വിശദീകരിക്കാനും ശമീം ശ്രമിക്കുന്നു. മനുഷ്യമനസ്സിനു മേൽ നടക്കുന്ന കൊളോണിയൽ അധിനിവേശങ്ങളെ വിഷയീകരിക്കുന്ന ഫാനന്റെ നിലപാടുകൾ, ആധിപത്യത്തിലെ ഇരട്ടപ്രകിയയെ വെളിപ്പെടുത്തുന്നു. അപകർഷതയുടെ ആന്തരവത്ക്കരണം എന്ന പ്രതിഭാസത്തിലൂടെ അർത്ഥശാസ്ത്രപരമായും മാനസികമായും നേടുന്ന ആധിപത്യത്തിന്റെ ചരിത്രം, ലൈഫ് ഓൺ എർത്ത് സാധൂകരിക്കുന്നുവെന്നാണ് ശമീം എഴുതുന്നത്. എമെ സെസയറിന്റെ കവിതകളും പ്രഭാഷണങ്ങളും, ഈ സിനിമയിലേക്ക് കടന്നു ചെല്ലുന്നതിനു വേണ്ടി ശമീം പരിചയപ്പെടുത്തുന്നു. കൊളോണിയൽ സാഹചര്യങ്ങൾ, ആഫ്രിക്കൻ ഡയസ്പോറ എന്നീ വിഷയങ്ങളിലൂന്നിക്കൊണ്ടുള്ള സെസയറിന്റെ ദർശനങ്ങളും സിസ്സാക്കോയുടെ സിനിമകളിലൂടെ നമുക്ക് കാണാൻ കഴിയുമെന്ന് ശമീം പറയുന്നുണ്ട്. ലൈഫ് ഓൺ എർത്തിന്റെ ആദ്യ ദൃശ്യങ്ങളിൽ എമെ സെസയറിന്റെ പ്രഭാഷണങ്ങളുടെ ഭാഗങ്ങൾ കേൾക്കാം. ഈ പ്രഭാഷണത്തിന്റെ സ്വാധീനം ബമാക്കോയിലുമുണ്ടെന്ന് ശമീം ഓർമ്മിപ്പിക്കുന്നു. സിസ്സാക്കോയുടെ സിനിമകളിലൂടെ സെസയറിനെ വിശദമായി മനസ്സിലാക്കാനും ഗ്രന്ഥകാരന്റെ വിശദീകരണം സഹായകമാണ്.

ലൈഫ് ഓൺ എർത്തിലേതിന് സമാനമായ അടയാളങ്ങൾ വെയിറ്റിംഗ് ഫോർ ഹാപ്പിനെസിലും വരുന്നുണ്ട്. അൽപം വ്യത്യസ്തമായ രീതിയിൽ, ഇവിടെ ഒരു ഇലക്ട്രിക് ബൾബാണ് പടിഞ്ഞാറിനെ പ്രതിനിധീകരിക്കുന്നത്. വ്യവസായവത്കൃത സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമായ വൈദ്യുതി, മനുഷ്യനും പകൽവെളിച്ചവും തമ്മിലുള്ള ബന്ധത്തെ വരെ മാറ്റിമറിച്ചു. ചിത്രത്തിൽ ആരും കാണാനില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ടെലിവിഷൻ നോക്കി മാതാ എന്ന പ്രായമായ ഇലക്ട്രീഷ്യൻ ചോദിക്കുന്നത് അവർക്ക് ശരിക്കും വൈദ്യുതി ആവശ്യമുണ്ടോ എന്നാണ്. അതേ സമയം സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ മുദ്രകൾ ചിത്രത്തിൽ പലയിടത്തും കാണാം. പുത്തൻ ഉൽപന്നങ്ങൾ വിൽക്കുന്ന ചൈനീസ് വഴിയോരക്കച്ചവടക്കാരൻ, കരോക്കെകൾ തുടങ്ങിയവ ഉദാഹരണങ്ങൾ. ആഫ്രിക്കയുടെ രണ്ടു മുഖങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. ഒരു വശത്ത് ആഗോളീകരണത്തിന്റെ ചിഹ്ന വ്യവസ്ഥ സമൂഹത്തെ ഗ്രസിക്കുമ്പോൾ മറുവശത്ത് ആഫ്രിക്കയിലെ ഗ്രാമീണരുടെ ജീവിതം മാറ്റമില്ലാതെ തുടരുന്നു. പാശ്ചാത്യ അധിനിവേശം പുതിയൊരു സമയക്രമം പോലും ഇവിടെ സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയും പടിഞ്ഞാറൻ ജിവിതവും തമ്മിലുള്ള ദൂരം, സിസാക്കോയുടെ ചിത്രങ്ങളിൽ ഇപ്രകാരം വ്യക്തമായും ശക്തമായുമാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. ഇവിടെ ഭൂഖണ്ഡാന്തര സംവാദമാകുകയാണ് സിസാക്കോയുടെ സിനിമ.

