ജിൻഷ ഗംഗയുടെ ‘ഒട’: തീവ്രാനുഭവങ്ങളുടെ കഥാസമാഹാരം
പുതിയ തലമുറയിലെ ശ്രദ്ധേയരായ കഥാകാരരിൽ ഒരാളാണ് ജിൻഷ ഗംഗ. കോമേഴ്‌സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ജിൻഷ, തളിപറമ്പിലെ ഗവൺമെന്റ് കോമേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായി ജോലി നോക്കി വരുന്നു. ട്രൂ കോപ്പി തിങ്ക്, യുവധാര പോലുള്ള ഓൺലൈൻ മാസികകളിലൂടെ പ്രസിദ്ധീകരിച്ച കഥകളിലൂടെയാണ് ഞാൻ ആദ്യം ജിൻഷയെ വായിക്കുന്നത്. ജിൻഷയുടെ ആദ്യ കഥാസമാഹാരമായ ‘ഒട’ അടുത്തിടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. അവതാരികയിൽ കെ. ആർ. മീര പറഞ്ഞതുപോലെ, ഒരേ അനുഭവതീവ്രത പ്രകടിപ്പിക്കുന്ന ഒൻപത് വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ഒട: ദൈവവും മനുഷ്യനും തമ്മിലുള്ള പാലം
സമാഹാരത്തിലെ ആദ്യ കഥയായ ‘ഒട’, തെയ്യം കലാകാരനായ രാമൻ പണിക്കരിലൂടെ, കേരളത്തിലെ അനുഷ്ഠാന കലാരൂപമായ തെയ്യവും മനുഷ്യജീവിതവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് അനാവരണം ചെയ്യുന്നത്.
മലയ സമുദായത്തിന് തെയ്യം കെട്ടുക എന്നത് വെറുമൊരു കലയല്ല, അത് അവരുടെ അസ്തിത്വപരമായ കടമയാണ്. സ്വന്തം അപ്പനപ്പൂപ്പന്മാരിൽനിന്ന് ലഭിച്ച തീച്ചാമുണ്ഡി കെട്ടാനുള്ള അധികാരം കാത്തുസൂക്ഷിക്കാൻ രാമൻ പണിക്കർക്ക് മേൽ വലിയ സമ്മർദ്ദമുണ്ട്. പരമ്പരയുടെ ചുവടുകളും തോറ്റവും പഠിച്ച്, നാടിന് ദോഷം വരാതിരിക്കാൻ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അച്ഛന്റെ മരണശേഷം ജന്മാരിസ്ഥാനം ഏറ്റെടുക്കുന്നതോടെ, അദ്ദേഹം മലയ സമുദായത്തിന്റെ ആചാരപരമായ ചുമതലകൾ വഹിക്കുന്ന അധികാരിയായി മാറുന്നു.
‘ഒട’ കെട്ടിയാടുന്ന ഈ അയിത്ത ജാതിക്കാരൻ, കോലം ധരിക്കുന്നതോടെ ദൈവം ആയി മാറുന്നു. ആ സമയം നായരും നമ്പൂതിരിയും തീയരും ഒരുപോലെ അയാളുടെ മുൻപിൽ കൈകൂപ്പി നിൽക്കുന്നു. തെയ്യക്കോലത്തിൽ അയാൾ മനുഷ്യനല്ല, ദൈവമാണ്. എന്നാൽ കനലാടി കഴിഞ്ഞ് കോലം അഴിച്ചു വെച്ചാൽ, അയാൾ വെറുമൊരു സാധാരണ മനുഷ്യനായിത്തീരുന്നു.
“തീച്ചാമുണ്ഡി കെട്ടി കഴിഞ്ഞാൽ പെറ്റ പെണ്ണിനേക്കാളും നോട്ടം വേണം” എന്ന ചിന്ത, ദൈവത്തിൽ നിന്നും മനുഷ്യനിലേക്ക്, മനുഷ്യനിൽ നിന്നും ദൈവത്തിലേക്ക് മാറുന്ന ഭാവപകർച്ചയുടെ തീവ്രതയാണ് സൂചിപ്പിക്കുന്നത്. ഈ ഭാവപ്പകർച്ചയിലും രാമൻ പണിക്കരെ മനുഷ്യനായി തിരിച്ചറിയുന്നത് വലിയ കണ്ണുകളുള്ള ലീലയാണ്. കോലം കെട്ടിയാടുന്ന രാമൻ പണിക്കർ മനുഷ്യനായി തുടരണമെന്ന് അവൾ ഉപദേശിക്കുന്നു.

