A Unique Multilingual Media Platform

AI Articles Book Review Kerala Technology

പുതുനാഗരികതയ്ക്കു മുമ്പത്തെ അന്തരാളഘട്ടം

  • July 10, 2026
  • 1 min read
പുതുനാഗരികതയ്ക്കു മുമ്പത്തെ അന്തരാളഘട്ടം

“സോഷ്യലിസ്റ്റ് ഭാവിയുടെ വിത്തുകൾ സാങ്കേതികവിദ്യയുടെ കൂട്ടായ പുനർവിനിയോഗത്തിലാണ്. ശുഭാപ്തിവിശ്വാസപൂർണമായ ഒരു ഭാവിവിചാരത്തിനു സഹായകമായ, വിശേഷിച്ചും മുതലാളിത്തത്തിനു ബദലായ പുതിയ സാമൂഹിക സംവിധാനങ്ങൾക്കായുള്ള സാധ്യതകൾ ഡിജിറ്റൽ മുതലാളിത്തത്തിന്റെ വൈരുധ്യങ്ങളിൽ തെളിഞ്ഞുകാണുവാൻ കഴിയുന്ന, ഒരു രാഷ്ട്രീയം രൂപപ്പെടുകയാണ്. മുതലാളിത്തത്തിന്റെ അനിവാര്യതകളിൽനിന്നു മോചിതമായാൽ, ആവശ്യമായ തൊഴിൽസമയം കുറയ്ക്കാനും മനുഷ്യസർഗാത്മകതയെ സ്വതന്ത്രമാക്കാനുമുള്ള കഴിവ് ഓട്ടോമേഷനും നിർമിതബുദ്ധിയും ഉള്ളിൽ പേറുന്നുണ്ട് “.

ഇങ്ങനെ പ്രസരിപ്പുള്ള ഒരു ഭാവികാഴ്ചയോടെ അവസാനിക്കുന്ന പുസ്തകം വായിക്കുവാൻ എനിക്ക് ഇഷ്ടമാണ്.

 

ഡിജിറ്റൽ അധ്വാനം, അതിന്റെ ചൂഷണം, ഡാറ്റയുടെ ചരക്കുവത്കരണം, ടെക് ഭീമൻമാരുടെ കുത്തകരീതികൾ, എഐ അധിഷ്ഠിത അൽഗൊരിതീയ നിയന്ത്രണം തുടങ്ങിയവയാൽ അടയാളപ്പെടുത്തപ്പെടുന്ന ഡിജിറ്റൽ യുഗത്തിന്റെ സമ്പദ്ക്രമത്തെ മാർക്സിയൻ/മാർക്സിസ്റ്റ് സമ്പദ്ശാസ്ത്രത്തിന്റെ വിചാരമാതൃകകളിലൂടെ പരിശോധിക്കുന്ന പുസ്തകം ആണ് ഡോ. പി. സോമൻ ഡോ. ടി.ടി ശ്രീകുമാറുമായി നടത്തുന്ന സംഭാഷണമായ “അൽഗൊരിതം, അധ്വാനം, അധികാരം” (ചിന്ത പബ്ളിഷേഴ്സ്, 250 രൂപ). നിർമിതബുദ്ധിയും ഡിജിറ്റൽ മൂലധനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച്, ഒരുപക്ഷേ, മലയാളത്തിൽ ഉണ്ടാവുന്ന ആദ്യപഠനം ആവും ഇത്: “ഭൗതികമൂലധനത്തിൽനിന്ന് മൂല്യത്തിന്റെ പ്രാഥമിക ഉറവിടമായി ഡാറ്റ മാറുന്ന” കാലത്തിന്റെ ഒരു ശ്രദ്ധേയ പുസ്തകം.

മാർക്സിസം കാലഹരണപ്പെട്ടെന്നും മുതലാളിത്തംതന്നെ മരിച്ചെന്നും മറ്റും പറയപ്പെടുന്നുണ്ടല്ലോ എന്നുതുടങ്ങിയ സോമന്റെ ചോദ്യങ്ങൾക്ക്, മാർക്സിസ്റ്റ് സിദ്ധാന്തത്തെ പുതിയ സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തേണ്ടതുണ്ടെന്നും മാർക്സിന്റെ രചനകളിൽ തമസ്കരിക്കപ്പെട്ടതോ വേണ്ടത്ര ഊന്നൽ കിട്ടാതെ പോയതോ ആയ ഘടകങ്ങളെക്കൂടി കണക്കിലെടുത്ത് ആ പൊരുത്തപ്പെടുത്തൽ സാധ്യമാണ് എന്നുമുള്ള നിലപാടിൽ നിന്നുകൊണ്ടു ഡോ. ശ്രീകുമാർ മറുപടി നൽകുന്ന വിധത്തിൽ ആണു പുസ്തകഘടന.