‘വെയ്റ്റിംഗ് ഫോർ ഹാപ്പിനെസ്സ്’ ചിത്രത്തിലെ ഒരു രംഗം

വെയ്റ്റിംഗ് ഫോർ ഹാപ്പിനെസ്സിന്റെ വിശദീകരണത്തിനായി അസ്വബിയ: എന്ന പ്രയോഗത്തെ സൂക്ഷ്മമായി ശമീം പരിചയപ്പെടുത്തുന്നു. കമ്യൂണാലിറ്റി അഥവാ കമ്യൂണലിസം എന്നാണ് ഈ വാക്കിന്റെ നേർ പരിഭാഷ. എന്നാലത് തെറ്റിദ്ധാരണകൾ സൃഷ്ടിക്കും എന്നാണ് ശമീം വാദിക്കുന്നത്. ആ വാദം സ്ഥാപിക്കുന്നതിനായി, കമ്യൂണിറ്റേറിയനിസം എന്ന ഒരു പദമാണ് ഉപയോഗിക്കേണ്ടത് എന്നാണദ്ദേഹം പറയുന്നത്. സ്വത്വബോധവും അന്യതാബോധവും വൈരാഗ്യത്തിലേക്കോ വിദ്വേഷത്തിലേക്കോ വളരാതിരിക്കാനുള്ള ഒരു കരുതൽ ബോധ്യമാണ് വാസ്തവത്തിൽ ശമീം ഈ സൂക്ഷ്മ ഭാഷാന്തരീകരണത്തിലൂടെ മുന്നോട്ടു വെക്കുന്നത്. പുസ്തകങ്ങളും സിനിമകളും മതസംഹിതകളും ഇതിഹാസങ്ങളും ദർശനങ്ങളും എല്ലാം ആത്യന്തികമായി മനുഷ്യനന്മയ്ക്കു വേണ്ടി എന്ന വിശാല വീക്ഷണമാണിവിടെ ഉയർത്തിപ്പിടിക്കുന്നത്.