രാമൻ പണിക്കർ, പാരമ്പര്യത്തെ ചുമലിലേറ്റുന്ന, തീയുടെ പരീക്ഷണങ്ങളെ അതിജീവിക്കുന്ന, എന്നാൽ വ്യക്തിപരമായ നഷ്ടങ്ങളിൽ തളരുന്ന സാധാരണ മനുഷ്യനും ദിവ്യത്വം ആവാഹിക്കുന്ന തെയ്യക്കോലവും തമ്മിലുള്ള വൈരുദ്ധ്യവും പൊരുത്തവും നിറഞ്ഞ പാലമാണ് ഒട. ‘ഒട’ എന്ന കഥ ജാതി-അധികാര ബന്ധങ്ങളെയും ആചാരത്തിനുള്ളിലെ മനുഷ്യന്റെ ദുരന്തങ്ങളെയും ശക്തമായി അവതരിപ്പിക്കുന്നു.
അഗ്രസന്ധനി: മരണത്തിന്റെ പുസ്തകം
ചിത്രഗുപ്തന്റെ കണക്കുപുസ്തകത്തിന്റെ പേരാണ് അഗ്രസന്ധനി. കഥയുടെ ശീർഷകം സൂചിപ്പിക്കുന്നതുപോലെ, മരണം തന്നെയാണ് ഇതിലെ കേന്ദ്രപ്രമേയം.
കഥാനായകൻ ലൈബ്രറിയിൽ വെച്ച്, താൻ സ്ഥിരമായി കാണാറുണ്ടായിരുന്ന ഒരു സുഹൃത്തിൻ്റെ മരണവാർത്ത ലൈബ്രറിയിലെ പെൺകുട്ടിയിൽ നിന്ന് കേൾക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ഈ സന്ദർഭം കഥാനായകനിലുണ്ടാക്കുന്ന ഭാവപ്പകർച്ച, അയാൾ അപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന മാർക്കസ് സുസാക്കിൻ്റെ “ദി ബുക്ക് തീഫ്” എന്ന നോവലിലെ പ്രമേയത്തെ ഓർമ്മിപ്പിക്കുന്നു. നാസി യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ, മരണം ഒരു യാഥാർത്ഥ്യമായി എപ്പോഴും കൂടെയുണ്ടെന്ന “ദി ബുക്ക് തീഫി”ലെ ചിന്ത, അഗ്രസന്ധനിയിലെ കഥാപാത്രത്തെയും അലട്ടുന്നു.
ജോലിയിൽനിന്ന് വിരമിച്ച ശേഷം സ്ഥിരമായി വായനശാലയിൽ പോകുന്ന കഥാനായകനെ ഓരോ ദിവസവും അലട്ടുന്നത് കൂട്ടുകാരുടെ മരണവാർത്തകളാണ്. വിരമിക്കൽ എന്നത് ജീവിതത്തിന്റെ ഒരു അന്തിമഘട്ടമാണെന്ന് പൊതുവെയുള്ള ധാരണയിൽ കഴിയുന്ന കഥാപാത്രത്തെയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. ഇത് സ്വാഭാവികമായും അയാളിൽ സ്വന്തം മരണത്തെക്കുറിച്ചുള്ള ചിന്തകൾ വർദ്ധിപ്പിക്കുന്നു.
മരണവാർത്തകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം പുസ്തകങ്ങളിൽ മുഴുകുക എന്നതാണ്. യഥാർത്ഥ ലോകത്തിലെ മരണം ആകസ്മികവും, അന്തിമവുമാകുമ്പോൾ, അദ്ദേഹം പുസ്തകങ്ങളിലെ വ്യക്തമായ കഥാഘടനയുള്ള ദുരന്തങ്ങളിൽ അഭയം തേടുന്നു. യഥാർത്ഥ മരണത്തിന്റെ സത്യത്തെ സാഹിത്യ ദുരന്തത്തിന്റെ കാവ്യം കൊണ്ട് പകരം വെച്ച്, മരണമെന്ന ആശയത്തെ ഭയമില്ലാത്തതാക്കാനോ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നതാക്കാനോ അയാൾ ശ്രമിക്കുന്നു. ഇത് ഒരുതരം ഒളിച്ചോട്ടമാണ്. ഈ വൈരുധ്യങ്ങൾക്കിടയിൽ ഉഴലുന്ന കഥാനായകന് തൻ്റെ പ്രശ്നങ്ങൾ ഭാര്യയോട് തുറന്നുപറയാനോ അതിൽ നിന്ന് മോചിതനാകാനോ കഴിയുന്നില്ല.