പൊതുവിൽ ക്ഷേമരാഷ്ട്ര സമ്പദ്‌വ്യവസ്ഥയിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളും ഇടതുപക്ഷ ജനാധിപത്യ സിവിൽസമൂഹ സംഘടനകളും, മാറുന്ന യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാതെ മാറിനിൽക്കുന്നുവെന്നും അങ്ങനെയായാൽ പുതിയ കാലത്തിന്റെ ധൈഷണികചർച്ചകൾ രാഷ്ട്രീയ- സിവിൽസമൂഹ പ്രവർത്തനങ്ങളുടെ ഭാഗമാവുന്നതിലൂടെ സംഭവിക്കാവുന്ന ഭൗതികപ്രതിരോധം നടക്കാതെപോവാമെന്നും പുസ്തകം തുടക്കത്തിലേ സൂചിപ്പിക്കുന്നുണ്ട്. “പഴയ പരികല്പനകളിൽ, സൈദ്ധാന്തിക സമീപനങ്ങളിൽ ആവശ്യമായ മാറ്റം വരുത്തേണ്ടതുണ്ട്” എന്നും പറയുന്നു.

ഡോ. ടി.ടി ശ്രീകുമാർ

ഉല്പാദനം, വിതരണം, ഉപഭോഗം എന്നിവയിൽ അധ്വാനത്തിന്റെയും മൂലധനത്തിന്റെയും പരമ്പരാഗത റോളുകളെ സാങ്കേതികവിദ്യ അപ്രസക്തമാക്കുന്നുണ്ട് എന്നും, ഭൗതിക മൂലധനത്തിൽനിന്ന് മൂല്യത്തിന്റെ പ്രാഥമിക ഉറവിടമായി ഡാറ്റ മാറുന്നു എന്നും ശ്രീകുമാർ സമ്മതിക്കുന്നു. “ഡാറ്റയും വിവരങ്ങളും മൂല്യത്തിന്റെ പ്രധാന സ്രോതസ്സുകളായി മാറുകയും, മിച്ചമൂല്യം സൃഷ്ടിക്കുന്നതും ചൂഷണം ചെയ്യുന്നതുമായ പ്രക്രിയകളിൽ മാറ്റമുണ്ടാവുകയും ചെയ്യുന്നു. കൂടാതെ ഉല്പാദനപ്രക്രിയകളുടെ കേന്ദ്രത്തിൽ, ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗവും, തൊഴിൽവിപണിയിലും മൂലധനത്തിന്റെ രീതികളിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അപ്പോൾ തീർച്ചയായും സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചുള്ള പരമ്പരാഗത മാർക്സിസ്റ്റ് ധാരണയെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുന്ന വിചാരമാതൃകയിലൂടെ നവീകരിക്കേണ്ടതുണ്ട്” (പേജ് 21). എന്നാൽ “ഇത് ഒരിക്കലും പഴയ വിശകലനമാതൃകയെ പൂർണമായും അപ്രസക്തമാക്കുന്നില്ല” എന്നും ശ്രീകുമാർ തുടർന്ന് ഊന്നിപ്പറയുന്നു. മാറ്റത്തെ ഉൾക്കൊള്ളുക, പൊരുത്തപ്പെടുക, മാറുക, പരമ്പരാഗതത്തെ വികസിപ്പിക്കുക, നവീകരിക്കുക എന്നിങ്ങനെ ഇവിടെ മാറിമാറി ഉപയോഗിക്കുന്ന ക്രിയാപദങ്ങൾ നമ്മുടെ കാലത്തിന്റെ ടെൻഷൻ പ്രതിഫലിപ്പിക്കുന്നുണ്ട്.

