A Unique Multilingual Media Platform

Articles Environment Kerala Politics

കേരള പോലീസും ഇ.പി ജയരാജനും

  • July 10, 2026
  • 1 min read
കേരള പോലീസും ഇ.പി ജയരാജനും

എത്ര നന്നാക്കാൻ നോക്കിയാലും നന്നാക്കാൻ വളരെ പ്രയാസമുള്ളവരായി കേരളത്തിലെ പോലീസുകാരിൽ ഒരു വിഭാഗം മാറിയിരിക്കുന്നു. ഏതു സർക്കാർ ഭരിച്ചാലും പോലീസ് സേനയിലെ ഈ ക്രിമിനലുകൾ അവരുടെ ക്രിമിനൽ പ്രവർത്തികൾ തുടർന്നു കൊണ്ടേയിരിക്കും. കോന്നിയിൽ പതിമൂന്ന് വയസ്സുകാരി പെൺകുട്ടി അവളുടെ പ്രണയം നിഷേധിച്ചതിന് ആറ് ചെറുപ്പക്കാർക്കെതിരെ പീഢനപരാതിയുമായി സ്റ്റേഷനിൽ എത്തുന്നു. ഈ ചെറുപ്പക്കാരെ നിജസ്ഥിതി അറിയാൻ കൂട്ടാക്കാതെ സബ് ഇൻസ്പക്ടറുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിക്കുന്നു. വൈദ്യപരിശോധനയിൽ അത്തരമൊരു പീഢനം നടന്നിട്ടില്ലെന്നും അത് കെട്ടിച്ചമച്ച കഥയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യമായപ്പോഴേക്കും ഈ യുവാക്കൾ തല്ലു കൊണ്ട് ശരിയായിരുന്നു. ഓപ്പറേഷൻ തൂഫാനെന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ കേരളമൊന്നാകെ അണിനിരക്കുമ്പോഴാണ് ലഹരി കണ്ടുപിടിക്കാൻ നിയുക്തരായ ഡാൻസ്ഡാഫ് ടീമിലെ മൂന്ന് പോലീസുകാരെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായ വനിത കയ്യോടെ പിടികൂടി മേലധികാരികളെ ഏൽപ്പിക്കുന്നത്. ബേക്കലിൽ കാറിന്റെ മുൻവശത്ത് മാറ്റം വരുത്തിയെന്ന് ആരോപിച്ച് പ്രൊബേഷണറി എസ്. ഐ ഒരു ചെറുപ്പക്കാരന്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടുന്നതും സോഷ്യൽ മീഡിയ വഴി നാട്ടുകാർ കണ്ടതാണ്.

പോലീസ് അതിക്രമം (ഫയൽ ചിത്രം)

പോലീസുകാരെ നന്നാക്കാൻ മാറിമാറി വരുന്ന ഡി. ജി. പിമാർ ഡസൻ കണക്കിന് ഓർഡറുകൾ ഇറക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ഓർഡറുകൾ സ്റ്റേഷനുകളിലെ മേശപുറത്ത് ഉറങ്ങുകയും പോലീസുകാരുടെ വൈകൃതങ്ങൾ നിർബാധം തുടരുകയും ചെയ്യുന്നു. എവിടെയാണ് യഥാർത്ഥ പ്രശ്നമെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നതാണ് ഖേദകരം. പരിശീലനപദ്ധതിയിലെ പാളിച്ചകളാകാനെ തരമുള്ളൂ. സൈനികർക്ക് നൽകുന്ന വിധത്തിലുള്ള കഠിനവും കൃത്യവുമായ പരിശീലനം നമ്മുടെ പോലീസ് അക്കാഡമികളിൽ നടക്കുന്നില്ല എന്നതാണ് ഇത്തരം പോലീസ് വേണ്ടാതീനങ്ങൾ കാണുമ്പോൾ മാധ്യമപ്രവർത്തകർക്കുൾപ്പടെയുള്ളവർക്ക് തോന്നുന്നത്. രാഷ്ട്രീയക്കാരുടെ പ്രീതിയുണ്ടെങ്കിൽ പിടിച്ചു നിൽക്കാമെന്ന വ്യാമോഹം ഈ എ. ഐ കാലത്ത് പോലീസിലെ ക്രിമിനലുകൾ വച്ചു പുലർത്തുന്നുണ്ടെങ്കിൽ അതവർക്ക് പുതിയ കാലത്തെ സർവയലൻസുകളെ കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്നും രൂപപ്പെടുന്നതാണ്. പോലീസിന്റെ ദൈനംദിന പ്രവർത്തികളെ കൃത്യമായി നിരീക്ഷിക്കാനും പോലീസ് സംവിധാനത്തെ കുറിച്ച് ദിനേനയെന്നോണം പഠനത്തിന് വിധേയമാക്കാനും പറ്റിയ ഒരു ഏജൻസി സ്വകാര്യ മേഖലയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. വളച്ചൊടിക്കാത്ത ഡാറ്റകളെ വിശകലനം ചെയ്ത് പോലീസ് സംവിധാനത്തിന്റെ പാഠ്യപദ്ധതിയിൽ അതുൾപ്പെടുത്തി പരിശീലനം നൽകുന്നത് നല്ലതായിരിക്കും. എന്തു തോന്ന്യാസവും കാക്കിയുടെ മറവിൽ ചെയ്തു കൂട്ടുന്നവന് ഒരു സ്ഥലമാറ്റമോ സസ്പെൻഷനോ നൽകി അവസാനിപ്പിക്കുന്നതിന് പകരം അത്തരക്കാരെ സേനയിൽ നിന്നും നീക്കം ചെയ്യാനുള്ള നിയമഭേഗഗതിയും സർക്കാർ ആലോചിക്കണം.