ഉമ്പാച്ചി: മനുഷ്യരിലെ മൃഗവാസന
ജിൻഷ എഴുത്തിന് മാത്രമല്ല അതിന്റെ ടൈറ്റിൽ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അതീവ ഗൗരവം പുലർത്തുന്നുണ്ട്. ഈ കഥാസമാഹാരത്തിലെ മൂന്നാമത്തെ കഥയുടെ പേര് ‘ഉമ്പാച്ചി’ എന്നാണ്. അടുക്കളയിൽ ഒച്ചയുണ്ടാക്കാതെ പെരുമാറുന്ന ചന്ദ്രിയും, ബാഹ്യലോകവുമായി ഇടപെടാതെ ഒറ്റയ്ക്ക് ഒരു മുറിയിൽ കഴിയുന്ന ഉമ്പാച്ചിയുടെ ആങ്ങളയും പൂച്ചയെ പോലെ പതുങ്ങുന്നവരും, തരം കിട്ടുമ്പോൾ അക്രമവാസന കാട്ടുന്ന മനുഷ്യമനസ്സിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ഈ കഥയിലെ ‘പൂച്ച’ എന്ന ബിംബം, മനുഷ്യ മനസ്സിന്റെ രണ്ട് തരം അവസ്ഥകളെയാണ് അവതരിപ്പിക്കുന്നത്: ഒന്ന്, ശാന്തമായ പെരുമാറ്റങ്ങളിലൂടെ ഉള്ളിൽ കൊടും വിഷം ഒളിപ്പിക്കുന്ന മാനസിക വൈകൃതത്തെയും, മറ്റൊന്ന്, ഒതുങ്ങിക്കൂടലിലൂടെയുള്ള രഹസ്യ ആക്രമണ വാസനയും.
വിസെലിറ്റ്സ: എഴുത്തുകാരന്റെ കഴുമരം
അടുത്ത കഥയ്ക്ക് ജിൻഷ പേര് നൽകിയിരിക്കുന്നത് ‘വിസെലിറ്റ്സ’ എന്നാണ്. ഇതൊരു റഷ്യൻ വാക്കാണ്, കഴുമരം എന്നാണ് ഈ വാക്കിന്റെ അർത്ഥം. എഴുത്തുകാരന്റെ ജീവിതത്തെ ആസ്‌പദമാക്കി എഴുതിയ ഈ കഥ കൂടുതൽ ശ്രദ്ധേയമാണ്.
വായന എഴുത്തിനെ പരിപോഷിപ്പിക്കുമെങ്കിലും, എഴുത്തുകാരൻ മികച്ചൊരു നിരീക്ഷകൻ അല്ലെങ്കിൽ, സാധാരണ ജനങ്ങളുടെ ജീവിതം അടുത്തറിയാൻ കഴിഞ്ഞില്ലെങ്കിൽ, അയാളുടെ എഴുത്തിന് പുതുമ നിലനിർത്താൻ കഴിയില്ല. ചുരുക്കത്തിൽ, ഒരാൾ വായിച്ച പുസ്തകങ്ങൾക്കിടയിൽ മാത്രം കുടുങ്ങിപ്പോകുന്നത് എഴുത്തുകാരൻ സ്വയം കഴുവേറ്റപ്പെടുന്നതിന് തുല്യമാണ്.

ഈ കഥ ജിൻഷ അവസാനിപ്പിക്കുന്നത് ശക്തമായ ഒരു ചിത്രത്തോടെയാണ്. “അന്ന് രാത്രി, ജയിലിൽ തിലക് രാജ എന്ന എഴുത്തുകാരൻ ഒരു സ്വപ്നം കണ്ടു. തനിക്കിതുവരെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത ആ കഴുമരത്തിൽ മുഖത്തിന് പകരം നിറയെ പുസ്തകങ്ങൾ ഉള്ള ഒരു ഉടൽ തൂങ്ങിയാടുന്നു…! അയാൾ ഞെട്ടിയുണർന്നു. കണ്ണ് തിരുമ്മിക്കൊണ്ട് പരിസരത്തൊട്ടാകെ ഒരു വിറയലോടെ അയാളൊരു ചുറ്റികയ്ക്കായി പരതി.”
നിരീക്ഷണങ്ങളിലൂടെ ജീവിതത്തെ തൊട്ടറിയാതെയും സ്വന്തം ബുദ്ധിയെ കാലോചിതമായി നവീകരിക്കാതെയും എഴുത്തുകാരൻ നിസ്സഹായനാകുമ്പോൾ, ആ നിസ്സഹായതയിൽ നിന്നുള്ള മോചനത്തിനായി കർമ്മോത്സുകതയുടെ (ചുറ്റികയുടെ) ആവശ്യം തിരിച്ചറിയുന്നതിന്റെ തീവ്രമായ ആവിഷ്കാരമാണ് ഈ വരികൾ.