ഭാഗികമായെങ്കിലും അപ്രസക്തമാവുന്ന പഴയ വിശകലനമാതൃക നിലനിർത്തി അതുവച്ച് പുതിയ കാലത്തെ വായിക്കാൻ പാശ്ചാത്യ മാർക്സിസ്റ്/നിയോമാർക്സിസ്റ്റ് പണ്ഡിതർ നടത്തുന്ന ‘സമര’ങ്ങളെ ശ്രീകുമാർ ഈ പുസ്തകത്തിൽ വിശദമായി പരിശോധിക്കുന്നുണ്ട്. അവരുടെ ശ്രമങ്ങളിലുമുണ്ട് മുമ്പു പറഞ്ഞ ടെൻഷൻ (അതു കാണുമ്പോൾ, ആരാധനക്രമത്തിൽ പരിഷ്കരണമാണോ അനുരൂപണം (inculturation) ആണോ വേണ്ടത് എന്നതിനെക്കുറിച്ച് വത്തിക്കാൻ സൂനഹദോസിനുശേഷം കത്തോലിക്കാ സഭയിൽ നടന്നുപോരുന്ന തർക്കങ്ങൾ ആണ് ആദ്യം ഓർമ്മയിൽ വന്നത്).

“പരമ്പരാഗത വ്യാവസായിക ഉത്പാദനത്തിൽനിന്ന് [ഇപ്പോൾ നടക്കുന്ന നാലാം വ്യവസായ വിപ്ലവത്തിലെ] ഡിജിറ്റൽ, ക്രിയാത്മക വ്യവസായങ്ങളിലേക്ക് സാമ്പത്തിക സന്ദർഭം മാറിയിട്ടുണ്ടെങ്കിലും, ഈ ഡിജിറ്റൽ ഉല്പന്നങ്ങളിലൂടെയുള്ള മൂല്യം സൃഷ്ടിക്കുന്നത് അധ്വാനത്തിന്റെയും മിച്ചമൂല്യത്തിന്റെയും അടിസ്ഥാനത്തിൽ തന്നെയാണെന്ന കാര്യത്തിൽ സംശയത്തിനവകാശമില്ല……… ഉണ്ടാകുന്ന ഭീമമായ ലാഭം വിലയിരുത്തുന്നതിന് സ്കെയിലും റീച്ചും, ഡാറ്റ വിനിയോഗം, കുത്തക സമ്പ്രദായങ്ങൾ, കുറഞ്ഞ ഉത്പാദനച്ചെലവ് തുടങ്ങി നിരവധി കാര്യങ്ങൾ അപഗ്രഥിക്കേണ്ടതുണ്ട്. ഇതിനു മാർക്സിസത്തെക്കാൾ മറ്റേതു ചട്ടക്കൂട് ആണു നിലവിലുള്ളത് ” (പേജ് 28-29) എന്നു ചോദിച്ചു ശ്രീകുമാർ അഭിമാനിക്കുന്നുണ്ട്. ‘ബൂർഷ്വാ ധനശാസ്ത്ര’ത്തെക്കാൾ മനുഷ്യപ്പറ്റോടെയുള്ള ധനശാസ്ത്ര ചട്ടക്കൂടു തരാൻ വികസിത/നവീകൃത മാർക്സിസത്തിന് ഇപ്പോഴും കഴിയുമെന്നതു ശരിതന്നെ. അതേസമയം, മനുഷ്യജാതി ഇന്ന് അഭിമുഖീകരിക്കുന്ന നാഗരികതാപരമായ (civilizational) വെല്ലുവിളിയുടെ ആഴവും പരപ്പും ഉൾക്കൊള്ളാനും ഇന്നത്തെ ലോകയാഥാർത്ഥ്യത്തിൽ ചെന്നു തൊടുവാനും സമ്പദ്ശാസ്ത്രപരമോ സാങ്കേതികവിദ്യാപരമോ ആയ സിദ്ധാന്തങ്ങളെക്കാൾ അന്തർവൈജ്ഞാനികമായ പരിശോധനകൾ വേണ്ടിവരുന്നുണ്ട്. അതിന് അൽഗൊരിത നിയന്ത്രിത വിശാല ഭാഷാ മാതൃകകൾ (LLMs) തന്നെയും മനുഷ്യനെ തുണയ്ക്കുന്നു – അവയുടെ ഡാറ്റാസെറ്റുകളുടെ പരിമിതികൾ എന്തുതന്നെയായാലും.