വയനാട്ടിലെ തുരങ്കപ്പാത നിർമ്മാണത്തിന് കൂടുതൽ രക്തസാക്ഷികളെ ഭരണകൂടം സൃഷ്ടിച്ചു. രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോൺട്രാക്ടർ കൂട്ട് കെട്ടിൽ 6 ജീവനുകൾ പൊലിഞ്ഞു. നാട്ടുകാർ കരമായി നൽകിയ കോടാനുകോടികൾ ഒലിച്ചു പോയി. പത്രങ്ങളിൽ പേജുകൾ നിറച്ചുള്ള വിലാപങ്ങൾ,അന്തിചർച്ചകളിൽ ഇതിന്റെ പേരിലുള്ള ഗോഗ്വാ വിളികൾ എന്നതെല്ലാം പതിവു പോലെ നടക്കുന്നു. വിവിധങ്ങളായ ആശയങ്ങളുമായി പതിവ് പരിസ്ഥിതി വിദഗ്ദന്മാരും ദുരന്ത നിവാരണക്കാരും രംഗത്തുണ്ട്. മുഖ്യമന്ത്രി,മന്ത്രിമാർ,പ്രതിപക്ഷനേതാവ്,പാർട്ടി ഭാരവാഹികൾ തുടങ്ങിയവർ ഹെലികോപ്റ്റർ പിടിച്ച് ദുരന്ത സ്ഥലം സന്ദർശിച്ച് കണ്ണുനീർ വാർക്കുന്നു. ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ,വേദനയോടെ പറയട്ടെ,ഇനിയും ഇതു പോലുള്ള വാർത്തകൾ ചുരമിറങ്ങി വന്നു കൊണ്ടേയിരിക്കും.

പശ്ചിമഘട്ടത്തിലെ അതിലോല പ്രദേശത്ത് മനുഷ്യൻ കാണിച്ചു കൂട്ടുന്ന അത്യാഗ്രഹങ്ങൾക്കും വിക്രിയകൾക്കും ഇത്തരത്തിലുള്ള ഒരു മറുപടി മാത്രമേ പ്രകൃതിയ്ക്ക് നൽകാനുള്ളൂ. കാടും മേടും വെട്ടിപ്പിടിച്ച് ജീവിതം കരുപിടിപ്പിക്കാമെന്ന പ്രകൃതി വിരുദ്ധ ചിന്തയ്ക്ക് ഓശാനപാടുന്നവർ മനുഷ്യരെ കുരുതിക്കളത്തിലേക്ക് എടുത്തെറിയുകയാണ്. മതവും ഭക്തിയും കൂട്ടിക്കെട്ടി കാടിനെ വെളിപ്പിക്കുമ്പോൾ അറിയേണ്ടത് കണ്ണ‌ച്ചാൽ ഇരുട്ടാവില്ലെന്ന കേവല തത്വമാണ്. കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ഒറ്റപ്പെട്ട സംഭവമെന്നാണ് കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിയുടെ സുചിന്തിതമായ അഭിപ്രായം.