ആഗോളവൽക്കരണം ആഫ്രിക്കൻ സമൂഹത്തിൽ സൃഷ്ടിച്ച ഉച്ചനീചത്വങ്ങളെ പ്രതീകാത്മകമായ വിചാരണക്ക് വിധേയമാക്കുകയാണ് ബമാക്കോയിൽ. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയുമാണ് ഈ വിചാരണയിൽ പ്രതി ചേർക്കപ്പെടുന്നത്. മാലിയുടെ തലസ്ഥാനമായ ബമാക്കോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടുമുറ്റത്താണ് പ്രതീകാത്മക വിചാരണ നടക്കുന്നത്.രംഗത്തുള്ള അഭിഭാഷകരെ സിസാക്കോ രണ്ടു ഗ്രൂപ്പാക്കിയിരിക്കുന്നു. ഒരു കൂട്ടർ ആഫ്രിക്കൻ ജനതക്കു വേണ്ടിയും മറ്റൊരു കൂട്ടർ പ്രതികൾക്കു വേണ്ടിയും വാദിക്കുന്നു. ആഫ്രിക്കയെ തകർത്തതിൽ ഈ രണ്ടു സംഘടനകൾക്കുമുള്ള പങ്ക് വിചാരണ ചെയ്യപ്പെടുമ്പോൾ സാധാരണ ജീവിതം അഭംഗുരം തുടരുന്നു. സങ്കൽപനത്തേയും യാഥാർത്ഥ്യത്തെയും ചെറിയ അതിർവരമ്പിട്ട് വേർതിരിക്കുന്ന സിസാക്കോയുടെ പതിവുരീതി തന്നെയാണിവിടെയുമുള്ളത്. പലപ്പോഴും യഥാർത്ഥജീവിതത്തിൽ നിന്നുള്ളവർ ഇൗ ചെറിയ അതിർവരമ്പ് ലംഘിച്ച് ഈ വിചാരണയിൽ പങ്കെടുക്കുന്നു.

പ്രതികൾക്കെതിരെ തെളിവു നൽകാൻ പലപ്പോഴും ഗ്രാമീണർ സാങ്കൽപികമായ കോടതിമുറിയിലേക്ക് ക്ഷണിക്കപ്പെടുകയാണ്. റെയിൽ സർവീസ് നിർത്തലാക്കിയതോടെ പൂർണ്ണമായും ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ ഈ വിചാരണയിൽ പങ്കെടുക്കുന്നു. റെയിൽഗതാഗതം സ്വകാര്യവൽക്കരിച്ചതോടെ ഇത് സാധാരണക്കാർക്ക് അപ്രാപ്യമാവുന്നത് ആഫ്രിക്കയിലെ സാമൂഹ്യ യാഥാർത്ഥ്യമാണ്. പൊതു ഗതാഗതസംവിധാനം ഇല്ലാതാക്കിക്കൊണ്ട് എങ്ങനെ ഒരു സമൂഹത്തിന് വികസനപാതയിലെത്താൻ കഴിയുമെന്നാണ് ബമാക്കോയിലെ സാങ്കൽപികകോടതിയിൽ ഉയരുന്ന ഒരു പ്രധാന ചോദ്യം. ആഫ്രിക്കൻ വൻകരയുടെ ദുരിതങ്ങൾ ലോകത്തിന് ഏറെ പരിചിതമാണ്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഈ വൻകരയെ ചിത്രീകരിക്കുന്നത് ദുരിതങ്ങളിലൂടെ മാത്രമാണ്. എന്നാൽ, പാശ്ചാത്യ ലോകവുമായി നടക്കുന്ന സംവാദങ്ങളുടെ കർതൃസ്ഥാനത്ത് ആഫ്രിക്കയെ പ്രതിഷ്ഠിച്ചുകൊണ്ട് ഒരു വഴിത്തിരിവുണ്ടാക്കുകയാണ് സിസാക്കോയുടെ സിനിമ. കൃത്യമായ നിലപാടുകൾ വെച്ചുപുലർത്തുന്ന രാഷ്ട്രീയ സിനിമകളുടെ നിരാശാഭരിതവും വേദനിപ്പിക്കുന്നതുമായ ഭാവമല്ല. മറിച്ച് സംവേദനാത്മകമായ ആഹ്ളാദമാണ് ബമാക്കോയുടെ സവിശേഷത.