മാനവചരിത്രത്തിലെ ഇതുവരെയുള്ള വിവരവിജ്ഞാനങ്ങൾ ഡാറ്റയാക്കി വിവേകബുദ്ധിയിയിലെത്താനുള്ള വലിയ സാധ്യത നിർമിതബുദ്ധിയുടെ ചക്രവാളത്തിലുണ്ട്. അതു സാധ്യത മാത്രം ആവാതെ സംഭവ്യവും സംഭവവും ആകുന്നതിന്റെ “എങ്ങനെ” പ്രവചിക്കാനാവില്ല എന്നല്ലേയുള്ളൂ? “അൽഗൊരിതങ്ങൾ വഴി സ്വാതന്ത്ര്യംവരെ റദ്ദ് ചെയ്യപ്പെടുന്നു” (പേജ് 74) എന്നിങ്ങനെയുള്ള വാക്യങ്ങളിൽ “ഇന്നത്തെ അധീശ അൽഗൊരിതങ്ങൾ” എന്നു വായിക്കാൻ ആണ് എനിക്കിഷ്ടം. ഇപ്പോഴത്തെ ഡിജിറ്റൽ അധീശത്വങ്ങൾ പുത്തൻ സാങ്കേതിക വിദ്യയുടെ ശൈശവത്തെ കുറിക്കുന്നതേയുള്ളൂ എന്നും സോഷ്യൽ ഡെമോക്രാറ്റിക് ആയി മച്വർ ആകുന്ന വിദ്യകൾ വികസിപ്പിക്കപ്പെടുമെന്നുംതന്നെ ഞാൻ പ്രത്യാശിക്കുന്നു.

മാർക്സിസ്റ്റ് സാമ്പത്തിക സിദ്ധാന്തത്തെ പുതിയ സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തേണ്ടതുണ്ട് എന്നതിൽ ഊന്നിയ ട്രോട്സ്കിസ്റ്റ് ഡാനിയൽ ബെൻസെദ്, എഐ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സാമ്പത്തിക അസമത്വം വർധിപ്പിക്കുകയും തൊഴിലാളികളുടെ അന്യവത്കരണം ആഴത്തിലാക്കുകയും ചെയ്യുന്നതെങ്ങനെ എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രിസ്റ്റ്യൻ ഫുക്സ്, ഡയർ-വിത്ഫോർഡ്, പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തിയായി ഉത്തരാധുനികതയെ കണ്ട ഫ്രെഡറിക് ജയിംസൺ, വിജ്ഞാനത്തിന്റെ രാഷ്ട്രീയസമ്പദ്ശാസ്ത്രം അന്വേഷിച്ച പീറ്റർ ഡ്രാഹോസും ജോൺ ബ്രൈത്ത്വെയ്റ്റും, മെഷീൻ ലേണിംഗ് മോഡലുകളുടെ വിമർശനം എഴുതിയ നോം ചോംസ്കി, നവഫ്യൂഡലിസം അവതരിപ്പിച്ച ജോയൽ കോട്കിൻ, മേൽനിരീക്ഷണ (surveillance) മുതലാളിത്തത്തെ പഠിച്ച ശോശന്ന സുബോഫ്, ‘മൂലധന’ത്തിനുമുമ്പുള്ള മാർക്സിന്റെ നോട്ടുപുസ്തക സഞ്ചയം ആയ ‘ഗ്രൂന്ദ്രിസ്സെ’യെ നിർമിതബുദ്ധിയുടെ വിശകലനത്തിനായി പരിശോധിച്ച ഡേവിഡ് ഹാർവി, ഒട്ടണോമിസ്റ്റ് മാർക്സിസ്റ്റ് ആയി അറിയപ്പെടുന്ന അന്റോണിയോ നെഗ്രി തുടങ്ങിയവരുടെ വിശകലനങ്ങളെ ലളിതമായും സംഗൃഹീതമായും ഈ സംഭാഷണപുസ്തകം പിന്തുടരുന്നുണ്ട്. അതിനിടെ ഹരാരിയെപ്പോലുള്ള ജനപ്രിയ ദുരന്തപ്രവാചകരെയും ഫുക്കുയാമയെപ്പോലുള്ള പ്രച്ഛന്ന നിയോലിബറലിസ്റ്റുകളെയും ഇരുത്തേണ്ടിടത്ത് ഇരുത്തുന്നു; ടെക്നോഫ്യൂഡലിസം പറയുന്ന വരൂഫാകിസിന്റെ കാര്യത്തിൽ കൊണ്ടും കൊടുത്തും നിൽക്കുന്നു. ഉപയോക്താക്കളെ പ്രജകളാക്കി മാറ്റാൻ ഫ്യൂഡൽ പ്രഭുക്കളെപ്പോലെ ടെക് കുത്തകകൾ ശ്രമിക്കുന്നു എന്ന് വരൂഫാകിസ് പറയുന്നത് അദ്ദേഹത്തിന്റെ നിലപാടുകളെ “കുറച്ചെങ്കിലും പ്രസക്തമാക്കുന്നുണ്ട്” എങ്കിലും, ഈ പ്രക്രിയയെ ‘മുതലാളിത്തത്തിന്റെ പതനം’ ആയി കാണാതെ, മുതലാളിത്തത്തിന്റെ സമഗ്രതയുടെ ഭാഗമായി കാണണം” (പേജ് 61) എന്നു ശ്രീകുമാർ നിരീക്ഷിക്കുന്നു.