കള്ളാടിയിലെ മണ്ണിടിച്ചിൽ ബാധിത പ്രദേശങ്ങൾ

കള്ളാടി ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ലെന്നതാണ് ഏറ്റവും വിഷമകരമായ കാര്യം. അക്കൗണ്ടബിലിറ്റി എന്നത് ആർക്കുമില്ലാത്ത കാഴ്ച. കളക്ടർ പറയുന്നതല്ല പൊതുമരാമത്ത് സെക്രട്ടറി പറയുന്നത്. റവന്യൂ വകുപ്പ് മന്ത്രി എ. പി അനിൽകുമാറും വയനാടിന്റെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖും രണ്ട് തട്ടിൽ. പ്രോജക്ട് നടപ്പിലാക്കുന്ന കൊങ്കൺ കമ്പനിയാകട്ടെ തങ്ങൾ എല്ലാ നിയമവും അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്. അങ്ങേയറ്റം പരിസ്ഥിതി ലോലമായ ഈ പ്രദേശത്ത് നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോൾ പാലിക്കേണ്ട മിനിമം ഗൈഡ്ലൈൻസ് പോലും കമ്പനി നടപ്പിലാക്കിയിട്ടില്ല. പൊതുമരാമത്ത് വകുപ്പിലെ സെൻസുള്ള കുറച്ച് ഉദ്യോഗസ്ഥരും നാട്ടുകാരായ ചില പരിസ്ഥിതി പ്രവർത്തകരും വയാനാട്ടിലെ മഴക്കാലത്തെ കുറിച്ച് കമ്പനിയെ അറിയിച്ചിരുന്നു. ലാഭം എന്ന രണ്ടക്ഷരത്തിൽ കുരുങ്ങിപ്പോയ കമ്പനി അതൊന്നും മുഖവിലയ്ക്കെടുത്തില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മണ്ണിനേയും മരത്തേയും തരിച്ചറിയാൻ വയ്യാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവിടേയും നിർമ്മാണപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ദേശീയപാതാ നിർമ്മാണത്തിലും നമ്മൾ കണ്ടത്. മണ്ണുപരിശോധന റിപ്പോർട്ട് ഈ ഉദ്യോഗസ്ഥന്മാർ കണ്ടിട്ടേയില്ല എന്നാണ് അന്വഷണത്തിൽ നിന്നും മനസ്സിലാകുന്നത്.

കേരളത്തിലെ സി. പി. എമ്മിന് വലിയ ഭാരമായി മാറുകയാണ് സഖാവ് ഇ. പി ജയരാജൻ. വിപ്ലവത്തിന് ജയരാജൻ സഖാവ് അവധി കൊടുത്തിരിക്കുകയാണ്. വിഴിഞ്ഞത്തിനെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിൽ അദാനിയോട് ചോദിച്ചാൽ മതിയെന്നാണ് കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇ. പിജയരാജന്റെ നിലപാട്. കരാറിൽ നിന്നൊന്നും പിന്നോട്ട് പോകാൻ സാധിക്കില്ലെന്നും എല്ലാം അദാനി വിചാരിക്കുന്നത് പോലെ നടക്കുമെന്ന ധ്വനിയും അദ്ദേഹത്തിന്റെ തിരുവചനങ്ങളിലുണ്ട്. സി. പി. എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് മുഖ്യമന്ത്രിയുമായി കൊരുത്തതിനെ കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ അതൊക്കെ അയാളോട് തന്നെ ചോദിക്കണമെന്നായിരുന്നു ഇ. പിയുടെ മറുപടി. ദേശാഭിമാനിക്ക് ഒരഭിപ്രായം എം. വി ഗോവിന്ദന് ഒരഭിപ്രായം പി. രാജീവിന് മറ്റൊരു അഭിപ്രായം. സി. പി. എമ്മിൽ കേന്ദ്രീകൃത ജനാധിപത്യത്തിന് പകരം വികേന്ദ്രീകൃത ജനാധിപത്യം പൂത്തുലയുന്നു എന്നാണ് നിരീക്ഷകമതം. പിണറായിയാണെങ്കിൽ മൗനത്തിന്റെ വാൽമീകത്തിൽ അഭയം തേടിയിരിക്കുന്നു. പാർട്ടിയിൽ തന്റെ കാലം കഴിഞ്ഞെന്ന് പിണറായിക്ക് ബോധ്യം വന്ന മട്ടുണ്ട്. പക്ഷേ എം. വി ഗോവിന്ദന് ജാതകവശാൽ അങ്ങനെ തോന്നുക വയ്യ.

എം.വി ഗോവിന്ദൻ, ഇ.പി ജയരാജൻ

വിപ്ലവത്തിന് പാർട്ടിയെ സജ്ജമാക്കാനുള്ള ചുമതല പാർട്ടി സെക്രട്ടറിയ്ക്കാണല്ലോ. ആ ജാതകദോഷം പേറുക തന്നെ ചെയ്യാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വിഴിഞ്ഞവുമായി കെ. കെ രാഗേഷും പി. രാജീവും ഇ. പി ജയരാജനുമൊക്കെ ഇറങ്ങിയിരിക്കുന്നത്. കോൺഗ്രസ്സ് പ്രതിപക്ഷത്തായിരുന്നപ്പോൾ ഭയങ്കര ഉശിരന്മാരായിരുന്നു എന്നും പിണറായി പ്രതിപക്ഷ നേതാവായിരിക്കുന്ന ഇപ്പോഴത്തെ പ്രതിപക്ഷത്തിന് ശൗര്യം പോരെന്നുമാണ് മനോരമയുടെ ആസ്ഥാന ലേഖകന്മാർ എഴുതുന്നത്. ഇതൊക്കെ വായിച്ചാൽ ഗോവിന്ദൻ മാഷിന് ശുണ്ഠി വരാതിരിക്കുന്നതെങ്ങനെ?

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x