ഉപ്പ്: മായാത്ത വേദനയുടെ രുചി
‘തെയ് തെയ് വാഴ്‌ക’, ‘ചാപ്പ’, ‘അതിര് പെൺമാല’ തുടങ്ങിയ ശ്രദ്ധേയമായ മറ്റ് കഥകളും സമാഹാരത്തിലുണ്ട്. എങ്കിലും വല്ലാത്തൊരു അനുഭവതീവ്രത നൽകിയ കഥയാണ് ‘ഉപ്പ്’. ആനന്ദ് എന്ന ചെറുപ്പക്കാരൻ സ്വയം നിർമ്മിച്ച വേലിക്കുള്ളിൽ മറ്റാരെയും കടത്തിവിടാതെ ജീവിതം കഴിച്ചു കൂട്ടുന്നതിനിടയിൽ, വിപഞ്ചിക എന്ന പെൺകുട്ടിയുടെ കടന്നുവരവുണ്ടാവുന്നു. പക്ഷെ സ്വന്തം ബാല്യത്തിൽ അയാൾക്ക് അനുഭവിക്കേണ്ടി വന്ന അതിതീവ്രമായ ഒരു അനുഭവത്തിൽ നിന്നും അയാൾക്കൊരിക്കലും മോചിതനാകുവാൻ കഴിയുമായിരുന്നില്ല.
ഉപ്പ് എന്നത് ഇവിടെ കേവലമൊരു രുചിയായല്ല പരിഗണിക്കുന്നത്. ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവത്തെ അല്ലെങ്കിൽ ആ അനുഭവം സമ്മാനിച്ച തീവ്രമായ വേദനയെ സൂചിപ്പിക്കുന്നു. ‘ആനന്ദ്’ കുട്ടിക്കാലങ്ങളിൽ ആണുങ്ങൾക്ക് ഏൽക്കേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളെ വരച്ചുകാട്ടുന്നു. പുറത്തു പറയാൻ കഴിയാതെ, ആണായി പിറന്നതിന്റെ പേരിൽ കരയാൻ പോലും കഴിയാതെ സഹനഭാരത്താൽ വീർപ്പുമുട്ടുന്ന അവരെ ജിൻഷ ഇങ്ങനെ വിശേഷിപ്പിക്കുന്നു: “ആനന്ദിൻ്റെ കണ്ണു കൾ… അവന്റെ കണ്ണിലെ കണ്ടെത്താൻ കഴിയാത്ത ഉറവകളിൽനിന്ന് വന്ന കണ്ണീരുപ്പ് എൻ്റെ അതുവരെയുള്ള ചോദ്യങ്ങളെ അലിയിച്ചില്ലാതാക്കിയശേഷം ഒരിറ്റുപോലും നിറഞ്ഞു പുറത്തേക്കൊഴുകാതെ വറ്റിപ്പോയി. ഒരു ആൺകുട്ടിയുടെ അമർത്തിപ്പിടിച്ച കരച്ചിൽ എൻ്റെ അടിവയറ്റിലേക്ക് നൂണ്ടിറങ്ങി…. ”

തുടക്കത്തിൽ പറഞ്ഞതുപോലെ ‘ഒട’യിലെ കഥകൾ എല്ലാം തന്നെ ഒരേതരം അനുഭവങ്ങൾ ജനിപ്പിക്കുന്നതാണ്. ഒരു കഥ പോലും മോശം എന്ന് പറയാൻ കഴിയാത്ത ഒന്നിനൊന്ന് മികച്ചവ. ചെറു പ്രായത്തിനുള്ളിൽ തന്നെ ജിൻഷ ലോകത്തെ എണ്ണം പറഞ്ഞ എത്രയോ സാഹിത്യകാരന്മാരെ വായിച്ചു കഴിഞ്ഞു. ഈ ഖനവായനയുടെ പിൻബലമാകാം ജിൻഷയെ ഇരുത്തം വന്ന ഒരു ആഖ്യാതാവായി ഈ കഥകളിൽ ഉടനീളം നിലനിർത്തിയത്. ഓരോ കഥയും നൽകിയിരിക്കുന്ന തീവ്രമായ അനുഭവം ജിൻഷയുടെ ലോകവീക്ഷണത്തിന് തെളിവാണ്. തീർച്ചയായും ചുട്ടുപൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളിലൂടെ കടന്നു വരുകയോ അല്ലെങ്കിൽ അതിന്റെ ഉള്ളറിഞ്ഞ് വീക്ഷിക്കുകയോ ചെയ്തിട്ടുണ്ട്.
ജിൻഷ ഇനിയും കഥകൾ എഴുതട്ടെ, നിറയെ വായിക്കപ്പെടട്ടെ, ഇനിയും ഞങ്ങളെ ഓരോരുത്തരെയും കഥകൾ കൊണ്ട് പൊള്ളിക്കട്ടെ…. ഇനിയും ജിൻഷയെ നിങ്ങൾ വായിച്ചില്ലെങ്കിൽ അത് വലിയൊരു നഷ്ടം തന്നെയായിരിക്കും!