പുതുമുതലാളിത്തത്തെ ശുദ്ധ മലയാളത്തിൽ അടയാളപ്പെടുത്തുന്ന ഭാഗം ഇതാണ്: “മുതലാളിത്തം എല്ലാക്കാലത്തും താലോലിച്ചുപോന്ന, ദുർഘടങ്ങളില്ലാത്ത ആഗോളവിപണിവ്യവസ്ഥയെ ഡിജിറ്റൽ മുതലാളിത്തം ഒരു ആഗോളവിപണിരാഷ്ട്രമാക്കി മാറ്റുന്നു. ലോകരാഷ്ട്രങ്ങളോട്, “ഞങ്ങൾ ഭരിച്ചാൽ ഭരുമോ” എന്നു ഡിജിറ്റൽ മൂലധനത്തിന്റെ വക്താക്കൾ ചോദിക്കുകയാണ് ” (പേജ് 54). ഡിജിറ്റൽ മുതലാളിത്ത പാട്ടപ്പിരിവ്, ഉത്പാദിത അധ്വാനം തുടങ്ങിയ രസകരമായ പ്രയോഗങ്ങൾ വേറെയും പലതുണ്ട്.

മാർക്സിന്റെ മുതലാളിത്തവിമർശത്തോടു യോജിക്കുന്നതിനപ്പുറം മാർക്സിസ്റ്റ് അല്ലാത്ത എന്റെ കാഴ്ച പറഞ്ഞ് ഈ കുറിപ്പ് ഉപസംഹരിക്കാം: മനുഷ്യരാശി ഒരു നാഗരിക (civilizational) യുഗപ്പകർച്ചയിലാണ് എന്നു കാണുന്ന ഒരാളാണു ഞാൻ (2016-ലെ ‘ഭാവിവിചാര’ത്തിൽ യുഗസംക്രമണം എന്ന വാക്ക് ആണ് ഞാൻ കൂടുതൽ ഉപയോഗിച്ചത്). യൂറോപ്യൻ നവോത്ഥാനം (Renaissance), പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതനവീകരണം (Reformation), ന്യൂട്ടൺ-ഗലീലിയോ ശാസ്ത്രവിപ്ലവം, യൂറോപ്യൻ വിജ്ഞാനോദയം (Enlightenment), ലിബറലിസം, ഒന്നാം വ്യവസായ വിപ്ലവം, ശാസ്ത്ര-സാങ്കേതിക വിപ്ലവം, ദേശീയ സ്വാതന്ത്ര്യസമരങ്ങൾ, വനിതാ വിമോചനം, പോസ്റ്റ് ന്യൂട്ടോണിയൻ (ക്വാണ്ടം) ഭൗതികശാസ്ത്ര വിപ്ലവം എന്നിങ്ങനെയുള്ള മാറ്റങ്ങളുടെ അര സഹസ്രാബ്ദം നീണ്ട ഒരു യുഗത്തിൽനിന്ന് (an epoch of changes), ആ യുഗത്തിന്റെതന്നെ മാറ്റത്തിലേക്ക് ( a change of epoch) കടക്കുന്ന അന്തരാളഘട്ടമാണിത്. പ്രാചീന ഭൂഖണ്ഡ-ഉപഭൂഖണ്ഡ-ദേശീയ നാഗരികതകളിൽനിന്നു പുറപ്പെടുകയും ചെയ്തു, പുതിയ ഒരു അഖിലലോക ൺ നാഗരികതയിൽ എത്തിയിട്ടുമില്ല എന്ന മട്ടിൽ ഇളകിമറിയുന്ന ഘട്ടം. അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം, കൊളോണിയലിസം എന്നിങ്ങനെ അടിയിൽ കിടന്ന അഴുക്കെല്ലാം പൊങ്ങിവരികയും, അതിനിടയ്ക്കുമുള്ള “ഏകജീവിതാനശ്വര” ഭൂലോകനാഗരികതയുടെ നല്ല മുളകൾ പൂർണമായും വേരുപിടിച്ചു പൊതുജനദൃഷ്ടിയിൽ/മാധ്യമ പരിസ്ഥിതിയിൽ കാണാൻ കിട്ടാതിരിക്കുകയും ചെയ്യുന്ന ഘട്ടം. പഴയതിന്റെ വെറും രൂപമാറ്റമോ തരംമാറ്റമോ അല്ല ഇത്.

