ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ സുഗമവും സുതാര്യവുമായി നിലനിറുത്താൻ ഉദ്ദേശിച്ചാണ് ഭരണഘടനാ ശിൽപ്പികൾ ഇലക്ഷൻ കമ്മീഷനെന്ന വ്യവസ്ഥാപിത ഭരണഘടനാ സ്ഥാപനത്തിന് രൂപം നൽകിയത്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സുകുമാർ സെൻ ആയിരുന്നു ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. 1950 മാർച്ച് 21 മുതൽ 1958 ഡിസംബർ 19 വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം 1951-52 ലേയും 1957 ലേയും തിരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ചത് അത്യന്തം വിപരീത സാഹചര്യങ്ങളെ അതിജീവിച്ച് കൊണ്ടാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു നിന്ന നാട്ടുരാജാക്കാന്മാരുടേയും അങ്ങേയറ്റം വിഘടിതമായ ഭൂപ്രദേശങ്ങളും സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വലിയ തടസ്സങ്ങളാണ് സൃഷ്ടിച്ചത്. ഈ വൈതരണികളെയെല്ലാം നേരിട്ട കൊണ്ട് സുകുമാർ സെൻ ആ തിരഞ്ഞെടുപ്പുകൾ നടത്തിയെടുത്തു. നിരക്ഷര ജനതയെ അവരുടെ മൗലിക അവകാശമായ വോട്ടിന്റെ മഹത്വം എന്തെന്ന് അദ്ദേഹം പഠിപ്പിച്ചു.
ഓരോ വോട്ടും രാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന പൊതുബോധം സൃഷ്ടിക്കൻ ടി.എൻ ശേഷൻ വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷണറന്മാരും നിസ്തുലമായ സംഭാവനകളാണ് നൽകിയത്. ഈയൊരു അവസ്ഥയിൽ നിന്നും ഇന്നു നമ്മൾ കാണുന്ന തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് എത്തുമ്പോൾ ലജ്ജാകരമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ സംഘപരിവാരത്തിന്റെ തൊഴുത്തിൽ കൊണ്ടു പോയി കെട്ടിയ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യൻ ജനാധിപത്യത്തേയും നീതിന്യായ സംവിധാനത്തേയും തകർക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം പുച്ഛിച്ചു തള്ളേണ്ട ഒന്നല്ല.
ചില കാര്യങ്ങൾ തുറന്ന ചർച്ചകൾക്ക് പാത്രീഭവിക്കണം, ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തു കൊണ്ടാണ് യാതൊരുവിധ ജനാധിപത്യ മര്യാദകളുമില്ലാതെ സംഘപരിവാരത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നത്? ഈ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം മുതൽ ഈ സ്ഥാപനത്തിന്റെ ഔന്നത്യം അപകടത്തിലായി കഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ്ജസ്റ്റിസും ഉൾപ്പെടുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തെ ആദ്യം അട്ടിമറിക്കുകയാണ് നരേന്ദ്രമോഡി ചെയ്തത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രി എന്ന് തിരുത്തി നിയമനിർമ്മാണം നടത്തിയത് അങ്ങേയറ്റം അപലപനീയമായ ഒന്നായിരുന്നു. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരാളെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തലപ്പത്തെത്തിച്ച് തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കാനുള്ള തീരുമാനം സംഘകേന്ദ്രങ്ങൾ എടുത്തിരുന്നു. മോഹൻഭാഗവത് ഇക്കാര്യത്തിൽ മോഡിയോട് സംസാരിച്ചിരുന്നു എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.അങ്ങനെയാണ് തന്റെ മുൻകാല പ്രവർത്തനങ്ങളിൽ യാതൊരു മികവും പുലർത്താത്ത ഗ്യാനേഷ് കുമാർ ഈ പദവിയിലെത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ ഡോ.സുഖ്ഭീർ സിംഗ് സാന്ധുവും ഡോ.വിവേക് ജോഷിയും തങ്ങളുടെ സംഘവിധേയത്വം നേരത്തെ തന്നെ തെളിയിച്ചു കഴിഞ്ഞവരാണ്.

ഇതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഘടന. ജനാധിപത്യത്തെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കുന്ന ബൃഹത്തായ പദ്ധതിയ്ക്ക് സംഘപരിവാരം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന ഭരണഘടനാ സ്ഥാപനത്തെ ഉപയോഗിക്കാൻ നേരത്തെ പലതവണ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. എങ്ങനെയാണ് വോട്ടു മോഷണം നടന്നതെന്ന് ലോക്സഭയിലെ പ്രതിപക്ഷനേതാവും പ്രധാന രാഷ്ട്രീയപാർട്ടിയായ കോൺഗ്രസ്സിന്റെ നേതാവുമായ രാഹുൽഗാന്ധി തെളിവുകൾ നിരത്തി പറഞ്ഞിട്ടും അദ്ദേഹത്തേയും ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന പദവിയേയും ഗ്യാനേഷ്കുമാർ പരിഹസിക്കുകയാണ് ചെയ്തത്. ഉത്തരം ലഭിക്കാത്തപ്പോൾ കൊഞ്ഞനംകുത്തി കാണിക്കുന്ന രീതി. ആരോപണം ഉന്നയിച്ച രാഹുൽഗാന്ധി പുതിയ സത്യവാങ്മൂലം എഴുതി നൽകണമെന്ന് പറഞ്ഞത് വാസ്തവത്തിൽ നിയമവിരുദ്ധമാണ്. അദ്ദേഹം ഭരണഘടനയെ സത്യപ്രതിജ്ഞ ചെയ്ത പാർലമെന്റ് അംഗമാണ്. പ്രോട്ടോക്കോൾ പ്രകാരം ഗ്യാനേഷ്കുമാർ ആ പദവിയുടെ താഴെയേ വരു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പവിത്രത ബോദ്ധ്യമുള്ളത് കൊണ്ടാണ് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടികളും നേതാക്കളും അതിനെ മാനിക്കുന്നത്. എന്തു കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാനിക്കപ്പെടേണ്ടതെന്ന് ഭരണഘടന കൃത്യമായി നിർവചിട്ടുണ്ട്. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ രണ്ടു പത്ര സമ്മേളനങ്ങളിലും ഉയർത്തിയ വിഷയത്തിൽ നാളിത് വരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിട്ടില്ല. കർണ്ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ പൗരന്മാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള കുൽസിത പ്രവർത്തികൾ നടന്നിട്ടുണ്ടെന്ന് ഭാഗികമായി സമ്മതിക്കുമ്പോളും അതിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടികൾ എടുക്കാൻ കർണ്ണാടക തിരഞ്ഞെടുപ്പ് കമ്മീഷനെ തടസ്സപ്പെടുത്തുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കർണ്ണാടകയിലെ ബി.ജെ.പി നേതൃത്വത്തിന്റെ താളത്തിന് തുള്ളുവാൻ കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നത് ഈ കേന്ദ്ര ഇടപെടൽ കൊണ്ടാണ്.
ബീഹാറിൽ ലക്ഷക്കണക്കിനാളുകളെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു കൊണ്ടുള്ള വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിലെ കള്ളക്കളികൾ സുപ്രീം കോടതിയ്ക്ക് ബോധ്യപ്പെട്ടപ്പോൾ തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ അംഗീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാതിരുന്നത് എന്തു കൊണ്ടാണ്? അത് ഗ്യാനേഷ്കുമാറിനെ സംബന്ധിച്ചിടത്തോളം കേവലമായ വീഴ്ചകളല്ല. സൂക്ഷ്മമായി നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ട തന്നെയായിരുന്നു. ബി.ജെ.പി വോട്ടു ചെയ്യാൻ സാധ്യതയില്ലാത്ത മുസ്ളീം, ദളിത്, പിന്നോക്ക വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് എന്നേക്കുമായി പുറത്താക്കി ജനസംഖ്യയുടെ രൂപക്രമത്തിൽ മാറ്റം വരുത്തുകയെന്ന ബ്യൂറോക്രാറ്റിക് പരീക്ഷണത്തിന്റെ ഒരു തുടക്കം.