ബമാക്കോയെക്കുറിച്ചുള്ള തന്റെ വിശദമായ ലേഖനത്തിന്റെ തുടക്കത്തിൽ; അലച്ചിൽ, നിഷ്കാസനം ചെയ്യപ്പെട്ട ഒരാൾ, സ്വകാര്യഗതാഗതം, ആഗോള ഗ്രാമം, കുടുംബം എന്നിങ്ങനെ സിനിമയിലെ സംഭവമുഹൂർത്തങ്ങൾ വാക്കുകളിലേയ്ക്കും സംഭാഷണങ്ങളിലേയ്ക്കും വാചകങ്ങളിലേയ്ക്കുമായി പകർത്തിയെഴുതുകയാണ് ശമീം ചെയ്യുന്നത്. സംഭാഷണം രേഖപ്പെടുത്താത്ത കാലത്തെ സിനിമ (നിശ്ശബ്ദ സിനിമ എന്നായിരുന്നു ആ സിനിമ വിശേഷിപ്പിക്കപ്പെട്ടിരുന്നത്)യുടെ കാലത്ത്, തിരശ്ശീലയ്ക്കു പുറകിലോ വശങ്ങളിലോ മറഞ്ഞു നിന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ കഥയും സംഭാഷണങ്ങളും വിവരിക്കുന്ന ബെൻഷിയുടെ പ്രവൃത്തി ഏറ്റെടുത്ത ഒരാധുനികനെപ്പോലെയാണ് ശമീമിന്റെ ഈ വിവരണം ഞാൻ “കേട്ടത്”. തുടർന്നദ്ദേഹം; സാമ്രാജ്യത്വത്തിന്റെയും നവസാമ്രാജ്യത്വത്തിന്റെയും വർണവെറിയുടെയും ചരിത്രവും പ്രത്യയശാസ്ത്രവും സാംസ്ക്കാരികാധിനിവേശ സ്വഭാവവും വിശദീകരിക്കുന്നു. ഈ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ ബമാക്കോയുടെ പ്രസക്തി ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ശമീം എഴുതുന്നു: മാനസികവും ഭൗതികവുമായ പ്രക്രിയകളെയും സാമൂഹിക സംഘർഷങ്ങളെയും സാംസ്ക്കാരിക അവബോധങ്ങളെയും കൃത്യമായി യോജിപ്പിച്ചും അതേ സമയം സങ്കൽപ്പങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കെട്ടുപാടുകളിൽ സ്തംഭിച്ചു നിൽക്കാതെയും പോസ്റ്റ് കൊളോണിയൽ ആർട് സിനിമകളുടെ വ്യാഖ്യാനത്തിൽ പുതിയൊരിടം കണ്ടെത്തുകയാണ് ബമാക്കോ എന്ന സിനിമ.

പരമ്പരാഗതമായ ഇസ്ലാമിക സംസ്ക്കാരത്തിനു മേൽ, തീവ്ര ഇസ്ലാമിസ്റ്റുകളുടെ അധിനിവേശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന തിംബുക്തു; ഇസ്ലാം എന്താണ് എന്ന് ആളുകളോട് പറയുന്ന സിനിമയാണെന്ന് ശമീം സിസ്സാക്കോവിനെ ഉദ്ധരിച്ച് രേഖപ്പെടുത്തുന്നു. തിംബുക്തു അടിയുറച്ച ഇസ്ലാമിക പാരമ്പര്യമുള്ള ഒരു പ്രദേശമായി മാറിയത്, ആയുധങ്ങളുടെ പിൻബലത്താലല്ല. അറിവിന്റെയും അക്ഷരങ്ങളുടെയും വെളിച്ചത്തിൽ പ്രതിഫലിക്കുന്ന ഇസ്ലാമാണ് അവിടെ ഉള്ളതെന്ന് ഈ സിനിമയിലെ കഥാപാത്രമായ ഇമാം പറയുന്നു. സിസ്സാക്കോ പറയുന്നതു പോലെ സായുധ ജിഹാദിസ്റ്റുകളുടെ ഒന്നാമത്തെ ഇര ഇസ്ലാം തന്നെയാണ് എന്ന വസ്തുതയും ഈ സിനിമയിൽ വ്യക്തമാക്കപ്പെടുന്നു. എന്ത് എന്നതല്ല, എന്തല്ല എന്നതിനെ ദൃശ്യമാക്കുകയാണ് താൻ ചെയ്യുന്നതെന്ന് വ്യക്തമാക്കുകയാണ് സിസ്സാക്കോ.