നമ്മൾ, നല്ലതെന്നും ചീത്തയെന്നും സാധാരണമട്ടിൽ വേർതിരിക്കാറുള്ള സാധ്യതകളുടെ വലിയൊരു ഇടം ഉയർന്നുവരുന്നു. അൽഗൊരിതങ്ങളും എഐയും നെറ്റ്‌വർക്കുകളും എല്ലാം ഇവിടെ ഉണ്ട്. സംഭവിക്കാൻ പോകുന്നത് ദുരന്തമല്ല, ഒരു ജീവജാതിയുടെ നീതിയും സമാധാനവും നിറഞ്ഞ അതിജീവനം ആണ് എന്ന് ഉള്ളിൽ കാണാൻ, അതിലേക്കു നാം ഒറ്റയ്ക്കും കൂട്ടായും എന്തു ചെയ്യണം എന്നു കാണിച്ചുതരാൻ, ഏതെങ്കിലും ഒരൊറ്റ പ്രത്യയശാസ്ത്രത്തിന്റെയോ ഒരൊറ്റ വേദശാസ്ത്രത്തിന്റെയോ ഒരൊറ്റ തത്ത്വശാസ്ത്രത്തിന്റെയോ ഒരൊറ്റ സാമൂഹികശാസ്ത്രത്തിന്റെയോ കുട പോരാതെവരുന്നു. വിജ്ഞാനശാഖകൾ സംയോജിക്കുന്ന, അറിവിന്റെ പുതിയ സംയോജിത കുട ചൂടേണ്ടിവരുന്നു. ആ സംയോജനത്തിൽ വിജ്ഞാനത്തെയും അതിശയിക്കുന്ന മാനവ വിവേകജ്ഞാനം (wisdom) വിരിയുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു – മനുഷ്യവിവേകവും നിർമിതബുദ്ധി(എഐ)യും ചേർന്ന കരുണാർദ്രബുദ്ധി(compassionate intelligence) അഥവാ മനുഷ്യ-യന്ത്ര വിവേകബുദ്ധി ഉദിക്കുമെന്നുതന്നെ.

 

മുന്നിലെ ഭീഷണികളുടെ സാധ്യത അംഗീകരിക്കുമ്പോൾത്തന്നെ, നീതിയും സമാധാനവും നിറഞ്ഞ ഒരു ലോകത്തിന്റെ സംഭവ്യത ഈ പുസ്തകം തള്ളിക്കളയുന്നില്ല എന്നതാണ് എന്റെ വായനാനുഭവം.

 

(അൽഗൊരിതം, അധ്വാനം, അധികാരം: നിർമിതബുദ്ധിയും ഡിജിറ്റൽ മൂലധനവും; ഡോ. ടി.ടി ശ്രീകുമാർ/പി. സോമൻ, ചിന്ത പബ്ളിഷേഴ്സ്, 152 പേജ്, 250 രൂപ)

About Author

ജോസ് ടി തോമസ്

പ്രമുഖ ഭാവി വിചാര ചിന്തകനും എഴുത്തുകാരനുമാണ് ജോസ് ടി തോമസ്. ഭാവി വിചാര പുസ്തക പരമ്പരയിലെ 'കുരിശും യുദ്ധവും' സമാധാനവും 'കാക്കനാടൻ പുരസ്ക്കാരം' നേടിയിട്ടുണ്ട്. ദീപികയുടെ മുൻ എഡിറ്റർ ആയിരുന്നു. മനുഷ്യ സാമൂഹിക പരിണാമം സംബന്ധിച്ച ഗവേഷണ പ്രവർത്തനം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x