മുസ്ളീംനാമധാരികളെല്ലാം ബംഗ്ളാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റാക്കാരാണെന്ന് വരുത്തി തീർക്കാനുള്ള ഹെഡ്ഗേവാർ ചിന്തയുടെ ഫീൽഡിലുള്ള നടപ്പാക്കൽ. ജാതി രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ ബീഹാറിൽ കീഴ്ജാതിക്കാരെ ഇന്ത്യൻ പൗരന്മാരല്ലാതാക്കിയാൽ സവർണ്ണ ഹിന്ദുവിന്റെ വോട്ട് തങ്ങൾക്ക് അനുകൂലമായി മാറ്റാമെന്നുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രയോക്താവായും തിരഞ്ഞെടുപ്പ് കമ്മീഷൻ മാറി. ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി മാറ്റുന്ന ഹീനകൃത്യത്തിന് പോലും തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായി എന്നത് ആ ഭരണഘടനാ സ്ഥാപനം എത്തിനിൽക്കുന്ന നീചാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യാ ഗവണ്മന്റ് ഏർപ്പെടുത്തിയിരിക്കുന്ന രേഖകൾ പോലും മതിയാതല്ല എന്ന ധാർഷ്ട്യ സമീപനം എന്തു കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം കൈക്കൊണ്ടത്? ആധാർ വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള ആധികാരിക രേഖയല്ലെന്ന് സുപ്രീം കോടതിയുടെ തിരുത്ത് വരുന്നത് കടുംപിടുത്തം പിടിച്ചതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ കളിയാക്കിയത് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന നിയമവ്യവസ്ഥയെയാണ്. അനേകായിരം കോടികളും അതിലേറെ മനുഷ്യവിഭവ ശേഷിയും ഉപയോഗിച്ചാണ് ആധാർ സംവിധാനം തെറ്റുകുറ്റങ്ങളോടെയാണെങ്കിലും ഈ നാട്ടിൽ നടപ്പാക്കിയത്. ആർക്കു വേണമെങ്കിലും വ്യാജ ആധാർ സംഘടിപ്പിക്കാമെന്ന് സുപ്രീം കോടതിയിൽ എഴുതി നൽകിയതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സിസ്റ്റത്തെയാണ് സംശയത്തിന്റെ മുനയിലാക്കാൻ ശ്രമിച്ചത്. ഇന്ത്യൻ പൗരനാകാനുള്ള സാക്ഷ്യപത്രം സംഘപരിവാര ഓഫീസുകളിൽ നിന്നാണ് നേടേണ്ടത് എന്നു പറയാതെ പറയുന്ന വിവേകമില്ലായ്മയാണിത്. നിലവിലുള്ള രേഖകളുടെ നിയമ പ്രാബല്യം ഇല്ലാതാക്കുന്നത് മുസ്സോളിനിയുടെ കാലം മുതലുള്ള ഒരു ഫാഷിസ്റ്റ് തന്ത്രമാണ്. ഇന്ത്യ പോലെ ബഹുസ്വരമായ ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത്തരം തന്ത്രങ്ങൾ ഏതു വിധത്തിൽ പ്രയോഗിച്ച് നോക്കാമെന്ന് ആർ.എസ്.എസിന്റെ നൂറാം വർഷത്തിൽ സംഘപരിവാരം ശ്രമിക്കുന്നത്. ജനസംഖ്യാനുപാതികമായി നോക്കിയാൽ സംഘപരിവാരത്തിന് അതിനുള്ള ശക്തിയുമില്ല ജനങ്ങൾ അതിനുള്ള മാൻഡേറ്റ് നൽകിയിട്ടുമില്ല.

തങ്ങളുടെ ഉത്തരവാദിത്വം എന്തെന്ന് അറിയാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ സംഘപരിവാരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അത്തരക്കാരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചാൽ തങ്ങളുടെ ആശയസംസ്ഥാപനത്തിന് സാധിക്കുമെന്നവർ കണക്കുക്കൂട്ടുന്നു. കോടതികളേയും മാധ്യമങ്ങളേയും ഇത്തരത്തിലുള്ള ഭരണഘടനാ സ്ഥാപനങ്ങളേയും വരുതിയിലാക്കിയാൽ തങ്ങളുടെ ജോലി കൂടുതൽ എളുപ്പമാകുമെന്ന് ഇവർ വിശ്വസിക്കുന്നത് ഇന്ത്യാമഹാരാജ്യത്തിന്റെ നാനാത്വം എന്തെന്ന് അറിയാത്തത് കൊണ്ടാണ്. ഇവരുടെ ചൊൽപ്പിടിയിൽ നിൽക്കുന്ന ഭരണഘടനാ സ്ഥാപനങ്ങൾ അവരുടെ വിശ്വസനീയത കളഞ്ഞു കുളിച്ചാൽ അത് നാട്ടിൽ സൃഷ്‌ടിക്കുന്നത് അരാജകത്വമായിരിക്കും. മണിപ്പൂരിലും ലഡാക്കിലും നമ്മളത് കണ്ടു കഴിഞ്ഞു.
മറ്റ് ലേഖനങ്ങൾ: കാലിഡോസ്കോപ്പ്