സംസ്ക്കാരം, കല, ജീവിതം, സാമ്പത്തിക വ്യവസ്ഥ എന്നീ പ്രതിഭാസങ്ങളെല്ലാം ആഗോള സാമ്രാജ്യത്വ ശക്തികളുടെ അധീശത്വത്തിനോ വിഴുങ്ങലിനോ വിധേയമാകുന്ന ദുരവസ്ഥയെ മൂന്നാംലോക രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പ്രത്യേകിച്ച് ചലച്ചിത്രകാരന്മാർ എപ്രകാരമാണ് അഭിമുഖീകരിക്കുന്നത് എന്നത് തുടരെ തുടരെ മുഴങ്ങുന്ന ഒരു ചോദ്യമാണ്. ഈ ചോദ്യത്തിന്റെ ഉത്തരം അവ്യക്തമാണെങ്കിലും ചോദ്യത്തിന്റെ പ്രസക്തി അതുകൊണ്ടില്ലാതാകുന്നില്ല. ആഫ്രിക്കൻ സിനിമ, “ഇരുണ്ടുപോയതു” കൊണ്ട് മുഖ്യധാരയിൽ നിന്ന് നിഷ്ക്കാസിതരാക്കപ്പെട്ട ജനങ്ങളെയാണ് പ്രത്യക്ഷ വിഷയമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആ സിനിമകളെ വൈജാത്യങ്ങൾക്കിടയിലും ഒന്നിച്ച് പോരാടുന്ന മാനുഷിക പ്രതിരോധത്തിന്റെ അടയാളമായി രേഖപ്പെടുത്താൻ ചരിത്രത്തെ നിർബന്ധിപ്പിക്കുന്നത്. വൈയക്തികമായ അന്യതാബോധങ്ങളുടെയും സാമൂഹികമായ അസന്തുലിതത്വങ്ങളുടെയും കാരണങ്ങൾ തേടുകയാണ് സിസ്സാക്കോ സിനിമകൾ എന്ന് ശമീം വിലയിരുത്തുന്നു. അധികാരത്തോടും അധിനിവേശത്തോടുമുള്ള സമരപ്രഖ്യാപനമാണ് ആ സിനിമകൾ.

ഈ രാഷ്ട്രീയ/ദേശീയ/പ്രാദേശിക/ഭാഷാ ഘടകങ്ങൾ ആവശ്യമായ ആഴത്തിലും വ്യാപ്തിയിലും ചർച്ച ചെയ്യുന്നതോടൊപ്പം; ആഫ്രിക്കൻ മനുഷ്യ ജീവിതം (തദ്ദേശീയവും പലായനാനന്തരവും) അഭിമുഖീകരിക്കുന്ന സാംസ്ക്കാരിക/ആത്മീയ സന്ദിഗ്ദ്ധതകളെക്കൂടി അന്വേഷിക്കുന്നു എന്നതാണ് മുഹമ്മദ് ശമീമിന്റെ രചനയുടെ സവിശേഷത. ചലച്ചിത്ര നിരൂപണ-വിമർശനങ്ങളുടെയും പഠനങ്ങളുടെയും പതിവുകളെ ഉല്ലംഘിക്കുന്ന; അന്വേഷണപരവും ഭാഷാപരവും സാംസ്ക്കാരികവും ധ്യാനാത്മീയപരവുമായ ഒരു കാഴ്ചാ-കേൾവി-അനുഭവ യാത്രാവിവരണമാണ് മുഹമ്മദ് ശമീമിന്റെ പുസ്തകം എന്ന കാര്യം എടുത്തു പറയേണ്ടതാണ്.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x